Saturday, July 9, 2011

കാറ്റിന്‌ സുഗന്ധമാണിഷ്ടം...

രാജേഷ്‌ കടമാൻചിറ

'നാലുമണിക്കാറ്റ്‌ '
എന്ന ഗ്രാമീണ വഴിയോരവിനോദസഞ്ചാരപദ്ധതി











                                       പ്രകൃതി.... ഈശ്വരൻ ഭൂമിയിലെ ജീവജാലങ്ങൾക്ക്‌ കനിഞ്ഞ്‌ നൽകിയ വരദാനം. നഗരവൽക്കരണത്തിന്റെ പേരിൽ മനുഷ്യൻ കാട്ടുന്ന ക്രൂരതകളാൽ പ്രകൃതിക്ക്‌ തനതായ താളം നഷ്ടപ്പെടാൻ തുടങ്ങിയിട്ട്‌ ഏറെക്കാലമായി. ഇന്ന് പ്രകൃതി നേരിടുന്ന ഏറ്റവും ഭീകരമായ ഭീഷണി മലിനീകരണമാണ്‌. അതാതുകാലത്തെ ഭരണകൂടങ്ങൾ മലിനീകരണ നിയന്ത്രണത്തിനായി പലവിധ പദ്ധതികളും രൂപകൽപന ചെയ്യുന്നുണ്ടെങ്കിലും എല്ലാംതന്നെ പൂർണ്ണമായോ ഭാഗികമായോ പരാജയപ്പെടുകയാണ്‌ പതിവ്‌. സാധാരണയായി ജനങ്ങൾ ഇതിനുത്തരവാദികളെന്ന നിലയിൽ ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും പഴിക്കുകയും, പോകുന്ന പോക്കിൽ വീട്ടിൽ നിന്നെടുത്ത പ്ലാസ്റ്റിക്‌ കവർ വഴിവക്കിലേക്ക്‌ വലിച്ചെറിയുകയും ചെയ്യുന്ന ഒരു കാഴ്ചയാണുള്ളത്‌. ഒരു വ്യക്തി എന്ന നിലയിൽ പ്രകൃതി നേരിടുന്ന മലിനീകരണമെന്ന ഭീഷണിയെ മറികടക്കാൻ നമുക്ക്‌ എന്തുചെയ്യാൻ കഴിയും..?

അതിനുള്ള ഉത്തരമാണ്‌ 'നാലുമണിക്കാറ്റ്‌'..! ഡോ.പുന്നൻ കുര്യൻ എന്ന കോളേജ്‌ അദ്ധ്യാപകന്റെ മനസ്സിൽ വിരിഞ്ഞ ലളിതമായ ഒരാശയമാണ്‌ ഇന്ന് നാലുമണിക്കാറ്റ്‌ എന്ന ഗ്രാമീണ വഴിയോര വിനോദസഞ്ചാരപദ്ധതിയായി വളർന്നിരിക്കുന്നത്‌. ഇന്ത്യയിൽത്തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യത്തേതാണെന്നതും ശ്രദ്ധേയമാണ്‌.





കുറച്ച്‌ നാളുകൾക്ക്‌ മുമ്പു വരെ കോട്ടയം ജില്ലയിലെ മണർകാട്‌ - ഏറ്റുമാനൂർ ബൈപാസ്‌ റോഡിലെ പാലമുറി മുതൽ പായിപ്ര വരെയുള്ള ചിറഭാഗം മാലിന്യനിക്ഷേപകേന്ദ്രമായിരുന്നു. ഇരുവശവും കാടുമൂടിക്കിടന്ന ഈ ഭാഗത്ത്‌, അറവുശാലയിൽ നിന്നുവരെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ടിരുന്നു. പകൽ പോലും യാത്ര ദുരിതപൂർണ്ണവും ദുർഗന്ധപൂരിതവുമായിരുന്നു. രാത്രിയിലാകട്ടെ, സാമൂഹ്യവിരുദ്ധരുടെ കൂട്ടം മദ്യസേവയ്ക്കും മറ്റുമായി ഒത്തുകൂടും. നാട്ടുകാർ പലവട്ടം സംഘടിച്ച്‌, ചിറയുടെ ഇരുവശവും കാടുവെട്ടിത്തെളിച്ച്‌ വൃത്തിയാക്കുവാൻ ശ്രമിച്ചിരുന്നെങ്കിലും മതിയായ സംരക്ഷണം ലഭിക്കാത്തതിനാൽ അധികം വൈകാതെ തന്നെ ഇവിടം പഴയ അവസ്ഥയിലേക്ക്‌ തന്നെ മാറുമായിരുന്നു.

ഈ സാഹചര്യത്തിലാണ്‌ ഡോ.പുന്നൻ കുര്യൻ നാലുമണിക്കാറ്റ്‌ എന്ന ആശയം സമീപവാസികളുമായി പങ്കുവെക്കുന്നത്‌. പണ്ടുകാലത്ത്‌,വയലിൽ പണികഴിഞ്ഞു വരുന്ന കർഷക തൊഴിലാളികൾ വൈകുന്നേരങ്ങളിൽ ഈ പ്രദേശത്ത്‌ കാറ്റുകൊണ്ട്‌ വിശ്രമിക്കാനിരിക്കുന്ന ഒരു ഓർമ്മച്ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആശയത്തിന്‌ ആധാരം. അധികം വൈകാതെ തന്നെ മണർകാട്‌ - ഏറ്റുമാനൂർ ബൈപാസ്‌ റസിഡൻസ്‌ അസോസിയേഷൻ, പ്രമുഖ പരിസ്ഥിതി ഗവേഷണ സംഘടനയായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ഇക്കോളജിക്കൽ സയൻസിന്റെ സങ്കേതിക സഹകരണത്തോടെ ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമം തുടങ്ങി.


ഡോ.പുന്നൻ കുര്യൻ














ആദ്യഘട്ടമായി, ചിറയുടെ ഇരുവശത്തെയും കാടുകൾ വെട്ടിത്തെളിച്ച്‌, മാലിന്യങ്ങൾ നീക്കം ചെയ്ത്‌, സിമന്റ്‌ ബെഞ്ചുകളും സൗരോർജ്ജവിളക്കുകളും സ്ഥാപിക്കുന്നതിന്‌ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി. പാതയോരത്തെല്ലാം പുതിയ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. ഇന്ത്യയിലാദ്യമായി നടപ്പിലാക്കിയ ഈ സമ്പൂർണ്ണ ജനകീയപദ്ധതിക്ക്‌ ഭരണകൂടത്തിന്റെയും നിയമപാലകരുടെയും പൂർണ്ണപിന്തുണ ലഭിച്ചു. 2011 ജനുവരി 13 ന്‌ അന്നത്തെ സംസ്ഥാന ആഭ്യന്തര-ടൂറിസം വകുപ്പ്‌ മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണനാണ്‌ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്‌. നാട്ടുകാർക്കും വഴിയാത്രികർക്കും വൈകുന്നേരത്തെ ഇളംകാറ്റേറ്റ്‌ മനസ്സ്‌ കുളിർപ്പിക്കാനും വിശ്രമിക്കാനും ഗ്രാമീണനന്മയുടെ കാറ്റുവീശുന്ന ഒരിടം. ഇവിടുത്തെ പ്രകൃതിയുടെ സൗരഭ്യവും സൗന്ദര്യവും ഏറ്റുവാങ്ങാൻ ദേശവാസികളും വിദേശിയരുമടക്കം അനേകമാളുകളാണ്‌ ദിവസേന എത്തിച്ചേരുന്നത്‌.




നാട്ടുകാർക്ക്‌ നാലുമണിസമയത്ത്‌ കാറ്റുകൊണ്ട്‌ വിശ്രമിക്കുക എന്ന ലക്ഷ്യമായിരുന്നു തുടക്കത്തിലുണ്ടായിരുന്നതെങ്കിലും പദ്ധതിയുടെ ജനപങ്കാളിത്തം കൊണ്ട്‌ നാലുമണിക്കാറ്റ്‌ കൂടുതൽ വിപുലമായി. ഇരിപ്പിടങ്ങളിലിരുന്ന് വിശ്രമിക്കുവാനായി കുടുംബസമേതം എത്തിച്ചേരുന്നവർ വായിക്കാനായി പുസ്തകങ്ങൾ കൊണ്ടുവരാൻ തുടങ്ങിയതോടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവിടെ നേരംപോക്ക്‌ എന്ന പേരിൽ ഉന്തുവണ്ടിയുടെ  മാതൃകയിൽ പുസ്തകശാലയുടെ പ്രവർത്തനം തുടങ്ങി. സന്ദർശകർക്ക്‌ പണം നൽകി പുസ്തകം വാങ്ങാം. വായിച്ച ശേഷം കേടുപാടുകൾ കൂടാതെ പുസ്തകം മടക്കി നൽകിയാൽ പുസ്തകവിലയിൽ നിന്നും 1 രൂപ കിഴിച്ച്‌ ബാക്കി പണം മടക്കി നൽകും.




വെടിവട്ടങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിൽ, നാടൻവിഭവങ്ങളുടെ രുചിയും ആസ്വദിക്കാം. ജനശ്രീ,കുടുംബശ്രീ സംഘടകളുടെ പങ്കാളിത്തത്തോടെ രാസപദാർത്ഥങ്ങൾ ഒന്നുംതന്നെ ചേർക്കാത്ത നാടൻ വിഭവങ്ങൾ,വീടുകളിൽ ഉണ്ടാക്കി, ഇവിടുത്തെ സ്റ്റാളുകളിൽ ലഭ്യമാക്കുന്നു.






 കപ്പയും ചേമ്പും ചേനയും കാന്താരിമുളകുടച്ചതും കൂട്ടി ചൂടോടെ കഴിക്കുന്നതിന്റെ അനുഭൂതി നാലുമണിക്കാറ്റേറ്റ്‌ ആസ്വദിച്ചറിയാം. ചക്കപുഴുങ്ങിയത്‌, കുമ്പിളപ്പം, ഇലയപ്പം, പായസം, തിരുവാതിരപ്പുഴുക്ക്‌, മുളകുബജ്ജി, അവൽ നനച്ചത്‌, ചുക്കുകാപ്പി തുടങ്ങി നാലുമണിവിഭവങ്ങളുടെ ഒരു വലിയനിര തന്നെയുണ്ട്‌.





രക്തസമ്മർദ്ദവും പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കുന്നതിനായി നടക്കാനിറങ്ങുന്നവർക്കായി പറ്റിയ ഒരിടംകൂടിയാണിത്‌. ചക്രം ചവിട്ടാനും ചൂണ്ടയിട്ട്‌ മീൻപിടിക്കാനും അവസരമുണ്ട്‌. കുട്ടികൾക്ക്‌ ആടാനായി ഊഞ്ഞാലും സ്ഥാപിച്ചിരിക്കുന്നു. മനസ്സിനെ തഴുകുന്ന ഇളംകാറ്റിൽ ചിത്രശലഭങ്ങളും നാട്ടുപക്ഷികളും പാറിനടക്കുന്നത്‌ സ്വപ്നതുല്യമായ ദൃശ്യമാണ്‌.




ചെറുകിടകർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ വിപണി കണ്ടേത്തുന്നതിലേക്കായി ഒരു നാട്ടുചന്ത ഇവിടെ പ്രവർത്തിക്കുന്നു. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പരമ്പരാഗതമായ രീതിയിൽ കൃഷിചെയ്തുണ്ടാക്കുന്ന വിഭവങ്ങളാണ്‌  വിൽക്കുന്നത്‌. സമീപവാസികളായ കർഷകരുടെ ഉൽപ്പന്നങ്ങളാണ്‌ നാലുമണിക്കാറ്റിൽ വിൽക്കാനുദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ ദൂരെസ്ഥലങ്ങളിൽ നിന്നുള്ള കർഷകരും അവരുടെ ഉൽപ്പന്നങ്ങളുമായി നാട്ടുചന്തയിൽ എത്തിച്ചേരുന്നുണ്ട്‌. വിപണിയിൽ സുലഭമല്ലാത്ത കൈതച്ചക്ക, കമ്പിളിനാരങ്ങ, ശീമച്ചക്ക തുടങ്ങിയ വിഭവങ്ങളുമുണ്ട്‌. കാർഷികവിളകൾ കൂടാതെ കൈത്തറിയുടെയും കരകൗശല ഉൽപ്പന്നങ്ങളുടെയും സ്റ്റാളുകളുമുണ്ട്‌. കാർഷികവൃത്തിയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നിലനിർത്തിക്കൊണ്ട്‌ പുതിയ കാർഷികവിളകളുടെ ഉൽപാദനത്തെക്കുറിച്ച്‌ വിശകലനം ചെയ്യുന്നതിനായും ഒരു കർഷകകൂട്ടായ്മ നാലുമണിക്കാറ്റിനോടനുബന്ധിച്ച്‌ രൂപീകരിച്ചിട്ടുണ്ട്‌.






'സാഹായ്ഹ്ന കലാസന്ധ്യ' എന്ന പേരിൽ സാംസ്കാരിക പൈതൃകസംരക്ഷണാർത്ഥം സംഘടിപ്പിക്കുന്ന നാടൻ കലാ-കായിക വിനോദങ്ങൾ അവതരിപ്പിക്കാനുള്ള സ്ഥിരംവേദി നാലുമണിക്കാറ്റിന്റെ പ്രത്യേകതയാണ്‌. മാസത്തിലെ ഒരു സായാഹ്നം കലാസന്ധ്യയുടെ നിറച്ചാർത്തണിയും. പ്രാമുഖ്യമില്ലാതായിക്കൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങൾ വർണ്ണപ്പോലിമയോടെ ഉയിർത്തെഴുന്നേൽക്കും.


ഒരു വിനോദസഞ്ചാരപദ്ധതി എന്ന ലക്ഷ്യത്തിനപ്പുറം നാലുമണിക്കാറ്റ്‌ നമുക്ക്‌ പറഞ്ഞുതരുന്നത്‌ പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യനിർമ്മാർജ്ജനത്തിന്റെയും വിലപ്പെട്ട പാഠങ്ങളാണ്‌. നഗരവൽക്കരണത്തിന്റെ വിഷപ്പുകയേറ്റും നഗരാവശിഷ്ടങ്ങളുടെ ദുർഗന്ധമേറ്റും വിറങ്ങലിച്ചു കിടക്കുന്ന നാട്ടുപാതകളുടെ പാരിസ്ഥിതികവിശുദ്ധി വീണ്ടെടുക്കാനുള്ള മനുഷ്യന്റെ ഒറ്റപ്പെട്ട ശ്രമങ്ങളുടെ സക്ഷാത്കാരമാണ്‌ നാലുമണിക്കാറ്റ്‌. ഒപ്പം ആരോഗ്യപരിപാലനത്തിന്റെയും ശുചിത്വബോധത്തിന്റെയും ആർക്കും പകർത്താവുന്ന നേർക്കാഴ്ച്ചയും.




Photos & Creative Support
'SILENT TIGERS-The Searching People'
PHONE : 9048066499


7 comments:

  1. മനസ്സില്‍ ഇളംകാറ്റ് വീശുന്നൂ...നല്ല ഉദ്ധ്യമങ്ങള്‍ ....എല്ലാവര്‍ക്കും മാതൃകയാവട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നൂ..ആശംസകള്‍.

    ReplyDelete
  2. കഴിഞ്ഞ ആഴ്ച ആ വഴി പോയപ്പോള്‍ ഇത് കണ്ടു. ഒരു ഫീച്ചര്‍ എഴുതണമല്ലോ എന്ന് വികാരിച്ചതെ ഉള്ളൂ. ഇന്ന് ആഴ്ചപ്പതിപ്പ് എടുത്തപ്പോ ദാണ്ടേ. :))
    കേരളത്തില്‍ എല്ലാ ജില്ലകളിലും ഇത്തരം സംരംഭങ്ങള്‍ വേണം.
    ടൂറിസം പോലും ഇങ്ങനെയാവണം. നല്ല മാതൃക.

    ReplyDelete
  3. nalumanikattu oru nalla kulirkattu

    ReplyDelete
  4. ഈ നല്ല സംരംഭത്തെപ്പറ്റി ഇവിടെ അറിയിച്ചതിനു നന്ദി
    ഇത് എല്ലായിടത്തും തുടങ്ങുവാന്‍ സാധിച്ചെങ്കില്‍ എത്ര നന്നായിരുന്നു.

    ReplyDelete
  5. വളരെ സന്തോഷം നല്‍കിയ ഒര് പോസ്റ്റ്‌ ..അഭിനന്ദനങ്ങള്‍

    ReplyDelete
  6. നല്ല ഒരു സംരഭത്തെക്കുറിച്ച് അറിയാനായി..... ആശംസകള്‍.........

    ReplyDelete

Leave your comment