Saturday, June 30, 2012

ദിനചര്യ

കവിത
വി.ഗീത











നോവുകൾ കൂട്ടിക്കെട്ടി
കുറ്റിച്ചൂലാക്കി മുറ്റമടിച്ചു.

വെറുപ്പു കടിച്ചുതുപ്പി
പല്ലുതേച്ചു.

കോപം കയറാക്കി
വെള്ളംകോരി.

ഒരു തേങ്ങൽ വെട്ടിമുറിച്ച്‌
അടുപ്പിൽ തിരുകി.

വിയർപ്പ്‌ പാകം ചെയ്ത്‌
തീൻമേശയിൽ വിളമ്പി.

നിലവിളികൾ കഴുകി
ഉണങ്ങാനിട്ടു.

പരിഭവങ്ങൾ ഇസ്തിരിയിട്ടുമടക്കി
അലമാരയിൽ വെച്ചു.

മടുപ്പിന്റെ കയത്തിൽ
മുങ്ങിക്കുളിച്ചു.

എന്നിട്ട്‌,

സൗമ്യത എന്ന നിശാവസ്ത്രമണിഞ്ഞ്‌
പ്രസന്നതയുടെ മുഖലേപം പുരട്ടി
ഒരു പുഞ്ചിരി മുഖത്തൊട്ടിച്ച്‌
പൂമുഖവാതിലിൽ
പൂന്തിങ്കളായി നിൽക്കുമ്പോൾ

മനസ്സേ,

ഇപ്പോഴും കെട്ടഴിഞ്ഞു കിടക്കുന്ന
ഈ കേശം കണ്ടുപോകാൻ,
ദൂതിനുപോകും വഴി
കേശവൻ വരുമെന്നാണോ
നീ കരുതിയത്‌ ?


("കേശമിതുകണ്ടു നീ കേശവാ ഗമിക്കേണം"  എന്ന് ദ്രൗപദി - ദുര്യോധനവധം)


O


ശുഭ്രം

കഥ
ഉസ്മാൻ ഇരിങ്ങാട്ടിരി 








 
     കോളിംഗ്ബെൽ ഒന്നുരണ്ടുവട്ടം ചിലച്ചിട്ടും അകത്ത് ആളനക്കമൊന്നും കേൾക്കുന്നില്ല. 'ആരുമില്ലേ' എന്ന് ശങ്കിച്ച് വാതിൽക്കൽ നിൽക്കുമ്പോൾ മുറ്റത്ത് ഇടതുവശം ചേർന്ന് അല്പം കെട്ടിപ്പൊക്കിയ കൊച്ചു പൂന്തോട്ടത്തിൽ പേരറിയാത്ത ഒരുപാട് പൂക്കൾ ആരാ, എവിടുന്നാ, എന്ന ഉദ്വേഗം നിറഞ്ഞ കണ്ണുകളാൽ തന്നെ നോക്കി നിൽക്കുന്നത് കണ്ടു അയാൾ. പപ്പായ, പേരക്ക, വാഴ, ചേമ്പ്, മുരിങ്ങ, തുടങ്ങി ചില കൊച്ചുമരങ്ങളും കുറച്ചു ചെടികളും. ഒക്കത്തും പോരാത്തതിന് കൈകളിലും പലപ്രായത്തിലുള്ള ചക്കക്കുട്ടികളുമായി ഒരു വരിക്കപ്ലാവ്. തീനിറമുള്ള നിറഞ്ഞ മാറിടങ്ങൾ പരമാവധി പുറത്തു കാണിച്ചു മൂന്നു നാലു ചെന്തെങ്ങുകൾ. വട്ടത്തിൽ പന്തലൊരുക്കി മണ്ണിനെ വാരിപ്പുണർന്ന് രണ്ടു ഉങ്ങ് മരങ്ങൾ.

കാലുകൾ കൊണ്ടും കൊക്കുകൾ കൊണ്ടും എന്തൊക്കെയോ ചിക്കിപ്പരതുന്ന, നെറ്റിയിൽ പൂവുള്ള രണ്ടു ഇണക്കോഴികൾ. അതിർത്തിയിലെ സൈനികനെ പോലെ നാലുപാടും സൂക്ഷ്മനിരീക്ഷണം നടത്തി, ഒരു തള്ളക്കോഴി, അതിന്റെ പിന്നാലെ പാലപ്പൂ നിറമുള്ള കുറെ കോഴിക്കുഞ്ഞുങ്ങൾ.

ഗേറ്റിനപ്പുറത്ത് വീടിനു മുമ്പിലൂടെ പോകുന്ന റോഡിൽ വാഹനങ്ങളുടെ മരണപ്പാച്ചിൽ. പൈക്കുട്ടിയുടെ കയറും പിടിച്ച് എങ്ങോട്ടോ പോകുന്ന ഒരു പെൺകൊടി. അല്പമകലെ ഒരു കൊച്ചുവീടിന്റെ മുറ്റത്ത് മണ്ണുവാരിക്കളിക്കുന്ന വലിയ വയറും മെലിഞ്ഞ കൈകാലുകളുമുള്ള രണ്ടു കുട്ടികൾ. വിശാലമായ മുറ്റത്തിന്റെ ഒരരികിൽ അടിമുടി പൂത്തുനിൽക്കുന്ന മൂവാണ്ടൻ മാവിലേക്കാണ് പിന്നീട് കണ്ണുകൾ വലിഞ്ഞു കയറിയത്. മുഴുവനും മാങ്ങയാവില്ല. എന്നാലും ..!

അന്ന് വീടുവെക്കാൻ മുറിച്ചുമാറ്റേണ്ടി വന്ന മാവിനെക്കുറിച്ചു അന്നേരം അയാൾ ഓർത്തു. അതിൽ നിറയെ ഉണ്ണിമാങ്ങകൾ ഉണ്ടായിരുന്നു. ജെ.സി.ബിയുടെ തുമ്പിക്കൈകൾ 'അവളെ' മൂടോടെ കോരിയെടുത്ത് ദൂരേക്ക്‌ എറിഞ്ഞ രംഗം ഇപ്പോഴും മനസ്സിലുണ്ട്; ഒരു മുറിവായി.

ഒരനക്കവും കേൾക്കുന്നില്ലെന്നായപ്പോൾ ബെല്ലിൽ ഒന്നുകൂടി വിരലമർത്തി. സിറ്റൗട്ടിന്റെ ഇടതുവശം ചേർന്ന കിടപ്പുമുറിയുടെ ജനല്പാളികൾ തുറന്നുകിടപ്പുണ്ട്. ആളുണ്ടെന്നുറപ്പ്.

സ്വർണ്ണവർണ്ണത്തിൽ വാതിലിന്റെ മാറിടത്തിൽ ചേർന്നുകിടക്കുന്ന മണിച്ചിത്രത്താഴ് അപ്പോഴാണ്‌ ശ്രദ്ധിച്ചത്. ഇത് കിട്ടാൻ മസൂദും ഞാനും കറങ്ങാത്ത സ്ഥലങ്ങളില്ല. കറുത്ത സുന്ദരിയുടെ കഴുത്തിലെ സ്വർണ്ണമാല പോലെ ഈ താഴ്, വാതിലിന് ഒരഴക് തന്നെ. അയാൾ മനസ്സിൽ പറഞ്ഞു.

ഡോറിനടുത്തേക്ക്‌ ആരോ നടന്നു വരുന്ന കാലൊച്ച. പ്രതീക്ഷിച്ച പോലെ വാതിൽ തുറന്നത് അലീന.

“അല്ല; ഇതാരാ .. കുറെ നേരമായോ വന്നിട്ട് ? ഞാൻ കുളിക്കുകയായിരുന്നു ..”

“വന്നതേയുള്ളൂ . ഞാനൂഹിച്ചു. ബാത്ത് റൂമിലോ മറ്റോ ആയിരിക്കും എന്ന് “

“എന്തേ സൈറയെയും കുട്ടികളെയും കൂടി കൊണ്ടരാമായിരുന്നില്ലേ..?”

“കുട്ടികൾക്ക് ക്ലാസ് ഉണ്ട്. പിന്നെ അത്യാവശ്യമായി മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ കൂടി പോവുകയും വേണം.”

“മസൂദ് വിളിച്ചിരുന്നില്ലേ ?”

“വിളിച്ചിരുന്നു. ദിവസവും രണ്ടു പ്രാവശ്യമെങ്കിലും വിളിക്കും.”

“വന്നിട്ടിപ്പോ...?”


“ഒരാഴ്ച കഴിഞ്ഞു. വെറും നാല്പത്തഞ്ച് ദിവസം മാത്രല്ലേ ഉള്ളൂ.”


“കുട്ടികൾ എവിടെ ?”


“സ്കൂളിൽ പോയി .. മോൻ കോളേജിലും. വരുമ്പോഴേക്കും നാലു നാലര ആവും.”


“ഉപ്പ എവിടെ?”


“ആ റൂമിലാണ് ..”


“ഞാന്‍ ചായയെടുക്കാം ..”

അലീന അന്ന് കണ്ടതിലേറെ ഇത്തിരി തടിച്ചിട്ടുണ്ട്. കുറച്ചു കാലം അവര്‍ അവിടെ ഉണ്ടായിരുന്നല്ലോ.


വീടിന്റെ അകസൗന്ദര്യം ആസ്വദിച്ച് മെല്ലെ പിതാജിയുടെ കിടപ്പുമുറിയിലേക്ക് നടന്നു. മസൂദ് അങ്ങനെയാണ് വിളിക്കാറ് -പിതാജി. വളഞ്ഞു പുളഞ്ഞു വീടിന്റെ മുകൾത്തട്ടിലേക്ക് കേറിപ്പോവുന്ന സ്റ്റെയർകേസിലൂടെ കണ്ണുകൾ ഒരു നിമിഷം ഓടിക്കേറി.

തൊണ്ണൂറു വയസ്സ് കഴിഞ്ഞ പിതാശ്രീ ഇപ്പോഴും പത്രം വായിക്കുമെന്നും എല്ലാ കാര്യങ്ങളും സ്വയം ചെയ്യുമെന്നും മസൂദ് പറഞ്ഞിരുന്നു.

ഒരുൾപ്രദേശത്തായിരുന്നു അവരുടെ തറവാട്. വാഹനം പോലും എത്താത്ത സ്ഥലത്ത്. മെലിഞ്ഞ ഒരു വയൽവരമ്പാണ്‌ അങ്ങോട്ടുള്ള 'എക്സ്പ്രസ് ഹൈവേ '! മസൂദ് ഏറ്റവും ഇളയതാണ്. എട്ടാണും രണ്ടു പെണ്ണും. പത്തു മക്കൾ. ഇപ്പോൾ പേരക്കുട്ടികളടക്കം കണക്കെടുത്താൽ നൂറ്റൊന്നു പേർ. ഇതൊരു സംഭവം തന്നെ ആണല്ലോ മസൂദ് എന്നൊരിക്കൽ കൗതുകപ്പെട്ടത്‌ അയാൾ ഓർത്തു.

ഒച്ചയനക്കി, ചാരിയിട്ട വാതിലിൽ ചെറുതായി ഒന്ന് മുട്ടി തുറന്നു നോക്കുമ്പോൾ കട്ടിലിൽ ആളില്ല.

എവിടെപ്പോയെന്ന ചോദ്യം മനസ്സിലുണരും മുമ്പേ വിശാലമായ മുറിയിൽ തെക്കോട്ട്‌ തുറന്നുവെച്ച ജനലിനു അഭിമുഖമായി ഒരു കസേരയിൽ ഇരിക്കുന്നു അദ്ദേഹം. മുമ്പിൽ ഒരു കണ്ണാടി നാട്ടി വെച്ചിട്ടുണ്ട്.

കയ്യുള്ള ബനിയൻ. കരയില്ലാത്ത വെള്ളത്തുണി. നിറയെ അറകളുള്ള പച്ച അരപ്പട്ട. മേഘത്തുണ്ടിന്റെ വെണ്മയിൽ തിങ്ങിയ താടി. മലയാള ഭാഷയിലെ 'ഠ' എന്ന അക്ഷരത്തിന്റെ ആകൃതിയിൽ, വെട്ടിത്തിളങ്ങുന്ന കഷണ്ടി. അതിന്റെ ഓരം ചേർന്ന് ഏതാനും മുടിനാരുകൾ അനുസരണയോടെ വീണു കിടക്കുന്നു.

വാതിൽ തുറന്നതും ഒരാൾ അകത്തു കടന്നതും അറിഞ്ഞില്ലെന്നു തോന്നുന്നു.അല്പം കേൾവിക്കുറവുണ്ടെന്നു മസൂദ് പറഞ്ഞിരുന്നല്ലോ. തഴക്കം ചെന്ന ഒരു ബാർബറുടെ കൈകളിലേതെന്ന പോലെ കത്രിക ചലിച്ചു കൊണ്ടിരിക്കുന്നു!  അതിശയപ്പെട്ടു പോയി. ഈ പ്രായത്തിലും സ്വയമിങ്ങനെ..!!

താടിയും മീശയും ശരിയാക്കിക്കഴിഞ്ഞിട്ടു സ്വസ്ഥമായി സംസാരിക്കാമല്ലോ എന്ന് കരുതി കട്ടിലിന്റെ ഒരരികിൽ അയാൾ ഇരുന്നു. ശ്രദ്ധ തെറ്റി പോറലേൽക്കരുതല്ലോ.


കത്രിക പണി നിർത്തിയപ്പോൾ സമാധാനമായി.

പക്ഷെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ട് പിതാജി ഷേവിംഗ് സെറ്റ് കയ്യിലെടുത്തു. ഇനിയെന്താണ് പടച്ചോനെ പരിപാടി?

ഇപ്പോൾ നടക്കുന്നത് സത്യം പറഞ്ഞാൽ മുണ്ഡനപ്രക്രിയ ആണ്!  നേരിൽ കാണുന്ന രംഗം വിശ്വസിക്കാനാവാതെ വീർപ്പടക്കി നിന്നു. നന്നേ ഇടുങ്ങിയ പോക്കറ്റ് റോഡിലൂടെ കാറോടിച്ചു പോകുന്ന ഒരു ഡ്രൈവറുടെ സൂക്ഷ്മതയോടെ കൈകൾ ചലിക്കുന്നു.

പിതാജിയുടെ തലയിൽ കൂടുതൽ മുടിയൊന്നും ഇല്ലാഞ്ഞത്‌ നന്നായി. മടിത്തട്ടിൽ വിരിച്ച തോർത്തുമുണ്ടിലും ഉടുത്ത ബനിയനിലും വെളുത്ത നൂലുപോലെ മുടിത്തുണ്ടുകൾ ചിതറി വീണു കിടക്കുന്നു.

എല്ലാം കഴിഞ്ഞു എഴുന്നേൽക്കാനൊരുങ്ങുമ്പോൾ ഒരു കൈ സഹായിക്കാനാഞ്ഞു. അങ്ങനെ ഒരാവശ്യം ഉദിക്കുന്നേയില്ലെന്ന് ബോധ്യം വന്നപ്പോൾ സ്വയമൊഴിഞ്ഞു.

മുഖാമുഖം കാണുന്നത് അപ്പോഴാണ്‌. മുഖം നിറയെ നിലാവ് വീണു കിടക്കുന്നു. കണ്ണുകളിൽ സംതൃപ്തിയുടെ തടാകം. ഹൃദയം തൊടുന്ന ഒരു ചിരി ചിരിച്ച് 'ദാ പ്പോ വരാം' എന്ന ഭാവത്തിൽ മുറിയോട് ചേർന്നുള്ള ബാത്ത് റൂമിലേക്ക്‌ അദ്ദേഹം കേറിപ്പോയി വാതിലടച്ചു.

അപ്പോഴേക്കും അലീന ചായയുമായി എത്തി.


“എല്ലാം സ്വയം ചെയ്യും അല്ലെ ?”


“ങാ, ആരുടേയും സഹായം വേണ്ടി വന്നിട്ടില്ല ഇത് വരെ. അതൊട്ട്‌ ഇഷ്ടോംല്ല”


“താടി ശരിയാക്കലും മുടികളയലും ഒക്കെ ..?”


“ബാർബർമാരെ വിളിക്കാനൊന്നും സമ്മതിക്കില്ല.”


അപ്പോൾ കേട്ടു അകത്തു നിന്ന് ഒരു വിളി.


”മളേ ....”


അതിന്റെ അർത്ഥം മനസ്സിലായ പോലെ അലീന അലമാര തുറന്ന് ഒരു ജോഡി ബനിയനും തുണിയും എടുത്തു കൊണ്ടുപോയി കൊടുത്തു.
“തണുത്ത വെള്ളത്തിലൊക്കെ കുളിക്കുമോ..?”

“പൈപ്പിൽ ചൂട് വെള്ളവും ഉണ്ട്. ന്നാലും തണുത്ത വെള്ളം കൊണ്ടാ കുളി.”

ഏറിപ്പോയാൽ ഒരു പത്തു മിനിറ്റ്. കുളിച്ചു സുന്ദരനായി പിതാജിയെത്തി.

“കാക്കുട്ടിന്റെ ഒപ്പം ഉള്ള ആളാ. രണ്ടാളും ഒരേ റൂമിലാണ്.” അലീന നല്ല ശബ്ദത്തിൽ പരിചയപ്പെടുത്തി.


“എവിടെ അന്റെ വീട് ?”


സ്ഥലം പറഞ്ഞു കൊടുത്തു.


"കുറേക്കാലം ആയോ ഗൾഫിൽ ?"


കൃത്യമായ വർഷം പറയാനുള്ള വിമ്മിട്ടത്തോടെ പരുങ്ങുമ്പോൾ അടുത്ത ചോദ്യം വന്നു.


“നിർത്തി പോരാനായില്ലേ ?”


“കുട്ട്യാളെ കെട്ടിക്കാനൊക്കെയുണ്ട്”
 

''കുട്ട്യാളെ കെട്ടീക്കാനുണ്ടെങ്കി പിന്നെ പോരാനൊന്നും പറ്റൂല. ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിനെ ഇറക്കി വിടണം എന്നുണ്ടെങ്കി എത്തര ഉറുപ്പ്യ വേണം. സ്വർണ്ണത്തിനു വില കൂടുക തന്നെ അല്ലേ. ഇന്നലത്തെ പത്രത്തിൽ കണ്ടില്ലേ സർവകാല റിക്കാർഡ് ആണത്രേ. സ്വർണ്ണത്തിനു ഇങ്ങനെ കൂടുമ്പോ, ന്നാ പെണ്ണിനെ ചോദിക്കാം വരുന്നോര് കൊറക്ക്വോ ? അതൊട്ടില്ല താനും. അവിടേം സർവകാല റിക്കാർഡ് തന്നെ..!! നഷ്ടങ്ങളൊക്കെ നഷ്ടം തന്ന്യാ. പക്ഷേങ്കിൽ ചില നഷ്ടങ്ങളൊന്നും ഇല്ലാതെ നേട്ടങ്ങൾ ഉണ്ടാകൂല.''

അപ്പോഴേക്കും പൊടിയരിക്കഞ്ഞിയും പയറുപ്പേരിയുമെത്തി.


“അസുഖം വല്ലതും ഉണ്ടോ പ്പോ ?”


“കാര്യമായി ഒന്നൂല്ല. ഇത്ര ആയുസ്സ് തര്വ. ദീനോം കേടും ഒന്നും ഇല്ലാണ്ടിരിക്ക്യാ. അത് തന്നെ വല്യ ഭാഗ്യം അല്ലെ? ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല. ബാത്ത് റൂം ദാ ആ കാണ് ണതാ. അവടെ ചൂട്‌ വെള്ളോംണ്ട്. പച്ചവെള്ളോംണ്ട്. ഒന്നങ്ങ്ട്ടു തിരിച്ചാ മതി.” 

“ഓർമ്മയ്ക്ക്‌ ഒരു കൊറവും ഇല്ല. കാഴ്ചക്കും. ഇപ്പൊ കൂടുതൽ ആൾക്കാർക്കും മറവിരോഗാ. കഴിഞ്ഞ മാസാ ന്റെ പഴേ ചങ്ങായി മമ്മദു മരിച്ചത്. ഞങ്ങൾ രണ്ടാളും ഒന്നിച്ചാ ഹജ്ജിന് പോയത്. മക്കൾ കൊണ്ടോയതാ. അല്ലെങ്കി ഞങ്ങക്കൊന്നും ആ ഭാഗ്യം കിട്ടൂലാ. കുറെ കഷ്ടപ്പെട്ട ആളേർന്നു ഓൻ. മക്കളൊക്കെ ഗൾഫി പോയി സുഖായി വരേനൂ. എന്ത് ചെയ്യാനാ അവസാന കാലത്ത് ഒന്നും ഓർമ്മല്ലെയ്നൂ. പാത്തുണതും തൂറുണതും ഒന്നും. ഈ സുഖങ്ങൾ ഒക്കെ അനുഭവിക്കുമ്പോ ഓർമ്മ ഇല്ലാണ്ടായാൽ പിന്നത്തെ കാര്യം പറയണോ ?”

പിതാജി കഞ്ഞികുടിക്കുന്നതിനിടയിലും പറഞ്ഞു കൊണ്ടിരുന്നു.

“ലോകം ഒക്കെ ഒരു പാട് മാറി. മനുസമ്മാരും. അതിനു ആരീം കുറ്റം പറഞ്ഞിട്ടൊന്നും കാര്യം ല്ല.
അന്നന്നത്തെ ചുറ്റുപാട് അനുസരിച്ച് ജീവിക്ക്യെ പറ്റൂ. കാലത്തിന്റെ മുമ്പിൽ നടക്കാൻ പറ്റീലെങ്കിലും ഒപ്പെങ്കിലും നടക്കണം. ചില ആൾക്കാരുണ്ട്. അവർ എല്ലാത്തിനും വാശി പിടിക്കും. മക്കൾ നല്ല സൗകര്യം ള്ള പുതിയ പൊരണ്ടാക്കും. പക്ഷെ, തന്താര് അങ്ങോട്ട്‌ പോകൂല. ഞാൻ ജനിച്ചു വളർന്ന പൊരീന്ന് ഞ്ഞി മരിച്ചേ ഇറങ്ങൂ എന്ന് വാശി പിടിക്കും. അങ്ങനെ വാശി പിടിക്കേണ്ട വല്ല കാര്യോം ണ്ടോ ? ആർക്കും ഒരു ഭാരം ആകാണ്ടേ ജീവിക്കാൻ പറ്റ്യാ പടച്ചോൻ കണക്കാക്കിയ അത്ര കാലം ജീവിക്കാം. അവയവങ്ങൾക്ക് ഒരു കൊയപ്പവും ണ്ടാവരുത്. അവര് പണി മുടക്ക്യാ കുടുങ്ങ്യെത് തന്നെ. ഒരു മന്സന്റെ ഏറ്റവും വല്യ ഭാഗ്യം അതാ.”

കഞ്ഞി കുടി കഴിഞ്ഞു കയ്യും വായയും കഴുകി വന്നു കട്ടിലിലിരിക്കുമ്പോൾ മൊബൈൽ ശബ്ദിച്ചു. തലയണക്കടിയിൽ നിന്ന് മൊബൈലെടുത്ത് ചെവിയോടു ചേർത്ത് വെച്ച് ഉറക്കെ സംസാരിച്ചു തുടങ്ങി. സുഖവിവരങ്ങൾ ചോദിച്ചറിയാനുള്ള വിളിയാണ് എന്ന് മനസ്സിലായി.

“ദമ്മാമ്മു ന്ന് വല്യോന്റെ മോനാ. ഫവാസ്. കുട്ട്യാള് ഇടക്കിങ്ങനെ വിളിക്കും. ഇത് ണ്ടായതോണ്ട് എന്താ ഉപകാരം. പണ്ടൊക്കെ മരിച്ചവിവരം പറയാനോ, ജനിച്ച വാർത്ത അറീക്കാനോ ആളാ പോയിനെ. ആരെയെങ്കിലും പറഞ്ഞയക്കും. ന്നാല്‍ ഇപ്പോളോ ? അതിന്റെ ഒന്നും ആവശ്യം ഇല്ല. പ്പോ കൊറച്ചു കാലമായിട്ടു കാക്കുട്ടി നെറ്റിലാ വിളി. അങ്ങോട്ടും ഇങ്ങോട്ടും കാണൂം ചെയ്യാം. വർത്തമാനം പറീം ചെയ്യാം. ലോകം അടുത്തുക്ക് ഇങ്ങോട്ട് വര്വാ. ഇതൊക്കെ കാണാനും അനുഭവിക്കാനും കയിഞ്ഞത് ഭാഗ്യം തന്നെ ആണ് ന്റെ കുട്ട്യേ. ജ്ജ് വീടൊക്കെ ഉണ്ടാക്കിയോ..?”

“ങാ .. രണ്ടുകൊല്ലായി കുടിയിരുന്നിട്ട്‌.”

“ഈ സ്ഥലമൊക്കെ ഒരു ഷാരഡിന്റെതായിരുന്നു. ഏക്കറു കണക്കിന് സ്ഥലം അങ്ങനെ കിടക്കേനൂ. അന്ന് രാത്രിയിലൊക്കെ ഇതിലെ പോകാൻ പേടിയായിരുന്നു. ഇപ്പോൾ കണ്ടില്ലേ വരിവരിയായി വീടുകളാ. പഴേ പോലെ കൂട്ട് കുടുംബോം ജീവിതോം ഒന്നും ഇപ്പൊ ആർക്കും പറ്റൂലാ. അതൊട്ട്‌ നടക്കൂം ല്ല. പണ്ട് നല്ലോണം ണ്ടാക്കിയ തന്താരെ മക്കള് പ്പോ അതൊക്കെ വിറ്റ് തിന്ന്യാണ്. അന്നില്ലാത്തോല് ന്ന് ണ്ടാക്കുണൂം ണ്ട്. കുട്ട്യാള് ഗൾഫിലൊക്കെ പോയതോണ്ട് പഴയ മാതിരി പട്ടിണില്ലാണ്ടായി. മക്കൾക്കൊക്കെ നല്ല വിദ്യാഭ്യാസവും കിട്ടി. എവിടെ നോക്ക്യാലും പ്പോ കോളേജും സ്കൂളും. ഈ ജനലങ്ങ്ട്ട് തൊറന്നാ കാണാം. രാവില അങ്ങോട്ടും ഇങ്ങോട്ടും സ്കൂൾബസ്സുകൾ അങ്ങനെ പോണൂ. ഒന്നങ്ങുട്ടു പോകുമ്പോ, ഒന്നിങ്ങുട്ട്. അന്റെ ഉപ്പീം ഉമ്മീം ഒക്കെ ഉണ്ടോ ?”

“ഉമ്മ ഉണ്ട്. ഉപ്പ നേരത്തെ പോയി.”


“ഒരു മന്സന്റെ ഏറ്റവും വല്യ വെഷമം അതാ. രണ്ടിലൊരാള്‍ നേരത്തെ പോകുകന്ന് ള്ളത്. നബീസു പോയപ്പളാ ഞാൻ തളർന്നത്. ന്നെ നിർത്തി പടച്ചോൻ ഓളെ കൊണ്ടോയി. ഒരു കണക്കിന് അത് നന്നായി. നേരെ തിരിച്ചായിരുന്നെങ്കിലോ ? ഓൾക്ക് ങ്ങനെ ഒന്നും പിടിച്ചു നിക്കാൻ കഴിയൂലാ

പിതാജിയുടെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല. ഇറങ്ങാനൊരുങ്ങുമ്പോഴാണ്‌ അത് ശ്രദ്ധിച്ചത് !  പിതാജിയുടെ വെളുവെളുത്ത താടി രോമങ്ങൾ മെല്ലെ മെല്ലെ കറുത്തു വരുന്നു !!
ന്നാ ഞാൻ ഇറങ്ങട്ടെ
എന്നു പറഞ്ഞ് കൈകൊടുത്തു നിവരുമ്പോൾ ഒരു നിമിഷം അയാളുടെ കണ്ണുകൾ നാട്ടി നിർത്തിയ കണ്ണാടിയിൽ ഉടക്കി. വിശ്വാസം വരാതെ അയാൾ അയാളെ തന്നെ നോക്കി നിന്നു.

O

ജെസ്സി

കവിത
ഷിബു.എസ്‌.തൊടിയൂർ











ജെസ്സി
നിന്നെയോർക്കാത്ത നാളുകൾ
എന്റെ ശിഷ്ടകാലത്തിലെന്നുമന്യം
അർക്ക,ചന്ദ്രോദയങ്ങളിലും
സുഷുപ്തിയിലും
നിന്റെ നീലനയനങ്ങൾ
എന്നോട്‌ പറയാതെ പറയുന്ന കഥകൾ.


സാമീപ്യമാർന്ന ഹൃദയം
കൊഞ്ചിയാർത്തുല്ലസിക്കുന്ന നാദം
നിന്റെ ഗന്ധം
എന്റെ നഷ്ടകാലത്തിൻ
കണക്കുകൾക്കെത്ര പഴക്കം.


തഴുകിയെത്തും തെന്നലിൽ
ഞാനറിയാതെയെന്നെ
കദനതീരങ്ങളിലേക്കു
തുഴഞ്ഞുകൊണ്ട്‌ തോണിയും
നിന്റെ നാമവും രൂപവും.


കലി തിന്നുതീർത്ത ദിനങ്ങൾ
സൗഹൃദം മുറിച്ചുമാറ്റിയ ഖഡ്ഗം
എന്റെ സ്വകാര്യത ഭഞ്ജിച്ചു വന്നവർക്ക്‌
നൽകുവാനൊരക്ഷരം പോലുമില്ല.


എങ്കിലും
ജെസ്സി
നിന്നെ ഞാനറിയുന്നു
ഇന്ദ്രിയങ്ങൾ തൊട്ടറിയുന്നു
ശരവേഗങ്ങളിലിപ്പോഴും.

O


PHONE : 9947144440




Saturday, June 23, 2012

സൂം ഇൻ - 4

സിനിമ
മുഞ്ഞിനാട്‌ പത്മകുമാർ









മഹത്തായ കാലം മഹത്തായ സിനിമ



                   'മഹത്തായ കാലം, മഹത്തായ സിനിമ' എന്ന സുദീർഘമായ പ്രഭാഷണത്തിൽ ഇംഗ്‌മർ ബർഗ്‌മാന്റേതായി (Ingmar Bergman) ഒരനുഭവസാക്ഷ്യമുണ്ട്‌. ബർഗ്‌മാൻ പറയുന്നു - 'മഹത്തായ സിനിമയ്ക്ക്‌ പിന്നിൽ മഹത്തായ കാലത്തിന്റെ മഹത്തായ ഇടപെടലുകളുണ്ട്‌.' ഇവിടെ 'മഹത്തായ' എന്ന പദം സുന്ദരവും അപകടകരവുമായ ഒന്നാണ്‌. 'എന്റെ ചിത്രങ്ങളിലെ നടീനടന്മാരെ ഞാൻ ഉപകരണങ്ങളായി കണക്കാക്കാറില്ല. അവർ എന്നേക്കാളും സ്വാതന്ത്ര്യദാഹികളായിരിക്കണം. അവരെ കൃത്യമായൊരു അനുപാതത്തിൽ അലങ്കരിച്ച്‌ ഫ്രെയിമിനു മുകളിൽ നിർത്തുന്നതിൽ ഒരർത്ഥവുമില്ല. കഥാപാത്രങ്ങൾ അവർക്കിഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ, ഇഷ്ടമുള്ള വീഞ്ഞു കുടിക്കട്ടെ. അവർ അഭിനയിക്കാതിരിക്കുമ്പോഴാകും ശരിക്കും ഞാൻ ഷൂട്ട്‌ ചെയ്യുക. അവരഭിനയിച്ച്‌ തുടങ്ങുമ്പോൾ എന്റെ മനസ്‌ 'കട്ട്‌' പറയുകയും ചെയ്യും. ഇതൊന്നും അവർക്കിപ്പോഴും മനസ്സിലായിട്ടില്ല എന്നറിയുമ്പോൾ ഉള്ളിലൊരു ആനന്ദവും ഭയവും ഉണ്ടാകാറുണ്ട്‌.'

ഇംഗ്‌മർ ബർഗ്‌മാൻ

ആത്മകഥയായ 'മാജിക്‌ ലാന്റേണി 'ൽ ചുമരിൽ നിഴൽച്ചിത്രങ്ങൾ പകർത്തി രസിച്ചിരുന്ന കൊച്ചു ബർഗ്‌മാനിൽ നിന്ന് സ്വഭാവത്തിലും പ്രകൃതത്തിലും അധികദൂരമൊന്നും നടന്നുകയറാത്ത പ്രതിഭാശാലിയാണ്‌ ബർഗ്‌മാൻ. 'നിഷ്കളങ്കത പോലെ തിളങ്ങുന്ന ഒന്ന്' എന്ന് സിനിമയെ ബർഗ്‌മാൻ അടയാളപ്പെടുത്തുമ്പോൾ അത്‌ വിശ്വസിച്ച്‌ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നമുക്ക്‌ സ്വീകരിക്കാനാവില്ല. ദുരിതകാലത്തിന്റെ ഭഗ്നസ്വപ്നങ്ങളും മനുഷ്യന്റെ കടുത്ത ഏകാന്തതകളും ദൈവത്തിന്റെ ആധിയും ഒക്കെച്ചേർന്നൊരുക്കുന്ന വിചിത്രവും അകാൽപനികവുമായ അനുഭവങ്ങളാണ്‌ ബർഗ്‌മാന്റെ സിനിമകൾ.




'വൈൽഡ്‌ സ്ട്രോബറീ 'സിൽ പ്രകൃതിയും മനുഷ്യനും ഒരേ കാലം നടത്തുന്ന നൃത്തത്തിന്റെ വിവിധ ഛായകൾ നമ്മുടെ കാഴ്ചയിൽ ഇപ്പോഴുമുണ്ട്‌. 'പെഴ്സൊണ'യിലെ ബുദ്ധഭിക്ഷുവിന്റെ മരണം പോലെ നമ്മുടെ ഏകാന്തതയെ ഈ നൃത്തം തകർത്തെറിയുന്നു. വാർദ്ധ്യക്യത്തെയും മരണത്തെയും പിന്നിലാക്കിക്കൊണ്ട്‌ മുന്നേറുന്ന ജീവിതം ഒരിക്കലും അവസാനിക്കാത്ത ഉത്സവകാലങ്ങളെയാണ്‌ ഓർമ്മപ്പെടുത്തുന്നത്‌. ഈ ആരവങ്ങൾക്കിടയിൽ നമ്മുടെ ഓർമ്മകൾക്കുണ്ടാകുന്ന ചെറിയ വിള്ളലുകളിലൂടെ പരിണാമത്തിന്റെ ജലം കയറുന്നത്‌ നാം അറിയുന്നില്ല. 'വൈൽഡ്‌ സ്ട്രോബറീസ്‌' ഒരോർമ്മപ്പെടുത്തലല്ല. മരണത്തിനും പ്രജ്ഞാനാശത്തിനുമിടയിലെവിടെയോ വെച്ച്‌ നാം രുചിച്ചു നോക്കുന്ന ഒരു മുന്തിരിത്തോട്ടമാണത്‌. ടി.എസ്‌.എലിയറ്റിന്റെ 'തരിശുഭൂമി'യിലെ വരികൾ അത്‌ ഓർമ്മിപ്പിക്കും പോലെ.

'The Corpse you planted last year in your garden.
Has it begun to Sprout ?
Will it Bloom this year ?'

(നീ നിന്റെ തോട്ടത്തിൽ കുഴിച്ചിട്ട ശവം പൊട്ടിമുളയ്ക്കാൻ തുടങ്ങിയോ ? 
അത്‌ ഈ വർഷം പൂവിടുമോ ?)


O


PHONE : 9447865940



മൊളോമ്പുളീം

കവിത
സങ്‌.എം.കല്ലട














ത്രനേരമായ്‌,
ഇവൾ
മൊബൈൽ
കാതിൽനിന്നു
മാറ്റിവന്നെങ്കിൽ
കൊച്ചുവർത്താന-
മെന്തേലും
പറഞ്ഞൽപ്പമിരിക്കാരുന്നു.


അപ്പുറത്തുണ്ടവടെയക്കൻ
ഇന്നുവെച്ചു കഴിച്ച സൂപ്പർ
കറിക്കൊതിപ്പൊതിയഴിച്ച്‌
ഇളയവളുടെ വായിൽ
ആലപ്പുഴക്കടലിലോടും
കപ്പലൊന്നിനെ
വഴിതിരിക്കുന്നു!


"മതിയെടീ ബിന്ദു
പറയാതിങ്ങനെ
പുളുവടിച്ചെന്റെ
കൊതിപെരുക്കാതെ !
ഇനിയുമായാൽ നീ
വയറിളകിടും."


കൊതിക്കെറുവോടെ
പറഞ്ഞവൾ
ഇന്ദുല
വിളിച്ചുവെന്നെ
'കേട്ടോ മനുഷ്യാ
ഈ വയറിയൊണ്ടാക്കി
കഴിച്ചതെന്താന്ന്
എളുപ്പമുണ്ടാക്കാം
അടിപൊളിരുചി
എടങ്ങഴിച്ചോറ്‌
അറിയാണ്ടകത്താകും.'


നീട്ടിയുടൻ തന്നെ
എനിക്കുനേരേ
മൊബൈൽ
കേട്ടുപഠിച്ചുടൻ
ചോറുണ്ടിടാൻ.


അക്കരെ നിന്നും
കേൾക്കയായ്‌
അക്കന്റെയരുൾമൊഴി;
'നിങ്ങക്കവിടെ
പുളിയില്ലേ?'


ഒണ്ടേ


"എന്നാകൊറച്ചു
ഉള്ളീംകൂടെടുക്കുക,
ഉള്ളി പൊളിച്ചു
ചതയ്ക്കുക
പുളിയെപ്പിഴിഞ്ഞിട്ടൊഴിക്കുക
ഉപ്പും മുളകും
കലർത്തുക
നന്നായ്‌ കലർത്തി
ചെലുത്തുക"
ബിന്ദു നിർത്തുന്നു;


ഇന്ദുലേ ചോറെടുക്ക്‌ !
മനസ്സുരുവിട്ടിടുന്നു
അയ്യോ പണ്ടുകേട്ട
'മോളോമ്പുളീം'
ഇന്നൽപ്പം
ഏറെ
ഉണ്ടിട്ടു തന്നെ കാര്യം
അടിവയറ്റിലൂടൊരു
കപ്പൽ
തേടി മറയുന്നു
ജലാശയം!


O



 PHONE : 9446227135




ചിരിപ്പൊട്ടുകൾ - 4

ചിരിപ്പൊട്ടുകൾ
സോക്രട്ടീസ്‌.കെ.വാലത്ത്‌









എന്തതിശയമേ...



                        ൾത്തിരക്കുള്ള ദിവസം അങ്ങാടിക്ക്‌ മുന്നിൽ എത്തിയ ഉപദേശി, പ്രസംഗം തുടങ്ങിയെങ്കിലും ആരും ശ്രദ്ധിക്കുന്ന മട്ടില്ല. ആരും കാണുന്നേയില്ല. പ്രശ്നം തന്റെ ഉയരക്കുറവ്‌ തന്നെ എന്ന് ഉപദേശിക്ക്‌ മനസ്സിലായി. നാലടി മാത്രമുള്ള തനതു ദൈർഘ്യം മൊത്തം എട്ടടിയിലേക്ക്‌ എത്തിക്കാൻ എന്ത്‌ വഴി ?

ഉപദേശി ചുറ്റും നോക്കി. റോഡു പണിയുടെ തിരുശേഷിപ്പായി ഒരു താർ വീപ്പ !

"കർത്താവോരോ വഴി കാണിച്ചു തരുന്നതേ.." എന്നുംപറഞ്ഞ്‌ വീപ്പ കമഴ്ത്തിയിട്ടിട്ട്‌ അതിന്റെ പുറത്ത്‌ അള്ളിപ്പിടിച്ചു കയറി നിന്ന് ഉപദേശി തുടങ്ങി, പ്രസംഗം.

"ദൈവവചനമാണ്‌ നിങ്ങൾ കേൾക്കുന്നത്‌. ഇന്ന് കാ ... ണുന്നവനെ നാ .... ളെ കാണുന്നില്ല...."

പറഞ്ഞപോലെ തന്നെ, വീപ്പയ്ക്ക്‌ മുകളിൽ ഉപദേശി ഇല്ല..!

അത്ഭുതപരതന്ത്രരായി ആളുകൾ ഓടിച്ചെന്നു നോക്കിയപ്പോൾ നൊത്തിപ്പോയ മൂട്‌ സഹിതം ഉപദേശി വീപ്പയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു.

ജനത്തെ കണ്ടതും അദ്യം പ്ലേറ്റ്‌ മറിച്ചു.-
"നോക്കുവിൻ ദൈവവചനം എത്ര സത്യം !"
(ജനം കുരിശു വരച്ചു)


 O


Saturday, June 16, 2012

കേരളത്തിൽ ഒരു മാസം 180 യുവതികൾ മതംമാറുന്നു

റിപ്പോർട്ട്‌
വി.ഡി.ശെൽവരാജ്‌









മുസ്ലീങ്ങളെ കേരളത്തിന്റെ പൊതുസമൂഹത്തിൽ 
നിന്നും അടർത്തിമാറ്റി തങ്ങൾക്ക്‌ വിലപേശാനുള്ള 
ആയുധമാക്കി വളർത്താനുള്ള വിദേശവിഘടനഗ്രൂപ്പിന്റെ 'ബ്ലൂപ്രിന്റ്‌' 
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക്‌ ലഭിച്ചിരിക്കുന്നു. 
ഹിന്ദുസമൂഹത്തിലെ 9 ശതമാനം വരുന്ന പട്ടികജാതി-വർഗ്ഗ 
പിന്നാക്കവിഭാഗങ്ങളിൽ നിന്നും കുറഞ്ഞത്‌ അഞ്ചുശതമാനത്തെ 
അടർത്തിയെടുത്ത്‌ തീവ്രവാദസ്വഭാവമുള്ളവരാക്കി ഒപ്പം നിർത്തുകയാണ്‌ 
'ബ്ലൂ പ്രിന്റി'ലെ ആദ്യലക്ഷ്യം. കള്ളപ്പണത്തിന്റെ തന്ത്രപരമായ 
വിനിയോഗത്തിലൂടെ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുക, 
ദാരിദ്ര്യം മുതലെടുത്ത്‌ മതംമാറ്റുക, പ്രണയത്തിന്റെ മറവിൽ മതംമാറ്റി 
വിവാഹക്കുരുക്കിൽ അകപ്പെടുത്തുക എന്നിവയും ഗൂഢപദ്ധതികളിൽപ്പെടുന്നു. 
2006 മുതൽ ഇതുവരെ ആറായിരത്തിലേറെപ്പേർ കേരളത്തിൽ 
ഇങ്ങനെ മതം മാറി. ഇതിൽ പകുതിയിലേറെ യുവതികളാണ്‌. 
ഒരു മാസം കേരളത്തിൽ 100 മുതൽ 180 വരെ യുവതികൾ 
മതം മാറുന്നുവെന്നാണ്‌ കണ്ടെത്തൽ - ഇത്രയും വായിച്ച ശേഷം 
ഒരു വിഭാഗം മുസ്ലീങ്ങളെ അടങ്ങാത്ത പകയോടെയാണ്‌ നോക്കുന്നതെങ്കിൽ വിഘടനവാദികൾക്കൊപ്പം നിങ്ങളും നിൽക്കുന്നതിന്‌ തുല്യമാണത്‌. കേരളീയജീവിതത്തിന്റെ ഭദ്രതയും ശാന്തിയും 
തകർക്കാനുള്ള 'ബ്ലൂപ്രിന്റി'നെതിരെ സമചിത്തതയോടെ സമീപിക്കണം.



          


                  ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക ഡസ്കിലേക്ക്‌ അടുത്തിടെ ഒരു ഫയൽ എത്തി. കേരളത്തിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം, അതുവഴിയുള്ള കള്ളപ്പണത്തിന്റെ വിനിമയം, പൊതുസമൂഹത്തിലും രാഷ്ട്രീയപ്പാർട്ടികളിലും വിഘടനവാദികളുടെ നുഴഞ്ഞുകയറ്റം, വനത്തിലെ മാവോയിസ്റ്റ്‌ പരിശീലനം, സമുദായ സംഘടനകൾക്കുള്ള വിദേശസഹായവും മതപരിവർത്തനവും തുടങ്ങിയവയെപ്പറ്റിയുള്ള രഹസ്യാന്വേഷണ വിവരങ്ങളായിരുന്നു ഫയലിൽ.


അതിൽ, സമുദായ സംഘടനകൾക്കുള്ള വിദേശസഹായവും മതപരിവർത്തനവും എന്ന വിഭാഗത്തിലെ റിപ്പോർട്ട്‌ രഹസ്യാന്വേഷണ ഏജൻസികൾക്ക്‌ ചോർന്നു കിട്ടിയ ഒരു രേഖയെ ഉദ്ധരിച്ചുകൊണ്ടാണ്‌ തുടങ്ങുന്നത്‌.


"കേരളത്തിൽ ന്യൂനപക്ഷമായ മുസ്ലീം സമുദായത്തിന്‌ അർഹമായ വിലപേശൽ കിട്ടാൻ ഹിന്ദുക്കളുടെ പിന്തുണ കൂടി നേടണം." കേരളത്തിന്റെ 50 വർഷത്തെ ജനസംഖ്യാവളർച്ച സ്ഥിതിവിവരക്കണക്കുകൾ എടുത്തുകാട്ടിക്കൊണ്ട്‌ ആ രേഖ ഇങ്ങനെ പറയുന്നു.


1961 ൽ കേരളത്തിലെ ജനസംഖ്യയിൽ 17 ശതമാനമായിരുന്നു മുസ്ലീങ്ങൾ. 2001 ൽ അത്‌ 24.6 ശതമാനമായി. 2012 ലെ സേൻസസ്‌ പ്രകാരം 27 ശതമാനമായിട്ടുണ്ട്‌. 50 വർഷം കൊണ്ട്‌ ഇത്രയും വളർച്ച നേടിയിട്ടും അർഹമായ സ്ഥാനം കിട്ടാതെ പോകുന്നു. ഇവിടെയാണ്‌ ഹിന്ദു സമൂഹത്തിന്റെ പിന്തുണ തേടേണ്ട ആവശ്യം. 55 ശതമാനം വരുന്ന ഹിന്ദുസമൂഹത്തിൽ 9 ശതമാനത്തോളം പട്ടികജാതി,വർഗ്ഗത്തിൽപ്പെട്ട ഏറ്റവും പിന്നോക്ക വിഭാഗങ്ങളുണ്ട്‌. ഇവരിൽ കുറഞ്ഞത്‌ അഞ്ചുശതമാനത്തെയെങ്കിലും അടർത്തിമാറ്റി മുസ്ലീം സമുദായത്തോട്‌ അനുഭാവമുള്ളവരാക്കണം. അങ്ങനെ വരുമ്പോൾ ജനങ്ങളിൽ 32 ശതമാനത്തിന്റെ (27+5) പിന്തുണയോടെ മുസ്ലീങ്ങൾക്ക്‌ കരുത്തു തെളിയിക്കാനാകും.


ഈ  രേഖയുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണം എത്തിച്ചേർന്നത്‌ അമ്പരപ്പിക്കുന്ന കണ്ടെത്തലിലായിരുന്നു. 'അടർത്തിമാറ്റാൻ' ഉദ്ദേശിച്ച സമൂഹത്തിൽ തീവ്രവാദനിലപാടുള്ള സംഘടനകൾ വേരുറപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം ഹിന്ദുസമൂഹത്തേക്കാൾ ആഭിമുഖ്യം ഇതര ജനവിഭാഗത്തോടുതന്നെ! ഹിന്ദുക്കളിലെ മേൽജാതിക്ക്‌ 'ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളവർ' എന്തിന്‌ അവർക്ക്‌ വേണ്ടി കൈപൊക്കണം എന്ന നിലപാട്‌.


കേരളത്തിൽ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം കുറഞ്ഞുവരികയാണെന്നും മുൻപറഞ്ഞ രേഖ സാക്ഷ്യപ്പെടുത്തുന്നു. 1961 ൽ 60 ശതമാനത്തിലേറെ ഉണ്ടായിരുന്ന ഹിന്ദുക്കൾ ഇപ്പോൾ 55 ശതമാനമായിരിക്കുന്നു. അന്ന് 22 ശതമാനമായിരുന്ന ക്രിസ്ത്യാനികൾ ഇപ്പോൾ 9 ശതമാനം മാത്രമാണെന്നും പറയുന്നുണ്ട്‌. ഇതിനു കാരണം മതപരിവർത്തനത്തിനുശേഷം പള്ളിയിൽ പോകുന്നുണ്ടെങ്കിലും മുമ്പ്‌ കിട്ടിയിരുന്ന ആനുകൂല്യം നിലനിർത്താൻ പ്രത്യക്ഷത്തിൽ ഹിന്ദുവായി തുടരുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.


മുസ്ലീം സമുദായത്തിന്റെ മറവിൽ കേരളത്തിൽ വിഘടനവാദം വിളയിക്കാനുള്ള ഗൂഢപദ്ധതി അന്യസംസ്ഥാന തൊഴിലാളികളിലൂടെയും നടപ്പിലാക്കുന്നുവെന്ന് റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. കേരളത്തിൽ ഏകദേശം 14 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ട്‌. വേണമെങ്കിൽ 14 എം.എൽ.എ മാരെ നിശ്ചയിക്കാനുള്ള വോട്ടിംഗ്‌ പവർ. 14 ലക്ഷത്തിൽ പകുതിയിലേറെയും ബംഗാളികളാണ്‌. അതിൽത്തന്നെ ഭൂരിപക്ഷവും ബംഗ്ലാദേശിൽ നിന്നും ബംഗാളിൽ കുടിയേറിയ മുസ്ലീങ്ങളും.


ഇവർ കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്‌. തുടക്കത്തിൽ കെട്ടിടനിർമ്മാണമായിരുന്നു തൊഴിലെങ്കിൽ ഇന്ന് അടുക്കളജോലി വരെയായി. അങ്ങനെ അവരുടെ ആരോഗ്യപ്രശ്നങ്ങൾ കൂടി മലയാളിയുടെ തീൻമേശയിലെത്തുന്നു. അതൊരു പ്രശ്നം തന്നെയാണ്‌. എന്നാൽ അതിനേക്കാളേറെയാണ്‌ കുറ്റകൃത്യങ്ങളിൽ ഇവർക്കുള്ള പങ്ക്‌. തുടരെ പിടിക്കപ്പെടുന്ന കള്ളനോട്ട്‌ കേസുകളിൽ നല്ലൊരു പങ്കിലും ബംഗാളി തൊഴിലാളികളുണ്ട്‌. പാകിസ്ഥാനിൽ അച്ചടിച്ച്‌, ബംഗ്ലാദേശ്‌ വഴിയാണ്‌ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐ ഇന്ത്യയിൽ കള്ളനോട്ട്‌ എത്തിക്കുന്നത്‌. കള്ളനോട്ടിന്റെ കേരളത്തിലെ വിളയാട്ടത്തിന്‌ ഉദാഹരണമാണ്‌ കരുനാഗപ്പള്ളിയിൽ ഒരു സെന്റ്‌ ഭൂമിക്ക്‌ ഒരു കോടി രൂപ വരെ വില ഉയർന്ന സംഭവമെന്നും ആഭ്യന്തരമന്ത്രാലയത്തിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. ബിനാമികളുടെ പേരിൽ അജ്ഞാതരാണ്‌ ഭൂമി വാങ്ങിക്കൂട്ടുന്നത്‌. സ്ഥിതി ഇത്ര ഗുരുതരമാണെങ്കിലും കേരളത്തിലെ അന്യസംസ്ഥാനത്തൊഴിലാളികളെ പറ്റി പോലീസിനു കാര്യമായ വിവരമില്ല. കാരണം തൊഴിലാളികൾ ലേബർ ഡിപ്പാർട്ടുമന്റിനു കീഴിലുള്ളവരാണ്‌. ലേബർ ഡിപ്പാർട്ടുമന്റിലാകട്ടെ, 14 ലക്ഷം തൊഴിലാളികളുടെ വിവരശേഖരണത്തിന്‌ സംവിധാനവുമില്ല.


റിപ്പോർട്ടിലെ ഏറ്റവും അമ്പരപ്പിക്കുന്ന ഭാഗം ഇനിയാണ്‌ വരുന്നത്‌. കേരളത്തിൽ നടന്നുവരുന്ന മതംമാറ്റത്തിന്റെ കണക്കാണിത്‌. 2009 ജനുവരി മുതൽ ഇക്കൊല്ലം മാർച്ച്‌ വരെ കേരളത്തിൽ 3902 പേർ മതം മാറി. ഇതിൽ 3815 പേർ ഇസ്ലാം മതം സ്വീകരിച്ചു. ക്രിസ്തുമത വിശ്വാസികളായത്‌ 79 പേരാണ്‌. ഹിന്ദുമതത്തിൽ ചേർന്നത്‌ 8 പേർ. മതം മാറിയ 3902 പേരിൽ 1596 പേർ യുവതികളാണ്‌. ദാരിദ്യത്തിന്റെ മറവിലുള്ള പണസഹായം മതംമാറ്റത്തിന്‌ കാരണമാകുന്നുണ്ടെങ്കിലും ഇവിടെ ഏറെയും പ്രണയക്കുരുക്കിനെത്തുടർന്നുള്ള മതംമാറ്റമാണ്‌.


തലസ്ഥാനജില്ലയായ തിരുവനന്തപുരത്ത്‌ 92 പേരാണ്‌ മതം മാറിയത്‌. നഗരപരിധിയിൽ 48 ഹിന്ദുക്കൾ ക്രിസ്തുമതം സ്വീകരിച്ചു. വേറേ മൂന്നു ഹിന്ദുക്കൾ മുസ്ലീം മതാനുയായികളായി. ക്രിസ്ത്യാനികളായി മാറിയ 48 ഹിന്ദുക്കളിൽ 13 പേർ യുവതികളാണ്‌. മുസ്ലീംമതം സ്വീകരിച്ച മൂന്നുപേരും ഹിന്ദുയുവതികൾ തന്നെ. അതേസമയം തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളിലെ മാറ്റം കൂട്ടത്തോടെ ഇസ്ലാം മതത്തിലേക്കായിരുന്നു. തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ നിന്നായി 40 ഹിന്ദുക്കൾ മുസ്ലീങ്ങളായി. ഇതിൽ 13 പേർ യുവതികളാണ്‌. ഒരു ക്രിസ്ത്യൻ സമുദായാംഗം മുസ്ലീംമതം സ്വീകരിക്കുകയും ചെയ്തു.


ഇക്കാലത്ത്‌ കാസർകോട്‌ ജില്ലയിൽ 28 ഹിന്ദുക്കളും മൂന്നു ക്രിസ്ത്യാനികളും അടക്കം 31 പേർ മുസ്ലീം മതം സ്വീകരിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. 28 ഹിന്ദുക്കളിൽ മൂന്നു യുവതികളും ഉൾപ്പെടുന്നു. ഏറ്റവും കുറച്ച്‌ മതം മാറ്റം നടന്നത്‌ കോട്ടയത്തും വയനാട്ടിലുമാണെന്ന് കണക്ക്‌ വ്യക്തമാക്കുന്നു. 2009 മുതൽ 2012 മാർച്ച്‌ വരെ ഒരു മതംമാറ്റമേ കോട്ടയത്തുണ്ടായുള്ളൂ. ഒരു ക്രിസ്തുമതവിശ്വാസി മുസ്ലീം ആയതാണത്‌. വയനാട്ടിലാകട്ടെ ഒരു ഹിന്ദുയുവതി ക്രിസ്തുമതം സ്വീകരിച്ചതു മാത്രമേ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളൂ.


ഏറ്റവും കൂടുതൽ മതപരിവർത്തനം (2137) രേഖപ്പെടുത്തിയിട്ടുള്ളത്‌ മലപ്പുറത്തു നിന്നാണ്‌. ഇവിടെ 1786 ഹിന്ദുക്കൾ മുസ്ലീം മതം സ്വീകരിച്ചു. 349 ക്രിസ്ത്യാനികളും മുസ്ലീംമതാനുയായികളായി. മറ്റു മതവിഭാഗങ്ങളിൽ നിന്ന് രണ്ടുപേരും ഇക്കാലത്ത്‌ മലപ്പുറത്ത്‌ മുസ്ലീങ്ങളായിട്ടുണ്ട്‌. മതം മാറിയവരെല്ലാം മലപ്പുറത്തുകാരാണോ എന്ന് വ്യക്തമല്ല. മതപരിവർത്തനത്തിനും തുടർന്നുള്ള പഠനത്തിനുമായി മലപ്പുറത്ത്‌ ഇസ്ലാം സഭ പ്രവർത്തിക്കുന്നതിനാൽ മറ്റു ജില്ലകളിൽ നിന്നും ഇവിടേക്ക്‌ ആളുകളെ കൊണ്ടുവരാറുണ്ട്‌. മലപ്പുറത്ത്‌ മതം മാറിയവരിൽ 851 പേർ യുവതികളാണ്‌.


കൊല്ലം ജില്ലയിൽ ആകെ 26 പേരാണ്‌ മതം മാറിയത്‌. ഒരു വനിതയടക്കം 9 ഹിന്ദുക്കൾ മുസ്ലീംമതം സ്വീകരിച്ചു. ക്രിസ്തുമതം സ്വീകരിച്ചതും 9 ഹിന്ദുക്കളാണ്‌. അങ്ങനെ ആകെ മതം മാറിയ ഹിന്ദുക്കൾ 18. കൊല്ലത്തുതന്നെ നാലു സ്ത്രീകളടക്കം ആറു മുസ്ലീം സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ച സ്ംഭവവുമുണ്ടായി. ഇവിടെത്തന്നെ ഒരു മുസ്ലീം യുവതിയും ഒരു ക്രിസ്ത്യൻ യുവതിയും ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ട്‌. കോഴിക്കോട്ട്‌ 495 യുവതികളടക്കം 1269 പേർ മതം മാറി മുസ്ലീങ്ങളായി. ഇതിൽ 384 യുവതികളടക്കം 1006 ഹിന്ദുക്കളാണ്‌ മുസ്ലീം മതം സ്വീകരിച്ചത്‌. 111 യുവതികളടക്കം 263 ക്രിസ്ത്യാനികൾ മുസ്ലീങ്ങളായി.


പത്തനം തിട്ടയിൽ 13 യുവതികളടക്കം 20 പേരാണ്‌ മതം മാറിയത്‌. ഇവിടെ ഒമ്പത്‌ ഹിന്ദുക്കൾ ക്രിസ്തുമതം സ്വീകരിച്ചപ്പോൾ മറ്റ്‌ മൂന്നു ഹിന്ദുക്കൾ മുസ്ലീം മതാനുയായികളായി. മൂന്നു മുസ്ലീമുകൾ ഹിന്ദുക്കളും മൂന്നു ക്രിസ്ത്യാനികൾ മുസ്ലീങ്ങളുമായി പരിവർത്തനവും ഇവിടെയുണ്ടായി. പത്തനംതിട്ടയിൽ തന്നെ ഇതേകാലത്ത്‌ ഒരു മുസ്ലീം, ക്രിസ്തുമതവും ഒരു ക്രിസ്ത്യൻ ഹിന്ദുമതവും സ്വീകരിച്ചതായും രേഖകളിൽ കാണുന്നു. പാലക്കാട്ട്‌ 137 യുവതികളടക്കം 177 പേരാണ്‌ ഇക്കാലത്ത്‌ മുസ്ലീങ്ങളായത്‌. ഇതിൽ 173 ഹിന്ദുക്കളും നാലു ക്രിസ്ത്യാനികളുമാണുള്ളത്‌.


ഇടുക്കിയിൽ മതം മാറിയ എട്ടുപേരിൽ ഏഴുപേരും യുവതികളാണ്‌. മൂന്നു യുവതികളടക്കം നാലു ഹിന്ദുക്കൾ ക്രിസ്തുമതത്തിൽ ചേർന്നപ്പോൾ വേറൊരു ഹിന്ദുയുവതി മുസ്ലീമായി. ഒരു മുസ്ലീം യുവതി ക്രിസ്തുമതവും മറ്റൊരു മുസ്ലീം യുവതി ഹിന്ദുമതവും സ്വീകരിച്ചിട്ടുണ്ട്‌. ഇടുക്കിയിൽ ഇക്കാലത്ത്‌ മുസ്ലീം മതം സ്വീകരിച്ചവരിൽ ഒരു ക്രിസ്ത്യൻ യുവതിയും ഉൾപ്പെടുന്നു. എറണാകുളം ജില്ലയിൽ 2009 മുതലുള്ള മതം മാറ്റങ്ങളെല്ലാം മുസ്ലീം സമുദായത്തിലേക്കായിരുന്നു. എറണാകുളം നഗരത്തിൽ ഒരു ക്രിസ്ത്യൻ യുവതിയും ഒരു ഹിന്ദുയുവാവും മുസ്ലീം മതം സ്വീകരിച്ചു. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ നിന്നും ഒരു യുവതിയടക്കം അഞ്ചു ഹിന്ദുക്കൾ മുസ്ലീം സമുദായാംഗങ്ങളായി. ഒരു വനിതയടക്കം ആറു ക്രിസ്ത്യാനികളും മുസ്ലീങ്ങളായി പരിവർത്തനം ചെയ്തു.


2009 മുതൽ രണ്ടേകാൽ വർഷത്തെ കണക്കാണ്‌ മുകളിൽ പറഞ്ഞത്‌. 2006 മുതലുള്ള മതംമാറ്റത്തിന്റെ കണക്ക്‌ ഇതിന്റെ ഇരട്ടിയോളം വരും. 2006 ശേഷം കേരളത്തിൽ 6129 പേർ മതം മാറി. ഇതിൽ ബ്രാഹ്മണർ 25, നായർ 700, ഈഴവർ 1228, ക്രിസ്ത്യാനി 1132, വിശ്വകർമ്മ 395, പട്ടികജാതി 1376, മറ്റു ഹിന്ദുക്കൾ 1273. റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത സംഭവങ്ങൾ കൂടി നോക്കിയാൽ സംഖ്യ ഇതിലും ഉയരും. ഇപ്പോഴത്തെ സ്ഥിതിയിൽ കേരളത്തിൽ ഒരു മാസം 100 മുതൽ 180 വരെ യുവതികൾ മതം മാറുന്നതായാണ്‌ കണക്ക്‌. ഇതിലേറെയും വിദ്യാർത്ഥികളായ യുവതികളാണ്‌.


നല്ലൊരു പങ്ക്‌ യുവതികളും ഇസ്ലാംമതം സ്വീകരിച്ചത്‌ പ്രണയവിവാഹത്തെത്തുടർന്നാണ്‌. 'ലവ്‌ ജിഹാദ്‌' എന്ന് ആക്ഷേപം കേട്ട വിവാഹങ്ങൾ. അത്തരം പ്രണയത്തെയും വിവാഹത്തെയും തുടർന്ന് കോളിളക്കമുണ്ടാക്കിയ ഏതാനും സംഭവങ്ങളും റിപ്പോർട്ടിൽ ഉദ്ധരിക്കുന്നു. പാലക്കാട്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ കീർത്തന (21), പാലക്കാട്‌ വിക്ടോറിയയിലെ ആത്മഹത്യ ചെയ്ത വൈദേഹിനായർ(22), പാലക്കാട്‌ ശ്രീകൃഷ്ണപുരം കോളേജിലെ പ്രേമലത(20), കോട്ടയത്ത്‌ നഴ്സായിരുന്ന വിഷ്ണുപ്രിയ(19), ഇരിങ്ങാലക്കുട റോയൽ ഐ.ടി.സി യിലെ രേഷ്മ(21), ടി.ടി.സി വിദ്യാർത്ഥിനി സീതാലക്ഷ്മി (21), ആത്മഹത്യ ചെയ്ത രജനി(22), പത്തനംതിട്ട സെന്റ്‌.ജോൺസിലെ എം.ബി.എ വിദ്യാർത്ഥിനികളായ മിഥുല, ബിനോ ജേക്കബ്‌ എന്നിവരുടെ അനുഭവങ്ങൾ കേരളത്തെ ഞെട്ടിച്ചതാണെന്ന് റിപ്പോർട്ട്‌ എടുത്തുപറയുന്നു. മതം മാറിയവർ ഇപ്പോൾ എവിടെയെന്നും അവരുടെ സ്ഥിതി എന്തെന്നും അറിയില്ല.


2005 ന്‌ ശേഷം കേരളത്തിൽ 2800 പെൺകുട്ടികൾ 'ലവ്‌ ജിഹാദി'ൽ പെട്ടിരുന്നതായി സംസ്ഥാനപോലീസ്‌ ഹൈക്കോടതിയെ അറിയിച്ചിരുന്നതായും റിപ്പോർട്ട്‌ പറയുന്നു.(എന്നാൽ ഇതിനു വിപരീതമായ സത്യവാങ്‌മൂലമാണ്‌ പിന്നീട്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്‌. ഇതുമൂലം 'ലവ്‌ ജിഹാദ്‌' സംസ്ഥാനത്ത്‌ നടന്നിട്ടില്ലെന്ന ഔദ്യോഗിക നിലപാടുണ്ടായി. ഇപ്പോഴാകട്ടെ കേരളത്തിൽ ലവ്‌ ജിഹാദ്‌ നടന്നുവെന്നും നടന്നുകൊണ്ടിരിക്കുന്നു എന്നും ഇതാദ്യമായി സ്ഥിരീകരിക്കുന്നു.


ഹിന്ദുക്കളിലെ വരേണ്യവിഭാഗത്തെയും ക്രിസ്ത്യൻ സമുദായത്തിലെ സമ്പന്നകുടുംബങ്ങളെയും ഒരേപോലെ ലക്ഷ്യമിട്ടാണ്‌ ലവ്‌ ജിഹാദ്‌ മുന്നേറുന്നതെന്ന് റിപ്പോർട്ട്‌ പറയുന്നു. പ്രൊഫഷണൽ കോളേജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്‌  ഇതിനായി തെരെഞ്ഞെടുത്തിട്ടുള്ളത്‌. ഇതേ സ്ഥാപനങ്ങളിൽ പ്രവേശനം കിട്ടിയ മുസ്ലീം സമുദായത്തിലെ സാധുക്കളായ ആൺകുട്ടികളെയാണ്‌ വിഘടനവാദികൾ ആദ്യം ചൂണ്ടയിടുക. മുൻനിര മുസ്ലീം കുടുംബങ്ങളിലെ ആൺകുട്ടികളെപ്പോലെ ജീവിക്കാനുള്ള പണമോ സൗകര്യങ്ങളോ ഇവർക്ക്‌ നൽകുന്നു. പഠനത്തിനുള്ള സാമ്പത്തികസഹായം എന്ന പേരിലാകും വഴി തുറക്കുക.


കലാമത്സരമോ മറ്റോ സംഘടിപ്പിച്ച്‌ അന്യസമുദായത്തിലെ പെൺകുട്ടികൾക്ക്‌ സമ്മാനം നൽകി ആകർഷിക്കുന്നതാണ്‌ വിഘടനവാദികളുടെ അടുത്ത ഘട്ടം. ഇങ്ങനെ ആകർഷിക്കപ്പെട്ട പെൺകുട്ടികളെ മുസ്ലീം പെൺകുട്ടികളുമായി അടുത്തിടപഴകാൻ അവസരം നൽകുന്നു. ഈ കളമൊരുക്കലിനെത്തുടർന്നാണ്‌ പ്രണയത്തിനായുള്ള വിശുദ്ധയുദ്ധം തുടങ്ങുന്നതെന്നും റിപ്പോർട്ട്‌ പറയുന്നു.


അന്യമതസ്ഥരിലെ ക്രിമിനലുകളുടെ പിന്തുണയും ഇക്കാര്യത്തിൽ വിഘടനവാദികൾ ചോദിച്ചു വാങ്ങുന്നുണ്ട്‌. എറണാകുളത്തെ ഒരു ഗുണ്ട പത്തു പ്രണയവിവാഹങ്ങൾക്ക്‌ കാർമ്മികനായിട്ടുണ്ട്‌. കാശ്മീരിൽ പട്ടാളത്തിന്റെ വെടിയേറ്റുമരിച്ച തീവ്രവാദി അബ്ദുൾ ജബ്ബാർ എന്ന വർഗ്ഗീസ്‌ ജോസഫ്‌, മഅദ്നിയുടെ ജയിലിലെ കൂട്ടാളിയായിരുന്ന മണി എന്നിവരും ലവ്‌ ജിഹാദിന്‌ ഇത്തരത്തിൽ പിന്തുണ പ്രഖ്യാപിച്ചവരിൽപ്പെടുന്നു.


പ്രണയക്കുരുക്കിൽപ്പെട്ട പെൺകുട്ടിയെ മതംമാറ്റാൻ വിഘടനവാദികൾ ഏതറ്റംവരെയും പോകുമെന്നും റിപ്പോർട്ട്‌ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരു കേസ്‌ ഉദാഹരണമാണ്‌. ഹിന്ദുകുടുംബത്തിലെ പെൺകുട്ടിയുമായി ഡ്രൈവർ ഒളിച്ചോടി. പോലീസ്‌ അന്വേഷണമാരംഭിച്ചപ്പോൾ ഇരുവരും കീഴടങ്ങി. ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ തുറന്നു സമ്മതിച്ചു. 'എനിക്ക്‌ ഭാര്യയും മക്കളുമുണ്ട്‌.' അങ്ങനെ ഒരാളോടൊപ്പം ജീവിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞത്‌ ഞെട്ടിച്ചു. "ഞാൻ മതം മാറുകയാണ്‌. മതം മാറിയാൽ അദ്ദേഹത്തിന്‌ എന്നെയും ഭാര്യയാക്കാൻ സാധിക്കും." മസ്തിഷ്കപ്രക്ഷാളനത്തിന്റെ ഫലമായിരുന്നു ആ മറുപടി. ഒറ്റപ്പെട്ടു താമസിക്കുന്ന അന്യമതസ്ഥരെ വരുതിയിലാക്കാനും കഠിനശ്രമം ഉണ്ടാകുന്നതായി റിപ്പോർട്ട്‌ പറയുന്നു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിൽ വിശുദ്ധപ്രണയ കല്യാണത്തിന്റെ നടത്തിപ്പുകാരായ സംഘടനകൾ തന്നെയുണ്ട്‌.


മതപരിവർത്തനത്തിനായി കേരളത്തിൽ പ്രവർത്തിക്കുന്ന ഇസ്ലാം സഭകളെപ്പറ്റിയും റിപ്പോർട്ട്‌ വ്യക്തമായി പറയുന്നു. ഇതിൽ ഒരു സഭയിൽ വർഷം 500 മുതൽ 700 പേർ വരെ മതപരിവർത്തനത്തിനു വിധേയരാകുന്നു. മതപരിവർത്തനം ആഗ്രഹിക്കുന്നവർ ഇവിടെവന്ന് രണ്ടുമാസം താമസിച്ചുപഠിക്കണം. അതുകഴിഞ്ഞ്‌ സർട്ടിഫിക്കറ്റ്‌ നൽകും. തുടർന്ന് അവരുടെ നട്ടിലെ മഹല്ലുകളിൽ ചെന്ന് പ്രവർത്തിക്കുവാൻ അംഗത്വവും അനുവദിക്കും.


മലബാറിലെ ഒരു ഇസ്ലാം സഭയിൽ 2007 മുതൽ 2011 വരെ നടന്ന പരിവർത്തനത്തിന്റെ കണക്ക്‌ റിപ്പോർട്ടിലുണ്ട്‌. 2007 ൽ ആകെ മതപരിവർത്തനം ചെയ്തത്‌ 627 പേരെ. ഇതിൽ 441 ഹിന്ദുക്കളും 186 ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. 2008 ൽ 885 പേർ - 772 ഹിന്ദു, 108 ക്രിസ്ത്യൻ. 2009 ൽ 674 എണ്ണം - 566 ഹിന്ദു, 108 ക്രിസ്ത്യൻ, 2010 ൽ 664 മതപരിവർത്തനം - 566 ഹിന്ദുക്കളും 98 ക്രിസ്ത്യാനികളും. 2011 ൽ 393 പേർ മതം മാറിയതിൽ 305 ഹിന്ദുക്കളും 88 ക്രിസ്ത്യാനികളുമാണുള്ളത്‌. മതം മാറുന്നവരിൽ പകുതിയിലേറെയും യുവതികളാണ്‌. 2008ൽ ഇത്തരമൊരു മതപരിവർത്തനകേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മതപരിവർത്തനത്തിനായി താമസിപ്പിച്ചിരുന്ന 17 പേരെ പിടികൂടിയിരുന്നു.


അന്യമതത്തിലെ പെൺകുട്ടികളെ വരുതിയിലാക്കുന്നതിനൊപ്പം മുസ്ലീം മതത്തിലെ പെൺകുട്ടികൾ  മറ്റു മതത്തിലെ ചെറുപ്പക്കാരോട്‌ മിണ്ടാതിരിക്കാൻ വിഘടനവാദഗ്രൂപ്പുകൾ ജാഗ്രത പാലിക്കുന്നതായും റിപ്പോർട്ട്‌ ഉദാഹരണസഹിതം പറയുന്നു. മലബാറിൽ വ്യാപകമായി വരുന്ന 'മോറൽ പോലീസ്‌' ഇതിന്റെ ഉദാഹരണമാണ്‌. അടുത്തിടെ തൃശൂർ ജില്ലയിൽ ഒരു പോലീസുകാരൻ തന്നെ മോറൽ പോലീസിന്റെ ക്രൂരമർദ്ദനത്തിന്‌ ഇരയായി. താൻ മുമ്പു പഠിപ്പിച്ച ഒരു പെൺകുട്ടിയെ റോഡിൽ വെച്ച്‌ കണ്ടപ്പോൾ സംസാരിച്ചതായിരുന്നു കുറ്റം. സംസാരം കഴിഞ്ഞ്‌ ഏതാനും മിനിട്ടുകൾക്കുള്ളിൽ ബൈക്കിൽ പാഞ്ഞെത്തിയവർ പോലീസുകാരന്റെ പേരു ചോദിച്ചശേഷം മർദ്ദിക്കുകയായിരുന്നു.


മതനിരപേക്ഷതയുടെ പക്ഷത്തുള്ള മുസ്ലീങ്ങളെ വശത്താക്കുകയോ അല്ലെങ്കിൽ നിശ്ശബ്ദരാക്കുകയോ വേണമെന്നും വിഘടനവാദികൾ ലക്ഷ്യം വെക്കുന്നു. ഇതിനായി ഏതറ്റം വരെയും പോകും. മാധ്യമങ്ങളിലൂടെ ആക്ഷേപങ്ങൾ ഉന്നയിക്കും. വ്യാജപരാതികൾ പോലീസിനും കോടതിക്കും നൽകി അധിക്ഷേപിക്കും. ഇതു പേടിച്ച്‌ മതനിരപേക്ഷതയുള്ള പല മുസ്ലീം നേതാക്കളും വിഘടനവാദികളുടെ ചില പ്ലാറ്റ്ഫോമുകളിൽ അണിനിരക്കാൻ നിർബന്ധിതരാകുന്നു. ഡി.വൈ.എഫ്‌.ഐ, യൂത്ത്‌ കോൺഗ്രസ്‌ പോലുള്ള സംഘടനകളിൽ പത്തു ശതമാനത്തോളം  വിഘടനവാദികൾ നുഴഞ്ഞു കയറിയതായും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ ഇത്തരം സംഘടനകൾ വ്യത്യസ്ഥ നിലപാട്‌ സ്വീകരിക്കാനോ മിണ്ടാതിരിക്കാനോ നിർബന്ധിതമാകുന്നത്‌ പത്തു ശതമാനത്തിന്റെ ഭീഷണിയിലാണ്‌. ഹിന്ദുകുടുംബങ്ങളിൽ മുസ്ലീം സ്ത്രീകൾ വീട്ടുജോലിക്ക്‌ പോകുന്നതും വിഘടനവാദികൾ വിലക്കുന്നു.


ഭാരതത്തിന്റെ ഭരണഘടന അനുസരിച്ച്‌ ഏതു മതത്തിൽ വിശ്വസിച്ചും ജീവിക്കാൻ അവകാശമുണ്ട്‌. അതുകൊണ്ട്‌ മതംമാറ്റം ക്രിമിനൽ കുറ്റമല്ല. പക്ഷേ, ഭൂരിപക്ഷം പ്രണയവും വിവാഹവും തുടർന്നുള്ള മതംമാറ്റവും ഒരിടത്തേക്ക്‌ മാത്രമാകുമ്പോഴാണ്‌ സംശയം ജനിക്കുന്നതെന്ന് റിപ്പോർട്ട്‌ പറയുന്നു. തിരിച്ച്‌ എന്തുകൊണ്ട്‌ സംഭവിക്കുന്നില്ല? 2006 ശേഷം കേരളത്തിൽ എട്ടു മുസ്ലീം പെൺകുട്ടികൾ മാത്രമാണ്‌ അന്യമതസ്ഥരെ പ്രണയവിവാഹം കഴിച്ചത്‌. പൊതുസമൂഹത്തിൽ നിന്നും മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനുള്ള ഗൂഢതന്ത്രം ലവ്‌ ജിഹാദ്‌ ആവിഷ്കരിച്ച വിഘടനവാദികൾക്കുണ്ടെന്ന്  ഇതിലൂടെ വ്യക്തമാകുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ട്‌ പറയുന്നു.

ഇത്രയും വായിച്ചശേഷം മുസ്ലീം വിദ്യാർത്ഥികളെ തെല്ലു സംശയത്തോടെ നോക്കാൻ നിങ്ങൾ മനസ്സിൽ ഉറച്ചെങ്കിൽ ഇതുകൂടി കേൾക്കൂ. ഇക്കഴിഞ്ഞ സി.ബി.എസ്‌.ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാമതെത്തിയത്‌ മണിപ്പൂരുകാരൻ മുഹമ്മദ്‌ ഇസ്മത്‌ ആയിരുന്നു. 500ൽ 495 മാർക്ക്‌ വാങ്ങി. പഠിച്ചത്‌ മെഴുകുതിരി വെട്ടത്തിൽ. വല്ലപ്പോഴും കറന്റ്‌ വന്നുപോകുന്ന കുഗ്രാമത്തിലാണ്‌ വീട്‌. വീട്ടിൽ കമ്പ്യൂട്ടറില്ല, ഇന്റർനെറ്റും. പ്രൈമറി സ്കൂൾ അധ്യാപകന്റെ മകനായ ഇസ്മത്തിന്‌ ഐ.ഏ എസുകാരാനാകണം. " രാജ്യത്തിന്റെ മതസൗഹാർദ്ദത്തിനു വേണ്ടി പ്രവർത്തിക്കുകയാണ്‌ ലക്ഷ്യം." ഒന്നാം റാങ്കുകാരനെ തേടിവന്ന മാധ്യമങ്ങളോട്‌ ഇസ്മത്‌ പറഞ്ഞത്‌ ഇങ്ങനെ.


ഇത്രയും വായിച്ചപ്പോഴേക്കും 
മുസ്ലീങ്ങളോട്‌ കടുത്ത വിദ്വേഷം തോന്നിയോ? തോന്നിയെങ്കിൽ അതു തന്നെയാണല്ലോ വിഘടനവാദികൾ ഉദ്ദേശിച്ചതും. പൊതുസമൂഹത്തിൽ നിന്നും മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുക. എന്നിട്ട്‌ തങ്ങൾക്ക്‌ അർഹമായ സ്ഥാനങ്ങളൊന്നും കിട്ടുന്നില്ലെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പ്രകോപിതരാക്കുക.അത്രയുമാകുമ്പോൾ ഏതുതരം മുസ്ലീങ്ങളും വിഘടനവാദികളുടെ വരുതിയിലാകും.



O

  10.06.12 ലെ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌     


Saturday, June 9, 2012

പേന

കവിത
ഗൗതമൻ












ന്റെ ചൂണ്ടുവിരലിനും
നടുവിരലിനും ഇടയിൽ
ശാന്തമായി വിശ്രമിക്കുന്ന
കറുത്ത പേനയാണ്‌ കവിത.


വെളിയിൽ ഇരുട്ടിൽ ആകാശത്ത്‌
പൂത്തുമാഞ്ഞു പോയ മിന്നലേ,
നിന്നെയൊന്നൂടെ മിന്നിക്കാൻ
വെമ്പൽപൂണ്ടിരിക്കുന്നീ
പേനയുടെ ഹൃദയത്തിൽ
ഉറഞ്ഞുകൂടിയ മഷിയാണ്‌
ഇനി മഴയായ്‌ പെയ്യാൻ പോകുന്നത്‌,
പുഴയായ്‌ കുലംകുത്തിയൊഴുകാൻ
പിന്നെ ശാന്തമായൊരു സാഗരമാകാൻ...


ചോദിക്കാഞ്ഞ ചോദ്യങ്ങൾക്ക്‌ പോലു-
മുത്തരം തന്ന സുഹൃത്തേ,
നീയൊരു ചിരിയാൽ നിഷേധിച്ച
ആ ചോദ്യത്തിനുത്തരം
പിന്നെ എഴുതിത്തന്നതും
ഈ പേന, നീയറിയുമോ?


ഭാരമേറിയ വാക്കുകളാൽ
വീർപ്പുമുട്ടിക്കഴിഞ്ഞൊരെന്നെ
വാക്കിനപ്പുറം അല്ലല്ലോ, ദൈവമേ
വാക്കിനിപ്പുറം മാത്രമല്ലേയെന്ന്
സന്ദേഹിച്ചുനിന്ന എന്നെ
ആ ഭാരിച്ച വാക്കുകൾ വെട്ടിവീഴ്ത്തി
ചോരച്ച മഷിയാൽ, പിന്നെ
സത്യമെഴുതിയതും,
ഈ പേന, നീയറിയുമോ ?


മഹാസാഗരത്തിലെ
ചെറുതോണി പോലെ,
വാക്കിനും വിരലിനും ഇടയിൽ,
കാലത്തിനും ലോകത്തിനും ഇടയിൽ
വൻതിരകളിൽ മുങ്ങിപ്പോകാതെ
തുഴഞ്ഞു തുടങ്ങും മുൻപ്‌
ദിശയറിയാനായി കാത്തുനിൽക്കുന്ന പേന.
തുടർച്ചകൾ സൃഷ്ടിക്കാനായി,
പുതുതീരം കണ്ടെത്താനായി,
ക്ഷമയോടെ കാത്തിരിക്കുന്ന പേന.

O


PHONE : 09400417660





മഗല്ലൻ

കഥ
സതീഷ്‌കുമാർ.കെ











       മൂക്കിൽ നിന്നൊലിച്ച ലാവാപ്രവാഹത്തിന്റെ കൊഴുത്ത മഞ്ഞദ്രാവകം പിഴിഞ്ഞെടുത്ത്‌ എട്ടാംക്ലാസ്സിലെ ബെഞ്ചിൽ തിരുമ്മിപ്പിടിപ്പിച്ച അതേ വിരൽകൊണ്ട്‌ തന്റെ മൂന്നാമനായി ഇരിക്കുന്ന മെലിഞ്ഞകുട്ടിയെ പിറകിലൂടെ ഞൊട്ടി തിരിഞ്ഞപ്പോഴാണ്‌ അരവിന്ദാക്ഷൻ.എം.കെ, മഗല്ലന്റെ കപ്പൽഭ്രമണത്തെക്കുറിച്ച്‌ അധ്യാപകനിൽ നിന്നും കേട്ടത്‌.

വിചിത്രയാത്ര.

ഭൂഗോളത്തിന്റെ അടിഭാഗത്തെ ബിന്ദുവിൽ എത്തുന്നതിനു മുമ്പുള്ള ചരിവിലൂടെ, ജലത്തിന്റെ നേരിയ ഒഴുക്ക്‌ പോലെ ഊർന്നിറങ്ങുമ്പോൾ കപ്പലിന്‌ എന്തുംതന്നെ സംഭവിക്കാം. ആകർഷണത്തിന്റെ വലിവുകയറുകളെപ്പറ്റി  അരവിന്ദൻ അന്ന്‌ അജ്ഞനായിരുന്നു. ഭൂഗോളത്തിന്റെ ചരിവുകളിൽ നിന്നും തെറിച്ച്‌ ഇരുളിന്റെ സമുദ്രത്തിൽ വീഴാനുള്ള കപ്പലിന്റെ നൂറുശതമാനം സാധ്യതയെ അതിജീവിച്ച്‌, പ്രയാണബിന്ദുവിൽ തന്നെ വന്നെത്തിയ മഗല്ലൻ ഒരു ദൈവാവതാരമാണെന്ന്‌ അരവിന്ദാക്ഷൻ അന്ന്‌ മറ്റു കുട്ടികളോട്‌ പറഞ്ഞു. അവർ ആ പ്രസ്താവന വിശ്വസിച്ചിരിക്കാം. അല്ലെങ്കിൽ അവനെ പരിഹസിച്ചുകൊണ്ട്‌ ബഹിഷ്ക്കരിച്ചിരിക്കാം. അരവിന്ദാക്ഷൻ അതൊന്നും ശ്രദ്ധിച്ചില്ല.


പാഠപുസ്തകത്തിലെ മഗല്ലന്റെ വിളറിയ രേഖാചിത്രം പേജിന്റെ മറുപുറത്തെ ഡച്ചുകാരുടെ ആഗമനവിവരണത്തോടൊപ്പം ആരും കാണാതെ പഴകിയ ബ്ലേഡ്‌ വെച്ച്‌ വെട്ടിയെടുത്ത്‌ പൂജാമുറിയിലെ ഓടക്കുഴലൂതുന്ന കൃഷ്ണന്റെ ചിത്രത്തിന്‌ പിന്നിലായി ഒട്ടിച്ചുചേർത്തു. സന്ധ്യാനേരത്ത്‌ നാമജപത്തിനു ശേഷം കൃഷ്ണന്റെ ചിത്രം തിരിച്ചുവെച്ച്‌ 'ഓം മഗല്ലായ നമ: ' എന്ന്‌ നൂറുവട്ടം മനസ്സിൽ ഉരുവിടുമായിരുന്നു.


പ്രണയത്തിന്റെ നെഞ്ചിൽ പതിയാക്രമണത്തിന്റെ കാമോഫ്ലാഷുകൾ ഉണ്ടെന്ന വസ്തുത അരവിന്ദാക്ഷന്‌ തിരിച്ചറിവായത്‌ പത്താംക്ലാസ്സിൽ തുടർച്ചയായി രണ്ടാംതവണയും പരാജയപ്പെട്ടപ്പോഴാണ്‌. ആ വർഷം തന്നെ കാമുകി അവളുടെ കുടുംബത്തോടൊപ്പം സ്ഥലം മാറിപ്പോയി. താനും മഗല്ലനെപ്പോലെ സഞ്ചാരം തുടങ്ങി എന്ന്‌ ഉൾവിളി തോന്നിയപ്പോഴാണ്‌ അരവിന്ദാക്ഷൻ അവളുടെ പ്രണയലേഖനങ്ങളിൽ തീയുടെ തിരമാലകൾ സൃഷ്ടിച്ചത്‌.


പിന്നീട്‌ അരവിന്ദാക്ഷൻ പഠനം നിർത്തി കോൺക്രീറ്റ്‌ പണിയ്ക്കിറങ്ങി. പുഷ്പലതയുടെ വീടിന്റെ കോൺക്രീറ്റിനായി തട്ടിൻമുകളിൽ കമ്പിച്ചതുരങ്ങൾ കെട്ടുന്നതിനിടയിലാണ്‌ ഒറ്റയാത്ര കൊണ്ട്‌ പ്രണയം അതിന്റെ ഭ്രമണം പൂർത്തിയാക്കുന്നില്ലെന്ന്‌ അരവിന്ദൻ ചിന്തിച്ചത്‌. ആരംഭബിന്ദുവിലെ പ്രണയം അമീബയേക്കാൾ ചെറുതാണ്‌. പിന്നീട്‌ ദ്വിവിഭജനത്താൽ വളർന്ന്‌ പ്രയാണം തുടരുന്നു.


പുഷ്പലതയുടെ മാറിടത്തിന്റെ ഭ്രംശനം നോക്കി അരവിന്ദാക്ഷൻ അവളെ കണ്ണിറുക്കി കാട്ടി. അടിവയറും പൊക്കിൾച്ചുഴിയും ഭാവനയിൽ തേൻകിണ്ണങ്ങളാക്കി, അവളെ നോക്കി പുഞ്ചിരിച്ചു.

പുഷ്പലത ചൂണ്ടയിൽ കൊത്താത്ത മീനായി.

പുസ്തകങ്ങൾ പടച്ചട്ട പോലെ മാറിൽ ചേർത്തുവെച്ചാണ്‌ അവൾ കോളേജിൽ പോകാറുള്ളത്‌. തന്നെ മഗല്ലനായും പുഷ്പലതയെ കപ്പലായും അരവിന്ദാക്ഷൻ കാണാൻ തുടങ്ങി. സമുദ്രങ്ങൾ കീറിമുറിച്ച്‌ അവളുടെ തോളിലിരുന്ന് അയാൾ ഭൂഗോളം ചുറ്റാൻ തുടങ്ങി. പ്രണയത്തിന്റെ മുള്ള്‌ വലിച്ചൂരാൻ വേണ്ട ഉപായം കോൺക്രീറ്റ്‌ സുഹൃത്തുക്കളിൽ നിന്നും മനസ്സിലാക്കിയ അരവിന്ദാക്ഷൻ അവളുടെ വഴിയിൽ പ്രണയലേഖനങ്ങൾ വിതറി. പുഷ്പലത അവ ചവിട്ടിയരച്ച്‌ ശരീരമിളക്കി നടന്നുപോയപ്പോൾ അരവിന്ദാക്ഷന്റെ നെഞ്ച്‌ ഭൂമിക്കുലുക്കത്തിനു വിധേയമായി. 

യാത്ര അവസാനിപ്പിക്കണോയെന്ന ശങ്ക.

അപ്പോൾ മഗല്ലൻ പ്രത്യക്ഷപ്പെട്ട്‌, ആശിർവദിച്ചു. അരവിന്ദന്‌ ആശ്വാസമായി. യാത്ര തുടരാം.

ഒടുവിൽ ബലപ്രയോഗത്തിനു തയ്യാറായ അരവിന്ദാക്ഷൻ അവളുടെ മുന്നിൽ വഴി തടഞ്ഞു. കണ്ണടച്ചുകൊണ്ട്‌, താനവളെ പ്രേമിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ്‌, പിന്തിരിഞ്ഞോടി.

അടുത്ത ദിവസം പുഷ്പലത വരപ്രസാദം നൽകി.

"എനിക്ക്‌ നിന്നെയും കൊണ്ട്‌ ഉലകം ചുറ്റണം." ഒരിക്കൽ അരവിന്ദാക്ഷൻ അവളോട്‌ പറഞ്ഞു.
"ങും ....?" അവൾ ചിരിച്ചു.
"എനിക്ക്‌ മഗല്ലനാകണം."
"ഹ...ഹ.." അവളുടെ ചിരിയിൽ ലൈറ്റ്‌ ഹൗസുകളുടെ ആകർഷണം അരവിന്ദൻ തിരിച്ചറിഞ്ഞു.

താൻ സ്ത്രീശരീരത്തെക്കുറിച്ച്‌ പ്രബന്ധമെഴുതിയേക്കുമെന്ന് മറ്റൊരിക്കൽ അവൻ തന്റെ കൂട്ടുകാരോട്‌ പറഞ്ഞു. അതിനടുത്ത ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ പുഷ്പലതയുടെ വീട്ടുകാർ അരവിന്ദാക്ഷനെ തല്ലുകയും ഉടൻതന്നെ അവളെ വിവാഹം കഴിക്കണമെന്ന് കർക്കശസ്വരത്തിലറിയിക്കുകയും ചെയ്തു. ആ ദിവസം നാട്ടുകാർ ക്രൂരമായ നോട്ടത്തോടെ അവനെക്കുറിച്ച്‌ മാത്രം പരിഹസിച്ചു.

അച്ഛൻ ഊമയായി.

"എനിക്കിനി മരിച്ചാൽ മതി. മാനം പോയല്ലോ ..." അമ്മയുടെ തേങ്ങൽ അരവിന്ദാക്ഷന്റെ ചെവികളെ കുത്തിനോവിച്ചു.

അന്നു രാത്രി അരവിന്ദാക്ഷൻ മഗല്ലനുമായി സംവാദം നടത്തി.

"ഭൂമിയെ വലം വെച്ച നിങ്ങൾ ദൈവപ്രതീകമല്ല, വെറുമൊരു ഉറുമ്പാണ്‌."

"സമ്മതിക്കുന്നു. പക്ഷെ, നീയും സാധാരണ മനുഷ്യജീവിതത്തിന്റെ വലക്കണ്ണികളിൽ പെട്ടിരിക്കുന്നു. നീ ഇപ്പോൾ അച്ഛനായി, ഇനി കുടുംബജീവിതം .... ഞാൻ ആകുക എന്ന നിന്റെ ലക്ഷ്യത്തിന്റെ പ്രസക്തി ശൂന്യമായിരിക്കുന്നു." മഗല്ലൻ ചിരിക്കാൻ തുടങ്ങി.

"മാർഗത്തിൽ വ്യതിചലനം സ്വാഭാവികം മാത്രം." അരവിന്ദാക്ഷൻ പല്ലുഞെരിച്ചുകൊണ്ട്‌ പറഞ്ഞു.
"മനുഷ്യപ്പിറവി വ്യത്യസ്തതയ്ക്ക്‌ വേണ്ടിയാകണം. അങ്ങനെയുള്ളവരെ മാത്രമേ ലോകം സ്മരിക്കുകയുള്ളൂ."

"ഞാൻ എന്തു ചെയ്യണം?" അരവിന്ദൻ ചോദിച്ചു.

"ലക്ഷ്യം നിറവേറ്റണം. എന്റെ പാത പിന്തുടരണ്ട. ഇരുകാലുകളിൽ യന്ത്രചക്രങ്ങൾ ഘടിപ്പിച്ച്‌ ലോകം ചുറ്റിക്കറങ്ങി വരിക." മഗല്ലൻ മറഞ്ഞു. അരവിന്ദൻ സുഖനിദ്രയിലേക്ക്‌ കയറി, പുതപ്പ്‌ മൂടി.

അരവിന്ദൻ യാത്ര നിശ്ചയിച്ചു. തെക്കോട്ട്‌ നടന്നു തുടങ്ങുക. ഒടുവിൽ യാന്ത്രികമായി ഉത്ഭവത്തിലെത്തുക.

അയാൾ നടന്നു തുടങ്ങി, തെക്കോട്ട്‌. ആദ്യപ്രതിബന്ധം ഒരു പൊട്ടക്കിണർ.... കിണറിനു ചുറ്റുമുണ്ടായിരുന്ന വള്ളികളിൽ തൂങ്ങി മറുകര കടന്നു.

പിന്നീട്‌ കുളം. ഒരു നീണ്ട തടി കുറുകെ വെച്ച്‌ അക്കരെ എത്തി.

അരവിന്ദാക്ഷന്റെ കാലുകൾ കാടിനു മുന്നിലെത്തി. കാട്ടിനുള്ളിൽ ഗിരിവർഗ്ഗക്കാരിയായ പെണ്ണുമായി സംഭോഗം നടത്തണമെന്ന് ചിന്തിച്ചു കാടുകയറി. കാടിനുള്ളിലെ പാമ്പുകളെ ചവിട്ടിയരച്ച്‌, വന്യമൃഗങ്ങളെ പ്രതിമകളാക്കി കാടുകടന്ന അരവിന്ദൻ ഒരു പെണ്ണിനെ പോലും കാണാഞ്ഞതിൽ നിരാശനായി.

വീണ്ടും തെക്കോട്ട്‌ .....

ഒടുവിൽ കടലിന്റെ മേളക്കൊഴുപ്പ്‌ കേട്ടു.

കടൽ കടക്കുന്നതെങ്ങനെ ?

വ്യത്യസ്തനാകണം.

അരവിന്ദാക്ഷൻ.എം.കെ തന്റെ കാലുകളെ കടലിനു നേരെ ചലിപ്പിച്ചു. ആദ്യം കാലുകൾ ആഹരിക്കപ്പെട്ടു. പിന്നീട്‌ അരക്കെട്ട്‌, ഉദരം, നെഞ്ച്‌, കൈകൾ ഒടുവിൽ ശിരസ്സും.

മഗല്ലന്റെ തോണി ദൂരെ പ്രത്യക്ഷപ്പെട്ടു. അയാൾ ചിരിക്കുന്നുണ്ടായിരുന്നു.


O


PHONE : 9037577265




Saturday, June 2, 2012

സൗഹൃദത്തിന്റെ കേളികൊട്ട്‌

രാജൻ കൈലാസ്‌











                                         ലിയ നഷ്ടമായിത്തീർന്നേനെ, ഓർമ്മയിൽ താളം ചേർത്ത ഈ സൗഹൃദസംഗമത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരുന്നെങ്കിൽ എന്ന സത്യം കുറിക്കട്ടെ.

ഇക്കഴിഞ്ഞ ഞായറാഴ്ച (2012 മെയ്‌ 27) കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ വെച്ചു നടന്ന കാവ്യസദസ്സും കവിതാചർച്ചയും, വന്നുചേർന്നവരുടെയെല്ലാം മനസ്സിൽ പച്ചപിടിച്ച ഒരനുഭവമാക്കി മാറ്റാൻ കഴിഞ്ഞു എന്നതിൽ 'കേളികൊട്ടി'ന്റെ സംഘാടകർക്ക്‌ തീർച്ചയായും അഭിമാനിക്കാം. കായിക്കര കുമാരനാശാൻ സ്മാരകസമിതി നൽകുന്ന യുവകവിതാപുരസ്കാരം ഇത്തവണ നേടിയ കെ.കെ.രമാകാന്തിനെ അനുമോദിച്ച ചടങ്ങുകൂടിയായപ്പോൾ തിളക്കം പതിന്മടങ്ങായി.


ടൗൺ ക്ലബ്‌, കരുനാഗപ്പള്ളി


'കേളികൊട്ട്‌' എന്ന ബ്ലോഗ്‌ മാഗസിനെക്കുറിച്ച്‌ എന്നോടാദ്യം പറഞ്ഞത്‌ ഒരു ബസ്സ്‌ യാത്രയ്ക്കിടയിൽ കവിസുഹൃത്തായ ഇടക്കുളങ്ങര ഗോപനാണ്‌. പുതിയ പുതിയ മാധ്യമസാദ്ധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഞാനും ഓർമ്മിപ്പിച്ചു. നിധീഷും അരുൺ.എസ്‌.കാളിശേരിയും മറ്റ്‌ മൂന്ന് സുഹൃത്തുക്കളും (പ്രദീപ്‌ വള്ളിക്കാവ്‌, സഞ്ജയദാസ്‌, വിനോദ്‌) ചേർന്ന് 1995 ൽ തുടങ്ങിയ 'കേളികൊട്ട്‌' എന്ന ലിറ്റിൽ മാഗസിൻ ഒൻപത്‌ ലക്കങ്ങൾ പ്രസിദ്ധീകരിക്കുകയും പിന്നീട്‌ 2010 ൽ ബ്ലോഗ്‌ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്ത കഥ അറിയാൻ കഴിഞ്ഞു. ഇന്നിപ്പോൾ ഇടക്കുളങ്ങര ഗോപനും നിധീഷും അജിത്‌.കെ.സിയും ഒക്കെ ചേർന്ന് പ്രവർത്തിക്കുമ്പോൾ മലയാളിക്ക്‌ അവഗണിക്കാൻ പറ്റാത്തവിധം ശ്രദ്ധേയമായ ഒരു ബ്ലോഗ്‌ മാഗസിനായി 'കേളികൊട്ട്‌' വളർന്നിരിക്കുന്നു. അത്ഭുതം തോന്നി - ഈ ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യത്തിൽ, കർമ്മശേഷിയിൽ, കൂട്ടായ്മയിൽ .... ഇവരുടെ ചങ്ങാതി കൂടിയായ രമാകാന്തിന്‌ പുരസ്കാരം കിട്ടിയപ്പോൾ ആ സന്തോഷം പങ്കിടാനും അനുമോദിക്കാനുമാണ്‌ ഇപ്പോൾ ഇങ്ങനെയൊരു കൂട്ടായ്മ സംഘടിപ്പിച്ചത്‌ എന്നാണ്‌ പറഞ്ഞുകേട്ട സത്യം. എന്തായാലും മഹത്തായ ഒരു തുടക്കമായി ഇത്‌ എന്നു പറയാതെ വയ്യ.



സദസ്സ്‌

നേരിട്ടും ഹൃദയത്തിലൂടെയും അറിയുന്നവർ, അറിയാത്തവർ, ബ്ലോഗിലൂടെയും ഫേസ്ബുക്കിലൂടെയും കണ്ടും കേട്ടും മാത്രം പരിചയമുള്ളവർ, ഏറെ മുതിർന്നവർ, ഇളംമുറക്കാർ, കുട്ടികൾ, എഴുതിത്തുടങ്ങുന്നവർ, കവികൾ, നിരൂപകർ, പത്രപ്രവർത്തകർ, ആസ്വാദകർ തുടങ്ങി നാനാതുറകളിൽപ്പെട്ട നൂറിലധികം പേരുടെ വിസ്മയകരമായ ഒരു കൂട്ടായ്മ...


കവിസദസ്സിൽ രാജൻ കൈലാസ്‌ ,ഇഞ്ചക്കാട്‌ ബാലചന്ദ്രൻ,സി.എൻ.കുമാർ,
സങ്‌.എം.കല്ലട, ടി.എൻ.തൊടിയൂർ,സുനിലൻ കളീയ്ക്കൽ



ഇഞ്ചക്കാട്‌ ബാലചന്ദ്രൻ അദ്ധ്യക്ഷനായ കവിസദസ്സിൽ ഉദ്ഘാടനകവിത അവതരിപ്പിച്ചത്‌ ഈ ലേഖകൻ തന്നെയാണ്‌. ടി.എൻ.തൊടിയൂർ, മണി.കെ.ചെന്താപ്പൂര്‌, സങ്‌.എം.കല്ലട, സി.എൻ.കുമാർ, സുനിലൻ കളീയ്ക്കൽ, കെ.കെ.രമാകാന്ത്‌ എന്നിവർ കവിത ചൊല്ലി. പഴമയുടെ ലാവണ്യവും പുതുമയുടെ ശക്തിയും ഇഴചേർന്ന ഈ കവിതകൾ ആസ്വാദനത്തിന്റെ വിഭിന്നരുചിഭേദങ്ങളാണ്‌ പ്രദാനം ചെയ്തത്‌.



അജിത്‌.കെ.സി,രാജൻ കൈലാസ്‌, ഇടക്കുളങ്ങര ഗോപൻ, ഡോ.ആർ.ഭദ്രൻ,
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ, രാമപുരം ചന്ദ്രബാബു, കെ.കെ.രമാകാന്ത്‌



കെ.കെ.രമാകാന്തിന്റെ അവാർഡിനർഹമായ 'നഗരത്തിലെ മഴ ' എന്ന കവിതാപുസ്തകത്തെപ്പറ്റി ഗൗരവമായ ചർച്ചയാണ്‌ പിന്നെ നടന്നത്‌. രമാകാന്തിന്റെ കവിതകളെ ഉദ്ധരിച്ചുകൊണ്ട്‌ പുതുമലയാള കവിതയിലെ സ്പന്ദനങ്ങളെ മധുരമായ ഭാഷയിൽ ഡോ.മുഞ്ഞിനാട്‌ പത്മകുമാർ കോറിയിട്ടു. പുതുകവിതയുടെ രചനാശാസ്ത്രം നന്നായി ഉൾക്കൊണ്ട കവിയാണ്‌ രമാകാന്ത്‌ എന്നും മലയാളത്തിന്റെ വലിയ പ്രതീക്ഷയായി ഈ കവി മാറുമെന്നുമാണ്‌ തന്റെ കാഴ്ചപ്പാടെന്നും ഡോ.പത്മകുമാർ പറഞ്ഞുവെച്ചു. പുതുകവിതയുടെ ശക്തിയും ഓജസ്സും നിരവധി ഉദാഹരണങ്ങൾ നിരത്തി  അവതരിപ്പിച്ചിട്ടാണ്‌ ഡോ.ആർ.ഭദ്രൻ, രമാകാന്തിന്റെ കവിതകളുടെ ഉൾപ്പടർപ്പുകളിലേക്ക്‌ കടന്നത്‌. 'മണ്ണ്‌' എന്ന ശ്രദ്ധേയമായ ചെറുകവിത ചൊല്ലിക്കൊണ്ട്‌ പഠനാർഹമായ തന്റെ പ്രഭാഷണം ഡോ.ആർ.ഭദ്രൻ ഉപസംഹരിച്ചു. ശ്രീ.എം.കൃഷ്ണകുമാർ രമാകാന്തിന്റെ കവിതയിലെ രാഷ്ട്രീയത്തെപ്പറ്റി സവിസ്തരം സംസാരിച്ചു.




ഡോ.മുഞ്ഞിനാട്‌ പത്മകുമാർ


സ്വന്തം നാട്ടുകാരനായ രമാകാന്ത്‌ എന്ന കവിയെ വ്യക്തിപരമായി പരിചയപ്പെടുത്തിക്കൊണ്ടാണ്‌ ഈ ലേഖകൻ ചർച്ചയിൽ പങ്കെടുത്തത്‌. 'ഉണർവ്‌' മാസികയുടെ പത്രാധിപരും കഥാകാരനുമായ രാമപുരം ചന്ദ്രബാബു അച്ചടിയുടെ പ്രശ്നങ്ങളെപ്പറ്റിയും കവിതയുടെ കച്ചവടത്തെപ്പറ്റിയും മനസ്സ്‌ തുറന്നാണ്‌ സംസാരിച്ചത്‌. ചർച്ചയിൽ പങ്കെടുത്ത എല്ലാവരും തന്നെ ഏറെ പ്രതീക്ഷയോടെയാണ്‌ രമാകാന്തിന്റെ കവിതകളെ കണ്ടത്‌. ഈ പ്രതീക്ഷകൾ നിറവേറ്റാൻ പരമാവധി ശ്രമിക്കുമെന്ന പ്രതിജ്ഞയോടെയാണ്‌ രമാകാന്ത്‌ സൗമ്യമായ തന്റെ മറുപടി പ്രസംഗം അവസാനിപ്പിച്ചത്‌. കേളികൊട്ടിന്റെ സ്നേഹോപഹാരം, ജില്ലാ ഇൻഫർമേഷൻ ഓഫീസറായ ശ്രീ.അബ്ദുൾ റഷീദ്‌ രമാകാന്തിനു സമ്മാനിച്ചു. അജിത്‌.കെ.സി.സ്വാഗതവും നിധീഷ്‌.ജി നന്ദിയും രേഖപ്പെടുത്തി.



സൗഹൃദസംഗമം


പതിവിനു വിപരീതമായി പുതുമുറക്കാരുടെ ഏറിയ സാന്നിധ്യം ഈ കൂട്ടായ്മയുടെ പ്രത്യേകതയായിരുന്നു. സംഘാടകരും അതിഥികളിൽ ചിലരും കുടുംബത്തോടൊപ്പം പങ്കെടുത്തതിനാൽ ഒരു കുടുംബസംഗമത്തിന്റെ ശുദ്ധതയാണ്‌ ഈ കൂട്ടുകൂടലിന്‌ ഉണ്ടായത്‌. ചായസൽക്കാരവും ഗ്രൂപ്പ്‌ ഫോട്ടോയും ഒക്കെയായപ്പോൾ, ഓർമ്മയിൽ താളം ചേർക്കുന്ന ഒരു കേളികൊട്ടിന്റെ മുഴക്കം. 

ഇനി നമുക്കിത്‌ തുടരാതെ വയ്യ.


O