Saturday, June 9, 2012

മഗല്ലൻ

കഥ
സതീഷ്‌കുമാർ.കെ       മൂക്കിൽ നിന്നൊലിച്ച ലാവാപ്രവാഹത്തിന്റെ കൊഴുത്ത മഞ്ഞദ്രാവകം പിഴിഞ്ഞെടുത്ത്‌ എട്ടാംക്ലാസ്സിലെ ബെഞ്ചിൽ തിരുമ്മിപ്പിടിപ്പിച്ച അതേ വിരൽകൊണ്ട്‌ തന്റെ മൂന്നാമനായി ഇരിക്കുന്ന മെലിഞ്ഞകുട്ടിയെ പിറകിലൂടെ ഞൊട്ടി തിരിഞ്ഞപ്പോഴാണ്‌ അരവിന്ദാക്ഷൻ.എം.കെ, മഗല്ലന്റെ കപ്പൽഭ്രമണത്തെക്കുറിച്ച്‌ അധ്യാപകനിൽ നിന്നും കേട്ടത്‌.

വിചിത്രയാത്ര.

ഭൂഗോളത്തിന്റെ അടിഭാഗത്തെ ബിന്ദുവിൽ എത്തുന്നതിനു മുമ്പുള്ള ചരിവിലൂടെ, ജലത്തിന്റെ നേരിയ ഒഴുക്ക്‌ പോലെ ഊർന്നിറങ്ങുമ്പോൾ കപ്പലിന്‌ എന്തുംതന്നെ സംഭവിക്കാം. ആകർഷണത്തിന്റെ വലിവുകയറുകളെപ്പറ്റി  അരവിന്ദൻ അന്ന്‌ അജ്ഞനായിരുന്നു. ഭൂഗോളത്തിന്റെ ചരിവുകളിൽ നിന്നും തെറിച്ച്‌ ഇരുളിന്റെ സമുദ്രത്തിൽ വീഴാനുള്ള കപ്പലിന്റെ നൂറുശതമാനം സാധ്യതയെ അതിജീവിച്ച്‌, പ്രയാണബിന്ദുവിൽ തന്നെ വന്നെത്തിയ മഗല്ലൻ ഒരു ദൈവാവതാരമാണെന്ന്‌ അരവിന്ദാക്ഷൻ അന്ന്‌ മറ്റു കുട്ടികളോട്‌ പറഞ്ഞു. അവർ ആ പ്രസ്താവന വിശ്വസിച്ചിരിക്കാം. അല്ലെങ്കിൽ അവനെ പരിഹസിച്ചുകൊണ്ട്‌ ബഹിഷ്ക്കരിച്ചിരിക്കാം. അരവിന്ദാക്ഷൻ അതൊന്നും ശ്രദ്ധിച്ചില്ല.


പാഠപുസ്തകത്തിലെ മഗല്ലന്റെ വിളറിയ രേഖാചിത്രം പേജിന്റെ മറുപുറത്തെ ഡച്ചുകാരുടെ ആഗമനവിവരണത്തോടൊപ്പം ആരും കാണാതെ പഴകിയ ബ്ലേഡ്‌ വെച്ച്‌ വെട്ടിയെടുത്ത്‌ പൂജാമുറിയിലെ ഓടക്കുഴലൂതുന്ന കൃഷ്ണന്റെ ചിത്രത്തിന്‌ പിന്നിലായി ഒട്ടിച്ചുചേർത്തു. സന്ധ്യാനേരത്ത്‌ നാമജപത്തിനു ശേഷം കൃഷ്ണന്റെ ചിത്രം തിരിച്ചുവെച്ച്‌ 'ഓം മഗല്ലായ നമ: ' എന്ന്‌ നൂറുവട്ടം മനസ്സിൽ ഉരുവിടുമായിരുന്നു.


പ്രണയത്തിന്റെ നെഞ്ചിൽ പതിയാക്രമണത്തിന്റെ കാമോഫ്ലാഷുകൾ ഉണ്ടെന്ന വസ്തുത അരവിന്ദാക്ഷന്‌ തിരിച്ചറിവായത്‌ പത്താംക്ലാസ്സിൽ തുടർച്ചയായി രണ്ടാംതവണയും പരാജയപ്പെട്ടപ്പോഴാണ്‌. ആ വർഷം തന്നെ കാമുകി അവളുടെ കുടുംബത്തോടൊപ്പം സ്ഥലം മാറിപ്പോയി. താനും മഗല്ലനെപ്പോലെ സഞ്ചാരം തുടങ്ങി എന്ന്‌ ഉൾവിളി തോന്നിയപ്പോഴാണ്‌ അരവിന്ദാക്ഷൻ അവളുടെ പ്രണയലേഖനങ്ങളിൽ തീയുടെ തിരമാലകൾ സൃഷ്ടിച്ചത്‌.


പിന്നീട്‌ അരവിന്ദാക്ഷൻ പഠനം നിർത്തി കോൺക്രീറ്റ്‌ പണിയ്ക്കിറങ്ങി. പുഷ്പലതയുടെ വീടിന്റെ കോൺക്രീറ്റിനായി തട്ടിൻമുകളിൽ കമ്പിച്ചതുരങ്ങൾ കെട്ടുന്നതിനിടയിലാണ്‌ ഒറ്റയാത്ര കൊണ്ട്‌ പ്രണയം അതിന്റെ ഭ്രമണം പൂർത്തിയാക്കുന്നില്ലെന്ന്‌ അരവിന്ദൻ ചിന്തിച്ചത്‌. ആരംഭബിന്ദുവിലെ പ്രണയം അമീബയേക്കാൾ ചെറുതാണ്‌. പിന്നീട്‌ ദ്വിവിഭജനത്താൽ വളർന്ന്‌ പ്രയാണം തുടരുന്നു.


പുഷ്പലതയുടെ മാറിടത്തിന്റെ ഭ്രംശനം നോക്കി അരവിന്ദാക്ഷൻ അവളെ കണ്ണിറുക്കി കാട്ടി. അടിവയറും പൊക്കിൾച്ചുഴിയും ഭാവനയിൽ തേൻകിണ്ണങ്ങളാക്കി, അവളെ നോക്കി പുഞ്ചിരിച്ചു.

പുഷ്പലത ചൂണ്ടയിൽ കൊത്താത്ത മീനായി.

പുസ്തകങ്ങൾ പടച്ചട്ട പോലെ മാറിൽ ചേർത്തുവെച്ചാണ്‌ അവൾ കോളേജിൽ പോകാറുള്ളത്‌. തന്നെ മഗല്ലനായും പുഷ്പലതയെ കപ്പലായും അരവിന്ദാക്ഷൻ കാണാൻ തുടങ്ങി. സമുദ്രങ്ങൾ കീറിമുറിച്ച്‌ അവളുടെ തോളിലിരുന്ന് അയാൾ ഭൂഗോളം ചുറ്റാൻ തുടങ്ങി. പ്രണയത്തിന്റെ മുള്ള്‌ വലിച്ചൂരാൻ വേണ്ട ഉപായം കോൺക്രീറ്റ്‌ സുഹൃത്തുക്കളിൽ നിന്നും മനസ്സിലാക്കിയ അരവിന്ദാക്ഷൻ അവളുടെ വഴിയിൽ പ്രണയലേഖനങ്ങൾ വിതറി. പുഷ്പലത അവ ചവിട്ടിയരച്ച്‌ ശരീരമിളക്കി നടന്നുപോയപ്പോൾ അരവിന്ദാക്ഷന്റെ നെഞ്ച്‌ ഭൂമിക്കുലുക്കത്തിനു വിധേയമായി. 

യാത്ര അവസാനിപ്പിക്കണോയെന്ന ശങ്ക.

അപ്പോൾ മഗല്ലൻ പ്രത്യക്ഷപ്പെട്ട്‌, ആശിർവദിച്ചു. അരവിന്ദന്‌ ആശ്വാസമായി. യാത്ര തുടരാം.

ഒടുവിൽ ബലപ്രയോഗത്തിനു തയ്യാറായ അരവിന്ദാക്ഷൻ അവളുടെ മുന്നിൽ വഴി തടഞ്ഞു. കണ്ണടച്ചുകൊണ്ട്‌, താനവളെ പ്രേമിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ്‌, പിന്തിരിഞ്ഞോടി.

അടുത്ത ദിവസം പുഷ്പലത വരപ്രസാദം നൽകി.

"എനിക്ക്‌ നിന്നെയും കൊണ്ട്‌ ഉലകം ചുറ്റണം." ഒരിക്കൽ അരവിന്ദാക്ഷൻ അവളോട്‌ പറഞ്ഞു.
"ങും ....?" അവൾ ചിരിച്ചു.
"എനിക്ക്‌ മഗല്ലനാകണം."
"ഹ...ഹ.." അവളുടെ ചിരിയിൽ ലൈറ്റ്‌ ഹൗസുകളുടെ ആകർഷണം അരവിന്ദൻ തിരിച്ചറിഞ്ഞു.

താൻ സ്ത്രീശരീരത്തെക്കുറിച്ച്‌ പ്രബന്ധമെഴുതിയേക്കുമെന്ന് മറ്റൊരിക്കൽ അവൻ തന്റെ കൂട്ടുകാരോട്‌ പറഞ്ഞു. അതിനടുത്ത ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ പുഷ്പലതയുടെ വീട്ടുകാർ അരവിന്ദാക്ഷനെ തല്ലുകയും ഉടൻതന്നെ അവളെ വിവാഹം കഴിക്കണമെന്ന് കർക്കശസ്വരത്തിലറിയിക്കുകയും ചെയ്തു. ആ ദിവസം നാട്ടുകാർ ക്രൂരമായ നോട്ടത്തോടെ അവനെക്കുറിച്ച്‌ മാത്രം പരിഹസിച്ചു.

അച്ഛൻ ഊമയായി.

"എനിക്കിനി മരിച്ചാൽ മതി. മാനം പോയല്ലോ ..." അമ്മയുടെ തേങ്ങൽ അരവിന്ദാക്ഷന്റെ ചെവികളെ കുത്തിനോവിച്ചു.

അന്നു രാത്രി അരവിന്ദാക്ഷൻ മഗല്ലനുമായി സംവാദം നടത്തി.

"ഭൂമിയെ വലം വെച്ച നിങ്ങൾ ദൈവപ്രതീകമല്ല, വെറുമൊരു ഉറുമ്പാണ്‌."

"സമ്മതിക്കുന്നു. പക്ഷെ, നീയും സാധാരണ മനുഷ്യജീവിതത്തിന്റെ വലക്കണ്ണികളിൽ പെട്ടിരിക്കുന്നു. നീ ഇപ്പോൾ അച്ഛനായി, ഇനി കുടുംബജീവിതം .... ഞാൻ ആകുക എന്ന നിന്റെ ലക്ഷ്യത്തിന്റെ പ്രസക്തി ശൂന്യമായിരിക്കുന്നു." മഗല്ലൻ ചിരിക്കാൻ തുടങ്ങി.

"മാർഗത്തിൽ വ്യതിചലനം സ്വാഭാവികം മാത്രം." അരവിന്ദാക്ഷൻ പല്ലുഞെരിച്ചുകൊണ്ട്‌ പറഞ്ഞു.
"മനുഷ്യപ്പിറവി വ്യത്യസ്തതയ്ക്ക്‌ വേണ്ടിയാകണം. അങ്ങനെയുള്ളവരെ മാത്രമേ ലോകം സ്മരിക്കുകയുള്ളൂ."

"ഞാൻ എന്തു ചെയ്യണം?" അരവിന്ദൻ ചോദിച്ചു.

"ലക്ഷ്യം നിറവേറ്റണം. എന്റെ പാത പിന്തുടരണ്ട. ഇരുകാലുകളിൽ യന്ത്രചക്രങ്ങൾ ഘടിപ്പിച്ച്‌ ലോകം ചുറ്റിക്കറങ്ങി വരിക." മഗല്ലൻ മറഞ്ഞു. അരവിന്ദൻ സുഖനിദ്രയിലേക്ക്‌ കയറി, പുതപ്പ്‌ മൂടി.

അരവിന്ദൻ യാത്ര നിശ്ചയിച്ചു. തെക്കോട്ട്‌ നടന്നു തുടങ്ങുക. ഒടുവിൽ യാന്ത്രികമായി ഉത്ഭവത്തിലെത്തുക.

അയാൾ നടന്നു തുടങ്ങി, തെക്കോട്ട്‌. ആദ്യപ്രതിബന്ധം ഒരു പൊട്ടക്കിണർ.... കിണറിനു ചുറ്റുമുണ്ടായിരുന്ന വള്ളികളിൽ തൂങ്ങി മറുകര കടന്നു.

പിന്നീട്‌ കുളം. ഒരു നീണ്ട തടി കുറുകെ വെച്ച്‌ അക്കരെ എത്തി.

അരവിന്ദാക്ഷന്റെ കാലുകൾ കാടിനു മുന്നിലെത്തി. കാട്ടിനുള്ളിൽ ഗിരിവർഗ്ഗക്കാരിയായ പെണ്ണുമായി സംഭോഗം നടത്തണമെന്ന് ചിന്തിച്ചു കാടുകയറി. കാടിനുള്ളിലെ പാമ്പുകളെ ചവിട്ടിയരച്ച്‌, വന്യമൃഗങ്ങളെ പ്രതിമകളാക്കി കാടുകടന്ന അരവിന്ദൻ ഒരു പെണ്ണിനെ പോലും കാണാഞ്ഞതിൽ നിരാശനായി.

വീണ്ടും തെക്കോട്ട്‌ .....

ഒടുവിൽ കടലിന്റെ മേളക്കൊഴുപ്പ്‌ കേട്ടു.

കടൽ കടക്കുന്നതെങ്ങനെ ?

വ്യത്യസ്തനാകണം.

അരവിന്ദാക്ഷൻ.എം.കെ തന്റെ കാലുകളെ കടലിനു നേരെ ചലിപ്പിച്ചു. ആദ്യം കാലുകൾ ആഹരിക്കപ്പെട്ടു. പിന്നീട്‌ അരക്കെട്ട്‌, ഉദരം, നെഞ്ച്‌, കൈകൾ ഒടുവിൽ ശിരസ്സും.

മഗല്ലന്റെ തോണി ദൂരെ പ്രത്യക്ഷപ്പെട്ടു. അയാൾ ചിരിക്കുന്നുണ്ടായിരുന്നു.


O


PHONE : 9037577265
1 comment:

Leave your comment