സിനിമ
മുഞ്ഞിനാട് പത്മകുമാർ
മഹത്തായ കാലം മഹത്തായ സിനിമ
'മഹത്തായ കാലം, മഹത്തായ സിനിമ' എന്ന സുദീർഘമായ പ്രഭാഷണത്തിൽ ഇംഗ്‌മർ ബർഗ്‌മാന്റേതായി (Ingmar Bergman) ഒരനുഭവസാക്ഷ്യമുണ്ട്. ബർഗ്‌മാൻ പറയുന്നു - 'മഹത്തായ സിനിമയ്ക്ക് പിന്നിൽ മഹത്തായ കാലത്തിന്റെ മഹത്തായ ഇടപെടലുകളുണ്ട്.' ഇവിടെ 'മഹത്തായ' എന്ന പദം സുന്ദരവും അപകടകരവുമായ ഒന്നാണ്. 'എന്റെ ചിത്രങ്ങളിലെ നടീനടന്മാരെ ഞാൻ ഉപകരണങ്ങളായി കണക്കാക്കാറില്ല. അവർ എന്നേക്കാളും സ്വാതന്ത്ര്യദാഹികളായിരിക്കണം. അവരെ കൃത്യമായൊരു അനുപാതത്തിൽ അലങ്കരിച്ച് ഫ്രെയിമിനു മുകളിൽ നിർത്തുന്നതിൽ ഒരർത്ഥവുമില്ല. കഥാപാത്രങ്ങൾ അവർക്കിഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ, ഇഷ്ടമുള്ള വീഞ്ഞു കുടിക്കട്ടെ. അവർ അഭിനയിക്കാതിരിക്കുമ്പോഴാകും ശരിക്കും ഞാൻ ഷൂട്ട് ചെയ്യുക. അവരഭിനയിച്ച് തുടങ്ങുമ്പോൾ എന്റെ മനസ് 'കട്ട്' പറയുകയും ചെയ്യും. ഇതൊന്നും അവർക്കിപ്പോഴും മനസ്സിലായിട്ടില്ല എന്നറിയുമ്പോൾ ഉള്ളിലൊരു ആനന്ദവും ഭയവും ഉണ്ടാകാറുണ്ട്.'
ഇംഗ്‌മർ ബർഗ്‌മാൻ |
ആത്മകഥയായ 'മാജിക് ലാന്റേണി 'ൽ ചുമരിൽ നിഴൽച്ചിത്രങ്ങൾ പകർത്തി രസിച്ചിരുന്ന കൊച്ചു ബർഗ്‌മാനിൽ നിന്ന് സ്വഭാവത്തിലും പ്രകൃതത്തിലും അധികദൂരമൊന്നും നടന്നുകയറാത്ത പ്രതിഭാശാലിയാണ് ബർഗ്‌മാൻ. 'നിഷ്കളങ്കത പോലെ തിളങ്ങുന്ന ഒന്ന്' എന്ന് സിനിമയെ ബർഗ്‌മാൻ അടയാളപ്പെടുത്തുമ്പോൾ അത് വിശ്വസിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങൾ നമുക്ക് സ്വീകരിക്കാനാവില്ല. ദുരിതകാലത്തിന്റെ ഭഗ്നസ്വപ്നങ്ങളും മനുഷ്യന്റെ കടുത്ത ഏകാന്തതകളും ദൈവത്തിന്റെ ആധിയും ഒക്കെച്ചേർന്നൊരുക്കുന്ന വിചിത്രവും അകാൽപനികവുമായ അനുഭവങ്ങളാണ് ബർഗ്‌മാന്റെ സിനിമകൾ.
'വൈൽഡ് സ്ട്രോബറീ 'സിൽ പ്രകൃതിയും മനുഷ്യനും ഒരേ കാലം നടത്തുന്ന നൃത്തത്തിന്റെ വിവിധ ഛായകൾ നമ്മുടെ കാഴ്ചയിൽ ഇപ്പോഴുമുണ്ട്. 'പെഴ്സൊണ'യിലെ ബുദ്ധഭിക്ഷുവിന്റെ മരണം പോലെ നമ്മുടെ ഏകാന്തതയെ ഈ നൃത്തം തകർത്തെറിയുന്നു. വാർദ്ധ്യക്യത്തെയും മരണത്തെയും പിന്നിലാക്കിക്കൊണ്ട് മുന്നേറുന്ന ജീവിതം ഒരിക്കലും അവസാനിക്കാത്ത ഉത്സവകാലങ്ങളെയാണ് ഓർമ്മപ്പെടുത്തുന്നത്. ഈ ആരവങ്ങൾക്കിടയിൽ നമ്മുടെ ഓർമ്മകൾക്കുണ്ടാകുന്ന ചെറിയ വിള്ളലുകളിലൂടെ പരിണാമത്തിന്റെ ജലം കയറുന്നത് നാം അറിയുന്നില്ല. 'വൈൽഡ് സ്ട്രോബറീസ്' ഒരോർമ്മപ്പെടുത്തലല്ല. മരണത്തിനും പ്രജ്ഞാനാശത്തിനുമിടയിലെവിടെയോ വെച്ച് നാം രുചിച്ചു നോക്കുന്ന ഒരു മുന്തിരിത്തോട്ടമാണത്. ടി.എസ്.എലിയറ്റിന്റെ 'തരിശുഭൂമി'യിലെ വരികൾ അത് ഓർമ്മിപ്പിക്കും പോലെ.
'The Corpse you planted last year in your garden.
Has it begun to Sprout ?
Will it Bloom this year ?'(നീ നിന്റെ തോട്ടത്തിൽ കുഴിച്ചിട്ട ശവം പൊട്ടിമുളയ്ക്കാൻ തുടങ്ങിയോ ?
അത് ഈ വർഷം പൂവിടുമോ ?)
O
PHONE : 9447865940
nannayi...
ReplyDelete