കഥ
ഉസ്മാൻ ഇരിങ്ങാട്ടിരി
ഉസ്മാൻ ഇരിങ്ങാട്ടിരി
കോളിംഗ്ബെൽ ഒന്നുരണ്ടുവട്ടം ചിലച്ചിട്ടും
അകത്ത് ആളനക്കമൊന്നും കേൾക്കുന്നില്ല. 'ആരുമില്ലേ' എന്ന് ശങ്കിച്ച് വാതിൽക്കൽ നിൽക്കുമ്പോൾ മുറ്റത്ത്
ഇടതുവശം ചേർന്ന് അല്പം കെട്ടിപ്പൊക്കിയ കൊച്ചു പൂന്തോട്ടത്തിൽ പേരറിയാത്ത ഒരുപാട് പൂക്കൾ ആരാ, എവിടുന്നാ, എന്ന ഉദ്വേഗം നിറഞ്ഞ കണ്ണുകളാൽ തന്നെ നോക്കി നിൽക്കുന്നത് കണ്ടു
അയാൾ. പപ്പായ, പേരക്ക, വാഴ, ചേമ്പ്, മുരിങ്ങ, തുടങ്ങി ചില കൊച്ചുമരങ്ങളും കുറച്ചു
ചെടികളും. ഒക്കത്തും പോരാത്തതിന് കൈകളിലും പലപ്രായത്തിലുള്ള ചക്കക്കുട്ടികളുമായി
ഒരു വരിക്കപ്ലാവ്. തീനിറമുള്ള നിറഞ്ഞ മാറിടങ്ങൾ പരമാവധി പുറത്തു കാണിച്ചു മൂന്നു
നാലു ചെന്തെങ്ങുകൾ. വട്ടത്തിൽ പന്തലൊരുക്കി മണ്ണിനെ വാരിപ്പുണർന്ന് രണ്ടു
ഉങ്ങ് മരങ്ങൾ.
കാലുകൾ കൊണ്ടും കൊക്കുകൾ കൊണ്ടും എന്തൊക്കെയോ ചിക്കിപ്പരതുന്ന, നെറ്റിയിൽ പൂവുള്ള രണ്ടു ഇണക്കോഴികൾ. അതിർത്തിയിലെ സൈനികനെ പോലെ നാലുപാടും സൂക്ഷ്മനിരീക്ഷണം നടത്തി, ഒരു തള്ളക്കോഴി, അതിന്റെ പിന്നാലെ പാലപ്പൂ നിറമുള്ള കുറെ കോഴിക്കുഞ്ഞുങ്ങൾ.
ഗേറ്റിനപ്പുറത്ത് വീടിനു മുമ്പിലൂടെ പോകുന്ന റോഡിൽ വാഹനങ്ങളുടെ മരണപ്പാച്ചിൽ. പൈക്കുട്ടിയുടെ കയറും പിടിച്ച് എങ്ങോട്ടോ പോകുന്ന ഒരു പെൺകൊടി. അല്പമകലെ ഒരു കൊച്ചുവീടിന്റെ മുറ്റത്ത് മണ്ണുവാരിക്കളിക്കുന്ന വലിയ വയറും മെലിഞ്ഞ കൈകാലുകളുമുള്ള രണ്ടു കുട്ടികൾ. വിശാലമായ മുറ്റത്തിന്റെ ഒരരികിൽ അടിമുടി പൂത്തുനിൽക്കുന്ന മൂവാണ്ടൻ മാവിലേക്കാണ് പിന്നീട് കണ്ണുകൾ വലിഞ്ഞു കയറിയത്. മുഴുവനും മാങ്ങയാവില്ല. എന്നാലും ..!
അന്ന് വീടുവെക്കാൻ മുറിച്ചുമാറ്റേണ്ടി വന്ന മാവിനെക്കുറിച്ചു അന്നേരം അയാൾ ഓർത്തു. അതിൽ നിറയെ ഉണ്ണിമാങ്ങകൾ ഉണ്ടായിരുന്നു. ജെ.സി.ബിയുടെ തുമ്പിക്കൈകൾ 'അവളെ' മൂടോടെ കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞ രംഗം ഇപ്പോഴും മനസ്സിലുണ്ട്; ഒരു മുറിവായി.
ഒരനക്കവും കേൾക്കുന്നില്ലെന്നായപ്പോൾ ബെല്ലിൽ ഒന്നുകൂടി വിരലമർത്തി. സിറ്റൗട്ടിന്റെ ഇടതുവശം ചേർന്ന കിടപ്പുമുറിയുടെ ജനല്പാളികൾ തുറന്നുകിടപ്പുണ്ട്. ആളുണ്ടെന്നുറപ്പ്.
സ്വർണ്ണവർണ്ണത്തിൽ വാതിലിന്റെ മാറിടത്തിൽ ചേർന്നുകിടക്കുന്ന മണിച്ചിത്രത്താഴ് അപ്പോഴാണ് ശ്രദ്ധിച്ചത്. ഇത് കിട്ടാൻ മസൂദും ഞാനും കറങ്ങാത്ത സ്ഥലങ്ങളില്ല. കറുത്ത സുന്ദരിയുടെ കഴുത്തിലെ സ്വർണ്ണമാല പോലെ ഈ താഴ്, വാതിലിന് ഒരഴക് തന്നെ. അയാൾ മനസ്സിൽ പറഞ്ഞു.
ഡോറിനടുത്തേക്ക് ആരോ നടന്നു വരുന്ന കാലൊച്ച. പ്രതീക്ഷിച്ച പോലെ വാതിൽ തുറന്നത് അലീന.
“അല്ല; ഇതാരാ .. കുറെ നേരമായോ വന്നിട്ട് ? ഞാൻ കുളിക്കുകയായിരുന്നു ..”
“വന്നതേയുള്ളൂ . ഞാനൂഹിച്ചു. ബാത്ത് റൂമിലോ മറ്റോ ആയിരിക്കും എന്ന് “
“എന്തേ സൈറയെയും കുട്ടികളെയും കൂടി കൊണ്ടരാമായിരുന്നില്ലേ..?”
“കുട്ടികൾക്ക് ക്ലാസ് ഉണ്ട്. പിന്നെ അത്യാവശ്യമായി മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ കൂടി പോവുകയും വേണം.”
“മസൂദ് വിളിച്ചിരുന്നില്ലേ ?”
“വിളിച്ചിരുന്നു. ദിവസവും രണ്ടു പ്രാവശ്യമെങ്കിലും വിളിക്കും.”
“വന്നിട്ടിപ്പോ...?”
“ഒരാഴ്ച കഴിഞ്ഞു. വെറും നാല്പത്തഞ്ച് ദിവസം മാത്രല്ലേ ഉള്ളൂ.”
“കുട്ടികൾ എവിടെ ?”
“സ്കൂളിൽ പോയി .. മോൻ കോളേജിലും. വരുമ്പോഴേക്കും നാലു നാലര ആവും.”
“ഉപ്പ എവിടെ?”
“ആ റൂമിലാണ് ..”
“ഞാന്‍ ചായയെടുക്കാം ..”
അലീന അന്ന് കണ്ടതിലേറെ ഇത്തിരി തടിച്ചിട്ടുണ്ട്. കുറച്ചു കാലം അവര്‍ അവിടെ ഉണ്ടായിരുന്നല്ലോ.
വീടിന്റെ അകസൗന്ദര്യം ആസ്വദിച്ച് മെല്ലെ പിതാജിയുടെ കിടപ്പുമുറിയിലേക്ക് നടന്നു. മസൂദ് അങ്ങനെയാണ് വിളിക്കാറ് -പിതാജി. വളഞ്ഞു പുളഞ്ഞു വീടിന്റെ മുകൾത്തട്ടിലേക്ക് കേറിപ്പോവുന്ന സ്റ്റെയർകേസിലൂടെ കണ്ണുകൾ ഒരു നിമിഷം ഓടിക്കേറി.
തൊണ്ണൂറു വയസ്സ് കഴിഞ്ഞ പിതാശ്രീ ഇപ്പോഴും പത്രം വായിക്കുമെന്നും എല്ലാ കാര്യങ്ങളും സ്വയം ചെയ്യുമെന്നും മസൂദ് പറഞ്ഞിരുന്നു.
ഒരുൾപ്രദേശത്തായിരുന്നു അവരുടെ തറവാട്. വാഹനം പോലും എത്താത്ത സ്ഥലത്ത്. മെലിഞ്ഞ ഒരു വയൽവരമ്പാണ് അങ്ങോട്ടുള്ള 'എക്സ്പ്രസ് ഹൈവേ '! മസൂദ് ഏറ്റവും ഇളയതാണ്. എട്ടാണും രണ്ടു പെണ്ണും. പത്തു മക്കൾ. ഇപ്പോൾ പേരക്കുട്ടികളടക്കം കണക്കെടുത്താൽ നൂറ്റൊന്നു പേർ. ഇതൊരു സംഭവം തന്നെ ആണല്ലോ മസൂദ് എന്നൊരിക്കൽ കൗതുകപ്പെട്ടത് അയാൾ ഓർത്തു.
ഒച്ചയനക്കി, ചാരിയിട്ട വാതിലിൽ ചെറുതായി ഒന്ന് മുട്ടി തുറന്നു നോക്കുമ്പോൾ കട്ടിലിൽ ആളില്ല.
എവിടെപ്പോയെന്ന ചോദ്യം മനസ്സിലുണരും മുമ്പേ വിശാലമായ മുറിയിൽ തെക്കോട്ട് തുറന്നുവെച്ച ജനലിനു അഭിമുഖമായി ഒരു കസേരയിൽ ഇരിക്കുന്നു അദ്ദേഹം. മുമ്പിൽ ഒരു കണ്ണാടി നാട്ടി വെച്ചിട്ടുണ്ട്.
കയ്യുള്ള ബനിയൻ. കരയില്ലാത്ത വെള്ളത്തുണി. നിറയെ അറകളുള്ള പച്ച അരപ്പട്ട. മേഘത്തുണ്ടിന്റെ വെണ്മയിൽ തിങ്ങിയ താടി. മലയാള ഭാഷയിലെ 'ഠ' എന്ന അക്ഷരത്തിന്റെ ആകൃതിയിൽ, വെട്ടിത്തിളങ്ങുന്ന കഷണ്ടി. അതിന്റെ ഓരം ചേർന്ന് ഏതാനും മുടിനാരുകൾ അനുസരണയോടെ വീണു കിടക്കുന്നു.
വാതിൽ തുറന്നതും ഒരാൾ അകത്തു കടന്നതും അറിഞ്ഞില്ലെന്നു തോന്നുന്നു.അല്പം കേൾവിക്കുറവുണ്ടെന്നു മസൂദ് പറഞ്ഞിരുന്നല്ലോ. തഴക്കം ചെന്ന ഒരു ബാർബറുടെ കൈകളിലേതെന്ന പോലെ കത്രിക ചലിച്ചു കൊണ്ടിരിക്കുന്നു! അതിശയപ്പെട്ടു പോയി. ഈ പ്രായത്തിലും സ്വയമിങ്ങനെ..!!
താടിയും മീശയും ശരിയാക്കിക്കഴിഞ്ഞിട്ടു സ്വസ്ഥമായി സംസാരിക്കാമല്ലോ എന്ന് കരുതി കട്ടിലിന്റെ ഒരരികിൽ അയാൾ ഇരുന്നു. ശ്രദ്ധ തെറ്റി പോറലേൽക്കരുതല്ലോ.
കത്രിക പണി നിർത്തിയപ്പോൾ സമാധാനമായി.
പക്ഷെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ട് പിതാജി ഷേവിംഗ് സെറ്റ് കയ്യിലെടുത്തു. ഇനിയെന്താണ് പടച്ചോനെ പരിപാടി?
ഇപ്പോൾ നടക്കുന്നത് സത്യം പറഞ്ഞാൽ മുണ്ഡനപ്രക്രിയ ആണ്! നേരിൽ കാണുന്ന രംഗം വിശ്വസിക്കാനാവാതെ വീർപ്പടക്കി നിന്നു. നന്നേ ഇടുങ്ങിയ പോക്കറ്റ് റോഡിലൂടെ കാറോടിച്ചു പോകുന്ന ഒരു ഡ്രൈവറുടെ സൂക്ഷ്മതയോടെ കൈകൾ ചലിക്കുന്നു.
പിതാജിയുടെ തലയിൽ കൂടുതൽ മുടിയൊന്നും ഇല്ലാഞ്ഞത് നന്നായി. മടിത്തട്ടിൽ വിരിച്ച തോർത്തുമുണ്ടിലും ഉടുത്ത ബനിയനിലും വെളുത്ത നൂലുപോലെ മുടിത്തുണ്ടുകൾ ചിതറി വീണു കിടക്കുന്നു.
എല്ലാം കഴിഞ്ഞു എഴുന്നേൽക്കാനൊരുങ്ങുമ്പോൾ ഒരു കൈ സഹായിക്കാനാഞ്ഞു. അങ്ങനെ ഒരാവശ്യം ഉദിക്കുന്നേയില്ലെന്ന് ബോധ്യം വന്നപ്പോൾ സ്വയമൊഴിഞ്ഞു.
മുഖാമുഖം കാണുന്നത് അപ്പോഴാണ്. മുഖം നിറയെ നിലാവ് വീണു കിടക്കുന്നു. കണ്ണുകളിൽ സംതൃപ്തിയുടെ തടാകം. ഹൃദയം തൊടുന്ന ഒരു ചിരി ചിരിച്ച് 'ദാ പ്പോ വരാം' എന്ന ഭാവത്തിൽ മുറിയോട് ചേർന്നുള്ള ബാത്ത് റൂമിലേക്ക് അദ്ദേഹം കേറിപ്പോയി വാതിലടച്ചു.
അപ്പോഴേക്കും അലീന ചായയുമായി എത്തി.
“എല്ലാം സ്വയം ചെയ്യും അല്ലെ ?”
“ങാ, ആരുടേയും സഹായം വേണ്ടി വന്നിട്ടില്ല ഇത് വരെ. അതൊട്ട് ഇഷ്ടോംല്ല”
“താടി ശരിയാക്കലും മുടികളയലും ഒക്കെ ..?”
“ബാർബർമാരെ വിളിക്കാനൊന്നും സമ്മതിക്കില്ല.”
അപ്പോൾ കേട്ടു അകത്തു നിന്ന് ഒരു വിളി.
”മളേ ....”
അതിന്റെ അർത്ഥം മനസ്സിലായ പോലെ അലീന അലമാര തുറന്ന് ഒരു ജോഡി ബനിയനും തുണിയും എടുത്തു കൊണ്ടുപോയി കൊടുത്തു.
“തണുത്ത വെള്ളത്തിലൊക്കെ കുളിക്കുമോ..?”
“പൈപ്പിൽ ചൂട് വെള്ളവും ഉണ്ട്. ന്നാലും തണുത്ത വെള്ളം കൊണ്ടാ കുളി.”
ഏറിപ്പോയാൽ ഒരു പത്തു മിനിറ്റ്. കുളിച്ചു സുന്ദരനായി പിതാജിയെത്തി.
“പൈപ്പിൽ ചൂട് വെള്ളവും ഉണ്ട്. ന്നാലും തണുത്ത വെള്ളം കൊണ്ടാ കുളി.”
ഏറിപ്പോയാൽ ഒരു പത്തു മിനിറ്റ്. കുളിച്ചു സുന്ദരനായി പിതാജിയെത്തി.
“കാക്കുട്ടിന്റെ ഒപ്പം ഉള്ള ആളാ. രണ്ടാളും ഒരേ റൂമിലാണ്.” അലീന നല്ല ശബ്ദത്തിൽ പരിചയപ്പെടുത്തി.
“എവിടെ അന്റെ വീട് ?”
സ്ഥലം പറഞ്ഞു കൊടുത്തു.
"കുറേക്കാലം ആയോ ഗൾഫിൽ ?"
കൃത്യമായ വർഷം പറയാനുള്ള വിമ്മിട്ടത്തോടെ പരുങ്ങുമ്പോൾ അടുത്ത ചോദ്യം വന്നു.
“നിർത്തി പോരാനായില്ലേ ?”
“കുട്ട്യാളെ കെട്ടിക്കാനൊക്കെയുണ്ട്”
''കുട്ട്യാളെ കെട്ടീക്കാനുണ്ടെങ്കി പിന്നെ പോരാനൊന്നും പറ്റൂല. ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിനെ ഇറക്കി വിടണം എന്നുണ്ടെങ്കി എത്തര ഉറുപ്പ്യ വേണം. സ്വർണ്ണത്തിനു വില കൂടുക തന്നെ അല്ലേ. ഇന്നലത്തെ പത്രത്തിൽ കണ്ടില്ലേ സർവകാല റിക്കാർഡ് ആണത്രേ. സ്വർണ്ണത്തിനു ഇങ്ങനെ കൂടുമ്പോ, ന്നാ പെണ്ണിനെ ചോദിക്കാം വരുന്നോര് കൊറക്ക്വോ ? അതൊട്ടില്ല താനും. അവിടേം സർവകാല റിക്കാർഡ് തന്നെ..!! നഷ്ടങ്ങളൊക്കെ നഷ്ടം തന്ന്യാ. പക്ഷേങ്കിൽ ചില നഷ്ടങ്ങളൊന്നും ഇല്ലാതെ നേട്ടങ്ങൾ ഉണ്ടാകൂല.''
അപ്പോഴേക്കും പൊടിയരിക്കഞ്ഞിയും പയറുപ്പേരിയുമെത്തി.
“അസുഖം വല്ലതും ഉണ്ടോ പ്പോ ?”
“കാര്യമായി ഒന്നൂല്ല. ഇത്ര ആയുസ്സ് തര്വ. ദീനോം കേടും ഒന്നും ഇല്ലാണ്ടിരിക്ക്യാ. അത് തന്നെ വല്യ ഭാഗ്യം അല്ലെ? ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല. ബാത്ത് റൂം ദാ ആ കാണ് ണതാ. അവടെ ചൂട് വെള്ളോംണ്ട്. പച്ചവെള്ളോംണ്ട്. ഒന്നങ്ങ്ട്ടു തിരിച്ചാ മതി.”
“ഓർമ്മയ്ക്ക് ഒരു കൊറവും ഇല്ല. കാഴ്ചക്കും. ഇപ്പൊ കൂടുതൽ ആൾക്കാർക്കും മറവിരോഗാ. കഴിഞ്ഞ മാസാ ന്റെ പഴേ ചങ്ങായി മമ്മദു മരിച്ചത്. ഞങ്ങൾ രണ്ടാളും ഒന്നിച്ചാ ഹജ്ജിന് പോയത്. മക്കൾ കൊണ്ടോയതാ. അല്ലെങ്കി ഞങ്ങക്കൊന്നും ആ ഭാഗ്യം കിട്ടൂലാ. കുറെ കഷ്ടപ്പെട്ട ആളേർന്നു ഓൻ. മക്കളൊക്കെ ഗൾഫി പോയി സുഖായി വരേനൂ. എന്ത് ചെയ്യാനാ അവസാന കാലത്ത് ഒന്നും ഓർമ്മല്ലെയ്നൂ. പാത്തുണതും തൂറുണതും ഒന്നും. ഈ സുഖങ്ങൾ ഒക്കെ അനുഭവിക്കുമ്പോ ഓർമ്മ ഇല്ലാണ്ടായാൽ പിന്നത്തെ കാര്യം പറയണോ ?”
പിതാജി കഞ്ഞികുടിക്കുന്നതിനിടയിലും പറഞ്ഞു കൊണ്ടിരുന്നു.
“ലോകം ഒക്കെ ഒരു പാട് മാറി. മനുസമ്മാരും. അതിനു ആരീം കുറ്റം പറഞ്ഞിട്ടൊന്നും കാര്യം ല്ല.
അന്നന്നത്തെ ചുറ്റുപാട് അനുസരിച്ച് ജീവിക്ക്യെ പറ്റൂ. കാലത്തിന്റെ മുമ്പിൽ നടക്കാൻ പറ്റീലെങ്കിലും ഒപ്പെങ്കിലും നടക്കണം. ചില ആൾക്കാരുണ്ട്. അവർ എല്ലാത്തിനും വാശി പിടിക്കും. മക്കൾ നല്ല സൗകര്യം ള്ള പുതിയ പൊരണ്ടാക്കും. പക്ഷെ, തന്താര് അങ്ങോട്ട് പോകൂല. ഞാൻ ജനിച്ചു വളർന്ന പൊരീന്ന് ഞ്ഞി മരിച്ചേ ഇറങ്ങൂ എന്ന് വാശി പിടിക്കും. അങ്ങനെ വാശി പിടിക്കേണ്ട വല്ല കാര്യോം ണ്ടോ ? ആർക്കും ഒരു ഭാരം ആകാണ്ടേ ജീവിക്കാൻ പറ്റ്യാ പടച്ചോൻ കണക്കാക്കിയ അത്ര കാലം ജീവിക്കാം. അവയവങ്ങൾക്ക് ഒരു കൊയപ്പവും ണ്ടാവരുത്. അവര് പണി മുടക്ക്യാ കുടുങ്ങ്യെത് തന്നെ. ഒരു മന്സന്റെ ഏറ്റവും വല്യ ഭാഗ്യം അതാ.”
കഞ്ഞി കുടി കഴിഞ്ഞു കയ്യും വായയും കഴുകി വന്നു കട്ടിലിലിരിക്കുമ്പോൾ മൊബൈൽ ശബ്ദിച്ചു. തലയണക്കടിയിൽ നിന്ന് മൊബൈലെടുത്ത് ചെവിയോടു ചേർത്ത് വെച്ച് ഉറക്കെ സംസാരിച്ചു തുടങ്ങി. സുഖവിവരങ്ങൾ ചോദിച്ചറിയാനുള്ള വിളിയാണ് എന്ന് മനസ്സിലായി.
“ദമ്മാമ്മു ന്ന് വല്യോന്റെ മോനാ. ഫവാസ്. കുട്ട്യാള് ഇടക്കിങ്ങനെ വിളിക്കും. ഇത് ണ്ടായതോണ്ട് എന്താ ഉപകാരം. പണ്ടൊക്കെ മരിച്ചവിവരം പറയാനോ, ജനിച്ച വാർത്ത അറീക്കാനോ ആളാ പോയിനെ. ആരെയെങ്കിലും പറഞ്ഞയക്കും. ന്നാല്‍ ഇപ്പോളോ ? അതിന്റെ ഒന്നും ആവശ്യം ഇല്ല. പ്പോ കൊറച്ചു കാലമായിട്ടു കാക്കുട്ടി നെറ്റിലാ വിളി. അങ്ങോട്ടും ഇങ്ങോട്ടും കാണൂം ചെയ്യാം. വർത്തമാനം പറീം ചെയ്യാം. ലോകം അടുത്തുക്ക് ഇങ്ങോട്ട് വര്വാ. ഇതൊക്കെ കാണാനും അനുഭവിക്കാനും കയിഞ്ഞത് ഭാഗ്യം തന്നെ ആണ് ന്റെ കുട്ട്യേ. ജ്ജ് വീടൊക്കെ ഉണ്ടാക്കിയോ..?”
“ങാ .. രണ്ടുകൊല്ലായി കുടിയിരുന്നിട്ട്.”
“ഈ സ്ഥലമൊക്കെ ഒരു ഷാരഡിന്റെതായിരുന്നു. ഏക്കറു കണക്കിന് സ്ഥലം അങ്ങനെ കിടക്കേനൂ. അന്ന് രാത്രിയിലൊക്കെ ഇതിലെ പോകാൻ പേടിയായിരുന്നു. ഇപ്പോൾ കണ്ടില്ലേ വരിവരിയായി വീടുകളാ. പഴേ പോലെ കൂട്ട് കുടുംബോം ജീവിതോം ഒന്നും ഇപ്പൊ ആർക്കും പറ്റൂലാ. അതൊട്ട് നടക്കൂം ല്ല. പണ്ട് നല്ലോണം ണ്ടാക്കിയ തന്താരെ മക്കള് പ്പോ അതൊക്കെ വിറ്റ് തിന്ന്യാണ്. അന്നില്ലാത്തോല് ന്ന് ണ്ടാക്കുണൂം ണ്ട്. കുട്ട്യാള് ഗൾഫിലൊക്കെ പോയതോണ്ട് പഴയ മാതിരി പട്ടിണില്ലാണ്ടായി. മക്കൾക്കൊക്കെ നല്ല വിദ്യാഭ്യാസവും കിട്ടി. എവിടെ നോക്ക്യാലും പ്പോ കോളേജും സ്കൂളും. ഈ ജനലങ്ങ്ട്ട് തൊറന്നാ കാണാം. രാവില അങ്ങോട്ടും ഇങ്ങോട്ടും സ്കൂൾബസ്സുകൾ അങ്ങനെ പോണൂ. ഒന്നങ്ങുട്ടു പോകുമ്പോ, ഒന്നിങ്ങുട്ട്. അന്റെ ഉപ്പീം ഉമ്മീം ഒക്കെ ഉണ്ടോ ?”
“ഉമ്മ ഉണ്ട്. ഉപ്പ നേരത്തെ പോയി.”
“ഒരു മന്സന്റെ ഏറ്റവും വല്യ വെഷമം അതാ. രണ്ടിലൊരാള്‍ നേരത്തെ പോകുകന്ന് ള്ളത്. നബീസു പോയപ്പളാ ഞാൻ തളർന്നത്. ന്നെ നിർത്തി പടച്ചോൻ ഓളെ കൊണ്ടോയി. ഒരു കണക്കിന് അത് നന്നായി. നേരെ തിരിച്ചായിരുന്നെങ്കിലോ ? ഓൾക്ക് ങ്ങനെ ഒന്നും പിടിച്ചു നിക്കാൻ കഴിയൂലാ…”
പിതാജിയുടെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല. ഇറങ്ങാനൊരുങ്ങുമ്പോഴാണ് അത് ശ്രദ്ധിച്ചത് ! പിതാജിയുടെ വെളുവെളുത്ത താടി രോമങ്ങൾ മെല്ലെ മെല്ലെ കറുത്തു വരുന്നു !!
ന്നാ ഞാൻ ഇറങ്ങട്ടെ… എന്നു പറഞ്ഞ് കൈകൊടുത്തു നിവരുമ്പോൾ ഒരു നിമിഷം അയാളുടെ കണ്ണുകൾ നാട്ടി നിർത്തിയ കണ്ണാടിയിൽ ഉടക്കി. വിശ്വാസം വരാതെ അയാൾ അയാളെ തന്നെ നോക്കി നിന്നു.
O
ഒക്കത്തും പോരാത്തതിന് കൈകളിലും പലപ്രായത്തിലുള്ള ചക്കക്കുട്ടികളുമായി ഒരു വരിക്കപ്ലാവ്. തീനിറമുള്ള നിറഞ്ഞ മാറിടങ്ങൾ പരമാവധി പുറത്തു കാണിച്ചു മൂന്നു നാലു ചെന്തെങ്ങുകൾ. വട്ടത്തിൽ പന്തലൊരുക്കി മണ്ണിനെ വാരിപ്പുണർന്ന് രണ്ടു ഉങ്ങ് മരങ്ങൾ.
ReplyDeleteകഥ വളരെ ഇഷ്ടായി..., ആശംസകള്‍..
vaayichu - kollaam
ReplyDeletetnx :D