Sunday, August 26, 2012

തിരിച്ചിങ്ങുവന്നെങ്കിൽ

കവിത
എ.എസ്‌.കൃഷ്ണൻണ്ണുകുഴച്ചു മറിച്ചുമെനഞ്ഞൊരു
വണ്ണമേറീടുന്ന മാവേലിമന്നനെ
കണ്ണുനിറയവെ കാണ്മതിനെന്നുടെ
മണ്ണിലൊരിക്കൽ തിരിച്ചിങ്ങുവന്നെങ്കിൽ

അർക്കനണഞ്ഞന്ധകാരം വരുംവരെ
പൂക്കളിറുത്തുനിറച്ചു പൂക്കൂടയിൽ
പൂക്കളം പിറ്റേന്നു തീർക്കുവാനോടിയ
പൂക്കാലമൊന്നു തിരിച്ചിങ്ങുവന്നെങ്കിൽ

ചേണാർന്ന മാവേലിമന്നനു മുന്നിലായ്‌
ഓണവില്ലിൽ മേളമീണത്തിൽ തീർത്തതും
ഓണം മുഴുവൻ കളിച്ചുതിമിർത്തതും
ഓണദിനങ്ങൾ തിരിച്ചിങ്ങുവന്നെങ്കിൽ.

ആദരണീയരേകുന്നൊരോണപ്പുട
സാദരമങ്ങു ധരിച്ചുമുദിതരായ്‌
സോദരൊത്തു കളിച്ചുരസിച്ചതാം
മോദമുഹൂർത്തം തിരിച്ചിങ്ങുവന്നെങ്കിൽ

മുറ്റം മെഴുകിയണിഞ്ഞു പൂക്കൾ ചാർത്തി
മുറ്റി നിൽക്കും കാന്തി മാവേലിമന്നന്‌
ചുറ്റും പ്രദക്ഷിണം വായ്ക്കുരവ,പുകൾ
പെറ്റദിനങ്ങൾ തിരിച്ചിങ്ങുവന്നെങ്കിൽ

പപ്പടം കാച്ചി പഴംനുറുക്കുപ്പേരി
ഉപ്പുമാങ്ങയും പുളീഞ്ചിനാരങ്ങയും
ഒപ്പം രുചിയുള്ള കാളനുമോലനും
പാൽപ്പായസവും തിരിച്ചിങ്ങുവന്നെങ്കിൽ

നട്ടുച്ചനേരവും പൊള്ളും വെയിലതും
കുട്ടികൾ പന്തെടുത്താഞ്ഞടിക്കുന്നതും
കോട്ടകളിപ്പതും തട്ടിവീഴുന്നതും
പൊട്ടിച്ചിരിയും തിരിച്ചിങ്ങുവന്നെങ്കിൽ

ഇട്ടിരിപ്പാനാവണപ്പലകയതും
പെട്ടി,കടുകിടാൻ ഉപ്പുമരികയും
വെട്ടുകത്തി ഓണംവെയ്ക്കുന്നൊരാദിനം
ഒട്ടുസമയം തിരിച്ചിങ്ങുവന്നെങ്കിൽ

ഓണനിലാവിൽ തുയിലുണർത്തുന്നതും
പാണർ തൻ പാട്ടുകൾ കേട്ടിരിക്കുന്നതും
ഈണത്തിൽ മങ്കമാരോണം കളിപ്പതും
ചേണാർന്ന മേള തിരിച്ചിങ്ങുവന്നെങ്കിൽ

നീതിയും ന്യായവും സത്യവും മുക്തിയും
ഏതൊരുത്തനുമൊരുപോൽ കരഗതം
ഭൂതകാലം മഹാൻ മാവേലിമന്നന്റെ
ഭൂതലേ, യൊന്നുതിരിച്ചിങ്ങുവന്നെങ്കിൽ.

O


PHONE : 0480 2705466

ഓണമുറ്റത്തെ മുക്കൂറ്റി

ഓർമ്മ
സുനിലൻ കളീയ്ക്കൽ

        ശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വരവറിയിച്ചുകൊണ്ട്‌ ഓണം വരവായി എന്നാണ്‌ കാലങ്ങളായി ഓണാഘോഷത്തെപ്പറ്റിയുള്ള അടയാളവാക്യം. ഉള്ളവനെന്നും ഓണമായിരിക്കുമ്പോൾ ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്ന ഇല്ലായ്മക്കാരന്റേതാണ്‌ യഥാർത്ഥ ഓണാഘോഷം. ഉണ്ണാനും ഉടുക്കാനുമുള്ളവന്‌ ഓണം വെറും ആഘോഷം മാത്രമാകുമ്പോൾ അല്ലലും അലട്ടലുമില്ലാതെ ഒരുനാൾ മാലോകരെല്ലാരും ഒന്നാകുന്ന ഓണപ്പൊലിമ സാധാരണക്കാരന്‌ അവകാശപ്പെട്ടതാണ്‌.


ഓരോ ഓണക്കാലവും സാധാരണക്കാരന്‌ ഓർമ്മിക്കുവാൻ നൽകുന്നത്‌ അടുത്തകൊല്ലം കൊടുത്തു തീർക്കേണ്ട പറ്റുപടിയെപ്പറ്റിയാണ്‌. ഓണച്ചന്തയും ഓണസ്റ്റാളുകളും പ്രചാരത്തിലാകും മുമ്പ്‌, കുന്നത്തൂരിന്റെ സിരാകേന്ദ്രമായ ശാസ്താംകോട്ടയിലെ ചന്തയിലേക്ക്‌ പൂരാടദിനത്തിലും ഉത്രാടദിനത്തിലും പച്ചക്കറിയും വാഴക്കുലകളുമായി കാളവണ്ടി തെളിച്ചിരുന്ന അച്ഛനെ ഓർത്തുപോകുന്നു. നുരയൊലിപ്പിച്ചു കാളകളും വിയർത്തൊലിച്ച്‌ അച്ഛനും തളർന്നുപോകുന്ന ദിനങ്ങൾ. വെളുപ്പിനുണർന്ന് ശാസ്താവിനെ തൊഴുത്‌, ചന്തയിൽ നിന്നും അവശ്യസാധനങ്ങൾ വാങ്ങി നടന്നുനീങ്ങുന്ന ജനസഞ്ചയം എന്റെ ഗ്രാമത്തിന്റെ ഉൾത്തുടിപ്പ്‌ വിളിച്ചറിയിച്ചിരുന്നു.


വിളഞ്ഞു വെട്ടാറായ ഏത്തവാഴകളിൽ നിന്നും ഉണക്കവാഴച്ചപ്പ്‌ മുറിച്ചെടുത്ത്‌ ഞങ്ങൾ കരടികെട്ടി. പച്ചമടൽ വെട്ടി തോക്കുണ്ടാക്കി. 'തന്നന്നാ താനന്നാ തന്നാനോ' താളത്തിൽ ചൂട്ടിന്റെ വെളിച്ചത്തിൽ വീടുകൾ കയറിയിറങ്ങി കരടി കളിച്ചു. ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്കുള്ള ഇടവേളകളിൽ ചൂട്ടുപിടിച്ചവൻ കരടികെട്ടിയവന്റെ പിന്നാലെ കൂടി വെപ്രാളം കയറ്റി. ഓണമെന്നത്‌ ആഘോഷമാകുന്നതെങ്ങനെയെന്ന് അനുഭവിച്ചറിഞ്ഞ നാളുകൾ.


പട്ടികടി കൊണ്ടതുമുതൽ പച്ചത്തെറി കേട്ടതുവരെ അടുത്തകൊല്ലത്തോളം പറഞ്ഞു ചിരിക്കാൻ വക നൽകി. തിരുവോണദിവസം രാവിലെ പുത്തനുടുപ്പണിഞ്ഞ്‌ മൈക്ക്‌ കേൾക്കുന്ന ദിക്കിലേക്ക്‌ പാഞ്ഞിരുന്ന ബാല്യം. മുട്ടായിപെറുക്കിയും കസേരകളിച്ചും സമ്മാനമായി നേടിയ സോപ്പുപെട്ടിയും കണ്ണാടിയുമൊക്കെ ഉയർത്തിപ്പിടിച്ച്‌ അഭിമാനത്തോടെ വീട്ടിലേക്കുള്ള മടക്കം. ഉച്ചയ്ക്ക്‌ ഓണമുണ്ടു കഴിഞ്ഞ്‌ ബന്ധുവീട്ടിലേക്ക്‌ പോകുന്ന കുടുംബങ്ങൾ തമ്മിൽ വഴിവക്കിൽ കണ്ടുമുട്ടുമ്പോൾ പരസ്പരം മുഖങ്ങളിൽ നിന്നും വായിച്ചറിഞ്ഞിരുന്ന സന്തോഷത്തെ, ഉത്സാഹത്തെ നമുക്ക്‌ ഓണമെന്നു വിളിക്കാം.


ഒരോണത്തിന്‌ വിരുന്നുകാർക്കായി അമ്മ പപ്പടം കാച്ചി പാട്ടയിലടച്ചുവെച്ചു. അമ്മയ്ക്കെന്നെ തീരെ വിശ്വാസമില്ലാത്തതുകൊണ്ട്‌ ഇടയ്ക്ക്‌ പാട്ട എടുത്ത്‌ കുലുക്കിനോക്കും. അമ്മ പുറത്തേക്കു മാറിയ തക്കം നോക്കി പപ്പടം മുഴുവൻ തിന്നിട്ട്‌ പകരം കരിയില വാരിയിട്ട്‌ അടച്ചുവെച്ചു. തിരിച്ചുവന്ന അമ്മ പാട്ടകുലുക്കി പപ്പടമുണ്ടെന്ന് ഉറപ്പുവരുത്തി സമാധാനിച്ചു. അത്താഴത്തിനു വിളമ്പാൻ ഒരുങ്ങുമ്പോഴാണ്‌ ഞാൻ പിടിക്കപ്പെട്ടത്‌. ചൂലുമായി ചീത്ത പറഞ്ഞുകൊണ്ട്‌ അമ്മയും ചിരിച്ചുകൊണ്ട്‌ ഞാനും വീടിനു ചുറ്റും ഓടിയതോർക്കുമ്പോൾ ഇപ്പോഴും ചിരിപൊട്ടും.


മുക്കൂറ്റിയോടും തുമ്പയോടും ക്ഷമ ചോദിച്ച്‌, മുറ്റവും പരിസരവും ചെത്തിയൊരുക്കി മാവേലിയുടെ വരവിനെ കാത്തിരുന്നൊരു തലമുറയെപ്പറ്റിയാണ്‌ പറഞ്ഞുവന്നത്‌. ഇന്നത്തെ ഓണാഘോഷത്തെപ്പറ്റി ആക്ഷേപങ്ങൾ പലതുണ്ടെങ്കിലും നമ്മുടെ മനസ്സിൽ അന്നും ഇന്നും ഓണമുണ്ട്‌.


പാടം നികന്ന് പറമ്പും പറമ്പിൽ വളർന്ന വീടും വീട്ടിൽ വിളഞ്ഞ വിഷാദവും ഇന്നാകുമ്പോൾ, ഇന്നലെയുടെ ഈറൻ കുളിർപ്പുള്ള ഓർമ്മകളിലെ ഓണം അയവിറക്കി അമ്മയില്ലാത്ത എന്റെ ആദ്യ ഓണം ഞാൻ ആഘോഷങ്ങളില്ലാതെ മാറ്റിവെക്കുന്നു.


O

PHONE : 9562412695
കന്നിവിരുന്ന്‌

നാടൻപാട്ട്‌
സമ്പാദകൻ: ശാസ്താംകോട്ട ഭാസ്‌


(ഓണത്തിന്‌ പെണ്ണുങ്ങൾ പാടിക്കളിക്കുന്ന ഒരു നാടൻപാട്ടാണിത്‌. അമ്മയോട്‌ യാത്ര ചോദിച്ച്‌ വിരുന്നുണ്ണാൻ പോകുന്ന മകൻ കാണുന്ന കാഴ്ചകളും മറ്റും വിവരിക്കുകയാണിവിടെ. കൊല്ലം ജില്ലയിലെ വെറ്റമുക്ക്‌, വടക്കുംതല ഗ്രാമത്തിൽ നിന്നും ശേഖരിച്ചതാണ്‌ ഈ പാട്ട്‌. അറുപത്തിമൂന്ന്‌ വയസ്സുള്ള കുഞ്ഞിലി എന്ന കർഷകത്തൊഴിലാളി സ്ത്രീ തന്റെ ഓർമ്മയിൽ നിന്നു പാടിത്തന്നതാണ്‌ ഈ പാട്ട്‌.)


ത്തും പതിനാറും വയസ്സൊണ്ടമ്മോ
കന്നിവിരുന്നുണ്ണാൻ കൊതിയുണ്ടമ്മോ
എന്നാലെന്റെ മകൻ പോയ്‌ വരേണം
കന്നിവിരുന്നുണ്ണാൻ പോയ്‌ വരേണം.

വെള്ളിക്കുരമ്പുമൊന്നെടുത്തു
പെറ്റമ്മിച്ചിയോട്‌ യാത്രയും വാങ്ങി
നേരേ പടിഞ്ഞാട്ടു നടകൊള്ളുന്നേ
നാദാപുരം വാഴും നഗരിവാഴും
പൊന്നാപുരം വാഴും പൊന്മുടിയേന്തി
വെള്ളാപുരത്തോട്ടേയെഴുന്നള്ളുന്നേ
വെള്ളാപുരത്തോട്ട്‌ എഴുന്നള്ളുന്നു.

വെള്ളാപുരം വാഴും പാരതിമങ്കേ
നീ കണിവാതിൽ തുറന്നുതായോ.

ഞാനീ കണിവാതിൽ തുറക്കണമെങ്കിൽ
താനിപ്പഴെന്തെല്ലാം കൊണ്ടുവന്നുവ്വേ.

വെള്ളിക്കുരമ്പു ഒന്നുണ്ടെടീ
അതിനോടിണങ്ങും പെണ്ണിവളല്ലല്ലോ
അതിനോടിണങ്ങും പെണ്ണിവളും പോരാ.
കണ്ണിലിരുകണ്ണായ്‌ തൂത്തും കൊണ്ടേ
നേരേ കിഴക്കോട്ട്‌ നടകൊള്ളുന്നു.

പെറ്റമ്മിച്ചിയുടെ അരികെച്ചെന്നു
എന്താ മകൻ പോയ കാരിയമെന്താ
അതിനോടിണങ്ങും പെണ്ണിവളല്ലമ്മോ
അതിനോടിണങ്ങും പെണ്ണിവളും പോരാ.
എന്നാലെൻ മകൻ പോയ്‌ വരേണം
കന്നിവിരുന്നുണ്ണാൻ പോയ്‌ വരേണം.

കുടുക്കയ്ക്കൊരു കുടുക്ക കനകമെടുത്തേ
പെറ്റമ്മിച്ചിയോട്‌ യാത്രയും വാങ്ങീ
നേരേ പടിഞ്ഞാട്ട്‌ നടകൊള്ളുന്നു.

നാദാപുരം വാഴും നഗരി വാഴും
പൊന്നാപുരം വാഴും പൊന്മുടിയേന്തി
വെള്ളാപുരത്തോട്ടുയെഴുന്നള്ളുന്നേ
വെള്ളാപുരത്തോട്ടേയെഴുന്നള്ളുന്നേ
വെള്ളാപുരം വാഴും പാരതിമങ്കേ
നീയി കണിവാതിൽ തുറന്നുതായോ.

ഞാനീ കണിവാതിൽ തുറക്കണമെങ്കിൽ
താനിപ്പഴെന്തെല്ലാം കൊണ്ടുവന്നുവ്വേ.

കുടുക്കയ്ക്കൊരു കുടുക്ക കനകമുണ്ടേ
കുടുക്കയ്ക്കൊരു കുടുക്ക കനകമുണ്ട്‌.

അതിനോടിണങ്ങും പെണ്ണിവളല്ലുവ്വേ
അതിനോടിണങ്ങും പെണ്ണിവളും പോരാ.

കണ്ണിലിരുകണ്ണായ്‌ തൂത്തും കൊണ്ടേ
നേരേ കിഴക്കോട്ട്‌ നടകൊള്ളുന്നു.

പെറ്റമ്മിച്ചിയുടെയരികെച്ചെന്ന്
എന്താണവൻ പോയ കാരിയമെന്താ
അതിനോടിണങ്ങും പെണ്ണവളല്ലമ്മോ
അതിനോടിണങ്ങും പെണ്ണവളും പോരാ.

എന്നാലെൻ മകൻ പോയ്‌വരേണം
കന്നിവിരുന്നുണ്ണാൻ പോയ്‌വരേണം
പൊന്നാമുരലുമൊന്നെടുത്തു
പെറ്റമ്മിച്ചിയോട്‌ യാത്രയും വാങ്ങീ
നേരേ പടിഞ്ഞാട്ട്‌ നടകൊള്ളുന്നു.

നാദാപുരം വാഴും നഗരിവാഴും
പൊന്നാപുരം വാഴും പൊന്മുടിയേന്തി
വെള്ളാപുരത്തോട്ടേയ്ക്കെഴുന്നെള്ളുന്നു.

വെള്ളാപുരം വാഴും പാരതി മങ്കേ
നീയി കണിവാതിൽ തുറന്നുതായോ.

ഞാനീ കണിവാതിൽ തുറക്കണമെങ്കിൽ
താനിപ്പഴെന്തെല്ലാം കൊണ്ടുവന്നുവ്വേ-

പൊന്നാമുരല്‌ ഒന്നൊണ്ടെടീ
അതിനോടിണങ്ങും പെണ്ണവളല്ലുവ്വേ
അതിനോടിണങ്ങും പെണ്ണിവളും പോരാ.

വെള്ളാപുരത്തു ഞങ്ങളേഴുകന്നീ
ആറുകന്നികൾക്കും മാലവിരിയൊണ്ടല്ലോ
എനിക്കൊരു മാലവിരിയില്ലല്ലോ
നാരായണൻ തന്റെ തമ്പുരാനല്ലോ
നാരായണൻ തന്റെ തമ്പുരാനല്ലോ.


O

PHONE : 9446591287


കൂട്ടായ്മയുടെ ശബ്ദങ്ങൾ

നേർക്കാഴ്ച
ഇഞ്ചക്കാട്‌ ബാലചന്ദ്രൻ             ചില ശബ്ദങ്ങൾ അങ്ങനെയാണ്‌. മറ്റു വലിയ ഒച്ചകളെ അതിജീവിച്ചുയരാൻ കെൽപ്പുള്ള ശബ്ദങ്ങൾ. ഒട്ടേറെ യോഗങ്ങളിലും സമ്മേളനങ്ങളിലും കേൾവിക്കാരനായും അപൂർവ്വം ചിലതിൽ വേദി പങ്കിടാനും എത്തുന്ന വേളകളിലൊക്കെ  ആന്തരികമായി വളരാനുതകുന്ന ഒരു വാക്കോ വാചകമോ ആശയമോ കിട്ടാറുണ്ട്‌. അല്ലെങ്കിൽ മനസ്സു കുളിർപ്പിക്കുന്ന ഒരു കഥയോ കവിതയോ സംഭാഷണമോ വീണുകിട്ടും. ചില പഴയ ചങ്ങാതിമാരെ കണ്ടുമുട്ടാം. പുതിയ സൗഹൃദങ്ങൾക്ക്‌ വഴിതുറക്കാം. അങ്ങനെ ഒരുപാട്‌ നേട്ടങ്ങൾക്ക്‌ ഇത്തരം സന്ദർഭങ്ങൾ ഉപകരിക്കാറുണ്ട്‌. കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിൻ- കേളികൊട്ട്‌ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2012 ആഗസ്റ്റ്‌ 19 ന്‌ കരുനാഗപ്പള്ളിയിൽ നടന്ന സി.എസ്‌.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണവും പുസ്തകചർച്ചയും ഉയർത്തിവിട്ടത്‌ ചില ശബ്ദങ്ങളാണ്‌. അത്‌ പകർന്ന ആഹ്ലാദമാണ്‌ ഈ കുറിപ്പിനു പ്രേരണയായി തീർന്നത്‌.


അനുസ്മരണവും പുസ്തകചർച്ചയും ശ്രീ.അശോകൻ
ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു

ഹാളിലേക്ക്‌ കടന്നപ്പോൾ തന്നെ മനസ്സു കുളിർത്തു - സുഹൃത്തുക്കളായ സജീവ്‌ ശൂരനാട്‌, മുജീബ്‌ ശൂരനാട്‌ എന്നിവരൊരുക്കിയ കാർട്ടൂൺ പ്രദർശനം. മുറ്റത്തെ മുല്ലയ്ക്ക്‌ ഇത്രയും മണമോ എന്നതിശയപ്പെട്ടുപോയി. മുഖപുസ്തകത്തിൽ രണ്ടുപേരുടെയും കാർട്ടൂണുകൾ കണ്ടിട്ടുണ്ടായിരുന്നെങ്കിലും പൊട്ടിച്ചിരിപ്പിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യിച്ച ആ വരകൾക്കു മുന്നിൽ എത്ര സമയം നിന്നുപോയി എന്നു തിട്ടമില്ല. അത്രയ്ക്ക്‌ ആസ്വാദ്യകരങ്ങളായിരുന്നു അവ. സജീവ്‌ ശൂരനാട്‌, ആനുകാലികപ്രശ്നങ്ങളെ അവലംബിച്ച്‌ വരച്ച ചില കാർട്ടൂണുകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുന്നവയെന്ന് നിസ്സംശയം പറയാം. ചിരിയ്ക്കും ചിന്തയ്ക്കും അപ്പുറം വർണ്ണങ്ങളുടെ ആകർഷണീയത കൂടി കാർട്ടൂണുകളെ ആസ്വാദകമനസ്സിൽ ഉറപ്പിക്കുന്നു.സജീവ്‌ ശൂരനാട്‌, മുജീബ്‌ ശൂരനാട്‌ എന്നിവരുടെ
കാർട്ടൂൺ പ്രദർശനം

കവിയും വിവർത്തകനും സാമൂഹികപരിഷ്കർത്താവുമായ ശ്രീ.സി.എസ്‌.സുബ്രഹ്മണ്യൻ പോറ്റിയുടെ ജന്മനാടായ കരുനാഗപ്പള്ളി അദ്ദേഹത്തെ ഓർക്കാതിരിക്കുമ്പോൾ, കേളികൊട്ട്‌ കൂട്ടായ്മ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഭാവനകളെയും അനുസ്മരിക്കാൻ തുനിഞ്ഞത്‌ എന്തുകൊണ്ടും ഔചിത്യപൂർണ്ണമായ സമീപനമായി. ദേശം മാത്രമല്ല മലയാളവും അദ്ദേഹത്തെ വിസ്മരിച്ചിരിക്കുന്നു. മലയാളത്തിൽ വിലാപകാവ്യപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും 'ദുർഗേശനന്ദിനി' അടക്കമുള്ള ബങ്കിംചന്ദ്ര ചാറ്റർജിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്ത സർഗ്ഗധനനായ അദ്ദേഹത്തെ പുതിയ തലമുറയ്ക്ക്‌ എത്രകണ്ട്‌  പരിചയമുണ്ട്‌ എന്നാശങ്കയുണ്ട്‌. 


C.S.സുബ്രഹ്മണ്യൻ പോറ്റി


മിതവാദിയിൽ പ്രസിദ്ധീകരിക്കപ്പെട്ട കുമാരനാശാന്റെ 'വീണപൂവ്‌' എന്ന കൃതിയുടെ പ്രസക്തി മനസ്സിലാക്കി അദ്ദേഹം സ്വന്തം മുഖവുരയോടെ അത്‌ ഭാഷാപോഷിണിയിൽ പുന:പ്രസിദ്ധീകരിച്ചത്‌ കവിതലോകത്തിൽ ഒരു വഴിത്തിരിവായി മാറി. കാൽപനിക കവിതാസരണിയുടെ തുടക്കക്കാരിൽ ഒരാളായി മാറാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നും മലയാളത്തിന്റെ വിവർത്തനശാഖ അദ്ദേഹത്തിലൂടെയാണ്‌ പടർന്നു പന്തലിച്ചതെന്നും മനസ്സിലാക്കുമ്പോൾ മാത്രമാണ്‌ മുഴുവൻ ലോകത്തിന്റെയും നെറുകിലേക്ക്‌ ഉയർത്തിക്കാട്ടേണ്ട പ്രതിഭാശാലിയെയാണ്‌ നമ്മൾ കൂടിച്ചേർന്ന് തമസ്കരിച്ചതെന്ന് ബോധ്യപ്പെടുന്നത്‌. നവകാലത്തിലേക്ക്‌ അദ്ദേഹത്തിന്റെ പേര്‌ കേൾപ്പിക്കാൻ ഇടമൊരുക്കിയ കേളികൊട്ടിന്റെ പ്രവർത്തനം തികച്ചും പ്രശംസനീയം തന്നെ.


രവിവർമ്മ തമ്പുരാൻ


പുതുതലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത്‌ ശ്രീ.രവിവർമ്മ തമ്പുരാന്റെ 'ചെന്താമരക്കൊക്ക' എന്ന പുസ്തകത്തിന്റെ ചർച്ചയായിരുന്നു തുടർന്നു നടന്നത്‌. പ്രശസ്ത നിരൂപകനായ ഡോ.ആർ.ഭദ്രൻ, വാഗ്മിയായ ശ്രീ.കെ.ബി.ശെൽവമണി, എന്നിവരുടെ വിലയിരുത്തലുകളിലൂടെ കഥയുടെ കാണാപ്പുറങ്ങളിലേക്ക്‌ പോകാനായി. നമ്മുടെ ജീവിതപരിസരങ്ങളെ ശരിക്കണ്ണിലൂടെ നോക്കിക്കാണുകയും സാമൂഹികാവസ്ഥകളെ മാനുഷികമായി വ്യാഖ്യാനിക്കുകയും പുതുകഥയുടെ രചനാവൈശിഷ്ട്യത്തിലൂന്നി ഹൃദയത്തിൽ ചേർന്നു പതിയുംവിധം അവതരിപ്പിക്കുകയും ചെയ്യുകയാണ്‌ 'ചെന്താമരക്കൊക്ക' എന്ന സമാഹാരത്തിലെ കഥകളിലൂടെ സർഗ്ഗധനനായ ഈ കഥാകൃത്ത്‌ ചെയ്യുന്നത്‌. ഏറെ വായന ആവശ്യപ്പെടുന്ന എഴുത്തുകാരനാണ്‌ ശ്രീ.രവിവർമ്മ തമ്പുരാൻ എന്ന് മനസ്സിൽ അടിവരയിടാൻ പുസ്തകചർച്ച വഴിതെളിച്ചു.
ഇതിനെല്ലാമുപരി  അത്ഭുതപ്പെടുത്തിയ ചില കാര്യങ്ങൾ കൂടി പറഞ്ഞാലേ ഈ കുറിപ്പ്‌ പൂർണ്ണമാകൂ. ഒരു കവിയോ കഥാകാരനോ ചിത്രകാരനോ ആദരിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്നിടത്ത്‌, അവരെപ്പോലെ തന്നെ സജീവമായി നിലകൊള്ളുന്നവർ അപൂർവ്വമായി മാത്രമേ സദസ്യരായി എത്തിച്ചേരാറുള്ളൂ. ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ എന്തെങ്കിലുമൊന്ന് അച്ചടിമഷി പുരണ്ടു വന്നുകഴിഞ്ഞാൽ, എന്നെക്കഴിഞ്ഞ്‌ ആരുമില്ലെന്ന ഭാവം പൊതുവേ നമ്മളെയെല്ലാം പിടികൂടുന്നതാണ്‌. കേളികൊട്ടിന്റെ പരിപാടിയിൽ സദസ്യരായി കലാസാഹിത്യരംഗങ്ങളിൽ സ്വന്തമായ ഇടം തുറന്നിട്ടുള്ള പ്രഗത്ഭരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. ഡോ.മുഞ്ഞിനാട്‌ പത്മകുമാർ, രാജൻ കൈലാസ്‌, ടി.എൻ.തൊടിയൂർ, സങ്‌.എം. കല്ലട, സി.എൻ.കുമാർ, ശാസ്താംകോട്ട അജയകുമാർ, ഗീത ഏറ്റുമാനൂർ, കെ.കെ.രമാകാന്ത്‌, മായ ഗോവിന്ദരാജ്‌ തുടങ്ങിയവരെ പ്രകീർത്തിക്കാതിരിക്കാൻ കഴിയുന്നില്ല.

ഫേസ്‌ബുക്ക്‌, ബ്ലോഗ്‌ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ രൂപപ്പെടുന്ന എഴുത്തുകാരുടെ സൗഹൃദങ്ങൾ ഇത്തരം പുതിയ അനുഭവങ്ങളിലേക്ക്‌ വഴിതുറക്കുന്നു എന്നുള്ളത്‌ ആശാവഹം തന്നെ. ഇതിന്റെ ശിൽപികളായ  ഇടക്കുളങ്ങര ഗോപൻ, നിധീഷ്‌, അജിത്‌.കെ.സി എന്നിവർക്കും കേളികൊട്ടിനെ സജീവമാക്കി നിലനിർത്തുന്ന സുഹൃത്തുക്കൾക്കും അഭിമാനിക്കാൻ ഒട്ടേറെ നേട്ടങ്ങളുമായാണ്‌ പരിപാടി അവസാനിച്ചത്‌. കേളികൊട്ട്‌ കൂട്ടായ്മ തീർക്കുന്ന പുതുശബ്ദങ്ങൾക്കായി ഇനി നമുക്ക്‌ കാതോർത്തിരിക്കാം.


O


PHOTOS: GIRISH MOHANSaturday, August 18, 2012

തിരക്കുള്ള തെരുവിലെ ഈ വീട്‌

കവിത
വി.ജയദേവ്‌വീട്ടിലെന്നും തിരക്ക്‌,
തിരക്കുള്ള തെരുവിലെ
വീട്ടിൽ.


വീടിറങ്ങിയാൽ റോഡ്‌.
റോഡിറങ്ങിയാൽ തിരക്ക്‌.
പായുന്ന വേഗങ്ങൾ.
ട്രാഫിക്‌ വിളക്കിൽ
നിൽക്കാത്ത ദുരിതങ്ങൾ.
നോക്കുകുത്തിയാക്കുന്ന
ആകാശപ്പരസ്യങ്ങൾ.
ഓട വഴിഞ്ഞൊഴുകുന്ന
ദൈന്യച്ചാലുകൾ.
പട്ടിണി,പാട്ടുകോളാമ്പി,
പകർച്ചവ്യാധികൾ,
വിലവിവരപ്പട്ടിക
നീട്ടുന്ന ആധികൾ.
കാമം വറ്റുന്ന കണ്ണിണ.


തിരക്കുള്ള വീട്ടിലേക്ക്‌
വാഹനപ്പുകയിൽ നിന്ന്‌
ഒരു മണം മാത്രം ദൂരം.
മുദ്രാവാക്യങ്ങളിൽ നിന്ന്‌
ഒരു മുദ്രമാത്രമകലം.
പ്രത്യയശാസ്ത്രങ്ങളിൽ നിന്ന്‌
ഒരു മതിൽക്കനം.
അറുകൊലയിൽ നിന്ന്‌
ഒരു പ്രാണന്റെ അകലം.


ലോറിയിടിച്ചു മരിച്ചൊരു ജീവൻ
ഉമ്മറത്ത്‌ നിയമത്തെയും കാത്ത്‌.
സ്കൂളിലേക്കോ വീട്ടിലേക്കോ
വഴിതെറ്റിയെന്ന്‌ ശങ്കിച്ച്‌
ആലീസ്‌ വിസ്മയത്തുമ്പത്ത്‌.
ചോരയടർന്ന രക്തസാക്ഷി
കൊടിനിറം നെഞ്ചിൽക്കൊണ്ട്‌.
തെരുവിൽ ഉപേക്ഷിക്കപ്പെട്ട
കുഞ്ഞ്‌ കരച്ചിലിന്റെ കൈപിടിച്ച്‌.
ചോരയിറ്റുന്ന വടിവാൾ
അടുത്ത തലയ്ക്കു കാത്ത്‌.


തിരക്കുള്ള തെരുവിലെ വീട്ടിൽ
തെരുവു നിറയുന്നു.
കാലാവധി കഴിഞ്ഞ
വാഹനപ്പുകയുടെ ശ്വാസംമുട്ടൽ.
നിയമങ്ങളഴിഞ്ഞ അട്ടഹാസം.
നേരുപറയുന്ന ഭ്രാന്തന്റെ
വായനാറ്റമുള്ള തുപ്പൽ.
മതിലിലൊട്ടുന്ന പുലഭ്യവും
പരദൂഷണങ്ങളും.
ചുറ്റുമതിലിന്റെ നിഴൽപറ്റി
കാമമിറ്റുന്ന നോട്ടങ്ങൾ.


അതിനിടയിൽ സംസാരിക്കാൻ
നമുക്ക്‌ ആകാശമെവിടെ?
ശബ്ദമെവിടെ?
ഒളിച്ചു ജീവിക്കാൻ ഭൂമിയും
ഒരു ജീവിതവും?
പറയാനൊരുങ്ങുമ്പോൾ
തെരുവത്രയും പറയുന്നു.
തെരുക്കൂത്ത്‌ ഉറയുന്നു.


തിരക്കുള്ള വീട്ടിലെ
മനസ്സിലും തെരുവാണ്‌ നിറയെ.
ഘടികാരസൂചികൾ മാത്രം
മുൻസമ്മതം വാങ്ങാതെ
തെരുവിന്റെ വാതിലിൽ മുട്ടുന്നു.


O

Sunday, August 12, 2012

പുസ്തകം

കവിത
എം.കൃഷ്ണകുമാർ


ചെറിയ പുസ്തകം
തുറന്നു വയ്ക്കുന്നു
മിഴിവിളക്കിന്റെ
തുടുത്ത നാളത്താൽ
പകുത്തെടുക്കുക.

പിശാചിനെയോർത്തു
പകച്ച ബാല്യത്തിൻ
നിശാഭയത്തിന്റെ
തുറിച്ച കണ്ണുണ്ട്‌;

കടക്കാരെത്തുമ്പോ-
ഴകത്തൊളിക്കുന്ന
പിതാവിനെയോർത്തു
കരഞ്ഞു തോരാതെ
മിഴിപ്പോളകളി-
ലുറക്കം തൂക്കിയ
പകൽഭയത്തിന്റെ
തളർന്ന കണ്ണുണ്ട്‌;

അരികിലെത്തിയോർ-
ക്കസഭ്യം വർഷിച്ച
ശിഥില യൗവ്വനം കരിപിടിപ്പിച്ച
കലുഷനോട്ടത്തിൻ
കറയുമുണ്ടിതിൽ.

ഇതിൽ മാനം കണ്ടു
മരിച്ച പീലിയു,ണ്ടുണങ്ങി-
ച്ചക്കിച്ച മഷിത്തണ്ടുമുണ്ട്‌;
പിറന്നനാൾ മുതൽ
കുടിച്ച കയ്പുണ്ട്‌
മിഴിനീരുപ്പുണ്ട്‌.

ഇതിലനാഥർ തൻ
മുഷിഞ്ഞ മാറാപ്പു-
ണ്ടതിൽ പരുങ്ങുന്ന
വിവശ ജന്മവും.

കിനാവു പങ്കിട്ട
കഠിനകുറ്റത്തി-
ന്നുടുപുടവയിൽ തീ പിടിപ്പിച്ച
അബലയാമൊരു
തരുണിയുമുണ്ട്‌;
കനവിലൊക്കെയും
കനലു പൊള്ളുന്ന
അനുജന്മാരുണ്ട്‌.

രക്ഷിച്ചെടുക്കവേ
കയ്യിൽ കടിച്ച പാമ്പുണ്ട്‌.
കടിക്കയാലാകെ
കറുത്തുപോയൊരാ
നളനുണ്ട്‌,രൂപം തിരിച്ചു-
നൽകുന്ന വസനമുണ്ട്‌,
അതൊന്നെടുത്തുടുക്കുമ്പോൾ
തിരിച്ചു കിട്ടുന്ന
പുതിയ രൂപത്തിൽ
കവിത പൂക്കുന്ന
കവി മനസ്സുണ്ട്‌ .....

തുറന്നു വയ്ക്കവേ,
ചെറിയ പുസ്തകം
വിളക്കിൻ കണ്ണുകൾ
തുറന്നിരിക്കുന്ന
തുറന്ന വീടുകൾ
തിരഞ്ഞുപോകുന്നു...

O


PHONE : 9447786852
ബോൺസായ്‌

കഥ
ബി.എസ്‌.സുജിത്‌     പ്രഭാതം പുഞ്ചിരി പൊഴിക്കാറായപ്പോൾ കിളിവാതിലിലൂടെ കിരണങ്ങളോടൊപ്പം ആഞ്ഞുവെട്ടലിന്റെ ശബ്ദവും കേൾക്കാം. അയൽപ്പക്കത്തെ ഡോക്ടർ സുഖ്‌വന്ദിർ മുറ്റമാകെ കിളയ്ക്കുകയാണ്‌. മലയാളികളെപ്പോലെ അദ്ധ്വാനത്തിന്‌ കരിയർ ഒരു മാനദണ്ഡമാക്കാത്ത പഞ്ചാബിയുടെ മനോധൈര്യത്തെ ആശ്ലേഷിച്ച്‌, പ്രഭാതസവാരിക്കിടെ ഡോക്ടറുടെ അരികിലെത്തി വിവരം ആരാഞ്ഞു. താനൊരു ആൽമരം മുറ്റത്ത്‌ നടുകയാണെന്ന് സുഖ്‌വന്ദിർ പറഞ്ഞപ്പോൾ അമ്പരന്നു. പേരാൽ വളർന്ന് മുറ്റമാകെ വ്യാപിക്കുമ്പോഴുണ്ടാകുന്ന അസൗകര്യത്തിന്റെ കണക്ക്‌ ചോദിച്ചപ്പോൾ സുഖ്‌വന്ദിർ മറുപടി പറഞ്ഞു. "താങ്കൾ പറയാറില്ലേ, ചെടികൾ സ്വാഭാവികമായി തഴച്ച്‌ വളരണമെന്ന്, അവയുടെ തനത്‌ വളർച്ച തടസ്സപ്പെടുത്തരുതെന്ന്. അന്നെനിക്കത്‌ മനസ്സിലായില്ല. ഇപ്പോൾ എനിക്കും പ്രിയപത്നിക്കുമത്‌ ശരിക്കും തിരിച്ചറിയാൻ കഴിഞ്ഞു.


ഓർമ്മയുടെ നനുത്ത ചെപ്പ്‌ തുറന്ന് എന്റെ അഭിപ്രായപ്രകടനത്തെ പുറത്തെടുത്തു. ഡോ.സുഖ്‌വന്ദിറിനും, ബോട്ടണിവിഭാഗം അധ്യാപികയായ പ്രീതം കൗറിനും മക്കളില്ലാതെപോയ കാലത്ത്‌, ചെടികളിലെ ബ്രീഡിംഗ്‌ ആയിരുന്നു മുഖ്യവിനോദം. പനപോലെ വളരേണ്ട അരയാൽ ഒരു ചട്ടിയിൽ വളർത്തി 'ബോൺസായ്‌' മാതൃക സൃഷ്ടിച്ചായിരുന്നു ഡോക്ടറും ടീച്ചറും സന്താനമില്ലായ്മയുടെ വിരസതയകറ്റിയത്‌. ആകാശംമുട്ടെ നീളത്തിൽ വളരേണ്ട തെങ്ങ്‌, ഇത്തിരിപ്പോന്ന ചട്ടിയിൽ കുലച്ചുനിൽക്കുമ്പോൾ, കാണാൻ ഭംഗിയാണെങ്കിലും ഡോക്ടറോട്‌ എന്റെ പരിഭവം അറിയിച്ചു. നീളൻതെങ്ങിൽ കയറുന്ന ഭരതൻ മൂപ്പരുടെ പുള്ളികളുള്ള കൈലിയെ വകഞ്ഞു മാറ്റി മുട്ടോളമെത്തുന്ന വരയൻ നിക്കറും, വെട്ടോത്തി കൊണ്ട്‌ ആഞ്ഞു വെട്ടുമ്പോഴുള്ള ഓലമടലിന്റെ അടരാർന്ന വിറയൽ ശബ്ദവും, ഉയരത്തിൽ നിന്ന് കുലതേങ്ങകൾ താഴെ വീഴുമ്പോഴുള്ള 'ടപ്പോ' ശബ്ദവും തെങ്ങിന്റെ നീളൻ മാഹത്മ്യത്തിനു മാറ്റ്‌ കൂട്ടുന്നവയാണ്‌. ഗ്രഹണസമയത്ത്‌ ആകാശത്ത്‌ ചന്ദ്രൻ മറയുമ്പോൾ, വീതിയുള്ള പാള കൊണ്ട്‌ തെങ്ങിലടിക്കുകയും, നൂറ്റൊന്നടിക്കുമ്പോൾ ശുക്രന്റെ വായിൽ നിന്ന് ചന്ദ്രൻ പുറത്തുവരികയും ചെയ്യുന്നത്‌ തെങ്ങ്‌ ആകാശത്തോളം ഉയരത്തിൽ നിൽക്കുന്നതുകൊണ്ടാണ്‌. ബോൺസായ്‌ മാതൃക സൃഷ്ടിച്ച്‌ എന്റെ നീളൻ അനുഭവങ്ങളെ ചെറുതാക്കരുതെന്ന് പറഞ്ഞത്‌, ഡോക്ടർ ഇപ്പോഴും മറന്നിട്ടില്ല.


സസ്യശാസ്ത്ര അധ്യാപികയായ പ്രീതം കൗറിന്‌ പേരാലിന്റെ ബോൺസായ്‌ മാതൃകയിലായിരുന്നു കൂടുതൽ കമ്പം. തെങ്ങിനേക്കാൾ അസഹനീയമായിരുന്നു എനിക്ക്‌ പേരാലിന്റെ കുറിയൻ മാതൃക. അരയാലിന്റെ നരച്ചതാടികളിൽ തൂങ്ങി ഊഞ്ഞാലാടുന്നതും, ചുവന്ന സാരിയുടുത്ത സുന്ദരിയായ സ്ത്രീയെ, കഴകം കേറിപ്പിടിച്ചപ്പോൾ അവൾ അരയാൽവിടവിലേക്ക്‌ കയറിപ്പോയതും, വിടവിറങ്ങിയപ്പോൾ കറുത്ത രൂപമുള്ള തടിച്ച മുലകളോടുകൂടിയ ഇരുണ്ട യക്ഷിയായതുമാണ്‌ പേരാലിന്റെ സമകാലികമഹിമകൾ. ദീർഘദൂരപഥികരുടെ നിഴലുകൾ ചുരുങ്ങി തണലേറുന്നത്‌ ഈ ആൽമരങ്ങളുടെ വിസ്തൃതിതറകളിലാണ്‌. ഈ തറകൾ ചുരുക്കുന്നത്‌ നമ്മുടെ തന്നെ വളർച്ചയെയാണ്‌.


"ഈ തറകൾ ചുരുക്കുന്നത്‌ നമ്മുടെ വളർച്ചയെ മാത്രമല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ കൂടി വളർച്ചയെയാണ്‌"; ഡോക്ടർ പ്രതിവചിച്ചു. സ്വദേശത്തായിരുന്ന ഡോക്ടർ-പ്രൊഫസർ ദമ്പതിമാരുടെ, നീണ്ട പത്തുവർഷത്തിനു ശേഷം പിറന്ന, ഇപ്പോൾ ബിരുദധാരികളായ ഹർവിന്ദറും ബൽബിന്ദറും വലിയ കുഴിയുടെ ആഴത്തിലേക്ക്‌ പേരാൽ എടുത്തു വെച്ച്‌ മണ്ണിട്ടുമൂടി. ദൈവത്തിന്റെ ബോൺസായ്‌ മാതൃകകളെ വളർത്തുന്ന ഞങ്ങൾ വിസ്തൃതമായ പേരാലിന്റെ ആരം കൂട്ടി കുമ്പസാരിക്കുന്നു - ഡോക്ടർ ആവർത്തിച്ചു.

എന്റെ വ്യാസമേറിയ നീളൻ അനുഭവങ്ങൾ കുമ്പസാരക്കൂട്ടിൽ കുറുകിത്തുടങ്ങിയപ്പോൾ പ്രഭാതനടത്തം ജോഗിംഗിന്റെ കിതപ്പിലേക്ക്‌ വഴി മാറി സഞ്ചരിച്ചു.  

O


PHONE : 9544868064Sunday, August 5, 2012

നെല്ലിയാമ്പതിയുടെ പാരിസ്ഥിതിക പ്രാധാന്യം

ലേഖനം
ജോൺ പെരുവന്താനം


         ശ്ചിമഘട്ടത്തിലെ നിത്യഹരിതവും നിബിഡവുമായ ജൈവവൈവിധ്യ സമൃദ്ധി കൊണ്ട്‌ അനുഗ്രഹീതമായ നെല്ലിയാമ്പതി മലനിരകൾ, കടുത്ത പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയാണ്‌. പാലക്കാട്‌ ചുരത്തിന്‌ തൊട്ടു തെക്കുപടിഞ്ഞാറ്‌ തൃശൂർ ജില്ലാ അതിർത്തി തുടങ്ങി കിഴക്ക്‌ തമിഴ്‌നാട്ടിലെ പൊള്ളാച്ചി സമതലങ്ങൾ വരെ നീണ്ടുകിടക്കുന്ന മലനിരകളെയാണ്‌ നെല്ലിയാമ്പതി എന്നു വിളിക്കുന്നത്‌. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള ആനമലക്കുന്നുകളുടെ തുടർച്ചയായി അതിന്റെ പടിഞ്ഞാറൻ ചരിവിൽ ഇടമലയാർ താഴ്‌വാരം തുടങ്ങി വടക്കോട്ട്‌ ടോപ്പ്‌ സ്ലീപ്പിനും വടക്ക്‌ പാലക്കാടൻ സമതലങ്ങൾ വരെയും പടിഞ്ഞാറ്‌ തൃശൂർ ജില്ലയിലെ പട്ടിക്കാട്‌ പറവാട്ടാനി അടിവാരക്കുന്നുകളും ഒക്കെ ഉൾപ്പെടുന്ന ഏകദേശം 1800 ച.കി.മീ. ഭൂപ്രദേശത്തെ നെല്ലിയാമ്പതി എന്നു വിളിക്കാം. പശ്ചിമഘട്ടത്തിന്റെ ഇവിടത്തെ ഏറ്റവും ഉയരത്തിലുള്ള നീർമറിരേഖ (Watershed Crestline) കടന്നുപോകുന്ന മലനിര കൂടാതെ നാല്‌ കിഴക്ക്‌ പടിഞ്ഞാറായുള്ള പാർശ്വനിരകളും അവയ്ക്കിടയിലുള്ള താഴ്‌വാരങ്ങളും ചേർന്നതാണ്‌ നെല്ലിയാമ്പതി. ഈ ഭൂപ്രദേശത്തിന്റെ വടക്കും കിഴക്കും പുറംചരിവുകൾ കഴിഞ്ഞാൽ ബാക്കിപ്രദേശങ്ങൾ വടക്കു കിഴക്കു നിന്നു തെക്കുപടിഞ്ഞാറേക്ക്‌ ചരിഞ്ഞു കിടക്കുന്നു. 4500 മി.മി വരെ ആണ്ടിൽ മഴ കിട്ടിയിരുന്ന നെല്ലിയാമ്പതി കുന്നുകൾ വനനശീകരണം മൂലം ഇന്ന് രൂക്ഷമായ കാലാവസ്ഥാവ്യതിയാനം നേരിടുന്ന പ്രദേശമാണ്‌.ചാലക്കുടി പുഴയിലേക്ക്‌ ജലം ചുരത്തുന്ന നെല്ലിയാമ്പതി കുന്നുകളുടെ പാരിസ്ഥിതിക ഹൃദയം നാല്‌ താഴ്‌വാരങ്ങളാണ്‌. വടക്കേ അറ്റത്തേത്‌ കാരപ്പാറ താഴ്‌വാരമാണ്‌. വരണ്ട പാലക്കാടൻ സമതലങ്ങളോടും  കിഴക്ക്‌ അതിലും വരണ്ട പൊള്ളാച്ചി സമതലങ്ങളോടും ചേർന്നുകിടക്കുന്ന ഏറ്റവും പാരിസ്ഥിതിക ലോലതയുള്ള ഭൂപ്രദേശമാണിത്‌.


നെല്ലിയാമ്പതി  മലനിരകളിൽ ഏകദേശം 500 ച.കി.മീ പ്രദേശം തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ്‌. ഇവിടുള്ള വനഭൂമി ആനമല (ഇന്ദിരാഗാന്ധി) കടുവസങ്കേതത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ തൃശൂർ, പാലക്കാട്‌ ജില്ലകളിലാണ്‌ നെല്ലിയാമ്പതിയുടെ ബാക്കിപ്രദേശം. നെന്മാറ, ചാലക്കുടി, വാഴച്ചാൽ വനംഡിവിഷനുകളിലും  പറമ്പിക്കുളം കടുവ സങ്കേതത്തിലുമാണ്‌. കേരളത്തിലെ കാടുകളിൽ 1909 ൽ തന്നെ റിസർവ്വ് ചെയ്യപ്പെട്ട 40,442 ഹെക്ടർ വിസ്തൃതിയുള്ള നെല്ലിയാമ്പതി റിസർവ്വും 41,363 ഹെക്ടർ വിസ്തൃതിയുള്ള കോടശ്ശേരി റിസർവ്വും 6977 ഹെക്ടർ വിസ്തൃതിയുള്ള തേക്കടി റിസർവ്വുമാണ്‌ നെല്ലിയാമ്പതിയിലെ മുഖ്യ റിസർവ്വു വനങ്ങൾ.


നെല്ലിയാമ്പതികുന്നുകളിൽ നിന്നുള്ള നീർവാർച്ച മുഖ്യമായും ചാലക്കുടി പുഴയിലൂടെയാണ്‌. തെക്ക്‌ പടിഞ്ഞാറൻ കോണിൽ നിന്നുത്ഭവിക്കുന്ന കരിവണ്ണൂർ പുഴയും വടക്കൻ പുറംചെരിവുകളിൽ നിന്നുത്ഭവിക്കുന്ന ഗായത്രിയും വടക്കുകിഴക്കേ കോണിൽ നിന്നുത്ഭവിക്കുന്ന ചിറ്റൂർ പുഴയുടെ തലപ്പത്തെ ആലിയാറും ഈ കുന്നിൻനിരകൾ നിയന്ത്രിക്കുന്ന കാലാവസ്ഥയെ ആശ്രയിച്ചൊഴുകുന്ന നദികളാണ്‌.


ജലസ്രോതസ്‌ എന്ന നിലയ്ക്ക്‌ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പശ്ചിമഘട്ട പ്രദേശമാണ്‌ നെല്ലിയാമ്പതി. പശ്ചിമഘട്ട മലനിരകൾക്ക്‌ വീതിയും ഉയരവും താരതമ്യേന ഏറ്റവും കൂടതലുള്ള പ്രദേശമാണ്‌ നെല്ലിയാമ്പതി ആനമലക്കുന്നുകൾ. ഇതുകൊണ്ടു തന്നെ ഈ മലമടക്കുകളുടെ ഉള്ളറകളിൽ ഏറ്റവും സമ്പന്നമായ ജൈവപരിണാമ ചരിത്രമുള്ള മഴക്കാടുകൾ ഉണ്ടാവും. ഇന്നും പശ്ചിമഘട്ടത്തിന്റെ കിഴക്കും പടിഞ്ഞാറും ചരിവുകളിൽ ഒരുപോലെ അൽപമെങ്കിലും തുടർച്ചയുള്ള വനഭൂമി ബാക്കിനിൽക്കുന്ന മൂന്ന്‌ പ്രദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ്‌ നെല്ലിയാമ്പതി. ഒരു പക്ഷെ, പശ്ചിമഘട്ടത്തിലേറ്റവും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും എണ്ണത്തിലും വിസ്തൃതിയിലും ഏറ്റവും കൂടുതൽ വന്യജീവി സംരക്ഷണകേന്ദ്രങ്ങളും രണ്ടു സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നതും ഇവിടെയാണ്‌. ഏറ്റവും പാരിസ്ഥിതിക ലോലതയും നാശസാദ്ധ്യതയുമുള്ള വനമേഖലയുമാണിത്‌. കയ്യേറ്റങ്ങളിലൂടെ ഇടുക്കി ജില്ലയിൽ സംഭവിച്ചതിലും വ്യാപ്തിയിൽ കുറഞ്ഞകാലം കൊണ്ട്‌ സ്വാഭാവിക വന-ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെട്ടതും ഇവിടെയായിരിക്കണം. 1840 കളിൽ വെള്ളക്കാർ നാണ്യവിളത്തോട്ടങ്ങൾക്കായി കാരപ്പാറ താഴ്‌വാരത്തിലും വാൽപ്പാറ മേഖലയിലും കാട്‌ തെളിക്കാൻ തുടങ്ങിയതു മുതൽ 1907 ൽ പണി തീർത്ത ചാലക്കുടി-പറമ്പിക്കുളം ട്രാംവേയും 1930 കളിൽ നിർമ്മിച്ച പെരിങ്ങൽകുത്ത്‌ അണക്കെട്ടും പിന്നെ 1950 കളിലെ പി.എ.പി അണക്കെട്ടുകളും ഒപ്പം കടന്നുവന്ന ഇൻഡസ്ട്രിയൽ പ്ലാന്റേഷൻ കാടുതെളിക്കലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിരിഞ്ഞുവന്ന പട്ടാളക്കാരെ പുനരധിവസിപ്പിക്കാൻ സ്ഥാപിച്ച എക്സ്‌ സർവ്വീസ്‌മെൻ കോളനികളും ഫോറസ്റ്റ്‌ ഡെവലപ്‌മെന്റ്‌ കോർപ്പറേഷന്റെ ഏലത്തോട്ടവും നെല്ലിയാമ്പതി കുന്നുകളെ നശിപ്പിച്ചു.


പറമ്പിക്കുളത്തിന്റെ വന്യമൃഗസമ്പത്ത്‌ മുന്നിൽ കാണിച്ച്‌ നാമിന്നതിനെ ഒരു വിനോദസഞ്ചാര തലസ്ഥാനമാക്കുന്നു. എന്നാൽ ഇന്ന് അവിടുള്ള ആനയ്ക്കും കടുവയ്ക്കും കാട്ടുപോത്തിനും ഒക്കെ പെട്ടെന്ന് തകരുന്ന അവിടത്തെ വന ആവാസവ്യവസ്ഥയെ എത്രകാലം കൂടി ആശ്രയിച്ച്‌ തുടരാമെന്നതിനെക്കുറിച്ച്‌ നമുക്ക്‌ പ്രത്യേകിച്ച്‌ വിചിന്തനമൊന്നുമില്ല. പറമ്പിക്കുളം താഴ്‌വാരത്തിന്റെ ആകെയുള്ളൊരു ഹരിതകവചം തൊട്ടു വടക്ക്‌ അനുദിനം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാരപ്പാറ താഴ്‌വാരമാണെന്നത്‌ വളരെ ലളിതമായൊരു പാരിസ്ഥിതിക തിരിച്ചറിവ്‌ മാത്രമാണ്‌. നെല്ലിയാമ്പതി കുന്നുകളിലെ പഴയ സെലക്ഷൻ ഫെല്ലിങ്ങും പിന്നാലെ വന്ന കാട്ടുതീയും മുളവെട്ടും ഈറ്റക്കൂപ്പും പാട്ടവ്യവസ്ഥകളൊക്കെ ലംഘിച്ച്‌ കാടൊക്കെ തെളിച്ച്‌ തൊഴിലാളികളെ നിലനിർത്താൻ എന്ന പേരിൽ മുതലാളിക്ക്‌ വേണ്ടി തുടരുന്ന വനനശീകരണവും പ്രബുദ്ധകേരളത്തിന്റെ ആത്മഹത്യാപരമായ വികസനമാതൃകയാണ്‌.  


വനം സംരക്ഷിക്കാതെ നമുക്ക്‌ നിലനിൽക്കാനാവില്ല. വനമെന്നത്‌ നിയമപരമായ രേഖയിലുള്ള ഭൂപ്രദേശം മാത്രമല്ല. കേരളത്തിൽ ജനജീവിതം സാദ്ധ്യമാക്കുന്ന ജീവസാഹചര്യം സൃഷ്ടിച്ച്‌ നിലനിർത്തുന്ന നൈസർഗ്ഗിക ജീവസമൂഹമാണ്‌. ശാസ്ത്രത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ നമുക്ക്‌ വ്യക്തമായി അറിയാം നമുക്കിന്നുള്ള കാടുകൾ ഒട്ടും മതിയാവില്ല,നമ്മുടെ തുടർച്ചയ്ക്ക്‌ എന്ന്.  ആഗോള കാലാവസ്ഥാമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ജൈവവൈവിധ്യം മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാന മൂലധനമാണെന്ന തിരിച്ചറിവുള്ളവരാകണം. ജൈവസമ്പന്നമായ കേരളത്തിന്‌, ഇന്നുള്ള കാടുകളെ സംരക്ഷിക്കാനും കാടുകളാകേണ്ട പ്രദേശങ്ങളെ വനപുന:സ്ഥാപനത്തിലൂടെ പരിചരിച്ച്‌ വരുംതലമുറകളുടെ നിലനിൽപ്പ്‌ ഉറപ്പാക്കാനും തുടങ്ങാം. ഇതിനേറ്റവും അനുയോജ്യമായ സ്ഥലവും സാഹചര്യവുമാണ്‌ നെല്ലിയാമ്പതി. ഭൂമുഖത്ത്‌ ഒരു ജീവിക്ക്‌ വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാൻ 50,000 ച.കി.മീ വിസ്തീർണ്ണമുള്ള ഒരു ഹോം റേഞ്ച്‌ ആവാസവ്യവസ്ഥ വേണമെന്നാണ്‌ അന്തർദേശീയ ശാസ്ത്രമാനദണ്ഡം. കേരള സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണ്ണം 38,868 ച.കി.മീ. മാത്രമാണ്‌. എന്നിട്ടും ഇവിടെ 4000 അധികം സ്പീഷീസുകൾ തിങ്ങിനിറഞ്ഞു നിലനിൽക്കുന്നു. ലോകത്തിലെ തന്നെ അത്ഭുത പ്രതിഭാസമായിട്ടുള്ള തെക്കൻ പശ്ചിമഘട്ടം വരുംതലമുറകൾക്ക്‌ വേണ്ടി കാത്തു സൂക്ഷിച്ചേ മതിയാകൂ.

O

Photos - Google

PHONE : 9947154564Saturday, August 4, 2012

ഇഞ്ചക്കാട്ടുകാരൻ

കവിത
ഇഞ്ചക്കാട്‌ ബാലചന്ദ്രൻകിണറുകൾക്കെല്ലാം ചിറകുമുളച്ചതറിയാതെയാണ്‌
ഞാൻ, ബോധോധയം ലഭിച്ച രാഹുലൻ
അറബിയുടെ ഈന്തപ്പനയിൽ നിന്നും താഴേക്കു പറന്നത്‌.
തിളയ്ക്കുന്ന മണൽ മണ്ണിനേക്കാൾ ഊഷരമാണ്‌
ഇഞ്ചക്കാട്ടെ 97 സെന്റും ഏഴു ലിങ്ക്സും.
വെളിച്ചം വീണുകിട്ടിയത്‌ നട്ടുച്ചയ്ക്ക്‌.
മൂന്നു ജോടി നല്ല ഡ്രസ്സ്‌, കൂളിംഗ്‌ ഗ്ലാസ് , കട്ടിമാല, സ്പ്രേ
പച്ചയിലേക്ക്‌ ആഴ്‌ന്നിറങ്ങാനൊരു മനസ്സും ഒപ്പിച്ചു.
കക്കാക്കുന്നിൽ കാറിറങ്ങും മുൻപേ കണ്ണിലുടക്കി
60 ഡിഗ്രി കരിഞ്ഞു നേടിയ ആറായിരം ച.അടി സൗധം.
കാൽ വെച്ചതേ ആഘോഷത്തിലേക്ക്‌,ആരവത്തിലേക്ക്‌.
കാലുറപ്പില്ലാത്ത ആൺപിറപ്പുകളും
കണ്ണുറയ്ക്കാത്ത പെൺജാതിയും വടംവലിച്ചു കളിക്കുന്നു.
കല്യാണം കഴിച്ചവർക്കെതിര്‌ കഴിക്കാത്തവർ.
വയസ്സനാനയ്ക്ക്‌ വയസ്സറിയിച്ച പെൺപിള്ളേർ.
വൃദ്ധന്മാർക്ക്‌ തൈക്കിളവികൾ.
മഹത്തായ കണ്ടുപിടുത്തം നടത്തിയ ദിനേശന്റെ
വിവിധ പോസിലുള്ള ഫ്ലക്സ്‌ ബോർഡുകൾ.
ജന്മനാടിന്റെ സ്വീകരണം കൊഴുക്കുന്നു,
കൃഷി മണ്ടത്തരമെന്നു കണ്ടെത്തിയ
ഇഞ്ചക്കാട്ടുകാരൻ ദിനേശൻ കീ ജയ്‌.
ആത്മഹത്യ ചെയ്ത കർഷകരുടെ അനുഗ്രഹം
ആത്മഹത്യയ്ക്ക്‌ മുഹൂർത്തം കാക്കുന്നോരുടെ പ്രാർത്ഥന.
നഷ്ട കൃഷിക്ക്‌ കൃത്യമായ ബദൽ.
സമുദ്രനിരപ്പിൽ നിന്നും അയ്യായിരം അടിക്കുമേൽ വസിക്കുന്ന
വയനാട്ടും ഇടുക്കിയിലും ഇനി ആരും ചാകേണ്ട.
ദിനേശന്റെ കണ്ടുപിടുത്തം രക്ഷയ്ക്കുണ്ട്‌.
ആർപ്പുവിളികൾക്കൊപ്പം ആകാശത്തേക്കുയരുന്നു ദിനേശൻ.
പണ്ടെന്നോ കായംകുളത്തുകാരൻ ഒരു സാഹിബ്ബ്‌
ഭാഗ്യക്കുറി കണ്ടുപിടിച്ച ശേഷം നടാടെ ഒരു മലയാളി.
ജീൻ കലവറ മുതലാളിമാരുടെ രഹസ്യപണമോ
ഫോർഡ്‌ ഫൗണ്ടേഷന്റെ ഫണ്ടോ ഇല്ലാത്ത ഗവേഷണം.
ദിനേശൻ സബ്‌ രജിസ്ട്രാർ ആഫീസിലെ ഗുമസ്തൻ
പുറംവരുമാനമില്ലാത്ത അവധിദിവസങ്ങളിൽ
അവനിലെ ജിജ്ഞാസു ഉണരും.
എന്തെങ്കിലും കണ്ടുപിടിച്ചേ അടങ്ങൂ.
ആവി എഞ്ചിൻ മുതൽ നാനോ കണം വരെ
ദ്രോഹികൾ തനിക്ക്‌ മുൻപേ കണ്ടുപിടിച്ചതിൽ ഖേദം.
അന്വേഷണം പഴയ ആധാരക്കെട്ടിൽ നിന്നും തുടങ്ങി.
ആദ്യമേ കണ്ടെത്തിയത്‌ എൺപതു സെന്റിന്റെ തായ്‌വേര്‌.
ഏത്‌ കണ്ടെത്തെലിന്റെ പിന്നിലും ഒരു പെണ്ണുണ്ടത്രേ.
പെണ്ണുണ്ട്‌, പേര്‌ കുഞ്ഞിക്കാവു.
അച്ഛന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ അമ്മ.
ദേശവാഴിയെ മുഖം കാണിച്ചപ്പോൾ
കണ്ണായ അഞ്ഞൂറേക്രക്ക്‌ കരമൊഴിവ്‌.
തലമുറകൾ കീറിക്കീറി എൺപതു സെന്റായി ദിനേശനിൽ.
പറഞ്ഞഭിമാനിക്കാൻ രാജരക്തത്തിന്റെ ഏതാനും തുള്ളികളും.
കൃഷിക്കണക്ക്‌ പുസ്തകത്തിലെ കയറ്റിറക്കം
കണ്ടുപിടുത്തത്തിൽ അവസാനിച്ചു.
അതിനാൽ മൂന്നുവർഷമായി ഭൂമി
കുടിയേറ്റക്കാർക്കായി വിട്ടുകൊടുത്തു.
അതിൽ പ്രധാനികൾ രണ്ടുകൂട്ടർ,
1809 ൽ അമേരിക്കയിൽ നിന്നും കൽക്കട്ട തുറമുഖത്ത്‌ കപ്പലിറങ്ങി
തെക്കോട്ട്‌ നടന്നു ഇവിടെ കുടിപാർത്ത
Lantana Camera എന്ന മുത്തങ്ങ പുല്ലു.
വെസ്റ്റിണ്ടീസ്‌ ക്രിക്കറ്റ്‌ ടീം എത്തും മുമ്പ്‌
1942-ൽ ഇവിടേയ്ക്ക്‌ വന്ന Chromo Laena എന്ന കമ്യൂണിസ്റ്റ്‌ പച്ച.
ജെ.സി.ബി ഉപയോഗിച്ചുള്ള അത്യുൽപ്പാദന കൃഷി
നന്നായി പരീക്ഷിച്ച ശേഷമേ വെളിപ്പെടുത്തിയുള്ളൂ
ആന, ആനച്ചമയം, ബാന്റുമേളം, താലപ്പൊലിക്കന്യകമാർ.
സമയമെടുത്ത്‌ പോയിന്റുകടന്നു മൈതാനത്ത്‌
പ്രസംഗം കൊഴുപ്പിച്ചത്‌ അബ്കാരി ശശാങ്കൻ,
അമ്പലം പ്രസിഡന്റ്‌ സുഗുണൻനായർ
അൽ ഹംസൽ മെഡിക്കൽ കോളേജുടമ
ആക്രി ഹാജി എന്ന ഹംസാഹാജി
കേരളരാജ്യം പത്രം ജേക്കബ്ബു പുന്നക്കാടൻ.
കൃഷി ദുരന്ത പ്രഘോഷണ പ്രസംഗങ്ങൾ.
നെല്ല്, എള്ള്‌, വാഴ,പയർ, ഇഞ്ചി, മരച്ചീനി
ഇനി ഇഞ്ചക്കാട്ടുകാർ നടില്ല, ഉറപ്പ്‌.
ആദ്യം കിളികളും പിന്നെ കൃഷിക്കാരും കയ്യൊഴിഞ്ഞ
അക്കേഷ്യ, സുബാബിൽ, യൂക്കാലിപ്സ്‌, മാഞ്ചിയം
എന്നീ വിദേശമരങ്ങളും പിഴുതെറിയും
ഇരുപ്പൂ നിലങ്ങളിൽ ഇഷ്ടിക 110 മേനി വിളയും
കന്നാസും കുപ്പികളും 660 മേനി.
എക്സൈസ്‌ പോലീസ്‌ ഗുണ്ടാ രാഷ്ട്രീയക്കാർക്ക്‌
വായ്ക്കരിയിട്ടാലും മൂന്നിരട്ടി ലാഭം, പക്ഷേ ഉപേക്ഷിച്ചു.
കരിമ്പാറ കൃഷിക്ക്‌ 900 മേനി
ചെങ്കല്ലിനു 110 ഉം കരമണൽ കൃഷിക്ക്‌ 3000 വും
കൊയ്ത്‌ കൊയ്ത്‌ കൊയ്ത്‌ കൂട്ട്‌.
ടോട്ടലീ കൺഫ്യൂസ്ഡ്‌ ആയ രാഹുലൻ.
ഒരു നെൽവിത്തിൽ നിന്നും 85 മുതൽ 110
നെന്മണി കിട്ടുമെന്ന് പഴമക്കാർ പറഞ്ഞത്‌ പൊളിയോ.
മണ്ണ്‌ തൊടും പയർവിത്തും നൂറായ്‌ മാറുമത്രേ,
ഒരു വാഴവിത്തിൽ നിന്നും മുട്ടനൊരു കുലയും
അഞ്ചാറു വിത്തുകളും ഒത്തിരി ഇലകളും.
പൂമ്പാറ്റകളുണ്ണും കൂമ്പാളതേനിനു കണക്കുമില്ല.
തെങ്ങ്‌ വിസ്മയം തീർക്കുന്നു.
ആകാശത്തേക്കുയരുന്ന ഒറ്റത്തടി.
വീട്‌,വീട്ടുപകരണങ്ങൾ, വിറക്‌
ഓലകൾ നൂറിലേറെ, ചൂട്ടും കൊതുമ്പും.
കരിക്കും മധുരക്കള്ളും, തേങ്ങയും
ഭക്ഷണം, കുളിര്‌, തണൽ, അഭയം ...
മെല്ലെ നടക്കുമ്പോൾ, രാഹുലൻ, ഞാൻ കേട്ടത്‌
ഭൂമിയുടെ യാചനാ മന്ത്രണം.
എനിക്കൊരു പച്ചില തരുമോയെന്നു
ചുറ്റിലും നിന്ന് പറിച്ചെടുത്ത കണ്ണുകൾ
ഹൃദയത്തിലേക്ക്‌ തുളഞ്ഞു കയറുന്നു.
ഒന്നാമത്തെ അറയിൽ വ്യഥയുടെ വൃക്ഷം
നിറയെ കുഞ്ഞിലകൾ, പക്ഷേ ചുവപ്പ്‌.
രണ്ടാമറയിൽ മരിച്ച കനവുകളുടെ പ്രേതങ്ങൾ
തുറക്കില്ല ഞാൻ.
മൂന്നാമത്തെ അറയിൽ അപമൃത്യു വരിച്ച
സുഹൃത്തുക്കളുടെ ഓർമ്മപുസ്തകം.
തുറന്നാൽ സങ്കടപ്പുഴയൊഴുകും.
നാലാമത്തെതിൽ ഇരുണ്ടുപോയ വാക്കുകളുടെ പ്രളയം.
ഒന്നാം അറയേ ശരണം.
ഭൂമിയുടെ ഹൃത്തിലേക്ക്‌
ഒരു തളിരില ഒഴുകുന്നു.
ചുവപ്പിനെ പച്ചയാക്കുന്ന മന്ത്രം ഭൂമിക്കറിയാം.


 O


PHONE : 9656466310