Sunday, August 26, 2012

കൂട്ടായ്മയുടെ ശബ്ദങ്ങൾ

നേർക്കാഴ്ച
ഇഞ്ചക്കാട്‌ ബാലചന്ദ്രൻ











             ചില ശബ്ദങ്ങൾ അങ്ങനെയാണ്‌. മറ്റു വലിയ ഒച്ചകളെ അതിജീവിച്ചുയരാൻ കെൽപ്പുള്ള ശബ്ദങ്ങൾ. ഒട്ടേറെ യോഗങ്ങളിലും സമ്മേളനങ്ങളിലും കേൾവിക്കാരനായും അപൂർവ്വം ചിലതിൽ വേദി പങ്കിടാനും എത്തുന്ന വേളകളിലൊക്കെ  ആന്തരികമായി വളരാനുതകുന്ന ഒരു വാക്കോ വാചകമോ ആശയമോ കിട്ടാറുണ്ട്‌. അല്ലെങ്കിൽ മനസ്സു കുളിർപ്പിക്കുന്ന ഒരു കഥയോ കവിതയോ സംഭാഷണമോ വീണുകിട്ടും. ചില പഴയ ചങ്ങാതിമാരെ കണ്ടുമുട്ടാം. പുതിയ സൗഹൃദങ്ങൾക്ക്‌ വഴിതുറക്കാം. അങ്ങനെ ഒരുപാട്‌ നേട്ടങ്ങൾക്ക്‌ ഇത്തരം സന്ദർഭങ്ങൾ ഉപകരിക്കാറുണ്ട്‌. കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിൻ- കേളികൊട്ട്‌ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2012 ആഗസ്റ്റ്‌ 19 ന്‌ കരുനാഗപ്പള്ളിയിൽ നടന്ന സി.എസ്‌.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണവും പുസ്തകചർച്ചയും ഉയർത്തിവിട്ടത്‌ ചില ശബ്ദങ്ങളാണ്‌. അത്‌ പകർന്ന ആഹ്ലാദമാണ്‌ ഈ കുറിപ്പിനു പ്രേരണയായി തീർന്നത്‌.


അനുസ്മരണവും പുസ്തകചർച്ചയും ശ്രീ.അശോകൻ
ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു

ഹാളിലേക്ക്‌ കടന്നപ്പോൾ തന്നെ മനസ്സു കുളിർത്തു - സുഹൃത്തുക്കളായ സജീവ്‌ ശൂരനാട്‌, മുജീബ്‌ ശൂരനാട്‌ എന്നിവരൊരുക്കിയ കാർട്ടൂൺ പ്രദർശനം. മുറ്റത്തെ മുല്ലയ്ക്ക്‌ ഇത്രയും മണമോ എന്നതിശയപ്പെട്ടുപോയി. മുഖപുസ്തകത്തിൽ രണ്ടുപേരുടെയും കാർട്ടൂണുകൾ കണ്ടിട്ടുണ്ടായിരുന്നെങ്കിലും പൊട്ടിച്ചിരിപ്പിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യിച്ച ആ വരകൾക്കു മുന്നിൽ എത്ര സമയം നിന്നുപോയി എന്നു തിട്ടമില്ല. അത്രയ്ക്ക്‌ ആസ്വാദ്യകരങ്ങളായിരുന്നു അവ. സജീവ്‌ ശൂരനാട്‌, ആനുകാലികപ്രശ്നങ്ങളെ അവലംബിച്ച്‌ വരച്ച ചില കാർട്ടൂണുകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുന്നവയെന്ന് നിസ്സംശയം പറയാം. ചിരിയ്ക്കും ചിന്തയ്ക്കും അപ്പുറം വർണ്ണങ്ങളുടെ ആകർഷണീയത കൂടി കാർട്ടൂണുകളെ ആസ്വാദകമനസ്സിൽ ഉറപ്പിക്കുന്നു.



സജീവ്‌ ശൂരനാട്‌, മുജീബ്‌ ശൂരനാട്‌ എന്നിവരുടെ
കാർട്ടൂൺ പ്രദർശനം

കവിയും വിവർത്തകനും സാമൂഹികപരിഷ്കർത്താവുമായ ശ്രീ.സി.എസ്‌.സുബ്രഹ്മണ്യൻ പോറ്റിയുടെ ജന്മനാടായ കരുനാഗപ്പള്ളി അദ്ദേഹത്തെ ഓർക്കാതിരിക്കുമ്പോൾ, കേളികൊട്ട്‌ കൂട്ടായ്മ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഭാവനകളെയും അനുസ്മരിക്കാൻ തുനിഞ്ഞത്‌ എന്തുകൊണ്ടും ഔചിത്യപൂർണ്ണമായ സമീപനമായി. ദേശം മാത്രമല്ല മലയാളവും അദ്ദേഹത്തെ വിസ്മരിച്ചിരിക്കുന്നു. മലയാളത്തിൽ വിലാപകാവ്യപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും 'ദുർഗേശനന്ദിനി' അടക്കമുള്ള ബങ്കിംചന്ദ്ര ചാറ്റർജിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്ത സർഗ്ഗധനനായ അദ്ദേഹത്തെ പുതിയ തലമുറയ്ക്ക്‌ എത്രകണ്ട്‌  പരിചയമുണ്ട്‌ എന്നാശങ്കയുണ്ട്‌. 


C.S.സുബ്രഹ്മണ്യൻ പോറ്റി


മിതവാദിയിൽ പ്രസിദ്ധീകരിക്കപ്പെട്ട കുമാരനാശാന്റെ 'വീണപൂവ്‌' എന്ന കൃതിയുടെ പ്രസക്തി മനസ്സിലാക്കി അദ്ദേഹം സ്വന്തം മുഖവുരയോടെ അത്‌ ഭാഷാപോഷിണിയിൽ പുന:പ്രസിദ്ധീകരിച്ചത്‌ കവിതലോകത്തിൽ ഒരു വഴിത്തിരിവായി മാറി. കാൽപനിക കവിതാസരണിയുടെ തുടക്കക്കാരിൽ ഒരാളായി മാറാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നും മലയാളത്തിന്റെ വിവർത്തനശാഖ അദ്ദേഹത്തിലൂടെയാണ്‌ പടർന്നു പന്തലിച്ചതെന്നും മനസ്സിലാക്കുമ്പോൾ മാത്രമാണ്‌ മുഴുവൻ ലോകത്തിന്റെയും നെറുകിലേക്ക്‌ ഉയർത്തിക്കാട്ടേണ്ട പ്രതിഭാശാലിയെയാണ്‌ നമ്മൾ കൂടിച്ചേർന്ന് തമസ്കരിച്ചതെന്ന് ബോധ്യപ്പെടുന്നത്‌. നവകാലത്തിലേക്ക്‌ അദ്ദേഹത്തിന്റെ പേര്‌ കേൾപ്പിക്കാൻ ഇടമൊരുക്കിയ കേളികൊട്ടിന്റെ പ്രവർത്തനം തികച്ചും പ്രശംസനീയം തന്നെ.


രവിവർമ്മ തമ്പുരാൻ


പുതുതലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത്‌ ശ്രീ.രവിവർമ്മ തമ്പുരാന്റെ 'ചെന്താമരക്കൊക്ക' എന്ന പുസ്തകത്തിന്റെ ചർച്ചയായിരുന്നു തുടർന്നു നടന്നത്‌. പ്രശസ്ത നിരൂപകനായ ഡോ.ആർ.ഭദ്രൻ, വാഗ്മിയായ ശ്രീ.കെ.ബി.ശെൽവമണി, എന്നിവരുടെ വിലയിരുത്തലുകളിലൂടെ കഥയുടെ കാണാപ്പുറങ്ങളിലേക്ക്‌ പോകാനായി. നമ്മുടെ ജീവിതപരിസരങ്ങളെ ശരിക്കണ്ണിലൂടെ നോക്കിക്കാണുകയും സാമൂഹികാവസ്ഥകളെ മാനുഷികമായി വ്യാഖ്യാനിക്കുകയും പുതുകഥയുടെ രചനാവൈശിഷ്ട്യത്തിലൂന്നി ഹൃദയത്തിൽ ചേർന്നു പതിയുംവിധം അവതരിപ്പിക്കുകയും ചെയ്യുകയാണ്‌ 'ചെന്താമരക്കൊക്ക' എന്ന സമാഹാരത്തിലെ കഥകളിലൂടെ സർഗ്ഗധനനായ ഈ കഥാകൃത്ത്‌ ചെയ്യുന്നത്‌. ഏറെ വായന ആവശ്യപ്പെടുന്ന എഴുത്തുകാരനാണ്‌ ശ്രീ.രവിവർമ്മ തമ്പുരാൻ എന്ന് മനസ്സിൽ അടിവരയിടാൻ പുസ്തകചർച്ച വഴിതെളിച്ചു.




ഇതിനെല്ലാമുപരി  അത്ഭുതപ്പെടുത്തിയ ചില കാര്യങ്ങൾ കൂടി പറഞ്ഞാലേ ഈ കുറിപ്പ്‌ പൂർണ്ണമാകൂ. ഒരു കവിയോ കഥാകാരനോ ചിത്രകാരനോ ആദരിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്നിടത്ത്‌, അവരെപ്പോലെ തന്നെ സജീവമായി നിലകൊള്ളുന്നവർ അപൂർവ്വമായി മാത്രമേ സദസ്യരായി എത്തിച്ചേരാറുള്ളൂ. ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ എന്തെങ്കിലുമൊന്ന് അച്ചടിമഷി പുരണ്ടു വന്നുകഴിഞ്ഞാൽ, എന്നെക്കഴിഞ്ഞ്‌ ആരുമില്ലെന്ന ഭാവം പൊതുവേ നമ്മളെയെല്ലാം പിടികൂടുന്നതാണ്‌. കേളികൊട്ടിന്റെ പരിപാടിയിൽ സദസ്യരായി കലാസാഹിത്യരംഗങ്ങളിൽ സ്വന്തമായ ഇടം തുറന്നിട്ടുള്ള പ്രഗത്ഭരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. ഡോ.മുഞ്ഞിനാട്‌ പത്മകുമാർ, രാജൻ കൈലാസ്‌, ടി.എൻ.തൊടിയൂർ, സങ്‌.എം. കല്ലട, സി.എൻ.കുമാർ, ശാസ്താംകോട്ട അജയകുമാർ, ഗീത ഏറ്റുമാനൂർ, കെ.കെ.രമാകാന്ത്‌, മായ ഗോവിന്ദരാജ്‌ തുടങ്ങിയവരെ പ്രകീർത്തിക്കാതിരിക്കാൻ കഴിയുന്നില്ല.





ഫേസ്‌ബുക്ക്‌, ബ്ലോഗ്‌ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ രൂപപ്പെടുന്ന എഴുത്തുകാരുടെ സൗഹൃദങ്ങൾ ഇത്തരം പുതിയ അനുഭവങ്ങളിലേക്ക്‌ വഴിതുറക്കുന്നു എന്നുള്ളത്‌ ആശാവഹം തന്നെ. ഇതിന്റെ ശിൽപികളായ  ഇടക്കുളങ്ങര ഗോപൻ, നിധീഷ്‌, അജിത്‌.കെ.സി എന്നിവർക്കും കേളികൊട്ടിനെ സജീവമാക്കി നിലനിർത്തുന്ന സുഹൃത്തുക്കൾക്കും അഭിമാനിക്കാൻ ഒട്ടേറെ നേട്ടങ്ങളുമായാണ്‌ പരിപാടി അവസാനിച്ചത്‌. കേളികൊട്ട്‌ കൂട്ടായ്മ തീർക്കുന്ന പുതുശബ്ദങ്ങൾക്കായി ഇനി നമുക്ക്‌ കാതോർത്തിരിക്കാം.


O


PHOTOS: GIRISH MOHAN



2 comments:

  1. ഇത്തരം നല്ല പരിപാടികൾ വരട്ടെ
    നാളെയുടെ പറച്ചിലുകളായ ബ്ലോഗുകളും സോഷ്യൽ മീഡിയകളും വളരട്ടെ മലയാളവും

    ReplyDelete
  2. ഫേസ്‌ബുക്ക്‌, ബ്ലോഗ്‌ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ രൂപപ്പെടുന്ന എഴുത്തുകാരുടെ സൗഹൃദങ്ങൾ ഇത്തരം പുതിയ അനുഭവങ്ങളിലേക്ക്‌ വഴിതുറക്കുന്നു എന്നുള്ളത്‌ ആശാവഹം തന്നെ. ഇതിന്റെ ശിൽപികളായ ഇടക്കുളങ്ങര ഗോപൻ, നിധീഷ്‌, അജിത്‌.കെ.സി എന്നിവർക്കും കേളികൊട്ടിനെ സജീവമാക്കി നിലനിർത്തുന്ന സുഹൃത്തുക്കൾക്കും അഭിമാനിക്കാൻ ഒട്ടേറെ നേട്ടങ്ങളുമായാണ്‌ പരിപാടി അവസാനിച്ചത്‌.എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍.

    ReplyDelete

Leave your comment