കവിത
എ.എസ്.കൃഷ്ണൻ
മണ്ണുകുഴച്ചു മറിച്ചുമെനഞ്ഞൊരു
വണ്ണമേറീടുന്ന മാവേലിമന്നനെ
കണ്ണുനിറയവെ കാണ്മതിനെന്നുടെ
മണ്ണിലൊരിക്കൽ തിരിച്ചിങ്ങുവന്നെങ്കിൽ
അർക്കനണഞ്ഞന്ധകാരം വരുംവരെ
പൂക്കളിറുത്തുനിറച്ചു പൂക്കൂടയിൽ
പൂക്കളം പിറ്റേന്നു തീർക്കുവാനോടിയ
പൂക്കാലമൊന്നു തിരിച്ചിങ്ങുവന്നെങ്കിൽ
ചേണാർന്ന മാവേലിമന്നനു മുന്നിലായ്
ഓണവില്ലിൽ മേളമീണത്തിൽ തീർത്തതും
ഓണം മുഴുവൻ കളിച്ചുതിമിർത്തതും
ഓണദിനങ്ങൾ തിരിച്ചിങ്ങുവന്നെങ്കിൽ.
ആദരണീയരേകുന്നൊരോണപ്പുട
സാദരമങ്ങു ധരിച്ചുമുദിതരായ്
സോദരൊത്തു കളിച്ചുരസിച്ചതാം
മോദമുഹൂർത്തം തിരിച്ചിങ്ങുവന്നെങ്കിൽ
മുറ്റം മെഴുകിയണിഞ്ഞു പൂക്കൾ ചാർത്തി
മുറ്റി നിൽക്കും കാന്തി മാവേലിമന്നന്
ചുറ്റും പ്രദക്ഷിണം വായ്ക്കുരവ,പുകൾ
പെറ്റദിനങ്ങൾ തിരിച്ചിങ്ങുവന്നെങ്കിൽ
പപ്പടം കാച്ചി പഴംനുറുക്കുപ്പേരി
ഉപ്പുമാങ്ങയും പുളീഞ്ചിനാരങ്ങയും
ഒപ്പം രുചിയുള്ള കാളനുമോലനും
പാൽപ്പായസവും തിരിച്ചിങ്ങുവന്നെങ്കിൽ
നട്ടുച്ചനേരവും പൊള്ളും വെയിലതും
കുട്ടികൾ പന്തെടുത്താഞ്ഞടിക്കുന്നതും
കോട്ടകളിപ്പതും തട്ടിവീഴുന്നതും
പൊട്ടിച്ചിരിയും തിരിച്ചിങ്ങുവന്നെങ്കിൽ
ഇട്ടിരിപ്പാനാവണപ്പലകയതും
പെട്ടി,കടുകിടാൻ ഉപ്പുമരികയും
വെട്ടുകത്തി ഓണംവെയ്ക്കുന്നൊരാദിനം
ഒട്ടുസമയം തിരിച്ചിങ്ങുവന്നെങ്കിൽ
ഓണനിലാവിൽ തുയിലുണർത്തുന്നതും
പാണർ തൻ പാട്ടുകൾ കേട്ടിരിക്കുന്നതും
ഈണത്തിൽ മങ്കമാരോണം കളിപ്പതും
ചേണാർന്ന മേള തിരിച്ചിങ്ങുവന്നെങ്കിൽ
നീതിയും ന്യായവും സത്യവും മുക്തിയും
ഏതൊരുത്തനുമൊരുപോൽ കരഗതം
ഭൂതകാലം മഹാൻ മാവേലിമന്നന്റെ
ഭൂതലേ, യൊന്നുതിരിച്ചിങ്ങുവന്നെങ്കിൽ.
O
PHONE : 0480 2705466
സർ,
ReplyDeleteമനോഹരം.
Wonderful feeling Sir!!!!
ReplyDelete