Sunday, August 5, 2012

നെല്ലിയാമ്പതിയുടെ പാരിസ്ഥിതിക പ്രാധാന്യം

ലേഖനം
ജോൺ പെരുവന്താനം










         ശ്ചിമഘട്ടത്തിലെ നിത്യഹരിതവും നിബിഡവുമായ ജൈവവൈവിധ്യ സമൃദ്ധി കൊണ്ട്‌ അനുഗ്രഹീതമായ നെല്ലിയാമ്പതി മലനിരകൾ, കടുത്ത പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയാണ്‌. പാലക്കാട്‌ ചുരത്തിന്‌ തൊട്ടു തെക്കുപടിഞ്ഞാറ്‌ തൃശൂർ ജില്ലാ അതിർത്തി തുടങ്ങി കിഴക്ക്‌ തമിഴ്‌നാട്ടിലെ പൊള്ളാച്ചി സമതലങ്ങൾ വരെ നീണ്ടുകിടക്കുന്ന മലനിരകളെയാണ്‌ നെല്ലിയാമ്പതി എന്നു വിളിക്കുന്നത്‌. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള ആനമലക്കുന്നുകളുടെ തുടർച്ചയായി അതിന്റെ പടിഞ്ഞാറൻ ചരിവിൽ ഇടമലയാർ താഴ്‌വാരം തുടങ്ങി വടക്കോട്ട്‌ ടോപ്പ്‌ സ്ലീപ്പിനും വടക്ക്‌ പാലക്കാടൻ സമതലങ്ങൾ വരെയും പടിഞ്ഞാറ്‌ തൃശൂർ ജില്ലയിലെ പട്ടിക്കാട്‌ പറവാട്ടാനി അടിവാരക്കുന്നുകളും ഒക്കെ ഉൾപ്പെടുന്ന ഏകദേശം 1800 ച.കി.മീ. ഭൂപ്രദേശത്തെ നെല്ലിയാമ്പതി എന്നു വിളിക്കാം. പശ്ചിമഘട്ടത്തിന്റെ ഇവിടത്തെ ഏറ്റവും ഉയരത്തിലുള്ള നീർമറിരേഖ (Watershed Crestline) കടന്നുപോകുന്ന മലനിര കൂടാതെ നാല്‌ കിഴക്ക്‌ പടിഞ്ഞാറായുള്ള പാർശ്വനിരകളും അവയ്ക്കിടയിലുള്ള താഴ്‌വാരങ്ങളും ചേർന്നതാണ്‌ നെല്ലിയാമ്പതി. ഈ ഭൂപ്രദേശത്തിന്റെ വടക്കും കിഴക്കും പുറംചരിവുകൾ കഴിഞ്ഞാൽ ബാക്കിപ്രദേശങ്ങൾ വടക്കു കിഴക്കു നിന്നു തെക്കുപടിഞ്ഞാറേക്ക്‌ ചരിഞ്ഞു കിടക്കുന്നു. 4500 മി.മി വരെ ആണ്ടിൽ മഴ കിട്ടിയിരുന്ന നെല്ലിയാമ്പതി കുന്നുകൾ വനനശീകരണം മൂലം ഇന്ന് രൂക്ഷമായ കാലാവസ്ഥാവ്യതിയാനം നേരിടുന്ന പ്രദേശമാണ്‌.



ചാലക്കുടി പുഴയിലേക്ക്‌ ജലം ചുരത്തുന്ന നെല്ലിയാമ്പതി കുന്നുകളുടെ പാരിസ്ഥിതിക ഹൃദയം നാല്‌ താഴ്‌വാരങ്ങളാണ്‌. വടക്കേ അറ്റത്തേത്‌ കാരപ്പാറ താഴ്‌വാരമാണ്‌. വരണ്ട പാലക്കാടൻ സമതലങ്ങളോടും  കിഴക്ക്‌ അതിലും വരണ്ട പൊള്ളാച്ചി സമതലങ്ങളോടും ചേർന്നുകിടക്കുന്ന ഏറ്റവും പാരിസ്ഥിതിക ലോലതയുള്ള ഭൂപ്രദേശമാണിത്‌.


നെല്ലിയാമ്പതി  മലനിരകളിൽ ഏകദേശം 500 ച.കി.മീ പ്രദേശം തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ്‌. ഇവിടുള്ള വനഭൂമി ആനമല (ഇന്ദിരാഗാന്ധി) കടുവസങ്കേതത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ തൃശൂർ, പാലക്കാട്‌ ജില്ലകളിലാണ്‌ നെല്ലിയാമ്പതിയുടെ ബാക്കിപ്രദേശം. നെന്മാറ, ചാലക്കുടി, വാഴച്ചാൽ വനംഡിവിഷനുകളിലും  പറമ്പിക്കുളം കടുവ സങ്കേതത്തിലുമാണ്‌. കേരളത്തിലെ കാടുകളിൽ 1909 ൽ തന്നെ റിസർവ്വ് ചെയ്യപ്പെട്ട 40,442 ഹെക്ടർ വിസ്തൃതിയുള്ള നെല്ലിയാമ്പതി റിസർവ്വും 41,363 ഹെക്ടർ വിസ്തൃതിയുള്ള കോടശ്ശേരി റിസർവ്വും 6977 ഹെക്ടർ വിസ്തൃതിയുള്ള തേക്കടി റിസർവ്വുമാണ്‌ നെല്ലിയാമ്പതിയിലെ മുഖ്യ റിസർവ്വു വനങ്ങൾ.


നെല്ലിയാമ്പതികുന്നുകളിൽ നിന്നുള്ള നീർവാർച്ച മുഖ്യമായും ചാലക്കുടി പുഴയിലൂടെയാണ്‌. തെക്ക്‌ പടിഞ്ഞാറൻ കോണിൽ നിന്നുത്ഭവിക്കുന്ന കരിവണ്ണൂർ പുഴയും വടക്കൻ പുറംചെരിവുകളിൽ നിന്നുത്ഭവിക്കുന്ന ഗായത്രിയും വടക്കുകിഴക്കേ കോണിൽ നിന്നുത്ഭവിക്കുന്ന ചിറ്റൂർ പുഴയുടെ തലപ്പത്തെ ആലിയാറും ഈ കുന്നിൻനിരകൾ നിയന്ത്രിക്കുന്ന കാലാവസ്ഥയെ ആശ്രയിച്ചൊഴുകുന്ന നദികളാണ്‌.


ജലസ്രോതസ്‌ എന്ന നിലയ്ക്ക്‌ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പശ്ചിമഘട്ട പ്രദേശമാണ്‌ നെല്ലിയാമ്പതി. പശ്ചിമഘട്ട മലനിരകൾക്ക്‌ വീതിയും ഉയരവും താരതമ്യേന ഏറ്റവും കൂടതലുള്ള പ്രദേശമാണ്‌ നെല്ലിയാമ്പതി ആനമലക്കുന്നുകൾ. ഇതുകൊണ്ടു തന്നെ ഈ മലമടക്കുകളുടെ ഉള്ളറകളിൽ ഏറ്റവും സമ്പന്നമായ ജൈവപരിണാമ ചരിത്രമുള്ള മഴക്കാടുകൾ ഉണ്ടാവും. ഇന്നും പശ്ചിമഘട്ടത്തിന്റെ കിഴക്കും പടിഞ്ഞാറും ചരിവുകളിൽ ഒരുപോലെ അൽപമെങ്കിലും തുടർച്ചയുള്ള വനഭൂമി ബാക്കിനിൽക്കുന്ന മൂന്ന്‌ പ്രദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ്‌ നെല്ലിയാമ്പതി. ഒരു പക്ഷെ, പശ്ചിമഘട്ടത്തിലേറ്റവും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും എണ്ണത്തിലും വിസ്തൃതിയിലും ഏറ്റവും കൂടുതൽ വന്യജീവി സംരക്ഷണകേന്ദ്രങ്ങളും രണ്ടു സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നതും ഇവിടെയാണ്‌. ഏറ്റവും പാരിസ്ഥിതിക ലോലതയും നാശസാദ്ധ്യതയുമുള്ള വനമേഖലയുമാണിത്‌. കയ്യേറ്റങ്ങളിലൂടെ ഇടുക്കി ജില്ലയിൽ സംഭവിച്ചതിലും വ്യാപ്തിയിൽ കുറഞ്ഞകാലം കൊണ്ട്‌ സ്വാഭാവിക വന-ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെട്ടതും ഇവിടെയായിരിക്കണം. 1840 കളിൽ വെള്ളക്കാർ നാണ്യവിളത്തോട്ടങ്ങൾക്കായി കാരപ്പാറ താഴ്‌വാരത്തിലും വാൽപ്പാറ മേഖലയിലും കാട്‌ തെളിക്കാൻ തുടങ്ങിയതു മുതൽ 1907 ൽ പണി തീർത്ത ചാലക്കുടി-പറമ്പിക്കുളം ട്രാംവേയും 1930 കളിൽ നിർമ്മിച്ച പെരിങ്ങൽകുത്ത്‌ അണക്കെട്ടും പിന്നെ 1950 കളിലെ പി.എ.പി അണക്കെട്ടുകളും ഒപ്പം കടന്നുവന്ന ഇൻഡസ്ട്രിയൽ പ്ലാന്റേഷൻ കാടുതെളിക്കലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിരിഞ്ഞുവന്ന പട്ടാളക്കാരെ പുനരധിവസിപ്പിക്കാൻ സ്ഥാപിച്ച എക്സ്‌ സർവ്വീസ്‌മെൻ കോളനികളും ഫോറസ്റ്റ്‌ ഡെവലപ്‌മെന്റ്‌ കോർപ്പറേഷന്റെ ഏലത്തോട്ടവും നെല്ലിയാമ്പതി കുന്നുകളെ നശിപ്പിച്ചു.


പറമ്പിക്കുളത്തിന്റെ വന്യമൃഗസമ്പത്ത്‌ മുന്നിൽ കാണിച്ച്‌ നാമിന്നതിനെ ഒരു വിനോദസഞ്ചാര തലസ്ഥാനമാക്കുന്നു. എന്നാൽ ഇന്ന് അവിടുള്ള ആനയ്ക്കും കടുവയ്ക്കും കാട്ടുപോത്തിനും ഒക്കെ പെട്ടെന്ന് തകരുന്ന അവിടത്തെ വന ആവാസവ്യവസ്ഥയെ എത്രകാലം കൂടി ആശ്രയിച്ച്‌ തുടരാമെന്നതിനെക്കുറിച്ച്‌ നമുക്ക്‌ പ്രത്യേകിച്ച്‌ വിചിന്തനമൊന്നുമില്ല. പറമ്പിക്കുളം താഴ്‌വാരത്തിന്റെ ആകെയുള്ളൊരു ഹരിതകവചം തൊട്ടു വടക്ക്‌ അനുദിനം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാരപ്പാറ താഴ്‌വാരമാണെന്നത്‌ വളരെ ലളിതമായൊരു പാരിസ്ഥിതിക തിരിച്ചറിവ്‌ മാത്രമാണ്‌. നെല്ലിയാമ്പതി കുന്നുകളിലെ പഴയ സെലക്ഷൻ ഫെല്ലിങ്ങും പിന്നാലെ വന്ന കാട്ടുതീയും മുളവെട്ടും ഈറ്റക്കൂപ്പും പാട്ടവ്യവസ്ഥകളൊക്കെ ലംഘിച്ച്‌ കാടൊക്കെ തെളിച്ച്‌ തൊഴിലാളികളെ നിലനിർത്താൻ എന്ന പേരിൽ മുതലാളിക്ക്‌ വേണ്ടി തുടരുന്ന വനനശീകരണവും പ്രബുദ്ധകേരളത്തിന്റെ ആത്മഹത്യാപരമായ വികസനമാതൃകയാണ്‌.  


വനം സംരക്ഷിക്കാതെ നമുക്ക്‌ നിലനിൽക്കാനാവില്ല. വനമെന്നത്‌ നിയമപരമായ രേഖയിലുള്ള ഭൂപ്രദേശം മാത്രമല്ല. കേരളത്തിൽ ജനജീവിതം സാദ്ധ്യമാക്കുന്ന ജീവസാഹചര്യം സൃഷ്ടിച്ച്‌ നിലനിർത്തുന്ന നൈസർഗ്ഗിക ജീവസമൂഹമാണ്‌. ശാസ്ത്രത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ നമുക്ക്‌ വ്യക്തമായി അറിയാം നമുക്കിന്നുള്ള കാടുകൾ ഒട്ടും മതിയാവില്ല,നമ്മുടെ തുടർച്ചയ്ക്ക്‌ എന്ന്.  ആഗോള കാലാവസ്ഥാമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ജൈവവൈവിധ്യം മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാന മൂലധനമാണെന്ന തിരിച്ചറിവുള്ളവരാകണം. ജൈവസമ്പന്നമായ കേരളത്തിന്‌, ഇന്നുള്ള കാടുകളെ സംരക്ഷിക്കാനും കാടുകളാകേണ്ട പ്രദേശങ്ങളെ വനപുന:സ്ഥാപനത്തിലൂടെ പരിചരിച്ച്‌ വരുംതലമുറകളുടെ നിലനിൽപ്പ്‌ ഉറപ്പാക്കാനും തുടങ്ങാം. ഇതിനേറ്റവും അനുയോജ്യമായ സ്ഥലവും സാഹചര്യവുമാണ്‌ നെല്ലിയാമ്പതി. ഭൂമുഖത്ത്‌ ഒരു ജീവിക്ക്‌ വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാൻ 50,000 ച.കി.മീ വിസ്തീർണ്ണമുള്ള ഒരു ഹോം റേഞ്ച്‌ ആവാസവ്യവസ്ഥ വേണമെന്നാണ്‌ അന്തർദേശീയ ശാസ്ത്രമാനദണ്ഡം. കേരള സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണ്ണം 38,868 ച.കി.മീ. മാത്രമാണ്‌. എന്നിട്ടും ഇവിടെ 4000 അധികം സ്പീഷീസുകൾ തിങ്ങിനിറഞ്ഞു നിലനിൽക്കുന്നു. ലോകത്തിലെ തന്നെ അത്ഭുത പ്രതിഭാസമായിട്ടുള്ള തെക്കൻ പശ്ചിമഘട്ടം വരുംതലമുറകൾക്ക്‌ വേണ്ടി കാത്തു സൂക്ഷിച്ചേ മതിയാകൂ.

O

Photos - Google

PHONE : 9947154564



3 comments:

  1. നല്ലൊരു ലേഖനമായിരുന്നു....തകരുന്ന ആവാസവ്യവസ്ഥകളില്‍ല് പിടിച്ചു നില്കാനാകാതെ ഭൂമുഖത്തുനിന്നും അപ്രതക്ഷ്യമാകുന്ന ജീവിവര്‍ഗങ്ങള്‍....സസ്യലതാദികള്‍...വറ്റിവരണ്ടു പോകുന്ന പുഴകള്‍...മരങ്ങള്‍ തിങ്ങി നിറഞ്ഞ കാടുകള്‍ വിസ്മൃതിയില്‍ ആണ്ട് പോകുമോ എന്ന് ഭയപെടെണ്ടി ഇരിക്കുന്നു....ഉണരുക ...ഇനിയെങ്കിലും....

    ReplyDelete
  2. ദുരമൂത്തു, നമ്മള്‍ക്ക് പുഴ കറത്തു
    ചതി മൂത്തു, നമ്മള്‍ക്ക് മല വെളുത്തു
    തിര മുത്തമിട്ടോരു കരിമണല്‍ തീരത്തു
    വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
    പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്ക്, മലകള്‍ക്ക്
    പുകതിന്ന പകലിനും ദ്വേഷമുണ്ട്.

    (കട: പക, കാട്ടാക്കട)

    നല്ല ലേഖനം

    ReplyDelete
  3. നേര് പറഞ്ഞു. കണ്ണും ചെവിയുമുള്ളവന്‍ കേള്‍ക്കട്ടെ, കാണട്ടെ. പിന്നെ ഇതു രണ്ടുമടച്ച് വെട്ടിവീഴ്ത്താതിരിക്കട്ടെ

    ReplyDelete

Leave your comment