കഥ
ബി.എസ്.സുജിത്
പ്രഭാതം പുഞ്ചിരി പൊഴിക്കാറായപ്പോൾ കിളിവാതിലിലൂടെ കിരണങ്ങളോടൊപ്പം ആഞ്ഞുവെട്ടലിന്റെ ശബ്ദവും കേൾക്കാം. അയൽപ്പക്കത്തെ ഡോക്ടർ സുഖ്‌വന്ദിർ മുറ്റമാകെ കിളയ്ക്കുകയാണ്. മലയാളികളെപ്പോലെ അദ്ധ്വാനത്തിന് കരിയർ ഒരു മാനദണ്ഡമാക്കാത്ത പഞ്ചാബിയുടെ മനോധൈര്യത്തെ ആശ്ലേഷിച്ച്, പ്രഭാതസവാരിക്കിടെ ഡോക്ടറുടെ അരികിലെത്തി വിവരം ആരാഞ്ഞു. താനൊരു ആൽമരം മുറ്റത്ത് നടുകയാണെന്ന് സുഖ്‌വന്ദിർ പറഞ്ഞപ്പോൾ അമ്പരന്നു. പേരാൽ വളർന്ന് മുറ്റമാകെ വ്യാപിക്കുമ്പോഴുണ്ടാകുന്ന അസൗകര്യത്തിന്റെ കണക്ക് ചോദിച്ചപ്പോൾ സുഖ്‌വന്ദിർ മറുപടി പറഞ്ഞു. "താങ്കൾ പറയാറില്ലേ, ചെടികൾ സ്വാഭാവികമായി തഴച്ച് വളരണമെന്ന്, അവയുടെ തനത് വളർച്ച തടസ്സപ്പെടുത്തരുതെന്ന്. അന്നെനിക്കത് മനസ്സിലായില്ല. ഇപ്പോൾ എനിക്കും പ്രിയപത്നിക്കുമത് ശരിക്കും തിരിച്ചറിയാൻ കഴിഞ്ഞു.
ഓർമ്മയുടെ നനുത്ത ചെപ്പ് തുറന്ന് എന്റെ അഭിപ്രായപ്രകടനത്തെ പുറത്തെടുത്തു. ഡോ.സുഖ്‌വന്ദിറിനും, ബോട്ടണിവിഭാഗം അധ്യാപികയായ പ്രീതം കൗറിനും മക്കളില്ലാതെപോയ കാലത്ത്, ചെടികളിലെ ബ്രീഡിംഗ് ആയിരുന്നു മുഖ്യവിനോദം. പനപോലെ വളരേണ്ട അരയാൽ ഒരു ചട്ടിയിൽ വളർത്തി 'ബോൺസായ്' മാതൃക സൃഷ്ടിച്ചായിരുന്നു ഡോക്ടറും ടീച്ചറും സന്താനമില്ലായ്മയുടെ വിരസതയകറ്റിയത്. ആകാശംമുട്ടെ നീളത്തിൽ വളരേണ്ട തെങ്ങ്, ഇത്തിരിപ്പോന്ന ചട്ടിയിൽ കുലച്ചുനിൽക്കുമ്പോൾ, കാണാൻ ഭംഗിയാണെങ്കിലും ഡോക്ടറോട് എന്റെ പരിഭവം അറിയിച്ചു. നീളൻതെങ്ങിൽ കയറുന്ന ഭരതൻ മൂപ്പരുടെ പുള്ളികളുള്ള കൈലിയെ വകഞ്ഞു മാറ്റി മുട്ടോളമെത്തുന്ന വരയൻ നിക്കറും, വെട്ടോത്തി കൊണ്ട് ആഞ്ഞു വെട്ടുമ്പോഴുള്ള ഓലമടലിന്റെ അടരാർന്ന വിറയൽ ശബ്ദവും, ഉയരത്തിൽ നിന്ന് കുലതേങ്ങകൾ താഴെ വീഴുമ്പോഴുള്ള 'ടപ്പോ' ശബ്ദവും തെങ്ങിന്റെ നീളൻ മാഹത്മ്യത്തിനു മാറ്റ് കൂട്ടുന്നവയാണ്. ഗ്രഹണസമയത്ത് ആകാശത്ത് ചന്ദ്രൻ മറയുമ്പോൾ, വീതിയുള്ള പാള കൊണ്ട് തെങ്ങിലടിക്കുകയും, നൂറ്റൊന്നടിക്കുമ്പോൾ ശുക്രന്റെ വായിൽ നിന്ന് ചന്ദ്രൻ പുറത്തുവരികയും ചെയ്യുന്നത് തെങ്ങ് ആകാശത്തോളം ഉയരത്തിൽ നിൽക്കുന്നതുകൊണ്ടാണ്. ബോൺസായ് മാതൃക സൃഷ്ടിച്ച് എന്റെ നീളൻ അനുഭവങ്ങളെ ചെറുതാക്കരുതെന്ന് പറഞ്ഞത്, ഡോക്ടർ ഇപ്പോഴും മറന്നിട്ടില്ല.
സസ്യശാസ്ത്ര അധ്യാപികയായ പ്രീതം കൗറിന് പേരാലിന്റെ ബോൺസായ് മാതൃകയിലായിരുന്നു കൂടുതൽ കമ്പം. തെങ്ങിനേക്കാൾ അസഹനീയമായിരുന്നു എനിക്ക് പേരാലിന്റെ കുറിയൻ മാതൃക. അരയാലിന്റെ നരച്ചതാടികളിൽ തൂങ്ങി ഊഞ്ഞാലാടുന്നതും, ചുവന്ന സാരിയുടുത്ത സുന്ദരിയായ സ്ത്രീയെ, കഴകം കേറിപ്പിടിച്ചപ്പോൾ അവൾ അരയാൽവിടവിലേക്ക് കയറിപ്പോയതും, വിടവിറങ്ങിയപ്പോൾ കറുത്ത രൂപമുള്ള തടിച്ച മുലകളോടുകൂടിയ ഇരുണ്ട യക്ഷിയായതുമാണ് പേരാലിന്റെ സമകാലികമഹിമകൾ. ദീർഘദൂരപഥികരുടെ നിഴലുകൾ ചുരുങ്ങി തണലേറുന്നത് ഈ ആൽമരങ്ങളുടെ വിസ്തൃതിതറകളിലാണ്. ഈ തറകൾ ചുരുക്കുന്നത് നമ്മുടെ തന്നെ വളർച്ചയെയാണ്.
"ഈ തറകൾ ചുരുക്കുന്നത് നമ്മുടെ വളർച്ചയെ മാത്രമല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ കൂടി വളർച്ചയെയാണ്"; ഡോക്ടർ പ്രതിവചിച്ചു. സ്വദേശത്തായിരുന്ന ഡോക്ടർ-പ്രൊഫസർ ദമ്പതിമാരുടെ, നീണ്ട പത്തുവർഷത്തിനു ശേഷം പിറന്ന, ഇപ്പോൾ ബിരുദധാരികളായ ഹർവിന്ദറും ബൽബിന്ദറും വലിയ കുഴിയുടെ ആഴത്തിലേക്ക് പേരാൽ എടുത്തു വെച്ച് മണ്ണിട്ടുമൂടി. ദൈവത്തിന്റെ ബോൺസായ് മാതൃകകളെ വളർത്തുന്ന ഞങ്ങൾ വിസ്തൃതമായ പേരാലിന്റെ ആരം കൂട്ടി കുമ്പസാരിക്കുന്നു - ഡോക്ടർ ആവർത്തിച്ചു.
എന്റെ വ്യാസമേറിയ നീളൻ അനുഭവങ്ങൾ കുമ്പസാരക്കൂട്ടിൽ കുറുകിത്തുടങ്ങിയപ്പോൾ പ്രഭാതനടത്തം ജോഗിംഗിന്റെ കിതപ്പിലേക്ക് വഴി മാറി സഞ്ചരിച്ചു.
O
PHONE : 9544868064
ഇഷ്ടപ്പെട്ടു. അല്ലെങ്കിലും ബോൺസായ് മരങ്ങളോട് നമ്മൾ ചെയ്യുന്നത് ക്രൂരത തന്നെയാണു
ReplyDelete'VRIKSHA'THILE MARAKKOMPU VETTUNNA VAADAKANE ORKKUKA....after all every creation has its own DESTRUCTIVE NATURE....***********************************THANK YOU, SUJITH!!..krishnakumar.m
ReplyDelete