നാടൻപാട്ട്
സമ്പാദകൻ: ശാസ്താംകോട്ട ഭാസ്
(ഓണത്തിന് പെണ്ണുങ്ങൾ പാടിക്കളിക്കുന്ന ഒരു നാടൻപാട്ടാണിത്. അമ്മയോട് യാത്ര ചോദിച്ച് വിരുന്നുണ്ണാൻ പോകുന്ന മകൻ കാണുന്ന കാഴ്ചകളും മറ്റും വിവരിക്കുകയാണിവിടെ. കൊല്ലം ജില്ലയിലെ വെറ്റമുക്ക്, വടക്കുംതല ഗ്രാമത്തിൽ നിന്നും ശേഖരിച്ചതാണ് ഈ പാട്ട്. അറുപത്തിമൂന്ന് വയസ്സുള്ള കുഞ്ഞിലി എന്ന കർഷകത്തൊഴിലാളി സ്ത്രീ തന്റെ ഓർമ്മയിൽ നിന്നു പാടിത്തന്നതാണ് ഈ പാട്ട്.)
പത്തും പതിനാറും വയസ്സൊണ്ടമ്മോ
കന്നിവിരുന്നുണ്ണാൻ കൊതിയുണ്ടമ്മോ
എന്നാലെന്റെ മകൻ പോയ് വരേണം
കന്നിവിരുന്നുണ്ണാൻ പോയ് വരേണം.
വെള്ളിക്കുരമ്പുമൊന്നെടുത്തു
പെറ്റമ്മിച്ചിയോട് യാത്രയും വാങ്ങി
നേരേ പടിഞ്ഞാട്ടു നടകൊള്ളുന്നേ
നാദാപുരം വാഴും നഗരിവാഴും
പൊന്നാപുരം വാഴും പൊന്മുടിയേന്തി
വെള്ളാപുരത്തോട്ടേയെഴുന്നള്ളുന്നേ
വെള്ളാപുരത്തോട്ട് എഴുന്നള്ളുന്നു.
വെള്ളാപുരം വാഴും പാരതിമങ്കേ
നീ കണിവാതിൽ തുറന്നുതായോ.
ഞാനീ കണിവാതിൽ തുറക്കണമെങ്കിൽ
താനിപ്പഴെന്തെല്ലാം കൊണ്ടുവന്നുവ്വേ.
വെള്ളിക്കുരമ്പു ഒന്നുണ്ടെടീ
അതിനോടിണങ്ങും പെണ്ണിവളല്ലല്ലോ
അതിനോടിണങ്ങും പെണ്ണിവളും പോരാ.
കണ്ണിലിരുകണ്ണായ് തൂത്തും കൊണ്ടേ
നേരേ കിഴക്കോട്ട് നടകൊള്ളുന്നു.
പെറ്റമ്മിച്ചിയുടെ അരികെച്ചെന്നു
എന്താ മകൻ പോയ കാരിയമെന്താ
അതിനോടിണങ്ങും പെണ്ണിവളല്ലമ്മോ
അതിനോടിണങ്ങും പെണ്ണിവളും പോരാ.
എന്നാലെൻ മകൻ പോയ് വരേണം
കന്നിവിരുന്നുണ്ണാൻ പോയ് വരേണം.
കുടുക്കയ്ക്കൊരു കുടുക്ക കനകമെടുത്തേ
പെറ്റമ്മിച്ചിയോട് യാത്രയും വാങ്ങീ
നേരേ പടിഞ്ഞാട്ട് നടകൊള്ളുന്നു.
നാദാപുരം വാഴും നഗരി വാഴും
പൊന്നാപുരം വാഴും പൊന്മുടിയേന്തി
വെള്ളാപുരത്തോട്ടുയെഴുന്നള്ളുന്നേ
വെള്ളാപുരത്തോട്ടേയെഴുന്നള്ളുന്നേ
വെള്ളാപുരം വാഴും പാരതിമങ്കേ
നീയി കണിവാതിൽ തുറന്നുതായോ.
ഞാനീ കണിവാതിൽ തുറക്കണമെങ്കിൽ
താനിപ്പഴെന്തെല്ലാം കൊണ്ടുവന്നുവ്വേ.
കുടുക്കയ്ക്കൊരു കുടുക്ക കനകമുണ്ടേ
കുടുക്കയ്ക്കൊരു കുടുക്ക കനകമുണ്ട്.
അതിനോടിണങ്ങും പെണ്ണിവളല്ലുവ്വേ
അതിനോടിണങ്ങും പെണ്ണിവളും പോരാ.
കണ്ണിലിരുകണ്ണായ് തൂത്തും കൊണ്ടേ
നേരേ കിഴക്കോട്ട് നടകൊള്ളുന്നു.
പെറ്റമ്മിച്ചിയുടെയരികെച്ചെന്ന്
എന്താണവൻ പോയ കാരിയമെന്താ
അതിനോടിണങ്ങും പെണ്ണവളല്ലമ്മോ
അതിനോടിണങ്ങും പെണ്ണവളും പോരാ.
എന്നാലെൻ മകൻ പോയ്‌വരേണം
കന്നിവിരുന്നുണ്ണാൻ പോയ്‌വരേണം
പൊന്നാമുരലുമൊന്നെടുത്തു
പെറ്റമ്മിച്ചിയോട് യാത്രയും വാങ്ങീ
നേരേ പടിഞ്ഞാട്ട് നടകൊള്ളുന്നു.
നാദാപുരം വാഴും നഗരിവാഴും
പൊന്നാപുരം വാഴും പൊന്മുടിയേന്തി
വെള്ളാപുരത്തോട്ടേയ്ക്കെഴുന്നെള്ളുന്നു.
വെള്ളാപുരം വാഴും പാരതി മങ്കേ
നീയി കണിവാതിൽ തുറന്നുതായോ.
ഞാനീ കണിവാതിൽ തുറക്കണമെങ്കിൽ
താനിപ്പഴെന്തെല്ലാം കൊണ്ടുവന്നുവ്വേ-
പൊന്നാമുരല് ഒന്നൊണ്ടെടീ
അതിനോടിണങ്ങും പെണ്ണവളല്ലുവ്വേ
അതിനോടിണങ്ങും പെണ്ണിവളും പോരാ.
വെള്ളാപുരത്തു ഞങ്ങളേഴുകന്നീ
ആറുകന്നികൾക്കും മാലവിരിയൊണ്ടല്ലോ
എനിക്കൊരു മാലവിരിയില്ലല്ലോ
നാരായണൻ തന്റെ തമ്പുരാനല്ലോ
നാരായണൻ തന്റെ തമ്പുരാനല്ലോ.
O
PHONE : 9446591287
good one.
ReplyDelete