Sunday, August 26, 2012

ഓണമുറ്റത്തെ മുക്കൂറ്റി

ഓർമ്മ
സുനിലൻ കളീയ്ക്കൽ

        ശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വരവറിയിച്ചുകൊണ്ട്‌ ഓണം വരവായി എന്നാണ്‌ കാലങ്ങളായി ഓണാഘോഷത്തെപ്പറ്റിയുള്ള അടയാളവാക്യം. ഉള്ളവനെന്നും ഓണമായിരിക്കുമ്പോൾ ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്ന ഇല്ലായ്മക്കാരന്റേതാണ്‌ യഥാർത്ഥ ഓണാഘോഷം. ഉണ്ണാനും ഉടുക്കാനുമുള്ളവന്‌ ഓണം വെറും ആഘോഷം മാത്രമാകുമ്പോൾ അല്ലലും അലട്ടലുമില്ലാതെ ഒരുനാൾ മാലോകരെല്ലാരും ഒന്നാകുന്ന ഓണപ്പൊലിമ സാധാരണക്കാരന്‌ അവകാശപ്പെട്ടതാണ്‌.


ഓരോ ഓണക്കാലവും സാധാരണക്കാരന്‌ ഓർമ്മിക്കുവാൻ നൽകുന്നത്‌ അടുത്തകൊല്ലം കൊടുത്തു തീർക്കേണ്ട പറ്റുപടിയെപ്പറ്റിയാണ്‌. ഓണച്ചന്തയും ഓണസ്റ്റാളുകളും പ്രചാരത്തിലാകും മുമ്പ്‌, കുന്നത്തൂരിന്റെ സിരാകേന്ദ്രമായ ശാസ്താംകോട്ടയിലെ ചന്തയിലേക്ക്‌ പൂരാടദിനത്തിലും ഉത്രാടദിനത്തിലും പച്ചക്കറിയും വാഴക്കുലകളുമായി കാളവണ്ടി തെളിച്ചിരുന്ന അച്ഛനെ ഓർത്തുപോകുന്നു. നുരയൊലിപ്പിച്ചു കാളകളും വിയർത്തൊലിച്ച്‌ അച്ഛനും തളർന്നുപോകുന്ന ദിനങ്ങൾ. വെളുപ്പിനുണർന്ന് ശാസ്താവിനെ തൊഴുത്‌, ചന്തയിൽ നിന്നും അവശ്യസാധനങ്ങൾ വാങ്ങി നടന്നുനീങ്ങുന്ന ജനസഞ്ചയം എന്റെ ഗ്രാമത്തിന്റെ ഉൾത്തുടിപ്പ്‌ വിളിച്ചറിയിച്ചിരുന്നു.


വിളഞ്ഞു വെട്ടാറായ ഏത്തവാഴകളിൽ നിന്നും ഉണക്കവാഴച്ചപ്പ്‌ മുറിച്ചെടുത്ത്‌ ഞങ്ങൾ കരടികെട്ടി. പച്ചമടൽ വെട്ടി തോക്കുണ്ടാക്കി. 'തന്നന്നാ താനന്നാ തന്നാനോ' താളത്തിൽ ചൂട്ടിന്റെ വെളിച്ചത്തിൽ വീടുകൾ കയറിയിറങ്ങി കരടി കളിച്ചു. ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്കുള്ള ഇടവേളകളിൽ ചൂട്ടുപിടിച്ചവൻ കരടികെട്ടിയവന്റെ പിന്നാലെ കൂടി വെപ്രാളം കയറ്റി. ഓണമെന്നത്‌ ആഘോഷമാകുന്നതെങ്ങനെയെന്ന് അനുഭവിച്ചറിഞ്ഞ നാളുകൾ.


പട്ടികടി കൊണ്ടതുമുതൽ പച്ചത്തെറി കേട്ടതുവരെ അടുത്തകൊല്ലത്തോളം പറഞ്ഞു ചിരിക്കാൻ വക നൽകി. തിരുവോണദിവസം രാവിലെ പുത്തനുടുപ്പണിഞ്ഞ്‌ മൈക്ക്‌ കേൾക്കുന്ന ദിക്കിലേക്ക്‌ പാഞ്ഞിരുന്ന ബാല്യം. മുട്ടായിപെറുക്കിയും കസേരകളിച്ചും സമ്മാനമായി നേടിയ സോപ്പുപെട്ടിയും കണ്ണാടിയുമൊക്കെ ഉയർത്തിപ്പിടിച്ച്‌ അഭിമാനത്തോടെ വീട്ടിലേക്കുള്ള മടക്കം. ഉച്ചയ്ക്ക്‌ ഓണമുണ്ടു കഴിഞ്ഞ്‌ ബന്ധുവീട്ടിലേക്ക്‌ പോകുന്ന കുടുംബങ്ങൾ തമ്മിൽ വഴിവക്കിൽ കണ്ടുമുട്ടുമ്പോൾ പരസ്പരം മുഖങ്ങളിൽ നിന്നും വായിച്ചറിഞ്ഞിരുന്ന സന്തോഷത്തെ, ഉത്സാഹത്തെ നമുക്ക്‌ ഓണമെന്നു വിളിക്കാം.


ഒരോണത്തിന്‌ വിരുന്നുകാർക്കായി അമ്മ പപ്പടം കാച്ചി പാട്ടയിലടച്ചുവെച്ചു. അമ്മയ്ക്കെന്നെ തീരെ വിശ്വാസമില്ലാത്തതുകൊണ്ട്‌ ഇടയ്ക്ക്‌ പാട്ട എടുത്ത്‌ കുലുക്കിനോക്കും. അമ്മ പുറത്തേക്കു മാറിയ തക്കം നോക്കി പപ്പടം മുഴുവൻ തിന്നിട്ട്‌ പകരം കരിയില വാരിയിട്ട്‌ അടച്ചുവെച്ചു. തിരിച്ചുവന്ന അമ്മ പാട്ടകുലുക്കി പപ്പടമുണ്ടെന്ന് ഉറപ്പുവരുത്തി സമാധാനിച്ചു. അത്താഴത്തിനു വിളമ്പാൻ ഒരുങ്ങുമ്പോഴാണ്‌ ഞാൻ പിടിക്കപ്പെട്ടത്‌. ചൂലുമായി ചീത്ത പറഞ്ഞുകൊണ്ട്‌ അമ്മയും ചിരിച്ചുകൊണ്ട്‌ ഞാനും വീടിനു ചുറ്റും ഓടിയതോർക്കുമ്പോൾ ഇപ്പോഴും ചിരിപൊട്ടും.


മുക്കൂറ്റിയോടും തുമ്പയോടും ക്ഷമ ചോദിച്ച്‌, മുറ്റവും പരിസരവും ചെത്തിയൊരുക്കി മാവേലിയുടെ വരവിനെ കാത്തിരുന്നൊരു തലമുറയെപ്പറ്റിയാണ്‌ പറഞ്ഞുവന്നത്‌. ഇന്നത്തെ ഓണാഘോഷത്തെപ്പറ്റി ആക്ഷേപങ്ങൾ പലതുണ്ടെങ്കിലും നമ്മുടെ മനസ്സിൽ അന്നും ഇന്നും ഓണമുണ്ട്‌.


പാടം നികന്ന് പറമ്പും പറമ്പിൽ വളർന്ന വീടും വീട്ടിൽ വിളഞ്ഞ വിഷാദവും ഇന്നാകുമ്പോൾ, ഇന്നലെയുടെ ഈറൻ കുളിർപ്പുള്ള ഓർമ്മകളിലെ ഓണം അയവിറക്കി അമ്മയില്ലാത്ത എന്റെ ആദ്യ ഓണം ഞാൻ ആഘോഷങ്ങളില്ലാതെ മാറ്റിവെക്കുന്നു.


O

PHONE : 9562412695
2 comments:

  1. ഓണം ഇങ്ങനെ മധുരമൂറുന്ന ചില സ്മരണകള്‍ ആണ് .നന്നായി ,ഓണാശംസകള്‍

    ReplyDelete
  2. ആളൊരു കൊച്ചു കുസൃതിയും അടികൊള്ളിയും ആയിരുന്നല്ലേ?
    പക്ഷെ കണ്ടാല്‍ തോന്നില്ല കേട്ടോ
    സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

    ReplyDelete

Leave your comment