Thursday, October 19, 2017

സംസ്കാരജാലം-31

സംസ്കാരജാലം-31
ഡോ.ആർ.ഭദ്രൻഭാവദശരഥം


ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ  ഭാനുപ്രകാശിന്റെ 'ഭാവദശരഥം' എന്ന പുസ്തകം ശ്രദ്ധേയമായിത്തീരുന്നു. മലയാളസിനിമയിലെ അഭിനയകുലപതി മോഹൻലാലുമായുള്ള ദീർഘസംഭാഷണങ്ങളാണ്‌ പുസ്തകത്തിലെ പരാമർശവിഷയം. മോഹൻലാൽ എന്ന അഭിനേതാവിലുപരി മോഹൻലാൽ എന്ന വ്യക്തിയെക്കൂടി അടുത്തറിയുവാനുള്ള ഗ്രന്ഥമാണിത്. പുസ്തകത്തിന്‌ അവതാരിക എഴുതിയിരിക്കുന്നത് സൂപ്പർസ്റ്റാർ മമ്മൂട്ടിയാണ്‌. ഗ്രന്ഥകർത്താവ് കേരള സംഗീതനാടക അക്കാദമി മുഖമാസികയായ ‘കേളി’യുടെ വർക്കിംഗ് എഡിറ്ററാണ്‌. പുസ്തകത്തിന്റെ റോയൽറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു എന്ന വസ്തുത പുസ്തകത്തിന്റെ മൂല്യം കൂട്ടുന്നു.


കോട്ടയം പ്രദീപ്
അനായാസമായ അഭിനയം കൊണ്ട് ഉജ്ജ്വലമായ ഹാസ്യരംഗങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞ നടനാണ്‌ കോട്ടയം പ്രദീപ്. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന സിനിമയിലെ പ്രദീപിന്റെ അഭിനയം മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ ‘പൊളിച്ചു, കിടുക്കി, തിമിർത്തു’ എന്ന ആ സിനിമയിലെ ഡയലോഗ് പ്രേക്ഷകർ ഏറ്റുപിടിച്ചു. മലയാള സിനിമയിൽ ഇന്നേവരെയുള്ള ഹാസ്യപാരമ്പര്യത്തിൽ ഒരു ബ്രേക്കാണിത്. സുരാജ് വെഞ്ഞാറമ്മൂടും മറ്റും ഹാസ്യം സൃഷ്ടിക്കുവാൻ കഠിനാധ്വാനം ചെയ്യുമ്പോൾ അദ്ദേഹം അനയാസമായാണ്‌ ഹാസ്യരംഗങ്ങൾ സൃഷ്ടിക്കുന്നത്. ഇത് വലിയ റേറ്റുള്ള ഹാസ്യരംഗങ്ങൾക്കാണ്‌ കാരണമാകുന്നത്. ഗോദ, കരിങ്കുന്നം സിക്സസ്, ഡാർവിന്റെ പരിണാമം, ഉറുമ്പുകൾ ഉറങ്ങാറില്ല, പുതിയനിയമം തുടങ്ങിയ സിനിമകളിലെ വേഷങ്ങളെല്ലാം ശ്രദ്ധേയങ്ങളാണ്‌.

സമത്വം വിപ്ലവത്തിലൂടെ മാത്രമല്ല 

സമത്വം വിപ്ലവത്തിലൂടെ മാത്രമേ നേടുവാൻ കഴിയൂ എന്നത് നാം പഠിച്ച ഒരു തെറ്റായ പാഠമാണ്‌. നിയമം മൂലം ഇത് നേടാവുന്നതാണ്‌. ഇതിന്‌ ഇച്ഛാശക്തിയുള്ള കുറേ നേതാക്കന്മാർ ഉണ്ടാകണം. എന്തിനാണ്‌ നൂറ്റാണ്ടുകളായി മനുഷ്യനെ ഇങ്ങനെ ദുരിതക്കയത്തിലാഴ്ത്തുന്നത്? കേരളത്തിലെല്ലാവർക്കും ഭൂമി കിട്ടിയത് നിയമം മൂലമാണ്‌. ജനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് നമുക്ക് സമ്മതിച്ചുകൊടുക്കാം. അതിനുശേഷം ഭൂമിയും സമ്പത്തും തുല്യമായി വീതിക്കുന്ന നിയമനിർമ്മാണങ്ങൾ ഉണ്ടാകണം. വിപ്ലവപാർട്ടികൾ ഈ വഴിക്ക് ചിന്തിക്കണം. ആകാശം തുല്യം. വായു തുല്യം. പിന്നെ എന്തുകൊണ്ട് ഭൂമിയും സമ്പത്തും തുല്യമാകുന്നില്ല? മാർക്സിന്റെ സിദ്ധാന്തത്തിന്റെ കാതൽ തന്നെ ഇതാണ്‌. വിപ്ലവപാർട്ടികൾ ഈ വഴിക്ക് ചിന്തിക്കണം.

അൽഫോൺസ് കണ്ണന്താനം.
കണ്ണന്താനം നല്ല ആശയമുള്ള രാഷ്ട്രീയക്കാരനാണ്‌. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വെച്ച് ഒരു പ്രസംഗം ഞാൻ കേട്ടു. സംസാരിച്ചിട്ടുമുണ്ട്. അദ്ദേഹം ഈയിടെ രണ്ട് കാര്യങ്ങൾ പറഞ്ഞത് ശ്രദ്ധേയമായിത്തീർന്നു. ഒന്ന് ഉമ്മൻ ചാണ്ടി കേരളത്തിന്‌ പറ്റിയ ഒരു അബദ്ധമാണ്‌. രണ്ട് വി.എസ് നല്ലൊരു ഭരണാധികാരി അല്ല. ഇതുകേട്ട് വി.എസ് അൽഫോൺസ് കണ്ണന്താനത്തിനിട്ട് നല്ലൊരു താങ്ങും കൊടുത്തു. കണ്ണന്താനം രാഷ്ട്രീയ ജീർണ്ണതയുടെ ആൾരൂപമാണ്‌. കലക്കി. കിടുക്കി.

പുള്ളിക്കാരൻ സ്റ്റാറാ
വിദ്യാഭ്യാസ മേഖലയിലുള്ളവർ കാണേണ്ട ചിത്രമാണിത്. അധ്യാപകർക്ക് സൈക്കോളജിക്കലും പ്രായോഗികവുമായ സമീപനം വേണമെന്ന് ഈ സിനിമ അടിവരയിട്ട് പറയുന്നു. ഈ മമ്മൂട്ടി ചിത്രം അക്കാദമിക് വാല്യൂ അവകാശപ്പെടുവാൻ കഴിയുന്ന ചലച്ചിത്രമാണ്‌. സ്കൂൾ മാഷുമാർ കേന്ദ്രത്തിൽ വരുന്ന സിനിമയാണിത്. അധ്യാപകരുടെ ഇൻ സർവ്വീസ് കോഴ്സുകൾക്ക് നല്ല തട്ട് കൊടുക്കുവാൻ ഈ സിനിമയ്ക്ക് കരുത്തുണ്ട്. മമ്മൂട്ടിയുടെ സ്വതസിദ്ധമായ അഭിനയപാടവമാണ്‌ സിനിമയെ വിജയിപ്പിച്ചിരിക്കുന്നത്. സീരിയസ് പ്രമേയങ്ങൾ തമാശരൂപേണ അവതരിപ്പിക്കുന്ന ആഖ്യാനശൈലി മലയാള ചലച്ചിത്രത്തിൽ വളർന്നു വന്നുകൊണ്ടിരിക്കുകയാണ്‌. പ്രണയസിനിമകൾക്ക് പുതിയമാനങ്ങൾ കൊടുക്കുവാനും മലയാള സിനിമയ്ക്ക് കഴിയുന്നു. ഇത് ആരോഗ്യകരമായ ഒരു പ്രവണതയാണ്‌.

പുഷ്പമിത്ര ഭാർഗവ
ചിന്തയിലും ഗവേഷണത്തിലും പ്രസംഗത്തിലും ബി ടി വഴുതനയും മാവോയിസ്റ്റ് വേട്ടയും ആൾദൈവങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത ഒരു ശാസ്ത്രജ്ഞനായിരുന്നു പുഷ്പമിത്ര ഭാർഗവ. അദ്ദേഹത്തിന്റെ മരണം ശാസ്ത്രലോകത്തിനും ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ്‌. ഇന്ത്യയുടെ ആധുനിക ജീവശാസ്ത്രത്തിന്റെയും മോളികുലർ ബയോളജിയുടെയും ശിൽപികളിൽ പ്രമുഖനായിരുന്നു അദ്ദേഹം. വിപ്ലവബോധമുള്ള ഈ ശാസ്ത്രജ്ഞന്റെ മരണം ആഘാതകരമായ ഒരു വാർത്തയായിരുന്നു,

ലിയു സിയാവോബോ 
ചൈന തടവിലാക്കിയ മനുഷ്യാവകാശപ്രവർത്തകൻ ലിയു സിയാവോബോയുടെ മരണത്തിൽ സംസ്കാരജാലകം അന്ത്യചുംബനങ്ങൾ അർപ്പിക്കുന്നു. അദ്ദേഹം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ വിശിഷ്ട വ്യക്തിയാണ്‌. സർവ്വകലാശാല പ്രൊഫസർ ആയിരുന്നു. 1989 ലെ ടിയാനൻമെൻ കൂട്ടക്കൊലയോടെയാണ്‌ ആക്ടിവിസ്റ്റായി അദ്ദേഹം രംഗത്തിറങ്ങിയത്. അദ്ദേഹം ഉയർത്തിപ്പിടിച്ച മാനുഷികമൂല്യങ്ങൾ നീണാൾ വാഴട്ടെ.

കാലത്തിന്റെ കയ്യൊപ്പ്
ഈയിടെ ചലച്ചിത്ര സംവിധായകൻ ജയരാജിന്റെ ‘കാലത്തിന്റെ കൈയ്യൊപ്പ്’ എന്ന കഥ വായിക്കുവാനിടയായി. ഉചിതമായ ചില സിംബലുകളിലൂടെ കാലത്തിന്റെ പരിണാമങ്ങളെ അടയാളപ്പെടുത്തുവാൻ ഈ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും കാലം വരുത്തിയ മാറ്റങ്ങളെ ഉചിതമായ ബിംബങ്ങളിലൂടെ കഥാകാരൻ അടയാളപ്പെടുത്തി കാണിക്കുന്നുണ്ട്. മഞ്ഞ ബസ്, ഇംഗ്ലീഷ് മീഡിയം, സ്കൂളുകളുടെ ആഗമനം, മലയാളിയുടെ പ്രവാസി ജീവിതം ഇവയെല്ലാം കേരളീയ സമൂഹത്തിന്റെ പരിണാമങ്ങളായി കഥാകൃത്ത് വായനക്കാരെ ഓർമപ്പെടുത്തുന്നു. കുട്ടികളെ ഒന്നു കാണുവാൻ വേണ്ടി വെമ്പൽ കൊള്ളുന്ന കുഞ്ഞമ്മാവൻ കേരളീയ സമൂഹത്തിന്റെ മറ്റൊരു പരിണാമത്തെയാണ്‌ ചൂണ്ടിക്കാണിക്കുന്നത്. ഉപയോഗശൂന്യമായിക്കിടക്കുന്ന ആട്ടുകല്ല് നമ്മുടെ ജീവിതം എത്രമാത്രം യന്ത്രവൽകൃതമായിരിക്കുന്നു എന്നതിന്റെ സൂചകമാണ്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് കൊണ്ടുവന്ന മിച്ചഭൂമി നിയമം പഴയ തറവാടുകളെ എങ്ങനെയാണ്‌ ബാധിച്ചത് എന്നതിന്റെ ഒരാഘാതവും കഥ ജനിപ്പിക്കുന്നുണ്ട്. പുതിയ ജന്മിത്തം പഴയ ജന്മിത്തത്തിന്‌ വഴിമാറുന്നതും കഥയിലേക്ക് കടന്നുവരുന്നുണ്ട്. പഴയ ജന്മിത്തത്തിന്റെ നല്ല ചില വശങ്ങളും കാർഷികസമൃദ്ധിയുമെല്ലാം ഈ കഥയിൽ നിന്നും വായിച്ചെടുക്കാം. ഒരു ചെറിയ കഥ കൊണ്ട് കേരളീയ സമൂഹത്തിന്റെ പരിണാമത്തെ കലാപരമായി അങ്കണം ചെയ്ത് കാണിച്ചിരിക്കുന്നു എന്നതാണ്‌ കഥയുടെ വൈശിഷ്ട്യം. ചലച്ചിത്രപ്രതിഭയുടെ ഗുണങ്ങളെല്ലാം കഥയിലേക്ക് സന്നിവേശിപ്പിക്കാനും ജയരാജിന്‌ കഴിഞ്ഞിട്ടുണ്ട്.


റേഡിയോ സ്മരണകൾ

'റേഡിയോ സ്മരണകൾ' കേൾക്കേണ്ട ഒരു റേഡിയോ പരിപാടിയാണ്‌. റേഡിയോ മൊത്തത്തിൽ ദൃശ്യമാധ്യമങ്ങൾക്ക് വെല്ലുവിളിയാണ്‌ സൃഷ്ടിക്കുന്നത്. സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റേഡിയോശ്രവണം സിലബസ്സിൽ ഉൾപ്പെടുത്തി കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണ്‌. സ്കൂളുകളിൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന ബൃഹത് പരിപാടികൾ ആസൂത്രണം ചെയ്യണം. വായനയില്ലാത്ത ഒരു സമൂഹമായി കുട്ടികൾ മാറുന്നത് ഭയത്തോടുകൂടി മാത്രമേ തിരിച്ചറിയുവാൻ കഴിയുകയുള്ളു. സ്കൂൾ അസംബ്ലിയിൽ വായനയെ പ്രോത്സാഹിപ്പിക്കുവാൻ ലഘുപരിപാടികളും ആസൂത്രണം ചെയ്യണം. അധ്യാപകർ തന്നെ വായനാശീലമില്ലാത്തവരായി മാറുമ്പോൾ എങ്ങനെയാണ്‌ വായിക്കുവാൻ കഴിയുന്ന ഒരു പുതു തലമുറയെ നമുക്ക് സൃഷ്ടിക്കുവാൻ കഴിയുന്നത്?


മുതലാളിത്തം നമ്മുടെ കുട്ടികളെ ഉന്മാദികളാക്കുന്നു.

മുതലാളിത്തം നമ്മുടെ കുട്ടികളെ ഉന്മാദികളാക്കുന്നു എന്ന് നേരത്തെ തന്നെ ചിന്തകന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളാണ്‌ ഈ ദുരന്തം നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ലിറ്ററേച്ചർ ഉപയോഗിച്ചാണ്‌ ഇത് നിറവേറ്റിയിരുന്നത്. ആധുനികസാഹിത്യത്തെക്കുറിച്ച് ഇങ്ങനെയൊരു പരാതി നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സംഗതി കൂടുതൽ ഗൗരവതരമായിരിക്കുകയാണ്‌. ഇന്റർനെറ്റ് വഴിയുള്ള പുതിയ കുരുക്കുകൾ വ്യാപകമാവുന്നു. 'ബ്ലൂ വെയ്ൽ' ഗെയിം മനസ്സിലാക്കുമ്പോളാണ്‌ ഇതൊക്കെ എത്രമാത്രം ശക്തമാണെന്ന് നമുക്ക് ബോധ്യമാവുന്നത്. കടൽത്തീരത്തെ മണൽക്കൂനകളിൽ കൊമ്പുതാഴ്ത്തി സ്വയം ജീവിതം നഷ്ടപ്പെടുത്തുന്ന തിമിംഗലത്തെപ്പോലെ ആയിരിക്കുന്നു ഇന്റർനെറ്റിൽ ജീവിതം ഹോമിക്കുന്ന യുവതലമുറ.

ലോകസമാധാനത്തിന്‌ ഭീഷണി

ലോകം വല്ലാത്തൊരു ആണവഭീഷണിയിലൂടെ കടന്നുപോവുന്നു. ഹിരോഷിമയിൽ വീഴ്ത്തിയതിന്റെ അനേകം മടങ്ങ് പ്രഹരശേഷിയുള്ള ബോംബ് ഉത്തരകൊറിയ നിർമ്മിച്ചുവെച്ചിരിക്കുന്നു എന്നാണ്‌ കേൾക്കുന്നത്. ലോകത്തുള്ള കുഞ്ഞുങ്ങളുടെ ജീവിക്കുവാനുള്ള മോഹത്തെയും അവകാശത്തെയുമാണ്‌ ഈ സാഹചര്യങ്ങൾ ഇല്ലാതാക്കുന്നത്. ഉത്തരകൊറിയയും അമേരിക്കയും യുദ്ധത്തിനു വേണ്ടിയുള്ള ഗ്വോഗ്വോ വിളികൾ അവസാനിപ്പിക്കണം, കുഞ്ഞുങ്ങളെ ഓർത്തെങ്കിലും.

മെമ്മറീസ് ഓഫ് ട്രാൻസ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാള അധ്യാപകനായ ഡോ.കെ.ബി.ശെൽവമണി സംവിധാനം ചെയ്ത ഡോക്യുമെന്ററി ആഗോളമായി തന്നെ പ്രസക്തമാണ്‌. ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ച് ഞാൻ ആദ്യമായി കാണുന്ന ഡോക്യുമെന്ററിയാണ്‌  ‘മെമ്മറീസ് ഓഫ് ട്രാൻസ്’. മഹാഭാരതകാലം മുതൽക്കുതന്നെ നാം ട്രാൻസ്ജെൻഡേഴ്സുകളെക്കുറിച്ച് കേൾക്കുന്നു. മഹാഭാരതത്തിലും സ്വത്വം നഷ്ടപ്പെട്ട ഒരു വിഭാഗമായിട്ടാണ്‌ ട്രാൻസ്ജെൻഡേഴ്സിനെ കാണുന്നത്. സത്യത്തിൽ ഉത്തരാധുനികകാലമാണ്‌ എല്ലാ സ്വത്വങ്ങളെയും അംഗീകരിക്കാൻ നമ്മെ പഠിപ്പിച്ചത്. ഉത്തരാധുനിക കാലത്തുണ്ടായ ഈ ഡോക്യുമെന്ററി പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്‌ ലോകഭൂപടത്തിൽ ഒരിടം കണ്ടെത്തുകയാണ്‌. ട്രാൻസ്ജെൻഡേഴ്സിന്റെ വേദനയും വേദനയാണെന്നും ശബ്ദമില്ലാത്തവർക്ക് ശബ്ദം കൊടുക്കേണ്ടതുണ്ടെന്നും ഈ ഡോക്യുമെന്ററി നമ്മെ ഓർമ്മപ്പെടുത്തുന്നു. ട്രാൻസ്ജെൻഡേഴ്സിനെ സംഘടിപ്പിക്കുകയും അവരുടെ പോരാട്ടങ്ങൾ ക്കുവേണ്ടി ഇങ്ക്വിലാബ് മുഴക്കുകയും ചെയ്യേണ്ടത് ഓരോ മനുഷ്യാവകാശ പ്രവർത്തകന്റെയും കലാകാരന്റെയും എഴുത്തുകാരന്റെയും പുതിയ കർത്തവ്യമാണ്‌. ഇതാണ്‌ നിപുണതയോടെ ഈ കോളേജധ്യാപകൻ നിറവേറ്റിയിരിക്കുന്നത്. ധ്വന്യാത്മകതയുടെയും കലാത്മകതയുടെയും ആഖ്യാനവിപ്ലവത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും ക്യാമറയുടെ വിദഗ്ദമായ ഉപയോഗത്തിന്റെയും ചില മാനങ്ങൾ കൂടി ഈ ഡോക്യുമെന്ററിക്ക് പരീക്ഷിക്കാമായിരുന്നു എന്നൊരു വിമർശനം കൂടി ഇവിടെ ഉന്നയിച്ചുകൊള്ളുന്നു.

O