സംസ്കാരജാലകം-27
ഡോ.ആർ.ഭദ്രൻ
ബോബ് ഡിലന് 2016 ലെ സാഹിത്യനൊബേൽ
ഒരു ഗാനരചയിതാവിന് നൊബേൽ സമ്മാനം ലഭിച്ചു എന്ന കൗതുകം ഈ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനത്തിനുണ്ട്. ഇതിന് സാഹിത്യരംഗത്ത് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഗാനശാഖയ്ക്ക് ലഭിച്ച ഒരു ആഗോള അംഗീകാരമായി ഈ പുരസ്കാരലബ്ധിയെ വിലയിരുത്താവുന്നതാണ്. അമേരിക്കൻ എഴുത്തുകാരനായ അദ്ദേഹത്തിന്റെ മനുഷ്യാവകാശ പോരാട്ടവും യുദ്ധവിരുദ്ധപ്രവർത്തനങ്ങളും ഏറെ പ്രശംസിക്കപ്പെടേണ്ടവയാണ്.
കാവാലം നാരായണപ്പണിക്കർ ഇനി ഓർമ
കാവാലം നാരായണപണിക്കരുടെ അന്ത്യം കലാകേരളത്തിന് വലിയ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. നാടകകൃത്ത്, നാടകസംവിധായകൻ, ഗാനരചയിതാവ്, തനതു നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രധാനി എന്നീ നിലകളിലെല്ലാം കാവാലം എക്കാലവും ഓർമ്മിക്കപ്പെടും. കാളിദാസൻ, ഭാസൻ തുടങ്ങിയവരുടെ നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ച് കാവാലം ഇന്ത്യയുടെ മുഴുവൻ ആദരവാണ് പിടിച്ചു വാങ്ങിയത്. എം.ജി.സർവ്വകലാശാലയുടെ കോളേജ് അധ്യാപകർക്കുള്ള മലയാളം റിഫ്രഷർ കോഴ്സിൽ വെച്ചാണ് കാവാലത്തിന്റെ ഒരു ക്ലാസ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്. അത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവമായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. സംസ്കാരജാലകത്തിന്റെ പ്രണാമങ്ങൾ അർപ്പിക്കട്ടെ!
തിരുത്ത് - റസീന കടേങ്ങൽ
റസീന കടേങ്ങൽ എന്ന എഴുത്തുകാരിയെ ഈ അടുത്ത സമയത്താണ് പരിചയപ്പെട്ടത്. അവർ കൊല്ലം ജില്ലയിൽ തേവലക്കരയിലെ സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ആന്റ് ജൂനിയർ കോളേജിന്റെ പ്രിൻസിപ്പൽ ആണ്. നന്നായി കവിതയും ചെറുകഥയും എഴുതും. ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. അത് ആറേഴ് വർഷങ്ങൾക്കു ശേഷമേ പ്രസിദ്ധീകരിക്കൂ എന്നാണ് ടീച്ചറുടെ നിലപാട്. ടീച്ചർ എഴുതിയ ഒരു കവിത ഇങ്ങനെ വായിക്കാം.
തിരുത്താനിടമില്ലാത്തൊരു
കുടുസ്സുമുറിയായിരിക്കുന്നു
നിന്റെ ഹൃദയം
ഞാനതിൻ
വാതിൽപ്പടിയിലെ
വലിയൊരു തെറ്റും!
പ്രണയത്തിന്റെ ഒരു സംഘർഷാത്മകത ചേതോഹരമായി ഈ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നു. കവിത സാന്ദ്രമാകുകയും എന്നാൽ വ്യക്തതയുടെ നിറം അണിയിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ഈ കവിതയുടെ പ്രത്യേകത.
ചാത്തന്നൂർ മോഹൻ
പത്രപ്രവർത്തകനും നാടകഗാനരചയിതാവും കവിയുമായ ചാത്തന്നൂർ മോഹന്റെ മരണം സാംസ്കാരികകേരളത്തിന് കനത്ത നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. കെ.പി.അപ്പന്റെ ഒരു വലിയ ആരാധകനായിരുന്നു മോഹൻ. ആ നിലയിൽ കെ.പി.അപ്പൻ പറഞ്ഞും ചാത്തന്നൂർ മോഹനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. കൊല്ലത്തെ സാംസ്കാരിക പ്രവർത്തകർക്ക് അവിസ്മരണീയ ഓർമകളാണ് അദ്ദേഹം പകർന്നു നൽ കിയിട്ടുള്ളത്. ചാത്തന്നൂർ മോഹന്റെ ദീപ്തമായ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ
ആടുജീവിതമാണ് ബെന്യാമിന് പേരും പെരുമയും നൽകിയ നോവൽ. അതിന് സാഹിത്യ അക്കാദമി അവാർഡ് വരെ ലഭിച്ചതാണ്. യഥാർത്ഥത്തിൽ 2008 ൽ എഴുതിയ അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾക്ക് അക്കാദമി അവാർഡ് ലഭിക്കേണ്ടതായിരുന്നു. അത് നൽകാതിരുന്നത് വലിയ അപരാധമായിപ്പോയി. മധ്യതിരുവിതാംകൂർ ജീവിതവും ഭാഷയും സംസ്കാരവും ഉയർത്തിക്കാണിക്കുന്ന ഈ നോവൽ ‘ആടുജീവിത’ത്തെക്കാൾ മികച്ച നോവലാണ്. നോവൽകല എന്താണെന്ന് ഈ കൃതി നമുക്ക് പറഞ്ഞുതരുന്നു.
മഹാശ്വേതാദേവി
എഴുത്തും ആക്ടിവിസവും ഒരുപോലെ കൊണ്ടുപോയ എഴുത്തുകാരിയായിരുന്നു. മഹാശ്വേതാദേവി. മഹാശ്വേതാദേവിയുടെ എഴുത്തുകൾ എക്കാലവും ഓർമിക്കപ്പെടുന്നതാണ്. ആദിവാസിക്ഷേമത്തിനു വേണ്ടി മഹാശ്വേതാദേവി നൽകിയ സംഭാവനകളും അതുല്യങ്ങളായിരുന്നു. വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും സ്വപ്നങ്ങളുമായിരുന്നു ഈ എഴുത്തുകാരിയുടെ രചനകളിലെ ഏറ്റവും പ്രധാന ധാര. മഹാശ്വേതാദേവിയുടെ നിര്യാണത്തിൽ സംസ്കാരജാലകം അനുശോചിക്കുന്നു.
ഇപ്പോൾ കൊട്ടിഘോഷിക്കുന്ന പുലിമുരുകനെക്കാൾ ശ്രേഷ്ഠമായ ചലച്ചിത്രം ‘കൊച്ചൌവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ ആണ്. ഒരു പുതിയ അനുഭവലോകം ചലച്ചിത്രലോകത്തേക്ക് കൊണ്ടുവരുന്നു എന്ന മഹത്വം പുലിമുരുകനുണ്ട്. എന്നാൽ അത് പതുക്കെ കച്ചവടസിനിമയുടെ സ്ഥിരം ഫോർമുലയിലേക്ക് മാറുകയാണ്. ഇത് തിരക്കഥയുടെ പരാജയമാണ്. തിരക്കഥയുടെ കാര്യത്തിൽ സിദ്ധാർഥ് ശിവയുടെ 'കൊച്ചൌവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' പക്വതയാർന്ന ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
എഡ്വേർഡ് ആൽബി
വിഖ്യാത അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി അന്തരിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു പ്രായം. മൂന്നുപ്രാവശ്യം പുലിസ്റ്റർ സമ്മാനം നേടിയിട്ടുണ്ട്. ‘എ ഡെലിക്കേറ്റ് ബാലൻസ്’ (1967), ‘സീ സ്കെയ്പ്പ്’ (1975), ‘ത്രീ ടോൾ വിമൺ’ (1994) എന്നിവയാണ് നാടകങ്ങൾ. അദ്ദേഹത്തിന്റെ ‘Zoo Story' എന്ന ഏകാങ്കനാടകം പത്തനംതിട്ട കതോലിക്കേറ്റ് കോളേജിലെ EJPM ഹോസ്റ്റൽ വാർഷികത്തിന് അവതരിപ്പിച്ചത് ഒരു വലിയ കലാനുഭവമായി എന്റെ മനസ്സിൽ ഇപ്പോഴും ശേഷിക്കുന്നു. അന്ന് EJPM ഹോസ്റ്റലിന്റെ വാർഡൻ ആയിരുന്നു ഞാൻ. എനിക്കായിരുന്നു നാടകത്തിന്റെ സംഘാടക ചുമതല. പ്രിറ്റി എഡ്വേർഡ് ആയിരുന്നു സംവിധായകൻ. ഇപ്പോൾ മനോരമ ചാനലിൽ ജോലി ചെയ്യുന്ന പ്രിൻസ് പാപ്പച്ചനും അന്ന് ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയായിരുന്ന രവിയുമായിരുന്നു നടകത്തിലെ അഭിനേതാക്കൾ.
'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ'
എസ്.ഹരീഷിന്റെ ’മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ‘ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുവന്നത് എന്തുകൊണ്ടും ഉചിതമായി. പുതിയകാലത്തും നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന വലിയ ജാതിവിചാരത്തെ മനോജ്ഞമായി അവതരിപ്പിക്കുന്ന കഥയാണിത്. ഭാഷയ്ക്കുള്ളിലെയും ആചാരങ്ങൾക്കുള്ളിലെയും ജാതിയെയും കഥ പുറത്തെടുത്ത് കാണിക്കുന്നു. ജാതിരഹിത പ്രേമവിവാഹത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീധനം, ജാതിഭ്രാന്ത്, പൊങ്ങച്ചം, ആഡംബരം എന്നീ സാമൂഹികവിപത്തുകളെ കഥ മനോജ്ഞമായി എടുത്തുകാണിക്കുകയാണ്. പ്രേമവിവാഹത്തിന്റെ ഒരു കഥാന്തരീക്ഷത്തിൽ നിർത്തിയാണ് എസ്.ഹരീഷ് ഇതെല്ലാം ഒരു കഥാകൃത്തിന്റെ ഉത്തരവാദിത്വബോധത്തോടെ എടുത്തുകാണിച്ചിരിക്കുന്നത്. ശ്രീനാരായണഗുരു എന്ന സൈൻ (Sign) കഥ വളരെ കലാപരമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ബസേലിയോസ് കോളേജിലെ എന്റെ വിദ്യാർത്ഥിയായിരുന്നു എസ്.ഹരീഷ്. കഥ വായിച്ചുകേട്ടപ്പോൾ ഹരീഷിനെ ഓർത്ത് എനിക്ക് വലിയ അഭിമാനം തോന്നി.
ദക്ഷിണാമൂർത്തി
ദക്ഷിണാമൂർത്തിയുടെ ആകസ്മികമായ മരണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ ആഘാതമായിരിക്കുകയാണ്. മാതൃകാപുരുഷനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ഒരിക്കൽ മാത്രമേ ഞാൻ ദക്ഷിണാമൂർത്തിയുടെ പ്രസംഗം കേട്ടിട്ടുള്ളു. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് താത്വികവശങ്ങൾ വിശദീകരിക്കുന്നതിന് അദ്ദേഹം പ്രഗത്ഭനായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിസ്തുലമായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രതിഭാശാലികളായ നേതാക്കന്മാരുടെ വംശം അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ ദക്ഷിണാമൂർത്തിയുടെ മരണം അപരിഹാര്യമായ ഒരു നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. സംസ്കാരജാലകം ദുഖം പങ്കുവെക്കുന്നു.
O