കവിത
അജിത് മോഹൻ
ഒറ്റയ്ക്ക് ‘ദാസ്’ ബാറിലിരുന്ന് ബിയറടിക്കുന്ന ആൾ
ഒന്നും ചിന്തിക്കുന്നുണ്ടാവില്ല.
കേ.എഫും അച്ചാറുമായി ഇരിക്കുന്നയാളുടെ ചിന്തകളിൽ
പുതിയ തെരഞ്ഞെടുപ്പ് സമവാക്യങ്ങളോ,
ജെ.എൻ.യുവോ, വെമുലയോ ഉണ്ടായിരിക്കില്ല.
പാതി ബിയറാകുമ്പോൾ അയാൾ
അടുത്ത ടേബിളിലിരുന്ന്
ബഡ്വൈസറും കരിമീനും കഴിക്കുന്നവനെ
ബൂർഷ്വാ എന്ന് മനസ്സിൽ വിളിച്ച്, ഒന്ന് നെടുവീർപ്പിടും.
സൈഡിലെ ടേബിളിൽ
പണപ്പെരുപ്പത്തെക്കുറിച്ചും, പാഠപുസ്തകമില്ലായ്മയെപ്പറ്റിയും
പായാരം പറയുന്ന ബാങ്കുദ്യോഗസ്ഥനെയും, അധ്യാപകനെയും
അതുകേട്ട് തലയാട്ടുന്ന പണിയില്ലാത്തവനെയും
നോക്കി ചിറികോട്ടും.
രണ്ടാമത്തെ ബിയർ ഓർഡർ ചെയ്യുമ്പോൾ
ഒറ്റയ്ക്കിരിക്കുന്നയാൾ ചിന്തിക്കാൻ തുടങ്ങും.
റമ്മുണ്ടായിരുന്നെങ്കിൽ
നാലഞ്ചു പെഗ്ഗിൽ ഒരു തീരുമാനമായേനേയെന്ന ചിന്തയിൽ
അയാളിൽ ഭരണകൂടവിരുദ്ധ വികാരമുണരും.
ബാറിലെ അക്വേറിയത്തിലേക്ക് നോക്കുമ്പോൾ അയാൾക്ക്
സ്വർണമീനുകൾ സമ്മാനമായി നൽകിയ കാമുകിയെ ഓർമ വരും.
ഓർമ, ബൂർഷ്വായുടെ പ്ലേറ്റിലെ
മുള്ളുകൾ മാത്രമായ കരിമീനിലവസാനിക്കുമ്പോൾ
പതിവിലും വേഗം അയാൾ രണ്ടാം ബിയറിന് ഒപ്പീസുചൊല്ലും.
ബൂർഷ്വയുടെ മുന്നിലെ ബി ഡി എഫ് നോക്കി,
ബീഫ് നിരോധിച്ചാൽ
ബിയറിന് ഇത്ര നല്ലൊരു കോമ്പിനേഷൻ വേറെന്ത്
എന്നു ചിന്തിച്ചുകൊണ്ട് അയാൾ
മൂന്നാമത്തെ ബിയറിന് കൈയ്യുയർത്തിക്കാട്ടും.
സൈഡ് ടേബിളിൽ ഇപ്പോൾ കേൾവിക്കാരില്ല.
ബാങ്കുദ്യോഗസ്ഥൻ പണപ്പെരുപ്പത്തെപ്പറ്റിയും, അധ്യാപകൻ
പുസ്തകമില്ലായ്മയെപ്പറ്റിയും പുലമ്പുമ്പോൾ
പണിയില്ലാത്തോൻ
സലാഡിലെ വെള്ളരിക്കകൾ തീർക്കുന്ന പണിയിലാവും.
ഒരേ ടേബിളിൽ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന
മൂന്നുപേരെ നോക്കി അയാൾ ചിരിക്കും
മൂന്നാമത്തെ ബിയറിനു താഴെ അയാൾക്ക്
ബോധോദയമുണ്ടാവാൻ തുടങ്ങും.
ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്നവൻ മാത്രമല്ല,
ഓരോ മദ്യപാനിയും ഒറ്റപ്പെട്ട ഓരോ തുരുത്തുകളാണെന്ന്
അയാൾ മനസ്സിലാക്കും.
തിരിച്ചുപോകാനുള്ള കാശുമാത്രമേയുള്ളു എന്ന തിരിച്ചറിവിൽ
അയാൾ ബില്ല് പറയും
നൂറ്റമ്പതു രൂപയുടെ കുറവിൽ
ഒരു ബുദ്ധൻ ജനിക്കാതെ പോകും.
അയാൾ പുറത്തേക്ക് നടക്കുമ്പോൾ
ടേബിളിൽ പുതിയൊരാൾ ഒറ്റയ്ക്ക് വന്നിരിയ്ക്കും.
O
No comments:
Post a Comment
Leave your comment