Sunday, March 13, 2016

സംസ്കാരജാലകം-25

സംസ്കാരജാലകം-25
ഡോ.ആർ.ഭദ്രൻ



നാടകമേ ഉലകം




അമൃത ചാനലിലെ 'നാടകമേ ഉലകം' നർമ്മം സൃഷ്ടിക്കുന്നതിൽ വളരെയൊന്നും മുന്നോട്ട് പോകുന്നില്ല. എങ്കിലും കേരള രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളെ അത് നന്നായി പ്രേക്ഷകരുടെ മനസ്സിലേക്ക് കൊണ്ടുവരുന്നുണ്ട്. കാർട്ടൂൺ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തുന്നു എന്നതാണ്‌ ഈ പരിപാടിയുടെ ഏറ്റവും വലിയ സർഗ്ഗാത്മകത.


ജയകൃഷ്ണൻ എന്ന ധീരനായ വിദ്യാർത്ഥി നേതാവ്



ഞാൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അദ്ധ്യാപകനായിരുന്ന കാലയളവിൽ കണ്ട ഏറ്റവും ധീരനും ആത്മാർത്ഥതയുടെ നിറകുടവുമായിട്ടുള്ള വിദ്യാർത്ഥി നേതാവായിരുന്നു കെ.ജയകൃഷ്ണൻ. അദ്ദേഹം ഇപ്പോൾ SFI പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്‌. കാതോലിക്കേറ്റ് കോളേജിൽ രാഷ്ട്രീയം നിരോധിച്ചപ്പോൾ അതിനെതിരെ സമരം ചെയ്ത്, കൊടിയ മർദ്ദനങ്ങൾ അനുഭവിച്ച നേതാവാണ്‌ ജയകൃഷ്ണൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രാധാന്യം എ.കെ.ആന്റണി അടക്കമുള്ള നേതാക്കന്മാർ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ കാലഘട്ടത്തിലാണ്‌ ജയകൃഷ്ണന്റെ സമരവീര്യവും നിലപാടിന്റെ തിളക്കവും നാമിപ്പോൾ തിരിച്ചറിയേണ്ടത്. നിരവധി വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ കാര്യങ്ങൾക്കുവേണ്ടി ജയകൃഷ്ണൻ കൊടിയ പോലീസ് മർദ്ദനങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഇന്നത്തെ വിദ്യാർത്ഥികൾ തൻകാര്യം മാത്രം നോക്കുന്നവരായി ചുരുങ്ങുമ്പോളാണ്‌ ജയകൃഷ്ണന്റെ വ്യക്തിത്വത്തിന്റെ തിളക്കം തിരിച്ചറിയേണ്ടത്. അനീഷ് പ്രമാടം, ബിജു.കെ.വർഗ്ഗീസ്, ബഞ്ചമിൻ ജോസ് ജേക്കബ് എന്നിവരും ഇതുപോലെ മഹത്വമുള്ള വിദ്യാർത്ഥിനേതാക്കളായിരുന്നു. സി.വി.ജോസിന്റെയും എം.എസ്.പ്രസാദിന്റെയും ധീരരക്തസാക്ഷിത്വം കൊണ്ട് പുളകിതമായ കാതോലിക്കേറ്റ് കോളേജ് കാമ്പസിൽ നിന്നാണ്‌ ഈ നേതാക്കൾ ഉയിർകൊണ്ടത് എന്നത് ചിന്തോദ്ദീപകമായിട്ടുണ്ട്.



സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന്‌ ഒരു ആമുഖം'




സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന്‌ ഒരു ആമുഖം' വലിയ പുരസ്കാരങ്ങൾ നേടിയ മലയാളത്തിന്റെ നോവലാണ്‌. ചരിത്രപരതയുടെ സൗന്ദര്യം ആ നോവലിനുണ്ട് എന്നത് നിസ്തർക്കമാണ്‌. ഒ.ചന്തുമേനോന്റെയും, സി.വി.രാമൻപിള്ളയുടെയും, ഒ.വി.വിജയന്റെയും നോവൽകലയുടെ ഓർമകൾ അത് ഉണർത്തുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നോവൽ മാധ്യമത്തിൽ കരകൗശലം നേടാത്തതിന്റെ തകർച്ച ഈ നോവലിനുണ്ട്. നോവൽ എന്ന വലിയ മാധ്യമത്തിനു മുമ്പിൽ ദിശാബോധം നഷ്ടപ്പെട്ടു നിൽക്കുന്ന ആളെപ്പോലെ സുഭാഷ് നിന്നു പോകുകയാണ്‌. മാധ്യമം തകരുന്നതിന്റെ ഗുരുതരമായ പ്രതിസന്ധിയിലൂടെ ആ നോവൽ കടന്നുപോകുന്നു എന്ന് നല്ല വായനക്കാർ തിരിച്ചറിയുന്നു. ഇത് വല്ല്ലാത്തൊരു പതനമാണ്‌. പുരസ്കാരനിർണ്ണയത്തിൽ എന്തുകൊണ്ടാണ്‌ ഇതൊക്കെ കാണാതെ പോകുന്നത്?


ധിംതരികിടതോം




മാതൃഭൂമി ചാനലിലെ 'ധിംതരികിടതോം' ഉന്നതനിലവാരം പുലർത്തുന്ന ഒരു ഹ്യൂമർ കലാവിരുന്നാണ്‌. മലയാള ചലച്ചിത്രങ്ങളിലെ ഉചിതമായ സന്ദർഭങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്‌ ഈ രാഷ്ട്രീയ ഉപഹാസം മുന്നേറുന്നത്. ആഖ്യാനത്തിൽ പുലർത്തുന്ന നർമ്മത്തിന്റെ സർഗ്ഗാത്മകതയാണ്‌ ഈ രാഷ്ട്രീയോപഹാസത്തെ ചിന്തോദ്ദീപകമാക്കുന്നത്. കേരളം സൃഷ്ടിക്കുന്ന രാഷ്ട്രീയ സന്ദർഭങ്ങളെ നർമ്മത്തിന്റെ വെടിക്കെട്ടുകളാക്കുകയാണ്‌ ഈ പ്രോഗ്രാമിലൂടെ. ധിംതരികിടതോം മുന്നേറട്ടെ. നമുക്ക് ചിന്തിക്കാം, ചിരിക്കാം.


ഉമ്പർട്ടോ എക്കോ




2016 ൽ ആദ്യം നമുക്ക് നഷ്ടമായത് ലോകം കണ്ട ഒരു വലിയ തത്വചിന്തകനെയാണ്‌. നോവലിസ്റ്റും നിരൂപകനും ഭാഷാശാസ്ത്രജ്ഞനും ഒക്കെയായ എക്കോ മലയാളിക്ക് സുപരിചിതനാണ്‌. ബി.മുരളിയുടെ 'ഉമ്പർട്ടോ എക്കോ' എന്ന ചെറുകഥയാണ്‌ ഈ ഉത്തരാധുനിക ചിന്തകനെ മലയാളിക്ക് സുപരിചിതനാക്കിത്തീർത്തത്. ചരിത്രവും തത്വചിന്തയും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ഗദ്യശൈലി എഴുത്തിന്റെ ഒരപൂർവ്വരാഗമാണ്‌ ലോകത്തിന്‌ കാണിച്ചുകൊടുത്തത്. ഈ ഇറ്റാലിയൻ ചിന്തകൻ പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയ്ക്കും പ്രചോദനമരുളട്ടെ.

അപരിഹാര്യങ്ങളായ മരണങ്ങൾ

ഈ അടുത്ത സമയത്തുണ്ടായ ചില മരണങ്ങൾ മലയാളിക്ക് വരുത്തിവെച്ചത് അപരിഹാര്യങ്ങളായ നഷ്ടങ്ങളാണ്‌. കേരളത്തിൽ ഇലക്ട്രോണിക് വിപ്ലവത്തിന്റെ നടുനായകത്വം വഹിച്ച നമ്പ്യാർ, അഭിനയപ്രതിഭയായ പറവൂർ ഭരതൻ, നർമ്മാത്മകവും ചിന്തോദ്ദീപകങ്ങളുമായ കഥകളെഴുതിയ അക്ബർ കക്കട്ടിൽ, സവിശേഷാഭിനയത്തിന്റെ മൂർത്തിമദ് ഭാവമായ കൽപന, നടനകലയുടെ അനശ്വരലാവണ്യമായ മാർഗി സതി, ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ, സംവിധായക പ്രതിഭയായ രാജേഷ് പിള്ള എന്നിവരുടെ നഷ്ടങ്ങൾ നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും?


ഒ.എൻ.വിക്ക് അശ്രുപൂജ




എം.മുകുന്ദന്റെ 'ദൽഹി ഗാഥകളു'ടെ പഠനങ്ങളുടെ സമാഹാരം ഡി.സി.ബുക്സ് ഉടൻ പുറത്തിറക്കുകയാണ്‌. ഈ പുസ്തകം എഡിറ്റ് ചെയ്യുവാനുള്ള ഭാഗ്യം എനിക്കാണ്‌ കരഗതമായത്. ഈ ഗ്രന്ഥത്തിൽ ഒ.എൻ.വി.കുറുപ്പ് എം.മുകുന്ദന്‌ എഴുതിയ ഒരു കത്തു കൂടി ചേർത്തിട്ടുണ്ട്. 'ദൽഹി ഗാഥകൾ' വായിച്ചപ്പോൾ ഒ.എൻ.വിക്ക് തോന്നിയ പ്രതികരണമാണ്‌ കത്തിന്റെ ഉള്ളടക്കം. ഈ കത്തിലാണ്‌ ദൽഹി ഗാഥകൾ ഒരു മോഡേൺ ഇന്ത്യൻ ക്ലാസിക് ആണെന്ന് ഒ.എൻ.വി വിശേഷിപ്പിച്ചത്. നമ്മുടെ നോവൽ വിമർശകർ ആരും കണ്ടെത്താത്ത അത്യുജ്ജ്വലമായ ഒരു നിരീക്ഷണമാണ്‌ കവി ഇവിടെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇത് ചരിത്രത്തിന്റെ ഭാഗമായി തീരേണ്ടതാണ്‌. ഈ കത്ത് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ ഒ.എൻ.വിക്ക് എഴുതി. ഉടൻതന്നെ അദ്ദേഹം ആ കത്ത് ചേർക്കുന്നതിനുള്ള അനുവാദം എനിക്ക് തരികയുണ്ടായി. മഹാന്മാരുടെ ഉദാരമനസ്കതയും വിനയവും ഞാൻ നേരിട്ടനുഭവിച്ച ഒരു നിമിഷമായിരുന്നു അത്. മലയാളത്തിന്റെ എക്കാലത്തെയും മഹാകവിയായ ഒ.എൻ.വി.കുറുപ്പ് എന്ന പ്രതിഭയ്ക്ക് മുന്നിൽ സംസ്കാരജാലകം അശ്രുകണങ്ങൾ അർപ്പിക്കുന്നു.  


സെബാസ്റ്റ്യന്റെ സ്വർഗ്ഗീയം എന്ന കവിത




വളരെ ടാലന്റഡ് ആയ മലയാളത്തിന്റെ യുവകവിയാണ്‌ സെബാസ്റ്റ്യൻ. അദ്ദേഹത്തിന്റെ 'സ്വർഗ്ഗീയം' എന്ന കവിത വീണ്ടും പരിശോധിക്കേണ്ട ഒരു കവിതയാണ്‌. നമ്മുടെ ഓർമ്മകൾക്ക് നേരേ വലിയ കടന്നുകയറ്റം നടത്തുന്ന പുതിയ വികസനസംസ്കാരം ഈ കവിതയിൽ വിമർശനവിധേയമാകുന്നുണ്ട്. ഓർമകളെയും പഴമകളെയും നശിപ്പിച്ച് പുതിയ സ്വർഗ്ഗീയത സൃഷ്ടിക്കാമെന്നാണ്‌ ഉത്തരാധുനിക മനുഷ്യൻ കരുതുന്നത്. ഇതിനെതിരെ ഒരു താക്കീതാണ്‌ ഈ കവിത. ഇത്തരത്തിലുള്ള ഒരു ഭാവുകത്വം മലയാള ഉത്തരാധുനിക കവിതയിൽ കൊണ്ടുവന്നത് സെബാസ്റ്റ്യനാണ്‌. ഇത് മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു നേട്ടമാണ്‌. 


രോഹിത് വെമുല




അഹമ്മദാബാദ് കേന്ദ്രസർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ ഏറെ നടുക്കമുണ്ടാക്കിയ ഒരു വാർത്തയായിരുന്നു. ദളിത് വിദ്യാർത്ഥികൾ എൽ.കെ.ജി തലം മുതൽ ഉന്നതവിദ്യാഭ്യാസതലം വരെ ഇന്ത്യയിൽ കൊടിയ പീഢനം അനുഭവിക്കുന്നു എന്നത് ഇന്ത്യാമഹാരജ്യത്തിന്‌ അപമാനം തന്നെയാണ്‌. മാറിമാറി വരുന്ന സർക്കാരുകൾക്കാണ്‌ ഇക്കാര്യത്തിൽ ഉത്തരവാദിത്വമുള്ളത്. ഭരണകൂടത്തിന്റെ കാർമ്മികത്വത്തിൽ നടന്ന ഒരു കൊലയാണിതെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞത് ഇതൊക്കെ മനസ്സിലാക്കിത്തന്നെയാണ്‌. 

O



No comments:

Post a Comment

Leave your comment