Sunday, May 29, 2011

സംസ്കാരജാലകം

ഡോ.ആര്‍ .ഭദ്രന്‍                  6


ശ്രദ്ധേയമായ ചിന്തകൾ

"പാർട്ടിയുടെ സംഘടിതശക്തിയുടെ മീതെ ഏതു നേതാവിനെയും എത്ര മഹാനാണെങ്കിലും അത്യുന്നതപീഠത്തിൽ പ്രതിഷ്ഠിക്കുന്നത്‌ അസ്ഥാനത്താണ്‌. കേന്ദ്രീകരണ ജനാധിപത്യത്തിന്റെ ചട്ടക്കൂടിനകത്ത്‌ ഉൾപ്പാർട്ടി ജനാധിപത്യം സദാ അവലംബിച്ചില്ലെങ്കിൽ ഒരു പാർട്ടിക്കും അസ്ഥിത്വമില്ല".
( മൗവിന്റെ വിപ്ലവപാരമ്പര്യവും ഇൻഡ്യയും - പ്രകാശ്‌ കാരാട്ട്‌, PEOPLE'S DEMOCRACY,ഡിസംബർ 26,1993)

പ്രകാശ്‌ കാരാട്ട്‌

മറുചിന്ത - ചരിത്രത്തിൽ വ്യക്തികൾ നിർണ്ണായകമാകുമ്പോൾ പാർട്ടി അവരെ എങ്ങനെ ഉൾക്കൊള്ളണം എന്നതിന്‌ പുതിയ തീസീസ്‌ വേണ്ടിവരുമോ?നിലപ്പന (കവിതാസമാഹാരം) - ബിജോയ്‌ ചന്ദ്രൻ
( തോർച്ച 2010 )

ബിജോയ്‌ ചന്ദ്രന്റെ നിലപ്പന എന്ന കവിതാസമാഹാരം കിട്ടിയിട്ട്‌ കുറച്ച്‌ മാസങ്ങൾ ആയെങ്കിലും ഇപ്പോൾ മാത്രമെ വായിക്കാൻ കഴിഞ്ഞുള്ളൂ.മലയാള കവിതയെ ഉത്തരാധുനികതയിൽ നിന്നു മുന്നോട്ട്‌ നയിക്കുന്ന ചില മുകുളങ്ങൾ കണ്ണിൽപെട്ടു. ഇത്തരത്തിലുള്ള കവിതകളാണ്‌ മലയാളകവിതയെ ഇനി രക്ഷിക്കേണ്ടത്‌. അല്ലാത്തതെല്ലാം അതിജീവനത്തിന്റെ കെണിയിൽ കുരുങ്ങിപ്പോകും.അറുപതോളം കവിതകൾ വായിക്കാനുള്ള അവസരമാണ്‌ നിലപ്പന തുറന്നിട്ടുതരുന്നത്‌. ഉത്തരാധുനികതയിൽ സജീവമായിരുന്ന ചിലരുടെ തളർച്ച നാം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണല്ലോ. പരിസരങ്ങളെ കവിതയിലേക്ക്‌ ഏറ്റെടുക്കുന്നതിൽ ഇതിലെ കവിതകൾ പുലർത്തുന്ന അടക്കം വായനയെ വിസ്മയിപ്പിക്കുന്നു.
സമഹാരത്തിലെ കവിതകളിലെ ചില വരികൾ മനസ്സിൽ ഇപ്പോഴും ഉടക്കിപ്പിടിക്കുന്നു.

മണ്ണിലേക്ക്‌ മഴുപ്പാടു ചേർത്ത്‌
ധ്യാനമായി ജലം കാത്തുകിടക്കുന്നു
മില്ലിലെ തടി.

ഒതുങ്ങുന്നൊരു വെറും
ചില്ലുഗോളത്തിൽ നീല
ക്കടലിൽ മുങ്ങിപ്പോയ കാടിന്റെ നിലവിളി.

അവ്യക്തതയിൽ കവിത അലിയിച്ച്‌ ഇല്ലാതാക്കാനുള്ള കവിതകളിലെ ചില വരികളിലുള്ള ശ്രമങ്ങള്‍  ഉപേക്ഷിക്കണമെന്ന് അപേക്ഷ! ജീവിതാനുഭവങ്ങളുടെ തെളിമ കൊതിച്ച്‌ എഴുതിപ്പോയതാണ്‌ ഈ നിദേശം.


ബൊളീവിയൻ കോളനി - വിനോദ്‌ ഇളകൊള്ളൂർ
(ജനശക്തി-ജനുവരി-2011 മാർച്ച്‌ 12-18)

വിനോദ്‌ ഇളകൊള്ളൂർ

'ഉലഹന്നാൻ എന്ന മെലിഞ്ഞ ചെറുപ്പക്കാരൻ' എന്ന കഥാസമാഹാരത്തിലൂടെ ശ്രദ്ധേയനായിത്തീർന്ന കഥാകൃത്താണ്‌ വിനോദ്‌ ഇളകൊള്ളൂർ. 'ശബരിമല-വിവാദങ്ങൾ പടികയറുന്നു' എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റേതായി ഉണ്ട്‌.ഉടൻ തന്നെ വിനോദിന്റെ ഒരു നോവൽ പ്രസിദ്ധീകൃതമാകുവാൻ പോകുന്നു എന്നും അറിയുന്നു.പുതിയ കഥാകൃത്ത്‌ എന്ന നിലയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുവാൻ ശ്രമിക്കുന്ന കഥയാണ്‌ ജനശക്തിയിൽ വന്ന വിനോദ്‌ ഇളകൊള്ളൂരിന്റെ 'ബൊളീവിയൻ കോളനി'. മാധ്യമങ്ങളെ - ഇവിടെ പ്രിന്റ്‌ മീഡിയ- ആകമാനം ബാധിച്ചിരിക്കുന്ന ജീർണ്ണതയുടെ ഉജ്ജ്വലമായ കഥാരൂപമാണ്‌ ബൊളീവിയൻ കോളനി.ഗോപീകൃഷ്ണനെപ്പോലുള്ള മാധ്യമപ്രവർത്തകരുടെ അർത്ഥപൂർണ്ണവും മഹത്തുമായ പത്രപ്രവർത്തനത്തെ തമസ്ക്കരിക്കുന്നത്‌ കഥയിൽ ആവിഷ്കാരം നേടിയിരിക്കുന്നതുപോലുള്ള ജീർണ്ണലിസമാണ്‌.മുകുന്ദന്റെ 'ഒരു ദളിത്‌ യുവതിയുടെ കദനകഥ' പോലുള്ള... 'ഫോട്ടോ' പോലുള്ള... രചനകളിൽ ചർച്ച ചെയ്ത പ്രശ്നങ്ങൾ വേറൊരു രീതിയിൽ വിനോദ്‌ ഇളകൊള്ളൂർ ആവിഷ്കരിച്ചിരിച്ചിരിക്കുകയാണ്‌.അടക്കവും ഒതുക്കവും പാലിച്ച്‌ ലക്ഷ്യം പിഴയ്ക്കാതെ ആഖ്യാനചാരുതയോടെ കഥ പറയാൻ വിനോദ്‌ വളർന്നിരിക്കുന്നു എന്നതിന്‌ അർത്ഥസമ്പുഷ്ടതയുള്ള ഈ കഥ തെളിവാണ്‌.ഒരു പത്രസ്ഥാപനത്തിലെ പത്രപ്രവർത്തനജീവിത പശ്ചാത്തലത്തിൽ തന്നെയാണ്‌ കഥ ജീവൻ വെച്ച്‌ ഉണരുന്നതും പടരുന്നതും.ചിത്രീകരണത്തിൽ മുമ്പെങ്ങുമില്ലാത്ത പാകതയും വിനോദ്‌ നേടിയിരിക്കുന്നു.നവീന മാധ്യമങ്ങളുടെ കഴുകൻകണ്ണുകൾക്ക്‌ ഇവിടെ ഇരയാകുന്നത്‌ പീഡിതരായ നക്സലുകളാണെന്നതാണ്‌ കഥയുടെ സങ്കടത്തെ ഇരട്ടിപ്പിക്കുന്നത്‌.കഥയിലെ ചലനങ്ങൾ കൃത്യമായ ആംഗിളുകളിൽ സൃഷ്ടിക്കുന്നതിൽ കഥാകാരൻ സൂക്ഷ്മശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്‌.ഇത്‌ ആഖ്യാനത്തെയും അതിലൂടെ കഥയെയും സൗന്ദര്യദീപ്തമാക്കിയിട്ടുണ്ട്‌.


കിച്ന-ഒരു റോഡ്കഥ - എൻ.എസ്‌.മാധവൻ
( മലയാളമനോരമ വാർഷികപ്പതിപ്പ്‌-2010 )


2009-10 ലെ മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നായിരുന്നു ഇത്‌.ഇതിനെക്കുറിച്ച്‌ വാർഷികകണക്കെടുപ്പ്‌ വിദഗ്ദന്മാർ പരാമർശിച്ച്‌ കണ്ടതേയില്ല.ഈ കഥയെക്കുറിച്ച്‌ 'സംസ്കാരജാലക'ത്തിന്റെ ഒരു പോസ്റ്റിൽ വായിക്കാം.കാത്തിരിക്കുക.


ക്രിക്കറ്റിന്റെ പേരിൽ പുതുമുതലാളിത്തത്തിന്റെ മുതലെടുപ്പ്‌

താഴെ കൊടുത്തിരിക്കുന്ന വാർത്ത ശ്രദ്ധാപൂർവ്വം വായിച്ച്‌ പുതിയ മുതലാളിത്തത്തിന്റെ വഞ്ചനയുടെ പാഠങ്ങൾ ഇൻഡ്യയിലെ ജനങ്ങൾ പ്രത്യേകിച്ചും നമ്മുടെ യുവത്വം മനസ്സിലാക്കിയെടുക്കുക. വാർത്ത(ദേശാഭിമാനി 2011 മെയ്‌ 18 ബുധൻ)

ധോണിയെക്കാണാൻ പെപ്സി അവസരമൊരുക്കുന്നു.
കൊച്ചി: ഇൻഡ്യൻ ക്രിക്കറ്റ്‌ ടീം താരങ്ങളായ മഹേന്ദ്രസിംഗ്‌ ധോണി,സുരേഷ്‌ റെയ്ന, വിരാട്‌ കോഹ്‌ലി,ഹർഭജൻ സിംഗ്‌, മുൻതാരം റോബിൻസിംഗ്‌ എന്നിവരെക്കാണാൻ ഉപഭോക്താക്കൾക്ക്‌ പെപ്സി അവസരമൊരുക്കുന്നു. വാങ്ങുന്ന ഗ്ലാസ്സ്‌ ബോട്ടിൽ പെപ്സിയുടെ അടപ്പിൽ വ്യക്തമാക്കിയിരിക്കുന്ന കോഡ്‌ നമ്പർ, 09213092130 എന്ന നമ്പരിലേക്ക്‌ എസ്‌.എം.എസ്‌ ചെയ്യുക.വിജയികൾക്ക്‌ ഓഫറിൽ പറഞ്ഞിരിക്കുന്ന ക്രിക്കറ്റർമാരിൽ തങ്ങൾ തെരഞ്ഞെടുക്കുന്നയാളെ കാണാനും സംവദിക്കാനും അവസരം ലഭിക്കും.നറുക്കെടുപ്പിൽ വിജയികളാകുന്ന 31 പേർക്കാണ്‌ അവസരം.ഓരോ മണിക്കൂറിലും 300 വിജയികൾക്ക്‌ 30 രൂപയുടെ 'ടോപ്‌ അപ്പി'നൊപ്പം മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു പാട്ട്‌ ഫ്രീയായി ഡൗൺലോഡ്‌ ചെയ്യാമെന്നുള്ള ഉറപ്പായ സമ്മാനവുമുണ്ട്‌.

പുതുമൊഴി- ഒരു വെടിക്ക്‌ രണ്ട്‌ ചതി
പെപ്സി മുതലാളിയും മറ്റ്‌ മുതലാളിമാരും നീണാൾ വാഴട്ടെ !അയച്ചുകിട്ടിയ പുസ്തകങ്ങൾ


1. ആരൂഡം - കണിമോൾ
ഉണ്മ പബ്ലിക്കേഷൻസ്‌,നൂറനാട്‌
വില 50 രൂപ

2.വാക്കേറ്‌ - നൂറനാട്‌ മോഹൻ
ഉണ്മ പബ്ലിക്കേഷൻസ്‌,നൂറനാട്‌
വില 190 രൂപ

3.കുള്ളൻ - കണിമോൾ
ഉണ്മ പബ്ലിക്കേഷൻസ്‌,നൂറനാട്‌
വില 45 രൂപ


ഒസാമ ബിൻലാദൻ - ബരാക്‌ ഒബാമ

സെപ്റ്റംബർ 11 - ലെ വേൾഡ്‌ ട്രേഡ്‌ സെന്ററിലെ മനുഷ്യത്വരഹിതമായ ആക്രമണവും ഒരു രാജ്യത്തിന്റെ പരമാധികാരത്തെ തൃണവൽഗണിച്ചുകൊണ്ട്‌ അബട്ടാബാദിൽ,പതിമൂന്ന്‌ വയസ്സുകാരിയായ മകളുടെ മുമ്പിൽവെച്ച്‌ ബിൻലാദനെ കൊല ചെയ്ത് ‌(സിനിമയിൽ എന്നപോലെ വൈറ്റ്‌ഹൗസ്‌ അത്‌ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.ഹിറ്റ്ലറുടെ പഴയ വിനോദത്തിന്റെ പുതിയ പതിപ്പ്‌) കടലിൽ തള്ളിയതും ഒരു പോലെ അപലപിക്കാൻ പഠിക്കുമ്പോഴേ മനുഷ്യവംശത്തിന്‌ ശരിയുടെ പാത കണ്ടേത്തുവാൻ കഴിയൂ.


സി.ജെ.തോമസും അരാജകവാദവും

സി.ജെ.ഒരിടത്തും ഉറയ്ക്കാതെ അലഞ്ഞ ഇരുപതാം നൂറ്റാണ്ടിലെ അരാജകവാദികളായ കലാകാരന്മാരുടെ സംഘത്തിലെ അംഗമാണ്‌.ഇന്നത്തെ ഉത്തര-ഉത്തരാധുനിക പശ്ചാത്തലത്തിൽ അരാജകവാദത്തിന്‌ പ്രസക്തിയില്ല.ഇങ്ങനെയാണ്‌ എം.കെ.ഹരികുമാർ (കലാകൗമുദി,2011 മെയ്‌ 22) സി.ജെ.യെയും അരാജകവാദത്തെയും മനസ്സിലാക്കിയിരിക്കുന്നത്‌. അരാജകവാദവും അതിന്റെ അതിജീവനശ്രമവുമാണ്‌ കലാകാരനെ സൃഷ്ടിക്കുന്നത്‌.അത്‌ സ്ഥലകാലനിരപേക്ഷമാണെന്നും എം.കെ.ഹരികുമാർ അറിയുക.


അന്നാ ഹസാരെ
അന്നാ ഹസാരേയ്ക്ക്‌ എന്തുകൊണ്ടാണ്‌ അഴിമതിയ്ക്കെതിരെയുള്ള സമരത്തിൽ ജനങ്ങളെ ഇളക്കിവിടുവാൻ കഴിഞ്ഞത്‌ എന്ന് പലരും ചോദിക്കുന്നു?
ഉത്തരം - വിശ്വാസ്യത നഷ്ടപ്പെട്ട എസ്റ്റാബ്ലിഷ്‌മന്റുകൾക്കപ്പുറം ജനത അഴിമതിയ്ക്കെതിരെ, എല്ലാത്തരം മോചനത്തിനുമായി ഒരു പ്രവാചകനെ കിനാവുകാണുന്നുണ്ട്‌,സമൂഹാബോധത്തിൽ.


വിചിത്രം !

2011 ഏപ്രിൽ 24-30 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കവിതകളില്ലാതെയാണ്‌ പുറത്ത്‌ വന്നിരിക്കുന്നത്‌ (കോളേജ്‌ മാഗസിനൊഴിച്ച്‌) ചർവിതചർവ്വണം ചെയ്ത വിഷയങ്ങൾ കുത്തിനിറച്ചിരിക്കുന്ന ഈ ലക്കത്തിൽ നിന്ന് കവിതകൾ പുറത്തായത്‌ വിചിത്രം തന്നെ!


നിരൂപണത്തിന്റെ പുതുനാമ്പുകൾ (2)

ശ്രീശൈലം ഉണ്ണികൃഷ്ണന്റെ പല വിമർശനലേഖനങ്ങളും പലപ്പോഴായി വായിച്ചിട്ടുണ്ട്‌.

നിരൂപണത്തിന്റെ ശക്തിയും സൗന്ദര്യവും (വാർത്തികം 2009 ജനുവരി 15-ഫെബ്രുവരി 14)
തപസ്യയുടെ സത്ഫലം,കഥയെന്ന കാലമാപിനി (ഉപധ്വനി 22 ആം പിറന്നാൾ പതിപ്പ്‌ 2010)
ഹരിനാമകീർത്തനം - സ്വരൂപവും സ്വഭാവവും
സസ്യലോകത്തിലൂടെ ഒരു പഠനയാത്ര (പ്രഗതി,ജൂലൈ-സെപ്റ്റംബർ 2008)
ചരിത്രത്തിന്റെ ഊടും പാവും ( Intentions, Baselius College Annual 2002)
ചിരിക്കുന്ന മരപ്പാവ- തമസ്സകറ്റുന്ന രത്നപ്രകാശം (പ്രഗതി ഏപ്രിൽ 2010)
നേരിന്റെ പകർന്നാട്ടങ്ങൾ (തപസ്യ 2008 ജൂലൈ 15 ആഗസ്റ്റ്‌ 14)
സംസ്കൃതിയുടെ ചിഹ്നങ്ങൾ (പ്രഗതി ജൂലൈ-സെപ്റ്റംബർ 2009)
ഇങ്ങനെ ഒട്ടനവധി ലേഖനങ്ങൾ.

ശ്രീശൈലം ഉണ്ണികൃഷ്ണന്‍  

സമകാലിക മലയാളം വാരികയിലും കലാകൗമുദിയിലും വന്ന ചിലലേഖനങ്ങളും അടുത്തകാലത്ത്‌ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.ക്രമബദ്ധമായ ഒരു വളർച്ച നിരൂപണഭാഷയിലും അപഗ്രഥനത്തിലും കാണപ്പെടുന്നു എന്നതാണ്‌ ശ്രീശൈലം ഉണ്ണികൃഷ്ണന്റെ വിമർശനത്തിന്റെ വളരെ പോസിറ്റീവായ ഘടകം.ചിന്തയും ഭാഷയും തെളിഞ്ഞുതെളിഞ്ഞുവരുന്നു. മലയാളനിരൂപണത്തിൽ ഭാവിയിലെ ശബ്ദമായി മാറുവാൻ ശ്രീശൈലം ഉണ്ണികൃഷ്ണന്‌ കഴിയും.ഈ നിരൂപകന്റെ കഠിനാധ്വാനവും ജന്മനാ ഉള്ള പ്രതിഭയും അതിനു തുണയാകും.സാംസ്കാരികമായ കെടുതികളുടെ ഇന്നത്തെകാലത്ത്‌ ഒരു ചെറുപ്പക്കാരൻ നിരൂപണത്തിൽ ജീവിതം സമർപ്പിക്കുന്നത്‌ ഭാവിയിലെ മഹത്തായ സംഭവങ്ങളുടെ തുടക്കമായേക്കാം,ഒരുപക്ഷെ.
വിജയാശംസകൾ !      


O
ഫോണ്‍ : 9895734218

Saturday, May 21, 2011

ഔട്ട്‌ ഓഫ്‌ ഫോക്കസ്‌

രാജേഷ്‌ കടമാൻചിറ

              പ്രഭാതസൂര്യന്റെ വെയിൽനാളങ്ങൾക്ക്‌ തീക്ഷ്ണതയേറിയപ്പോൾ,ക്യാമറ ഓഫ്‌ ചെയ്ത്‌ ബാഗിൽ വെച്ച്‌,തിരികെ നടന്നു.കടൽത്തീരത്തിന്‌ സമീപമുള്ള പ്രദേശങ്ങൾക്ക്‌ ഒരുപാട്‌ മാറ്റം സംഭവിച്ചിരിക്കുന്നു.തീരത്തിന് സമാന്തരമായി നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ്‌ നടപ്പാതയും ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങളും നക്ഷത്രഹോട്ടലുകളുമൊക്കെയായി പഴയ പ്രാശാന്തത കൈവിട്ടുപോയിരിക്കുന്നു. ദൂരെയായി ഹോട്ടൽ സീവ്യു റിസോർട്ടിന്റെ നിയോൺ ബോർഡ്,‌ വെയിലേറ്റ്‌ തിളങ്ങുന്നുണ്ട്‌. അത്‌ ലക്ഷ്യമാക്കി നടന്നു.

റൂം തുറന്ന് അകത്തേക്ക്‌ കയറുമ്പോൾ നന്നായി വിയർത്തിരുന്നു.പുലരിവെയിൽ അത്ര ദുർബലമായിരുന്നില്ല എന്നു മനസ്സിലോർത്തു. ബാഗ്‌ ടേബിളിലേക്ക്‌ വെച്ച്‌,ഏ.സി ഓൺ ചെയ്ത്‌ ബെഡ്ഡിൽ മലർന്നു കിടന്ന് കണ്ണുകളടച്ചു.പതിയെപ്പതിയെ ഏ.സിയുടെ കുളിർമ്മ മനസ്സിലേക്കും പടർന്നു കയറി.പ്ലാൻ ചെയ്തിരുന്നതുപോലെ തന്നെ ചില നല്ല ഷോട്ടുകൾ ഇന്ന് ഫ്രെയിമിലാക്കാൻ കഴിഞ്ഞ ദിവസമാണ് .
ആകെ ഒരു സന്തോഷം!

എഴുന്നേറ്റ്‌ ജാലകത്തിനരികിലേക്ക്‌ വന്നു.റിസോർട്ടിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ,ഇവിടെ നിന്നാൽ നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കടലിന്റെ സുന്ദരദൃശ്യം....
അലയടിക്കുന്ന കടൽക്കാഴ്ച്ചകളിൽ തീരത്തോടു ചേർന്നു നിർമ്മിച്ചിരിക്കുന്ന കരിങ്കൽമണ്ഡപം ആരോ വരച്ചിട്ട ചിത്രം പോലെയുണ്ട്‌.
കഴിഞ്ഞ തവണ ഇവിടെ വരുമ്പോൾ,ആ മണ്ഡപത്തിനരികിൽ നിന്നാണ്‌ ഉദയക്കാഴ്ച്ചയിലേക്ക്‌ സൂം ചെയ്തത്‌. അന്ന് കാർമേഘക്കീറുകൾ സൂര്യനെ മറച്ചിരുന്നതിനാൽ തെല്ല് നിരാശ തോന്നിയെങ്കിലും മറ്റുചില കാഴ്ചകൾ ഫ്രെയിമിലേക്ക്‌ വന്നു കയറിയത്‌ തികച്ചും ആകസ്മികമായായിരുന്നു.സത്യത്തിൽ എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ആ സുന്ദരദൃശ്യങ്ങൾ...
എപ്പോഴുമെന്നപോലെ അത്‌ ഇപ്പോൾ ഈ നിമിഷം കാണണമെന്നു തോന്നി.ലാപ്ടോപ്‌ ഓൺ ചെയ്ത്‌, സ്ക്രീനിലേക്ക്‌ കണ്ണുനട്ടിരിക്കവെ ഫോൾഡറുകളുടെ വലയങ്ങൾക്കിടയിലൂടെ മനസ്സ്‌  രണ്ടുവർഷം പിന്നിലേക്കോടി,ആ ദൃശ്യങ്ങളിലേക്കെത്തി.

അപ്പോൾ മേഘങ്ങളെ മറികടന്ന് ഉദയസൂര്യന്റെ പൊൻവെളിച്ചം പൊട്ടിവരാൻ വെമ്പിനിൽക്കുകയായിരുന്നു.
പതിവുനേരം തെറ്റിയിട്ടുണ്ട്‌.
വ്യൂ ഫൈൻഡറിലേക്ക്‌ നോക്കുമ്പോൾ ക്ലിയർ ആണ്‌.ബാറ്ററി ബാക്കപ്പുമുണ്ട്‌.
പക്ഷെ മേഘങ്ങൾ ചതിച്ചിരിക്കുന്നു.
സൂര്യോദയം നഷ്ടപ്പെട്ട നിരാശയോടെ തിരമാലകളിലേക്ക്‌ ക്യാമറ തിരിച്ചുപിടിച്ചു.തീരത്തേക്ക്‌ ആവേശപൂർവ്വം വന്നുകയറി,അലിഞ്ഞില്ലാതാകുന്ന തിരമാലകളെ ഒപ്പിയെടുക്കുമ്പോഴാണ്‌ ആ വെളുത്ത കാൽപ്പാദങ്ങൾ ഓർക്കാപ്പുറത്ത്‌ ഫ്രെയിമിലേക്ക്‌ വന്നുകയറുന്നത്‌.
അലോസരപ്പെട്ടാണ്‌ മുഖം ഉയർത്തി നോക്കിയത്‌.
ഒരു പെൺകുട്ടി!
ജീൻസും ടീഷർട്ടുമണിഞ്ഞ്‌ തിരമാലകളിലൂടെ ഓടിയൊഴുകുന്ന അവൾക്ക്‌ ഇരുപതുവയസ്സ്‌ കാണുമെന്നു തോന്നുന്നു.
ജീൻസ്‌ മുട്ടൊപ്പം മടക്കിവെച്ചിട്ടുണ്ട്‌.
വെളുത്ത്‌ സുന്ദരമായ കാലുകൾ.
അവൾക്കൊപ്പം ഒരു യുവാവുമുണ്ട്‌.
കമിതാക്കളാവും...?

അവരിൽ നിന്ന് കണ്ണ് പിന്‍വലിച്ച്,റിക്കോർഡ്‌ ചെയ്ത ഭാഗം പ്ലേ ചെയ്തു നോക്കി.തിരകളുടെ ചലനം സ്വാഭാവികമായ ഭംഗി നഷ്ടപ്പെടാതെ തന്നെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. അലകൾക്കിടയിലേക്ക്‌ താളാത്മകമായ ചലനത്തോടെ കടന്നുവരുന്ന വെളുത്ത കാൽപ്പാദങ്ങൾ. ആ പാദങ്ങളിൽ തട്ടി അലിഞ്ഞില്ലാതാകുന്ന തിരമാലകൾ...
തിരകൾ പിൻവലിയുമ്പോൾ നനവൂറുന്ന മണ്ണിൽ പുതഞ്ഞുകിടക്കുന്ന വെളുപ്പിൽ പറ്റിച്ചേർന്നിരിക്കുന്ന സ്വർണ്ണപാദസരവും ചെറുമണൽത്തരികളും...കണങ്കാലിന്‌ മിഴിവേകിക്കൊണ്ട്‌ പതിക്കുന്ന സൂര്യന്റെ പൊന്‍ വെളിച്ചവും....
മാർവ്വലസ് ‌!
സൂര്യോദയം നഷ്ടപ്പെട്ടു പോയതിന്റെ നിരാശ ഒരുനിമിഷം കൊണ്ട്‌ മനസ്സിൽ നിന്ന് മാഞ്ഞുപോയി.
ഏതോ ഒരു പ്രേരണയാൽ ഞാൻ വീണ്ടും ക്യാമറക്കണ്ണുകളാൽ അവളെ നോക്കി.അൽപം അകലെയായി നിന്നിരുന്ന എന്നെ അവർ ശ്രദ്ധിക്കുന്നതേയില്ല. എന്റെ ക്യാമറ അവരെ ഫോക്കസ്‌ ചെയ്യുന്നതും അവർ അറിഞ്ഞിട്ടില്ല.കിതച്ചുകൊണ്ടിരിക്കുന്ന അവളുടെ മുഖം ക്ലോസപ്പിലേക്ക്‌ സൂം ചെയ്തു.ആർദ്രമായ ആ മുഖം നോക്കി നിൽക്കേ,എന്റെ വിരൽ അറിയാതെ തന്നെ റിക്കോർഡിംഗ്‌ ബട്ടണിൽ അമർന്നു.

നനുത്ത കൺപീലികൾ..
പാറുന്ന അളകങ്ങൾ...
പൊടുന്നനെ അവളുടെ കൂട്ടുകാരന്റെ മുഖം ഫ്രെയിമിലേക്ക്‌ കടന്നുവരികയും അവളുടെ തരളമായ ചുണ്ടുകളിൽ അവൻ മുദ്ര വെക്കുകയും ചെയ്തു.തെല്ല് അസ്വസ്ഥതയോടെ ഞാൻ റിക്കോർഡിംഗ്‌ പോസ്‌ ചെയ്തു.
അവനോട്‌ എന്തെന്നില്ലാത്ത ഈർഷ തോന്നി.
പിന്നെയോർത്തു. ഞാനെന്തു വിഡ്ഡിത്തമാണ്‌ചിന്തിക്കുന്നത്‌ ?
ഒരു നിമിഷംകൊണ്ട്‌ എന്നെത്തന്നെ മറന്നുപോയിരിക്കുന്നു.

ക്യാമറ ഓഫ്‌ ചെയ്ത്‌ ബാഗിൽ വെച്ച്‌,ആ പ്രണയജോടികളെ അവരുടെ സ്വകാര്യതയിൽ വിട്ടുകൊണ്ട്‌ ഞാൻ തിരിഞ്ഞുനടന്നു.അപ്പോഴെക്കും സൂര്യൻ മേഘങ്ങൾക്കിടയിൽനിന്ന് പുറത്തുവന്ന് പ്രയാണമാരംഭിച്ചു കഴിഞ്ഞിരുന്നു.ഓർമ്മകളിൽ നിന്ന് മനസ്സ്‌ തിരികെയെത്തുമ്പോൾ,ലാപ്ടോപ്‌ സ്ക്രീനിൽ ദൃശ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
യാദൃശ്ചികമായി ലഭിച്ച ആ ഷോട്ടുകൾ ഉൾപ്പെടുത്തിയാണ്‌ ആദ്യ പരസ്യചിത്രം രൂപപ്പെടുത്തിയത്‌. മനം നിറയുന്ന ആ കാഴ്ചകളുടെ തിരകളിലേക്കാണ്‌ പ്രേക്ഷകർ കണ്ണുതുറന്നു വെച്ചത്‌....ഇഷ്ടം നൽകിയത്‌.
പിന്നീട്‌ അവസരങ്ങൾ തേടിവരികയായിരുന്നു.
ഉയർച്ചയുടെ പാതകളിലേക്ക്‌ കാലെടുത്തുവെച്ച്‌ നടന്നു.തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല,ഒരിക്കലും. എന്നാലും എനിക്ക്‌ ഏറ്റവും പ്രിയങ്കരങ്ങളായ ഈ ക്ലിപ്പിങ്ങുകളിലേക്ക്‌ എപ്പോഴുമെപ്പോഴും തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കാൻ തോന്നും.

അവൾ ഇപ്പോൾ എവിടെയായിരിക്കും?

ആ പ്രണയജോടികൾ തിരകളെ തെറിപ്പിച്ചുകൊണ്ട്‌,ഓർമ്മകളിൽ മണൽത്തരികൾ വിതറിക്കൊണ്ട്‌ അങ്ങനെ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന നേരത്താണ്‌ ഉറക്കം വന്നത്‌.

ഉണരുമ്പോൾ വൈകുന്നേരമായിരുന്നു.ഒന്നു കുളിച്ചുവന്നപ്പോൾ ആകെ ഒരു ഫ്രഷ്‌നെസ്‌ തോന്നി. റസ്റ്റോറന്റിൽ പോയി ലഘുഭക്ഷണത്തോടൊപ്പം ഒരു കോഫി കൂടി അകത്താക്കിയപ്പോൾ നല്ല ഊർജ്ജമായി.
ക്യാമറ തോളിലിട്ട്‌ നടന്നു.സൂര്യൻ അങ്ങേ ചക്രവാളത്തെ സമീപിക്കുന്നതേയുള്ളൂ.അസ്തമയത്തിന്‌ ഇനിയും സമയമുണ്ട്‌.
വിൽപ്പന തകൃതിയായി നടക്കുന്ന ചില കരകൗശല സ്റ്റാളുകളിൽ ചുമ്മാതെ കയറിയിറങ്ങി.
ഒന്നും വാങ്ങിയില്ല.
ശംഖ്‌ പതിച്ച ചില ചിത്രങ്ങൾ...
മുത്തുകൾ..
പോപ്പ്‌കോൺ പൊട്ടുന്ന താളം...
തീരത്തിന്റെ തനതായ ശബ്ദങ്ങള്‍ക്കപ്പുറം അകലെനിന്ന് ഒരു ബഹളം കേട്ടപ്പോൾ ചെന്നുനോക്കി.
ലഘുഭക്ഷണങ്ങൾ വിൽക്കുന്ന ഒരു ചെറിയ സ്റ്റാളിന്‌ മുന്നിൽ നിൽക്കുന്ന ഒരു തെരുവുപെണ്ണിനെ ഓടിച്ചുവിടാൻ ശ്രമിക്കുന്ന ഉടമസ്ഥൻ.

ബഹളത്തിനിടയിൽ കരയുന്ന കുഞ്ഞിനെ അവൾ മാറോട്‌ ചേർത്തുപിടിച്ചിരിക്കുന്നു.വിശപ്പടക്കാൻ എന്തെങ്കിലും തരണമെന്ന് അവൾ യാചിക്കുന്നുണ്ട്‌.കറുത്ത തടിമാടൻ അവളെ തമിഴിൽ നിർത്താതെ പുളിച്ചതെറി വിളിക്കുന്നു.അവനിട്ട്‌ രണ്ടെണ്ണം പൊട്ടിക്കാനാഞ്ഞുകൊണ്ടാണ്‌ ഞാൻ അടുത്തേക്ക്‌ ചെന്നത്‌.എന്നെ കണ്ടതും അയാൾ നിശ്ശബ്ദനായി.
എന്തിനാണ്‌ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ചെന്നു തലയിടുന്നതെന്ന് പെട്ടെന്ന് ബോധവാനായി.ഉള്ളിലെ ആവേശത്തെ അടക്കിക്കൊണ്ട്‌ പഴ്സ്‌ തുറന്ന് കുറച്ച്‌ പണമെടുത്ത്‌ അവന്‌ നൽകി.

"അവൾക്ക്‌ വേണ്ടത്‌ കൊടുത്തുവിട്‌!"

ഒന്നമ്പരന്ന് നോക്കിയശേഷം അയാൾ കുറച്ച്‌ ഭക്ഷണസാധനങ്ങൽ കവറിൽ നിറച്ച്‌ അവൾക്ക്‌ കൊടുത്തിട്ട്‌ അർത്ഥഗർഭമായി എന്നെ പാളിനോക്കി.ഒട്ടും ഗൗനിക്കാതെ ഞാൻ തിരിഞ്ഞുനടന്നു. രണ്ടുമൂന്ന് ചുവടുകൾ നടന്നുകഴിഞ്ഞപ്പോൾ ഏതോ ഒരു തിരിച്ചറിവിൽ ഞാൻ പിൻതിരിഞ്ഞ്‌ നോക്കി.
അവൾ...?

ഒരു നടുക്കം ഉള്ളിലുണർന്നു.ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി.
അതേ കൺപീലികൾ..
മെഴുക്കുപുരണ്ട മുഖത്തിന്റെ ആഴങ്ങളിൽ നിന്ന് ഞാനത്‌ തേടിയെടുത്തു.
നടുക്കം പൂർണ്ണമായി.

ശിരസ്സിൽ ശക്തമായ ഒരു പ്രഹരമേറ്റതുപോലെ മരവിച്ചുനിൽക്കുമ്പോൾ കുഞ്ഞിനെയും മാറത്തടുക്കി അവൾ നടന്നകന്നു.
മണൽത്തരികളിൽ പുതഞ്ഞുപോകുന്ന ആ കാൽപ്പാദങ്ങൾ...
അസ്തമയസൂര്യന്റെ ചെങ്കിരണങ്ങൾ മറഞ്ഞുകഴിഞ്ഞപ്പോഴും എന്തുചെയ്യണമെന്നറിയാതെ ഞാൻ കടൽത്തീരത്തു നിന്നു.

കടലിന്റെ ആരവം ഉള്ളിലുണർത്തിയത്‌ വല്ലാത്ത ഒരു മരവിപ്പാണ്‌.കഴിഞ്ഞ രണ്ടുവർഷങ്ങളായി മനസ്സിൽ നിറഞ്ഞുനിന്നിരുന്ന മനോഹരദൃശ്യങ്ങൾ പൊടുന്നനെ മാഞ്ഞുപോയിരിക്കുന്നു.
തീരത്തു നിന്ന് നടന്നകലാനുള്ള വ്യഗ്രതയോടെ ഞാൻ കാലുകൾ നീട്ടിവച്ചു.


O

ഫോൺ : 9846136524


Monday, May 16, 2011

മഞ്ഞുകാലം നോറ്റ ഓർമ്മ


മോഹന്‍കുമാർ.പിരോ മഞ്ഞുകാലത്തേക്കും
ഓർമ്മകളെല്ലാം ബാക്കിവെയ്ക്കും
അപ്പോഴേക്കും നീയെല്ലാമെല്ലാം മറന്നിരിക്കും.
തിരമാലകളിൽ ചുഴിക്ക് കുറുകെ
ആർത്തലച്ചത്‌;
പഞ്ചാരമണലിൽ കൊട്ടാരം പണിതത്‌;
ഉന്മാദത്തോടെ തിരമാലകളിലേക്കെടുത്തുചാടി
എന്നെ ഭയപ്പെടുത്തിയത്‌;
കടലാമയുടെ മുട്ടകൾ പൊത്തിപ്പിടിച്ച്‌
സ്വപ്നങ്ങൾ മെനഞ്ഞത്‌..


കടൽഞണ്ടുകളെ പ്രേമിച്ചു നീ.
ഞാനറിയുന്നു നീ അതെല്ലാം മറന്നിരിക്കും,ഇപ്പോൾ.
ഇനി അടുത്ത തണുപ്പുകാലത്തുവേണം
ഓരോന്നും ഓർത്തെടുത്ത്‌ ഈ തീരത്തിലൂടെ
നിന്നെ തേടി അലയാൻ
ഓരോ കടൽചിപ്പിയോടും നിന്നെക്കുറിച്ചു ചോദിക്കാൻ.
ഓരോ തിരയിൽ നിന്നും നിന്റെ ചിരിയുടെ
ശബ്ദം തിരിച്ചറിയാൻ
ഓരോ കാർമേഘത്തിൽ നിന്നും
നിന്റെ മുടിയുടെ നീളമളക്കാൻ
ഓരോ മഴത്തുള്ളിയിൽ നിന്നും
നിന്റെ കണ്ണുനീരിന്റെ ഉപ്പറിയാൻ...
കഷ്ടം! അപ്പൊഴേക്കും
നീയെന്നെ മറന്നിരിക്കുമല്ലോ!
നീ എന്നിൽ നിന്നും അകന്നു പോകുമല്ലോ.


ഇനി ഒരു തണുത്തരാവിൽ
നക്ഷത്രങ്ങളോട്‌ കഥ പറഞ്ഞ്‌
മഞ്ഞുമൂടിയ കൊട്ടാരത്തിൽ
വെളുത്ത കുതിരപ്പുറത്തു സഞ്ചരിച്ച്‌
നിന്റെ അടുത്തെത്തും ഞാൻ.
അപ്പോൾ മേഘങ്ങളിൽ നിന്നും
നീയെനിക്ക്‌ മഞ്ഞുകണങ്ങൾ എറിഞ്ഞുതരും.
വർണ്ണത്തൂവലുകൾ മദഗന്ധവുമായ്‌ നിന്നെ ചൂഴ്‌ന്നു നിൽക്കും.
നിന്റെ തോരാത്ത കണ്ണുകൾ മഴ വർഷിക്കും.


അപ്പോൾ നിർത്താതെ, മഞ്ഞിൽ കുളിച്ച്‌
നിശീഥത്തിൽ എനിക്ക്‌ നിന്നെക്കുറിച്ചു
പാടാമല്ലോ.
പിരിഞ്ഞുപോയ നിന്നെക്കുറിച്ചു
തിരമാലകളോട്‌ പറയാമല്ലോ.
സമുദ്രങ്ങൾക്കപ്പുറം ചിറകുവിടർത്തി
നിന്നെ തിരയാമല്ലോ.
ഇനി ഒരു മഞ്ഞുകാലംവരെ നിന്നെ ഞാൻ ഓർക്കില്ല!

 Oഫോൺ: 9895675207


Saturday, May 7, 2011

നാട്ടിലെ നായന്മാർ

ഇടക്കുളങ്ങര ഗോപൻ


പിഴച്ച സ്വപ്നങ്ങളുടെ കണക്കുകൾ
മനസ്സിലെണ്ണി,ഇരുട്ടിവെളുക്കുമ്പോൾ
പീടികത്തിണ്ണയിൽ ഇരുപ്പുറയ്ക്കാതെ,
ആൽത്തറയിലും അമ്പലമുറ്റത്തും,
വെറുതെ കൊത്തിപ്പെറുക്കി
ശാന്തിക്കാരനേയും,അമ്പലവാസികളേയും പഴിപറഞ്ഞും
വേദവിചാരം കൂടാതെ,കാലത്തെ മറികടക്കാൻ
കൈമണികൊട്ടുന്നവർ.


ദാരിദ്ര്യവാസത്തിനിടയിൽ,
ഒരു കവിൾ മദ്യത്തിന്‌,
ഒരുത്തന്‌ മറ്റൊരുവനെ ഒറ്റിയും,
ഒരു കോപ്പ ചായയ്ക്ക്‌ ഒരായിരം നുണകൾ മെനഞ്ഞും,
കവലയിലും കലുങ്കിന്മേലും
കത്രിക പോലെ നിൽക്കാനും
കല്യാണവീട്ടിലെ സദ്യവട്ടത്തിൽ,
ഒന്നാം പന്തിയിലിരുന്നുണ്ണാനും
കൈകഴുകി ഏമ്പക്കം വിടുന്നതിനിടയിൽ
പാചകക്കാരനും പാരയാവുന്നവർ.


പിടിയരി വാങ്ങി കരയോഗം വളർത്തിയും
ജയന്തിപ്പിരിവിനുതലവരി വാങ്ങിയും
മഹാസമ്മേളനത്തിൽ നെഞ്ചുവിരിച്ചും
സമൂഹത്തിലെ എണ്ണപ്പാടയായി
നിരത്തിലൂടെ ഒഴുകിയും
അമ്പതുരൂപയ്ക്ക്‌ 'അഞ്ചുപറക്കണ്ടം' വിറ്റ്‌
കേസുനടത്താൻ വക്കീൽഫീസ്‌ കൊടുത്തും
കോടതിമുറിയിലും വീറുകാട്ടുന്നവർ


തിരുനക്കരയിലും
പെരുന്നയിലും
കോട്ടയ്ക്കകത്തും
പെരുമാളിന്റെ പെരുമപരത്തിയും
ആഴക്കയത്തിൽ മുങ്ങുമ്പോഴും
പൈതൃകമായ്‌ കിട്ടിയതിൽ
മുറുകെപ്പിടിച്ചു രക്ഷതേടുമ്പോഴും
കാലടിയിൽ ഒലിച്ചുമാറുന്ന
മണ്ണടരും മറന്നുപോകുന്നവർ.

O
phone : 9447479905