മോഹന്‍കുമാർ.പി |
ഓരോ മഞ്ഞുകാലത്തേക്കും
ഓർമ്മകളെല്ലാം ബാക്കിവെയ്ക്കും
അപ്പോഴേക്കും നീയെല്ലാമെല്ലാം മറന്നിരിക്കും.
തിരമാലകളിൽ ചുഴിക്ക് കുറുകെ
ആർത്തലച്ചത്;
പഞ്ചാരമണലിൽ കൊട്ടാരം പണിതത്;
ഉന്മാദത്തോടെ തിരമാലകളിലേക്കെടുത്തുചാടി
എന്നെ ഭയപ്പെടുത്തിയത്;
കടലാമയുടെ മുട്ടകൾ പൊത്തിപ്പിടിച്ച്
സ്വപ്നങ്ങൾ മെനഞ്ഞത്..
കടൽഞണ്ടുകളെ പ്രേമിച്ചു നീ.
ഞാനറിയുന്നു നീ അതെല്ലാം മറന്നിരിക്കും,ഇപ്പോൾ.
ഇനി അടുത്ത തണുപ്പുകാലത്തുവേണം
ഓരോന്നും ഓർത്തെടുത്ത് ഈ തീരത്തിലൂടെ
നിന്നെ തേടി അലയാൻ
ഓരോ കടൽചിപ്പിയോടും നിന്നെക്കുറിച്ചു ചോദിക്കാൻ.
ഓരോ തിരയിൽ നിന്നും നിന്റെ ചിരിയുടെ
ശബ്ദം തിരിച്ചറിയാൻ
ഓരോ കാർമേഘത്തിൽ നിന്നും
നിന്റെ മുടിയുടെ നീളമളക്കാൻ
ഓരോ മഴത്തുള്ളിയിൽ നിന്നും
നിന്റെ കണ്ണുനീരിന്റെ ഉപ്പറിയാൻ...
കഷ്ടം! അപ്പൊഴേക്കും
നീയെന്നെ മറന്നിരിക്കുമല്ലോ!
നീ എന്നിൽ നിന്നും അകന്നു പോകുമല്ലോ.
ഇനി ഒരു തണുത്തരാവിൽ
നക്ഷത്രങ്ങളോട് കഥ പറഞ്ഞ്
മഞ്ഞുമൂടിയ കൊട്ടാരത്തിൽ
വെളുത്ത കുതിരപ്പുറത്തു സഞ്ചരിച്ച്
നിന്റെ അടുത്തെത്തും ഞാൻ.
അപ്പോൾ മേഘങ്ങളിൽ നിന്നും
നീയെനിക്ക് മഞ്ഞുകണങ്ങൾ എറിഞ്ഞുതരും.
വർണ്ണത്തൂവലുകൾ മദഗന്ധവുമായ് നിന്നെ ചൂഴ്‌ന്നു നിൽക്കും.
നിന്റെ തോരാത്ത കണ്ണുകൾ മഴ വർഷിക്കും.
അപ്പോൾ നിർത്താതെ, മഞ്ഞിൽ കുളിച്ച്
നിശീഥത്തിൽ എനിക്ക് നിന്നെക്കുറിച്ചു
പാടാമല്ലോ.
പിരിഞ്ഞുപോയ നിന്നെക്കുറിച്ചു
തിരമാലകളോട് പറയാമല്ലോ.
സമുദ്രങ്ങൾക്കപ്പുറം ചിറകുവിടർത്തി
നിന്നെ തിരയാമല്ലോ.
ഇനി ഒരു മഞ്ഞുകാലംവരെ നിന്നെ ഞാൻ ഓർക്കില്ല!
O
ഫോൺ: 9895675207
:)
ReplyDelete