പ്രഭാതസൂര്യന്റെ വെയിൽനാളങ്ങൾക്ക് തീക്ഷ്ണതയേറിയപ്പോൾ,ക്യാമറ ഓഫ് ചെയ്ത് ബാഗിൽ വെച്ച്,തിരികെ നടന്നു.കടൽത്തീരത്തിന് സമീപമുള്ള പ്രദേശങ്ങൾക്ക് ഒരുപാട് മാറ്റം സംഭവിച്ചിരിക്കുന്നു.തീരത്തിന് സമാന്തരമായി നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് നടപ്പാതയും ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങളും നക്ഷത്രഹോട്ടലുകളുമൊക്കെയായി പഴയ പ്രാശാന്തത കൈവിട്ടുപോയിരിക്കുന്നു. ദൂരെയായി ഹോട്ടൽ സീവ്യു റിസോർട്ടിന്റെ നിയോൺ ബോർഡ്, വെയിലേറ്റ് തിളങ്ങുന്നുണ്ട്. അത് ലക്ഷ്യമാക്കി നടന്നു.
റൂം തുറന്ന് അകത്തേക്ക് കയറുമ്പോൾ നന്നായി വിയർത്തിരുന്നു.പുലരിവെയിൽ അത്ര ദുർബലമായിരുന്നില്ല എന്നു മനസ്സിലോർത്തു. ബാഗ് ടേബിളിലേക്ക് വെച്ച്,ഏ.സി ഓൺ ചെയ്ത് ബെഡ്ഡിൽ മലർന്നു കിടന്ന് കണ്ണുകളടച്ചു.പതിയെപ്പതിയെ ഏ.സിയുടെ കുളിർമ്മ മനസ്സിലേക്കും പടർന്നു കയറി.പ്ലാൻ ചെയ്തിരുന്നതുപോലെ തന്നെ ചില നല്ല ഷോട്ടുകൾ ഇന്ന് ഫ്രെയിമിലാക്കാൻ കഴിഞ്ഞ ദിവസമാണ് .
ആകെ ഒരു സന്തോഷം!
എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് വന്നു.റിസോർട്ടിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ,ഇവിടെ നിന്നാൽ നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കടലിന്റെ സുന്ദരദൃശ്യം....
അലയടിക്കുന്ന കടൽക്കാഴ്ച്ചകളിൽ തീരത്തോടു ചേർന്നു നിർമ്മിച്ചിരിക്കുന്ന കരിങ്കൽമണ്ഡപം ആരോ വരച്ചിട്ട ചിത്രം പോലെയുണ്ട്.
കഴിഞ്ഞ തവണ ഇവിടെ വരുമ്പോൾ,ആ മണ്ഡപത്തിനരികിൽ നിന്നാണ് ഉദയക്കാഴ്ച്ചയിലേക്ക് സൂം ചെയ്തത്. അന്ന് കാർമേഘക്കീറുകൾ സൂര്യനെ മറച്ചിരുന്നതിനാൽ തെല്ല് നിരാശ തോന്നിയെങ്കിലും മറ്റുചില കാഴ്ചകൾ ഫ്രെയിമിലേക്ക് വന്നു കയറിയത് തികച്ചും ആകസ്മികമായായിരുന്നു.സത്യത്തിൽ എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ആ സുന്ദരദൃശ്യങ്ങൾ...
എപ്പോഴുമെന്നപോലെ അത് ഇപ്പോൾ ഈ നിമിഷം കാണണമെന്നു തോന്നി.ലാപ്ടോപ് ഓൺ ചെയ്ത്, സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കവെ ഫോൾഡറുകളുടെ വലയങ്ങൾക്കിടയിലൂടെ മനസ്സ് രണ്ടുവർഷം പിന്നിലേക്കോടി,ആ ദൃശ്യങ്ങളിലേക്കെത്തി.
അപ്പോൾ മേഘങ്ങളെ മറികടന്ന് ഉദയസൂര്യന്റെ പൊൻവെളിച്ചം പൊട്ടിവരാൻ വെമ്പിനിൽക്കുകയായിരുന്നു.
പതിവുനേരം തെറ്റിയിട്ടുണ്ട്.
വ്യൂ ഫൈൻഡറിലേക്ക് നോക്കുമ്പോൾ ക്ലിയർ ആണ്.ബാറ്ററി ബാക്കപ്പുമുണ്ട്.
പക്ഷെ മേഘങ്ങൾ ചതിച്ചിരിക്കുന്നു.
സൂര്യോദയം നഷ്ടപ്പെട്ട നിരാശയോടെ തിരമാലകളിലേക്ക് ക്യാമറ തിരിച്ചുപിടിച്ചു.തീരത്തേക്ക് ആവേശപൂർവ്വം വന്നുകയറി,അലിഞ്ഞില്ലാതാകുന്ന തിരമാലകളെ ഒപ്പിയെടുക്കുമ്പോഴാണ് ആ വെളുത്ത കാൽപ്പാദങ്ങൾ ഓർക്കാപ്പുറത്ത് ഫ്രെയിമിലേക്ക് വന്നുകയറുന്നത്.
അലോസരപ്പെട്ടാണ് മുഖം ഉയർത്തി നോക്കിയത്.
ഒരു പെൺകുട്ടി!
ജീൻസും ടീഷർട്ടുമണിഞ്ഞ് തിരമാലകളിലൂടെ ഓടിയൊഴുകുന്ന അവൾക്ക് ഇരുപതുവയസ്സ് കാണുമെന്നു തോന്നുന്നു.
ജീൻസ് മുട്ടൊപ്പം മടക്കിവെച്ചിട്ടുണ്ട്.
വെളുത്ത് സുന്ദരമായ കാലുകൾ.
അവൾക്കൊപ്പം ഒരു യുവാവുമുണ്ട്.
കമിതാക്കളാവും...?
അവരിൽ നിന്ന് കണ്ണ് പിന്‍വലിച്ച്,റിക്കോർഡ് ചെയ്ത ഭാഗം പ്ലേ ചെയ്തു നോക്കി.തിരകളുടെ ചലനം സ്വാഭാവികമായ ഭംഗി നഷ്ടപ്പെടാതെ തന്നെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. അലകൾക്കിടയിലേക്ക് താളാത്മകമായ ചലനത്തോടെ കടന്നുവരുന്ന വെളുത്ത കാൽപ്പാദങ്ങൾ. ആ പാദങ്ങളിൽ തട്ടി അലിഞ്ഞില്ലാതാകുന്ന തിരമാലകൾ...
തിരകൾ പിൻവലിയുമ്പോൾ നനവൂറുന്ന മണ്ണിൽ പുതഞ്ഞുകിടക്കുന്ന വെളുപ്പിൽ പറ്റിച്ചേർന്നിരിക്കുന്ന സ്വർണ്ണപാദസരവും ചെറുമണൽത്തരികളും...കണങ്കാലിന് മിഴിവേകിക്കൊണ്ട് പതിക്കുന്ന സൂര്യന്റെ പൊന്‍ വെളിച്ചവും....
മാർവ്വലസ് !
സൂര്യോദയം നഷ്ടപ്പെട്ടു പോയതിന്റെ നിരാശ ഒരുനിമിഷം കൊണ്ട് മനസ്സിൽ നിന്ന് മാഞ്ഞുപോയി.
ഏതോ ഒരു പ്രേരണയാൽ ഞാൻ വീണ്ടും ക്യാമറക്കണ്ണുകളാൽ അവളെ നോക്കി.അൽപം അകലെയായി നിന്നിരുന്ന എന്നെ അവർ ശ്രദ്ധിക്കുന്നതേയില്ല. എന്റെ ക്യാമറ അവരെ ഫോക്കസ് ചെയ്യുന്നതും അവർ അറിഞ്ഞിട്ടില്ല.കിതച്ചുകൊണ്ടിരിക്കുന്ന അവളുടെ മുഖം ക്ലോസപ്പിലേക്ക് സൂം ചെയ്തു.ആർദ്രമായ ആ മുഖം നോക്കി നിൽക്കേ,എന്റെ വിരൽ അറിയാതെ തന്നെ റിക്കോർഡിംഗ് ബട്ടണിൽ അമർന്നു.
നനുത്ത കൺപീലികൾ..
പാറുന്ന അളകങ്ങൾ...
പൊടുന്നനെ അവളുടെ കൂട്ടുകാരന്റെ മുഖം ഫ്രെയിമിലേക്ക് കടന്നുവരികയും അവളുടെ തരളമായ ചുണ്ടുകളിൽ അവൻ മുദ്ര വെക്കുകയും ചെയ്തു.തെല്ല് അസ്വസ്ഥതയോടെ ഞാൻ റിക്കോർഡിംഗ് പോസ് ചെയ്തു.
അവനോട് എന്തെന്നില്ലാത്ത ഈർഷ തോന്നി.
പിന്നെയോർത്തു. ഞാനെന്തു വിഡ്ഡിത്തമാണ്‌ചിന്തിക്കുന്നത് ?
ഒരു നിമിഷംകൊണ്ട് എന്നെത്തന്നെ മറന്നുപോയിരിക്കുന്നു.
ക്യാമറ ഓഫ് ചെയ്ത് ബാഗിൽ വെച്ച്,ആ പ്രണയജോടികളെ അവരുടെ സ്വകാര്യതയിൽ വിട്ടുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു.അപ്പോഴെക്കും സൂര്യൻ മേഘങ്ങൾക്കിടയിൽനിന്ന് പുറത്തുവന്ന് പ്രയാണമാരംഭിച്ചു കഴിഞ്ഞിരുന്നു.ഓർമ്മകളിൽ നിന്ന് മനസ്സ് തിരികെയെത്തുമ്പോൾ,ലാപ്ടോപ് സ്ക്രീനിൽ ദൃശ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
യാദൃശ്ചികമായി ലഭിച്ച ആ ഷോട്ടുകൾ ഉൾപ്പെടുത്തിയാണ് ആദ്യ പരസ്യചിത്രം രൂപപ്പെടുത്തിയത്. മനം നിറയുന്ന ആ കാഴ്ചകളുടെ തിരകളിലേക്കാണ് പ്രേക്ഷകർ കണ്ണുതുറന്നു വെച്ചത്....ഇഷ്ടം നൽകിയത്.
പിന്നീട് അവസരങ്ങൾ തേടിവരികയായിരുന്നു.
ഉയർച്ചയുടെ പാതകളിലേക്ക് കാലെടുത്തുവെച്ച് നടന്നു.തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല,ഒരിക്കലും. എന്നാലും എനിക്ക് ഏറ്റവും പ്രിയങ്കരങ്ങളായ ഈ ക്ലിപ്പിങ്ങുകളിലേക്ക് എപ്പോഴുമെപ്പോഴും തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കാൻ തോന്നും.
അവൾ ഇപ്പോൾ എവിടെയായിരിക്കും?
ആ പ്രണയജോടികൾ തിരകളെ തെറിപ്പിച്ചുകൊണ്ട്,ഓർമ്മകളിൽ മണൽത്തരികൾ വിതറിക്കൊണ്ട് അങ്ങനെ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന നേരത്താണ് ഉറക്കം വന്നത്.
ഉണരുമ്പോൾ വൈകുന്നേരമായിരുന്നു.ഒന്നു കുളിച്ചുവന്നപ്പോൾ ആകെ ഒരു ഫ്രഷ്‌നെസ് തോന്നി. റസ്റ്റോറന്റിൽ പോയി ലഘുഭക്ഷണത്തോടൊപ്പം ഒരു കോഫി കൂടി അകത്താക്കിയപ്പോൾ നല്ല ഊർജ്ജമായി.
ക്യാമറ തോളിലിട്ട് നടന്നു.സൂര്യൻ അങ്ങേ ചക്രവാളത്തെ സമീപിക്കുന്നതേയുള്ളൂ.അസ്തമയത്തിന് ഇനിയും സമയമുണ്ട്.
വിൽപ്പന തകൃതിയായി നടക്കുന്ന ചില കരകൗശല സ്റ്റാളുകളിൽ ചുമ്മാതെ കയറിയിറങ്ങി.
ഒന്നും വാങ്ങിയില്ല.
ശംഖ് പതിച്ച ചില ചിത്രങ്ങൾ...
മുത്തുകൾ..
പോപ്പ്‌കോൺ പൊട്ടുന്ന താളം...
തീരത്തിന്റെ തനതായ ശബ്ദങ്ങള്‍ക്കപ്പുറം അകലെനിന്ന് ഒരു ബഹളം കേട്ടപ്പോൾ ചെന്നുനോക്കി.
ലഘുഭക്ഷണങ്ങൾ വിൽക്കുന്ന ഒരു ചെറിയ സ്റ്റാളിന് മുന്നിൽ നിൽക്കുന്ന ഒരു തെരുവുപെണ്ണിനെ ഓടിച്ചുവിടാൻ ശ്രമിക്കുന്ന ഉടമസ്ഥൻ.
ബഹളത്തിനിടയിൽ കരയുന്ന കുഞ്ഞിനെ അവൾ മാറോട് ചേർത്തുപിടിച്ചിരിക്കുന്നു.വിശപ്പടക്കാൻ എന്തെങ്കിലും തരണമെന്ന് അവൾ യാചിക്കുന്നുണ്ട്.കറുത്ത തടിമാടൻ അവളെ തമിഴിൽ നിർത്താതെ പുളിച്ചതെറി വിളിക്കുന്നു.അവനിട്ട് രണ്ടെണ്ണം പൊട്ടിക്കാനാഞ്ഞുകൊണ്ടാണ് ഞാൻ അടുത്തേക്ക് ചെന്നത്.എന്നെ കണ്ടതും അയാൾ നിശ്ശബ്ദനായി.
എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ചെന്നു തലയിടുന്നതെന്ന് പെട്ടെന്ന് ബോധവാനായി.ഉള്ളിലെ ആവേശത്തെ അടക്കിക്കൊണ്ട് പഴ്സ് തുറന്ന് കുറച്ച് പണമെടുത്ത് അവന് നൽകി.
"അവൾക്ക് വേണ്ടത് കൊടുത്തുവിട്!"
ഒന്നമ്പരന്ന് നോക്കിയശേഷം അയാൾ കുറച്ച് ഭക്ഷണസാധനങ്ങൽ കവറിൽ നിറച്ച് അവൾക്ക് കൊടുത്തിട്ട് അർത്ഥഗർഭമായി എന്നെ പാളിനോക്കി.ഒട്ടും ഗൗനിക്കാതെ ഞാൻ തിരിഞ്ഞുനടന്നു. രണ്ടുമൂന്ന് ചുവടുകൾ നടന്നുകഴിഞ്ഞപ്പോൾ ഏതോ ഒരു തിരിച്ചറിവിൽ ഞാൻ പിൻതിരിഞ്ഞ് നോക്കി.
അവൾ...?
ഒരു നടുക്കം ഉള്ളിലുണർന്നു.ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി.
അതേ കൺപീലികൾ..
മെഴുക്കുപുരണ്ട മുഖത്തിന്റെ ആഴങ്ങളിൽ നിന്ന് ഞാനത് തേടിയെടുത്തു.
നടുക്കം പൂർണ്ണമായി.
ശിരസ്സിൽ ശക്തമായ ഒരു പ്രഹരമേറ്റതുപോലെ മരവിച്ചുനിൽക്കുമ്പോൾ കുഞ്ഞിനെയും മാറത്തടുക്കി അവൾ നടന്നകന്നു.
മണൽത്തരികളിൽ പുതഞ്ഞുപോകുന്ന ആ കാൽപ്പാദങ്ങൾ...
അസ്തമയസൂര്യന്റെ ചെങ്കിരണങ്ങൾ മറഞ്ഞുകഴിഞ്ഞപ്പോഴും എന്തുചെയ്യണമെന്നറിയാതെ ഞാൻ കടൽത്തീരത്തു നിന്നു.
കടലിന്റെ ആരവം ഉള്ളിലുണർത്തിയത് വല്ലാത്ത ഒരു മരവിപ്പാണ്.കഴിഞ്ഞ രണ്ടുവർഷങ്ങളായി മനസ്സിൽ നിറഞ്ഞുനിന്നിരുന്ന മനോഹരദൃശ്യങ്ങൾ പൊടുന്നനെ മാഞ്ഞുപോയിരിക്കുന്നു.
തീരത്തു നിന്ന് നടന്നകലാനുള്ള വ്യഗ്രതയോടെ ഞാൻ കാലുകൾ നീട്ടിവച്ചു.
O
ദു:ഖം തോന്നുന്നൂ..
ReplyDeleteഎഴുത്തിനോട് ആദരവും..
jeevithath kurichu oru nimisham chinthichupoyee
ReplyDeletejeevithathekurichu oru nimisham chinthichu poyee
ReplyDelete