Sunday, February 26, 2012

വായനയുടെ കണക്ക്

കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിനിലെ നൂറാമത്തെ പോസ്റ്റ്‌, സ്നേഹപൂർവ്വം
.

ബെന്യാമിൻ


                     മയമില്ല..! എപ്പോഴും എവിടെയും കേൾക്കുന്ന ഒരു പല്ലവിയാണല്ലോ ഇത്. അത് വായനയെ സംബന്ധിച്ചാണെങ്കിൽ അതിത്തിരി ഉച്ചത്തിലുള്ള പല്ലവിയുമാണ്.  വായനയൊക്കെ എനിക്കിഷ്ടമാണ് പക്ഷേ ഈ ജോലിത്തിരക്ക് ഒക്കെ കഴിഞ്ഞിട്ട് അതിനൊക്കെ എവിടെയാ സമയം എന്നാണ് സ്ഥിരം സങ്കടം പറച്ചിൽ. ഇപ്പറയുന്ന തിരക്കുകൾ ഒക്കെയുണ്ടായിരുന്നിട്ടും ഇക്കഴിഞ്ഞ വർഷം എനിക്ക് 40 പുസ്‌തകങ്ങൾ വായിക്കുവാൻ കഴിഞ്ഞു. ഇക്കാര്യം ഞാൻ ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ നിങ്ങൾക്കിതെങ്ങനെ സാധിച്ചു എന്ന് പലരും ചോദിക്കുകയുണ്ടായി. അതുശരിയാണല്ലോ ഞാനതെങ്ങനെ സാധിച്ചു എന്നൊരു ചോദ്യം എനിക്കു തന്നെയും ഉണ്ടായി. 


വായനയുടെ കണക്ക് അവിടെ നില്ക്കട്ടെ. കഴിഞ്ഞ വർഷത്തെ മറ്റ് ചില കണക്കുകൾ ഞാൻ ഒന്ന് പരിശോധിച്ചു നോക്കി. ഒരു ദിവസം കുറഞ്ഞത് ആറു മണിക്കൂർ വച്ച് കൂട്ടി നോക്കിയാൽ‌പ്പോലും 2190 മണിക്കൂർ നേരം ഞാൻ കഴിഞ്ഞ വർഷം ഉറങ്ങിത്തീർത്തിട്ടുണ്ട്. അതായത് ഏകദേശം 91 ദിവസം! ഒരു ദിവസം ഞാൻ രണ്ടു മണിക്കൂർ നേരം വാർത്ത, കോമഡി, താരനിശ, സീരിയൽ എന്നിവയുടെ പേരിൽ ടീവിയ്ക്കു മുന്നിൽ ചിലവിടുമെങ്കിൽ കഴിഞ്ഞ വർഷം ഞാൻ കുറഞ്ഞത് 30 ദിവസങ്ങൾ ടി വിയ്ക്കു മുന്നിൽ ചിലവിട്ടു കഴിഞ്ഞു. ദിവസം എട്ടു മണിക്കൂർ വച്ച് ജോലി ചെയ്താൽ ഞാൻ വർഷത്തിൽ 121 ദിവസങ്ങൾ ജോലി ചെയ്‌തുകഴിഞ്ഞു. യാത്രയ്ക്കു വേണ്ടി ഞാൻ ദിവസത്തിൽ ഒരു മണിക്കൂർ ചിലവിടേണ്ടി വന്നാൽ വർഷത്തിൽ 15 ദിവസം മുഴുവൻ ഞാൻ യാത്രയിലായിരുന്നു. ഇങ്ങനെ കണക്കുകൾ എത്ര വേണമെങ്കിലും നല്കാം. 


ശരി, എങ്കിൽ എന്റെ ഇഷ്ടവും സ്വപ്‌നവുമായ വായനയ്ക്കുവേണ്ടി വർഷത്തിൽ എത്ര സമയം ഞാൻ ചിലവഴിച്ചു എന്ന് നോക്കാം. ഞാൻ കഴിഞ്ഞ വർഷം ആകെ വായിച്ച പുസ്‌തകങ്ങൾ 40. അതിൽ 80 പേജു മുതൽ 400 പേജുവരെയുള്ള പുസ്‌തകങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ശരാശരി 250 പേജുകൾ ഓരോ പുസ്‌തകത്തിനും കണക്കുകൂട്ടാം. എത്ര അവധാനതയിൽ വായിച്ചാലും ഒരു പേജു വായിക്കാൻ രണ്ടു മിനുറ്റിലധികം സമയം എടുക്കില്ല. എന്നുവച്ചാൽ ഒരു പുസ്‌തകം വായിച്ചു തീരാൻ വേണ്ട സമയം 500 മിനുറ്റ് അഥവാ ഏട്ടര മണിക്കൂർ. അങ്ങനെയാണെങ്കിൽ നാല്പതു പുസ്‌തകങ്ങൾ വായിക്കാൻ വേണ്ട സമയം 340 മണിക്കൂർ അഥവാ പതിനാല് ദിവസം..!! 


കഷ്ടം..! വർഷത്തിൽ 91 ദിവസം ഉറങ്ങിയ ഞാൻ, മുപ്പത് ദിവസങ്ങൾ ടി.വിയ്ക്കു മുന്നിൽ ചിലവിട്ട ഞാൻ, 121 ദിവസങ്ങൾ ജോലി ചെയ്‌ത ഞാൻ, 15 ദിവസം യാത്ര ചെയ്‌ത ഞാൻ എന്റെ സ്വപ്‌നമായ വായനയ്ക്കുവേണ്ടി ചിലവിട്ടത് വെറും പതിനാല് ദിവസങ്ങൾ. എന്നുവച്ചാൽ ഞാൻ ഒരു ദിവസം വായിച്ചത് ശരാശരി ഒരു മണിക്കൂറിൽ താഴെ..!! 


വായന നമ്മുടെ സ്വപ്‌നമാണ് എങ്കിൽ അതിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി തീർക്കാ‍ൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുവേണ്ടി സമയം കണ്ടെത്തുക ഒരു വലിയ പ്രശ്നമായി ഞാൻ കാണുന്നതേയില്ല. ദിവസവും ആഹാരം കഴിക്കാൻ, ഉറങ്ങാൻ, ദിനകൃത്യങ്ങൾ ചെയ്യുവാൻ ഒക്കെ സമയം കണ്ടെത്തുന്ന നമുക്ക് വായനയ്ക്കായി ഇത്തിരി സമയം കണ്ടെത്തുക ഒരു പ്രശ്നമാണെന്ന് തോന്നുന്നതേയില്ല. അതിനുവേണ്ടത് വായിക്കാനുള്ള മനസ് മാത്രം. എങ്കിൽ നമുക്ക് വർഷത്തിൽ നാല്പത് പുസ്‌തകങ്ങൾ അല്ല എൺപതു പുസ്‌തകങ്ങൾ വരെ വായിച്ചു തീർക്കാൻ കഴിയും. നിശ്ചയം..! 


O


Saturday, February 18, 2012

കണ്ണാടിച്ചില്ലുകൾ

 കവിത
ഡോ.ചേരാവള്ളി ശശി

ഒന്ന്: മതേതരം

കല്ലിൽ പണിതീർത്തോരുണ്ണിഗണപതി
പൊയ്യല്ല-പാല്‌ കുടിക്കുന്നു.
ചില്ലിട്ട കൂട്ടിലെ കന്യാമറിയമോ
കണ്ണീരിതെന്നും ഒഴുക്കുന്നു.
പള്ളിപ്പറമ്പിലെ മൈതീന്റെ കല്ലറ
മുല്ലപ്പൂ പോലെ മണക്കുന്നു.
എല്ലാ മതങ്ങളും ഒന്നെന്ന തത്വം ഞാൻ
ഇങ്ങനെ നന്നായ്‌ ഗ്രഹിക്കുന്നു.

രണ്ട്‌ : സർക്കാർ ജോലി

വീണ്ടും പരീക്ഷകൾ നൂറല്ലെഴുതി ഞാൻ
വീണ്ടും നിരാശതൻ പാതാളം.
ആണ്ടവനേനൽകൂ, സർക്കാരിലിന്നിനീ-
യാണ്ടിൽ മികവുറ്റൊരുദ്യോഗം !
ആഹാ ! കിടച്ചൂ എനിയ്ക്കധികാരങ്ങൾ
സ്ഥാനം പെരുത്തുള്ളൊരുദ്യോഗം.
"ആരാച്ചാർ"- എങ്കിലും സർക്കാരിലാണല്ലോ
ജോലി- എനിയ്ക്കെന്തഭിമാനം !

മൂന്ന് : കവിപ്പട്ടം

വ്രതശുദ്ധരചന ഞാൻ നടത്തുംകാലം
കവിയല്ലയിവനെന്നു പഴിച്ചൂ ലോകം.
കുളിയ്ക്കാതെ,മുടി,താടി വളർത്തി നീളൻ
ഉടുപ്പിട്ടു കവിപ്പട്ടമണിഞ്ഞെൻ കോലം.
തറവാട്‌ തുലച്ചേറെ ലഹരിമൂത്തു-
രചിച്ചോരു വരികളാൽ പ്രശസ്തനായ്‌ ഞാൻ..
അനാഥനായ്‌ തെരുവിൽ വീണടിഞ്ഞിടുമ്പോൾ
അവാർഡിന്റെ രഥമേറ്റാൻ വരുന്നു നിങ്ങൾ..!!

നാല്‌: പാതിയോളം

പാതിവഴി നടന്നപ്പോൾ വഴി തെറ്റുന്നു
പാതിയന്വേഷണം പോലും ഭ്രാന്തനാക്കുന്നു.
പാതിപാടിത്തുടരുമ്പോൾ കുരൽ പൊട്ടുന്നു.
പാതിചിത്രം വരച്ചതും ഇരുൾ മായ്ക്കുന്നു.
പാതിജലം കുടിച്ചതിൽ തീ പടരുന്നു.
പാതി സ്വപ്നം കണ്ടു പ്രേതഭൂവിൽ വീഴുന്നു.
പാതിനൊന്തുപഠിച്ചതും പാഴിലാകുന്നു.
പാതിയോളം കിടച്ചല്ലോ!-സ്തുതി പാടുന്നു !!

O


PHONE : 9995155587Sunday, February 12, 2012

സംസ്കാരജാലകം


സംസ്കാരജാലകം- 12
ഡോ.ആർ.ഭദ്രൻ അഴീക്കോടിന്‌ പ്രണാമം


സാഹിത്യത്തിലും തത്വചിന്തയിലും സഞ്ചരിച്ച്‌ ആർജ്ജിച്ച ജ്ഞാനത്തിന്റെ അഗ്നി സാമൂഹിക കൊള്ളരുതായ്മകളുടെ ചവറുകൂനകളെ ചുട്ടെരിക്കാൻ ഉപയോഗിച്ച ധീരപോരാളി അഴീക്കോട്‌ മാഷിന്‌ 'സംസ്കാരജാലക'ത്തിന്റെ അന്ത്യപ്രണാമം.


 പത്രങ്ങളുടെ തലക്കെട്ടുകൾ / സർഗ്ഗാത്മകത സുകുമാർ അഴീക്കോടിന്റെ മരണവാർത്ത അറിയിക്കാൻ പത്രങ്ങൾ സ്വീകരിച്ച തലക്കെട്ടുകൾ ഇങ്ങനെ...

സാഗര ഗർജ്ജനം നിലച്ചു (ദേശാഭിമാനി)
അക്ഷരാഗ്നി അണഞ്ഞു (വീക്ഷണം)
സാഗരം ഉറക്കമായി (മലയാള മനോരമ)
വാക്കിന്റെ കടൽ മൗനമായി (ദീപിക )
അഴീക്കോട്‌ അസ്തമിച്ചു (ജന്മഭൂമി)
തത്ത്വമസി (കേരള കൗമുദി)
സാഗരഗർജ്ജനം നിലച്ചു (ജനയുഗം)
അഴീക്കോട്‌ യാത്രയായി (മാതൃഭൂമി)
ഇനി ഞാൻ ഉപസംഹരിക്കട്ടെ ( മാധ്യമം)
The Word Loses its Master (The Hindu)
End of Eloquence (Indian Express)

ഇതിൽ The Hindu, കേരള കൗമുദി, മാധ്യമം എന്നീ പത്രങ്ങളാണ്‌ ഇക്കാര്യത്തിലുള്ള സർഗ്ഗാത്മകതയിൽ വിജയം കൊയ്തത്‌. അഡ്വ.ജയശങ്കർ ഔചിത്യം കൈവെടിയരുത്‌ 
അഴീക്കോട്‌ അർബുദം ആഘോഷമാക്കുകയാണെന്ന് അഡ്വ.ജയശങ്കർ വാരാന്ത്യത്തിൽ (മാഷിന്റെ വിയോഗത്തിനു മുമ്പ്‌). പരിക്കേറ്റവരെയും രോഗികളെയും ആക്രമിക്കാതിരിക്കുക യുദ്ധക്കളത്തിലെ പോലും മര്യാദയാണ്‌. ഈ മര്യാദയെങ്കിലും ജയശങ്കർ മിനിമം പാലിക്കണം.


  
 പുതുകവിതയ്ക്കെതിരെ കല്ലെറിയുന്നവരോട്‌


കെ.ഇ.എൻ, മാധ്യമം ആഴ്ചപ്പതിപ്പ്‌ 2012


പുതുകവിതയെക്കുറിച്ച്‌ മാന്യമായി എഴുതിയാൽ മലയാളി അതു വായിച്ച്‌ മനസ്സിലാക്കിക്കൊള്ളും. രസിക്കുകയും ചെയ്യും. വരേണ്യതയെ സൃഷ്ടിച്ചത്‌ ചരിത്ര-രാഷ്ട്രീയ സാഹചര്യങ്ങൾ ആണ്‌. ഇത്‌ വേണ്ടതുവണ്ണം മനസിലാക്കാത്തതുകൊണ്ടാണ്‌ കെ.ഇ.എൻ നമ്മുടെ പഴയ ഈടുവെയ്പ്പുകൾക്ക്‌ നേരേ ഈറ്റപ്പുലിയെപ്പോലെ ചാടി വീഴുന്നത്‌. ഇതു മനസിലാക്കി കെ.ഇ.എൻ സൗമ്യമായി തിരിച്ചുപോരിക. കല്ലുകളെല്ലാം താനെ താഴെവീഴട്ടെ ! ചെമ്മേ,ചെഞ്ചമ്മേ തുടങ്ങിയ ഫോസിലുകൾ നമുക്കിനിയും വേണം. ചരിത്രം നിർമ്മിക്കുന്നതിൽ പോലും ഫോസിലുകൾ പ്രധാനമാണ്‌.

വരേണ്യത ചരിത്രത്തിൽ മാറിവീണുകൊണ്ടിരിക്കുകയാണ്‌; പ്രത്യേകിച്ചും കേരളത്തിൽ. പുതിയ വരേണ്യതയ്ക്ക്‌ പഴയ വരേണ്യതയെക്കാൾ എതിർക്കപ്പെടേണ്ട വശങ്ങൾ ഉണ്ടായി ക്കൊണ്ടിരിക്കുന്നു. എം.പി.ശങ്കുണ്ണിനായർ അതാണ്‌ സൂചിപ്പിക്കുന്നത്‌.

കെ.ഇ.എൻ പറയുന്നതിൽ ചില കാര്യങ്ങൾ ഉള്ളതുപോലെ, എം.പി.ശങ്കുണ്ണിനായർ പറയുന്നതിലും ചില കാര്യങ്ങൾ ഉണ്ട്‌. അതുകൊണ്ട്‌ രണ്ടുപേരേയും സാഹിത്യത്തിന്റെ വലിയ മൈതാനങ്ങളിലേക്ക്‌  പറഞ്ഞുവിടാനാണ്‌ ഞങ്ങൾക്ക്‌ താൽപര്യം. പഴയ ഈടുവെയ്പ്പുകളെല്ലാം തീയിട്ടുനശിപ്പിച്ചാൽ എസ്‌.ജോസഫിനെപ്പോലുള്ളവർ എഴുതിയ കവിതകൾക്ക്‌ എങ്ങനെയാണ്‌ ജീവിതം കിട്ടുക ? നിലനിൽപ്പ്‌ ആപേക്ഷികമാണ്‌. സത്യം,ശിവം,സുന്ദരം എന്നത്‌ കെ.ഇ.എന്നും ശരൺകുമാർ ലിംബാളയും വല്ലാണ്ട്‌ തെറ്റിദ്ധരിച്ചതുപോലെയാണ്‌ തോന്നുന്നത്‌. കീറ്റ്സിനു മനസിലായ ഇക്കാര്യം ഇൻഡ്യാക്കാരായ ഇവർക്കെന്തുകൊണ്ടാണ്‌ മനസിലാകാതെ പോകുന്നത്‌.? ദലിത്‌ സാഹിത്യത്തിന്റെ സൗന്ദര്യവും വിപ്ലവപരതയും മറ്റും അംഗീകരിക്കുമ്പോഴും മൊത്തത്തിലുള്ള മനുഷ്യമുന്നേറ്റം എന്ന ചരിത്രസ്വപ്നത്തെ ഇല്ലാതാക്കുവാൻ അതിനെ നിക്ഷിപ്തതാൽപര്യക്കാർ എങ്ങനെ ഉപയോഗിക്കുന്നു എന്ന് സ്വത്വരാഷ്ട്രീയത്തിന്റെ ലഹരിയിൽ അമർന്ന കെ.ഇ.എൻ ഇപ്പോഴും മനസിലാക്കുന്നില്ല. വിഭാഗീയത സൃഷ്ടിക്കുന്ന സ്വദേശിയവും വിദേശീയവുമായ ചില പുസ്തകങ്ങൾ വകതിരിവില്ലാതെ ചിലരെ ആവേശിക്കുന്നതിന്റെ ദുരന്തമാണിതൊക്കെ.

എന്തായാലും കെ.ഇ.എന്നിനു എൽ.തോമസുകുട്ടി കൊടുത്ത മറുപടി ഉചിതമായിട്ടുണ്ട്‌. സാംസ്കാരിക വിമർശനത്തിന്റെ ചാട്ടുളികൾ കൊണ്ട്‌ നേരിടുവാനുള്ള ഇടം മാത്രമല്ല പുതുകവിതയുടേത്‌. അതിന്റെ ഭൂമിയും ആകാശവും കുറേക്കൂടി അനന്തമാണ്‌. കല്ലെറിയേണ്ട പലതിനെയും കെ.ഇ.എൻ വെറുതേ വിടുന്ന സമീപനത്തെയും എൽ.തോമസുകുട്ടി എടുത്തു കാണിച്ചിട്ടുണ്ട്‌. ('വർത്തമാനകാവ്യ ആലോചനയിലെ ദുരാചാരങ്ങൾ', ഡോ.എൽ.തോമസുകുട്ടി,  മാധ്യമം ആഴ്ചപ്പതിപ്പ്‌, ജനുവരി 23 ). ഞാൻ വിട്ടുകളഞ്ഞ കാര്യങ്ങളുടെ പൂർത്തീകരണമാണ്‌ ഈ കുറിപ്പിലുള്ളത്‌. ശ്രദ്ധേയമായ ചിന്ത
1. 'വിക്കീലിക്സ്‌ ചെയ്യുന്നത്‌ വിവരങ്ങൾ ചോർത്തുകയാണ്‌. വിവരങ്ങൾ ചോർത്തുന്നത്‌ ഒരു മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാണെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. കാരണം ആധുനികകാലത്തെ വാർത്തയുടെ നിർവ്വചനം തന്നെ ഒളിപ്പിച്ചുവെച്ചതെന്തോ അതാണ്‌ വാർത്തയെന്നാണ്‌. അതിനോട്‌ വളരെ ചേർന്നുപോകുന്നതാണ്‌ വിക്കീലിക്സ്‌. വിക്കീലിക്സ്‌ വാർത്ത ചോർത്തുകയാണ്‌. അത്‌ സദുദ്ദേശപരമാണ്‌ എന്നാണ്‌ ഞാൻ വിചാരിക്കുന്നത്‌.' ('അരാഷ്ട്രീയത്തിൽ ഹിംസകൾ പെരുകുന്നു',കെ.ജി.ശങ്കരപ്പിള്ള,പ്ലാവില മാസിക, ജനുവരി 2012).


2. 'സ്വന്തം' എന്ന എസ്‌.ജോസഫിന്റെ കവിത സ്വന്തമാക്കപ്പെട്ടതെല്ലാം പലകാലങ്ങളായി കവർന്നെടുക്കപ്പെടുന്നവരുടെ കണ്ണീരു കൊണ്ട്‌ ചിരിച്ചെഴുതിയ കവിതയാണ്‌ - കെ.ഇ.എൻ (2012 ജനുവരി 9 മാധ്യമം ആഴ്ചപ്പതിപ്പ്‌)


3. എല്ലാവരെയും തിരുത്താൻ പരുക്കനായിത്തന്നെ ശ്രമിച്ച്‌ എല്ലാവരുടെയും ശത്രുവായി മാറിയ കുലപതി. നമസ്കരിക്കാൻ പലരും ചെല്ലുന്നത്‌ ശാപമുണ്ടാകാതിരിക്കാനും പരബോധ്യത്തിനും മാത്രം. കശ്മലന്മാർക്കെല്ലാം ആശ്വസിക്കാം. ഇനി ആരെയും പേടിക്കാനില്ല. (സി.രാധാകൃഷ്ണൻ, സമീക്ഷ, കേരളകൗമുദി,ജനുവരി 24) ചിന്തപ്രപഞ്ചമാകുന്ന കളത്തിൽ ഗ്രഹങ്ങളാകുന്ന കരുക്കൾ കൊണ്ട്‌ അജ്ഞാതമായ ഒരു ശക്തി നടത്തുന്ന കളിയാണ്‌ ജീവിതം എന്ന് ചിലർ മനസിലാക്കുന്നു. അവനവന്റെ ജീവിതം അവനവൻ തന്നെ കെട്ടിപ്പൊക്കുക എന്ന ശാസ്ത്രീയ സമീപനവും ഉണ്ട്‌. ബാഹ്യശക്തികളുടെ ഇടപെടൽ തെറ്റായ ഒരാശയമാണ്‌. രണ്ടുകൂട്ടർക്കും ഈ ചിന്തകളുമായി മുന്നോട്ടുപോകാം. ഇത്‌ പ്രാപഞ്ചിക ജീവിതത്തിന്റെ എക്കാലത്തെയും വിധിയാണ്‌. മാർക്സ്‌ പ്രകൃതിശക്തിയിലാണ്‌ വിശ്വസിച്ചിരുന്നത്‌. പ്രകൃതിശക്തിക്കുള്ളിലും ഒരാത്യന്തിക സത്യം ഉണ്ട്‌. മതം അതിനെ ദൈവം എന്നാവും വിളിക്കുക. മാർക്സ്‌ അതിനെ ശാസ്ത്രം എന്നു വിളിക്കുന്നു. രണ്ടിനെയും സംഗമിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ പിൽക്കാല ചിന്തകർക്ക്‌ വേണമെങ്കിൽ നടത്താം. കേരളത്തിലെ നേഴ്സുമാർകേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ എത്ര നാളായി കൊടിയ ചൂഷണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷരാഷ്ട്രീയത്തിന്‌ വേരുകളുള്ള കേരളത്തിലാണ്‌ ഇതു നടക്കുന്നത്‌ എന്നതാണ്‌ ഏറെ ലജ്ജാകരം. സമസ്തമേഖലകളിലെയും തൊഴിലാളികളെ സംഘടിപ്പിക്കുന്ന കാര്യത്തിൽ ഇടതുപക്ഷത്തിന്‌ പിഴവുകൾ പറ്റിയിട്ടുണ്ട്‌. ജന്മിമാരുടെ ഗുണ്ടായിസത്തെ ഓർമ്മിപ്പിക്കുംവിധം നേഴ്സുമാരെ സ്വകാര്യ ആശുപത്രികളുടെ മുതലാളിമാർ ഗുണ്ടായിസം കൊണ്ട്‌ നേരിടുന്നതും കേരളം കാണാനിടയായി. ഇവിടെ ഒരു തൊഴിൽ വകുപ്പില്ലേ? തൊഴിൽവകുപ്പു മന്ത്രി ഷിബു ബേബിജോൺ എന്താണ്‌ ഇതൊക്കെ ശ്രദ്ധിക്കാത്തത്‌ ? തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ തൊഴിലാളികളെയും സംഘടിപ്പിക്കുകയും തൊഴിലാളി സംസ്കാരം വ്യാപിപ്പിക്കുകയും ചെയ്താൽ ജാതിമത ശക്തികൾക്കും മുതലാളിത്തത്തിനും കേരളത്തിലെ ഇടതുപക്ഷത്തെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്നത്‌ ഇതിന്റെ അനുബന്ധം ആണ്‌. അൺ എയ്ഡഡ്‌ മേഖലയിലെ അധ്യാപകരും ജീവനക്കാരുമാണ്‌ ചൂഷണം അനുഭവിക്കുന്ന മറ്റൊരു വിഭാഗം.  നികേഷ്‌ കുമാർ


റിപ്പോർട്ടർ ചാനൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. ആംങ്‌കർ എന്ന നിലയിൽ നല്ല നിലവാരമാണ്‌ നികേഷിന്റേത്‌. കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഉള്ള ആകർഷണീയമായ ആ കുലുക്കം ഉണ്ടല്ലോ,അത്‌ ഇന്നൊരു മാനറിസമായി മാറിയിട്ടുണ്ട്‌. മിമിക്രിക്കാർക്ക്‌ അവിടെ ഒരു ചാകര രൂപപ്പെട്ടുവരുന്നുണ്ട്‌.
 'രാത്രി'- ജോർജ്ജ്‌ ജോസഫ്‌.കെ (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 09.012012 )പുതിയ കാലത്തിലെ കുഞ്ഞുങ്ങളുടെ സഞ്ചാരവഴി ഇതിനേക്കാൾ ഭാവനാത്മകമായി എങ്ങനെയാണ്‌ ചിത്രീകരിക്കുവാൻ കഴിയുക ? പുതിയകാല ജീവിതമാണ്‌ കവിത. ജീവിതം കവിതയിലേക്ക്‌ നേരിട്ടുവരാം. അൽപം വളഞ്ഞും വരാം. വളഞ്ഞു വരുമ്പോൾ ഭാവനാത്മകതയുടെ ആധിക്യം കൊണ്ടാണ്‌ ആ വളവിനെ അതിജീവിക്കേണ്ടത്‌. ജോർജ്ജ്‌ ജോസഫ്‌.കെ യുടെ 'രാത്രി' അടുത്തകാലത്ത്‌ വായിച്ച കവിതകളിൽ മികച്ച ഒന്നാണ്‌. പുതിയ കാലത്തിന്റെ പ്രതിസന്ധികൾ സമകാല കവികൾ കവിതകൊണ്ട്‌ നേരിടണം. മലയാളത്തിലെ ബഹുഭൂരിപക്ഷം യുവകവികളും അരികുജീവിതത്തിലാണ്ടു കിടക്കുകയാണ്‌. അതുകൊണ്ട്‌ അരികുകൾ ഒഴിച്ച്‌ ബാക്കിയെല്ലാം ശൂന്യമാണ്‌. ഈ ശൂന്യതയിലാണ്‌, ജോർജ്ജ്‌ ജോസഫ്‌.കെ, 'രാത്രി' എന്ന കവിത കൊണ്ട്‌ ഒരു വിജയക്കൊടി ഉയർത്തിക്കെട്ടിയിരിക്കുന്നത്‌. ഇതിനോട്‌ ചേർത്തു വായിക്കേണ്ട മറ്റൊരു കവിതയാണ്‌ പി.കെ.ഗോപിയുടെ 'മനുഷ്യമൃഗങ്ങളുടെ പുരാവൃത്തം' (ഗ്രന്ഥാലോകം 2012 ഒക്ടോബർ). കാലവിമർശനം നല്ല രീതിയിൽ ഈ കവിതയിലും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടാണല്ലോ കവി ഇങ്ങനെ എഴുതുന്നത്‌.

മരണക്കിണറുകൾ
മണ്ണിട്ടു മൂടി
മണിസൗധങ്ങൾ നിർമ്മിച്ചാലും
അസ്ഥികൂടങ്ങളുടെ
സംഘനൃത്തം
അവസാനിക്കുകയില്ല.


 കഥയറിയാതെ (അശോകൻ ചരുവിൽ)

2012 ജവുവരി 18 ബുധൻ, മലയാള മനോരമ പത്രം.


സമകാലിക ജീവിതത്തെ എത്രമാത്രം പ്രതിഫലിപ്പിക്കാൻ ഇന്നത്തെ മലയാളസാഹിത്യത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌ എന്ന കാതലായ ചോദ്യം അശോകൻ ചരുവിൽ ഉന്നയിച്ചിരിക്കുന്നു. നമ്മുടെ എഴുത്തുകാർ ഇത്‌ തിരിച്ചറിയണം. ആടുജീവിതം പോലുള്ള ഒരു നോവൽ ജനങ്ങൾ വായിക്കാൻ ഉത്സാഹം കാണിക്കുന്നത്‌ മലയാളികളുടെ ജീവിതപ്രശ്നങ്ങൾ അതിൽ ഉള്ളതുകൊണ്ടാണ്‌. അപ്പോഴും മലയാളി ഉൾപ്പെടെയുള്ള എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങൾ സാഹിത്യത്തിനുള്ളിൽ വരണം. ആത്മാവിൽ അനുഭവിക്കാത്ത ദു:ഖത്തെക്കുറിച്ചാണ്‌ അസ്തിത്വവാദികൾ എഴുതിയത്‌ എന്നൊന്നും അശോകൻ ചരുവിൽ ഇനിയെങ്കിലും പറയരുത്‌. ആർക്കാണ്‌ ഈ ഭൂമിയിൽ അസ്തിത്വദു:ഖം ഇല്ലാത്തത്‌ എന്നു പറഞ്ഞു തരിക? എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും ഇതുണ്ടാവാം ! (ഊശിയാക്കരുതേ!) പിന്നല്ലേ മനുഷ്യനായ എഴുത്തുകാരന്‌ ഇതുണ്ടാകാതിരിക്കുന്നത്‌. എഴുത്തിലെ അതിസൂക്ഷ്മത ആധുനികരിൽ നിന്നും കിട്ടി എന്നൊക്കെയുള്ള പറച്ചിൽ ആർക്കും സ്വീകാര്യവുമാണ്‌.  ആത്മഹത്യാശ്രമത്തിന്‌ ശിക്ഷആത്മഹത്യാശ്രമത്തിന്‌ ശിക്ഷ നൽകുന്ന ഇന്ത്യൻശിക്ഷാനിയമത്തിലെ വകുപ്പ്‌ 309 റദ്ദാക്കണമെന്ന് ഇന്ത്യൻ സൈക്കാട്രിക്‌ സൊസൈറ്റി ദേശീയ പ്രസിഡന്റ്‌ ഡോ.റോയി അബ്രഹാമിന്റെ അഭിപ്രായത്തോടാണ്‌ 'സംസ്കാരജാലക'ത്തിനു യോജിപ്പ്‌. മരണശിക്ഷ തന്നെ പ്രാകൃതമാണ്‌. അതിനേക്കാൾ പ്രാകൃതമാണ്‌ ആത്മഹത്യാശ്രമത്തിനുള്ള  ശിക്ഷ. പുതിയകാലത്തിൽ ദയാവധവും കൂടുതൽ സംവാദങ്ങൾക്ക്‌ വിധേയമാക്കണം. സത്യൻ


പണ്ട്‌, സത്യന്റെ സിനിമ തെരഞ്ഞുപിടിച്ചു കാണുമായിരുന്നു. ചെമ്മീൻ, അനുഭവങ്ങൾ പാളിച്ചകൾ, വാഴ്‌വേ മായം പോലുള്ള ചലച്ചിത്രങ്ങൾ അനവധി തവണ കണ്ടിട്ടുണ്ട്‌. അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതം ചലച്ചിത്രമാധ്യമത്തിനുള്ളിലാവുകയായിരുന്നു. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ സൗന്ദര്യാത്മകമായി അനുകരിച്ച അതുല്യ അഭിനയപ്രതിഭയായിരുന്നു സത്യൻ. സത്യന്റെ അകാലമരണം അന്ന് വിദ്യാർത്ഥികളായിരുന്ന ഞങ്ങളെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. നസീറിനെ അന്ന് ഇഷ്ടപ്പെടാതിരുന്നതിനെ ഇന്ന് പുന:പരിശോധിക്കുകയും ചെയ്യുന്നു. ധാരാളം അഭിനയവൈവിധ്യമുള്ള നടന്മാർ/ നടിമാർ നമുക്കുള്ളതിൽ എന്നും അഭിമാനം തോന്നിയിട്ടുണ്ട്‌. 
 സുനിൽകുമാർ.എം.എസ്‌


പ്രകൃതിയുടെ കെടുതിയെ - ആഗോളതാപനം- കവിതകൊണ്ട്‌ അടയാളം വെച്ച്‌ ആ പ്രതീതി ലോകത്തിന്റെ ഊർജ്ജം ഉപയോഗിച്ച്‌ അവിടെത്തന്നെ എന്താണ്‌ നല്ല കവിത എന്നെഴുതി വെക്കുക. ഇതാണ്‌ സുനിൽകുമാർ.എം.എസ്‌ എഴുതിയ 'നല്ല കവിത'യെ മികച്ചതാക്കിയ കവിതയ്ക്കുള്ളിലെ ആത്മീയസാഹചര്യം.

സുനിൽകുമാർ.എം.എസ്സിന്റെ 'നല്ല കവിത' വായിക്കുക

തീവെയിലിൽ മേയുന്ന
കുന്നുകൾക്കു
മുകളിലൊന്നിൽ
വെള്ളമില്ലാതെ
മരണം വരിച്ചൊരു മരം
സൂര്യൻ വരച്ചിട്ട
മരനിഴൽ പറ്റി
ഉറുമ്പുകൾ കുറിച്ചിടുന്നു
കൂട്‌ എന്നൊരു
നല്ല കവിത.


നമ്മൾ പ്രകൃതിയെക്കുറിച്ച്‌ കവിത എഴുതുന്നു എന്നാണ്‌ പറയുന്നത്‌. എന്നാൽ പ്രകൃതി തന്നെ എഴുതുന്ന കവിതയാണ്‌ മികച്ചത്‌ എന്ന് എം.എസ്‌.സുനിൽകുമാർ കവിത കൊണ്ടുതന്നെ ലോകത്തിനു സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു. കവിതയ്ക്ക്‌ ഉറുമ്പ്‌ കണ്ടെത്തിയ പേരും - കൂട്‌- ആലോചനയ്ക്ക്‌ അമൃതാണ്‌. (പേടിപ്പനി, ഡി.സി.ബുക്സ്‌)


  സീരിയലുകൾനമ്മുടെ പല കച്ചവടസിനിമകളെയും പോലെ ചാനലുകളിൽ വരുന്ന സീരിയലുകളും യഥാർത്ഥജീവിതത്തെ മറച്ചുപിടിക്കുകയാണ്‌. രണ്ടും യഥാർത്ഥജീവിതത്തെ ബോധപൂർവ്വമാകാം മറച്ചുപിടിക്കുന്നത്‌. യഥാർത്ഥജീവിതത്തിലൂടെ സഞ്ചരിച്ച്‌ ജീവിതത്തിന്റെ ആന്തരികസൗന്ദര്യങ്ങൾ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുകയാണ്‌ ഇത്തരത്തിലുള്ള സീരിയലുകളും സിനിമകളും. നന്മ പടർത്താനുള്ള കലയുടെ ശക്തിയെ കടലിന്റെ ആഴങ്ങളിലേക്ക്‌ മുക്കിത്താഴ്ത്തുകയാണ്‌ പണശക്തി.  ഒബാമ


ഒബാമ അമേരിക്കൻ പ്രസിഡന്റായി അധികാരത്തിൽ വന്നപ്പോൾ ലോകത്തിന്റെ ഗതിവിഗതികൾ മാറുമെന്നാണ്‌ ഞങ്ങൾ കരുതിയത്‌. കാര്യങ്ങൾ തെറ്റിപ്പോയി. വൈറ്റ്‌ഹൗസിൽ കറുത്തവനും വെളുത്തവനും ഒരു തരത്തിലേ ഭരിക്കാൻ കഴിയൂ എന്ന് ഒബാമ ലോകത്തെ നിരാശപ്പെടുത്തി. അമേരിക്കൻ മുൻഭരണാധികാരികളുടെ നയം പിൻതുടർന്നു കൊണ്ട്‌ ഒബാമ തനിക്ക്‌ വ്യത്യസ്തനായ ഒരു അമേരിക്കൻ ഭരണാധികാരിയാകാൻ കഴിയുകയില്ല എന്നു പ്രഖ്യാപിക്കുകയായിരുന്നു. അടിച്ചമർത്തപ്പെട്ടിരുന്ന കറുത്തവർ വിമോചിതരാവുകയും ഭരണാധികാരികളാകുകയും ചെയ്യുമ്പോൾ ലോകം അവരിൽ നിന്ന് പുരോഗമനവും നന്മയും കാംക്ഷിക്കുന്നത്‌ തെറ്റാണോ?
 നിരൂപണത്തിന്റെ പുതുനാമ്പുകൾ


മേരി.എം.എബ്രഹാം


മേരി.എം.എബ്രഹാമിന്റെ കുറച്ചു നിരൂപണലേഖനങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. അതിലൊന്ന് 'ദലിത്‌ സ്വത്വനിർമ്മിതി-ചില ഉത്തരാധുനിക ചരിത്രപാഠങ്ങൾ' (ഗ്രന്ഥാലോകം) ആണ്‌. മറ്റൊന്ന് 'കുട്ടികൾ ഉറക്കുന്നില്ല' എന്ന എസ്‌.രാജശേഖരന്റെ കവിതാസമാഹാരത്തിന്‌ എഴുതിയ പഠനമാണ്‌. 'കവിത കാലമാപിനിയാകുമ്പോൾ' എന്ന പഠനം ശ്രദ്ധേയമായിരുന്നു. അപരന്റെ ദു:ഖങ്ങൾ നീക്കി ഊർജ്ജമാക്കാനുള്ള 'കനൽക്കവിത' എന്ന ഡോ.എം.ലീലാവതിയുടെ ആമുഖപഠനത്തിന്‌ ഏറെക്കുറേ ഒപ്പം നിൽക്കാനുള്ള കരുത്ത്‌ അത്‌ നേടിയിരുന്നു. എം.മുകുന്ദന്റെ കൃതികളെ ആസ്പദമാക്കിയുള്ള പഠനങ്ങളുടെ ഒരു സമാഹാരം എഡിറ്റ്‌ ചെയ്യാനുള്ള ശ്രമത്തിലാണ്‌ മേരി.എം.എബ്രഹാം. മികച്ച അപഗ്രഥനവും,ഭാഷയുടെ തെളിമയും പുതിയ സാഹിത്യജ്ഞാനവും മലയാളത്തിലെ പുതുനിരൂപകയായി വളർന്നു വരുവാനുള്ള സാധ്യതയിലേക്കാണ്‌ നയിക്കുന്നത്‌. ഭാവുകങ്ങൾ.  അയച്ചുകിട്ടിയ പുസ്തകം'ഭാവനയുടെ ചരിത്രാവർത്തം - മലയാളകഥയുടെ കാലാവസ്ഥകൾ'
ഡോ.പി.എസ്‌.രാധാകൃഷ്ണൻ

പ്രസാധകർ-സാഹിത്യപ്രവർത്തകസഹകരണ സംഘം,കോട്ടയം
ഡിസംബർ 2011
വില - 95 രൂപ


 കൈപ്പട്ടൂർ തങ്കച്ചൻ
പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ ആണ്‌ ഈ കഥാസാഹിത്യകാരന്റെ ജന്മദേശം. ധാരാളം കഥകളും നോവലുകളും എഴുതിയിട്ടുണ്ട്‌. മൂന്ന് ലേഖനസമാഹാരങ്ങളും ഇദ്ദേഹം മലയാളസാഹിത്യത്തിന്‌ സംഭാവന ചെയ്തു കഴിഞ്ഞു. പതിനൊന്നു വർഷത്തെ പ്രതിരോധവകുപ്പിലെ (ഗ്രഫ്‌) സേവനത്തിനു ശേഷം ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്ന കൈപ്പട്ടൂർ തങ്കച്ചൻ ഇപ്പോഴും മലയാളഭാഷയെയും സാഹിത്യത്തെയും ഹൃദയത്തോട്‌ ചേർത്തു പിടിക്കുന്നു. പ്രായോഗികജീവിതത്തെ മാത്രം പൂവിട്ടുപൂജിക്കുകയും പണമാണ്‌ ദൈവമെന്ന് കരുതുകയും ചെയ്യുന്ന മലയാളി, മലയാളഭാഷയെ ചവിട്ടിത്തേക്കുമ്പോൾ കൈപ്പട്ടൂർ തങ്കച്ചൻ നടത്തുന്ന ഈ സാഹിത്യപ്രവർത്തനങ്ങൾ നമുക്ക്‌ അഭിമാനിക്കാവുന്നതാണ്‌. അദ്ദേഹം ഈയിടെ എഴുതി പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ പ്രസിദ്ധീകരിച്ച 'കാർ നിക്കോബാറിലെ കടൽ' കഥാസമാഹാരമാണ്‌. പതിനാലോളം കഥകൾ ഈ സമാഹാരത്തിലുണ്ട്‌. ആദ്യ കഥയായ 'പ്രലോഭനങ്ങളുടെ നാൾവഴികൾ' തന്നെ അതിന്റെ താത്വികാടിത്തറ കൊണ്ടും വിഗ്രഹഭഞ്ജകസ്വഭാവം കൊണ്ടും ശ്രദ്ധേയമാണ്‌. പുരോഹിതവർഗ്ഗത്തിന്‌ എതിരേ ഉയർത്തിയ ചാട്ടവാറാണ്‌ ഈ കഥ. മതത്തിന്റെ ജീർണ്ണതകൾക്കെതിരെയുള്ള കലാപമാണ്‌. ഈ കലാപം യഹൂദമതജീർണ്ണതയ്ക്കും റോമാസാമ്രാജ്യത്തിനെതിരെയും യേശു നടത്തിയ കലാപത്തിന്റെ സ്മരണകൾ ഉണർത്തുകയാണ്‌. പ്രകൃതിയോടും പാവങ്ങളോടുമുള്ള യേശുവിന്റെ പരമാത്മചൈതന്യ സമന്വിതമായ സ്നേഹത്തെ ചില ടൈംസ്പേസുകൾ നിർമ്മിച്ചുകൊണ്ട്‌ കൈപ്പട്ടൂർ തങ്കച്ചൻ നമുക്ക്‌ കാണിച്ചുതരികയാണ്‌. ഇത്‌ വലിയ മനുഷ്യസേവനം തന്നെ. തിന്മയുടെ ശക്തി എവിടെയാണ്‌ എന്ന് ഈ കഥാകാരൻ, കഥാമാധ്യമം കൊണ്ട്‌ ലോകത്തിന്‌ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള കാഴ്ചകളിലേക്ക്‌ ലോകം ഉണരുമ്പോഴേ ലോകവിമോചനം എന്ന പ്രവാചകസ്വപ്നം ഭൂമിയിൽ പൂവണിയൂ. കൈപ്പട്ടൂർ തങ്കച്ചന്‌ സ്നേഹവന്ദനം. വിദേശരംഗം- പി.ഗോവിന്ദപ്പിള്ള, ദേശാഭിമാനി പത്രംപി.ഗോവിന്ദപ്പിള്ള ദേശാഭിമാനിയിൽ എഴുതുന്ന 'വിദേശരംഗം' എല്ലാവരും വായിക്കേണ്ടതാണ്‌. ലോകരാഷ്ട്രീയത്തെക്കുറിച്ച്‌ ലളിതമായി നമുക്ക്‌ പറഞ്ഞുതരികയും ലോകത്തിൽ നന്മയുടെ ചേരി ഏതാണെന്ന് കൈചൂണ്ടി കാണിച്ചുതരികയും ചെയ്യുന്നു അത്‌. ഇൻഡ്യയിലെ സർവ്വകലാശാലകൾ - ഇന്റർനാഷണൽ റിലേഷൻഷിപ്പിന്റെ പഠനവിഭാഗങ്ങൾ - ഈ മനുഷ്യനെ വേണ്ടപോലെ ഉപയോഗിക്കേണ്ടതാണ്‌. കേരളം പോലും ഇക്കാര്യത്തിൽ എന്തുചെയ്തു ? ഈ പ്രായത്തിലും പി.ജി ഇതു ചെയ്യുന്നതു കാണുമ്പോൾ രണ്ടുകൈയ്യും ചേർത്ത്‌ നമസ്കരിക്കാൻ തോന്നുന്നു. രാഷ്ട്രദീപികയുടെ സ്ത്രീപ്രസിദ്ധീകരണം.   
മലയാളത്തിലെ സ്ത്രീപ്രസിദ്ധീകരണങ്ങളിൽ രാഷ്ട്രദീപികയുടെ സ്ത്രീധനവും വേറിട്ടുനിൽക്കുന്നില്ല. പരസ്യങ്ങളുടെ കാര്യത്തിൽ സ്ത്രീ കേവലമര്യാദ പുലർത്തുന്നു എന്നതാണ്‌ അതിന്റെ ഒരു വേറിട്ടവഴി. നരകവാതിൽ വലിച്ചുതുറക്കുന്ന വിപണിമൗലികവാദത്തിന്റെ കാര്യത്തിൽ ഗൃഹലക്ഷ്മിയും വനിതയും നടത്തുന്ന മത്സരയോട്ടം മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണ്‌. മദ്ധ്യവർഗ്ഗ മലയാളിപെണ്ണുങ്ങളുടെ സ്വത്വനിർമ്മിതിയെ അട്ടിമറിക്കുന്ന കാര്യത്തിൽ ഇവ മൂന്നും ഒരേ ഞെട്ടിൽ വിടർന്ന, വിഷം ഉള്ളിലുള്ള, മണമുള്ള പൂക്കളാണ്‌. മുല്ലപ്പെരിയാറും മലയാളസാഹിത്യവും   മുല്ലപ്പെരിയാറിനെക്കുറിച്ച്‌ ഒരു കവിതയോ ചെറുകഥയോ നോവലോ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്‌ കലാകൗമുദിയിൽ പഴവിള രമേശന്റെ 'മുല്ലപ്പെരിയാർ' എന്ന കവിത കണ്ടത്‌ (18 ഡിസംബർ 2011). കാവ്യവിഷയോചിതമല്ലാത്തിടത്ത്‌ കവിതകൊണ്ട്‌ തൊട്ടാൽ കവിയും കവിതയും മുല്ലപ്പെരിയാർ പൊട്ടുന്നതിനേക്കാൾ ഭീകരമാംവണ്ണം പൊട്ടും എന്നതിന്റെ ഉദാഹരണമാണ്‌ ഇക്കവിത. വിഷയത്തെ കാലോചിതമാക്കിയെടുത്ത്‌ കവിത വിജയിപ്പിക്കാനുള്ള കഠിനവഴിയിലൂടെയുള്ള ഒരു സാധ്യതയും കാണാതിരുന്നുകൂടാ. പക്ഷേ പഴവിള അതിനു ശ്രമിച്ചില്ല. മതവും മാർക്സിസവും 


വേദാന്തം,ക്രിസ്തുമതം,ഇസ്ലാംമതം തുടങ്ങിയ മതതത്വസംഹിതകളിൽ മാർക്സിസത്തിന്‌ നല്ല ഇടമുണ്ട്‌. ചൂഷണരാഷ്ട്രീയമാണ്‌ ഈ തത്വസംഹിതകൾ അടങ്ങിയ മതങ്ങളെ, മാർക്സിസത്തിനെതിരെ  ഒരു ചതിപോലെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. ഈ വൈദഗ്ദ്യം ലോകത്തെല്ലായിടത്തും എന്ന പോലെ കേരളത്തിലും ശക്തമായി കാണാം. മതതത്വ സംഹിതകളിലെ ഉപയോഗിക്കുവാൻ കഴിയുന്ന തലങ്ങൾ പ്രയോജനപ്പെടുത്തി മനുഷ്യമോചനത്തിന്‌ മാർക്സിസത്തെ സാർവജനീനമായ ചലനമായി മാറ്റാൻ നമുക്ക്‌ കഴിയണം. ചൂഷകരുടെ കുതന്ത്രം മാനവരാശി മനസിലാക്കുമ്പോഴേ ചൂഷണരാഷ്ട്രീയത്തെ തകർത്ത്‌ മനുഷ്യരുടെ സാമൂഹികമോചനം സാധ്യമാക്കാൻ കഴിയൂ. മതത്തിന്റെ ഭൗതികസ്വപ്നങ്ങൾ മാർക്സിസത്തിന്‌ നിറവേറ്റിക്കൊടുക്കാൻ കഴിയും. അത്‌ 'കമ്മ്യൂണിസ്റ്റ്‌ ആത്മീയത'യായി (Communist Spirituality) വളർത്തുമ്പോൾ മനുഷ്യദൗർബല്യങ്ങളെ അതിജീവിക്കുവാൻ മാർക്സിസത്തിനു കൂടുതൽ കരുത്ത്‌ കിട്ടുകയും ചെയ്യും. വിദ്യാശേഖർ, ലക്ഷ്മിശേഖർ

ലക്ഷ്മിശേഖർ

വിദ്യാശേഖർ

2002-2006 കാലങ്ങളിൽ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജിൽ ഞങ്ങൾ പഠിപ്പിച്ച വിദ്യാർത്ഥിനികളാണ്‌ വിദ്യാശേഖറും ലക്ഷ്മിശേഖറും. സഹോദരിമാർ. ഉന്നതമായ രാഷ്ട്രീയ ബോധമുള്ള ഇരുവരും എസ്‌.യു.സി.ഐ പ്രവർത്തകരാണ്‌. ലക്ഷ്മി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ സ്ഥാനാർത്ഥിയുമായിരുന്നു. നല്ല രാഷ്ട്രീയബോധം, സ്ത്രീസ്വത്വബോധം, ജനാധിപത്യബോധം, ചരിത്രബോധം, ശാസ്ത്രബോധം തുടങ്ങിയ ഉന്നതമായ മൂല്യങ്ങൾ പഠനകാലയളവിൽ തന്നെ ഈ വിദ്യാർത്ഥിനികൾ പുലർത്തിയിരുന്നു. കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾ എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃകയായി ഈ വിദ്യാർത്ഥിനികളുടെ പേര്‌ ഞങ്ങൾ കോളേജ്‌ ക്ലാസ്‌മുറികളിലും പ്രസംഗങ്ങളിലും പറയാറുണ്ട്‌. ഭൗതികജീവിതമോഹങ്ങൾക്കും ധനസമൃദ്ധിക്കും അപ്പുറം എവിടെയോ ജീവിതമൂല്യങ്ങൾ കൂടിയിരിക്കുന്നു എന്ന് ഈ കുട്ടികൾക്ക്‌ പഠനകാലയളവിൽത്തന്നെ മനസിലാക്കുവാൻ കഴിഞ്ഞല്ലോ എന്നോർത്ത്‌ ഉള്ളാലെ സന്തോഷിച്ചിട്ടുണ്ട്‌. പാവപ്പെട്ട ജീവിതസാഹചര്യങ്ങൾ ജീവിതം സൃഷ്ടിക്കുന്നതിൽ ഇവർ തടസമായി കണ്ടതുമില്ല. അക്ഷരാർത്ഥത്തിൽ പടവെട്ടി മുന്നേറിയ ജീവിതമായിരുന്നു ഇവരുടേത്‌. സമൂഹിക പ്രതിബദ്ധമായ ഒരുപാട്‌ രംഗങ്ങളിൽ ഇരുവരും സജീവമാണ്‌. ജീവിതത്തിൽ ഏതെങ്കിലും മേഖലകളിൽ ഇവർ അർത്ഥവത്തായ ശബ്ദങ്ങൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല.O  
PHONE : 9895734218
Saturday, February 11, 2012

മണിക്കവിതകൾ

കവിത
മണി.കെ.ചെന്താപ്പൂര്‌ 


ഉൽപ്പന്നം

ഒറ്റവൈദ്യൻ
ചികിത്സിച്ച ഗാത്രം
എത്രപേർക്കിന്ന്
ജീവിതോൽപ്പന്നം.കസേരദു:ഖം

പണ്ഡിതന്മാർ പ്രൗഢി
പകർന്ന കസേരകൾ
പിണ്ടങ്ങളെ പേറി
വിങ്ങുന്നു നിശ്ശബ്ദം.മകൾ

എത്തേണ്ട നേരം കഴിഞ്ഞു
ഓഫീസ്‌ വിട്ടുവന്നില്ലല്ലോ
ദേവി
തേടിയിറങ്ങണം,പക്ഷേ
പൊന്നുവിനെ ആരെയേൽപ്പിക്കും ?മഹാൻ ഉണ്ടാകുന്നത്‌

എടുത്തുപൊക്കിയാൽ
ഏഭ്യനും
ഏമാൻ.ഇര

ഇരുട്ടുവീണപ്പോൾ
അറവുകാരൻ വീട്ടിലെത്തി
അടുക്കളയിൽ
അടുത്ത ഇര.
 

OPHONE : 9388539394
Saturday, February 4, 2012

പോയിന്റ്‌ ത്രീ നോട്ട്‌ ത്രീ

   കവിത        
ഇടക്കുളങ്ങര ഗോപൻ

തുരുമ്പുമണക്കുന്ന ഇരുൾമുറിയിൽ
അടക്കം പറയുന്നത്‌ കേൾക്കാതിരിക്കാൻ
അളന്നുവെച്ച ചുവരുകൾ.
ഏതുസമയവും സടകുടഞ്ഞെഴുന്നേൽക്കാൻ
പ്രായാധിക്യത്തിലും
പെരുത്തൊരുൾവിളി.
ഓരോ കാൽപെരുമാറ്റത്തിലും
ആശങ്ക നിറഞ്ഞുകവിയും
ദൗത്യവും ഊഴവുമറിയാൻ.വിറളിപിടിച്ച ചില പ്രഭാതങ്ങൾ
കവലയിലെ ചത്വരത്തിൽ
കൊളുത്തിവെക്കുമ്പോൾ,
വിലപറഞ്ഞുവിട്ട ജീവിതങ്ങൾക്കുനേരേ
ചൂണ്ടപ്പെടുമെന്നൊരുൾഭയം.
കാക്കിക്കാരനൊരാൾ
തോളിൽ തൂക്കി, അടിവെച്ചടിവെച്ച്‌
സ്റ്റേഡിയത്തിലും പൊതുനിരത്തിലും
പ്രദർശിപ്പിക്കുമ്പോൾ മാത്രമാണ്‌
ഉറ്റുനോക്കുന്ന കണ്ണുകൾ
തൊട്ടുഴിയാനായി കൊതിക്കുന്നതറിയുന്നത്‌.പാസിംഗ്‌ ഔട്ട്‌
മിന്നൽ പരേഡ്‌
മോക്‌ഡ്രിൽ
ഔദ്യോഗിക ബഹുമതി
ശ്രീപദ്മനാഭനാറാട്ട്‌.
വിലപിടിച്ചതിനൊക്കെ
എരിതീയിൽ കാവൽ.
കൊലക്കയർ കാത്തുകിടക്കുന്നവന്റെ
കഴുത്തുനീളുകയാണ്‌
ദിനങ്ങളെണ്ണുമ്പോൾ.ഇരുമ്പഴികൾക്ക്‌ മുന്നിൽ നിറച്ചുവെച്ച്‌
ബൂട്ടിന്റെ കിടുകിടുപ്പുകൾ
തറയിൽ പെയ്തെത്തുന്നതും കാത്ത്‌
ജാഗരൂകത വെടിയാതെ
ചുവടുകുത്തി നിർത്തിയിരിക്കയാണ്‌
"അറ്റൻഷൻ !"


O

  
PHONE : 9447479905