Sunday, March 24, 2013

വിസ്മൃതിയിലാഴുന്ന കോട്ടത്തോട്‌

ലേഖനം
രാജേഷ്‌ കടമാൻചിറ

     പ്രകൃതിയോട്‌ മനുഷ്യൻ ചെയ്യുന്ന കൊടുംപാതകങ്ങളുടെ തിക്തഫലങ്ങൾ മനുഷ്യനെത്തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കാലത്തുപോലും തിരിച്ചറിവിന്റെ ഒരു പാഠങ്ങളും അവൻ പഠിക്കുന്നില്ല എന്നുള്ളതിന്റെ ദൃഷ്ടാന്തമാകുന്നു, കോട്ടത്തോട്‌ എന്ന ചരിത്രപ്രസക്തമായ ജലപാത. മാവേലിക്കര ദേശത്തോട്‌ ചേർന്ന് അച്ചൻകോവിലാറിന്റെ തീരത്തുനിന്നാരംഭിച്ച്‌ 'വലിയകുളം' എന്ന ജലാശയത്തിൽ വന്നവസാനിക്കുന്ന മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള കോട്ടത്തോട്‌ എന്ന കനാൽ, രാജവാഴ്ചക്കാലത്ത്‌ മാവേലിക്കര കൊട്ടാരത്തിലേക്കാവശ്യമായ പലവ്യഞ്ജനങ്ങളും മറ്റ്‌ അവശ്യസാധനങ്ങളും എത്തിക്കുന്നതിലേക്കായി നിർമ്മിച്ചതാണ്‌.
കോട്ടത്തോടിന്റെ നിർമ്മാണസമയത്ത്‌ ഭൂമിയിൽ നിന്നുംകണ്ടെടുത്ത, ഏ.ഡി പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്നു കരുതുന്ന ഒരു ബുദ്ധവിഗ്രഹം ഇപ്പോൾ മാവേലിക്കര ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിട്ടുണ്ട്‌. രാജകുടുംബാംഗങ്ങൾ കോട്ടത്തോട്‌ എന്ന ജലപാതയിലൂടെ ഉല്ലാസയാത്രകൾ നടത്തുകയും തീരങ്ങളിൽ വിശ്രമിക്കുകയും ചെയ്തിരുന്നു. 1928-ൽ കൊത്തുപണികളോടെ കരിങ്കല്ലിൽ നിർമ്മിച്ച വിശ്രമമണ്ഡപം, നഷ്ടപ്രതാപത്തിന്റെ സ്മരണകളും പേറി നിലകൊള്ളുമ്പോൾ മരണത്തിന്റെ വക്കോളമെത്തിയ കോട്ടത്തോട്‌, അധികാരികളുടെ അവഗണനയാലും പ്രദേശവാസികളുടെ ദുരുപയോഗം നിമിത്തവും മാലിന്യങ്ങൾ നിറഞ്ഞും ദുർഗന്ധം വമിച്ചും തളർന്നു കിടക്കുന്നു.
വനംവകുപ്പും 'കോട്ടയം നേച്ചർ സൊസൈറ്റി'യും  സംയുക്തമായി മാവേലിക്കര 'പീറ്റ്‌ മെമ്മോറിയൽ ട്രെയിനിംഗ്‌ കോളേജി'ൽ വെച്ച്‌ നടത്തിയ പ്രകൃതി പഠനക്യാമ്പിന്റെ ഭാഗമായാണ്‌ കോട്ടത്തോടിന്റെ ദയനീയസ്ഥിതി കണ്ടറിയുന്നതിന്‌ നിയോഗം ലഭിക്കുന്നത്‌. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ നടത്തിയ സർവ്വേയിൽ കണ്ട കാഴ്ചകൾ കണ്ണും മനസ്സും മരവിപ്പിക്കുന്നതായിരുന്നു.പഴയകാലത്ത്‌, മാവേലിക്കരയുടെ വികസനത്തിൽ സുപ്രധാന പങ്ക്‌ വഹിച്ച ഈ കനാൽ, പിന്നീട്‌ പാടേ അവഗണിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം, രാജവാഴ്ച ജനാധിപത്യത്തിന്‌ വഴിമാറിയപ്പോൾ കോട്ടത്തോടിന്റെ രാജപ്രതാപവും നഷ്ടമായി. എങ്കിലും മാവേലിക്കരയുടെയും പ്രാന്തപ്രദേശങ്ങളുടെയും കുടിവെള്ളസ്രോതസ്സായ അച്ചൻകോവിലാറിന്റെ ഒരു കൈവഴി എന്ന നിലയിൽ പ്രദേശവാസികൾ കോട്ടത്തോടിന്റെ ജലസമ്പത്തും മത്സ്യസമ്പത്തും ഉപയോഗിച്ചു പോന്നിരുന്നു. പട്ടണം വികസിച്ചതോടെ കനാലിലേക്ക്‌ മാലിന്യങ്ങൾ ഒഴുകിയെത്താൻ തുടങ്ങുകയും പായലും പാഴ്ച്ചെടികളും വളർന്ന് നീരൊഴുക്ക്‌ നിലയ്ക്കുകയും ചെയ്തു.അച്ചൻകോവിലാറിൽ നിന്ന് കനാൽ തുടങ്ങുന്നയിടം ഇപ്പോൾ വേനലിൽ വറ്റി, പാഴ്‌ച്ചെടികൾ വളർന്ന് മൂടിയ അവസ്ഥയിലാണ്‌. തുടർന്ന് മുന്നോട്ട്‌ നീങ്ങുമ്പോൾ മാലിന്യങ്ങളുടെ വലിയ ഒരു കൂമ്പാരമാണ്‌ കാണുക. പട്ടണപാർശ്വങ്ങളിലൂടെ കടന്നുപോകുമ്പോൾ പ്ലാസ്റ്റിക്‌ വസ്തുക്കൾ നിറഞ്ഞ്‌, ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും പുറംതള്ളുന്ന മലിനജലവും ഉപയോഗശൂന്യമായ വസ്തുക്കളും വഹിച്ച്‌, ദുർഗന്ധത്തിന്റെ അതിർവരമ്പ്‌ തീർത്തുകൊണ്ട്‌ കോട്ടത്തോട്‌ ഒളിഞ്ഞും തെളിഞ്ഞും നഗരത്തെ പുൽകുന്നു. ഈ മാലിന്യ നിക്ഷേപത്തിന്റെ നല്ലൊരു പങ്കും പ്രദേശവാസികളുടെ തന്നെ സംഭാവനയാണെന്ന് ചിലരെങ്കിലും സമ്മതിക്കുന്നുണ്ട്‌. അച്ചൻകോവിലാറിൽ നിന്നും ശുദ്ധജലം സ്വീകരിച്ചു വിതരണം ചെയ്യുന്ന പമ്പ്‌ഹൗസ്‌, കോട്ടത്തോടിന്റെ ഉത്ഭവസ്ഥാനത്തോടടുത്ത്‌ തന്നെ സ്ഥിതി ചെയ്യുകയാണെന്ന വസ്തുത ഈ കാഴ്ചയുടെ ഗുരുതരാവസ്ഥ വിളിച്ചറിയിക്കുന്നു. മഴക്കാലത്ത്‌ കോട്ടത്തോടിൽ നിന്നുള്ള മലിനജലം അച്ചൻകോവിലാറിലെത്തുമെന്ന് സംശയമേതുമില്ലാതെ വ്യക്തമാകുമ്പോൾ, പ്രകൃതിചൂഷണത്തിന്റെയും മനുഷ്യൻ മനുഷ്യനെത്തന്നെ നശിപ്പിക്കാൻ
 ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതിന്റെയും ദയനീയചിത്രങ്ങൾ കണ്ട്‌ ഉള്ളു മരവിക്കും.മാവേലിക്കര പട്ടണത്തിലൂടെയുള്ള കോട്ടത്തോടിന്റെ സഞ്ചാരവഴി ഇപ്പോൾ ഇടയ്ക്കിടെ മാത്രമാണ്‌ പ്രത്യക്ഷപ്പെടുക. മാലിന്യങ്ങളാൽ മൂടപ്പെട്ട അവസ്ഥയാണ്‌ പലഭാഗങ്ങളിലും. തോടിനു മുകളിൽ കോൺക്രീറ്റ്‌ സ്ലാബ്‌ വിരിച്ച്‌, അതിനു മുകളിൽ കെട്ടിടങ്ങളുടെ നിര തന്നെ പടുത്തുയർത്തിയിരിക്കുകയാണ്‌ പലയിടങ്ങളിലും. കെ.എസ്‌.ആർ.ടി.സി യുടെ കെട്ടിടവും നഗരസഭയുടെ തന്നെ പല കെട്ടിടങ്ങളും കൂടാതെ ചില സ്വാകാര്യസ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.ഏഴടിയോളം ആഴമുള്ള കനാലായി വലിയകുളത്തിൽ ചെന്നുചേർന്നിരുന്ന കോട്ടത്തോട്‌ ഇന്ന്, പട്ടണമദ്ധ്യത്തിൽ അഴുക്കചാലിന്റെ രൂപത്തിൽ വന്നവസാനിക്കുന്ന കാഴ്ചയാണ്‌ ഒടുവിൽ കണ്ടത്‌. വലിയകുളത്തിനു സമീപമായി ദേവസ്വം ബോർഡ്‌ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമായി കോട്ടത്തോട്‌ കുളത്തിലേക്ക്‌ വന്നുചേരുന്ന ഭാഗം നികത്തപ്പെടുകയും കനാലും കുളവും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തിരിക്കുന്നതായി കാണാം.വലിയകുളത്തിന്റെ അവസ്ഥയും മറ്റൊന്നല്ല; പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും നിറഞ്ഞ്‌, പരിസ്ഥിതിപ്രശ്നമുയർത്തുന്ന സ്ഥിതിവിശേഷത്തിലാണ്‌, ഒരു കാലത്ത്‌ പ്രതാപം പേറിയിരുന്ന ഈ ജലാശയം. വലിയകുളത്തോടു ചേർന്ന് മറ്റൊരു വിശാലമായ കുളം കൂടിയുണ്ട്‌ - വേലക്കുളം. വേലകളിക്കായുള്ള തട്ടും രാജപ്രതാപം വിളിച്ചോതുന്ന പടവുകളും കെട്ടുകളും കൊണ്ട്‌ സമ്പന്നമായ വേലക്കുളവുമായി മുൻപ്‌ വലിയകുളം നീരൊഴുക്കിനാൽ ബന്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അവ തമ്മിൽ പ്രത്യക്ഷമായ ബന്ധമൊന്നും കാണാനില്ല.

കനാൽ വൃത്തിയാക്കി നീരൊഴുക്ക്‌ വീണ്ടെടുക്കുന്നതിനേക്കാൾ ശ്രമകരമാണ്‌ കനാലിലേക്ക്‌ വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടാതെ സംരക്ഷിക്കുക എന്നത്‌. കനാലിലേക്ക്‌ തുറന്നു വെച്ചിരിക്കുന്ന മലിനജലസ്രോതസ്സുകൾ അടയ്ക്കുന്നതിനോടൊപ്പം ആ ജലം മലിനീകരണം കൂടാതെ സംസ്കരിക്കുന്നതിനുള്ള നൂതനമാർഗ്ഗങ്ങൾ ഒരുക്കുന്നതിനായി ക്രിയാത്മക നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ചരിത്രപ്രാധാന്യമുള്ള ഒരു കനാൽ സംരക്ഷിക്കുക എന്നുള്ള ഉദ്ദേശത്തിനപ്പുറം, ആയിരക്കണക്കായ ജനങ്ങളുടെ കുടിവെള്ളത്തിൽ മാലിന്യം കലരുന്ന സാഹചര്യത്തെ ഇല്ലാതാക്കുക എന്ന സുപ്രധാനലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്‌ പ്രദേശവാസികളും അധികാരികളും കൂട്ടായി പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒപ്പം പരിസ്ഥിതിക്ക്‌ ഭീഷണിയായി തീരുന്ന മലിനീകരണസാഹചര്യങ്ങളെ പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സമാരംഭിക്കണം.
കനാലിലെ മാലിന്യം നീക്കം ചെയ്യുന്നതിനോടൊപ്പം ജലത്തിലെ മാലിന്യം വലിച്ചെടുക്കാൻ കഴിവുള്ള ഔഷധസസ്യങ്ങൾ കനാലിന്റെ ഇരുവശങ്ങളിലും നട്ടുപിടിപ്പിക്കുകയും വേണം. ഒപ്പംതന്നെ ഇവിടെ പാഴ്‌വസ്തുക്കൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുവാൻ പ്രകൃതിസ്നേഹികളായ സമീപവാസികളെ ഉൾപ്പെടുത്തി സ്ക്വാഡ്‌ രൂപീകരിക്കണം. 'കോട്ടയം നേച്ചർ സൊസൈറ്റി', കനാൽ വൃത്തിയാക്കുവാനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി അധികാരികൾക്കു മുമ്പിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.


ശുദ്ധജലദൗർലഭ്യവും വരൾച്ചയും നാൾക്കുനാൾ വർദ്ധിച്ചു വരുന്ന ഈ കാലത്ത്‌, ജനങ്ങൾക്ക്‌ ഉപയോഗപ്രദമായ രീതിയിൽ ശുദ്ധജലവാഹിനിയായി കോട്ടത്തോട്‌ പഴയ പ്രതാപം വീണ്ടെടുത്ത്‌ ഒഴുകിത്തുടങ്ങുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം. അതിന്‌ അധികാരികളുടെ കണ്ണുകൾ തുറക്കേണ്ടതിനോടൊപ്പം ദേശവാസികൾ ഉണരേണ്ടതുമുണ്ട്‌.

O

PHOTOS :  ANEESH SASIDEVAN


PHONE: 9846136524
3 comments:

 1. you don it Rajesh ... big one ..

  ReplyDelete
 2. കോട്ടത്തോടിനെ കുറിച്ച് നാടാടെയറിയുന്നതു ഈ ദുരവസ്ഥയിലാണല്ലോ?
  കോട്ടത്തോടിന്റെ ശാപമോക്ഷത്തിനായി മുന്നോട്ടു വെച്ചതും ഉദ്ദേശിച്ചിട്ടുമുള്ള എല്ലാ പദ്ധതികളും ഫലപ്രധമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
  മാലിന്യം മാത്രമല്ല, അനധിക്യത കെട്ടിടങ്ങളും അധികാരികളുടെ ശ്രദ്ധയിൽ പെടുമെന്നു കരുതുന്നു.
  കോട്ടത്തൊടിനെ കുറിച്ചു ഇതുപോലെ ശ്രദ്ധേയമായ ഒരു ലേഖനമെഴുതിയ താങ്കൾക്കു ആശംസകൾ.

  ReplyDelete
 3. go.......... forward............ rajesh...........
  great work

  ReplyDelete

Leave your comment