Tuesday, December 2, 2014

കലഹിക്കാൻ കൂട്ടാക്കാത്ത കവിമനസ്സ്‌

ലേഖനം
ഇടക്കുളങ്ങര ഗോപൻ











     സ്വയം നവീകരിക്കുന്നവർ എന്നും ചരിത്രത്തിന്റെ ഭാഗമാകുന്നു. കവിത സ്വയം നവീകരിക്കാനുള്ള ആയുധമാണ്‌. ആത്മസംഘർഷങ്ങളും സ്വപ്നങ്ങളും ആശയറ്റ പരിതാപങ്ങളുമുണ്ടതിൽ. കാലത്തിന്റെ കൈവിരലുകൾ അതിൽ മാന്ത്രികനൂലുകൾ പാകി വർണ്ണാഭമാക്കുന്നു. പ്രത്യയശാസ്ത്രസമീപനങ്ങൾ കൊണ്ട്‌ ഉയിർത്തെഴുന്നേൽപ്പിന്റെ പടപ്പാട്ട്‌ പാടുന്നു. കടൽ പോലെയും ആകാശം പോലെയും വിസ്തൃതമാണതിന്റെ അതിരുകൾ. കാരിരുമ്പിന്റെ കരുത്തും തീനാളത്തിന്റെ തിളപ്പും അതിൽ ഒളിഞ്ഞിരിക്കുന്നു. നിറഞ്ഞൊഴുകുന്ന മിഴിനീർത്തുള്ളികളിൽ തഴുകിത്തുടയ്ക്കുന്ന കൈവിരൽ സ്പർശമാകുന്നു. കാറ്റിൽ പറന്നെത്തുന്ന കുളിരിന്റെ സാന്ത്വനമാകുന്നു. ചിലപ്പോഴത്‌ തൂക്കിലേറുന്നവന്റെ തൊണ്ടയിലെ രോദനവും വിയർപ്പിൽ കുളിച്ചു കയറുന്നവന്റെ അദ്ധ്വാനത്തിന്റെ സംതൃപ്തമായ നിമിഷവുമാകും. ഇങ്ങനെയൊക്കെ നിർവ്വചിക്കാനാവുന്ന കവിതയുടെ കനൽവഴിയിൽ ചൂടും ചൂരുമറിഞ്ഞ്‌  മുന്നേറിയ ചവറ കെ.എസ്‌.പിള്ള എന്ന കവി തന്റെ എഴുത്തുജീവിതത്തിന്റെ അറുപതാമാണ്ടിലും മലയാളഭാഷയുടെ തിരുമുറ്റത്ത്‌ വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിയാണ്‌.

ചവറ കെ.എസ്‌.പിള്ള

ആരോടും കലഹിക്കരുതെന്ന് മന്ത്രിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. ഉള്ളിലുറഞ്ഞ മനുഷ്യസ്നേഹത്തിന്റെ നേർവെളിച്ചം കാലത്തിന്റെ കണ്ണാടിയിലേക്ക്‌ അദ്ദേഹം പതിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആകാശച്ചെരുവിൽ പൂത്ത സൂര്യവെളിച്ചം പോലെ കറുത്ത കാലത്തിലേക്ക്‌ തേർ തെളിച്ചെത്തുന്ന പ്രകാശവീചികളാണ്‌ ചവറ.കെ.എസ്‌.പിള്ളയുടെ കവിതകൾ. മണ്ണിൽ കാൽപ്പാദങ്ങൾ ആഴ്ത്തി നടന്ന കാവ്യജീവിതം, ചവറയുടെയും മലയാളത്തിന്റെയും എക്കാലത്തെയും പ്രിയപ്പെട്ട കവി ഒ.എൻ.വി യുടെ തണൽ പറ്റിയാണ്‌ വളർന്നത്‌. കയറും കരിമണലും ഇഴചേർത്ത ജീവിതങ്ങളുടെ ഇടനാഴിയിലൂടെ കവിതയുടെ നിലാവെളിച്ചം പതുങ്ങിയെത്തി.  ഒ.എൻ.വി യും പാലാ നാരായണൻനായരും വി.ടി.ഭട്ടതിരിപ്പാടും  വയലാറും പി.കുഞ്ഞിരാമൻ നായരും തുടങ്ങി പ്രഗത്ഭരുടെ ആശിർവാദങ്ങളിൽ മലയാളസംസ്കാരത്തിന്റെ നാൽക്കവലയിൽ പടർന്നു പന്തലിച്ചു. ഇന്ന് മുപ്പതോളം കൃതികളിലൂടെ ചവറ കെ.എസ്‌.പിള്ള മലയാളിയുടെ മനസ്സിലെ നിറസാന്നിധ്യമായി മാറിയിരിക്കുന്നു.

ചവറ പുതുമ്പള്ളിൽ (ഉമ്മാടത്ത്‌) ഡോ.പി.കെ.കുഞ്ഞൻ പിള്ളയുടെയും നാണിയമ്മയുടെയും മകനായി ജനിച്ച കെ.സദാശിവൻപിള്ളയുടെ കുടുംബപശ്ചാത്തലം എഴുത്തിന്റെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്തതായിരുന്നു. മിഡിൽ സ്കൂൾ തലം മുതൽ കെ.ബാലകൃഷ്ണന്റെ കൗമുദി വാരികയുടെ ബാലപംക്തിയിൽ എഴുതിത്തുടങ്ങിയ അദ്ദേഹം ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ 'ചോരപ്പൂക്കൾ' എന്ന ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. അയൽവാസിയായ പ്രശസ്ത കവി ഒ.എൻ.വി കുറുപ്പിന്റെ അവതാരികയോടെയാണ്‌ ചോരപ്പൂക്കൾ പുറത്തിറങ്ങിയത്‌. തുടർന്ന് ശകുന്തള എന്ന കവിതാസമാഹരത്തിലൂടെ കെ.സദാശിവൻപിള്ള കെ.എസ്‌.പിള്ളയായി. ദിനമണി, പ്രഭാതം, ജനയുഗം തുടങ്ങിയ പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളിൽ അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനം കഥയും കവിതയും ബാലസാഹിത്യവുമായി വികാസം പ്രാപിച്ചു.



ഉള്ളം പൊള്ളിക്കുന്ന തീക്ഷ്ണാശയങ്ങളുടെ കവിതകൾ എഴുതുമ്പോഴും കുട്ടികളുടെ മനസ്സറിയുന്ന ബാലസാഹിത്യകാരനായി അദ്ദേഹം തിളങ്ങി. ഗ്രന്ഥശാലാപ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ കേരളത്തിലങ്ങോളമിങ്ങോളം കെ.എസ്‌.പിള്ള കർമ്മനിരതനാണിപ്പോഴും. ചെറിയ സ്ഥാനമാനങ്ങൾക്കായി പോലും കുടിലതന്ത്രങ്ങൾ മെനയുന്ന കൗശലക്കാരുടെ കാലത്ത്‌ ഇരിപ്പിടങ്ങൾക്കായി അദ്ദേഹം ആരുടെയും പിറകേ പോയില്ല. സ്വയം വന്നുചേർന്ന സ്ഥാനങ്ങളിൽ നിസ്വാർത്ഥനായി സേവനം ചെയ്യാൻ അദ്ദേഹം തയ്യാറായി. ഗ്രന്ഥശാലാസംഘം, സാഹിത്യപ്രവർത്തകസഹകരണ സംഘം, യുവകലാസാഹിതി തുടങ്ങിയ സാംസ്കാരികപ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ ഒന്നാമനാകാതെ രണ്ടാമന്റെയും പിന്നിൽനിന്ന് നയിക്കുവാനാണ്‌ അദ്ദേഹം താൽപര്യപ്പെട്ടത്‌.

സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുവാൻ എപ്പോഴും അദ്ദേഹം മനസ്സുവെച്ചു. കഥ, കവിത,നാടകം, ബാലസാഹിത്യം എന്നീ സാഹിത്യശാഖകളിലൊക്കെ  വ്യക്തിമുദ്ര പതിപ്പിച്ച ചവറ കെ.എസ്‌.പിള്ള  എഴുത്തുജീവിതത്തിന്റെ അറുപതാമാണ്ടിലും 'ഞാനിവിടെയുണ്ട്‌' എന്ന് തന്റെ മുപ്പതാമത്തെ കൃതിയിലൂടെ വിളിച്ചുപറയുന്നു. തെളിമയുടെ തണ്ണീർതടാകമാകുന്നു, ആ കാവ്യജീവിതം. 

O


No comments:

Post a Comment

Leave your comment