Saturday, November 22, 2014

സംസ്കാരജാലകം - 22

സംസ്കാരജാലകം-22
ഡോ.ആർ.ഭദ്രൻ












മദ്യനയം

കേരളത്തിലെ പുതിയ മദ്യനയം ഇമേജിന്റെ കൃത്രിമപ്രകാശം ഉണ്ടാക്കാനുള്ള ഒരു സൂത്രപ്പണിയാണ്‌. മദ്യം ഉണ്ടാക്കുന്ന വിപത്തുകൾക്ക്‌ നേരേ കണ്ണടയ്ക്കുന്നവരാണ്‌ മദ്യവിപത്തിനെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നത്‌. മദ്യനിരോധനമോ മദ്യവർജ്ജനമോ അല്ല സമൂഹത്തിന്‌ ആവശ്യമായിട്ടുള്ളത്‌; മദ്യനിയന്ത്രണമാണ്‌. ഷേക്സ്‌പിയർ ഒഥല്ലോയിൽ വളരെ കലാപരമായി ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്‌. ഇത്‌ ഭരണാധികാരികൾ വായിച്ചിരിക്കേണ്ടതാണ്‌. ഉത്തരാധുനികസമൂഹത്തിൽ മദ്യനിരോധനം പോലുള്ള ഒരു ആശയം ചർച്ച ചെയ്യപ്പെടുന്നതു തന്നെ ശരിയായ ലോകബോധം നഷ്ടപ്പെടുന്നതിന്റെ തെളിവാണ്‌. ചരിത്രത്തെ അഗാധമാക്കിയ ശ്രീനാരായണഗുരു പോലും മദ്യത്തിനെതിരെ ചിന്തിച്ചത്‌ ഒരു സവിശേഷ ചരിത്രകാലത്തിന്റെ തിന്മകളിൽ നിന്ന് ഒരു ജനതയെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു എന്ന കാര്യം കൂടി നാം ഓർക്കേണ്ടതാണ്‌. മദ്യരാജാക്കന്മാർ സൃഷ്ടിക്കുന്ന വിപത്തുകളെ നിയമം മൂലം നേരിടാൻ ഒരു ഭരണകൂടത്തിനു കഴിയുമോ എന്ന ചോദ്യമാണ്‌ കാലം ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം. പണാധിപത്യ ശക്തിയെ ഉന്മൂലനം ചെയ്യാനാണ്‌, നന്മയുണ്ടെകിൽ ഒരു ഭരണകൂടം മുന്നോട്ടു വരേണ്ടത്‌.

യു.ആർ.അനന്തമൂർത്തിക്ക്‌ വിട



പ്രശസ്ത കന്നട സാഹിത്യകാരനും ഇംഗ്ലീഷ്‌ പ്രൊഫസറും എം.ജി.സർവ്വകലാശാല മുൻ വൈസ്‌ ചാൻസലറുമായിരുന്ന യു.ആർ.അനന്തമൂർത്തി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ഞങ്ങളുടെയൊക്കെ എം.എ. സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്നത്‌ യു.ആർ.അനന്തമൂർത്തി എന്ന വൈസ്‌ ചാൻസലറാണെന്ന് എല്ലാപേരെയും അഭിമാനത്തോടെ എടുത്തു കാണിക്കുമായിരുന്നു. സ്വന്തം ഭാഷയുടെ മഹത്വം മലയാളിയെ ഈ ഇംഗ്ലീഷ്‌ പ്രൊഫസർ എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു. പക്ഷെ മലയാളി പാഠം പഠിക്കുന്നില്ല. പത്തനംതിട്ട ജില്ലയുടെ പടയണിയുടെ പുനരുദ്ധാരണത്തിനു പോലും ഇദ്ദേഹത്തിന്റെ പ്രേരണ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ നോവലുകൾ ഈ പ്രതിഭാശാലിയുടെ നിത്യസ്മാരകങ്ങളായി ഭവിക്കും എന്ന കാര്യത്തിൽ സംശയമില്ല. സംസ്കാരജാലകം യു.ആർ.അനന്തമൂർത്തിയുടെ ദീപ്തസ്മരണയ്ക്കു മുമ്പിൽ എല്ലാ ആദരവുകളും അർപ്പിക്കുന്നു.

 പ്രകാശ്‌ കാരാട്ടിന്റെ പുതിയ ലേഖനം 




ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ മികച്ച ധൈഷണിക ജീവിതമുള്ള ഒരു നേതാവാണ്‌ പ്രകാശ്‌ കാരാട്ട്‌. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും നമ്മൾ ശ്രദ്ധാപൂർവ്വം വായിച്ചിരിക്കേണ്ടതാണ്‌. അസാധാരണ ചിന്തകളും സ്വപ്നങ്ങളുമാണ്‌ അത്‌ നമ്മളുമായി പങ്കുവെക്കുന്നത്‌. രാജ്യദ്രോഹനിയമത്തെക്കുറിച്ച്‌ അദ്ദേഹം എഴുതിയ ലേഖനവും വ്യാപകമായി സംവാദം ചെയ്യപ്പെടേണ്ടതാണ്‌. 'രാജ്യദ്രോഹം'-പരിധിവിട്ട നിയമ ദുരുപയോഗം (ദേശാഭിമാനി 2014 സെപ്റ്റംബർ 11 വ്യാഴം) ഇന്റർനെറ്റിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യൻ പൗരന്മാർക്ക്‌ ഉണ്ടാകേണ്ടതാണ്‌ എന്ന കാരാട്ടിന്റെ ചിന്തയും പൗരസമൂഹം ചർച്ച ചെയ്യേണ്ടതാണ്‌. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുവാൻ എപ്പോഴും നാം പ്രതിജ്ഞാബദ്ധമായി തീരുമ്പോഴാണ്‌ ഒരു രാജ്യത്ത്‌ സ്വാതന്ത്ര്യത്തിന്റെ പൊൻവെളിച്ചം പടരുന്നത്‌.


സിനിമയെന്ന കലാസൃഷ്ടി അധ:പതിക്കുമ്പോൾ

സിനിമയെന്ന അത്ഭുതകരമായ കലാസൃഷ്ടി അധ:പതിക്കുന്നതിനെക്കുറിച്ചോർത്ത്‌ പല മഹാന്മാരും ചലച്ചിത്രകാരന്മാരും സൈദ്ധാന്തികരും സങ്കടപ്പെട്ടിട്ടുണ്ട്‌. മഹാത്മജി അവരിലൊരാളാണ്‌. ഹിന്ദി ചലച്ചിത്രങ്ങൾ അതിനീചമായി കമ്പോളവത്കരിക്കപ്പെടുന്നതിൽ ഗാന്ധിജി പ്രകടിപ്പിച്ച നീരസം നാം വായിച്ചിട്ടുള്ളതാണ്‌. സുഭാഷ്‌ ചന്ദ്രന്റെ 'മനുഷ്യന്‌ ഒരു ആമുഖം' എന്ന നോവലിലെ ഈ വാക്യങ്ങൾ ഇതിനോട്‌ ചേർത്ത്‌ വായിക്കാവുന്നതാണ്‌. 'മനുഷ്യരൂപത്തെ എന്നപോലെ അവന്റെ പ്രതിഭയെയും അതിന്റെ പരമാവധിയിൽ പ്രദർശിപ്പിക്കുവാൻ കഴിയുന്ന അത്ഭുതകരമായ ഈ കലാരൂപത്തെ സ്ഥാനത്തും അസ്ഥാനത്തും തമാശ പറയുന്ന കുറേ കോമാളികളുടെ പ്രകടനമായി താഴ്ത്തിക്കെട്ടുന്നതുകണ്ട്‌ ചിരിക്കാൻ എനിക്ക്‌ സാധിക്കുന്നില്ല. തിയേറ്ററിൽ ആളുകൾ ആർപ്പിട്ട്‌ ചിരിക്കുമ്പോൾ ഇടയ്ക്കിരുന്ന് കരയുന്നതാകട്ടെ അതിനേക്കാൾ കോമാളിത്തമാകും'.

എം.മുകുന്ദനും ആധുനികതയും



മാതൃഭൂമി ഓണപ്പതിപ്പിൽ (2014) എം.മുകുന്ദനുമായി എ.വി.പവിത്രൻ നടത്തിയ അഭിമുഖം സാഹിത്യ ചരിത്രപരമായിത്തന്നെ ചില സവിശേഷതകളോടു കൂടിയതാണ്‌. എം.മുകുന്ദന്റെ നോവലുകളെക്കുറിച്ച്‌ പവിത്രൻ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തങ്ങളല്ലെങ്കിലും പൊതുചോദ്യങ്ങൾ വളരെ സ്വീകാര്യമായി തോന്നി. ആധുനികതയെ സംബന്ധിച്ച്‌ മുകുന്ദൻ ഈ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ പലരുടെയും മുൻധാരണകളെ തിരുത്താൻ സഹായിക്കുന്നു. ആധുനികത കാലം തെറ്റി ഇവിടേക്ക്‌ വന്നതാണെന്നും ആധുനികത നമ്മുടെ ഒരു മാനസിക അനുഭവമല്ലെന്നും ഒക്കെയുള്ള അർത്ഥമില്ലാത്ത പറച്ചിലുകൾ പലരും പറഞ്ഞിട്ടുണ്ട്‌. ഒരു കാര്യം വ്യക്തമാക്കിത്തരാം. കാക്കനാടന്റെ സാക്ഷിയും, സേതുവിന്റെ നിയോഗവും , ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും, ആനന്ദിന്റെ മരണസർട്ടിഫിക്കറ്റും അതുപോലുള്ള ചില പാശ്ചാത്യകൃതികളും വായിച്ചാണ്‌ ഞങ്ങളൊക്കെ ഞങ്ങളുടെ സ്വത്വത്തെ പ്രപഞ്ചത്തിൽ പ്രകാശപൂർണ്ണമായി കണ്ടെത്തിയത്‌. അത്‌ നൽകിയ ആനാന്ദാനുഭവത്തിലാണ്‌ ഇപ്പോഴും ഞങ്ങളൊക്കെ നിലനിൽക്കുന്നത്‌. മുകുന്ദൻ ഒരിക്കൽക്കൂടി ആ ആധുനികതയെ ചർച്ചാവിഷയമാക്കിയപ്പോൾ ഏറെ സന്തോഷം തോന്നി. അവനവൻ എന്ന കടമ്പയെ ഞങ്ങളൊക്കെ ചാടിക്കടന്നതിന്‌ ഇത്തരത്തിലുള്ള കൃതികൾ നൽകിയ സഹായം സാഹിത്യത്തോടുള്ള എക്കാലത്തെയും ഒരു കടപ്പാടിന്റെ ഭാഗമാണ്‌.


കെ.ആർ മീര - ആരാച്ചാർ


കെ.ആർ.മീരയ്ക്ക്‌ 'ആരാച്ചാർ' എന്ന നോവലിലൂടെ വയലാർ അവാർഡ്‌ കിട്ടിയത്‌ വളരെ ഉചിതമായി. ഇതു വളരെ നേരത്തെ തന്നെ പരിഗണിക്കേണ്ടതായിരുന്നു. ഈ നോവലിനു ഇനിയും മികച്ച പല പുരസ്കാരങ്ങളും കിട്ടേണ്ടതാണ്‌. മാതൃഭൂമി പത്രം പുരസ്കാരവാർത്ത ഉൾപ്പേജിൽ കൊടുത്തത്‌ നന്നായില്ല. ദേശാഭിമാനി ഒന്നാംപേജിൽ തന്നെ വാർത്ത കൊടുത്തുകൊണ്ട്‌ പഴയ ഒരു തെറ്റ്‌ തിരുത്തിയിരിക്കുകയാണ്‌. ജ്ഞാനപീഠവാർത്ത ആ പത്രം അകത്തു കൊടുത്തുകൊണ്ട്‌ വലിയ ഒരു തെറ്റാണ്‌ ചെയ്തത്‌. എന്തായാലും മനോരമയും ഒന്നാംപേജിൽ തന്നെ അവാർഡ്‌ വാർത്ത കൊടുത്തുകൊണ്ട്‌ കെ.ആർ.മീരയോടും അതിലൂടെ മലയാളസാഹിത്യത്തോടും നീതി പുലർത്തിയിട്ടുണ്ട്‌. ആരാച്ചാരെക്കുറിച്ച്‌ ഉയർന്നുവന്ന ചില അപവാദങ്ങളെകുറിച്ച്‌ സംസ്കാരജാലകം പിന്നീട്‌ പ്രതികരിക്കുന്നതാണ്‌.

പാട്രിക്‌ മൊദിയാനോക്ക്‌ സാഹിത്യനോബേൽ


പ്രതിസന്ധിയിലാകുന്ന മനുഷ്യസമൂഹത്തെയും മനുഷ്യരെയും ഉന്നതമായ ചരിത്രബോധത്തോടും മനുഷ്യഭാഗധേയങ്ങളോടും മനുഷ്യനിസ്സഹായതയോടും മനുഷ്യവിധിയുടെ അലംഘനീയതയോടെയും ഭാഷയുടെ അത്യുന്നതമായ മിടുക്കോടെ ആവിഷ്കരിക്കുമ്പോഴാണ്‌ അത്യുന്നതമായ സർഗ്ഗാത്മകത ജനിക്കുന്നത്‌. 112 മത്‌ സാഹിത്യനോബേൽ നേടിയ പാട്രിക്‌ മൊദിയാനോയുടെ രചനാജീവിതവും മേൽ സൂചിപ്പിച്ചതുപ്രകാരമാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌. ഞാൻ ഇവിടെ സൂചിപ്പിച്ച ആശയം ഇദ്ദേഹത്തിനു നോബേൽ സമ്മാനം കൊടുത്ത കമ്മറ്റിയുടെ വിലയിരുത്തലുകളുമായി വായനക്കാർ ചേർത്തു വായിച്ചുകൊള്ളുക. 'നാത്‌സി തേർവാഴ്ചയുടെ തീഷ്ണദുഃഖങ്ങൾ ഇഷ്ടപ്രമേയമാക്കി പാരീസിന്റെ കഥകൾ പറഞ്ഞ ഫ്രഞ്ച്‌ എഴുത്തുകാരൻ പാട്രിക്‌ മൊദിയാനോക്ക്‌ സാഹിത്യനോബേൽ. ഓർമ്മിച്ചെടുക്കലെന്ന കലയിലൂടെ മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ള മനുഷ്യവിധികളിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ നാത്‌സി ഭീകരതയിലെ ജീവിതലോകം മറനീക്കി കാണിച്ചതിനാണ്‌ സ്വീഡിഷ്‌ അക്കാദമിയുടെ പുരസ്കാരം.'


എലിപ്പത്തായം



ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച രണ്ട്‌ ചലച്ചിത്രങ്ങളാണ്‌ സത്യജിത്‌ റേയുടെ പഥേർ പാഞ്ചാലിയും അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായവും. പ്രീഡിഗ്രിക്ക്‌ പഠിച്ചുകൊണ്ടിരുന്ന കാലത്താണ്‌ ഈ സിനിമയുടെ ഷൂട്ടിംഗ്‌ നടന്നത്‌. കൊല്ലം ജില്ലയിൽ ഇപ്പോഴത്തെ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ കോവൂർ എന്ന സ്ഥലത്തെ മഠത്തിൽ വീട്ടിൽ വെച്ചായിരുന്നു ഷൂട്ടിംഗ്‌. ഈ നാലുകെട്ട്‌ സ്ഥിതി ചെയ്തിരുന്നത്‌ പണ്ടാരവിള മൂർത്തീക്ഷേത്രത്തിനു സമീപമായിരുന്നു. ഞങ്ങൾ കുട്ടികൾ ഷൂട്ടിംഗ്‌ കാണാൻ ആവേശത്തോടെ അവിടെ പോയിരുന്നു. അങ്ങനെ അടൂർ ഗോപലകൃഷ്ണനെയും കരമന ജനാർദ്ദനൻനായരെയും ശാരദയെയും മങ്കട രവിവർമ്മയെയും ഒക്കെ ആവേശത്തോടെ കണ്ടു. ഞങ്ങൾ പഠിച്ചിരുന്ന തേവലക്കര സ്കൂളിനു സമീപം കച്ചവടം ചെയ്തിരുന്ന എഡ്വേർഡ്‌ മുതലാളിയെ അടൂർ ഗോപാലകൃഷ്ണൻ എലിപ്പത്തായം സിനിമയിൽ അഭിനയിപ്പിക്കുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെ അന്നതൊരു കൗതുകമായിരുന്നു. കഥാപാത്രങ്ങൾക്ക്‌ ചേരുന്ന മുഖമുള്ളവരെ അടൂർ തേടുന്നത്‌ ഞങ്ങൾ കണ്ടു പഠിച്ചു. മഠത്തിലെ നാലുകെട്ട്‌ ഇന്നവിടെ കാണുന്നില്ല. അത്‌ പൊളിച്ചുമാറ്റപ്പെട്ടിരിക്കുന്നത്‌ ഇന്ന് ഞങ്ങൾക്ക്‌ വേദനയോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഈ നാലുകെട്ട്‌ കാണാൻ വിദേശത്തു നിന്നും ചലച്ചിത്രവിദ്യാർത്ഥികൾ വന്നിരുന്നതായും കേട്ടിട്ടുണ്ട്‌. ഞങ്ങളുടെയൊക്കെ ബാല്യകാല കളിസ്ഥലം കൂടിയായിരുന്നു ഈ വീട്‌. പ്രശസ്തനായ പണ്ഡിതനും എഴുത്തുകാരനുമായ കുറിശ്ശേരി ഗോപലാകൃഷ്ണപിള്ള സാർ ഈ നാലുകെട്ടിൽ താമസിച്ചിരുന്നതായി ഓർക്കുന്നു. അവിടെ മുൻ അടൂർ എം.എൽ.എ ആർ.ഉണ്ണികൃഷ്ണപിള്ള (സി.പി..എം) താമസിച്ചിരുന്നതിന്റെ ഓർമ്മയും എന്റെ മനസ്സിലുണ്ട്‌. കൊട്ടാരക്കരയ്ക്കടുത്തുള്ള കോട്ടാത്തലയിൽ റോഡരികിൽ കാണുന്ന കുളമാണ്‌ എലിപ്പത്തായം സിനിമയിൽ കാണുന്ന കുളം.

അൻവരികൾ



'അൻവരികൾ' എന്ന ബ്ലോഗിലൂടെ അൻവർ ഹുസൈൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്‌. പ്രശസ്തവും അപ്രശസ്തവുമായ അനവധി ബ്ലോഗുകളെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെക്കുറിച്ചും അൻവർ നിരൂപണബുദ്ധിയോടെ രേഖപ്പെടുത്തുന്നു. ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഈ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ തരമില്ല. സൈബർ ലോകത്തെ 'ബ്ലോഗ്‌ ഡയറക്ടറി' എന്നു പറയാവുന്ന തരത്തിൽ സമഗ്രമായ കാഴ്ചയും വായനയുമാണ്‌ അൻവരികൾ സമ്മാനിക്കുന്നത്‌.


 വീട്‌

ഇന്ന് ചാനലുകളിലെ ഒരു പ്രധാന പ്രോഗ്രാമാണ്‌ വീട്‌. Dream, Home, വീട്‌ എന്നീ പലപേരുകളിൽ ഇത്‌ പല ചാനലുകളിലായി നാം കാണുന്നു. വീടുകളുടെ പല ഡിസൈനുകൾ ജനങ്ങൾ മനസ്സിലാക്കുന്നത്‌ നല്ലതാണ്‌. പക്ഷെ ഇത്തരം ചാനൽ പ്രോഗ്രാമുകൾക്ക്‌ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്‌. അത്‌ പുതിയകാലത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥാപിത താൽപര്യങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ജീവിതം ഭൗതികമായ ഉത്സവമാക്കിമാറ്റി ലാഭം കുന്നുകൂട്ടാനുള്ള സ്ഥാപിതതാൽപര്യം. ഈ സ്ഥാപിത താൽപര്യങ്ങളുടെ അമിതമായ പ്രയോഗത്തിലൂടെയാണ്‌ പുതിയ കാലത്തിൽ ഉദാത്തമായ ജീവിതമൂല്യങ്ങളും സാമൂഹികമൂല്യങ്ങളും കൂപ്പുകുത്തുന്നത്‌. നമുക്ക്‌ ആരാണ്‌ ഇനി ഇതൊക്കെ തിരിച്ചുപിടിച്ചു തരിക? വിടാനുള്ളതാണ്‌ വീട്‌. എന്നിട്ടും മനുഷ്യനെ വീടിന്റെ പേരിൽ അമിതമായി ഭ്രമിപ്പിക്കുകയാണ്‌ ചാനലുകൾ.  

സമാധാന നോബേൽ



ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള നോബേൽ നമ്മെ എറെ ചിന്തിപ്പിക്കുന്നതാണ്‌. ഒന്നാമത്‌ വിദ്യാഭ്യാസപ്രവർത്തനത്തിനാണ്‌ സമാധാന നോബേൽ ലഭിച്ചിരിക്കുന്നത്‌. ഇന്ത്യാക്കാരനായ കൈലാഷ്‌ സത്യാർത്ഥിക്കും പാകിസ്ഥാൻകാരിയായ 17 വയസ്സുള്ള മലാല യൂസുഫ്‌ സായിക്കുമാണ്‌. ഇത്രയും പ്രായം കുറഞ്ഞൊരു കുട്ടിക്ക്‌ നോബേൽ കിട്ടുന്നത്‌ അതിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്‌. കുട്ടികളുടെ സംരക്ഷകനായിട്ടാണ്‌ സത്യാർത്ഥിക്ക്‌ നോബേൽ കിട്ടിയത്‌ എന്നത്‌ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്‌. ഏറ്റവും അധികം അവഗണിക്കപ്പെട്ടു പോകുന്നവർ എന്ന അർത്ഥത്തിൽ കുട്ടികളുടെ സംരക്ഷണം നമ്മുടെ ഏറ്റവും വലിയ ഒരു സാമൂഹിക ദൗത്യമാണ്‌. അതുപോലെ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസവും. ശാക്തീകരിക്കപ്പെട്ട പെണ്ണ്‌ എന്ന ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമുക്ക്‌ നേടാൻ കഴിയൂ. മലാലയുടെ പരിശ്രമങ്ങളും അതിന്‌ മലാല നേരിട്ട ദുരന്താത്മകതയും കൂടുതൽ മധുരോദാരമായി തീരുന്നത്‌ ഈ സന്ദർഭത്തിലാണ്‌.

കൃഷി - സെബാസ്റ്റ്യൻ

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2014 ഒക്ടോബർ 29)


നെൽകൃഷിയുടെ സംസ്കാരം മലയാളിയിൽ നിന്ന് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. ഒടുങ്ങിപ്പോയി എന്നുപോലും പറയാം. ഈ ഭൂതകാലത്തിലേക്ക്‌ മലയാളസാഹിത്യം വെളിച്ചം വീശണം. ഇതൊരു സാധ്യതയാണ്‌. ഇക്കാര്യത്തിൽ മലയാളകവിത ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല. കഥയിൽ എൻ.പ്രഭാകരന്റെ 'സ്ഥാവരം' ഓർമ്മ വരുന്നു. ഇപ്പോഴിതാ സെബാസ്റ്റ്യന്റെ മനോഹരമായ ഒരു കവിത പിറന്നിരിക്കുന്നു. അതത്രേ 'കൃഷി'. കൃഷിക്കാരന്റെ ജീവിതം, അവന്റെ അതിജീവനത്തിന്റെ പ്രശ്നങ്ങൾ, വെല്ലുവിളികൾ, അവന്റെ ജീവിതത്തിന്റെ ശാന്തി എല്ലാം ഒരു കൃഷിക്കാരനിൽ വെച്ചുതന്നെ സാന്ദ്രഭംഗിയിൽ സെബാസ്റ്റ്യൻ എഴുതിയിട്ടിരിക്കുന്നു. കൃഷിയും കൃഷിക്കാരനും വയലും എല്ലാം ഒരു ഏകകത്തിൽ സെബാസ്റ്റ്യൻ ഒതുക്കിയെടുത്തിരിക്കുന്നു. ഉജ്ജ്വലമായിരിക്കുന്നു! അവസാനവരികൾ വായിച്ചുകൊള്ളുക.

മങ്ങിയ വെളിച്ചത്തിൽ
ആ ഉള്ളംകൈ.
കൊയ്ത്തു കഴിഞ്ഞ്‌ വിശാലമായ
പാടശേഖരങ്ങൾ
ചില കൊറ്റികൾ
തവളകളുടെ കരച്ചിൽ.


പാറയിൽ നിന്നും വേണ്ടാത്തതെല്ലാം കൊത്തിമാറ്റുമ്പോൾ അവിടെയൊരു പ്രതിമാശിൽപം ജനിക്കുന്നു എന്നതുപോലെ വേണ്ടാത്ത വാക്കുകളെല്ലാം കൊത്തിമാറ്റി വേണ്ടുന്ന വാക്കുകൾ മാത്രം അവശേഷിക്കുമ്പോൾ അവിടെ ജനിക്കുന്നതാണ്‌ കവിത. ഇന്നത്തെ കവിത, പ്രതിഭാശാലികളായ യുവകവികൾ ഇങ്ങനെയാണ്‌ ആവിർഭവിപ്പിക്കുന്നത്‌. പുതുമലയാള കവിതയിൽ നിരൂപകരും വായനക്കാരും കാണേണ്ട കാഴ്ചയാണിത്‌.

മുന്നറിയിപ്പ്‌



ഉള്ളിൽ നിന്നും അനുഭവവേദ്യമാകുന്ന ഒന്നാണ്‌ യഥാർത്ഥ സ്വാതന്ത്ര്യമെന്നും ആ സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാവുന്ന ഏതു ബാഹ്യ ഇടപെടലുകളെയും അപ്പാടെ തുടച്ചുനീക്കാൻ മനുഷ്യമനസ്സ്‌ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും വിളിച്ചുപറയുകയാണ്‌ പ്രശസ്ത ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പ്‌' എന്ന സിനിമ. തിരക്കഥ രചിച്ചിരിക്കുന്ന ഉണ്ണി.ആർ എന്ന എഴുത്തുകാരൻ പാത്രനിർമ്മിതിയിലും സംഭാഷണങ്ങളിലും അഭിനന്ദനാർഹമായ കൈയ്യടക്കം പുലർത്തിയിട്ടുണ്ട്‌ . സി.കെ.രാഘവൻ എന്ന കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ മമ്മൂട്ടി  അതിഭാവുകത്വമില്ലാതെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. അടുത്തകാലത്തിറങ്ങിയ ജീവിതദർശനങ്ങളുള്ള സിനിമ എന്ന് 'മുന്നറിയിപ്പി'നെ അടയാളപ്പെടുത്താം.

ദേശാഭിമാനി വാരാന്ത്യപ്പതിപ്പിലെ അതിഥി

ദേശാഭിമാനി വാരാന്ത്യപ്പതിപ്പിലെ അതിഥി വായനക്കാർ ഓരോ ആഴ്ചയും താൽപര്യപൂർവ്വം വായിക്കുന്ന ഒരു കോളമാണ്‌. വിശ്വപ്രസിദ്ധമായ കൃതികളാണ്‌ ഇവിടെ പ്രമുഖ സാഹിത്യകാരന്മാർ ചർച്ച ചെയ്യുന്നത്‌. ചില ആഴ്ചകളിൽ ഈ കോളം അസാമാന്യമായ നിലവാരത്തിലേക്ക്‌ ഉയരുന്നതും കണ്ടിട്ടുണ്ട്‌. 2014 ഒക്ടോബർ 5 ഞായർ (അതിഥി) ബെന്യാമിൻ റൊയ്മർ റോളണ്ടിന്റെ - ജീൻ ക്രിസ്റ്റോ ക്രാഫ്റ്റ്‌- എന്ന നോവലിനെക്കുറിച്ച്‌ എഴുതിയ ലഘുവിവരണമാണുള്ളത്‌. 1915 ൽ നോബൽ സമ്മാനം കിട്ടിയ ഈ കൃതിയെ ബെന്യാമിൻ മലയാളി വായനക്കാർക്ക്‌ പരിചയപ്പെടുത്തിയത്‌ എത്ര ഉത്കൃഷ്ടമായിരിക്കുന്നു! നമ്മുടെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്താൻ കഴിയുന്ന കൃതി എന്ന നിലയിൽ മലയാളികൾ ഈ നോവലിനെ നെഞ്ചോടു ചേർക്കുക. കാരണം നോവൽ നമുക്ക്‌ പ്രകാശം പകർന്നു തരുന്ന ഒരു മഹാലോകമാണ്‌.

O


No comments:

Post a Comment

Leave your comment