അനുസ്മരണം
ഗോപി ആനയടി
ചേപ്പാട് സോമനാഥൻ ഇനി ഓർമ്മ മാത്രം. കവി, പത്രാധിപർ, സംഘാടകൻ എന്നീ നിലകളിൽ നാലുപതിറ്റാണ്ട് മുംബൈയിലെ മലയാളികളുടെ ഇടയിൽ സാംസ്കാരിക സാന്നിധ്യമായിരുന്നു. അദ്ദേഹം മരണത്തെ സ്വയം വരിച്ചു എന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ല. ജീവിതത്തെ സദാ പ്രസാദാത്മകമായി മാത്രം കണ്ടിരുന്ന സുസ്മേരവദനനായ പ്രിയ സുഹൃത്തിന്റെ ഉള്ളിൽ അലകളടങ്ങിയ കനത്ത വിഷാദത്തിന്റെ ഉൾക്കടൽ അമർന്നിരുന്നുവെന്ന് ആരും കരുതിയില്ല.
ചേപ്പാട് സോമനാഥൻ |
എല്ലവരെയും സ്നേഹിക്കാൻ മാത്രം കഴിഞ്ഞിരുന്ന സഹൃദയനായ സുഹൃത്തേ, താങ്കൾക്ക് ഇതെങ്ങനെ കഴിഞ്ഞു? അടുത്ത മേയിൽ നാട്ടിൽ വരുമ്പോൾ കാണാമെന്ന് ഉറപ്പു പറഞ്ഞിരുന്നതാണ്. എന്നിട്ടും എന്നെ കാത്തുനിൽക്കാതെ ഇത്ര വേഗം കടന്നുപോയല്ലോ...!!
"അക്ഷരം പൂക്കുമ്പോൾ എത്ര പൂക്കൾ..?
ആകാശം നിറയും നക്ഷത്രപ്പൂക്കൾ."
ഹൃദയം കൊണ്ട് അക്ഷരങ്ങളെ ത്രമാത്രം സ്നേഹിച്ചിരുന്നു, ഈ കവി. നാൽപ്പതു വർഷത്തെ മറുനാടൻ ജീവിതം അവസാനിപ്പിക്കുവാൻ ചേപ്പാടിനു മതിയായ കാരണങ്ങളുണ്ടായിരുന്നു.
"എന്നെ വിളിക്കുന്നു, എന്റെ ഗ്രാമം
എന്നെ വിളിക്കുന്നു, എന്റെ ബാല്യം
എന്നെ വിളിക്കുന്നു മാതൃസ്നേഹം
എല്ലാം പൊറുക്കുന്ന ജന്മഗേഹം."
കത്തുകൾ അന്യം നിന്നുപോയ തിരക്കുകളുടെ ഇക്കാലത്തും തുടർച്ചയായി പോസ്റ്റ് കാർഡുകളിൽ അദ്ദേഹം കത്തുകൾ എഴുതിയിരുന്നു.
"കത്തെഴുതുക, കാത്തുസൂക്ഷിക്കുക
സൗഹൃദത്തിന്റെ ഊഷ്മളഭാവങ്ങൾ
കത്തെഴുതുക കൈമാറീടുക
പ്രണയസാന്ദ്രമാം ഹൃദയാഭിലാഷങ്ങൾ."
എന്നു പറഞ്ഞ കവി ഇനി ആർക്കും എഴുതുകയില്ല.
ദീപ്തമായ ആ ഓർമ്മകളിൽ വിങ്ങുന്ന ഹൃദയത്തോടെ പ്രണാമം അർപ്പിക്കുന്നു.
O
ചേപ്പാട് സോമനാഥന്റെ കൃതികൾ
കാലംസാക്ഷി (കവിതകൾ) - ഡോ. കെ. ദാമോദരൻ സ്മാരക പുരസ്കാരം
കുറുമൊഴിച്ചെപ്പ് (കവിതകൾ)
പുലരിപ്പൂവ് (കവിതകൾ)
ചുവന്ന സ്വപ്നങ്ങളേ മാപ്പ് (കവിതകൾ)- പ്രഹ്ലാദി പുരസ്ക്കാരം
ചേപ്പാടിന്റെ രചനകൾ(സമ്പൂർണ്ണ കൃതികൾ)
കേട്ടിട്ടില്ല ഈ കവിയെപ്പറ്റി
ReplyDeleteപറഞ്ഞുതന്നതിന് നന്ദി