Saturday, November 12, 2011

സംസ്കാരജാലകം

ഡോ.ആർ.ഭദ്രൻ






               10





 പി.കെ.രാജശേഖരൻ വിമർശിക്കപ്പെടുന്നു.

      

       ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ കവിതാസമാഹാരമായ 'പ്രതിനായക'ന്‌ പി.കെ. രാജശേഖരൻ എഴുതിയ പഠനമാണ്‌ ഇവിടെ വിമർശനവിധേയമാകുന്നത്‌. ചുള്ളിക്കാട്‌ വലിയ കവിയാണെന്ന് വളരെ നേരത്തെതന്നെ ഇ.എം.എസ്‌ അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു. നമ്മുടെ വിമർശകർക്ക്‌ അപ്പുറം സഞ്ചരിച്ചുകൊണ്ടുള്ള ഒരു നിരീക്ഷണമായിരുന്നു അത്‌. ഇ.എം.എസിന്റെ കലാദർശത്തോടു ബഹുമാനം തോന്നിയ ഒരപൂർവ്വനിമിഷമായിരുന്നു അത്‌.


പി.കെ. രാജശേഖരൻ

തകർച്ചയുടെ ദർശനത്തിൽ നിന്നും തോറ്റിയെടുക്കുന്ന സൃഷ്ട്യുന്മുഖവും ആനന്ദദായകവുമായ ഒരു ജീവിതദർശനം ചുള്ളിക്കാടിനുണ്ട്‌. ഇത്‌ വേണ്ടതുപോലെ കാണാത്തതുകൊണ്ടാണ്‌ പി.കെ.രാജശേഖരൻ ഇങ്ങനെ എഴുതുന്നത്‌. നിഷിദ്ധവും നിഷേധാത്മകവുമായ ലോകങ്ങൾ കവിതയിൽ തുറന്നിടുമ്പോഴും പാരമ്പര്യത്തിന്റെ ഒരു ശരവേഗം ബാലചന്ദ്രന്റെ കവിതകളിൽ മിന്നിക്കടന്നുപോകുന്നു. ബാലചന്ദ്രന്റെ കൺവൻഷനൽ ലിറിക്കുകളുടെയും ശബ്ദരഹിതമായ ഭാവഗീതങ്ങളുടെയും അർത്ഥം മേൽപ്പറഞ്ഞ സംഗതിയിലാണ്‌ ബന്ധിക്കപ്പെടേണ്ടത്‌.
ഇതിഹാസാഭിലാഷവും മഹാകാവ്യാഭിലാഷവും ബാലചന്ദ്രന്റെ കവിതകളിൽ തേടി, അന്യഥാ ഗംഭീരമാകേണ്ടിയിരുന്ന ഒരു പഠനത്തെ രക്തസാക്ഷിത്വം വരിക്കാൻ സ്വയം പറഞ്ഞുവിടുകയാണ്‌ ഈ വിമർശകൻ.

ഒ.എൻ.വിയുടെ വ്യാജമായ ഇതിഹാസ അഭിലാഷങ്ങളെയും മഹാകാവ്യാഭിലാഷങ്ങളെയും ചുള്ളിക്കാട്‌ തകർത്ത്‌ മുന്നേറുന്ന പുതിയ വഴി വ്യക്തമായി രേഖപ്പെടുത്തുവാനും പി.കെ.രാജശേഖരൻ ശ്രമിക്കണമായിരുന്നു. ചങ്ങമ്പുഴയേയും ആശാനെയും ചുള്ളിക്കാട്‌ സ്വന്തം കവിത കൊണ്ട്‌ എങ്ങനെയാണ്‌ അപനിർമ്മിക്കുന്നത്‌ എന്നതും വിമർശനത്തിന്റെ പ്രധാനഭാഗമാകണമായിരുന്നു. 

വലിയ കവിത്വം ബാലചന്ദ്രന്‌ ഉണ്ട്‌ എന്നുപറഞ്ഞാൽ ലളിതമായി ആർക്കും അത്‌ മനസ്സിലാകും. കേന്ദ്രത്തകർച്ചയുടെയും ജനാധിപത്യഭാവുകത്വത്തിന്റെയും ഇന്നത്തെ കാലത്തും ഇതിഹാസാഭിലാഷം മഹാകാവ്യാഭിലാഷം എന്നൊക്കെ പറഞ്ഞ്‌, നിഷേധത്തിന്റെ സൗന്ദര്യവും തത്വശാസ്ത്രവും കവിത കൊണ്ട്‌ നിർമ്മിച്ച ഒരു കലാകാരനെ അപഗ്രഥിക്കാൻ ശ്രമിച്ചതിന്‌ രാജശേഖരന്‌ കൊടുക്കേണ്ടുന്ന വില വലുതാണ്‌. 


ബാലചന്ദ്രന്‌ മഹാകവിപ്പട്ടം ചാർത്തിക്കൊടുക്കുക വഴി രാജശേഖരന്‌ അഭിനവദണ്ഡിയാകാൻ കഴിയുകയില്ല. മഹാകാവ്യത്തിന്റെ പഴയ മാനദണ്ഡങ്ങൾ കൊണ്ടാണ്‌ രാജശേഖരൻ ബാലചന്ദ്രന്‌ മാർക്കിട്ടുകൊടുക്കുന്നത്‌. വലിയ കവിത്വത്തിന്റെ പുതിയ വഴിയും പൊരുളുമാണ്‌ ബാലചന്ദ്രന്റേതെന്ന തിരിച്ചറിവ്‌ രാജശേഖരൻ പുലർത്തുന്നില്ല. ഒരു കവി എങ്ങനെ പരിണമിക്കണം, ഒരു ജീവിതം എങ്ങനെ പരിണമിക്കണം എന്നൊന്നും ഭാരതീയർക്ക്‌ ആരും പറഞ്ഞുതരേണ്ട കാര്യമില്ല. ബാലചന്ദ്രൻ കുപിതയൗവ്വനത്തിൽ നിന്നും അഭാവത്തിലേക്കും അവാച്യതയിലേക്കും വരുമ്പോഴും കവിയുടെ പൂർവ്വനിലപാടിന്റെ സ്വാഭാവികപരിണാമം മാത്രമാണ്‌ സംഭവിക്കുന്നത്‌. രണ്ടുഘട്ടങ്ങളിലും ഒളിഞ്ഞിരിക്കുന്ന ഫലദായകത്വം കാണാതെ പോകരുത്‌.
 
വമ്പൻ കാര്യങ്ങൾ കൊണ്ട്‌ നിറച്ചിട്ടുള്ള ലേഖനമാണെങ്കിലും ചില സൂക്ഷ്മതകൾ ലേഖനത്തിൽ നിന്നും ദൂരെ തെറിച്ചുപോയിട്ടുണ്ട്‌. ലേഖനത്തിന്റെ ശക്തിദൗർബല്യങ്ങൾ ആകെത്തുകയിൽ പറഞ്ഞാൽ ഇതാണ്‌. ചില വൈകല്യങ്ങളുടെ രോഗാണുബാധയും വിമർശനശരീരത്തിൽ അതിക്രമിച്ചു കയറിയിട്ടുള്ളത്‌ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്‌. എന്തായാലും മഹാകവിവംശത്തിലെ അവസാന മഹാകവിയല്ല ബാലചന്ദ്രൻ. മറിച്ച്‌ പുതിയകാലം നിർമ്മിച്ചെടുത്ത വലിയ കവിത്വത്തിനുടമയാണ്‌ ബാലചന്ദ്രൻ. ഈ വ്യവഛേദം ബാലചന്ദ്രനിൽ എങ്ങനെ സാധ്യമായി എന്ന നിലയിലായിരുന്നു ബാലചന്ദ്രൻ കവിതകളുടെ പഠനം മുന്നേറേണ്ടിയിരുന്നത്‌. ആധുനികവും ഉത്തരാധുനികവുമായ ഭാവുകത്വമാണ്‌ അടിസ്ഥാനപരമായി ഈ വ്യവച്ഛേദനത്തിന്‌ പ്രചോദനമായത്‌. ഇതിൽ നിന്ന് ഭിന്നമായി മഹാകവിത്വാഭിലാഷം, ഇതിഹാസാഭിലാഷം എന്നിങ്ങനെയുള്ള കാലഹരണപ്പെട്ടുപോയ സംജ്ഞകളിൽ രാജശേഖരനിലെ വിമർശകൻ അഭിരമിച്ചുപോയി. ഇതാണ്‌ കൃത്യമായും ലേഖനത്തിന്റെ പതനകേന്ദ്രം.


 സ്വർണ്ണപരസ്യക്കാരായ സൂപ്പർസ്റ്റാറുകൾ പി.കെ.ഗോപിയുടെ കവിത അടിയന്തിരമായി വായിക്കുക.

(യാന്ത്രികം - മാധ്യമം ആഴ്ചപ്പതിപ്പ്‌ സെപ്റ്റംബർ 5 2011)


"ആണിനും പെണ്ണിനുമിടയിൽ
കരൾപ്പാലമല്ലാതെ
കനകപ്പാലങ്ങൾ കെട്ടരുത്‌"
എത്ര ശക്തമായ താക്കീത്‌.



 കെ.എം.മാണി


കെ.എം.മാണി


കെ.എം.മാണിയുടേതായ ഒരു ഉദ്ധരണി ജനശക്തിയിൽ 2011 ജൂൺ (11-17) കണ്ടത്‌ ഇപ്പോഴും ഓർക്കുന്നു. 'വി.എസ്‌.അച്യുതാനന്ദന്റെ നടപ്പും ഭാവവും സൂചിപ്പിക്കുന്നത്‌ ഇപ്പോഴും അദ്ദേഹം കേരളത്തിന്റെ ഭരണാധികാരിയാണെന്ന രീതിയിലാണ്‌'.
കേരള നിയമസഭയിലെ എം.എൽ.എ യും പ്രതിപക്ഷനേതാവുമായ വി.എസ്‌.അച്യുതാനന്ദന്‌ കേരളഭരണത്തിൽ പങ്കില്ലെന്നാണോ കെ.എം.മാണി കരുതുന്നത്‌ ? പരിണതപ്രജ്ഞനും ഭരണഘടനാ വിദഗ്ദനുമായ കെ.എം.മാണി ങ്ങനെ പറയരുതായിരുന്നു. കഷ്ടം.

 ആധുനികോത്തരജീവിതം

എം.സി.പോൾ, ജനശക്തി 2011 ജൂലൈ 16-22


ഞാനിന്നു ഷോക്കേസിലെ
പാവതൻ പടുജന്മം
ശൂന്യമേയകം, പുറം-
കോമളം വശ്യം ഭദ്രം!

കാമ്പ്‌ നഷ്ടപ്പെട്ടുപോയ ആധുനികോത്തര ജീവിതത്തെയാണ്‌ വാക്കുകൾ കൊണ്ടെടുത്ത ഫോട്ടോയിലൂടെ എം.സി.പോൾ ഇവിടെ പ്രദർശനത്തിനു വെച്ചിരിക്കുന്നത്‌. കവിത വാക്കുകളുടെ ഫോട്ടോ ആയിരിക്കെത്തന്നെ അതിനപ്പുറം സഞ്ചരിക്കാൻ കഴിയുന്നത്‌, വാക്കുകളുടെ എല്ലാ ഇരുട്ടിനെയും ഭേദിച്ചുപോകാൻ കഴിയുന്ന പ്രകാശധ്വനി കൊണ്ടാണ്‌.

 ചലച്ചിത്രം


ജഗദീഷ്‌

മലയാള സിനിമയിൽ അഭിനയത്തിന്റെ ടാലന്റ്‌ താരതമ്യേന കുറവുള്ള നടനാണ്‌ ജഗദീഷ്‌. പിന്നെ എങ്ങനെ ഈ നടൻ ഇത്രനാൾ മലയാളസിനിമയിൽ പിടിച്ചുനിന്നു എന്നത്‌ ഒരു ചോദ്യചിഹ്നമാണ്‌.


സുരാജ്‌ വെഞ്ഞാറമ്മൂട്‌

ഹാസ്യനടന്മാർക്ക്‌ ഓവർ ആക്ട്‌ ഉണ്ടാവുക സ്വാഭാവികമാണ്‌. ടാലന്റുള്ള ഹാസ്യനടനാണെങ്കിലും വെഞ്ഞാറമ്മൂടിന്റെ ഓവർ ആക്ട്‌ കറക്ട്‌ ചെയ്യപ്പെടേണ്ടതാണ്‌.


 വി.എം.സുധീരൻ


വി.എം.സുധീരൻ

കേരളത്തിലെ കോൺഗ്രസിന്റെ മൂല്യബോധം കെടാതെ കാത്തുസൂക്ഷിക്കുന്ന നേതാവാണ്‌ വി.എം.സുധീരൻ. ഇങ്ങനെയുള്ളവർ രാഷ്ട്രീയജീവിതത്തിൽ പരാജയപ്പെടുമ്പോൾ മൂല്യബോധത്തിന്റെ രാഷ്ട്രീയമാണ്‌ അവിടെ നിലംപരിശാകുന്നത്‌. ഇവിടുത്തെ കോൺഗ്രസ്‌ നേതാക്കളിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനായ വ്യക്തി വി.എം.സുധീരനല്ലാതെ മറ്റാരുമല്ല.




 ജ്ഞാനപ്പാന



ഏതെങ്കിലും തരത്തിൽ ദർശനം ആത്മാവിൽ സ്പർശിച്ചിട്ടുള്ള മനുഷ്യജന്മമേ, സഫലമാകൂ. അവർക്ക്‌ മാത്രമേ എല്ലാ ബന്ധനങ്ങൾക്കുമപ്പുറം, ജീവിതദുരൂഹതകളുടെ ഇരുട്ട്‌ നീങ്ങിക്കിട്ടുകയുള്ളൂ. അവരാണ്‌ യഥാർത്ഥ ഭാഗ്യശാലികൾ. ജ്ഞാനപ്പാനയുടെ സാരസർവ്വസവും ഇതല്ലാതെ മറ്റൊന്നുമല്ല. ബാക്കിയെല്ലാം മൃഗജന്മങ്ങളുടെ അക്കൗണ്ടിലേ വരികയുള്ളൂ. ഇപ്പോൾ ജീവിതം വിജയിപ്പിച്ചവർ എന്ന് അഹങ്കരിച്ച്‌ വിലസുന്നവർ മനസ്സിലാക്കിക്കൊള്ളുക. വിപണി മൗലികവാദങ്ങളുടെ പിന്തുണയോടെ പുതിയകാലം സൃഷ്ടിക്കുന്ന ജ്ഞാനപ്പാനകൾ പൂന്താനം കൊണ്ടുവന്ന ജ്ഞാനപ്പാനയെ ഞെക്കിക്കൊല്ലുന്നതാണ്‌. ഇതാണ്‌ സമകാലീനമായ, ഭീതിദമായ കാഴ്ച! ഈ കാഴ്ചയെ വേർതിരിച്ചു കൊടുക്കുമ്പോഴേ മനുഷ്യർക്ക്‌ പ്രകാശപൂർണ്ണമായ ജീവിതവഴികളുടെ പാത തുറന്നുകിട്ടുകയുള്ളു. 




 ശ്രദ്ധേയമായ ചിന്തകൾ



1. തകഴി എഴുതിയത്‌ സൂക്ഷ്മചരിത്രമാണ്‌. അക്കാദമികവ്യവഹാരങ്ങൾ മറന്നുപോയ പ്രാദേശികയാഥാർത്ഥ്യങ്ങളെയാണ്‌ തകഴി ചരിത്രമാക്കിയത്‌. ആധുനികമായ ലോകവ്യവസ്ഥ, പ്രാദേശിക മണ്ഡലങ്ങളിൽ ഏൽപ്പിച്ച വിള്ളലുകൾ സാമാന്യചരിത്രവിജ്ഞാനത്തിന്റെ  രേഖകൾക്കപ്പുറമാണ്‌. തകഴിക്കാകട്ടെ അതാണ്‌ പ്രാമാണ്യവിഷയം.
(ഡോക്ടർ പി.എസ്‌.രാധാകൃഷ്ണൻ, ഗ്രന്ഥാലോകം 2011 ആഗസ്റ്റ്‌, തകഴിയുടെ ചരിത്രാന്വേഷണ പരീക്ഷകൾ)


2. വാസ്തവത്തിൽ മുതലാളിത്തത്തിന്‌ താളമിടുക മാത്രം ചെയ്യുന്ന പുതുതലമുറ പത്രാധിപക്കുഞ്ഞുങ്ങൾ മാലിന്യക്കുഴിയിൽ പുളച്ചാർക്കുന്ന പന്നികൾ മാത്രമാണെന്ന് പണം കൊടുത്ത്‌ വാരികകൾ വാങ്ങുന്നവർക്കറിയാം. 
(ചെറിയ ചെറിയ കാര്യങ്ങളുടെ വാക്കേറ്‌,എസ്‌.എസ്‌.ശ്രീകുമാർ,ജനശക്തി, 2011 ആഗസ്റ്റ്‌ 13-19)



3. മാർക്സിയൻ സാഹിത്യപരിപാടിയുടെ പന്തലിനോട്‌ ചേർന്ന് ദുർഗ്ഗാപൂജയുടെ പന്തൽ കെട്ടാൻ ബംഗാളിക്ക്‌ കഴിയും. പന്തൽ കെട്ടുന്നതാകട്ടെ സ്ഥലത്തെ പ്രധാന മാർക്സിസ്റ്റുകാരും. 
(മാറി മാറാതെ കൊൽക്കത്ത, ജോഷി ജോസഫ്‌, 2011 ഒക്ടോബർ 30 മലയാളമനോരമ ഞായറാഴ്ച)




 പോരാട്ടസൗന്ദര്യത്തിന്റെ കവിത



ഹനാൻ മിഖായേലിന്റെ (പാലസ്തീൻ) 'തെളിവ്‌' എന്ന കവിത പോരാട്ടത്തിന്റെ രോമാഞ്ചജനകമായ കവിതയാണ്‌. 'യരലവ'യിൽ (ഒക്ടോബർ-ഡിസംബർ 2011) ഉമർ തറമേലാണ്‌ ഈ അറബികവിത വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നത്‌. ഉമർ മലയാളകവിതയ്ക്ക്‌ ചെയ്ത ഉദാത്തമായ സേവനമാണ്‌ ഈ വിവർത്തനം. പോരാട്ടത്തിന്‌ സർഗ്ഗസൗന്ദര്യം കൊടുക്കുന്ന കവിത. അഭിനന്ദനങ്ങൾ. കവിത ഇങ്ങനെ.


ഒഴിഞ്ഞ ചത്വരത്തിൻ മൂലയിൽ
ഒരു തലപ്പാവ്‌ കത്തിയെരിയുന്നു
ഒത്ത കപ്പലുകൾ പെറുക്കി
കീശ നിറയ്ക്കുന്ന ശ്രദ്ധാലുവായ ബാലൻ
അവൻ സൈനിക ടാങ്കുകളെ തുറിച്ചുനോക്കുന്നു
അതെ, അവന്റെ ശവഘോഷയാത്രയിൽ
ഞങ്ങൾക്ക്‌ ഒരുപാട്‌ നാവുകൾ
രക്തസാക്ഷിയുടെ അമ്മേ
ആറാടുകയാമോദത്തിൽ
യുവത്വമേറും നിൻ മുലക്കുഞ്ഞുങ്ങൾ.


ഹെർമൻ ഹെസേയുടെ പെണ്ണിന്റെ ഉദാത്തമായ നാലവസ്ഥകളെക്കുറിച്ചുള്ള ചിന്തയും - ജീനിയസിന്റെ സഹോദരി, വിപ്ലവകാരിയുടെ കാമുകി, ചക്രവർത്തിയുടെ ഭാര്യ, രക്തസാക്ഷിയുടെ അമ്മ - ഇതിനോട്‌ ചേർത്തുനിർത്തി വായിച്ചു. ഒപ്പം വേദപുസ്തകവും.



 നിരൂപണങ്ങളിലെ പുതുനാമ്പുകൾ


ഡോക്ടർ മിനി ആലീസ്‌ മലയാളം വാരികയിലും മറ്റു ചില പ്രസിദ്ധീകരണങ്ങളിലും പുസ്തകനിരൂപണം എഴുതി ശ്രദ്ധനേടിയിട്ടുള്ള നിരൂപകയാണ്‌. ഈ പുസ്തക നിരൂപണങ്ങളിൽ പലതും കൃത്യവുമായിരുന്നു. മാത്രവുമല്ല, ഭാവിയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ചേർക്കുവാൻ യോഗ്യവുമാണ്‌. ഒരു ഫെമിനിസ്റ്റ്‌ ക്രിട്ടിക്‌ എന്ന നിലയിൽ മിനിയുടെ വളർച്ച എല്ലാ മനുഷ്യസ്നേഹികൾക്കും ആഹ്ലാദകരമാണ്‌. പുസ്തകനിരൂപണങ്ങളിൽ ഏറിയ കൂറും അതിൽത്തന്നെ ഒതുങ്ങിപ്പോകുന്നു എന്ന പരിമിതിയുണ്ട്‌. പുതിയ മനുഷ്യാവബോധത്തിന്റെയും വികാസത്തിന്റെയും തെളിമ ഈ നിരൂപക നേടിക്കഴിഞ്ഞു എന്ന് ലേഖനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. എസ്‌.രമേശൻനായരുടെ കവിത വിലയിരുത്തുമ്പോഴും (കവിതയിലെ പിൻവിളികൾ, മലയാളം വാരിക 2006 ജൂലൈ ) എബ്രഹാം മാത്യുവിന്റെ നോവൽ വിലയിരുത്തുമ്പോഴും (വിഷാദം രാപ്പാർക്കുന്ന മനസ്സുകൾ, മലയാളം 1178 കർക്കടകം 2) അതിന്റെ പരിമിതികൾ സൗന്ദര്യബോധത്തോടെ മിനി എടുത്തുയർത്തുന്നുണ്ട്‌. പെണ്ണെഴുത്ത്‌ മാത്രമല്ല തനിക്ക്‌ വഴങ്ങുന്നത്‌ എന്ന് മിനി തെളിയിച്ചിട്ടുണ്ട്‌. ലെസിംഗിന്റെ 'എ ഗ്രാസ്‌ ഈസ്‌ സിംഗിങ്ങ്‌' എന്ന നോവലിന്റെ പഠനവും (അക്ഷരലോകം 2006 ഡിസംബർ) 'കവിതയിലെ പൈതൃകപച്ച' (എൻ.ബി.എസ്‌ ബുള്ളറ്റിൻ മാർച്ച്‌ 2011) അതാണ്‌ ഉദാഹരിക്കുന്നത്‌. പുസ്തകനിരൂപണത്തിന്‌ അപ്പുറം സഞ്ചരിക്കുവാനുള്ള ഊർജ്ജം മിനിക്ക്‌ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്‌. അവിടെയും കരുത്തുനേടാൻ കഴിയും എന്നാണ്‌ 'ഉടലാകെ പൂത്തും ഉലകാകെ നിറഞ്ഞും' (2011 മാർച്ച്‌, ഭാഷാപോഷിണി) എന്ന ലേഖനം വായനക്കാരെ അറിയിക്കുന്നത്‌. നിരൂപണത്തിന്റെ സാമൂഹിക പരിപ്രേക്ഷ്യനിഷ്ഠമായ നിലപാട്‌ നേടിക്കഴിഞ്ഞ മിനി സ്വയം ജീവൻ എപ്പോഴും നിലനിർത്താൻ കഴിയുന്ന ഒരു നിരൂപണഭാഷയും വഴക്കിയെടുത്തിട്ടുണ്ട്‌. ലേഖനങ്ങളിൽ നെടുകയും കുറുകയും ഓടുകയും പുറത്തിറങ്ങുകയും അകത്തുകയറുകയും ചെയ്യേണ്ടുന്ന ഒരു ടാലന്റ്‌ ഇനി ജീവൻ വയ്പ്പിച്ചെടുക്കാൻ ഈ നിരൂപകയ്ക്ക്‌ കഴിയണം. 

ഡോ.മിനി ആലീസ്‌


ഫെമിനിസത്തെക്കുറിച്ച്‌ മലയാളത്തിലെ എല്ലാ എഴുത്തുകാർക്കുമുള്ള കാഴ്ചപ്പാടിന്റെ തെളിമയില്ലായ്മയും ലക്ഷ്യമില്ലായ്മയും പ്രേതം പോലെ മിനിയെയും വല്ലാണ്ട്‌ ബാധിച്ചിട്ടുണ്ട്‌. പ്രണയത്തിന്റെയും രതിയുടെയും ആഘോഷങ്ങളുടെ തടവറയിൽ മാത്രമാണ്‌ ഇവർ. ആണ്മയെ ശത്രുപക്ഷത്തിൽ അകറ്റി രസിക്കുന്ന ലീലാലോലുപതയിൽ ഇവരെല്ലാം ഒരുപോലെ പങ്കുപറ്റുന്നു. സ്ത്രീപുരുഷ തുല്യതയുടെ ഉദാത്തമായ പാഠങ്ങളിലേക്കും പവിത്രമായ ജീവിതലക്ഷ്യത്തിലേക്കും ഉള്ള ഉയർച്ച ഫെമിനിസ്റ്റ്‌ ചിന്ത ഇനിയും നേടിയിട്ടില്ല. ശ്രദ്ധിച്ചു വായിച്ചു പോയാൽ ഭാരതീയദർശനങ്ങളിൽ തന്നെ ഇവർക്ക്‌ ഇത്‌ കണ്ടുമുട്ടാവുന്നതേയുള്ളൂ. പാശ്ചാത്യപ്രേമം മിനി ഉൾപ്പെടെയുള്ളവരെ വഴി തെറ്റിക്കുന്നുണ്ട്‌. പ്രണയത്തിലും ലൈംഗികതയിലും പെണ്ണു നേടേണ്ടുന്ന സ്വാതന്ത്ര്യം അപ്പോഴും അനിഷേധ്യമാണ്‌. പുസ്തകനിരൂപണത്തിന്റെ തടവറയിൽ നിന്ന് പുറത്തുവന്നാൽ നിരൂപണത്തിന്റെ രാജപാതയിൽ ഒരുപാട്‌ ഓടിക്കയറുവാൻ ഈ നിരൂപകയ്ക്ക്‌ കഴിയും.


 മാധ്യമം ആഴ്ചപ്പതിപ്പ്‌



അനുഭവങ്ങളും അഭിമുഖങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌ മാധ്യമം ആഴ്ചപ്പതിപ്പ്‌, 2011 സെപ്റ്റംബർ 12 ലക്കം. കഥയും ഒരു നോവലിന്റെ അവസാന അധ്യായവും ഏതാനും കവിതകളും ഈ ലക്കത്തിൽ ഉണ്ട്‌. ഒരഭിമുഖവും ഒരനുഭവക്കുറിപ്പും തീർച്ചയായും ഈ ലക്കത്തിൽ നിന്ന് ഒഴിവാക്കാമായിരുന്നു. ഒരാഴ്ചയിൽ അനവധി വാരികകളും മറ്റ്‌ ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുന്നവരെ ശിക്ഷിക്കാതിരിക്കാൻ മാധ്യമം ആഴ്ചപ്പതിപ്പ്‌ ശ്രദ്ധിക്കണം. അനുഭവക്കുറിപ്പുകൾക്കും അഭിമുഖത്തിനും നല്ല മാർക്കറ്റുണ്ട്‌ എന്ന് മാധ്യമത്തിന്‌ പറഞ്ഞുതരേണ്ടതില്ലല്ലോ / ഇതിന്‌ ഇപ്പോൾ നല്ല വിൽപനമൂല്യമുണ്ട്‌. കാറ്റുള്ളപ്പോൾ തൂറ്റുക !




 ചിന്ത



കഴിഞ്ഞ രണ്ടു വർഷം കൊണ്ട്‌ ഇന്ത്യയിലെ ബില്യനർമാരുടെ എണ്ണം (അമേരിക്കൻ ഡോളറിൽ) 26 ൽ നിന്ന് 52 ആയി ഉയർന്നു. ഇപ്പോൾ 69 ആണ്‌. അവരുടെ മൊത്തം ആഭ്യന്തര ആസ്തി മൊത്തം ആഭ്യന്തര ഉപ്പാദനത്തിന്റെ (ജി.ഡി.പി) മൂന്നിലൊന്ന് വരും. അതേസമയം, നമ്മുടെ ജനസംഖ്യയുടെ 77 ശതമാനം (80 കോടി) പ്രതിദിനം 20 രൂപയിൽ താഴെ വരുമാനം കൊണ്ടാണ്‌ ജീവിക്കുന്നത്‌. സീതാറാം യെച്ചൂരിയെപ്പോലുള്ളവർ നിരന്തരം പറയുന്ന കാര്യമാണിത്‌. അവർ പറയുന്നത്‌ തികച്ചും ശരിയാണ്‌. ഉയർന്ന സാമൂഹിക ഉത്തരവാദിത്വത്തോടെയാണ്‌ പറയുന്നതും.

ഇന്ത്യയിൽ ഇടതുപക്ഷത്തിന്‌ ഇടിച്ചുകയറി വളരുവാൻ ഇതിൽപ്പരം സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ- സാംസ്കാരിക സാഹചര്യം വേറേ എന്താണുള്ളത്‌? ഇടതുപക്ഷം കൂടുതൽ ഐക്യപ്പെട്ട്‌ നേതാക്കന്മാർ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇക്കര്യത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട കാലം എത്രയോ അതിക്രമിച്ചിരിക്കുന്നു. ഇത്‌ ചെയ്യാത്താണ്‌ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പാപ്പരത്തത്തിന്റെ അടിസ്ഥാനം.




 ചാത്തന്നൂർ മോഹനന്റെ കവിത



പുതിയ കാലത്തിന്റെ വ്യാജതയെ അതിസുന്ദരമായി, അതിശക്തമായി ചാത്തന്നൂർ മോഹനൻ എഴുതിക്കാണിച്ചപ്പോൾ വായിച്ചിരുന്നുപോയി. അഭിനന്ദനങ്ങൾ. കവിതകൂടി വായിച്ചുകൊള്ളുക.


സത്യപ്രസ്താവനകളുടെ
മജ്ജയിലൂടെ
വ്യാജസന്ദേശങ്ങളുടെ
കത്തി ആഴ്‌ന്നിറങ്ങുമ്പോൾ
മാർജ്ജാരസംഘങ്ങൾ
പമ്മിപ്പമ്മിവന്ന്
ഭുർജ പത്രത്തിലെ
ചോരത്തുള്ളികൾ
നക്കിക്കുടിക്കുന്നു.
തെരുവിലലയുന്ന പട്ടിയുടെ
വായിലകപ്പെട്ട എല്ലിൻകഷ്ണം
പിടിച്ചുവാങ്ങി കഴുകിത്തുടച്ച്‌
പുത്തൻകാലത്തിന്റെ
തീൻമേശയിൽ
റോസ്റ്റ്‌ ചെയ്തുവെക്കുമ്പോൾ
ബലേഭേഷ്‌ വിളികളുടെ
ആരവം അടക്കുന്നില്ല.
(മാധ്യമം സെപ്റ്റംബർ 12,2011 )




 എം.കെ.സാനു


എം.കെ.സാനു


ഇന്ന് കേരളീയർ ഏറ്റവും അധികം ബഹുമാനിക്കേണ്ട ചില വ്യക്തികളിൽ ഒരാളാണ്‌ എം.കെ.സാനുമാഷ്‌. നമ്മുടെ വിദ്യാർത്ഥികളും കേരളീയ യുവത്വവും ഇത്‌ നല്ലതുപോലെ തിരിച്ചറിയണം. തിരിച്ചറിയാതെ പോകുമ്പോൾ ഈ രണ്ടു വിഭാഗങ്ങളും അവരുടെ വമ്പൻ പരാജയം ലോകത്തോട്‌ വിളിച്ചുപറയുകയാണ്‌. ഈ അടുത്ത സമയത്തുതന്നെ എം.കെ.സാനുമാഷ്‌ എഴുതുകയുണ്ടായി (ദേശാഭിമാനി പത്രം,വാരാന്ത്യം). ഇന്ന് നമുക്ക്‌ ജാതികളും മതങ്ങളുമേയുള്ളൂ, മനുഷ്യരില്ല എന്ന്. ജാതീയമായും മതപരമായും മാത്രം ജനങ്ങളെ സംഘടിപ്പിക്കുന്ന ശക്തികൾ എം.കെ.സാനുമാഷിന്റെ ഈ ചിന്ത വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം. 


 മനുഷ്യവിസർജ്ജ്യം- ഹൈക്കോടതി ഉത്തരവ്‌ അഭിനന്ദനീയം




ട്രെയിനിന്റെ ടോയ്‌ലറ്റിൽ നിന്നുള്ള മനുഷ്യവിസർജ്ജ്യം നേരിട്ടു റെയിൽവേ ട്രാക്കിലേക്കും തുറസ്സായ പരിസരങ്ങളിലേക്കും തള്ളുന്നത്‌ അതീവഗുരുതര പ്രശ്നമാകുമെന്നുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണവും തുടർനടപടികൾക്കായുള്ള ശ്രമവും ഏറെ അഭിനന്ദനീയമാണ്‌. ജസ്റ്റിസ്‌ സി.എൻ.രാമചന്ദ്രൻനായർ, ജസ്റ്റിസ്‌ പി.എസ്‌.ഗോപിനാഥ്‌ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതായിരുന്നു ഉത്തരവ്‌. ഈ ഉത്തരവ്‌ നേടുന്നതിനു മുന്നിട്ടിറങ്ങിയ സ്വദേശി ഡോ.ജോർജ്ജ്‌ ജോസഫ്‌ ഏറെ ആദരവ്‌ അർഹിക്കുന്നു. സത്യത്തിൽ ഏകദേശം കാൽനൂറ്റാണ്ടിനു മുമ്പെങ്കിലും ഇതവസാനിപ്പിക്കേണ്ടതായിരുന്നു !

സ്വാതന്ത്ര്യം കിട്ടി 60ൽ പരം വർഷമായിട്ടും പലകാര്യങ്ങളിലും ഇന്ത്യക്കാർ പ്രാകൃതരായി കഴിയുന്നതോർത്ത്‌ കടുത്ത നിരാശ തോന്നാറുണ്ട്‌. സോഷ്യലിസം എന്ന മഹത്തായ ആശയത്തിന്റെ ശത്രുക്കളും അഴിമതിക്കാരുമായ ഇന്ത്യയുടെ ഭരണം കയ്യാളിയവർ, രാഷ്ട്രീയക്കാർ എന്നിവർ വിഭവസമൃദ്ധമായ നമ്മുടെ രാജ്യത്തെ പന്താടുകയായിരുന്നു കഷ്ടം !




 ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ - മാതാപിതാക്കളേ ഇനിയെങ്കിലും ഉണരുക !




അപകോളനീകരണത്തിന്റെ (de-colonization) ഇന്നത്തെ ലോകസാഹചര്യങ്ങളിലും നമ്മുടെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ യാതൊരു ഉളുപ്പുമില്ലാതെ കൊളോണിയൽ നിലപാടിൽ ആണ്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌. ഇതൊരു വലിയ തെറ്റായ ആശയമാണെന്ന കാഴ്ചപ്പാടില്ലാതെയാണ്‌ ഭരണകൂടവും പൊതുസമൂഹവും ഇതിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്‌. വിദ്യാഭ്യാസം കച്ചവടമാകുന്നിടത്തു തന്നെ തിന്മ ആരംഭിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഒരുപോലെ ചൂഷണത്തിന്‌ വിധേയമാകുകയാണിവിടെ. ഒരു വിദേശഭാഷ വിദ്യാഭ്യാസ മാധ്യമമാകുന്നതു തന്നെ വലിയ തെറ്റ്‌. മലയാളഭാഷയും സംസ്കാരവും കൊല്ലാക്കൊല ചെയ്യപ്പെടുന്നു എന്നതാണ്‌ ഇവിടുത്തെ ഏറ്റവും ഭീകരമായ തെറ്റ്‌. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾ ഇതേ തരത്തിലുള്ള വിദ്യാഭ്യാസം തുടർന്നാൽ, സ്വത്വത്തകർച്ച അവരെ വല്ലാതെ ബാധിക്കും. ചരിത്രബോധം, രാഷ്ട്രീയബോധം, സാമൂഹികബോധം തുടങ്ങിയ തിളങ്ങുന്ന ഗുണങ്ങൾ -അവരെ മികച്ച പൗരന്മാരാക്കുന്ന- അവർക്ക്‌ നഷ്ടപ്പെടും. സ്വാർത്ഥരും മനോരോഗികളുമായ പൗരന്മാരെ പടച്ചുവിടുന്ന ഇടങ്ങളായി ഇതു മാറും. മലയാളിയുടെ മക്കളോടുള്ള ലാളനയെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ നന്നായി മുതലെടുക്കുന്നുണ്ട്‌. എത്രകാലമായുള്ള ചാകര ! 

മലയാളവും മലയാളം പഠിപ്പിക്കുന്ന അധ്യാപകരും ഇവിടെ പീഡിതരായിത്തീരുന്നു എന്ന വാർത്ത പരക്കെ ഉണ്ട്‌. ഭരണകൂടം അടിയന്തിരമായി ഇടപെടേണ്ട വിദ്യാഭ്യാസ- സാംസ്കാരിക സാഹചര്യമാണിത്‌. പുരോഗമന വിദ്യാർത്ഥി സംഘടനകളെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടുക ! നമ്മുടെ സംസ്കാരം പ്രതിസന്ധിയിലാവുകയാണ്‌ !! നമ്മുടെ സ്വാതന്ത്യവും ജനാധിപത്യവും ആത്യന്തികമായി അപകടത്തിലാവുകയാണ്‌ !!!




 കാഴ്ചയ്ക്കപ്പുറം 

ജനശക്തി, അനിൽ വള്ളിക്കോട്‌



ജനശക്തി വാരികയിൽ വരുന്ന ശ്രദ്ധേയമായ ഒരു കോളമാണ്‌ അനിൽ വള്ളിക്കോടിന്റെ 'കാഴ്ചയ്ക്കപ്പുറം'. ഉപഹാസം അതിൽ തിളച്ചുമറിയുന്നുണ്ട്‌. നമ്മുടെ പൊതുവ്യവഹാര മണ്ഡലത്തിലെ നെറികേടുകൾക്കു നേരേ ഉപഹാസത്തിന്റെ അമ്പുകൾ തൊടുത്തുവിടുകയാണ്‌ അദ്ദേഹം. ഔഷധം പുരട്ടിയ അമ്പുകളാണിത്‌. തീർച്ച. മലയാളത്തിന്‌ പൈതൃകമായി കിട്ടിയ ഹാസ്യബോധമാണ്‌ അനിലിൽ പ്രവർത്തനക്ഷമമായി വരുന്നത്‌. ഇദ്ദേഹം കഥയെഴുത്തുകാരനും കൂടിയാണ്‌. ഈ ടാലന്റ്‌, അനിലിന്റെ ആക്ഷേപഹാസ്യാഖ്യാനത്തിന്‌ സജീവത കൊടുക്കുന്നു. ഹാസ്യോപാഖ്യാനത്തിന്‌ വഴങ്ങുന്ന ഒരു ഭാഷ അനിലിന്‌ സ്വന്തമായിക്കഴിഞ്ഞു. തികച്ചും പ്രാദേശികമായ പല വാക്കുകളും ഹാസ്യത്തിനു വേണ്ടി അനിൽ കരുതി വെയ്ക്കുന്നുണ്ട്‌. അതിനിയും ശക്തമാക്കാവുന്നതാണ്‌. ആഖ്യാനം സ്വയം ആക്ഷേപഹാസ്യത്തിന്റെ അമിട്ടുകൾ പൊട്ടിച്ച്‌ നീങ്ങിക്കൊണ്ടിരിക്കുന്നു, 'കാഴ്ചയ്ക്കപ്പുറം'. 

അനിൽ വള്ളിക്കോട്‌


സാമൂഹിക-സാംസ്കാരിക - ചലച്ചിത്ര - രാഷ്ട്രീയ മാധ്യമസംഭവങ്ങളെ സൂക്ഷ്മതയോടെ വിലയിരുത്തി ഉപഹാസത്തിന്റെ ചാട്ടവാറടികൾ നടത്തിക്കൊണ്ടിരിക്കുന്ന അനിൽ, അതിനാൽത്തന്നെ മികച്ച ചികിത്സകനായിത്തീരുന്നു. കേരളത്തിലെ പ്രമുഖരായ പലരുടെയും നർമ്മം സൃഷ്ടിക്കുന്ന കോളങ്ങളോട്‌ മത്സരിക്കാൻ ആരോഗ്യകരമായ കെൽപ്പ്‌ 'കാഴ്ച്ചയ്ക്കപ്പുറ'ത്തിനുണ്ട്‌. വാക്കുകളുടെ പല ഘടനകളെ കൂട്ടിമുട്ടിച്ച്‌ ഹാസ്യത്തിന്റെ സ്ഫോടനം സൃഷ്ടിക്കുന്ന തന്ത്രം അനിൽ കൂടുതൽ ശക്തമാക്കണം. സറ്റയറിക്‌ ജേണലിസത്തിനായി നിർമ്മിച്ചെടുക്കുന്ന ഭാഷയാണ്‌ ഈ കോളത്തിന്‌ ജീവൻ വെയ്പ്പിക്കുന്നത്‌.
അശ്ലീലവൽക്കരണമാണല്ലോ നമ്മുടെ യുവത്വത്തെ തളച്ചിടാൻ മുതലാളിത്തമിറക്കി ക്കൊണ്ടിരിക്കുന്ന തുറുപ്പുശീട്ട്‌. അതു മനസ്സിലാക്കിക്കൊണ്ടാണ്‌ 'കാഴ്ചക്കപ്പുറ'ത്തിൽ തന്റെ ഉപഹാസത്തിന്റെ ചാട്ടുളിയുടെ മുനയ്ക്ക്‌ അനിൽ മൂർച്ചകൂട്ടുന്നത്‌. "സ്ലോട്ടർ ഹൗസുകൾ മറച്ചുവേണം ഇറച്ചിവിൽക്കാനെന്ന ഹൈക്കോടതിയുടെ ഉത്തരവുള്ളതു പോലെ സ്റ്റേജ്‌ ഷോയിലെ മാംസവ്യാപാരത്തിനെതിരെ ഒരുത്തരവുണ്ടാകാൻ വഴിയില്ല. കാരണം തുണിക്കഷ്ണവും ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ്‌" (2011 മെയ്‌ 7-11 ). 

കുലീനത കൈവിടാത്ത ആക്ഷേപഹാസ്യമായിരിക്കും നിലനിൽപ്പ്‌ നേടാൻ പോകുന്നത്‌ എന്ന ഓർമ്മയിൽ അനിൽ 'കാഴ്ചയ്ക്കപ്പുറം' കൂടുതൽ കൂടുതൽ ശക്തമാക്കുക, സുന്ദരമാക്കുക.




 ടൊമാസ്‌ ട്രോൺസ്ട്രോമർ അതു നേടി !


ട്രോൺസ്ട്രോമർ



ഈ വർഷത്തെ നൊബേൽ സാഹിത്യ പുരസ്കാരം ട്രോൺസ്ട്രോമർക്ക്‌ തന്നെ ലഭിച്ചു. അഡോണിസ്‌ എന്ന അറബികവി ഉൾപ്പെടെ പലർക്കും നൊബേൽ ലഭിക്കുമെന്ന് വിചാരിച്ചിരുന്നു. ട്രോൺസ്ട്രോമർ കവിതകളെ 'സ്വപ്നങ്ങളിലെ പാരച്യൂട്ട്‌ ഇറക്കം' എന്നാണ്‌ ഡോ.ജി.ബാലമോഹനൻ തമ്പി വിശേഷിപ്പിച്ചിരിക്കുന്നത്‌ (സംഘം മാസിക ഒക്ടോബർ 2011 ). അയ്യപ്പപണിക്കർ, സച്ചിദാനന്ദൻ തുടങ്ങിയവർ മൊഴിമാറ്റങ്ങളിലൂടെ ഇദ്ദേഹത്തെ മലയാളിക്ക്‌ നേരത്തെ തന്നെ പരിചയപ്പെടുത്തി തന്നിരുന്നു. ട്രോൺസ്ട്രോമറുടെ ഒരു കവിത വിവർത്തനം ചെയ്തത്‌ താഴെ ചേർക്കുന്നു.

മരണാനന്തരം
പണ്ടൊരിക്കൽ ഒന്ന് ഷോക്കടിച്ചതാണ്‌
മിന്നിച്ചിന്നും വാലൻ താരത്തിന്റെ
നീളൻ വാൽ പോലെ അതിന്റെ
അവശേഷിപ്പ്‌ .....

അതിപ്പോഴും ഉള്ളിലുണ്ട്‌
ടെലിവിഷൻ കാഴ്ചയെ
മൂടൽമഞ്ഞണിയിച്ചും
ടെലിഫോൺ വള്ളിയിലെ
മഞ്ഞുതുള്ളിയിൽ ചേക്കേറിയും

ശിശിരസൂര്യന്റെ ആകാശത്തിലൂടെ
ഒരാൾക്കിപ്പോഴും പതിയെ പതിയെ പോകാനാകും
ഇലയെണ്ണം കുറഞ്ഞ
കുറ്റിക്കാട്ടിലൂടിപ്പോഴും...


താളുകീറിയെടുത്ത ടെലിഫോൺസൂചിക
ശൈത്യം വിഴുങ്ങിയ പേരുകൾ

ഹൃദയത്തിന്റെ താളം
അനുഭവിക്കുമ്പോൾ
അത്രമേൽ സുഖദായകം.
ചിലപ്പോഴെങ്കിലും നിഴൽ
ശരീരത്തേക്കാൾ നേര്‌
കരിംവ്യാളിരൂപം വരഞ്ഞിട്ടതാം
പടക്കോപ്പണിഞ്ഞിടാതിരിക്കുകിൽ
സമറായ്‌ പോരാളിയും
കാഴ്ചയിൽ വെറും തുച്ഛം...
(മൊഴിമാറ്റം - കാർട്ടൂണിസ്റ്റ്‌ എസ്‌.ജിതേഷ്‌ )

ദർശനത്തിലൂടെ കടന്നുപോകുന്ന ഭാവനയുടെ രശ്മികൾ കൊണ്ടേ ഇങ്ങനെയുള്ള കവിത ഉണ്ടാക്കാൻ കഴിയൂ. ഇവ്വണ്ണമുള്ള പ്രതിഭയാണ്‌ ഇദ്ദേഹത്തെ നൊബേൽ പുരസ്കാരത്തിന്റെ പടികൾ കയറ്റിവിട്ടത്‌. മരണപൂർവ്വതയും മരണവും മരണാനന്തരതയും ഒരു പോലെ കടന്നുവരുന്ന കവിത എഴുതുക വെല്ലുവിളിയാണ്‌. ഇതിനെ എത്ര അയത്നസുന്ദരമായി കവി നേരിട്ടിരിക്കുന്നു ! മരണപൂർവ്വതയും മരണാന്തരതയും തമ്മിലുള്ള ക്ലാഷ്‌ ആണ്‌ ആകെത്തുകയിൽ കവിത.


 കുഞ്ഞിപ്പിഞ്ഞാണം



റെജി മലയാലപ്പുഴയുടെ കുട്ടിക്കവിതകളുടെ (26 എണ്ണം) സമാഹാരമാണ്‌ കുഞ്ഞിപ്പിഞ്ഞാണം. പത്തനംതിട്ട ഒരുമ സാഹിതിയാണ്‌ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. നാം ഇന്ന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട വിഭാഗമാണ്‌ കുട്ടികൾ. പുതിയ കാലത്തിന്റെ തിന്മകൾക്കൊപ്പം വളർത്തിയെടുക്കുകയാണ്‌, മാതാപിതാക്കൾ. വേറിട്ടൊരു വഴിയും ചിന്തയും കുട്ടികൾക്ക്‌ കൊടുക്കുവാൻ ന്ന് എത്ര മാതാപിതാക്കൾക്ക്‌ കഴിയുന്നു? ഇവിടെയാണ്‌ കുഞ്ഞിപ്പിഞ്ഞാണം എന്ന കുട്ടിക്കവിതകളുടെ സമാഹാരത്തിന്‌ മാറ്റ്‌ കിട്ടുന്നത്‌. എല്ലാവരും കൂടി ജീവിതം കുട്ടിച്ചോറാക്കുന്ന സമകാലീനതയിൽ ചെറുചിന്തകളിലൂടെ/ കവിതാരസികതയിലൂടെ കുട്ടികളെ നന്മയുടെ വേറിട്ട വഴികളിലേക്ക്‌ റെജി വകഞ്ഞുമാറ്റിക്കൊണ്ടുപോകുന്ന ചേതോഹാരിതയാണ്‌ ഈ ചെറുപുസ്തകത്തിന്റെ ഏറ്റവും വലിയ സാമൂഹികമൂല്യം. ഇത്‌ അവതാരികയിൽ പ്രൊഫ.ടോണി മാത്യു നിരീക്ഷിച്ചെടുത്തിട്ടുണ്ട്‌. 


റെജി മലയാലപ്പുഴ


'മൊട്ടത്തലയൻ കുട്ടാപ്പി'യുടെ കഥ എട്ടാംകട്ടയിൽ പാടി രസിക്കാവുന്നതാണ്‌. ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടം മൊബൈൽ ഫോണാണെന്ന സത്യം പാവയുടെ സ്വപ്നത്തിലൂടെ പറഞ്ഞുവെക്കുന്നത്‌ ചിന്തോദ്ദീപകമായിരിക്കുന്നു. 'സൂചി' കടങ്കഥക്കവിതയാണ്‌. കുട്ടികളെ അത്‌ ആകാംക്ഷാഭരിതരാക്കും. സാമൂഹികബോധം വളർത്താനുപകരിക്കുന്ന കവിതയാണ്‌ 'മാത്തച്ചൻ'. നാണ്യവിള മാത്രം പോരാ ഭക്ഷ്യവിളയും വേണമെന്ന ആശയമാണ്‌ അതിലുള്ളത്‌. നാനാപ്രകാരേണ കുഞ്ഞുങ്ങളുടെ മനസ്സ്‌ വഷളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ കുഞ്ഞിപ്പിഞ്ഞാണം പോലുള്ള കുട്ടിക്കവിതകൾ വാങ്ങി കുട്ടികൾക്ക്‌ കൊടുക്കുകയും അവരെക്കൊണ്ട്‌ വായിപ്പിക്കുകയും ചെയ്താൽ മാതാപിതാക്കൾക്ക്‌ ഇതിൽപ്പരം ഒരു നന്മ ചെയ്യാനാവുകയില്ല. കാലത്തിന്റെ കലക്കത്തിൽ അലിഞ്ഞുപോകാതെ വേറിട്ട നിലപാടിൽ ജീവിതം സൗന്ദര്യമയമാക്കിക്കൊണ്ടിരിക്കുന്ന ഈ ചെറുപ്പക്കാരന്റെ സംസ്കാരത്തെ എപ്പോഴും അഭിവാദ്യം ചെയ്യുന്നു.



 കർഷകശ്രീ



മലയാളമനോരമയുടെ എല്ലാ പ്രസിദ്ധീകരണങ്ങൾക്കും വാലുണ്ട്‌. വാല്‌ ഒട്ടിച്ചുവെച്ചാണ്‌ ഞങ്ങളിതൊക്കെ വായിക്കുന്നത്‌. ദയവു ചെയ്ത്‌ പണം പിടുങ്ങുവാനുള്ള ശ്രമത്തിനിടയിൽ വായനക്കാരെ ശല്യപ്പെടുത്തരുത്‌. കർഷകർക്ക്‌ പ്രയോജനകരമായ ഒരുപാട്‌ വിവരങ്ങളാൽ കർഷകശ്രീ എപ്പോഴും സമ്പന്നമാകാറുണ്ട്‌. കർഷകരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കു കൂടി കർഷകശ്രീയിൽ ഇടമുണ്ടാകണം. കർഷക ആത്മഹത്യ (2.5 ലക്ഷം കർഷകർ ആത്മഹത്യ ചെയ്ത നാടാണ്‌ നമ്മുടേത്‌) നടക്കുന്നതിന്റെ പിന്നിലുള്ള സാമ്പത്തിക - രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി അച്ചടിച്ചു വിടാൻ കർഷകശ്രീ ശ്രമിക്കണം. അപ്പോഴേ ഈ പ്രസിദ്ധീകരണം കർഷകശ്രീ എന്ന പേരിന്‌ അർഹമായിത്തീരുകയുള്ളൂ.



 ചാനലുകളിലെ സ്ത്രീകർതൃത്വം



ങ്‌കമാർക്ക്‌ നമ്മുടെ ചാനലുകളിൽ നല്ല സാന്നിധ്യമുണ്ട്‌. പെൺ ങ്‌കമാർ (Anchors) ഉണ്ടാവുന്നത്‌ സ്ത്രീകർതൃത്വചർച്ച തകർക്കുന്ന ഈ കാലയളവിൽ പ്രത്യേകം ചർച്ച ചെയ്യപ്പെടേണ്ടതാണ്‌. 

ഷാനി പ്രഭാകരൻ (മനോരമ) 

ഷാനി പ്രഭാകരൻ തകർക്കുന്നുണ്ട്‌. ഇന്റലിജന്റായ നേതാക്കളോട്‌ വളരെ ഇന്റലിജന്റായ ചോദ്യങ്ങൾ ചോദിക്കുന്നതിനും ചിലപ്പോഴൊക്കെ അവരെ വെട്ടിലാക്കുന്നതിനും ഷാനിക്ക്‌ മിടുക്കുണ്ട്‌. ഊർജ്ജസ്വലയായ ഷാനി അപൂർവ്വം സന്ദർഭങ്ങളിലെങ്കിലും ദുർബലയാകുന്നത്‌ കണ്ടിട്ടുണ്ട്‌. ഭാവവൈവിധ്യമില്ലാത്ത മുഖം ഷാനിക്ക്‌ ഒരു ബാധ്യതയാണ്‌. അതുകൊണ്ട്‌ അത്‌ തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കുക.

വീണാജോർജ്ജ്‌ (ഇന്ത്യാവിഷൻ)

വീണാജോർജ്ജ്‌ ജേണലിസ്റ്റിന്റെ അമിതാധികാരം പ്രയോഗിക്കുന്നുണ്ട്‌ എന്ന് ചില ജേണലിസ്റ്റുകൾ തന്നെ പറഞ്ഞിട്ടുണ്ട്‌. ഓവർ പെർഫോമൻസ്‌ ചിലപ്പോഴൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കിലും ബുദ്ധിമതിയാണ്‌. ഔചിത്യം പാലിക്കാൻ കഴിയുന്ന, അവസരത്തിനൊത്ത്‌ പ്രവർത്തിക്കാൻ കഴിയുന്ന ങ്‌കറാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്‌.

സ്മൃതി പരുത്തിക്കാട്‌ (റിപ്പോർട്ടർ)

കാഴ്ചക്കാരോട്‌ സംസാരിക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങൾപ്പോലും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ജാട സ്മൃതിക്ക്‌ ഒഴിയാബാധയാണ്‌. സ്ത്രീകർതൃത്വത്തിന്റെ കൊടി ഉയർത്തിപ്പിടിച്ച്‌ പെൺ ങ്‌കമാരുടെ നിര ഇനിയും ചാനലുകളിലേക്ക്‌ മാർച്ച്‌ ചെയ്യട്ടെ.....



 എസ്‌.ജോസഫിന്റെ കവിത മങ്ങുന്നു.



ആഖ്യാനം കൊണ്ടും പ്രമേയം കൊണ്ടും എസ്‌.ജോസഫ്‌ കുതിക്കുന്നില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ കവിതയ്ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന സമകാലീനമായ ശാപം. മോഹനകൃഷ്ണൻ കാലടിയുടെ കവിതകൾക്ക്‌ പിണഞ്ഞ അതേ പ്രതിസന്ധി. തിരിച്ചുവരാൻ കഴിയാത്തവണ്ണം മോഹനകൃഷ്ണൻ കാലടിയുടെ കവിതകൾക്ക്‌ സംഭവിച്ച അതേ പതനം എസ്‌.ജോസഫിന്റെ കവിതകളെയും കാത്തിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ്‌ 'പാടം' എന്ന കവിത (മനോരമ വാർഷികപ്പതിപ്പ്‌ 2011). നേരത്തെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള എസ്‌.ജോസഫിന്റെ കവിതകളിലെ നന്മകളെല്ലാം ഈ കവിതയിലും കാണാം. പറഞ്ഞിട്ടുകാര്യമില്ല, മുന്നോട്ടു പോകണ്ടേ ? 

ചില സിനിമാറ്റിക്‌ - ഫോട്ടോഗ്രാഫിക്‌ - ചിത്രങ്ങൾ/വാക്കുകൾ കൊണ്ടു നെയ്ത്‌ ജോസഫിന്റെ കവിത്വം വിശ്രാന്തി കൊള്ളുകയാണ്‌. ഒപ്പം വേഷം മാറി വരുന്ന കാൽപ്പനികതയുടെ (Romanticism in disguise) സമർത്ഥമായ ഉപയോഗവും !

'പാടം' എന്ന കവിതയിലെ ഘ്രാണേന്ദ്രിയനിഷ്ഠമായ ആവിഷ്കാരം - 
'വേർത്ത കച്ചിതൻ മണമുള്ള കാറ്റടിക്കുന്നു
ആർത്തി പൂണ്ടതു മണത്തങ്ങനെ നിന്നുപോയി'



 എം.ജി.യൂണിവേഴ്സിറ്റിക്കും വൈസ്‌ ചാൻസലർ രാജൻ ഗുരുക്കക്കും അഭിനന്ദനങ്ങൾ



എം.ജി.യൂണിവേഴ്സിറ്റിയിലെ ഏത്‌ ഗവേഷണപ്രബന്ധവും മലയാളത്തിൽ എഴുതുവാനുള്ള അനുവാദം കൊടുത്ത എം.ജി.യൂണിവേഴ്സിറ്റി ഏറെ അഭിനന്ദനം അർഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ഉണ്ടായ അപകോളനീകരണ നടപടിയിൽ ഏറ്റവും തിളക്കമുള്ള തീരുമാനമാണിത്‌. ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും ഈ തീരുമാനം നടപ്പിലാക്കണം.


 എന്റെ കവിത തന്നെ എന്റെ ജീവിതവും

പുതുശ്ശേരി രാമചന്ദ്രൻ/ കെ.ബി.ശെൽവമണി, 
ജനയുഗം വാരാന്തം,2011 ഒക്ടോബർ 16 ഞായർ


കവിതയെ ഭാഗികവീക്ഷണത്തിൽ കാണുന്നതിന്റെ തെറ്റ്‌ പുതുശ്ശേരിയെപ്പോലുള്ള വലിയ മനുഷ്യർ ഇപ്പോഴും കാണാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? മനസ്സിലാകുന്നില്ല. ഈയിടെ കെ.ബി.ശെൽവമണി അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖത്തിൽ ഈ തെറ്റ്‌ പുതുശ്ശേരി ആവർത്തിക്കുന്നത്‌ വായിച്ചു. ആലോചിച്ചിരുന്നുപോയി. പുതുശ്ശേരി ഇങ്ങനെയാണ്‌ പറഞ്ഞത്‌:
"ആകാശത്തിലെ നക്ഷത്രങ്ങളും നിലാവും എന്റെ കവിതാവിഷയമല്ല, ഭൂമിയിലെ പൊള്ളുന്ന വെയിലും അതിലെ മനുഷ്യരുമാണ്‌ എന്റെ കവിതയുടെ പ്രമേയം. എന്റെ കവിതയുടെ തൂവാല കൊണ്ട്‌ നിങ്ങളുടെ കണ്ണീരൊപ്പാം എന്നാണ്‌ എന്റെ വിശ്വാസം".
 നിന്ദിതരും പീഢിതരോടും ദരിദ്രരോടുമുള്ള ഒരു കവിയുടെ കമ്മിറ്റ്‌മന്റ്‌. നല്ല ആശയം തന്നെയാണ്‌ എങ്കിലും....

കമ്മ്യൂണിസ്റ്റുകാരുടെ മഹത്വവും പുതുശ്ശേരി ഈ അഭിമുഖത്തിൽ നമുക്ക്‌ പറഞ്ഞുതരുന്നുണ്ട്‌.
"പ്രൊഫ.വി.ഐ.സുബ്രഹ്മണ്യത്തോട്‌ വ്യവസായവകുപ്പു മന്ത്രിക്ക്‌ ഒന്നു കാണണമെന്ന് ഞാൻ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം സ്യൂട്ടും കോട്ടുമിട്ട്‌ മന്ത്രിയെക്കാണാനായി എന്നോടൊപ്പമെത്തി. അപ്പോൾ എൻ.ഇ.ബലറാം ഒരു ബനിയനും കൈലിയും ധരിച്ച്‌ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രൊഫസർ ആകെ അമ്പരന്നുപോയി. അപ്പോൾ ഞാൻ പറഞ്ഞു : പ്രൊഫസർ ഇങ്ങനെയാണ്‌ കമ്മ്യൂണിസ്റ്റുകാർ !"




  ചെന്താമരക്കൊക്കയും മീശ വരച്ചവരും



രണ്ട്‌ കഥകളാണിത്‌. 'ചെന്താമരക്കൊക്ക' (2011 ജൂലൈ 3 കലാകൗമുദി,രവിവർമ്മത്തമ്പുരാൻ), 'മീശ വരച്ചവർ' (2011 വാർഷികപ്പതിപ്പ്‌ മലയാള മനോരമ, കരുണാകരൻ)


കരുണാകരൻ

ആദ്യകഥ ഭാവനാത്മകം ആണ്‌. രണ്ടാം കഥ ലിബിയൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഭാവനാത്മക കഥയും. കരുണാകരന്റെ കഥ 'വൻമരങ്ങൾ വീഴുമ്പോൾ' എന്ന കഥയെ അനുസ്മരിപ്പിക്കുന്നു. 'വൻമരങ്ങൾ വീഴുമ്പോൾ' പോലെ തീവ്രതരമായില്ലെങ്കിലും 'മീശ വരച്ചവർ' മനോഹരമായ കഥയായിട്ടുണ്ട്‌. ലിബിയൻ കലാപത്തിന്റെ രൂക്ഷത കഥകൊണ്ട്‌ അനുഭവിപ്പിക്കാൻ കരുണാകരൻ പരാജയപ്പെട്ടു എന്നതാണ്‌, കഥ മൊത്തത്തിൽ ആഘാതകരമായ വായനാനുഭവമായി മാറാതെ പോയതിന്റെ കാരണം. വേറേ ചില ധന്യതകൾ കൊണ്ടാണ്‌ കഥ ആകർഷണീയമായി മാറിയത്‌. സ്നേഹം/ മരണം/ കലാപം/ പ്രണയം എല്ലാം കഥയിലെ സ്പെയിസുകളാണ്‌.

രവിവർമ്മത്തമ്പുരാൻ

രവിവർമ്മത്തമ്പുരാന്റെ കഥ ആഖ്യാനം കൊണ്ടും ക്രാഫ്റ്റ്‌ കൊണ്ടും മലയാള കഥാചരിത്രത്തിൽ ശക്തമായി അടയാളപ്പെടേണ്ട കഥയാണ്‌. കാലത്തെ മുന്നോട്ട്‌ കൊണ്ടുപോയി ഭാവന ചെയ്യുവാനുള്ള അപൂർവ്വതയും വൈഭവവും കഥ പ്രകടിപ്പിക്കുന്നു. കഥയിലെ സംഭവങ്ങളിലെ ചേരുവ അതിശയകരമായ ഭാവനാത്മകതയാണ്‌. ഭൂമിയിലെ ജീവിതത്തെയും ചന്ദ്രനിലെ ജീവിതത്തെയും കഥ കൊണ്ട്‌ ബന്ധിപ്പിച്ച ഈ കഥ ചിലപ്പോൾ നൂറുകണക്കിനു വർഷങ്ങൾക്ക്‌ ശേഷം സംഭവിക്കാൻ പോകുന്ന പ്രാപഞ്ചിക ജീവിതത്തിന്റെ മാതൃകയുടെ ലോകത്തിലെ ആദ്യ ഫിക്ഷൻ ആയേക്കാം. ചാന്ദ്രയാത്ര യാഥാർത്ഥ്യമാകുന്നതിനു മുമ്പ്‌ അത്‌ ഒരു സാഹിത്യകാരൻ ഫിക്ഷനായി ചെയ്തിരുന്നത്‌ ഓർക്കുക. ആധുനിക സാങ്കേതികവിദ്യയെ റിഫ്ലക്റ്റ്‌ ചെയ്യിക്കുന്ന കഥയുടെ ഭാഷയും ഭാവികാല കഥാവിമർശനം ചർച്ച ചെയ്യേണ്ടിവരും. ആഗോളതാപനം, പരിസ്ഥിതി തകർച്ച, ഭൂമിയുടെ നാശം തുടങ്ങിയ ഭൂമിയെ കാത്തിരിക്കുന്ന ദുർവിധി ഫിക്ഷനാവുകയാണിവിടെ. സാവേജറിയെയും ശാസ്ത്രീയ കുതിച്ചുചാട്ടത്തെയും കഥ ചേർത്തുപിടിക്കുന്നു. ഇത്‌ കഥയ്ക്ക്‌ പല മാനങ്ങൾ കൊടുക്കുന്നു. ബുദ്ധിപരതയുടെയും ഏകതാനതയ്ക്ക്‌ എതിരെയുള്ള കലാപത്തിന്റെയും തുടിപ്പുകൾ രവിവർമ്മയുടെ പല കഥകൾക്കും ഉള്ളതായി നേരത്തേതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്‌. മാതൃഭൂമി പോലുള്ള വാരികകൾ ഈ കഥാകൃത്തിനെ കണ്ടില്ലെന്ന് നടിക്കാനും കള്ളയുറക്കം നടത്താനും ഇനി എത്രനാൾ ശ്രമിക്കും? വരാൻപോകുന്ന കാലത്തിൽ ഭൂമിയിൽ ഉണ്ടാകാൻ പോകുന്ന ജീവിതത്തിന്റെ സ്കെച്ച്‌ അതിശയോക്തിയുടെ പേനകൊണ്ട്‌ കഥാകാരൻ ഇപ്പോഴേ വരച്ചുകഴിഞ്ഞിരിക്കുന്നു.

OO



 PHONE : 9895734218





No comments:

Post a Comment

Leave your comment