കവിത
സി.എൻ.കുമാർ
പലകുറി വീണിട്ടും
നടക്കാൻ പഠിക്കാത്ത
കുട്ടിയെപ്പോൽ
തിരശ്ചീനമായി നിറങ്ങൾ
കോരിയൊഴിച്ച്
ചിത്രം മെനയുന്ന സന്ധ്യയിപ്പൊഴും
കടൽക്കരയിൽ തന്നെയാണിരുപ്പ്.
നഗരത്തിരക്കിൽ
വെള്ളെഴുത്തുകണ്ണടയണിഞ്ഞു
സവാരിയിലാണ്,
ആരോ ഒരാൾ വഴിയരുകിലേക്ക്
വലിച്ചെറിഞ്ഞ സദാചാരത്വം
നിറവയറുമായി
വാർത്തയിൽ ചേക്കേറുന്നു.
ആദിമദ്ധ്യാന്തസൂത്രം ധരിക്കാത്ത
നായ്ക്കൾ ഓരിയിടുന്നതിലെ
അരോചകത്വം കാര്യകാരണങ്ങളോടെ
പരത്തിപ്പറഞ്ഞു വാച്യാതിസാരം പിടിച്ച
ആസ്ഥാനവിദ്വാന്മാർ
പട്ടുംവളയും സ്വപ്നം കണ്ടു
വഴിക്കവലയിലിപ്പോഴും
സുവിശേഷവേലയിലാണ്.
തെരുവിൽ നെഞ്ചുകീറി കാണിക്കുന്ന
പതിതഭാഷണങ്ങളെ ഓട്ടക്കണ്ണിട്ടുപോലും
നോക്കാതെ കടന്നുപോകുന്ന
വരേണ്യപുലയാട്ടുകൾ
തീണ്ടാദൂരം പാലിക്കുമ്പോൾ,
നെഞ്ചുകത്തുന്ന നിലവിളികളായി
പരിണമിക്കുന്നത്
നമ്മുടെ പ്രണയവാക്യങ്ങൾ,
പരിഭവങ്ങൾ,
കൊച്ചുപിണക്കങ്ങൾ,
പ്രതിഷേധങ്ങൾ.
ഇനി ഏതു ഭാഷയാണ്
നമ്മുടെ വാക്കുകൾക്ക്
വർണ്ണചാരുത നൽകുന്നത്?
അർത്ഥശൈഥില്യം വന്ന വാക്കുകൾ
പടുത്തുയർത്തിയ സിംഫണി
കാഴ്ചബംഗ്ലാവിലെ ശീതീകരണിയിൽ
അന്ത്യവിശ്രമത്തിലാണ്.
നമുക്ക് പറയാനുള്ള വാക്കുകളെ
നാടുകടത്തിയ ആഘോഷത്തിമിർപ്പിലാണ്
അരങ്ങുകളൊക്കെയും.
എന്നിട്ടും ഒറ്റപ്പെട്ട ചില്ലക്ഷരങ്ങൾ മാത്രം
എത്തുംപിടിയുമില്ലാത്ത വാക്കുകൾക്കു
പിന്നാലെ പായുകയാണ്
ഇപ്പോഴും...
O
PHONE : 9847517298
Very Good
ReplyDeletethanks Nidheesh
ReplyDeleteC N ! Ishtam....
ReplyDelete