അനുഭവം
ഡോ.മുഞ്ഞിനാട് പത്മകുമാർ
വായനയുടെ ക്ലാസിക് അനുഭവങ്ങൾ
വായിക്കുമ്പോൾ മനസിനും തലച്ചോറിനും സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ബർട്രന്റ് റസൽ ഹൃദ്യമായൊരു മുന്നറിയിപ്പ് നൽകുന്നുണ്ട്. നിങ്ങളുടെ ഇടത്തേ ഹൃദയമാണ് പുസ്തകത്തിലെ ആശയങ്ങളോടും അനുഭവങ്ങളോടും അനുഭാവം പ്രകടിപ്പിക്കുന്നതെങ്കിൽ നിങ്ങൾ ചരിത്രത്തിൽ നിന്ന് പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. എന്നാൽ വലത്തേ ഹൃദയം അതിനു സന്നദ്ധമാകുന്നുവെങ്കിൽ തോക്കിനും വെടിയുണ്ടയ്ക്കുമിടയിലൂടെയാകും നിങ്ങൾ ചരിത്രത്തിലേക്ക് പ്രവേശിക്കുക. ചരിത്രത്തിനൊപ്പം കൂടുക എന്നത് അപകടകരമായ ഒരനുഭവമാണെന്ന് സൂസൻ സൊന്റാഗ് പറയുന്നുണ്ട്. വായനയ്ക്കിടയിൽ വെട്ടിവീഴ്ത്തപ്പെടുകയോ വെടിയേൽക്കുകയോ ആണ് ചെയ്യുന്നതെങ്കിൽ നിങ്ങൾ രക്തസാക്ഷികളുടെ രക്തസാക്ഷിയായിത്തീരുമെന്നാണ് മരണത്തിനു മുൻപ് സാർത്ര് വിളിച്ചു പറഞ്ഞത്.
വായിക്കാനെടുക്കാത്ത പുസ്തകങ്ങൾ പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോലെയാണെന്ന് ഓഷോ പറയുന്നുണ്ട്. ജിദ്ദുവാകട്ടെ, പ്രശാന്തത നിറഞ്ഞ ഒരിടമായി പുസ്തകങ്ങളെ കാണുന്നു. സിമോൺ ദി ബുവ്വയ്ക്ക് പുസ്തകങ്ങൾ ആൺസുഹൃത്തുക്കളായിരുന്നു. ജെയിംസ് ജോയ്സിനു പിതൃതുല്യമായ വാത്സല്യമായിരുന്നു പുസ്തകങ്ങളോടുണ്ടായിരുന്നത്. ദാരിയോ ഫോ പുസ്തകങ്ങളെ മണത്തുനോക്കിയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. സ്റ്റാലിനു പുസ്തകങ്ങളോടു വെറുപ്പായിരുന്നു. ഹെമിംഗ്‌വേ പുസ്തകങ്ങൾക്കിടയിലായിരുന്നു തോക്ക് സൂക്ഷിച്ചു വെച്ചിരുന്നത്. നെരൂദ പുസ്തകങ്ങളെ പ്രണയികളായാണ് കണ്ടിരുന്നത്. സിൽവിയാ പ്ലാത്ത് പുസ്തകങ്ങളില്ലാത്ത കാലത്തെക്കുറിച്ച് ദു:സ്വപ്നങ്ങൾ കണ്ടിരുന്നു.
എന്റെ വായന എല്ലായ്പ്പോഴും ശിഥിലമായിരുന്നു. സ്വപ്നങ്ങൾ പോലെ അതെപ്പോഴുമെന്നെയൊരു കടൽപ്പാലത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോകുമായിരുന്നു. അനന്തമായ കാലം പോലെയാണ് എനിക്ക് പുസ്തകങ്ങൾ അനുഭവപ്പെട്ടത്. അതിനൊരു കടൽപ്പാലത്തിന്റെ വശ്യസൗന്ദര്യമുണ്ടായിരുന്നു. രാമനാഥന്റെ രാഗവിസ്താരം പോലെ അത് ത്രികാലങ്ങളിലേക്ക് ചിറകു വിടർത്തിയിരുന്നു. കുട്ടിക്കാലത്ത് സ്നേഹസേനകൾ കവർന്നു കൊണ്ടുപോയ കടൽത്തിരകളെ ഞാനിപ്പോഴും ഓർമ്മിക്കുന്നു. ആയിരം ചിറകുള്ള കടൽക്കുതിരയെ പോലെയായിരുന്നു തിരകളെത്തിയത്. സ്നേഹസേനകൾക്കൊപ്പം കൂട്ടുകാരനെയും കൂടി തിര കടലിലേക്കു കൊണ്ടുപോയി. കുറേക്കഴിഞ്ഞ് അവനെമാത്രം കടൽ, തിരകളുടെ കൈവശം കരയിലേക്ക് കൊടുത്തുവിട്ടു. അവൻ തീരെ അവശനായിരുന്നു. അവശതകൾക്കിടയിലും അവൻ സ്നേഹസേനകൾ അന്വേഷിക്കുന്നുണ്ടായിരുന്നു. അതു ഞങ്ങൾക്ക് രണ്ടുപേർക്കുമായുണ്ടായിരുന്ന സമ്പാദ്യമായിരുന്നു.
വായനയിലെ ക്ലാസിക് അനുഭവങ്ങൾ, എന്റെ വായനകളുടെ കടൽയാത്രകളാണ്. ഉണർന്നും ഉയർന്നും തളർന്നും പിൻവാങ്ങിയും ഇണങ്ങിയും പിണങ്ങിയും താണ്ടിയ കടൽദൂരങ്ങൾ. ചന്ദ്രിക വാരാന്തത്തിലാണ് ഈ വായനായാത്രകൾ പരമ്പരയായി പ്രത്യക്ഷപ്പെട്ടത്. ശ്രീ.കുഞ്ഞിക്കണ്ണൻ വാണിമേലിന്റെ സ്നേഹനിർബന്ധമായിരുന്നു ഇതിനു പിന്നിൽ. സമുദ്രത്തിൽ ഒഴുകിനടക്കുന്ന ദ്വീപുകൾ പോലെ ഇപ്പോഴും എന്റെ മുന്നിലൂടെ പുസ്തകങ്ങൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അതെന്റെ സ്വപ്നവും അനുഭവവുമാണ്.
O
PHONE : 9447865940
No comments:
Post a Comment
Leave your comment