ചിരിപ്പൊട്ടുകൾ
സോക്രട്ടീസ്.കെ.വാലത്ത്
മിനി വാഷിംഗ് മെഷീൻ
ഒരു രാഷ്ട്രീയപ്പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ നേതൃത്വ പരിശീലനക്യാമ്പ് നടക്കുകയാണ്, തലസ്ഥാനത്ത്. അംഗങ്ങളായി മലയോരത്തു നിന്നുള്ള നാല് തരുണന്മാരുമുണ്ട്. ആദ്യമായി പുറംലോകം കാണുന്നതിന്റെ അമ്പരപ്പിലും അങ്കലാപ്പിലുമാണ് കക്ഷികൾ. പാർട്ടി സമ്മേളനത്തിൽ കൊടി പിടിച്ച് ജയ് വിളിക്കാൻ വേണ്ടി കഷ്ടിച്ച് കോട്ടയം വരെ - അതിനപ്പുറം ജനറൽ നോളെജ് 'നിൽ' !
തമ്പാനൂര് കൂടി ഡബിൾ ഡെക്കർ പോകുന്നത് കണ്ടിട്ട് നടുറോഡിൽ അന്തംവിട്ടു നിന്ന ഇവർക്ക് തുണക്കാരനായി പാർട്ടി യൂണിറ്റ് ഏൽപ്പിച്ചിരുന്നത് അസ്സൽ താപ്പാനയായ ഒരു യൂണിവേഴ്സിറ്റി പ്രോഡക്ടിനെയാണ്. ലവൻ, ഇവന്മാരുടെ പോക്കറ്റിലെ കപ്പയും കുരുമുളകും വിറ്റുണ്ടാക്കിയ കാശിൽ കണ്ണുംനട്ട് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കാൻ സന്നദ്ധനായി മുന്നിൽ നിന്ന് പട നയിച്ചുകൊണ്ടിരിക്കുകയാണ്.
താമസിക്കാൻ ഏർപ്പാടാക്കിയിരുന്ന ഹോട്ടൽമുറിയൊക്കെ കാണിച്ചു കൊടുത്തു. വന്യജീവികളുടെ പിടുത്തം വിട്ടുപോയി. ഡബിൾകോട്ട് കട്ടിൽ, ഫോം ബെഡ്, ഏസി, ആഹാ ! എന്നടാവേ ഇത് ..!
അപ്പോൾ കുളിമുറി കാണാനോടിയ ഒരുവൻ വന്ന് അമ്പരപ്പോടെ താപ്പാനയോട് - "അതിനാത് എന്നാ അടപ്പിട്ട് മൂടി വെച്ചിരിക്കുന്നെ ?"
കേട്ടപാടെ മറ്റു മൂന്നു പുല്ലന്മാരും കുളിമുറിയിലേക്ക് ഓടി. ശരിയാണ്. ഇളം പച്ചനിറത്തിൽ സ്റ്റൂളിന്റെ പൊക്കത്തിൽ ഒരു സാധനം നല്ല മിനുസമുള്ള മൂടിയിട്ട് അടച്ചു വെച്ചിരിക്കുന്നു. മൂടി തുറന്നു നോക്കിയപ്പോൾ ലേശം വെള്ളവും കിടപ്പുണ്ട്.
ഇതെന്നാതിനാ ...?
താപ്പാന ഒന്നു ചിരിച്ചിട്ടു പറഞ്ഞു. " ങ, ഇതാണ് മിനി വാഷിംഗ് മെഷീൻ. പക്ഷെ മുണ്ടും ഷർട്ടും ഒന്നും അലക്കാൻ പറ്റത്തില്ല. അതൊക്കെ താഴെ. ഇത് നമ്മുടെ ജട്ടി അലക്കാനുള്ളതാണ്. ചുമ്മാ ചെറുതാക്കി ചുരുട്ടി ഇതിലിട്ട് ദോ, ആ ബട്ടനെ പിടിച്ചൊന്ന് അമർത്തിയാ അത് നേരെ മെഷീന്റെ അകത്തുപോയി അലക്കി തേച്ച് വടിപോലെയായി താഴെ റിസപ്ഷനിലെത്തും. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ക്യൂവായിട്ട് നിന്ന് കയ്യോടെ മേടിക്കാം."
ഉടനെ യുവരക്തങ്ങൾ നാലും അവരവർക്കുള്ള ഏക അടിവസ്ത്രം ഊരി താപ്പാന പറഞ്ഞപോലെ ചെയ്തു. ബട്ടനും അമർത്തി. നാലു ഉരുപ്പടികളും അന്നനാളത്തിൽ തള്ളി മിശ്യം ആർത്തലച്ച് ചിരിച്ചു.
ഒരു പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും, താപ്പാന പതുങ്ങി പതുങ്ങി വന്ന് ഹോട്ടലിന്റെ മുന്നിൽ നിന്ന് റിസപ്ഷനിലേക്ക് പാളി നോക്കി.
ഊഹം തെറ്റിയില്ല. ഉടുമുണ്ട് മാത്രമുടുത്തു നിൽക്കുന്നതിന്റെ അസ്ക്യതയോടെ യുവത്വങ്ങൾ നാലും അച്ചടക്കമായി ലൈനിൽ തുടരുകയാണ്. അലക്കിതേച്ചത് കയ്യോടെ മേടിക്കാൻ !
താപ്പാന ഓർത്തു; ഇവനൊക്കെ നേതൃത്വം പഠിച്ച് മന്ത്രി ആയാൽ ...?
O
ഹ ഹ ഹാ ...ചിരിപ്പിച്ചു
ReplyDeleteഏതു നൂറ്റാണ്ടിലെ പാര്‍ട്ടിക്കാരാ വാലത്തേ അവര്‍ ....??? :)
ReplyDeleteകാര്യം തമാശയാണെങ്കിലും ഒരു പാട് ചിന്തിക്കാനുണ്ടല്ലോ .....
ReplyDeleteഞങ്ങള്‍ തിരോന്തരംകാരെ വിടത്തില്ല അല്ലെ അപ്പീ.എന്തരോ ആകട്ടെ ,മൊട തന്നെ മൊട
ReplyDeleteഒരു വെരൈട്ടി ആയിട്ടുണ്ട് ......വാലത്ത് പിന്നേം തകർത്തു ...
ReplyDelete