ഉസ്മാൻ മുഹമ്മദ് |
അഞ്ചു ദിവസംകൊണ്ട്, രാമായണകഥ കവിതകളായി എഴുതിത്തീര്‍ക്കുക! അപൂര്‍വമായ ഒരനുഭവമാണത്. സാഹസികമായ ഈ കര്‍മം നിര്‍വഹിച്ചത് ഒരു സ്ത്രീയാണ് എന്നത് അഭിമാനാര്‍ഹമായ ഒരു കാര്യമാണ്. അതും സമൂഹം കീഴാളര്‍ എന്ന് കല്‍പ്പിച്ച ഒരു വിഭാഗത്തിലെ സാധാരണ സ്ത്രീയാണെന്നറിയുമ്പോള്‍ കൗതുകവും അഭിമാനവും വര്‍ധിക്കുന്നു.
പതിനാറാം നൂറ്റാണ്ടിലാണ് ഇത് സംഭവിച്ചത്. ഭാരതത്തിന്റെ ഭൗതിക-സാംസ്കാരിക സാഹചര്യം ഇന്നത്തേതില്‍ നിന്നും എത്രയോ വിഭിന്നമായിരുന്നു! ബൗദ്ധിക കര്‍തൃത്വം ബ്രാഹ്മണര്‍ക്കു മാത്രമുള്ളതാണെന്നു വ്യവസ്ഥപ്പെടുത്തിയിരുന്ന ഒരു കാലഘട്ടം! വരേണ്യവര്‍ഗമേധാവിത്വവും ആധിപത്യവും സാധാരണ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്ന ഒരു അവസ്ഥ! സാമൂഹികമായി കടുത്ത അടിമത്തം അനുഭവിക്കുന്ന കീഴാളവര്‍ഗം. വിദ്യയിലും അക്ഷരത്തിലും അവര്‍ക്ക് അസ്പൃശ്യത കല്‍പിക്കപ്പെട്ടിരുന്നു. ഈ സാമൂഹിക സാഹചര്യത്തിലാണ്, മണ്‍കലം മെനയുന്ന തൊഴിലാളി വര്‍ഗത്തില്‍പ്പെട്ട ഒരു സ്ത്രീ രാമായണം എന്ന ശ്രേഷ്ഠ കഥ, സ്വതന്ത്രമായ രീതിയില്‍ കവിതയായി ആവിഷ്‌ക്കരിക്കുന്നത്.
ഈ സ്ത്രീ
ആരാണെന്നല്ലേ? ഭാരതീയ ഭാഷകളിലൊന്നായ തെലുങ്കിലെ കവയത്രിയായി സാംസ്കാരിക
ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള 'മൊള്ള' (ആടുകുറിമൊള്ള)യാണീ ധിഷണാശാലി.
അവര്‍ രചിച്ച രാമായണം 'മൊള്ള രാമായണം'.
വരേണ്യവര്‍ഗം പൊതുവായും
ബ്രാഹ്മണസമൂഹം പ്രത്യേകിച്ചും ഉയര്‍ത്തിയ ഒരു വെല്ലുവിളി സധീരം
സ്വീകരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥകാരി രാമായണ കാവ്യരചന നടത്തിയത്. സ്വന്തം
ഗ്രാമത്തിന്റെയും ഗ്രാമീണരായ കീഴാളവര്‍ഗത്തിന്റെയും അജ്ഞതയെയും
കഴിവില്ലായ്മയേയും പരിഹസിച്ചുകൊണ്ട് രാജസദസ്സിലെ ഒരു ബൗദ്ധികപ്രമാണി
നടത്തിയ പരാമര്‍ശമാണ് ഈ വനിതയെ ഗ്രന്ഥരചനയ്ക്കു പ്രേരിപ്പിച്ചത്.
വരേണ്യതയെ ധിക്കരിക്കാനുള്ള മനസ്സും അവിടെ നിന്നുണ്ടായതാണ്. ക്ലാസിക്കല്‍
പാരമ്പര്യത്തിനും വൈജ്ഞാനികാധീശത്വത്തിനും മേലാളസമൂഹം പുലര്‍ത്തി വരുന്ന
നിരര്‍ത്ഥകമായ ആചാരാനുഷ്ഠാനങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയാണ് ഈ
വനിത വാളും പരിചയുമെടുത്തത് എന്നത് ഏറ്റവും പ്രധാനപ്പെട്ട വസ്തുതയാണ്.
പതിനാറാം നൂറ്റാണ്ടിന് വേറെയും ചില പ്രത്യേകതകളുണ്ടായിരുന്നു. ഭക്തിപ്രധാനമായിരുന്നല്ലോ അന്നത്തെ സാംസ്കാരികാവസ്ഥ. ഭക്ത്യാധിഷ്ഠിത മാധ്യമങ്ങള്‍ തന്നെയായിരുന്നു ജീവിതത്തിലെ വിവിധമേഖലയെയും പ്രോത്സാഹിപ്പിച്ചിരുന്നത്. ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചു വളര്‍ന്നു വന്ന കലാരൂപങ്ങളും പ്രസ്ഥാനങ്ങളും ജീവിതത്തിനു വഴികാട്ടിയായിരുന്നു. സംഗീതം, നൃത്തം തുടങ്ങിയവയെല്ലാം ഭക്തിസാന്ദ്രമായ പ്രമേയങ്ങളായിരുന്നു ഉള്‍ക്കൊണ്ടിരുന്നത്. ത്യാഗരാജ സ്വാമികളെപ്പോലുള്ള വാഗ്ഗേയകാരന്മാരുടെ സംഗീതരചനകളെല്ലാം ഭക്തി എന്ന വികാരത്തിന്റെ നൂലിഴകളില്‍ കോര്‍ത്തെടുത്തവയായിരുന്നു. രാമായണം പല ഭാഷകളിലും പലരീതിയിലും അക്കാലത്ത് ഉണ്ടായി എന്നതും ഒരു സവിശേഷതയാണ്. കഥയിലും കഥാപാത്രങ്ങളുടെ കാര്യത്തിലും പലവ്യതിയാനങ്ങളും അത്തരം രാമായണങ്ങളില്‍ കാണാനാവും. ആറ് കാണ്ഡങ്ങളിലായി നൂറ്റിമുപ്പത്തെട്ട് ശ്ലോകങ്ങളില്‍ അഞ്ചു ദിവസം കൊണ്ട് രചിച്ച ഈ രാമായണത്തിലും പല പ്രത്യേകതകളും പുതുമകളും ഉണ്ട്.
തെലുങ്കുഭാഷയിലെ
ആദ്യത്തെ എഴുത്തുകാരി, (കവി) എന്ന നിലയില്‍ മൊള്ളയ്ക്ക് ഇന്ത്യന്‍
സാഹിത്യചരിത്രത്തില്‍ അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്. ആ കാലഘട്ടത്തിന്റെ
സാമൂഹിക സവിശേഷതയും സാഹിത്യരചനയിലെ വരേണ്യാധിപത്യവും അപഗ്രഥിച്ചാല്‍ ഒരു
സ്ത്രീക്ക്, വിശേഷിച്ചും കീഴാളവര്‍ഗത്തില്‍ (കുശവര്‍ )പ്പെട്ട ഒരു
സ്ത്രീക്ക് എത്തിപ്പെടാനാവുന്ന ഒരു മേഖലയായിരുന്നില്ല കവിതാരചന. എന്നാല്‍
ധൈഷണിക കുത്തകയ്‌ക്കെതിരെ കവിത കൊണ്ടുപോരാടാന്‍ ഈ സാധാരണക്കാരിയെ
പ്രേരിപ്പിച്ചത് കലം മെനയുന്ന ശില്‍പിയായ അവളുടെ അച്ഛന്‍ തന്നെയായിരുന്നു.
''ഞാന്‍ അദ്ദേഹത്തിന് ദൈവം നല്‍കിയ വരദാനമാണ്'' എന്നവള്‍ വിശ്വസിക്കുന്നു,
അവകാശപ്പെടുന്നു. കവിതയിലൂടെ അത് ഈ കവി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നാം ദലിത് എന്നൊക്കെ പറയുന്ന ഒരു വര്‍ഗത്തില്‍ നിന്നും ഉണ്ടായ ഈ ഉണര്‍വ്
വിപ്ലവകരമായ ഒരു സാമൂഹികമാറ്റത്തിന്റെ നാന്ദികുറിക്കുകയായിരുന്നു.
നൈസര്‍ഗിക സിദ്ധിയാണ് അവളെ കവിയാക്കിയത്. ദൈവികമായ അനുഗ്രഹം കൊണ്ടുമാകാം
എന്നും അവള്‍ വിശ്വസിക്കുന്നു. അതിനാലാണ് ക്ഷേത്രത്തിന്റെ പടിക്കല്‍
പോയിരുന്നു അഞ്ചുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനിടയായതെന്നും അവള്‍
കരുതുന്നുണ്ട്. വിശ്വസാഹിത്യത്തിലൂടെയോ ഭാരതീയ സാംസ്കാരിക
ചരിത്രത്തിലൂടെയോ ഒന്നും മൊള്ള സഞ്ചരിച്ചിരിക്കയില്ല. താനൊരു 'പാമരയാം' കവിയെന്നവള്‍ കവിതയിലൂടെ വ്യക്തമാക്കി യിരിക്കുന്നു. ഞാനൊരു പണ്ഡിതയല്ല എന്ന കവിത നോക്കുക.
പണ്ഡിതയല്ല ഞാന്‍
പദങ്ങള്‍ സ്വന്തം ഭാഷയിലേതോ
അന്യതില്‍ നിന്നും കടം കൊണ്ടതോ!
തിരിച്ചറിയും വിധം
പണ്ഡിതയല്ലാ ഞാന്‍
അറിയില്ലെനിക്ക്
പദസംയോജന നിയമങ്ങള്‍
വ്യാപകമായ പദസമ്പത്തില്ല
ഞാനൊരു രചനാശില്പവിശാരദയല്ല
പ്രഭാഷണ ചതുരയുമല്ല
ഇല്ല, പദാര്‍ഥപരിജ്ഞാനം
ഇല്ലൊരു ശൈലീവൈശിഷ്ട്യം.
ശബ്ദധ്വനിതത്വം വിഭക്തീഘടനകള്‍
ക്രിയയുടെ അടിവേരുകള്‍ , അലങ്കാരങ്ങള്‍
പ്രാസം, താളം, ശീലിന്‍ ദൈര്‍ഘ്യം
അറിയില്ലെനിക്കിവയൊന്നും
കാവ്യരചനാസാധകമില്ല.
ഇതിഹാസങ്ങളുടെയാത്മാവറിയില്ല.
നിഘണ്ടുവിലെ പദസഞ്ചയങ്ങളില്‍
പ്രാവീണ്യം തീരെയുമില്ല.
എങ്കിലുമെഴുതുന്നു കവിതകള്‍ ഞാന്‍.
വൈജ്ഞാനികമായ പരിജ്ഞാനമല്ല, മറിച്ച് ഹൃദയത്തിലെ ആന്തരിക വികാരത്തിന്റെ
കണികകളാണ് അവളെ കവിയാക്കിയതെന്നും ഇതില്‍ നിന്നും മനസ്സിലാക്കാന്‍
കഴിയുന്നു. വളരെ ലളിതമാണ് മൊള്ളയുടെ ശൈലി. തെലുങ്കിലെ ആദ്യത്തെ വനിതാ
എഴുത്തുകാരി എന്നതുപോലെ തന്നെ, നാട്ടുഭാഷയും പദങ്ങളും കവിതയില്‍ പ്രയോഗിച്ച
ആദ്യത്തെ കവിയും മൊള്ള തന്നെ. സാധാരണക്കാരുടെ സംസാരഭാഷയും രീതികളും
തന്നെയാണവരുടെ കവിതകളെ സൗന്ദര്യാത്മകമാക്കിയ ഘടകം. സമ്പന്നമായ നാട്ടുഭാഷ
കൊണ്ട് കുഞ്ചന്‍നമ്പ്യാര്‍ എങ്ങനെ എക്കാലത്തെയും ജനകീയകവി എന്ന സ്ഥാനം
കൈവരിച്ചോ അതുപോലെതന്നെ മൊള്ളയും ആദ്യത്തെ ജനകീയ കവയത്രി എന്ന
സ്ഥാനത്തിനര്‍ഹയായി എന്ന് നമുക്കനുമാനിക്കാവുന്നതാണ്.
അതുകൊണ്ട് ആ കവിതകള്‍ സാധാരണക്കാരുടെ ഇടയില്‍ അതിവേഗം പ്രചരിക്കുകയും അവരുടെ സംവേദനമണ്ഡലത്തെ അഗാധമായി സ്വാധീനിക്കുകയും ചെയ്തു. രാമായണത്തിലെ സീതയോട് അവര്‍ക്ക് അമിതമായ ഒരു സ്‌നേഹവും ആദരവുമുണ്ടായിരുന്നു. കണ്‍വെന്‍ഷനല്‍ മാതൃകയില്‍ നിന്നു മാറിയായിരുന്നു അവരുടെ കവിത സഞ്ചരിച്ചിരുന്നതെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ.
അതുകൊണ്ട് ആ കവിതകള്‍ സാധാരണക്കാരുടെ ഇടയില്‍ അതിവേഗം പ്രചരിക്കുകയും അവരുടെ സംവേദനമണ്ഡലത്തെ അഗാധമായി സ്വാധീനിക്കുകയും ചെയ്തു. രാമായണത്തിലെ സീതയോട് അവര്‍ക്ക് അമിതമായ ഒരു സ്‌നേഹവും ആദരവുമുണ്ടായിരുന്നു. കണ്‍വെന്‍ഷനല്‍ മാതൃകയില്‍ നിന്നു മാറിയായിരുന്നു അവരുടെ കവിത സഞ്ചരിച്ചിരുന്നതെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ.
സ്വയംവരമണ്ഡപത്തിലെ സീതയുടെ സൗന്ദര്യത്തെ കവി വര്‍ണ്ണിക്കുന്നതിങ്ങനെയാണ്.
അവളുടെ മിഴികള്‍ !
താമരപ്പൂക്കളോ
മന്മഥശരങ്ങളോ
പറയുവാനാവാ
മൊഴികള്‍
കിളികളുടെ തേനൂറും പാട്ടോ
വദനം ചന്ദ്രബിംബമോ മുഖക്കണ്ണാടിയോ
പറയുവാനാവാ-
അവളുടെ മുലകള്‍
കനകകുംഭങ്ങളോ
ചക്രവാകദ്വയങ്ങളോ
പറയുവാനാവാ
അവളുടെ മുടികള്‍
ഇന്ദ്രനീലസരിത്തോ
മധുമക്ഷികള്‍തന്‍ നിരയോ
പറയുവാനാവാ-
അവളുടെ തുടകള്‍
ജലതരംഗങ്ങളുയര്‍ത്തും
മൃദുമണല്‍ നിരയോ
കാമദേവന്റെ കതിര്‍മണ്ഡപമോ
പറയുവാനാവില്ല-
കാല്‍പനിക ബിംബങ്ങളോ പ്രകൃതിയിലെ സമാന വസ്തുക്കളോ ഒക്കെയാണ് സീതയുടെ ശാരീരികസൗന്ദര്യ വര്‍ണനയ്ക്ക് സ്വീകരിച്ചിട്ടുള്ളതെന്നുകാണാം.
പഴയകാല മഹാകാവ്യങ്ങളിലും ക്ലാസിക് രചനകളിലും ദര്‍ശിച്ചിരുന്നതാണല്ലോ
ഇത്തരം അംഗപ്രത്യംഗവര്‍ണനകളും ഉപമകളും. അത് കാലഘട്ടത്തിലെ സാമാന്യസ്വഭാവമാണ്. എന്നാല്‍ പറച്ചിലിലുള്ള ലാളിത്യമാണ് അവയെ മറ്റുള്ളവയില്‍
നിന്നും വ്യത്യസ്തമാക്കുന്നത്.
മൊള്ളയും അവളുടെ പിതാവും 'വീരശൈവ' എന്ന പ്രസ്ഥാനത്തിലെ സജീവപ്രവര്‍ത്തകരായിരുന്നു. അക്കാലത്തെ വിപ്ലവപ്രസ്ഥാനമെന്നോ നവോത്ഥാന പ്രസ്ഥാനമെന്നോ അതിനെ വേണമെങ്കില്‍ വിളിക്കാം. തെക്കേ ഇന്ത്യയിലൊക്കെ പടര്‍ന്നിരുന്ന ഈ പ്രസ്ഥാനം, മാമൂലുകളെയും അനാചാരങ്ങളെയും മൃഗങ്ങളെ കുരുതി ചെയ്യുന്നതിനെയും ജാതിവ്യത്യാസങ്ങളെയും ഒക്കെ കഠിനമായി എതിര്‍ക്കുകയും അവയ്‌ക്കെതിരെ പോരാടുകയും ചെയ്തിരുന്നു. അക്കാലത്തെ രാജപാദസേവകരായ കവികള്‍ തങ്ങളുടെ രചനകള്‍ രാജാക്കന്മാര്‍ക്കാണ് സമര്‍പ്പിച്ചിരുന്നതെങ്കില്‍ അതില്‍ നിന്നും വിഭിന്നമായി തന്റെ കൃതി സ്വന്തം പിതാവിന് സര്‍പ്പിക്കുകയായിരുന്നു ഈ കവി. ഇതിനെ യാഥാസ്ഥിതിക കാവ്യമണ്ഡലം ധിക്കാരമായ പ്രവൃത്തിയായി വീക്ഷിച്ചിരുന്നു. അടിമത്തത്തെപ്പറ്റിയും തങ്ങള്‍ അനുഭവിക്കുന്ന അവശതകളെപ്പറ്റിയും സ്വയം ബോധ്യപ്പെടുകയും ആ അവസ്ഥയില്‍ നിന്നും വിമോചനം നേടുന്നതിനുവേണ്ടി സംഘടിപ്പിക്കുകയും പോരാടുകയും ആ പോരാട്ടത്തില്‍ വിജയം നേടുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തെയാണു നാം നവോത്ഥാനം എന്ന് സാമാന്യമായി വിവക്ഷിക്കുന്നത്. മാറുമറയ്ക്കാനും വഴി നടക്കാനും സ്വാതന്ത്ര്യമില്ലാത്ത ഒരു അവസ്ഥയ്‌ക്കെതിരെ കേരളത്തില്‍ പോരാടിയവരെയാണല്ലോ നാം നവോത്ഥാനനായകര്‍ എന്നു പറയുന്നത്. അധീശത്വത്തിന്റെ ശക്തി കുറയ്ക്കുകയും പോരാട്ടത്തിന്റെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുക എന്നത് കീഴാളവര്‍ഗത്തിന്റെ കടമയായി മാറുന്നു. ഇത്തരം ചിന്തകള്‍ക്കും പ്രവൃത്തിക്കും പിന്‍ബലമായി നിന്ന ഒരു സാമൂഹ്യവിപ്ലവപ്രസ്ഥാനമാണ് 'വീരശൈവ' എന്നും നമുക്കുഹിക്കാം. കാരണം, അധീശവര്‍ഗത്തിന്റെ യുക്തിപരമല്ലാത്ത വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിര്‍ത്തിരുന്ന ഒരു കീഴാളവര്‍ഗ കൂട്ടായ്മയായിരുന്നു അത്.
സാമൂഹികവും
സാംസ്‌ക്കാരികവുമായ മാറ്റത്തിനുവേണ്ടി പോരാടുന്ന ഒരു മനസ്സായിരുന്നു ഈ
കവിയുടേത്. സീതയുടെ ചിന്താശക്തിയെയും മാനസികാവസ്ഥയെയും സ്ത്രീസമൂഹത്തിന്റെ
ശക്തികേന്ദ്രമായി മൊള്ള കണ്ടിരുന്നു. സ്ത്രീവര്‍ഗ ശാക്തികതയ്ക്കും
സ്വാതന്ത്ര്യത്തിനും വേണ്ടി കവിതയിലൂടെ പൊരുതിയ കീഴാളജാതിയിലെ ആദ്യത്തെ
തെലുങ്കു കവയത്രി എന്ന നിലയില്‍ ആടുകുറിമൊള്ളയും അവരുടെ കൃതിയും എന്നും
ഭാരതീയ സാഹിത്യ ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു സ്ഥാനം കൈവരിച്ചിട്ടുണ്ട്.
മൊള്ളയുടെ മറ്റു ചില കവിതകള്‍കൂടി ഇവിടെ ചേര്‍ക്കുന്നു.
സൂര്യസഞ്ചാരം
നീലനഭസ്സിലൂടെ
സഞ്ചരിച്ചു സൂര്യന്‍
പൂര്‍വദിക്കില്‍ നി-
ന്നെതിര്‍ദിശതന്നറ്റംവരെ.
ക്ഷീണിച്ചു, വിയര്‍ത്തു.
പടിഞ്ഞാറെക്കടലില്‍
കുതിച്ചു ചാടി,
മുങ്ങിക്കുളിക്കുവാനായ്.
തെലുങ്കുസാഹിത്യം
തെലുങ്കുസാഹിത്യം
സുന്ദരശൈലീകൃതം
പഴഞ്ചൊല്ലുകളുടെ
പൂവിഴകളാല്‍ സുഭഗം!
അതീവരസനീയം
മനീഷികളുടെകാതിന്
വിശിഷ്ടവിരുന്നല്ലോ.
മധുരിക്കും തേന്‍ പോലെ
മധുകണമാപാതം, നാവിനെ
മധുരിപ്പിക്കും പോലെ
കവിത, ഉണര്‍ത്തണമനുഭൂതി
മനസ്സില്‍ , വിനാവിളംബം.
ദുര്‍ഗ്രഹ ശബ്ദാര്‍ത്ഥങ്ങള്‍
മൂകബധിരര്‍ ജല്‍പ്പിക്കുന്നതിനേക്കാള്‍
തെല്ലും സംവേദനകരമല്ലറിക.
O
അവലംബം: Women writing in India
കവിത, പരിഭാഷ - പെരുമ്പുഴ ഗോപാലകൃഷ്ണന്‍
കവിത, പരിഭാഷ - പെരുമ്പുഴ ഗോപാലകൃഷ്ണന്‍
നന്നായിട്ടുണ്ട്
ReplyDeleteഭാവുകങ്ങൾ.
മൊള്ളയെന്ന കവയിത്രിയെ പരിചയപ്പെടുത്തിയതിനു നന്ദി സുഹൃത്തേ...
ReplyDeleteചില പുതിയ അറിവുകള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്, അത്തരം ഒരു അറിവാണീ ലേഖനം... അഭിനന്ദനങ്ങള്‍..... അല്ല... നന്ദി ... ഈ പങ്കു വെക്കലിനു
ReplyDeleteഇങ്ങിനെയുള്ള ശ്രമങ്ങള്‍ എല്ലാ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. പലതും അവരോടൊപ്പം മണ്‍മറഞ്ഞുപോകുന്നു. മോള എഴുതി എന്നതിനേക്കാള്‍ അത് സമാഹരിക്കപ്പെട്ടു എന്നതിന്നു ഞാന്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നു. കാരണം നാടന്‍ പാട്ടുകളായും ചില പ്രത്യേക സമൂഹത്തിന്റെ പാട്ടുകളായും(ഉദാഹരണത്തിന്‍ പുള്ളുവരുടെ പാട്ടുകള്‍ പോലെയുള്ളവ ) ഇന്നും ധാരാളമായി പാടികേള്‍ക്കുന്നവ പലതും ആരെഴുതിയെന്നോ എന്നെഴുതിയെന്നോ അറിയാത്തവയാണ്. നല്ല പോസ്റ്റ്,
ReplyDeleteIthoru puthiya arivu. Nanni suhruthe.
ReplyDeleteകീഴാള വിഭാഗം മൂല്യരഹിതരും കൊള്ളരുതാത്തവരുമായിത്തീർന്നതു പിന്തുടർന്ന് പോരുന്ന ആശയങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖല കളിലും ആധിപത്യം സ്ഥാപിച്ചത് കൊണ്ടുതന്നെയാണ്. താൻ ജീവിച്ചിരുന്ന കാലത്തോടും തന്റെ സമുദായത്തോടും തന്റെ ഭാഷയിൽ സംസാരിക്കാനാണവർ സാഹിത്യ സൃഷ്ടിയിലൂടെ ശ്രമിച്ചതും .ആധിപത്യ വിധേയത്വ ബന്ധങ്ങൾ ക്കപ്പുറത്ത് ,ഭാവന സമ്പന്നരായ തന്റെ മുഗാമികളെയും മനുഷ്യരായി തിരുത്ത്തിയെഴുതുകയാണ് അവർ ചെയ്തത്..
ReplyDeleteഅറിയപ്പെടാതെ പോകുന്ന ഇത്തരം ആളുകളെ ഇനിയും കണ്ടെത്തണം ..