Saturday, December 3, 2011

സൂം ഇൻ - 2


ഡോ.മുഞ്ഞിനാട്‌ പത്മകുമാർ

           
കാഴ്ചയുടെ ചിദംബരങ്ങൾ                     പ്രപഞ്ചശരീരത്തിലെ നാഭിച്ചുഴിയായ ചിദംബരം. ആനന്ദതാണ്ഡവത്തിന്റെ അചുംബിതമായ രാഗകാമനകൾ ഒഴുകിപ്പരന്നയിടം. കന്മദഗന്ധമിയന്ന പകലിന്റെ കമസ്തകമിറങ്ങി വരുന്ന നട്ടുച്ച സൂര്യൻ. പാപബാധിതനായ ശങ്കരൻ സൂര്യശരങ്ങളേറ്റ്‌ വിയർത്ത്‌ പുളയുന്ന കാഴ്ചകൾ. അരവിന്ദന്റെ ചിദംബരം നമുക്കുള്ളിലെ ഓരോ ശങ്കരന്മാരുടെയും നേർക്ക്‌ നീളുന്ന വാൾമുനകളാണ്‌. ഒരേകാലം ചൂടുപിടിച്ച മസ്തകവുമായി ജീവിക്കേണ്ടിവരികയും പ്രണയത്തിന്റെ ശിവഗംഗയിൽ സ്നാനപ്പെടുകയും ചെയ്യുന്ന ശങ്കരൻ. നിശബ്ദതയുടെ വലിച്ചുമുറുക്കി വെച്ചിരിക്കുന്ന ഒരു രുദ്രവീണ പോലെയായിരുന്നു ശങ്കരന്റെ മനസ്സ്‌. അത്‌ പലപ്പോഴും രാഗാർദ്രമായി പാടിപ്പോയിട്ടുണ്ട്‌. രാവുകളിൽ, ശിവകാമിയുടെ നനുത്ത ചന്ദനവടിവുകളിൽ തട്ടി, ശൈത്യനാഗങ്ങൾ പിണഞ്ഞുകയർക്കുന്ന താഴ്‌വാരങ്ങളിലൊഴുകി ശങ്കരൻ ആ വീണാനാദം ശരിക്കും ആസ്വദിച്ചിട്ടുണ്ട്‌. അരവിന്ദന്റെ പ്രതിഭാസ്പർശം ചിദംബരത്തിന്റെ വഴിയമ്പലങ്ങളിൽ എവിടെയും കാണാം. ഉത്തരായനം മുതൽ ഇങ്ങോട്ടുള്ള ചിത്രങ്ങളിലൊന്നും കാണാൻ കഴിയാത്തത്ര കാൽപനികതയുടെ തീക്ഷ്ണഗന്ധം ചിദംബരത്തിൽ നിന്നും പുറത്തേക്കൊഴുകുന്നു.

ഡെൻമാർക്കിലെ വിശ്രുതനായ സംവിധായകൻ ലാർസ്‌ വോൻട്രിയറുടെ 'ഡാൻസർ ഇൻ ദി ഡാർക്ക്‌' (2000) എന്ന സിനിമയുടെ അന്ത്യരംഗം ഓർമ്മ വരുന്നു. തൂക്കുമേടയിലേക്ക്‌ നീങ്ങുന്ന സെൽമ എന്ന അന്ധഗായിക. സെൽമയുടെ പാദങ്ങൾ പതിവിലും കൂടുതൽ ചുവന്നിരിക്കുന്നു. മുഖത്തേക്ക്‌ കറുത്ത തുണിയിടുമ്പോൾ എനിക്ക്‌ ശ്വാസം മുട്ടുമല്ലോ എന്ന് സങ്കടപ്പെടുന്ന സെൽമ. പേലവമായ വിരലുകൾ ചലിപ്പിച്ച്‌ മരണം അവളുടെ കഴുത്തിനു നേരേ നീങ്ങുമ്പോൾ അവളിൽ നിന്ന് ഉദാത്തമായൊരു ഗാനം ചിറകുവിടർത്തുന്നു. അത്‌ ഭൂമിക്കും ആകാശത്തിനുമിടയി ലെവിടെയോ ഒഴുകിപ്പരക്കുന്നു. സെൽമയുടെ മരണം നാം ഒരിക്കൽപ്പോലും ആഘോഷിക്കുന്നില്ല. അത്‌ നമ്മുടെ സ്മൃതികളിലേക്ക്‌ ഒരിക്കലും കയറിവരാനാകാത്ത വിധം ഭദ്രമായി അടച്ച്‌ ആണിയടിച്ചിരിക്കുന്നു. വോൻട്രിയറുടെ ക്രാഫ്റ്റ്മാൻഷിപ്പിന്റെ നിത്യഭാസുരമായ ലഹരി അവസാനഫ്രെയിമിൽ തളംകെട്ടി കിടക്കുന്നു.

'ഡാൻസർ ഇൻ ദി ഡാർക്കി'ലെ സെൽമയും 'ചിദംബര'ത്തിലെ ശങ്കരനും തമ്മിൽ ഡെൻമാർക്കിൽ നിന്നും ചിദംബരത്തേക്കുള്ള ദൂരത്തിന്റെ ഇരട്ടിയുണ്ട്‌. കാലത്തിന്റെ വിഷസൂചിയിൽ നിന്നിറ്റുവീഴുന്ന രണ്ട്‌ വിശുദ്ധജന്മങ്ങൾ. മണ്ണിൽ നിന്നുണർന്ന് ആകാശത്തേക്ക്‌ മുഖം നീട്ടിനിൽക്കുന്ന മുന്തിരിവള്ളിയിൽ പിടിച്ച്‌ സെൽമ കയറുമ്പോൾ ചിദംബരശൃംഗങ്ങളിൽ നിന്നൂർന്ന് മണ്ണിലേക്ക്‌ ശങ്കരൻ ആഴ്‌ന്നിറങ്ങുന്നു. സെൽമയുടെ പേലവവും ആർദ്രവുമായ ഗന്ധർവ്വനാദം ഏകാന്തതയുടെ ഗുഹാമുഖത്തേക്ക്‌ നമ്മെ ക്ഷണിക്കുന്നു. ശങ്കരന്റെ അലർച്ച ഓർമ്മകളുടെ കന്യാവനങ്ങളിൽ നിന്നുകേട്ട ഭീകരനാദമാണ്‌. രണ്ടുപേരും നിശ്ശബ്ദതയുടെ തടാകത്തിലേക്ക്‌ തോണിയിറക്കാൻ ധൈര്യപ്പെട്ടവരാണ്‌. വിശ്രുതനായ സംവിധായകൻ അമോസ്‌ ഗിതായ്‌ പറയും പോലെ "നഗ്നമായ ഒരുടലിനു രണ്ട്‌ ദൗത്യങ്ങളുണ്ട്‌." ആദ്യത്തേത്‌ ശാന്തമായ ഒരാനന്ദം പങ്കിടുക എന്നത്‌. അടുത്തത്‌ വന്യവും അപകടവുമാണ്‌. സെൽമയും ശങ്കരനും ഒരേ കാലപുസ്തകത്തിന്റെ വിവിധ അദ്ധ്യായങ്ങളിലായി ചിതറിക്കിടക്കുന്ന മനുഷ്യവേദനകളാണ്‌.PHOTOS : google

9447865940
4 comments:

  1. Ithram lekhanagall puthiya kalathu prasakthi undu. cinimaya kurichulla puthiya nirvachanagallkku alla vidha ashamsakallum. BY MEKHANATH

    ReplyDelete
  2. good keep it up............CNKumar

    ReplyDelete
  3. manoharamaya bhasha.nalla aakhyanam. Niroopanathile kavyasparsam

    ReplyDelete

Leave your comment