ബഷീർ.ടി.എം |
“കുഞ്ഞാമ്യുമ്മാ
കുഞ്ഞാമ്യുമ്മാ ഇങ്ങളീത് കേട്ടിക്കോ? ന്യൂ ഇയറാന്നും പറഞ്ഞു ചൊരത്തുമ്മേൽ പോയ
ഇബിടത്തെ സിദ്ദീക്കും കുട്ട്യോളും കള്ളും പന്ന്യേറച്ചീം തിന്നിറ്റാലോ മക്കളേ
മന്നുക്കേ...”
കേട്ടപാതി കേൾക്കാത്ത പാതി കുഞ്ഞാമിയുമ്മ സിദ്ദിക്കിനെ പിടിച്ച് അടി
തൊടങ്ങി. സഹിക്കാൻ വയ്യാതെ സിദ്ദിക്ക് ഉള്ള സത്യം പറഞ്ഞുപോയി. പിന്നെ അവർ
അമാന്തിച്ചില്ല. വാലിനു തീപിടിച്ചപോലെയാണ് കുഞ്ഞാമിയുമ്മയുടെ ഓട്ടം. വെറും
ഓട്ടമല്ല, സിദ്ദിക്കിനെയും വലിച്ചു കൊണ്ടാണ് ഓടുന്നത്. വഴിനീളെ നല്ല
മില്ലേനിയം തെറിയുടെ പൂരപ്പാട്ടും.
“ദെച്ചണം കെട്ട
ബലാലേ.. ഇഞ്ഞോടാ നടക്ക്വേൻ പറഞ്ഞേ. ഹാ ! കൊടലോണ്ട് കോണോൻ കെട്ടീറ്റാ ഇഞ്ഞേല്ലാം
ഞാൻ പോറ്റിന്നെ. അല്ല പന്നീ, ഇനിക്ക് എങ്ങനെ തോന്നി ഹലാക്കേ ഇമ്മായിരി പണി
കാണിക്ക്വേൻ?”
കുഞ്ഞാമിയുമ്മ ശരിക്കും ആളിക്കത്തുകയായിരുന്നു. കയ്യിൽ കിട്ടിയതൊക്കെ
എടുത്ത്, അടിച്ചതിനാലും ദയരഹിതമായി നിലത്തിട്ട് വലിച്ചതിനാലും സിദ്ദിക്ക്
ഒരുമാതിരി കട്ടക്കോലുപോലെ മണ്ണിൽ കുളിച്ച് വിയർത്തു ചോന്നിരുന്നു. ഒരുവിധത്തിൽ അന്ത്രുമുസല്യാരുടെ വീട്ടിൽ
എത്തുമ്പോഴേക്കും കുഞ്ഞാമിയുമ്മയും തളർന്നിരുന്നു. മുസല്യാരെ
കണ്ടതും, കുഞ്ഞാമിയുമ്മ കരച്ചിലു തുടങ്ങി.
“ഹെന്റെ മൊയ്‌ല്യാരേ എനക്ക്
കയ്യേലേ....ഇച്ചായിഞ്ചെ പന്നി എടുത്ത പണി കേട്ടിക്കോ ഇങ്ങള്? ഈറ്റ്യോളെല്ലാം
കൂടീറ്റ് ചൊരത്തുമ്മന്ന് പന്ന്യേറച്ചീം കള്ളൂം കുടിച്ചിക്കോലം.
ഇപ്പന്നീന ഒന്നു കൊന്ന്വാ മൊയ്‌ല്യാരേ....!”
“കുഞ്ഞാമീ ഇഞ്ഞെന്ത് കളിയാ
മളേ ഈ കാണിക്കിന്നേ.. ഇഞ്ഞൊന്ന് സബൂറാക്ക് മളേ. മനിച്ചമ്മാരു കേക്കും.
ഇഞ്ഞോടാ കൂറ്റെടുക്കല്ലാന്നു പറഞ്ഞേ.” അന്ത്രുമുസല്യാർ.ദേഷ്യപ്പെട്ടു.
സ്വബോധം വന്ന കുഞ്ഞാമിയുമ്മ മെല്ലെ അകത്തേക്കു
കയറിനിന്നു.സമാധാനവാക്കുകളും പറഞ്ഞുകൊണ്ട് അന്ത്രുമുസല്യാർ സിദ്ദിക്കിനേയും
കൂട്ടി കോലായിലേക്ക് കയറി. സിദ്ദിക്ക് ആകെ പേടിച്ചു വിറച്ചിരിക്കുകയാണ്.
ചാരുകസേരയിൽ ചാഞ്ഞുകിടന്ന മുസല്യാർ കുറേനേരം ആലോചനയിൽ മുഴുകി.
മുസിലിമിങ്ങൾക്കു ഹറാമാക്കിയ പന്നിയിറച്ചിയും മദ്യവും ഇത്തിരിപ്പോന്ന
കുട്ടികൾ,അതും മുസ്ലിം മക്കൾ കഴിച്ചിരിക്കുന്നു. ഖോജരാജാവായ തമ്പുരാനേ...
ഇതെന്താണീ കേൾക്കുന്നത് ? കാലം ഇത്രക്ക് അധ:പ്പതിച്ചോ?
മുസല്യാരുടെ ദീർഘമായ
മൗനം കണ്ട് കുഞ്ഞാമിയുമ്മയുടെ ക്ഷമ നശിച്ചു.
“ഇങ്ങളെന്തെങ്കില്വൊന്നു
പറ മൊയ്‌ല്യാരേ.... എനക്ക്ണ്ട് പള്ളേന്ന് അളക്ക്വേം ചെരിയേം ചീന്ന്.... നജ്ജീസല്ലേ
മൊയ്‌ല്യാരേ ചെയ്ത്താൻ തിന്നിറ്റ് മന്നേ.”
“കുഞ്ഞാമ്യേ.. ഇഞ്ഞൊന്ന് അട്ടായിക്കാണ്ട് നിക്ക്.
കൊല്ല്വോലക്ക് ബേറെ പരിഹാരോം നിമിർത്യൂം ഇല്ലേ.. ഇതിപ്പോ ചെറിയോൻ കാലക്കേടിനു
തിന്ന്വോയി. ഇനി അത് ഹലാലാക്ക്വേ ബല്ല ബയീം ഇണ്ടോന്നോക്ക്വാ...”
ഒരു വഴിയും കാണാതെ
തലപുകഞ്ഞ അന്ത്രുമുസല്യാർ ഒരു കൗശലം പ്രയോഗിക്കാൻ തീരുമാനിച്ചുകൊണ്ട്
മകളെ വിളിച്ചു.
“സുബൈദാ...”
“ഓ..
എന്താപ്പാ...”
“ഇഞ്ഞ് അ
തട്ടുമ്മന്ന് എന്റെ കിത്താബിങ്ങെടുത്തോണ്ടുബാ... “
“എനക്കൊളുല്ലുപ്പാ...”
“അയേ.. എന്നാ ഞാൻ
തെന്നേ എടുക്കാ..”
കിതാബുമായി വന്ന
മുസല്യാർ താളുകൾ തലങ്ങും വിലങ്ങൂം മറിക്കാൻ തുടങ്ങി. പത്തായം പോലുള്ള
കിതാബിന്റെ നടുവിലെ പേജിലെത്തിയപ്പോൾ മുസല്യാർ ഉറക്കെ ചിരിച്ചു.
“ഹ ഹ ഹ ഹാ... കിട്ടി
കുഞ്ഞാമ്യേ ... കിട്ടി. ഞാനിതൊന്നു ബായിച്ചു നോക്കട്ടേ. ഈന്റെ മയന എന്താന്ന്...”
ഉദ്വേഗം നി റഞ്ഞ നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ
നീളം തോന്നി. ഒടുവിൽ മുസല്യാർ മസ്അല പറയാൻ തുടങ്ങി.
“കുഞ്ഞാമ്യേ..ചെറിയോൻ
ചീതത് ബെല്യെ ഹറാമ്പറപ്പായിപ്പോയിക്ക്വാളേ. പള്ളേലായിപ്പോയ നജ്ജീസ്
ഇല്ലാണ്ടാക്ക്വെൻ ചെമ്പ് ചെലബാവും.”
കുഞ്ഞാമിയുമ്മയ്ക്ക്
ആധി മൂത്തു.
“എന്നാളീ മൊയ്‌ല്യാരേ
ബയീ ?”
“ഒലക്ക കുത്തെനേ ബെച്ച് അത് അരിയിട്ട്
മൂടണം. ആ അരി പാവപ്പെട്ട്യോലിക്ക് ദാനം ചെയ്യണം. കുടുംബത്തിലായാലും
മതി.”
കുഞ്ഞാമിയുമ്മയ്ക്ക് തല ചുറ്റുന്നതായി തോന്നി. കഴുത്തോളം ഉയരം വരുന്ന
ഒലക്ക അരിയിട്ട് മൂടാൻ നൂറുചാക്ക് അരിയിട്ടാലും മതിയാവില്ല. നിലത്ത്
വീഴാതിരിക്കാൻ വാതിൽ പിടിച്ചു നിന്നു കൊണ്ട് കുഞ്ഞാമിയുമ്മ, ഹെന്റെ
പന്നീ.... ഈലും നല്ലെ എന്നാങ്ങൂ കൊന്ന്വാളേന്നേല്ലേനോ കുരിപ്പേ എന്നും
പറഞ്ഞ് സിദ്ദിക്കിന്റെ നേരേ കയർത്തു. ഭയന്നു വിറച്ച സിദ്ദിക്ക് മുസല്യാരുടെ
അരികിലേക്ക് പറ്റി. ഇതുകണ്ട് മുസല്യാർക്ക് സങ്കടം തോന്നി.
“അല്ല മോനേ,
ഇഞ്ഞെങ്ങന്യാ ബമ്പാ ഈ ശറ്രിൽ പെട്ടുപോയത്?”
സിദ്ദിക്കിന്
കരച്ചിൽ വന്നു.
“ഉസ്താദേ.. ഇബിടത്തെ
നൗഷാദും ഞാളു അഞ്ചാറാളും കൂട്യാ ചൊരത്തുമ്മപ്പോയേ.. എല്ലാരും കുടിക്കുമ്മം ഇങ്ങളെ
നൗഷാദാ എന്നോട് കുടിച്ചോന്ന് പറഞ്ഞെ. അതാ ഞാൻ കുടിച്ചെ.”
മുസല്യാർ ഞെട്ടി.
മുസല്യാർ മാത്രമല്ല വീട്ടിലുള്ള എല്ലാവരും ഇതുകേട്ടു ഞെട്ടി. കോപം
കൊണ്ട് ചുവന്ന അന്ത്രുമുസല്യാർ ഒരു അട്ടഹാസമായിരുന്നു.
‘ഇബിടുത്തെ നൗഷാദും
ഇണ്ടെന്നോ?”
ഭയന്നുവിറച്ച
സിദ്ദിക്ക് അതെ എന്നു തലയാട്ടി.
“ഹറാമ്പറന്ന
നായിന്റെ മോനിങ്ങ് ബെരട്ടെ. ഓന്റെ ഹലാക്ക് ഞാനിന്ന് കയിക്കും.”
കൂട്ടിലിട്ട
വെരുകിനേപോലേ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്ന മുസല്യാരോട് അപ്പോൾ
കുഞ്ഞാമിയുമ്മ ചോദിച്ചു.
“അല്ല മൊയ്‌ല്യാരേ
എല്ലാ പൊരക്കാർക്കും ബേറേ ബേറേ അരി കൊടുക്കണോ അതോ എല്ലാരും കൂടി
ഒന്നാക്കികൊടുത്താ മയ്യോളീ ? ഇങ്ങള് ഒന്നൂടെ ആ കിത്താബിലൊന്നു നോക്യോക്കീൻ !”
പരിസരബോധം വന്ന മുസല്യാർ മനസ്സുകൊണ്ട് ഞെട്ടി. ഒലക്ക മൂടാൻ ചുരുങ്ങിയത്
നൂറുചാക്ക് അരി വേണം. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണല്ലോ പടച്ചോനേ.
ഉപായങ്ങൾ ഓൾസൈലായി കയ്യിലുള്ള മുസല്യാർ ഒന്നുകൂടി
കിതാബ് മറിച്ചു.
“പേടിക്കണ്ട
കുഞ്ഞാമ്യേ ബയീണ്ട്. കിതാബിൽ ഈന്നു മസ്അല ബേറേം ഇണ്ട്വാളേ. കുത്തനേ
ബെക്കണ്ട്യ ഒലക്ക കെടത്തി ബെച്ചാലും മയി.”
ഇതുകേട്ടതും കുഞ്ഞാമിയുമ്മ
നെഞ്ചത്ത് കയറ്റിവെച്ച വലിയ പാറക്കല്ല് എടുത്തുമാറ്റിയ ആശ്വാസം
അനുഭവിച്ചു.
“അൽഹംദുലില്ലാ.
അയിനിപ്പോ ഒരു നാലീലോൻ അരിയിണ്ടായാപ്പോരേ മൊയ്‌ല്യാരേ?”
വഷളാക്കല്ലേ എന്നു
പ്രാർഥിക്കുകയായിരുന്ന മുസല്യാർക്ക് ഒന്നും പറയാൻ കിട്ടിയില്ല.
ഒരുവിധത്തിൽ അ.. അ.. അതേ എന്നു പറഞ്ഞൊപ്പിച്ചു.
വലിയ ഒരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട സമാധാനത്തോടെ റബ്ബിനു ശുകുറും
പറഞ്ഞുകൊണ്ട് സിദ്ദിക്കിന്റെ കയ്യും പിടിച്ചു കുഞ്ഞാമിയുമ്മ തിരിച്ചു നടക്കവെ,
തിരിഞ്ഞുനോക്കി മൗനമായി സിദ്ദിക്കിന്റെ ചോദ്യം - ഇത്രയ്ക്ക് വേണായിരുന്നോ
ഉസ്താദേ..? കുട്ടിയുടെ നോട്ടത്തിലൂടെ കാര്യം പിടികിട്ടിയ അന്ത്രുമുസല്യാർ
തന്റെ മുഖം ഒളിപ്പിക്കാൻ ഇടം തേടുകയായിരുന്നു.
O
ഇത്രക്ക് ബേണായിരുന്നോ ബസീറെ ?
ReplyDeleteബഷീര്‍ സാഹിബ്,
താങ്കളുടെ പല കഥകളും സമൂഹത്തിന്റെ നേര്‍പരിച്ചേദം തന്നെയാണ്..
ഒപ്പം സാമൂഹ്യ അനാചാരങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധവും ....
പൌരോഹിത്യം ,എങ്ങനെ വിശ്വാസീ സമൂഹത്തെ കബളിപ്പിക്കുന്നു എന്നും ; തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് , മത നിയമങ്ങളെ എങ്ങനെ വളച്ചൊടിക്കുന്നുവെന്നും ഈ കഥയിലൂടെ ഭംഗിയായി ബഷീര്‍ സാഹിബ് അവതരിപ്പിച്ചിരിക്കുന്നു ...
"പേടിക്കണ്ട കുഞ്ഞാമ്യേ ബയീണ്ട്. കിതാബിൽ ഈന്നു മസ്അല ബേറേം ഇണ്ട്വാളേ. കുത്തനേ ബെക്കണ്ട്യ ഒലക്ക കെടത്തി ബെച്ചാലും മയി.”
ഇത്തരത്തില്‍ ഒരുപാട് ഒലക്ക കുത്തി നിര്‍ത്തിയും , കിടത്തി വെച്ചും കാലങ്ങളായി , സമൂഹം , പ്രത്യേകിച്ച് മുസ്ലിം സമുദായം , വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് .....സിദ്ധിക്കും അവന്റെ ഉമ്മയും ഒക്കെ പ്രതീകങ്ങള്‍ മാത്രം.......
എന്നാലും അവസാനം മൌനമായുള്ള സിദ്ധിക്കിന്റെ ആ ചോദ്യം ," ഇത്രയ്ക്ക് വേണായിരുന്നോ ഉസ്താദേ..? " - അത് , പുത്തന്‍ തലമുറയുടെ തിരിച്ചറിവിന്റെ ചോദ്യമാണ്......ഒപ്പം പ്രതീക്ഷയും .
തുറന്നെഴുതാനുള്ള ധൈര്യത്തെ അഭിനന്ദിക്കുന്നു......
വായനക്കാരന് ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്ന അങ്ങയുടെ ഈ ഭാഷാശൈലി മനോഹരം........
ബഷീറിയന്‍ സാഹിത്യത്തെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു ബഷീര്‍ ആയി അങ്ങ് മാറട്ടെ ,
സ്രഷ്ടാവ് അനുഗ്രഹിക്കട്ടെ.......
മലയാളത്തിന്റെ സുകൃതമായിരുന്ന ഒരു ശൈലിയെ ഓർമ്മിപ്പിക്കുന്നതും എന്നാൽ തനതും സൂക്ഷ്മ വ്യത്യസ്തവുമായ ഭാഷ. ഉള്ളടക്കത്തിലെ പുതുമയും സാമൂഹിക പ്രതിബദ്ധതയും നിഷ്കളങ്കമായ ആ ആഖ്യാന ചാരുതയ്ക്കു മാറ്റ് കൂട്ടുന്നു. ചിരിക്കും ചിന്തയ്ക്കും മാത്രമല്ല മാർക്കിടേണ്ടതു, തുറന്നെഴുതി സമൂഹത്തിന്റെ തിരുത്തൽ ശക്തിയാണ് താനെന്നു തിരിച്ചറിയുന്നതിനാണ്.
ReplyDelete