Saturday, December 17, 2011

കൊടികൾ


സച്ചിദാനന്ദൻ പുഴങ്കര












രാത്രി,
മേയ്‌,
എഴുപത്തിരണ്ടിന്റെ
പാലക്കാടൻ
കോട്ടമൈതാനം,
നമ്മൾ മൂന്നുപേർ
ലെനിൻ,നീ,ഞാൻ;
മൂന്നു കോപ്പകൾ കൂട്ടി-
മുട്ടുമ്പോൾ ഉരുകിയ
ലോഹവും ലഹരിയായ്‌
കത്തി നമ്മുടെയുള്ളിൽ;
രോമഹീനമാം തല
വെട്ടിവെച്ചപോൽ ചന്ദ്രൻ,
പാതിരാത്തപ്പട്ടയിൽ
പെരുകീ കരകാട്ടം,
വിഷയം സമയമായിരുന്നു....
സ്വപ്നത്തിന്നു
പകരം ഉണർച്ചതൻ
ചോരപ്പ്‌ കണ്ണിൽ വാക്കിൽ;
ചരിത്രമുറങ്ങുക-
യാണത്രേ കോട്ടയ്ക്കുള്ളിൽ
ഉറക്കം നടിച്ചതു
ഭീതികൾ വിഷാദങ്ങൾ


പിറ്റേന്നു കഴുത്തിലെ ഞരമ്പു കണ്ടിച്ചു നീ (1)


ചില്ലുപാത്രത്തിൽ സ്വർണ്ണ-
മത്സ്യമെന്നപോൽ ലെനിൻ...
കല്ലറ ചരിത്രത്തി-
ന്നുറക്കം കെടുത്തിയോ?
വിഷയം ജനതയായിരുന്നു.
വിയർപ്പിന്നു
പകരം കൊടികളാ-
യിരുന്നു ഹൃദയത്തിൽ,
നട്ടതല്ലവ, പടർ-
ന്നാർത്തു നമ്മുടെ വേലി-
ക്കെട്ടുകൾതോറും, അതി-
രറ്റ സങ്കൽപ്പം തോറും.


ഒറ്റവട്ടവും പാല
പൂത്തില്ല, ഡിസംബറിൻ
രാത്രികളെത്തീ ക്രൂര-
നക്ഷത്രം പൊലിഞ്ഞാലും,
തേന്മാവും ഇലഞ്ഞിയും
മുല്ലയും പൂത്തിട്ടില്ല,
തീന്മേശ നിറയുന്നു,
മുഖമറ്റവർ ചുറ്റും,
മഞ്ഞുപോൽ വിയർക്കുന്ന
പച്ചമാംസത്തിന്നപ്പം
വീഞ്ഞിൽ മുക്കിയ വിരൽ
മുറിഞ്ഞു മഴപെയ്തു;
വിഷയം മരണമായിരുന്നു.
നിലാവിന്നു
പകരം മടുപ്പിന്റെ
മഞ്ഞപ്പു പടരുമ്പോൾ
കിളികൾ കുറുകാത്ത
ചില്ലയിൽ ശവം പോലെ
മിഴികൾ തുറിച്ചാടി-
നിന്നു നമ്മുടെ കാലം....!
ഉരുട്ടിക്കയറ്റിയ
കല്ലു കൈവിട്ടും തുട-
ലഴിച്ചുകൊളുത്തിയും
കാഞ്ഞിരപ്പലകമേൽ
തറഞ്ഞൊരാണിക്കൂർപ്പിൽ
പിടഞ്ഞും പരഭാഷ
മൊഴിഞ്ഞും ഭൂതാന്തര-
ബാധകളൊഴിയാതെ
എത്ര മെയ്‌ മാസം വന്നു,
മാമ്പച്ച വിറകിന്മേൽ
സ്വപ്നദാഹത്തിൻ സംവേ-(2)
ദനവും പൊലിഞ്ഞുപോയ്‌...


ഇവിടെ- പന്തൽക്കൊടി
നീർത്തിയ നെടുംതൂണിൽ
കവിയെപ്പോലേ കണ്ടും
കാണാതെ കണ്ടും, നിത്യ-
ഹരിതസ്വപ്നങ്ങൾക്കു
കണ്ണേറുകിട്ടാ,തൊരു
കരിനാക്കാലും കേടു
പറ്റാതെ നോക്കീ ലെനിൻ !
(നോക്കുകുത്തിയോൻ, അല്ല
നോക്കുകുത്തിയെപ്പോലെ) (3)


മരങ്ങളറിഞ്ഞിട്ട
കൊടികൾ ആഴം തേടീ
തറഞ്ഞ മണ്ണിൽ പോലും
വേരുകൾ കരിഞ്ഞാലും.

ശുഭസൂചകമാണീ കൊടികൾ വരികളും !





(1) ശക്തമാമൊരു കാവ്യബിംബമാണിത്‌-നോക്കൂ! (2) 'സ്വപ്നദാഹ'വും തീക്ഷ്ണബിംബമാണറിയുക! (3) കറുത്ത ഹാസ്യത്തിനു നന്ദി നാം പറയുക.

                                                                                                           (1984)

O


PHONE : 9497316740


1 comment:

  1. ''ആരദ്?''
    "ഒരു വിടരുന്ന പൂമൊട്ടാ- ''
    ''എന്ന് പറഞ്ഞാ, ? മുട്ടനോ ക്ടത്തിയോ ?
    കിടാത്തി..''
    ഹായ്...-ന്നാ അദാദ്യം മോഴിയണ്ടേ....! ബാ ...ബാ- കേറി കുത്തിരീ . അല്ല എന്താ പ്രശ്നംന്നു ?''
    "അങ്ങ് ഈയുള്ളവള്‍ടെ കായിതങ്ങള്‍ക്ക് LIKARUM ഇല്ല , COMMENTARUM ഇല്ല . കഷ്ടം ! ''
    ''ഭവ-തീ പോട്ടം ഇടാഞ്ഞിട്ടല്ലേ. ആളെ കാണാതെങ്ങനെ likum ? എങ്ങനെ COMMENTUM ? ഇനിപ്പോ . കണ്ടിരിക്ണൂ, ബോധിചിരിക്ണൂ.. യഥേഷ്ടം kamantam ..സമൃദ്ധമായി likam ''
    ''സന്തോഷം, പണ്ഡിതരെ..''
    ''ലേശം ഇബടേം ആവാം. -സന്തോഷേയ്...ഈ താന്ത്രിക് മാതൃകയില്‍ ഒന്ന് സഹകരിച്ചാല്‍ വേണ്ടീല്ലര്‍ന്നു..ലോക്‌-താന്ത്രിക്കില്‍ ആയാല്‍ ബഹു കേമായീ- ട്ടോ -''
    ''എങ്ങന?'-''
    ''നാച്താ -കൂദിതാ-!''
    ''ഉവ്വാ! പോട പട്ടീ -''
    ''ങേ !-ന്നാല്‍ കമന്ടൂല്യ...ലൈകൂല്യ...''
    ''രണ്ടും നിന്ടമ്മക്കിരിക്കട്ട ''
    ''ഹൈ-! കൊച്ചിയാ രാജ്യം? -ന്റെ ശിവനെ..നാം ഒന്നും പറഞ്ഞിടില്യ. ഇറങ്ങികോളൂ. പോകോളൂ ,ദാ വാതിലും അടച്ചിര്‍ക്നൂ. ...പിന്നേയ്... അലോം..വിളംബരം വേണ്ടാടോ..ഒരു പാവം പണ്ഡിതന്‍ ആണേ...''
    (രാത്രി, പണ്ഡിതര്‍ ഡയറി-യില്‍ ഇവ്വിധം ലിഖാ -
    താന്ത്രികം, കൊല്ലത്ത്‌ പറ്റും. കൊച്ചിയില്‍ തെറ്റും.)

    ReplyDelete

Leave your comment