Saturday, December 17, 2011

ഷാപ്പിലെ പൂച്ച


സുനിലൻ കളീയ്ക്കൽ













ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്റെ ഭാവമാണ്.
പനമ്പ് കൊണ്ടു തിരിച്ച അറകളിലെ
കുമ്പസാരരഹസ്യങ്ങൾ കേട്ടുകേട്ടാവാം,
നരച്ച  മീശരോമങ്ങളെ നാവാലുഴിഞ്ഞ്
അടുത്തതെന്താവാം എന്ന് കണ്ണോർത്തിരിക്കും.


വകയിലെ പെങ്ങളെ പ്രാപിച്ചവന്റെ
വിലാപസാഹിത്യത്തെ
സമാശ്വാസത്തിന്റെ പുറംതഴുകലുകൾ
സ്വയംഭോഗമായി പരാവർത്തനം ചെയ്യുന്നതുകണ്ട്
അമൂർത്തമായൊരു നിശബ്ദതയിലഭിരമിച്ച്
അവയങ്ങനെ ചടഞ്ഞിരിക്കും.


വിലക്ഷണഹാസ്യത്തെ പതച്ചൊഴിച്ച-
പാനപാത്രം മുത്തി,
അഹംഭാവത്തിന്റെ ആറ്റുമീൻ കറിയിൽ
വിരൽ മുക്കി നക്കി,
അപരനോടുള്ള പുച്ഛം അധോവായുകൊണ്ട്
അടിവരയിടുന്നത് കണ്ട്
കണ്ണടയ്ക്കും.


അഞ്ഞൂറ് രൂപ ലോട്ടറിയടിച്ചവന്റെ
ആഘോഷങ്ങൾ തെറിപ്പാട്ടിന്
താളം പിടിക്കുമ്പോൾ
വരട്ടിയ പോത്തിൻ കഷണം
വായ് വിട്ട് താഴെ വീണാലോ എന്ന്
പ്രതീക്ഷയോടെ കാത്തിരിക്കും.


ആത്മവഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന
നെറികെട്ട നിലവിളികളെ
കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ
തമസ്കരിക്കുന്നത് കേട്ടുകേട്ട്
അടക്കി ചിരിക്കും.


O





4 comments:

  1. സുനിലാ..
    ഇത് കവിതയാണ്.
    ഒരൊന്നൊന്നര കവിത.

    വാക്കുകള്‍ ക്രമത്തില്‍ എഴുതിയാല്‍ കവിത ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു ഞാന്‍.

    തീര്‍ച്ചയുള്ള ആശയങ്ങള്‍ മൂര്‍ച്ചയുള്ള വാക്കുകളില്‍ ചേര്‍ച്ച നോക്കി അടുക്കുമ്പോള്‍ ആണോ കവിതയുണ്ടാവുക?
    ആ..

    ReplyDelete
  2. കുറച്ചു കാലത്തിനു ശേഷം പ്രിയ സുഹൃത്തിന്റെ കവിത ..നന്നായി സുനീ,അഭിനന്ദനങ്ങള്‍ സുനിലനും കേളികൊട്ടിനും

    ReplyDelete
  3. സുനിലേട്ടാ ആശംസകള്‍ ....

    ReplyDelete

Leave your comment