സി.എൻ.കുമാർ |
ഉറക്കം വരാതെ നീയിപ്പോഴും
ഭീതിയുടെ മുനയ്ക്ക് മുകളില്‍
തന്നെയാണല്ലോ ഇരിക്കുന്നത്.
ഒരു പക്ഷെ നാളത്തെ പുലര്‍ച്ചയില്‍
പരസ്പരം ഒന്നും പറയാതെ
നമ്മള്‍ കടന്നു പോയാല്‍ ,
ശവപ്പെട്ടികള്‍ ചിരിച്ചാര്‍ക്കുന്ന
കുളമ്പൊച്ചകളില്‍ തിരിച്ചറിയാതെ
നമ്മുടെ ഞരക്കങ്ങളും ഒലിച്ചുപോകും.
എല്ലാവർക്കുമിപ്പോള്‍ വേണ്ടത്
നമ്മുടെ ജീവൻ കൊണ്ട് വിലപേശല്‍ .
കൂടുതല്‍ വെള്ളി,കൂട്ടത്തില്‍
നമുക്കായി പാടിയൊരുക്കിയ
കണ്ണാക്ക് പാട്ടിന്റെ പുന:പ്രക്ഷേപണം.
സമ്രാട്ടിന്റെ മുന്നില്‍ വാക്കൈപൊത്തിനിന്ന
നാടുവാഴിയുടെ പൊളിവചനങ്ങളില്‍
ഒളിഞ്ഞിരിക്കുന്നത് നാളേയ്ക്കു
പറഞ്ഞുറപ്പിച്ച കസേരകളുടെയും
പാരിതോഷികങ്ങളുടെയും
പ്രവചനക്കിലുക്കങ്ങള്‍ .
നമുക്കിനി മരണമുറപ്പിച്ചു തന്നെ
ഉറങ്ങാതിരിയ്ക്കാം.
എപ്പോഴാണിനി ഭൂമിയ്ക്ക്
തുള്ളല്‍പ്പനി വരികയെന്ന്
നോക്കിയിരിക്കാം.
ഒരു പക്ഷെ;
ഒഴുകിപ്പോകുന്ന ജീവിതങ്ങള്‍ക്ക്
എത്തിപ്പിടിക്കാന്‍ ഒരു പിടിവള്ളി,
നമുക്ക് അത്രയെങ്കിലും തുണയ്ക്കാമല്ലോ.
O
"എല്ലാവർക്കുമിപ്പോള്‍ വേണ്ടത്
ReplyDeleteനമ്മുടെ ജീവൻ കൊണ്ട് വിലപേശല്‍..."...ആശംസകള്‍
കൊള്ളാം...ആശംസകള്‍
ReplyDelete