ലൂയിസ് തോമസ് |
പടി കടക്കാം,പടിതാണ്ടി താണ്ടിയെന്‍ മൃതി വരിക്കാം
ശുഷ്കമാം തോലൂരി,അസ്ഥികള്‍ മാറ്റിയീ പടികടക്കാം
ചിന്നിച്ചിലമ്പിയെന്‍ തൊണ്ടയില്‍ ചുറ്റുന്ന ശ്വാസത്തെ വേറിടാം
തുള്ളിത്തുടിക്കുന്ന ജീവനെ കൈവിടാം.
ഈ കടലും കടല്‍തന്ന മണലും കടക്കാം
മരുവും മരുവിലെ കാറ്റും കടക്കാം
ദൂരത്ത് സൂര്യന്‍ വരുന്നതിന്‍ മുൻപെ ഈ കര കടക്കാം
ചെന്നിരവിന്റെ ചൂടറ്റ കൈപിടിക്കാം.
ഇതളാട്ടി ചിരിക്കുന്ന പൂക്കള്‍ മറക്കാം
കിളി പണ്ടു പാടിയ പാട്ടു മറക്കാം
തൊടി മറക്കാം, തൊടിയിലെ മരം മറക്കാം
മറവിതന്‍ നനവാര്‍ന്ന കൈ പിടിക്കാം.
ഇനിയില്ല മോഹം, മഞ്ചാടി കാണാന്‍
ആടിത്തിമിര്‍ക്കും ഋതുഭംഗി ഓര്‍ക്കാന്‍
വെട്ടത്തിന്‍ മുന്‍പിലായ് ദേശം കടക്കാം
ജനിമൃതി തീർത്തൊരതിര്‍ത്തി കടക്കാം.
പടികടത്താന്‍ വന്ന നിന്നെ മറക്കാം
പടിയോളം വന്നൊരെന്‍ മോഹം മറക്കാം
പടി കടക്കാം, നിന്നെ പിന്നില്‍ മറക്കാം
പടി കടന്നിരുളിന്‍ നേര്‍ത്ത വഴിയെ നടക്കാം.
O
"ഇതളാട്ടി ചിരിക്കുന്ന പൂക്കള്‍ മറക്കാം
ReplyDeleteകിളി പണ്ടു പാടിയ പാട്ടു മറക്കാം
തൊടി മറക്കാം, തൊടിയിലെ മരം മറക്കാം
മറവിതന്‍ നനവാര്‍ന്ന കൈ പിടിക്കാം...."
മറവികൾ മുറിപ്പാട് വീഴ്ത്തുമ്പോൾ ഒന്നുമറിഞ്ഞില്ലെന്നൊതിയിന്നു വീണ്ടുമീ തിരക്കിലേക്ക് നഗരത്തൂപ്പുകാർ നാം!