Sunday, March 18, 2012

സൂം ഇൻ - 3

സിനിമ
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ


കാലത്തിന്റെ ഫ്രെയിമുകൾ                ഭിനേതാവും സംവിധായകനുമായിരുന്ന റിച്ചാർഡ്‌ ബൊലസ്‌ലാവ്സ്കിയുടെ (Richard Boleslawski) അഭിനയപാഠനിർവ്വചനങ്ങൾ നമുക്കിന്നും ഭീഷണിയാണ്‌. കാരണം, നമ്മുടെ പതിവ്‌ അഭിനയയോഗ്യതകളിൽ നിന്നെല്ലാം അകന്ന് സഞ്ചരിക്കുന്ന പാഠങ്ങളാണ്‌ ബൊലസ്‌ലാവ്സ്കിയുടേത്‌. ഒരു നടൻ/നടി സഞ്ചരിക്കുന്ന സ്വതന്ത്രവും സുഖദവുമായ വഴികളിൽ നിന്നെല്ലാം അകന്ന് എങ്ങനെയൊക്കെ അപകടകരമായി യാത്ര ചെയ്ത്‌ ലക്ഷ്യത്തിലെത്താം എന്നാണ്‌ ബൊലസ്‌ലാവ്സ്കി പറയുന്നത്‌. ക്യാമറയ്ക്ക്‌ മുന്നിൽ പെരുമാറുന്നതോടെ അഭിനയം കഴിഞ്ഞു എന്നു വിശ്വസിക്കുന്ന അഭിനേതാക്കളുടെ ശ്രദ്ധയിലേക്കാണ്‌ പോൾ മുനി (Paul Muni)  തന്റെ പ്രസിദ്ധമായ 'അഭിനയശാസ്ത്രം' സമർപ്പിക്കുന്നത്‌.

ബൊലസ്‌ലാവ്സ്കി, പോൾ മുനി
പോൾ മുനിയുടെ ശ്രദ്ധേയമായൊരു അഭിനയ നിർവ്വചനമുണ്ട്‌. കാലത്തിനു ഒത്ത നടുവിലാണ്‌ ഒരു അഭിനേതാവ്‌ നിൽക്കേണ്ടതെന്ന് പോൾ മുനി പറയുന്നു. അയാൾ ഫ്രെയിമിനു നടുവിൽ നിൽക്കണമെന്ന് ഇതിനർത്ഥമില്ല. കാലത്തെ ഒറ്റ ഫ്രെയിമിൽ ഒതുക്കാൻ കഴിയാത്തതിനാൽ അഭിനേതാവിന്‌ ഫ്രെയിമിലെവിടെയും നിൽക്കാം. അഭിനേതാവ്‌ നിൽക്കുന്നതെവിടെയോ, അവിടെയാണ്‌ കാലമദ്ധ്യം.ബുന്വേൽ, ദാലി
ലൂയി ബുന്വേലുമായി (Luis Bunuel) സിനിമയെക്കുറിച്ച്‌ സാൽവദോർ ദാലി (Salvador Dali) നടത്തുന്ന വിശുദ്ധസംഭാഷണങ്ങളിൽ ഫ്രെയിമിനുള്ളിലെ കാലസാന്നിദ്ധ്യത്തെ കുറിച്ച്‌ വ്യക്തമായ ചില നിരീക്ഷണങ്ങളുണ്ട്‌. 'കാഴ്ചയെ രണ്ടായി പകുക്കണമെന്ന മോഹം കുട്ടിക്കാലം മുതൽക്കേ എനിക്കുണ്ടായിരുന്നുവെന്ന്' ദാലി പറയുന്നുണ്ട്‌. ഇതിന്റെ സമാരംഭമാണ്‌ ദാലി ബുന്വേലുമായി ചേർന്നൊരുക്കിയ 'ആൻഡലൂസിയൻ ഡോഗി'ൽ ( An Andalusian Dog ) കാണാനാകുന്നത്‌. ദാലി പറയുന്നു - 'കൃഷ്ണമണി ഛേദിക്കുന്ന രംഗത്തോടെ നമുക്ക്‌ നമ്മുടെ സർഗ്ഗാത്മകത എല്ലാവർക്കുമൊപ്പമിരുന്ന് ആഘോഷിക്കാം' എന്ന്. ഇവിടെ കാഴ്ചയെ രണ്ടായി പകുക്കണമെന്ന മോഹം, സർഗ്ഗാത്മകതയുടെ ഉത്തുംഗതയിൽ കൃഷ്ണമണി ഛേദിക്കുന്ന രംഗത്തോടെ പൂർണ്ണമാകുന്നു. കാഴ്ചയെ പകുക്കുക എന്നത്‌ കാലത്തെ പകുക്കുക എന്ന ദൗത്യത്തിലേക്ക്‌ നീങ്ങുന്നു. 'ആൻഡലൂസിയൻ ഡോഗി'ലെ ഒറ്റഫ്രെയിം അങ്ങനെ കാലത്തിനും അഭിനേതാവിനുമായി വീതിക്കപ്പെടുന്നു.
ബെക്കർ, ബ്രുഹ്ത്‌
  'ഗുഡ്‌ബൈ ലെനിനി'ന്റെ (Good Bye Lenin) സംവിധായകൻ വോൾഫ്‌ ഗാംഗ്‌ ബെക്കർ (Wolfgang Becker), അഭിനേതാവിന്റെ കാലബോധത്തെക്കുറിച്ച്‌ ഒരനുഭവം പങ്കുവെക്കുന്നത്‌ നല്ലൊരു ചിന്താവിഷയമാണ്‌. പ്രസ്തുത സിനിമയിലെ മുഖ്യനടനായ ഡാനിയൽ ബ്രുഹ്തുമായി ( Daniel bruhl )  ബെക്കർ നടത്തുന്ന സംഭാഷണങ്ങളിൽ നിന്നാണ്‌ ഇതാരംഭിക്കുന്നത്‌. ബെക്കർ പറയുന്നു; 'ഒരു നടന്‌ എവിടെനിന്നു വേണമെങ്കിലും ഫ്രെയിമിലേക്ക്‌ കടന്നുവരാം. സംവിധായകൻ മുന്നോട്ടു വെക്കുന്ന ആശയങ്ങളുടെ ചുമടുതാങ്ങിയായി മറ്റൊരു നടൻ മാറേണ്ടതില്ല.

പൂർവ്വ-പശ്ചിമ ജർമ്മനികളുടെ ഏകീകരണത്തിന്റെ ചരിത്രനിമിഷങ്ങളിൽ നിന്നാണ്‌ 'ഗുഡ്ബൈ ലെനിൻ' വരുന്നത്‌. ഇവിടെ കാല-ചരിത്ര ബോധമുള്ള ഒരു നടന്‌ തയ്യാറെടുപ്പുകളൊന്നും കൂടാതെ ഫ്രെയിമിലേക്ക്‌ കടന്നു വരാനാകും. ഒരുപക്ഷെ അവൻ ബെർലിൻ മതിൽ ഇടിഞ്ഞു വീണതിനടിയിൽപ്പെട്ട്‌, പരിക്കുകളുമായാകാം വരിക. അല്ലെങ്കിൽ മതിലിൽ നിന്നൊരു ഭാഗം അടർത്തിയെടുത്ത്‌ കൊടുങ്കാറ്റിലേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ടാകും അവൻ വരിക. അതുമല്ലെങ്കിൽ മതിൽ പൊളിഞ്ഞുവീഴുന്നത്‌ കണ്ട്‌ അത്യാനന്ദത്താൽ ഭ്രാന്തനായി മാറിയിട്ടാകും അവൻ വരിക ! ഇവിടെ സംവിധായകന്റെ നിശ്ശബ്ദതയ്ക്ക്‌ മുന്നിൽ ജീനിയസ്സായ നടൻ ശബ്ദസാന്നിധ്യമൊരുക്കുന്നു. സംഭാഷണത്തതിനിടയിൽ ബെക്കർ പറയുന്നു - 'ഒരു മൈതാനത്ത്‌ അനവധി മനുഷ്യത്തലകൾ വീണുകിടക്കുന്നു എന്നു സങ്കൽപ്പിക്കുക. ജീനിയസ്സായ ഒരു നടൻ അവനനുയോജ്യമായ ഒരു തല ആയിരിക്കില്ല തെരഞ്ഞെടുക്കുന്നത്‌. കാലം ചവുട്ടി പരിക്കേൽപ്പിച്ച തലയായിരിക്കും അവൻ സ്വീകരിക്കുക!' O
ചിത്രങ്ങൾ : GooglePHONE : 9995539192

No comments:

Post a Comment

Leave your comment