Sunday, October 12, 2014

യാനം

കവിത
അഭിലാഷ്‌.കെ.എസ്‌










 ടൗണിൽ നിന്നുമുള്ള അവസാന ബസ്സ്‌
ഒരു ബിംബസാധ്യതകൾക്കുമിട കൊടുക്കാതെ
ക്ഷമയോടെ കാത്തു കിടന്നു.

മഞ്ഞ മിന്നാമിന്നി ബൾബുകൾ കണ്ണടച്ച ഞൊടിയിൽ
ഉണ്ണിയേശുവിനെ ഒക്കത്തെടുത്ത്‌ നിന്നിരുന്ന-
കന്യാമറിയം ആരും കാണാതെ
ഫോട്ടോയിൽ നിന്നും പുറത്തേയ്ക്കൊന്ന്
പാളിനോക്കി സ്വയം ചോദിച്ചു വരുന്നുണ്ടോ?

ധനലക്ഷ്മി ബാങ്കിന്റെ ഏ ടി എം സെന്ററിനു കാവലിരുന്നിരുന്ന
പഴയ ഹവിൽദാർ കുട്ടൻനായർ
അവിടെയിരുന്നെഴുതാൻ തുടങ്ങിയ
നാരായണമന്ത്രം, പിൻസീറ്റിലിരുന്ന്
ലക്ഷം തവണ പൂർത്തിയാക്കി.

മിനിമോൾ ടെക്സ്റ്റെയിൽസിലെ കണ്ണട വച്ച സെയിൽസ്‌ഗേൾ
കുഞ്ഞൻ മെഡിക്കൽസിലെ അജയകുമാറിനെ
ഇടംകണ്ണിട്ട്‌ നോക്കി ഒന്നുള്ളിൽ ചിരിച്ചു
ലൗഡ്‌ സ്പീക്കറിലൂടെ യേശുദാസ്‌
"നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങൾ നൊമ്പരങ്ങൾ" എന്ന വരി
പതിവിലും ഭംഗിയായിപ്പാടി.

മുഹമ്മദ്‌ മാഷിനിരിയ്ക്കാൻ വേണ്ടി
പണ്ട്‌ അറബിക്ലാസ്സിൽ കയറാതെ
സ്കൂളിന്റെ വെപ്പുപുരയിലൊളിച്ചിരുന്ന
ജുനൈദ്‌ അബൂബക്കർ എഴുന്നേറ്റ്‌ നിന്നു.

സിമന്റ്‌ ചട്ടിയും ചട്ടുകവും
സീറ്റുകൾക്കടിയിലേയ്ക്ക്‌ നീക്കി വച്ച്‌
രാംചന്ദും സംഘവും
കൂലി വീതിച്ചെടുത്തു.

കണ്ടക്റ്റർ രാവിലെ കൊടുക്കാനുണ്ടായിരുന്ന
രണ്ടര രൂപ ബാക്കി
ഉപദേശി മാത്തേവൂസിനു നൽകി.

തോളത്ത്‌ കിടന്നുറങ്ങിയിരുന്ന
ഒരു പെൺകുട്ടി മാത്രം സ്വപ്നത്തിൽ
ഒന്ന് കരഞ്ഞു.

തിരക്കായിരുന്നിട്ടും ആരുമിരിയ്ക്കാതെ
ഒഴിച്ചിട്ട സീറ്റിലേയ്ക്ക്‌
എവിടെയോ മറന്നു വച്ച ഒരു പൊതി മധുരം
തിരഞ്ഞുപോയ ഒരമ്മ വന്നിരുന്ന് കിതച്ചു.

മുലപ്പാൽ ചീറ്റും പോലെ രണ്ട്‌ റിയർ ലാമ്പുകൾ പ്രകാശിപ്പിച്ച്‌
ബസ്സ്‌ ഒന്ന് ചുമച്ചു പിന്നെ സ്റ്റാർട്ടായി.

അതുവരെ പെയ്യാതെ നിന്ന വാനം
പളുങ്ക്‌ വർഷിയ്ക്കാൻ തുടങ്ങി.

ഫോട്ടോയിലെ ഉണ്ണിയേശുവിനെ മഴയുടെ
ഊത്താൽ തണുപ്പിച്ച്‌ തുടങ്ങിയപ്പോൾ
ജനൽ ഷട്ടറുകൾ
ഓരോന്നായി തനിയെ താഴ്‌ന്നു.

ചുറ്റുമുള്ള ലോകത്തെ മുഴുവൻ ഒറ്റപ്പെടുത്തി
ഒരു ബസ്സ്‌ രാത്രിയെ മുറിച്ച്‌ നീങ്ങാൻ തുടങ്ങി.

ഒരു വെള്ളിടിയുടെ വെൺപിറാതൂവൽ വെട്ടത്തിൽ
എതിരേ വന്ന ലോറിയിലെ ഡ്രൈവർ
ബസ്സിന്റെ പേർ ഉറക്കെ വായിച്ചു
"ഏയ്ഞ്ചൽ ട്രാവൽസ്‌"

ഓരോ വീട്ടുപടിയ്ക്കലും നിറുത്തി
നീട്ടി ഹോണടിച്ച്‌ മുന്നോട്ടെടുക്കുമ്പൊഴും
സംഭവിച്ചതിൽ വച്ച്‌ ഏറ്റവും
പരിശുദ്ധമായ ഒരു ഉപമ നൽകി
ഇരുളിരവിഴുങ്ങിക്കിടക്കും ഇടവഴിയ്ക്കരികിലിറങ്ങി
അലിഞ്ഞു പോകേണ്ട എനിയ്ക്കിറങ്ങാനുള്ള
സ്റ്റോപ്പ്‌ മാത്രം അടുക്കുമ്പോൾ
അകന്നകന്നു പോകുന്നു.

തോർന്ന മഴയുടെ തിണർപ്പുകൾ
പറ്റിപ്പിടിച്ച ജനൽക്കമ്പിയിൽ
തല ചേർത്തു ഞാനിരിയ്ക്കുമ്പോൾ
എയർഹോണുകൾ ഹലേലൂയ പാടുന്നു.


O

No comments:

Post a Comment

Leave your comment