കവിത
ജയശങ്കർ.എ.എസ്.അറയ്ക്കൽ
മഴയിലേക്ക് തുറക്കുന്ന
വാതിലുമായി
ഒരു വീടുണ്ട്
മരക്കൂട്ടങ്ങൾക്കിടയിൽ.
തേങ്ങലുകൾ കല്ലിച്ച്
വിങ്ങിച്ചീർത്ത,
അടർന്നു തുടങ്ങിയ
കട്ടച്ചുമരുകൾ,
തണുത്ത് പുകയുന്ന
ഒരടുപ്പിനെ
തന്ത്രപൂർവ്വം
ഒളിപ്പിക്കുന്നു.
ഇരുട്ടിൽ
വീടുനിറയെ
ഒച്ചുകൾ ഇഴയും.
ആട്ടിയോടിച്ചാലും
പോകാതെ
ചുമരുകൾ
വൃത്തികേടാക്കും.
സഹികെട്ട്
ഒടുക്കം
വീടുറങ്ങിപ്പോകും.
നെഞ്ചു ചോർന്നൊലിച്ച്
നനഞ്ഞ തിരകളെ
ചേർത്ത് പിടിക്കുമ്പോൾ
വീടിന് ചുറ്റും
കടലിരമ്പുന്നത് കേൾക്കാം.
എന്നും
മഴയിലേക്ക്
വാതിൽ തുറന്ന്
കാത്തിരിക്കുന്ന
മുറ്റമില്ലാത്ത
ഒരു വീടുണ്ട്
മരക്കൂട്ടങ്ങൾക്കിടയിൽ.
O
No comments:
Post a Comment
Leave your comment