Monday, September 22, 2014

സൗന്ദര്യത്തെക്കുറിച്ച്‌ വീണ്ടും

 വായന
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ










ഉംബർട്ടോ എക്കോ - ഓൺ ബ്യൂട്ടി


            ന്താണ്‌ സൗന്ദര്യം? സൗന്ദര്യം പോലെ തന്നെ നിർവ്വചിക്കാനാകാത്തൊരു ചോദ്യമാണിതെന്ന് ഇറ്റാലിയൻ എഴുത്തുകാരനായ ഉംബർട്ടോ എക്കോ പറയുന്നു. ഉംബർട്ടോ എക്കോ ഇതു പറയുന്നതിന്‌ കാലങ്ങൾക്ക്‌ മുമ്പേ അപകടകരമായ ഈ ഉത്തരം തേടി ചാൾസ്‌ ഓഡ്ഗനും ഐ.എ റിച്ചാർഡ്സും ജെംസ്വുഡും നടന്നിട്ടുണ്ട്‌. അവരുടെ ചിന്തയിൽ നിന്നും ഊറിക്കൂടിയ സൗന്ദര്യ സത്തയെ ഒടുവിലവർ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാന (The foundation of Aesthetics) ത്തിൽ നിർവ്വചിക്കുകയാണ്‌ ചെയ്തത്‌. ഈ പുസ്തകം ഇന്നും സൗന്ദര്യശാസ്ത്രാന്വേഷകരുടെ വേദപുസ്തകമാണ്‌. എഴുത്തിലും ജീവിതത്തിലും അനുഭവവേദ്യമാക്കുന്ന സൗന്ദര്യതലങ്ങളെ മനുഷ്യോൽപ്പത്തി മുതലിങ്ങോട്ടുള്ള സംസ്കാരങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ്‌ അവർ പഠിച്ചത്‌. അതുകൊണ്ടുതന്നെ അത്തരമൊരു പുസ്തകത്തിന്റെ അന്തസ്സ്‌ പിൽക്കാലത്ത്‌ ഇതിനെക്കുറിച്ച്‌ പഠിക്കുവാനാഗ്രഹിക്കുന്നവരെ കൂടുതൽ പ്രചോദിപ്പിച്ചിട്ടുണ്ടാകണം. ജിബ്രാൻ പറഞ്ഞതുപോലെ "സൗന്ദര്യമേ, നീ എന്നെ അമർത്തി ചുംബിക്കുക. നിന്നിൽ ഞാനൊരു പൂവായിത്തീരട്ടെ" എന്ന് പതുക്കെ മന്ത്രിക്കുവാൻ കൊതിക്കുന്നവർ ഭൂമിയിൽ ഇനിയും ഉണ്ടാവുക തന്നെ ചെയ്യും.

ഉംബർട്ടോ എക്കോ എഡിറ്റ്‌ ചെയ്ത ഓൺ ബ്യൂട്ടി (On Beauty) സൗന്ദര്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രാചീനവും ആധുനികവുമായ ഒരു നിർവ്വചനപുസ്തകമാണ്‌. എക്കോ പ്രധാനമായും ഇതിൽ ചർച്ചാവിഷയമാക്കുന്നത്‌ ചിത്രകലയുമായി ബന്ധപ്പെട്ട വികാസപരിണാമങ്ങളുടെയും സാംസ്കാരിക വളർച്ചയുടെയും ആസ്വാദനത്തിൽ നാളിതുവരെ ഉണ്ടായിട്ടുള്ള ബൗദ്ധിക-സർഗാത്മക ഇടപെടലുകളെക്കുറിച്ചാണ്‌. എക്കോ പറയുന്നു "ആശയങ്ങൾ നിറങ്ങൾ കൊണ്ട്‌ മാത്രമല്ല ഒരു ചിത്രകാരൻ പങ്കുവെക്കുന്നത്‌. നിറങ്ങൾക്കുള്ളിൽ തുളുമ്പിനിൽക്കുന്നൊരു ഭാഷയുണ്ട്‌. ഭാഷയ്ക്കുള്ളിൽ സംഗീതമുണ്ട്‌. സംഗീതത്തിന്‌ ഇന്ദ്രിയങ്ങളെ വലിച്ചു തുറക്കാനാകും." വികാരസാന്ദ്രമായി എക്കോ ഇതു പറയുമ്പോൾ ഒരു ചിത്രം എങ്ങനെയൊക്കെ ആസ്വദിക്കാനാകും എന്നുള്ള പാഠം കൂടി നമുക്ക്‌ തിരിച്ചറിയാനാകുന്നുണ്ട്‌. 





ഒരു ചിത്രത്തെ വിവിധ കോണുകളിലൂടെ വീക്ഷിക്കുമ്പോൾ സംഭവിക്കുന്ന ആസ്വാദനതലമാണ്‌ അതിന്റെ സൗന്ദര്യത്തെ ഉദാത്തമാക്കുന്നത്‌. നമ്മുടെ മനസ്സും ക്യാൻവാസിൽ രൂപം കൊണ്ട ചിത്രവും തമ്മിൽ ഒരു നിശ്ചിതബോധത്തിൽ സമന്വയിക്കുന്നു. ഇത്തരം സമന്വയത്തിന്‌ സത്യത്തിനോടുള്ള സംവാദാത്മകതയാണ്‌ പ്രാഥമികമായും ഉണ്ടാകേണ്ടത്‌. അത്‌ ആത്യന്തികമായ ഏകത്തിലേക്ക്‌ എത്തിച്ചേരുമ്പോൾ സൗന്ദര്യം അനുഭവപ്പെടും. ചിത്രകലയുടെ പരിണാമ ഘട്ടങ്ങളിലെല്ലാം തന്നെ ഇത്തരമൊരു സൗന്ദര്യബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌. ഉംബർട്ടോ എക്കോ തന്റെ ചിത്രകലാജ്ഞാനത്തെ പുതിയ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്‌ അവതരിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ ചിത്രകലയിൽ ഇതുവരെ സംഭവിച്ചിട്ടുള്ളതും ഇനി സംഭവിക്കാനിരിക്കുന്നതുമായ എല്ലാം അദ്ദേഹത്തിന്റെ നിർവ്വചനങ്ങളെ ആധികാരികമായി മാറ്റുന്നു എന്നത്‌ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്‌.

എന്തുകൊണ്ട്‌ ചിത്രകല? സംഗീതത്തിനും സാഹിത്യത്തിനും കഴിയാത്തതെന്താണ്‌ ചിത്രകലയിൽ സംഭവിക്കുന്നത്‌? ചോദ്യങ്ങളുടെ നീണ്ട നിരയെ ആദ്യം തന്നെ എക്കോ നേരിടുന്നുണ്ട്‌. എക്കോ ചോദിക്കുന്നു. "എല്ലാം ചിത്രത്തിലാക്കാൻ നാം വ്യഗ്രതപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? നോവൽ ചിത്രമാക്കുന്നു. സംഗീതാനുഭവം ചിത്രമാക്കുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ടതെല്ലാം ചിത്രത്തിലാക്കാൻ നാം ഉത്സാഹിക്കുന്നു. ചരിത്രം ചിത്രത്തിലേക്ക്‌ വഴി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. അതുകൊണ്ട്‌ ചിത്രകലയിൽ ഞാൻ കൂടുതൽ താൽപര്യപ്പെടുന്നു." എക്കോയുടെ അഭിപ്രായത്തെ മറികടന്നുപോകുവാൻ നമുക്കാവില്ല. അത്രയ്ക്ക്‌ ആഴത്തിൽ ചിന്തിച്ചുറപ്പിച്ച സൗന്ദര്യാനുഭവങ്ങൾ ഉപയോഗിച്ചാണ്‌ എക്കോ ചിത്രകലയെ വായിക്കുന്നത്‌. ശിൽപകലയിലും അതുമായി ബന്ധപ്പെട്ട കലാവിഭാഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങൾ മനുഷ്യമനസിനെ എത്രത്തോളം അനുഭവപ്പെടുത്തുന്നുവോ അതിനെ ആശ്രയിച്ചായിരിക്കും സൗന്ദര്യത്തിന്റെ ആകർഷണം രൂപപ്പെടുകയെന്ന് ഇതിനനുബന്ധമായി എക്കോ സൂചിപ്പിക്കുന്നുണ്ട്‌. ഇത്തരമൊരഭിപ്രായം ശിൽപകല ഉൾപ്പെടെയുള്ള കലകളിലേക്കുള്ള പുതിയ സഞ്ചാരപഥങ്ങളുടെ സാധ്യതകളെ ഓർമപ്പെടുത്തുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

പ്രാചീനവും കുലീനവുമായ ഗ്രീസിന്റെ സൗന്ദര്യചരിത്രത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ്‌ ഓൺ ബ്യൂട്ടി സമാരംഭിക്കുന്നത്‌. ഹെലന്റെ സൗന്ദര്യനിരീക്ഷണങ്ങളും സൗന്ദര്യസാധ്യതകളും അപകടങ്ങളും എക്കോ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്‌. സ്നേഹത്തിന്‌ ഒരളവു വരെ സൗന്ദര്യവുമായി ബന്ധമുണ്ടെന്ന് ഗ്രീക്ക്‌ മിത്തോളജിയിലെ ചില കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും സ്പർശിച്ചുകൊണ്ട്‌ എക്കോ അഭിപ്രായപ്പെടുന്നുണ്ട്‌. സൗന്ദര്യത്തെ ജീവിതവുമായി ബന്ധപ്പെടുത്തി പഠിക്കുന്നതിനേക്കാൾ ഉചിതം കലയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നതാണെന്ന് എക്കോ ഉറച്ചു വിശ്വസിക്കുന്നു. കലയും സംസ്കാരവും സമന്വയിച്ച ഏകാനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിന്നാണ്‌ എക്കോ ഗ്രീസിന്റെ പൗരാണിക സൗന്ദര്യസ്ഥലികളിലേക്ക്‌ എത്തുന്നത്‌. ഹെലന്റെ സൗന്ദര്യം സ്നേഹത്തിന്റെ കൂടി ഭാഗമാണെന്നും അത്‌ ഗ്രീസിന്റെ ചരിത്രത്തെ പുതിയൊരു അനുഭവത്തിലേക്ക്‌ നയിക്കുകയായിരുന്നുവെന്നും എക്കോ എഴുതുന്നുണ്ട്‌. അപ്പോളോനിയൻ സൗന്ദര്യത്തെക്കുറിച്ചുള്ള നീഷെയുടെ പരാമർശവും പാർത്തിനോൺ ക്ഷേത്ര സമുച്ചയ സൗന്ദര്യത്തെക്കുറിച്ചുള്ള അനുഭവങ്ങളും ഇതിനനുബന്ധമായി എക്കോ ആധികാരികമായിത്തന്നെ ചർച്ചയ്ക്ക്‌ വിധേയമാക്കുന്നു.


ഉംബർട്ടോ എക്കോ

ഗ്രീക്ക്‌ മിത്തോളജിയിലെ സൗന്ദര്യാന്വേഷണം പോലെ തന്നെ വ്യത്യസ്ത സംസ്കാരങ്ങളിലേക്ക്‌ കടന്നുചെന്നുകൊണ്ട്‌ നൂതനമായ ചില ഇടപെടലുകളും എക്കോ നടത്തുന്നുണ്ട്‌. മിത്തോളജിയിൽ പ്രകാശിതമാകുന്ന സൗന്ദര്യത്തെ ഹൃദയവിശാലതയോടെയാണ്‌ എക്കോ സ്വീകരിക്കുന്നത്‌. എവിടെയും സൗന്ദര്യം കാണും. അത്‌ ആസ്വദിക്കാതിരിക്കുമ്പോഴാണ്‌ കാലം നമ്മോട്‌ കലഹം കൂട്ടുന്നതെന്ന് എക്കോ മിത്തോളജിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണത്തിൽ പരാമർശിക്കുന്നുണ്ട്‌. കലയുടെ ചരിത്രത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള പഠനത്തിൽ അരിസ്റ്റോട്ടിൽ മുതൽ ഇമാനുവൽ കാന്റു വരെയുള്ളവരുടെ നിരീക്ഷണങ്ങളെക്കുറിച്ച്‌ ആധികാരികമായി എക്കോ ചർച്ച ചെയ്യുന്നുണ്ട്‌. ഇത്തരമൊരു സൗന്ദര്യവായനയെ പുതിയ കാലത്തിന്റെ സാധ്യതകളുമായി ചേർത്തുവെച്ചുകൊണ്ടാണ്‌ എക്കോ സ്വീകരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന സൗന്ദര്യാനുഭവങ്ങളെക്കുറിച്ച്‌ ആധികാരികമായി എഴുതപ്പെട്ട ചരിത്രരേഖ കൂടിയാണ്‌ ഓൺ ബ്യൂട്ടി. ഗ്രീസിന്റെ പ്രാചീനമായ സംസ്കാരത്തിൽ നിന്നു തുടങ്ങി ഇരുപതാം നൂറ്റാണ്ടുവരെയുള്ള കാലസൗന്ദര്യത്തിന്റെ വിവിധ വീക്ഷണകോണുകളിലൂടെ നോക്കിക്കാണുകയാണ്‌ എക്കോ. പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ സൗന്ദര്യവിപ്ലവങ്ങൾ, ഗ്രീക്ക്‌ ചിത്രകലയിലുണ്ടായ മുന്നേറ്റങ്ങൾ തുടങ്ങി യന്ത്രസംസ്കാരത്തിന്റെ കാലത്ത്‌ ആസ്വാദനത്തിലുണ്ടാക്കിയ സൗന്ദര്യതലങ്ങളെക്കുറിച്ചുള്ള ബൗദ്ധിക-സർഗാത്മക നിർവ്വചനങ്ങൾ കൊണ്ടാണ്‌ എക്കോ ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്‌. നമ്മുടെ സൗന്ദര്യസങ്കൽപ്പങ്ങളെ നവീകരിക്കാനും കൂട്ടിച്ചേർക്കാനും ഓൺ ബ്യൂട്ടി ഒരു ദിശാസൂചികയായി മാറുകയാണിവിടെ.


On Beauty - A History of a Western Idea
edited by - Umberto ECO, Seeker & amp; War burg, London


 O

No comments:

Post a Comment

Leave your comment