സൂര്യാ ഗോപി
കൗമുദിയമ്മ സ്റ്റീല്‍ പാത്രങ്ങളെല്ലാം മോറി വെച്ച്, കപ്പപ്പുഴുക്കുണ്ടാക്കിയ മണ്‍ചട്ടിയില്‍ വെള്ളം നിറച്ച് കൊട്ടത്തളത്തിലിട്ടു. എച്ചില്‍നാറ്റവും എണ്ണവഴുവഴുപ്പും കാരസോപ്പുമണവും പുരണ്ട കൈ തുടയ്ക്കാതെ അവളുടെ മുറിവാതില്‍ വലിച്ചടച്ചു. പിന്നെ പുറത്തിറങ്ങി വേലിയുടെ കൊളുത്തിട്ട്,അകത്തു കയറി മുന്‍വാതിലടച്ച് ഉറങ്ങാന്‍ കിടന്നു.
സര്‍പ്പക്കായച്ചെടികള്‍ വളര്‍ന്നുമുറ്റിയ മുളവേലിക്കിടയിലൂടെ പൂച്ചയുടെ പച്ചനിറക്കണ്ണുകള്‍ തിളങ്ങി.നക്ഷത്രങ്ങള്‍ പോലെ മിന്നാമിനുങ്ങുകള്‍ മങ്ങിത്തെളിയുന്നതു നോക്കിയിരിക്കെ; അവള്‍ക്ക് ഇളംനീല ഇന്‍ലന്‍റില്‍ തെളിഞ്ഞ കുനുകുനുപ്പന്‍ അക്ഷരങ്ങളെ ഓര്‍മ്മ വന്നു.
ഇത്തവണ ജയിലിലെ മൂട്ടകളും ചോരകൊതിയന്‍ കൊതുകുകളും മാത്രമല്ല, കത്തിലെ കഥാപാത്രങ്ങള്‍. തോട്ടം കൊത്തുന്നതിനിടയ്ക്ക് മുറിബീഡി വലിച്ചതിന് വാര്‍ഡന്‍ പിഴയിട്ടതും വെള്ളമില്ലാത്തതുകൊണ്ട് പാതാളകിണറ്റില്‍ നിന്ന് കൈയ്യുടെ തോലിളകും വരെ വെള്ളംകോരിച്ചതും വളരെ വിസ്തരിച്ചാണെഴുതിയിട്ടുള്ളത്. 'ജയില്‍നിയമങ്ങളെക്കുറിച്ച് നിനക്കെന്തറിയാം കുട്ടീ' എന്നു പറഞ്ഞ്; എന്നോട് താല്പര്യമുള്ള ഒരു വാര്‍ഡനാണ് ഈ കത്തുകള്‍ പോസ്റ്റ് ചെയ്യുന്നതെന്ന് അയാളെഴുതി. 'അല്ലെങ്കില്‍ നിനക്ക് ഞാനെഴുതുന്ന കത്തില്‍ പലരും പലവട്ടം കണ്ണുപായിക്കും. എന്‍റെ നേരേ കണ്ണുരുട്ടി തിരുത്തിക്കും.അതും പോരാഞ്ഞ് പല കൈ മറിഞ്ഞാകും അത് നിന്‍റെയടുത്തെത്തുക.'
കഞ്ഞി കുടിച്ചപ്പോള്‍ കുറുനാക്കില്‍ കുരുങ്ങിയ നീളന്‍ മുടിയിഴ വലിഞ്ഞ് ചോര പൊടിഞ്ഞതും 'ഗ്ല...ഗ്ല..' ശബ്ദത്തോടെ ചര്‍ദ്ദിച്ചതും, കഴിഞ്ഞ കത്തില്‍ അയാളെഴുതിയത് വായിച്ച് അവള്‍ക്ക് രണ്ടുദിവസം ചോറിറങ്ങിയില്ല. ഇനി ഇത്തരം വര്‍ത്തമാനം വേണ്ട എന്ന് മറുപടിക്കത്തില്‍ കനപ്പിച്ചെഴുതി. അന്നു വൈകിട്ട് കൗമുദിയമ്മയുണ്ടാക്കിയ നാളീകേരവും വെള്ളശര്‍ക്കരയും ചേര്‍ത്ത 'ചക്കയട'യുടെ സ്വാദും കത്തിലൂടെ അവള്‍ അയാള്‍ക്കെഴുതിയിരുന്നു. തടവിന്‍റെ കയ്പ്പും ഏകാന്തതയുടെ ചവര്‍പ്പും കടിച്ചമര്‍ത്തി കുടിച്ചിറക്കുന്ന അജ്ഞാതനായ ഒരു മനുഷ്യന്, വെന്ത വാഴയിലയുടെയും ചക്കയുടെയും നാളീകേരത്തിന്‍റെയും സ്വാദ് വായിച്ചറിയുക എന്നത് പോലും ഓര്‍മ്മകളുടെ നുരഞ്ഞുപൊന്തലായിരിക്കുമെന്ന്, അവള്‍ക്കെന്തോ ഊഹിക്കാനാകുമായിരുന്നില്ല.
അഭിനന്ദിച്ചുകൊണ്ട് ഒരാള്‍ നല്ല വാക്ക് പറഞ്ഞാല്‍ എത്രമാത്രം സന്തോഷം തോന്നാമെന്ന് അവളെ പഠിപ്പിച്ചത് അയാളാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അയാള്‍... കൂട്ടിലടച്ച കിളിയെപ്പറ്റി അവളെഴുതിയ കവിത അയാള്‍ക്കിഷ്ടപ്പെട്ടത്രേ ! പേരെടുത്ത പ്രസിദ്ധീകരണത്തില്‍ അപ്രധാനമായ ഒരു കോണില്‍ വന്ന അവളുടെ കവിത കണ്ട് ആദ്യമായി എന്തെങ്കിലും പറഞ്ഞത് അയാളായിരുന്നു. നല്ലതു പറയണ്ട; വെറുമൊരു അഭിപ്രായപ്രകടനമെങ്കിലും നടത്തുമെന്ന് കരുതിയ അദ്ധ്യാപകര്‍ പോലും ഒന്നും മിണ്ടുകയുണ്ടായില്ല. അയാളുടെ കത്ത് വായിച്ചു കഴിഞ്ഞപ്പോള്‍ തനിയെ ഒരു ഹൃദയബന്ധം പൊട്ടിക്കിളിര്‍ക്കുകയായിരുന്നു.
" .... ന്തു നല്ല കൈയക്ഷരാ അമ്മമ്മേ അയാള്‍ടെ .... "
അയാളുടെ എഴുത്തിലെ കെട്ടുപുള്ളികളും വള്ളികളും അവള്‍ നോക്കിനോക്കിയിരുന്നു.
" ങ്ങും.... ജയിലീന്നാ കത്ത് വര്ന്നേ... എന്തു കുറ്റം ചെയ്തോനാന്ന് ആര്‍ക്കാ നിശ്ചയം ..." അമ്മമ്മ അവളുടെ മുഖത്തേക്ക് നോക്കാതെ ചുണ്ടനക്കി.
ഒന്നൊന്നുമല്ല ചുരുങ്ങിയത് രണ്ടരക്കൊല്ലമെങ്കിലുമായി, സര്‍പ്പക്കായച്ചെടി പറ്റിവളര്‍ന്ന വേലി കടന്ന് പോസ്റ്റ്‌മാന്‍ അവള്‍ക്ക് കത്തുമായി വരുന്നു. ആഴ്ചയില്‍ ഒന്നെന്നു തുടങ്ങിയ കത്തിന്‍റെ വരവ് മാസത്തില്‍ രണ്ടെണ്ണമായി ചുരുങ്ങി, പിന്നെ വരവേയില്ലാതായപ്പോഴാണ് അവള്‍ മടിച്ചാണെങ്കിലും മറുകുറിപ്പയയ്ക്കാന്‍ തീരുമാനിച്ചത്.നന്ദിയും സന്തോഷവും സ്നേഹവും പറയുന്ന വെറും രണ്ടേ രണ്ടുവരി മറുപടിയായിരുന്നു അത്.
അന്നു തൊട്ട് മുടങ്ങാതെ കത്തുകള്‍ വന്നും പോയുമിരുന്നു. ഓണത്തിനും വിഷുവിനും ഈസ്റ്ററിനും, നിറയാത്ത വയറിന്‍റെയും നിറഞ്ഞുതുളുമ്പുന്ന കണ്ണുകളുടെയും ജയില്‍വാസദു:ഖത്തിന്‍റെയും ഓര്‍മ്മകള്‍ അയാളുടെ ഹൃദയം നനച്ചുകൊണ്ടിരുന്നതായി അവളറിഞ്ഞു.
ഓരോ കവിത എഴുതുമ്പോഴും അകലെയെങ്ങോ ഒരു വായനക്കാരന്‍റെ കണ്ണുകള്‍ അവളുടെ മുമ്പില്‍ തുറന്നിരുന്നു. തന്നെയോര്‍ത്ത് എവിടെയോ ഒരു അശാന്തഹൃദയം സ്പന്ദിക്കുന്നുണ്ടെന്ന് അവള്‍ വിശ്വസിച്ചു. ഇരുമ്പ് മണക്കുന്ന ജയിലഴികളില്‍ മുഖം ചേര്‍ത്തുവെച്ച് ഹൃദയത്തിലേക്ക് ഓരോ മുള്ളുകളായി വേദനകള്‍ കുത്തിയിറക്കുന്നുണ്ട്, ആ ജീവന്‍. കട്ടകെട്ടിയ ചോരയുടെ കടുംകറുപ്പുനിറമൊലിച്ചു വികൃതമാക്കപ്പെട്ട മുഖമുള്ള കൃശഗാത്രനായ ഒരാളെ അവള്‍ അന്ന് സ്വപ്നം കണ്ടു.
നേരിയ മഞ്ഞ് മൂടിപ്പുതച്ച് കാട്ടുമുല്ലകള്‍ അനങ്ങാതെ നിന്നിരുന്നു, ആ രാത്രിയില്‍. സര്‍പ്പക്കായകളില്‍ ഉമിനീര്‍ കക്കി എവിടേക്കോ ഇഴഞ്ഞു മറഞ്ഞുപോകുന്ന സര്‍പ്പങ്ങള്‍. ഇളംചുവപ്പും പച്ചയും കലര്‍ന്ന സര്‍പ്പക്കായകള്‍ അകം പഴുത്തുചുവന്ന്, തൊലി കറുത്ത് വീര്‍ത്തു കിടന്നിരുന്നു. നിലാവിന്‍റെ കണ്ണുകളില്‍ നോക്കാതെ, ഉറക്കം വരാതെ അവള്‍ തലകുമ്പിട്ടിരുന്നു. മുരിക്കിന്‍പൂവുകള്‍ വന്യമായ നിറം പുരട്ടി പിന്‍മുറ്റമാകെ നിറഞ്ഞുകിടന്നു. പിറുപിറുത്തുകൊണ്ട് രാക്കാറ്റ് വീടും പറമ്പും വലംവെച്ച് മുരിക്കിന്‍കൊമ്പില്‍ മെല്ലെയിരുന്ന് ഉറക്കം നടിച്ചു. ആ രാത്രി, തപാല്‍മുദ്രയുടെ കറുപ്പുവൃത്തത്തില്‍ നോക്കി അവള്‍ അയാളുടെ ജയിലും നഗരവും വീണ്ടും വീണ്ടും വായിച്ചെടുത്തു.
" ..... ഞാന്‍ നിങ്ങളെ കാണാന്‍ അങ്ങോട്ടു വരുന്നു . .. "
അവള്‍ കത്തെഴുതി മടക്കി.
കാട്ടുമുല്ലപ്പൂക്കള്‍ കൊഴിഞ്ഞു മണ്ണടിഞ്ഞ ഇടവഴി കടന്ന്, ആ കത്ത് പോസ്റ്റ് ചെയ്യാന്‍ പോയ ദിവസം മാസങ്ങള്‍ ചിലത് കടന്നു പോയിട്ടും അവളുടെ ഓര്‍മ്മയില്‍ തെളിഞ്ഞുനിന്നു.
ദിവസങ്ങള്‍, അവള്‍ക്കും അയാള്‍ക്കുമിടയിലെ അകലം പോലെ നീണ്ട് ഇഴഞ്ഞ് കടന്നുപോയി. പരീക്ഷാകാലങ്ങള്‍ക്കിടയിലെ ഒരു ദിവസമാണത് സംഭവിച്ചത്. രസതന്ത്രലാബിലെ അവള്‍ക്കജ്ഞാതമായ ഏതോ പ്രതിപ്രവര്‍ത്തനത്തിനിടയില്‍ കൈയ്യിലിരുന്ന ടെസ്റ്റ്‌ട്യൂബ് ഒരു പൊട്ടിക്കരച്ചിലോടെ ചിതറിവീണതും, പൊള്ളിയും ഗ്ലാസ് കഷ്ണങ്ങള്‍ തറച്ചും മുഖം വികൃതമായതും...
ഓര്‍മ്മകളില്‍ വെന്തുടഞ്ഞ അവളുടെ തലച്ചോര്‍, പലപ്പോഴും വര്‍ത്തമാനത്തോടു സമരസപ്പെടാതെ പിണങ്ങിനിന്നു.
കൊച്ചുമകളുടെ വടുക്കള്‍ പരന്ന കറുത്തമുഖം വീണ്ടും കരുവാളിക്കുന്നത് കണ്ട് അമ്മമ്മ ആധിയോടെ വീടാകെ ഓടി നടന്നു.
" ഈ കത്തെഴുതുന്ന ആളെ എനിക്ക്....ന്തായാലും കണ്ടേ പറ്റൂ... അമ്മമ്മേ..."
അവള്‍ ദീനസ്വരത്തില്‍ ശഠിച്ചു.
" മിണ്ടാതെ കെടന്നോളൂ... മൊഖമനക്കണ്ടാ... മുറിവ് വലിഞ്ഞുപൊട്ടും."
കാണാന്‍ ചെല്ലുന്നുവെന്ന് അറിയിച്ചശേഷം അയാളുടെ കത്തുകളൊന്നും അവള്‍ക്കായി വന്നില്ല; അത് മാത്രമായിരുന്നു കൗമുദിയമ്മയുടെ ആശ്വാസം. എന്നാല്‍ കൊച്ചുമകളുടെ ദയനീയമായ നിര്‍ബന്ധത്തിനു മുന്നില്‍ അവര്‍ പതറി.
അച്ഛനുമമ്മയും ഇല്ലാത്ത കുഞ്ഞല്ലേ ?! അവളുടെ കരച്ചിലിന് മുമ്പില്‍ പകച്ച്, അവര്‍ക്ക് ഒരിക്കല്‍ തോല്‍ക്കേണ്ടി വന്നു.
ആദ്യമായാണ് അവര്‍ ജയില്‍ കാണുന്നത്.
ഗേറ്റിനപ്പുറത്തെ ഇടനാഴിയുടെ ശ്വാസംമുട്ടിക്കുന്ന ഈര്‍പ്പം.
കൗമുദിയമ്മ അക്ഷമയോടെ കാത്തു നിന്നു.
" ... ഒരു മാസാവാറായീ മരിച്ചിട്ട്..... അപസ്മാരണ്ടാര്‍ന്നല്ലോ.... ആരും കണ്ടില്ല. കണ്ണുതുറിച്ച് പിടച്ചു പിടച്ച് തലയടിച്ചു തറയില് വീണു. മുഖം തകര്‍ന്നുപോയി. ചോരവാര്‍ന്നു തീരാറായപ്പോഴാ കണ്ടത് ...."
പോലീസുകാരന്‍റെ ഇത്തിരിക്കനിവൂറിയ കണ്ണുകളിലേക്ക് കൗമുദിയമ്മ നോക്കിനിന്നു.
കത്തുകള്‍ ചേര്‍ത്തുകെട്ടി ഭദ്രമാക്കിയ പൊതി, കൊച്ചുമകള്‍, നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു. വേപ്പുമരത്തിലിരുന്ന് മധുരഗാനം പാടുന്ന കാണാക്കിളിയെ തേടുകയായിരുന്നു അവളപ്പോള്‍.
" നിങ്ങള്‍ അയാള്‍ടെയാരാ ....? "
കാക്കിധാരി പുരികമുയര്‍ത്തി, മുഖത്തു തെളിയുന്ന ചോദ്യചിഹ്നത്തോടെ ചോദിച്ചു.
കൗമുദിയമ്മ ഞെട്ടി.
അയാള്‍ടെ ആരാ നമ്മള്‍ ?! നമ്മടെ ആരാ അയാള്‍ ?!
" അല്ല.... ആര്വല്ല.... വെറുതെ,കാണാന്‍ വന്നതാ... ഞങ്ങടെ ആര്വല്ലാ..."
" ഭാര്യേനേം കുട്ടീനേം വെഷം കുടിപ്പിച്ചുകൊന്ന കേസാ. വയനാട്ടില് കൃഷിപ്പണിയാര്‍ന്നു അയാള്‍ക്ക്. കടം കേറി നാശായി. അയാളും വെഷം കുടിച്ചതാ പോലും. ചികില്‍സേല് രക്ഷപെട്ടു. കോടതിക്ക് അതൊന്നുമറിയണ്ടാലോ.... ശിക്ഷിച്ചു !"
ആ വൃദ്ധമനസ്സ് നിര്‍ത്താതെ വിറച്ചു.
ഇനിയിവിടെ നില്ക്കണ്ടാ പൊയ്ക്കോളൂ എന്ന് വാര്‍ഡന്‍ മുരണ്ടപ്പോള്‍ അവര്‍ തിരികെ നടന്നു.
കൊച്ചുമകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്ന പൊതിക്കെട്ടിലുള്ള കത്തുകളിലെ സുന്ദരമായ അക്ഷരങ്ങള്‍, വിഷത്തിന്‍റെയും മരണത്തിന്‍റെയും കരിനീലനിറം തീണ്ടിയവയാണെന്ന് ഓര്‍ത്തപ്പോള്‍ അവര്‍ വിളറി.
തീപ്പൊരിവീണ നീറ്റലോടെ കണ്ണുനിറച്ച് കൗമുദിയമ്മ അവളെ നോക്കി. അവരുടെ തൊണ്ട നിറഞ്ഞു.
" അയാളെ കണ്ടോ അമ്മമ്മേ ... ?"
അവള്‍ അമ്മമ്മയുടെ വിറയ്ക്കുന്ന മുഖത്തേയ്ക്കു നോക്കി.
" അയാള്‍ ഇവിടില്ല മോളേ ...എവിടെയോ പോയി. അയാള്‍ ആരോ ആര്ന്ന്... ആരോ..."
അവര്‍ അവളുടെ മുഖത്തെ ഉണങ്ങിയ വടുക്കളില്‍ അമര്‍ത്തി ഉമ്മ വെച്ചു.
മുക്കാലും നരച്ചമുടിയിഴകള്‍ ഒതുക്കിവെച്ച് പ്രായം തളര്‍ത്തിയ ശരീരത്തിന്‍റെ പാരവശ്യം ഒളിച്ചുവെച്ച് ആ വൃദ്ധ കൊച്ചുമകളെയും കൊണ്ട് നീണ്ടവഴിയിലേക്കിറങ്ങി.
ഉച്ചവെയില്‍ തിളച്ചു കൊണ്ടിരുന്നു.
അയാളെ കേള്‍പ്പിക്കാന്‍ ഓര്‍ത്തുവെച്ച വരികള്‍ അവള്‍ പതുക്കെ ചൊല്ലിത്തുടങ്ങുമ്പോള്‍, കനത്ത മതിലിനുപുറത്ത്, വേപ്പ് മരച്ചില്ലയുടെ കാണാമറയത്തിരുന്ന് ഒരു കണ്ണില്‍പ്പെടാക്കിളി ഉറക്കെയുറക്കെ കരഞ്ഞു.
O
ഫോണ്‍ - 9447276955

ഒരു ട്രാജഡി കഥ ആയിരുന്നെങ്കില്‍ വായിക്കുമായിരുന്നില്ല എന്ന് കരുതിയതാ... പക്ഷെ നല്ല വര്‍ണ്ണന ... നല്ല കഥാ തന്തു...
ReplyDeleteസന്ദേശം മനസ്സിലായില്ല ... എന്റെ അറിവില്ലായ്മ തന്നെ കാരണം
ആ കിളി ഇപ്പഴും കരയുന്നുണ്ടായിരിയ്ക്കും അല്ലേ...?
ReplyDeleteപേരു നല്‍കാനാവാത്ത ഹൃദയ ബന്ധങ്ങളുടെ പെരുപ്പം പലപ്പോഴും ബോധ്യപ്പെടുത്താനാവാതെ ഉള്ളിന്‍റെയുള്ളില്‍ തേങ്ങി കൊണ്ടേയിരിയ്ക്കും..ഇഷ്ടായി ട്ടൊ.
" ഭാര്യേനേം കുട്ടീനേം വെഷം കുടിപ്പിച്ചുകൊന്ന കേസാ. വയനാട്ടില് കൃഷിപ്പണിയാര്‍ന്നു അയാള്‍ക്ക്. കടം കേറി നാശായി. അയാളും വെഷം കുടിച്ചതാ പോലും. ചികില്‍സേല് രക്ഷപെട്ടു. കോടതിക്ക് അതൊന്നുമറിയണ്ടാലോ.... ശിക്ഷിച്ചു !"
ReplyDeleteഎനിക്ക് ഇഷ്ടമായി തുടര്‍ന്നും എഴുതുക
ReplyDeletenalla katha.
ReplyDeleteനല്ല എഴുത്ത് -നല്ല കഥ....
ReplyDeleteഅയാളെ കേള്‍പ്പിക്കാന്‍ ഓര്‍ത്തുവെച്ച വരികള്‍ അവള്‍ പതുക്കെ ചൊല്ലിത്തുടങ്ങുമ്പോള്‍, കനത്ത മതിലിനുപുറത്ത്, വേപ്പ് മരച്ചില്ലയുടെ കാണാമറയത്തിരുന്ന് ഒരു കണ്ണില്‍പ്പെടാക്കിളി ഉറക്കെയുറക്കെ കരഞ്ഞു.
ReplyDeleteഇഷ്ടായി...നല്ല കഥ...കിളിയുടെ കരച്ചില്‍ കാതുകളില്‍....
ആശംസകള്‍...