Saturday, January 29, 2011

മിത്തുകള്‍ക്കപ്പുറം

ആലപ്പാട്,ആറാട്ടുപുഴ - ഒരു ചരിത്രാന്വേഷണം

ചരിത്രം
അരുൺ.എസ്‌.കാളിശേരി
                                     മ്മുടെ ചരിത്രമെഴുത്തുകാരെപ്പോലെ ഇഷ്ടപ്രകാരം അതാതുകാലത്തെ താല്പര്യങ്ങള്‍ക്കനുസരിച്ച് വ്യക്തിപരവും സ്വാധീനിക്കപ്പെടുന്ന വിധത്തിലും ചരിത്രം എഴുതിവെയ്ക്കാമെന്ന ക്ലീഷേ എഴുത്തോടെ, ഒരന്വേഷണമാണ്‌ ഇത്.


പലവിധ ചരിത്രാന്വേഷണങ്ങള്‍ക്കൊടുവില്‍ എത്തപ്പെടുന്നതാവട്ടെ ഒരു പാതി നേരുപോലുമാവില്ല എന്നുറപ്പ്. പറഞ്ഞു തന്നവര്‍ക്കൊക്കെ  ഒരായുസ്സിന്‍റെ പങ്കുവെക്കല്‍  മാത്രമായിരുന്നു, ഒരു മിത്തുമായി കൂടിച്ചേര്‍ന്നുകിടക്കുന്ന ഭൂതകാലത്തിന്‍റെ പതംപറച്ചിലുകള്‍ . എത്രനേര് എന്നൊരു അന്വേഷണം നടത്തുന്നതിനേക്കാള്‍ ഒരു സമൂഹം മിത്തായി ചരിത്രം പറയുമ്പോള്‍ ആ സമൂഹത്തിന്‍റെ സാംസ്കാരിക പാപ്പരത്തമാണതെന്ന് ചില ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് എന്നത് മറന്നുകൂടാ. അതിനിടെ കാഞ്ച ഏലയ്യയൊക്കെ കയറി നമ്മുടെ പതിവ് ചരിത്രവായന തടസ്സപ്പെടുത്തും. പരശുരാമന്‍ മത്സ്യതൊഴിലാളികളെ ദൈവത്തെ ശുശ്രൂഷിക്കുന്നവരാക്കുകയും അദ്വൈതം പഠിപ്പിച്ചു കേരളബ്രാഹ്മണരാക്കുകയും ചെയ്തു എന്നൊരു പറച്ചില്‍ ചില സമയത്ത് കേട്ടതൊഴിച്ചാല്‍ - കേട്ട ചരിത്രം ചുരുക്കി പറയാം.


ഒരു മഹാപ്രളയത്തിന് ശേഷം ഉണ്ടായ ഭൂമിയാണ്‌ ഇന്ന് കാണപ്പെടുന്ന മലയാളമണ്ണ്. ഈ ഭൂമിശാസ്ത്രവസ്തുത കണക്കിലെടുത്ത്, പ്രവാസപ്പെട്ട് എത്തിയ ഒരു വന്‍ജനവിഭാഗമാണ്‌ ആദ്യം ഇവിടെ പാര്‍പ്പുതുടങ്ങിയത് എന്ന് അനുമാനിക്കണം. കാവേരിപൂംപട്ടണത്തില്‍ നിന്ന് വന്നവരാണ് ആലപ്പാട്ടുകാരെന്ന് പറയവെ തെളിവില്ലാത്തതിനാല്‍ അന്തിച്ചു നോക്കുമ്പോള്‍ അന്തിവാനം ചോന്നു തുടുത്തു കിടക്കുന്നു.

ആദിമമനുഷ്യരൊക്കെയും ആയുസ്സ് പലതുകൊണ്ട്  നടന്നുനടന്നും  ഇരയെ വേട്ടയാടിപ്പിടിച്ചും അല്ലെങ്കില്‍ മറ്റേതെങ്കിലും ശക്തികളാല്‍ വേട്ടയാടപ്പെട്ട്‌ ഓടി രക്ഷപെട്ടെത്തിയതോ ആവാം. അങ്ങനെ അന്നത്തെ തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍  നിന്നും വന്നു ചേര്‍ന്ന മലയാളിക്ക്, പെറ്റമണ്ണിനോട് കൂറില്ലാത്തത്തിന്‍റെ പൊരുള്‍ പിടികിട്ടുന്നതിവിടെവെച്ചാണ്. അന്യനാട്ടില്‍ നിന്നും ഓടിയെത്തിയവന് വന്നുനിന്ന മണ്ണിനോട് കിതപ്പ്മാറ്റിയ കടപ്പാട് മാത്രമേ കാണൂ. വീണ്ടും പ്രവാസപ്പെടാനുള്ള മനസ്സുമായി ജീവിക്കുമ്പോള്‍ കമിഴ്ന്നു വീണു കാപ്പാക്കേണ്ട ആവശ്യമില്ല. അത്ര തന്നെ. മലയാളമണ്ണിന്‍റെ കഷ്ടകാലത്തിന്‍റെ പൊരുളും അതാണ്‌. പെറ്റമ്മയൊന്നുമല്ലാത്ത മണ്ണ്. വെറും പോറ്റമ്മ. വെറുതെ വാരിവിറ്റിട്ടെങ്കിലും പത്ത് പുത്തനുണ്ടാക്കാന്‍ കൈചൊറിയുന്നത് അതു കൊണ്ടാകാം.


രാജഭരണകാലത്ത് ഓണാട്ടുകരയുടെ ഭാഗം തന്നെയായിരുന്നു ആലപ്പാടും ആറാട്ടുപുഴയും. പഴയ കാര്‍ത്തികപ്പള്ളി -കരുനാഗപ്പള്ളി താലൂക്കുകളില്‍ പെടുന്ന ഭാഗങ്ങള്‍ . കായംകുളം രാജാവിന്‍റെ കീഴിലായിരുന്നു ഇവിടം. ആറാട്ടുപുഴ ഭാഗം  ഒരു പ്രമുഖ വ്യാപാരമേഖല കൂടിയായിരുന്നു. അറബുനാടുകളില്‍ നിന്നും മുസ്ലീം വ്യാപാരികള്‍ ഉരുക്കളിലെത്തി മലഞ്ചരക്കുകള്‍ ശേഖരിച്ചിരുന്ന സ്ഥലം. എല്ലാ വിഭാഗം ജനങ്ങളും ഇവിടെ താമസിച്ചിരുന്നു. ഇന്ന് കാണുന്ന ആലപ്പാട്ടേക്കെത്തുമ്പോള്‍  മത്സ്യതൊഴിലാളികളായ ഹിന്ദുക്കളെ കൂടാതെ ക്രിസ്ത്യാനികളുടെ ചെറുവിഭാഗവുമുണ്ട്. 1500-കളിലെ പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍റെ ബാക്കിപത്രവും കാണാനാവും. പണ്ടാരത്തുരുത്ത് എന്ന പ്രദേശത്ത്‌ ഒരു  പോര്‍ച്ചുഗീസ് പള്ളി പരിക്കുകളോടെ ഇപ്പോഴുമുണ്ട്.


പോര്‍ച്ചുഗീസ് പള്ളി - പണ്ടാരത്തുരുത്ത്


തിരുവിതാംകൂര്‍ ആക്രമണത്തില്‍ കായംകുളംരാജാവ് അഭയം തേടിയെത്തിയത്‌ ആറാട്ടുപുഴ ഭാഗത്താണെന്നും തെക്കുനിന്നുള്ള ആക്രമണം തടയാനായി രാജാവിന്‍റെ നിര്‍ദ്ദേശാനുസരണം കടലും കായലും ഒന്നിച്ചുചേര്‍ത്തു 'പൊഴി' രൂപപ്പെടുത്തി എന്നും ചരിത്രവായന. തുടര്‍ന്ന് ആറാട്ടുപുഴയുടെ കടല്‍ത്തീരവ്യാപാരം തകര്‍ത്ത് ആലപ്പുഴ തുറമുഖപട്ടണം സ്ഥാപിച്ചത് ദിവാനായിരുന്ന രാജാകേശവദാസ്. 1746ല്‍ കായംകുളം രാജ്യം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. പഴയ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആദ്യ സ്കൂള്‍ ആലപ്പാട് അഴീക്കലായിരുന്നു. നല്ലൊരു ചന്തയും അഴീക്കലുണ്ടായിരുന്നു. സൂര്യന്‍റെ ചിഹ്നം പതിപ്പിച്ച ചെമ്പട്ട് ബ്ലൌസിടുന്ന പെണ്ണുങ്ങളുണ്ടായിരുന്നെന്നും ക്രയ-വിക്രയത്തിന് സ്വര്‍ണ്ണനാണയങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും സ്വപ്നം കാണുമ്പോലെ കേട്ടിരുന്നു മടങ്ങുമ്പോള്‍ , പഴയ ചന്ത നിന്ന സ്ഥലത്തിനു കുറുകെ ടാറിട്ട ഒരു റോഡ്‌ കിടക്കുന്നു.


ഒരിക്കല്‍ ഒരു ചാനല്‍ മാറ്റത്തിനിടയില്‍ അബദ്ധത്തില്‍ കാണുന്നത് ഒരു അമ്പലം - ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. തീപ്പെട്ട ക്ഷേത്രം പുതുക്കിപ്പണിതതും വിഗ്രഹം കൊണ്ടുവന്നു വെച്ചതും പെരുന്തച്ചനാണെന്നും; മറ്റൊരു കഥയായി കരുനാഗപ്പള്ളിയിലെ അരയന്മാര്‍ക്ക് വിഗ്രഹം കടലില്‍ നിന്നും കിട്ടിയതാണെന്നും പറയുന്നുണ്ട് ടി.വി.നരേറ്റര്‍ .ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം


ക്ഷേത്രകഥകളും ഐതിഹ്യങ്ങളും ഇഷ്ടമുള്ള പോലെ ചമച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി, ആറ്റില്‍പ്പോയ വിഗ്രഹം മുങ്ങിയെടുത്തതാണെന്ന് പറയുമ്പോള്‍ ആലപ്പാട്ടുകാരായ മനുഷ്യരൊക്കെയും അത് അലമുറയിട്ടു നിഷേധിക്കും.1800 ലധികം വര്‍ഷങ്ങളുടെ കണക്കുകാണിച്ച് ആലപ്പാട് വാണ ആദിശ്ശമൂത്തരയന്‍റെ മകളായി പാര്‍വതീദേവി ജനിച്ച കഥ പറയും. ആ കഥ,പരിശ്ശംവെയ്പ്പോടെ ഇന്നും തുടരുന്നു. ഒരിക്കല്‍ ഭഗവാന്‍ ശ്രീമുരുകന്‍ ശനിയുടെ തുടക്കസമയത്ത്, അമ്മ പാര്‍വതിദേവിയും അച്ഛന്‍ പരമശിവനും സംസാരിക്കുന്നത് പരംപൊരുളിന്‍റെ അര്‍ത്ഥമാണെന്നു കരുതി അത് കേട്ടുമനസ്സിലാക്കാന്‍ ഒരു വണ്ടിന്‍റെ രൂപത്തില്‍ പാര്‍വതീദേവിയുടെ മുടിക്കെട്ടില്‍ ഒളിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പരമശിവന്‍ മകനെ ശപിച്ചു. വെറുക്കപ്പെടുന്ന   ഒരു മത്സ്യമായി തീരട്ടെ എന്നായിരുന്നു ശാപം. ആലപ്പാടിനടുത്തുള്ള കടലിലാണ് ഈ ഉഗ്രമത്സ്യം എത്തപ്പെട്ടത്. ശാപത്തില്‍ നിന്നും മകനെ രക്ഷിക്കണമെന്ന് പറഞ്ഞുകരഞ്ഞ പാര്‍വതീദേവിയോട് ശിവന്‍ തന്നെ ശാപമോക്ഷത്തിന്‍റെ കഥയും പറഞ്ഞു.


അങ്ങനെ പാര്‍വതീദേവി ആലപ്പാട്ട് ആദിശ്ശമൂത്തരയന്‍റെ മകളായി ജനിച്ചു. ശനിയുടെ അപാരതയില്‍ മുരുകനെന്ന മത്സ്യം വളര്‍ന്ന് ഭീമാകാരമായി, മത്സ്യബന്ധനത്തെ തടസ്സപ്പെടുത്താന്‍ തുടങ്ങി.കടലില്‍ തുഴയിറക്കാന്‍ തന്നെ തീരത്തുള്ളവര്‍ക്ക് ഭയമായി. തീരം പതിയെ പട്ടിണിയിലായി. അവര്‍ നാട്ടുരാജാവുമായി ആലോചിച്ചു. രാജാവായ ആദിശ്ശമുത്തരയന്‍ വിളംബരം ചെയ്തു - ഈ മകരമത്സ്യത്തെ പിടിച്ചുകെട്ടി കരയിലെത്തിക്കുന്നവര്‍ക്ക് തന്‍റെ പകുതിരാജ്യം  നല്‍കുകയും മകളെ വിവാഹം ചെയ്തുകൊടുക്കുന്നതുമായിരിക്കും. പലരും പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടു. ഒടുവില്‍ വടക്കുദേശത്തു നിന്നും ഒരു വൃദ്ധന്‍ എത്തുകയും കടല്‍ത്തീരത്തു കാണപ്പെടുന്ന 'അടുമ്പി' എന്ന വള്ളിച്ചെടി ഉപയോഗിച്ച് മത്സ്യത്തെ ബന്ധിക്കുകയും ചെയ്തു. താന്‍ ശിവനാണെന്നും ഭഗവാന്‍ മുരുകനാണ് മകരമത്സ്യമെന്നും വൃദ്ധന്‍ വെളിപ്പെടുത്തുകയും തുടര്‍ന്ന്  മുരുകനെ ആലപ്പാട്ട് പ്രതിഷ്ഠിച്ചശേഷം നടന്നു നീങ്ങിയ ശിവനും പാര്‍വതിയും 'ചെന്നു നില്‍ക്കുന്ന ഊരി'ല്‍ തങ്ങളെ  പ്രതിഷ്ഠിക്കണമെന്നുള്ള  ആഗ്രഹപ്രകാരം 'ചെങ്ങന്നൂരി'ല്‍ ക്ഷേത്രം നിര്‍മ്മിച്ചുവെന്നുമുള്ള കഥ ആലപ്പാട്ടെ ഏതൊരു കൊച്ചുകുട്ടിയും നീല അടുമ്പി പൂവിറുത്തു കാട്ടി പറയും.


കായംകുളം പൊഴിയില്‍ നിന്നുള്ള ദൃശ്യം


ഇന്നും വര്‍ഷാവര്‍ഷം തങ്ങളുടെ മകളുടെ വിവാഹത്തിനു സ്ത്രീധനവുമായി ആലപ്പാട്ടുകാര്‍ ചെങ്ങന്നൂര്‍ക്ക് പോകാറുണ്ട്. ഇതിന്‍റെ മറ്റു രൂപത്തിലുള്ള നിരവധി കഥകള്‍ പല സ്ഥലത്തും പ്രചരിച്ചിട്ടുണ്ട്. അതിലൊന്നാണ് വലവീശുപുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.


ഈ ഐതിഹ്യത്തിന്‍റെ ഏകദേശകണക്കും മറ്റു ചില കണക്കുകളും കൂട്ടിക്കിഴിക്കുമ്പോള്‍ കാഞ്ച ഏലയ്യ വന്നിരുന്നു നെഞ്ചിലൊരു ബല്ലേ ബല്ലേ അടിക്കുന്നു. ഏലയ്യ പറയുന്നത് ഹിന്ദുമതം തെക്കേഇന്ത്യയിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 2000 വര്‍ഷം ആകുന്നു എന്നാണ്. ഇതിന് ഉപോല്‍ബലകമായി 2000 വര്‍ഷം പഴക്കമുള്ള ക്രിസ്തുമതത്തിന്‍റെ ജനനവും വ്യാപനവും വായിച്ചെടുക്കുമ്പോള്‍ ഹിന്ദുമതം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാന്‍ കാരണമായിട്ടുള്ളതെന്താണെന്ന് വ്യക്തമാകും. തെക്കേഇന്ത്യയിലെ ഐതിഹ്യങ്ങളുടെ പ്രായം 2000  വര്‍ഷത്തോളമാണെന്നുള്ള വസ്തുതയും രാമേശ്വരം,രാമനാഥപുരം,പഴനി,ആലപ്പാട് എന്നിവിടെ പ്രചരിക്കുന്ന കഥകളും ഇതിനോട് ചേര്‍ത്തു വായിക്കാം. ഏതായാലും ഇത്തരം കഥകളിലൂടെ സവര്‍ണ്ണഹിന്ദുക്കള്‍ വാസ്തവത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തിന് പുറത്ത് അധ:സ്ഥിതരായി കഴിഞ്ഞിരുന്ന ദളിതരെ കൂടി സവര്‍ണ്ണഹൈന്ദവവ്യവസ്ഥയുടെ ഭാഗമാക്കി നിലനിര്‍ത്തുന്നതിന്‍റെ ഒരു ചിത്രം ലഭിക്കും.


ആദ്യമായി ചെങ്ങന്നൂരമ്പലത്തില്‍ ചെല്ലുമ്പോള്‍ ദേവി തൃപ്പൂത്തായിരിക്കുകയാണ്. അമ്പലത്തിനു ചുറ്റും അകത്തും നോക്കി. ആലപ്പാട്ട് നിന്നാരെങ്കിലും വന്നിട്ടുണ്ടോ ? മകളുടെ കല്യാണത്തിന് സ്ത്രീധനവുമായി എത്തുന്ന ആലപ്പാട്ടെ പെണ്ണുങ്ങളുടെ മനസ്സാണെനിക്ക് പിടികിട്ടാനുള്ളത്. പെണ്ണിന് ആര്‍ത്തവമുണ്ടാവുമ്പോള്‍ പെണ്ണ് തന്നെ കൂട്ട് വേണ്ടേ എന്നിങ്ങനെ വേണ്ടാതീന വിചാരങ്ങളുമായി ഇത്തിരി നടക്കുമ്പോള്‍ കൊല്ലം പാസ്സഞ്ചര്‍ മലബാറിന് വേണ്ടി പിടിച്ചത് കൊണ്ട് കഷ്ടി രക്ഷപ്പെട്ടുകിട്ടുന്നു. എന്തായാലും കുടിച്ചു പൂസ്സായ 9.50 ന്‍റെ അഴീക്കല്‍- പൂക്കോട്ടുദേവി സ്റ്റേ ബസ്സിലിരിക്കുമ്പോള്‍ കവരിനൊപ്പം ചാടിയ വെണ്ണനിറത്തിന്‍റെ മീനിന് നേരറിയാമായിരിക്കും എന്ന് സമാധാനിച്ചു.

പൊഴിമുഖംകായംകുളം രാജാവ് യുദ്ധത്തില്‍ തോറ്റ് മരണപ്പെടാതിരിക്കാന്‍ അറബ് നാട്ടിലേക്ക് തുഴവെച്ച് പോയ ഉരു പുറപ്പെട്ടുപോയ പൊഴിയിലൂടെ മത്സ്യബന്ധനയാനങ്ങള്‍ ഒഴുകിപ്പോകുന്നത് നോക്കിയിരിക്കുമ്പോള്‍ കടലാഴി ഇനി ഒന്നും തെളിയാത്ത ചരിത്രത്തിന്‍റെ നീലത്താള് !

                                                                                     O
 ഫോണ്‍ - 9388516033   


                                                               റഫറന്‍സ്

ഞാനെന്തുകൊണ്ട് ഹിന്ദുവല്ല            - കാഞ്ച ഏലയ്യ 
അരയപ്പെരുമ                                             - ബി.ശിവന്‍ 
നാട്ടറിവുകള്‍                                               - ടി.ടി.ശ്രീ കുമാര്‍
കടലറിവുകള്‍                                        -             "
മാധ്യമം ഓണപ്പതിപ്പ് 2009 
ഭാഷാപോഷിണി 2009 
വലവീശുപുരാണം 
ഐതിഹ്യമാല 
തിരുവാചകം 
കെ.കെ.കുന്നത്ത് 

3 comments:

  1. ചിന്തകള്‍ക്ക്‌ സ്വാഗതം..

    ഒരു നല്ല പോസ്റ്റ്‌!!!
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  2. ആലപ്പാടിന്റെ ചരിത്രത്തേക്കാൾ അരുണിന്റെ ആഖ്യാന ചാരുതയറിയുകയെന്ന മുൻധാരണയോടെയാണു രചനയെ സമീപിച്ചത്. ചരിത്രം എക്കാലവും വീക്ഷണകോണുകളുടെ വ്യതിയാനങ്ങളിലൂടെയുള്ള നിർജീവമായ വിവരണങ്ങളായി ഭവിക്കാറുണ്ട്. അരുൺ അറിയപ്പെടുന്ന ചരിത്രകാരനല്ല, പക്ഷേ, അറിവുകളിൽ സ്ഫുടം ചെയ്ത കുറെയേറെ നഗ്ന സത്യങ്ങളേയും നാട്ടുചരിത്രത്തേയും ആത്മാർത്ഥതയോടെ അവതരിപ്പിക്കുന്നുണ്ട്. കവിയെഴുത്തിന്റെ അഴകിനൊപ്പം ഒരു പുതു വഴി കണ്ട അഹ്ലാദവും പകരുന്നു... ഭാവുകങ്ങൾ.

    ReplyDelete

Leave your comment