Saturday, January 22, 2011

കുടജാദ്രി നിറുകയില്‍

രാജേഷ് കടമാന്‍ചിറ
       9048066499


                               കുടജാദ്രി --- ദൈവിക  ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന പുണ്യഭൂമി. ഹരിതവനങ്ങളാല്‍ മൂടി, ആകാശം തൊട്ടു നില്‍ക്കുന്ന കുടജാദ്രിമലനിരകളുടെ വിദൂരദൃശ്യം പോലും ആരെയും ആകര്‍ഷിക്കുംവിധം മനോഹരമാണ്. എന്നാല്‍ കുടജാദ്രിയുടെ നിറുകയില്‍ എത്തിച്ചേരുക അല്പം ശ്രമകരമാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപത്തു നിന്നും ജീപ്പ് മാര്‍ഗം കുടജാദ്രിയിലേക്ക് യാത്ര ചെയ്യാം. ഏകദേശം രണ്ടര മണിക്കൂര്‍ നേരത്തെ യാത്ര വേണ്ടിവരും. മലമുകളില്‍ നിന്നും രണ്ടു കിലോമീറ്റര്‍ താഴെയായി  വാഹനപാത അവസാനിക്കുന്നു. വാഹനപാതയിലൂടെയല്ലാതെ കാടിനുള്ളിലൂടെ നടപ്പാതയുമുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് യാത്ര നടപ്പാതയിലൂടെയാക്കാം. വാഹനപാത അവസാനിക്കുന്നിടത്ത് രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്‌. അപൂര്‍വവും പുരാതനവുമായ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങളും മറ്റും ചെയ്യുന്ന രണ്ടു കുടുംബങ്ങള്‍ സമീപത്തായി താമസിക്കുന്നുണ്ട്. മലമുകളിലേക്ക് വരുന്നവര്‍ക്ക് ഇവര്‍ അത്യാവശ്യം താമസസൌകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.











ഇനി  നടന്നാണ് കയറേണ്ടത്. ചെങ്കുത്തായ കയറ്റങ്ങളും കുത്തനെയുള്ള ഇറക്കങ്ങളും പിന്നിട്ടുള്ള യാത്ര. ചിലയിടങ്ങളില്‍ നടപ്പാത വളരെ ഇടുങ്ങിയതാണ്. കാലൊന്നുതെറ്റിയാല്‍ പതിക്കുക അഗാധതയിലേക്കാവും. ഏറെ അപകടം പിടിച്ചതാണെങ്കിലും ഈ യാത്ര ഏതൊരു പ്രകൃതിസ്നേഹിയേയും അങ്ങേയറ്റം ആഹ്ലാദം കൊള്ളിക്കും.






ഒരുപാടു നിഗൂഡതകള്‍ കുടജാദ്രി മലനിരകളില്‍ ഒളിഞ്ഞു കിടക്കുന്നതായി പറയപ്പെടുന്നു. ഇല്‍മനൈറ്റ് അയിരുകള്‍ കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ മണ്ണ്. ബ്രിട്ടീഷ് ഭരണകാലത്ത്, ഖനനത്തിനുള്ള ചില മുന്നൊരുക്കങ്ങള്‍ ഉണ്ടായെങ്കിലും ശ്രമം പരാജയപ്പെടുകയാണുണ്ടായത്.





കുടജാദ്രിയുടെ ഉത്ഭവത്തെപ്പറ്റി പല പല കഥകളുണ്ട്. അവയില്‍ കൂടുതല്‍ പ്രചാരത്തിലുള്ള കഥ ഇതാണ്. രാമ-രാവണ യുദ്ധത്തില്‍ മൃതപ്രായനായ ലക്ഷ്മണനെ രക്ഷിക്കുവാന്‍ ഹനുമാന്‍  മൃതസഞ്ജീവനി തേടി ഹിമാലയത്തിലേക്ക് പോയി. എന്നാല്‍ മരുന്ന് കണ്ടുപിടിക്കാനാകാതെ കുഴങ്ങിയ ഹനുമാന്‍  മൃതസഞ്ജീവനി കാണപ്പെടുന്ന ചന്ദ്രധോണിഗിരി അപ്പാടെ അടര്‍ത്തിയെടുത്തുകൊണ്ടുവന്നു. ചികിത്സാശേഷം പൂര്‍വ്വസ്ഥാനത്തേക്ക് കൊണ്ടുപോയ ചന്ദ്രധോണിഗിരിയുടെ മുകള്‍വശത്തിന്‍റെ ഒരുഭാഗം അംബാവനത്തില്‍ അടര്‍ന്നുവീണു. മലയുടെ 'കൊടി'ഭാഗം തലകീഴായി വീണതാണത്രേ 'കൊടജാദ്രി'. ആ വാക്ക് പറഞ്ഞുപഴകി കുടജാദ്രിയായി. 






നടപ്പാതയിലൂടെ നടന്ന് ഗിരിമുകളില്‍ എത്തിച്ചേരുമ്പോള്‍ ഒരു ചെറിയ കല്‍മണ്ഡപം  കാണാം. മണ്ഡപത്തിനുള്ളില്‍ അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ഒരു ചെറിയ വിഗ്രഹമുണ്ട്. കലിയുഗത്തില്‍ ഇവിടെയിരുന്നാണ് അദ്ദേഹം സുപ്രസിദ്ധമായ 'സൌന്ദര്യലഹരി' രചിച്ചത്. 108 അദ്ധ്യായങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ദേവി അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായാണ് ഐതിഹ്യം. സംപ്രീതയായ ദേവിയോട് തന്‍റെ കൂടെവരുവാന്‍ ശങ്കരാചാര്യര്‍ ആവശ്യപ്പെട്ടു. തിരിഞ്ഞുനോക്കില്ല എന്ന വ്യവസ്ഥ പ്രകാരം ദേവി ശങ്കരാചാര്യരുടെ  കൂടെ ചെല്ലാം എന്ന് സമ്മതിച്ചു. ഇന്ന് കൊല്ലൂര്‍ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിയപ്പോള്‍, ദേവിയുടെ കാല്‍ചിലമ്പൊച്ച    നിലയ്ക്കുകയും, സംശയം തോന്നിയ ശങ്കരാചാര്യര്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. വ്യവസ്ഥ തെറ്റിച്ചത് മൂലം ദേവി തുടര്‍ന്നുള്ള യാത്ര അവസാനിപ്പിക്കുകയും കൊല്ലൂരില്‍ കുടികൊള്ളുകയും ചെയ്തു എന്നാണ്  ഐതിഹ്യം.






കരിങ്കല്‍ മണ്ഡപത്തിനപ്പുറം ചെങ്കുത്തായ ഇറക്കമാണ്. കഷ്ടിച്ച് ഒരാള്‍ക്ക്‌ മാത്രം  ഇറങ്ങാന്‍  കഴിയുന്ന കല്ലിടുക്കിലൂടെ താഴേക്കിറങ്ങിയാല്‍ ചിത്രമൂലയിലേക്കുള്ള നടപ്പാത കാണാം. തുടര്‍ന്നങ്ങോട്ട് പ്രകൃതി എല്ലാ സൌന്ദര്യങ്ങളോടും കൂടി തെളിവാര്‍ന്നു വരും. സുന്ദരദൃശ്യങ്ങളുടെ ഉത്സവം.






കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറക്കെട്ടിനു മുമ്പിലാണ് പാത അവസാനിക്കുന്നത് - ചിത്രമൂല. പാറക്കെട്ടിന്‍റെ ചുവട്ടില്‍ നിന്നും പത്തടിയോളം ഉയരത്തില്‍ ഗുഹാരൂപത്തിലുള്ള ഒരു വിള്ളലുണ്ട്. അവിടേക്ക് കയറുവാനായി ഒരു ഏണി  സ്ഥാപിച്ചിട്ടുണ്ട്. ശ്രദ്ധാപൂര്‍വ്വം ഏണിയിലൂടെ കയറി  ഗുഹയ്ക്കുള്ളില്‍  എത്തുമ്പോള്‍ ഒരു ചെറിയ ശിവലിംഗപ്രതിഷ്ഠ കാണാം. യോഗിവര്യനായ ബാബാജി ഈ ഗുഹയില്‍ തപസ്സനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു.








ചിത്രമൂലയ്ക്കപ്പുറം നിബിഡവനമാണ്. മനുഷ്യസ്പര്‍ശനമേറ്റിട്ടില്ലാത്ത ആ ഭാഗങ്ങളില്‍      ഒരുപാട് നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്നതായി തോന്നാം. 64 ഗുഹകളും 64 പുണ്യതീര്‍ത്ഥങ്ങളും 64  ദിവ്യൌഷദങ്ങളും പേറുന്ന പുണ്യഭൂമിയാണ്‌ കുടജാദ്രി എന്നാണ് പറയപ്പെടുന്നത്‌. മുകളിലുള്ള കല്‍മണ്ഡപത്തിന് അര കിലോമീറ്റര്‍ താഴെ കാണപ്പെടുന്ന ഗണപതിഗുഹ, ചിത്രമൂലയിലെ ഗുഹ എന്നിവ മാത്രമാണ് 64 ഗുഹകളില്‍  ദൃശ്യമാകുന്നത്. ഗണപതിഗുഹയ്ക്ക് താഴെയായി കാണുന്ന അഗസ്ത്യതീര്‍ത്ഥം, മൂലക്ഷേത്രത്തിന്  അര കിലോമീറ്റര്‍ താഴെയായി കാണുന്ന അര്‍ജ്ജുനതീര്‍ത്ഥം, ജീപ്പ്പാതയില്‍ ദൃശ്യമാകുന്ന ചക്രതീര്‍ത്ഥം, ദേവിയെ അഭിഷേകം ചെയ്യുവാനുള്ള ജലം ലഭിക്കുന്ന നാഗതീര്‍ത്ഥം, കുടിക്കുവാന്‍ ഉപയോഗിക്കുന്ന ജലം ലഭിക്കുന്ന കമണ്ഡലതീര്‍ത്ഥം, ഗൌരീതീര്‍ത്ഥം, ശങ്കരതീര്‍ത്ഥം, ഗോവിന്ദതീര്‍ത്ഥം എന്നിവ മാത്രമാണ് 64 തീര്‍ത്ഥങ്ങളില്‍ ദൃശ്യമാകുന്നത്. ഈ തീര്‍ത്ഥങ്ങള്‍ ഒഴുകി ഒന്നിച്ചു ചേരുന്നതാണ് 'സൌപര്‍ണിക'. 64   ദിവ്യൌഷധങ്ങളെ പറ്റിയുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ഇന്നും വ്യക്തമല്ല. വനാന്തര്‍ഭാഗങ്ങളില്‍ അമാനുഷികസിദ്ധികളുള്ള ഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിക്കുന്നുവെന്നും അവര്‍ക്ക് ഈ ഔഷധങ്ങളെപ്പറ്റി  അറിയാമെന്നും വിശ്വസിക്കുന്നവരുണ്ട്‌.
 









ഹൃദയത്തിന് കുളിരേകുന്ന കാഴ്ചകള്‍  തന്ന് മനം നിറച്ച് പ്രകൃതി ചുവപ്പണിയുമ്പോള്‍, മടങ്ങാന്‍  സമയമായി എന്ന് ആരോ വിളിച്ചു പറഞ്ഞു. ദുര്‍ഘടമായ ഇറക്കങ്ങളിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ മനസ്സ് ഇവിടെ എവിടെയോ നഷ്ടപ്പെട്ടതായി തോന്നിയെങ്കില്‍ സത്യമാണ്. അതു തിരികെയെടുക്കാന്‍ പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന ഈ പുണ്യഭൂമിയിലേക്ക്‌ വീണ്ടും വീണ്ടും വരാതിരിക്കാനാവില്ല.
                                                       O


 ചിത്രങ്ങള്‍ - രാജേഷ്‌ കടമാന്‍ചിറ,അനീഷ്‌
          
                                       THE CREW
  RAJESH,ARAVIND,ABHILASH

15 comments:

  1. ഈ സാഹസിക യാത്രയില്‍ കൂടെ കൂട്ടിയതിന്‍ നന്ദി..

    ReplyDelete
  2. Harithabhamaya Bhoomiyude Alphutha Sthambhangal Manasu Kulirpikkunnu...

    ReplyDelete
  3. Very nice experience.. By Chanchesh Ayyampilly.

    ReplyDelete
  4. kollam, your creativity can conqur the world....

    ReplyDelete
  5. i like adventures... i loved it. ur imagination is wonderful..

    ReplyDelete
  6. i appreciate your excellency in photography skills... u will be someone some day..

    ReplyDelete
  7. very perfect photographs
    by
    ARUN

    ReplyDelete
  8. Rajesh chetta superrrrrrr. Inium orupadu valaratte ennu ashamsikunnu
    by
    ANAND(SILENT TIGERS)

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട്, പക്ഷെ വിവരണം കുറച്ചുകൂടി ആവാമായിരുന്നു . . .

    ReplyDelete
  10. hai rajeesh very nice u r lucky man

    ReplyDelete
  11. ഞാന്‍ പോയിട്ടുണ്ട് ഇഇടെ നടന്നു തന്നെ വനത്തിനുള്ളിലൂടെ ,വിഷ്ണുവിന്റെ അഭിപ്രായം ആണെനിക്കും .ആ യാത്രയുടെ ത്രില്‍ ഇന്നും പോകാത്തത് കൊണ്ടാകാം

    ReplyDelete

Leave your comment