Saturday, January 1, 2011

RIGHT ANGLE

 അനന്യമായ വീക്ഷണകോണില്‍ നിന്നും കാഴ്ചകളിലേക്കുള്ള  ഫോക്കസ്


ആലുംകടവ് 
                                                  

                                                     കായലും കയറും കഥ പറയുന്ന ആലുംകടവ്, ഇന്ന് ഗതകാലപ്രൌഡിയുടെ മായാത്ത ഓര്‍മകളുടെ ഓളങ്ങളേറ്റു കിടക്കുന്നു. കൊല്ലം-കോട്ടപ്പുറം ദേശീയജലപാതയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്ന ഈ കടവ്,കരുനാഗപ്പള്ളി താലൂക്കിലെ ഏറ്റവും ജനനിബിഡമായ പ്രദേശമായിരുന്നു. കേവുവള്ളങ്ങളും കയര്‍റാട്ടുകളും അന്യമായിത്തീര്‍ന്ന ഗ്രാമം, ഇന്ന് കാലത്തിന്‍റെ അനിവാര്യമായ നിശബ്ദതയിലാണ്ടു കിടക്കുന്നു.






സംസ്ഥാനത്തെ ആദ്യത്തെ ഹൌസ്ബോട്ട് നിര്‍മ്മാണകേന്ദ്രമാണ് ആലുംകടവ്. പുത്തന്‍ തലമുറയ്ക്ക് ഹൌസ്ബോട്ടുകള്‍ മാത്രമേ പരിചയമുള്ളു. പഴയ തലമുറയ്ക്ക് ഇന്നത്തെ ഹൌസ്ബോട്ടുകള്‍ കെട്ടുവള്ളങ്ങളായിരുന്നു. ജലഗതാഗതത്തിന്‍റെ സുവര്‍ണ്ണനാളുകളില്‍ കയറും കൊപ്രയും കപ്പയും ചാരവും നിറച്ച്, കൊല്ലം,കോട്ടയം കമ്പോളങ്ങളിലേക്ക് 'ഊന്നിപ്പോയിരുന്ന' കേവ് വള്ളങ്ങള്‍ വിസ്മൃതിയിലായി. കരയ്ക്ക്‌ കയറ്റിവെച്ചിരുന്നവ ഭാഗ്യം കൊണ്ട് ഹൌസ്ബോട്ടുകളായി.







കായലോളങ്ങളെ വകഞ്ഞു മാറ്റി നിരന്തരം മോട്ടോര്‍ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന കാലത്ത്, ഒരു 'റെഡിമറി'ല്‍ നിന്നും മലയാളത്തിന്‍റെ മഹാകവി ഓളങ്ങളിലേക്ക് ആണ്ടുപോയത് അധികം അകലെയൊന്നുമല്ല. ഇന്ന് റോഡു ഗതാഗതം പുരോഗമിച്ചു.
കായലിന് കുറുകെ പാലങ്ങളായി. തണ്ട് വലിച്ച വള്ളങ്ങള്‍ക്ക് എന്‍ജിനായി.
തുറയിലെ ജനത്തിന് ആരോഗ്യവും പോയി.





അഴീക്കല്‍ മുതല്‍ പൊന്മന വരെ 13 കി.മി നീളമുള്ളതും ഏകദേശം 300 മീറ്റര്‍ വീതിയുമുള്ള ആലപ്പാട് ഗ്രാമപഞ്ചായത്ത്, ആലുംകടവിന് പടിഞ്ഞാറ് ഭാഗത്ത്, തീരത്തെ തൊട്ടുകിടക്കുന്നു. മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ അവിടുത്തെ ജനതയ്ക്ക് വിദ്യാഭ്യാസരംഗത്ത് അതിശയിപ്പിക്കുന്ന കൈമുദ്രകളുണ്ട്. വേലുക്കുട്ടിയരയന്‍റെ  ജന്മദേശമായ തുറയില്‍, ജവഹറിലാല്‍ പ്രസംഗിച്ചിട്ടുണ്ട്. കരിമണല്‍ സമൃദ്ധമായ പ്രദേശത്തിന്‍റെ വടക്കുഭാഗത്തായി അമൃതാനന്ദമയി ആശ്രമം നിലകൊള്ളുന്നു.





കായലില്‍ തൊണ്ടഴുക്കി, തീരത്ത്‌ തല്ലി, റാട്ടില്‍ പിരിച്ച്, വൈകിട്ട് ചന്തയില്‍ കൊണ്ടുപോയി വിറ്റ്, വയറിന്‍റെ പുകച്ചിലടക്കിയിരുന്ന ഒരു ഗ്രാമീണജനതയായിരുന്നു ആലുംകടവിലുണ്ടായിരുന്നത്. മൂന്നാംമൂട് മുതല്‍ ആലുംകടവ് വരെ റോഡിനിരുവശവും വെള്ളിക്കോലുമായി 'കയര്‍കോളുകാര്‍' നിരന്നുനിന്നിരുന്ന സമ്പന്നമായ കാഴ്ച്ചയുടെ ഒരു കാലമുണ്ടായിരുന്നു. ഇന്ന് കട്ടച്ചകിരിയുമായി തമിഴ്നാട് ലോറികള്‍ വരുന്നുണ്ട്. എവിടെയൊക്കെയോ ചില കയര്‍പിരികളങ്ങള്‍.... പേപ്പര്‍സംഘങ്ങള്‍ ....



ആലുംകടവില്‍ ഏകദേശം നാല്‍പതുവര്‍ഷം മുന്‍പ് നിര്‍മ്മിച്ച ശുദ്ധജലസംഭരണി ഉയര്‍ന്നു തന്നെ നില്‍ക്കുന്നുണ്ടെങ്കിലും, കാലത്തിന്‍റെ പരിഷ്കരണപ്രക്രിയയില്‍ എന്നാണത്  തകരുന്നതെന്ന് പറയാനാവില്ല. ആലുംകടവിന് സ്വന്തമായുണ്ടായിരുന്ന 'ആലും' അടുത്ത കാലത്ത് നഷ്ടപ്പെടുകയുണ്ടായി. കഴിഞ്ഞ പെരുമഴക്കാലത്ത് കൂറ്റനാലിന്‍റെ ശിഖരം പൊട്ടിവീണു. ഏതോ പുണ്യത്താല്‍ മുറിയ്ക്കുവാന്‍ ഓര്‍ഡറായി. അരയാല്‍ മുത്തച്ഛന്‍റെ കരചരണാദികള്‍ ഭേദിക്കപ്പെട്ടു. ഇനിയിപ്പോള്‍ ഇവിടം 'കുറ്റിയാലുംകടവായി' പരിണമിക്കുമോ ? കാലം മറുപടി തരട്ടെ !




ഗൃഹാതുരത്വത്തോടെയെങ്കിലും ആലുംകടവിന്‍റെ കാറ്റും മണവും ഉള്‍ക്കൊള്ളുമ്പോള്‍, ചവുട്ടിനില്‍ക്കുന്ന ഈ മണ്ണിനെ, എല്ലാ ദൌര്‍ബല്യങ്ങളോടും കൂടി, മറ്റെന്തിനെക്കാളും സ്നേഹിക്കാതിരിക്കാനാവുമോ ?
                                                       O                      
                                                                                                                    

റഷീദ് ആലുംകടവ് 
9446662148

1 comment:

Leave your comment