Sunday, January 16, 2011

ECHO !


സംസ്കാരജാലകം                                                                                                                                                            
ഡോ.ആര്‍.ഭദ്രന്‍

              

                                   3










കെ.പി.അപ്പനെക്കുറിച്ച് പ്രൊഫ.എം.കൃഷ്ണന്‍നായരുടെ വെളിപ്പെടുത്തല്‍


 
                                 ചേര്‍ത്തല എസ്.എന്‍.കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു പ്രൊഫ.ടി.വി.വിജയന്‍. ഒരിക്കല്‍ തിരുവനന്തപുരം മോഡേണ്‍ ബുക്ക്ഹൌസില്‍ വെച്ച് പ്രൊഫ.എം. കൃഷ്ണന്‍നായരോട് പ്രൊഫ.വിജയന്‍റെ സംസാരത്തിനിടയിലെ ഒരു ചോദ്യം ഇതായിരുന്നു. കെ.പി.അപ്പനെക്കുറിച്ച് എന്താണ് അഭിപ്രായം? എം.കൃഷ്ണന്‍നായരുടെ  പ്രതികരണം ഇങ്ങനെ; "തെറ്റിദ്ധരിക്കയില്ലെങ്കില്‍ എന്‍റെ അഭിപ്രായം ഞാന്‍ പറയാം.
 HE IS A NUMBER ONE FAKE !"  (അദ്ദേഹം ഒന്നാംതരം ഒരു  കാപട്യക്കാരനാണ്). 

പ്രൊഫ.എം.കൃഷ്ണന്‍നായര്‍

കെ.പി.അപ്പന്‍

ഇത് കേട്ടു പ്രൊഫ.വിജയന്‍ ഞെട്ടിപ്പോയി.ഈ സംഭാഷണത്തിന് സാക്ഷിയായി മണര്‍കാട് St .MARY 'S കോളേജിലെ  ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഡോ.ബേബി എബ്രഹാമും ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലാണ് പ്രൊഫ. വിജയന്‍ ഈ വിവരം എന്നെ അറിയിച്ചത്.

പ്രൊഫ.ടി.വി.വിജയന്‍

ആകസ്മികമായ ഒരു പരിചയപ്പെടലായിരുന്നു അത്. കെ.പി.അപ്പന്‍ അന്തരിച്ചിട്ട് ഡിസംബര്‍ 15 ന് രണ്ടുവര്‍ഷം തികയുകയാണ്‌. മറ്റു പല ബുദ്ധിജീവികളായ എഴുത്തുകാരെയും പോലെ കെ.പി.അപ്പന്‍റെ ചിന്തയുടെയും സൌന്ദര്യ ബോധത്തിന്‍റെയും മഹത്വം കേരളം തിരിച്ചറിഞ്ഞിട്ടുണ്ടോ ? നിരൂപണരംഗത്ത് സര്‍ഗ്ഗാത്മകതയും സൌന്ദര്യബോധവും സൃഷ്ടിക്കാന്‍ കഴിയാത്ത ഇന്‍ഫീരിയര്‍ ഈഗോ ഉള്ള പലരും കെ.പി.അപ്പനോട് ഇങ്ങനെ ഒരു പക ഉള്ളിലടക്കിയിരുന്നു. കെ.പി.അപ്പനെക്കുറിച്ച് കേരളത്തിലെ രണ്ടു യൂണിവേഴ്സിറ്റി അധ്യാപകരുടെ സംഭാഷണത്തിലെ പ്രസക്തമായ ഭാഗം ഒരിക്കല്‍ 'എക്കോ'യില്‍ എഴുതുന്നതാണ്.


 ഹര്‍ഷോപഹാരം


ഒ.എന്‍.വി യെക്കുറിച്ച് വെണ്ണിക്കുളം ശ്രീകുമാര്‍ എഴുതിയ കവിതയാണ്‌ 'ഹര്‍ഷോപഹാരം' (ഭാഷാപോഷിണി ഒക്ടോബര്‍ 2010) പ്രതിഭാശാലികളായ ഒരുപാടു യുവകവികളെക്കൊണ്ട് മലയാളം ധന്യമാണ്. ഇപ്പോള്‍ എഴുതിത്തെളിഞ്ഞു വരുന്നവരുമുണ്ട്. അവരൊക്കെ നമ്മുടെ ആനുകാലികങ്ങളില്‍ കവിത അയച്ചാല്‍ പലപ്പോഴും അവര്‍ക്ക് മറുപടി കൊടുക്കാനുള്ള മര്യാദ പോലും കാണിക്കാതെ തമസ്കരിച്ചു തരിപ്പണമാക്കി രസിക്കുന്ന പലരും നമ്മുടെ ആനുകാലികങ്ങളുടെ  ഓഫീസുകളിലെ ഇരിപ്പിടങ്ങളിലുണ്ട്. പിന്നെ അവര്‍ സമാന്തരപ്രസിദ്ധീകരണങ്ങളിലാണ് അഭയം കണ്ടെത്തുന്നത്. ധാരാളം നല്ല കവിതകളെ തമസ്കരിച്ചതിന് ശേഷം ആവാം  'ഹര്‍ഷോപഹാര'ത്തെ ഭാഷാപോഷിണി പൊക്കിയെടുത്തതെന്ന് വിചാരിക്കുന്നു. ഒ.എന്‍.വി യെ കവിതയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുമ്പോള്‍ സര്‍ഗ്ഗാത്മകമായ ചില മിന്നലുകള്‍ പായിക്കാന്‍ അതിന് കഴിയണം. ഇക്കാര്യത്തില്‍ പരാജയപ്പെടുന്നതു കൊണ്ടാണ് 'ഹര്‍ഷോപഹാര'ത്തിന് മികച്ച കവിതയായി ഉയരാന്‍ കഴിയാതെ പോകുന്നത്. ഒ.എന്‍.വി കവിതകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി അതിന്‍റെ കലാത്മകതയെയും ചരിത്രാത്മകതയെയും വാക്കുകള്‍ തൊട്ടുണര്‍ത്തുമ്പോഴേ ഒ.എന്‍.വിയെ കേന്ദ്രത്തില്‍ നിര്‍ത്തുന്ന ഒരു കവിതയ്ക്ക് വിജയിക്കാന്‍ കഴിയൂ.


കുമാരനാശാനെക്കുറിച്ച് ഡി.വിനയചന്ദ്രന്‍ എഴുതിയ 'കായിക്കരയിലെ കടല്‍' എന്ന കവിതയും എഴുത്തച്ഛനെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ' എഴുത്തച്ഛനെഴുതുമ്പോള്‍' എന്ന കവിതയും തൃത്താല കേശവപൊതുവാളിനെക്കുറിച്ച് മനോജ്‌ കുറൂര്‍ എഴുതിയ 'തൃത്താള കേശവന്‍' എന്ന കവിതയും വൈലോപ്പിള്ളിയെക്കുറിച്ച് എന്‍.സജീവ്‌കുമാര്‍ എഴുതിയ 'വലിപ്പം' എന്ന കവിതയും ( ഭൂമി ഒരു ചരിത്രപുസ്തകം ) വെണ്ണിക്കുളം ശ്രീകുമാര്‍ ശാന്തമായി ഒന്നു വായിച്ചുനോക്കുക. വെണ്ണിക്കുളം  ഗോപാലക്കുറുപ്പിന്‍റെ നാട്ടിലെ കവിയാണ്‌ ശ്രീകുമാര്‍ എന്ന് കരുതുന്നു. വെണ്ണിക്കുളത്തിന്‍റെ നാട്ടില്‍നിന്ന് ഒരു കവി വളര്‍ന്നുവരുന്നതില്‍ സന്തോഷമേയുള്ളൂ.

കെ.കരുണാകരന്‍


കെ.കരുണാകരന്‍

കെ.കരുണാകരന്‍റെ രാഷ്ട്രീയത്തോടും ചില ഭരണനടപടികളോടും ചില നിലപാടുകളോടും ഒക്കെ വിയോജിപ്പുകള്‍ ഉള്ളവരുണ്ട്‌. പക്ഷെ ജനകീയനേതാവ് എന്ന നിലയില്‍ കെ.കരുണാകരന്‍ കേരളീയരുടെ മനസ്സ് പിടിച്ചെടുത്തു എന്നത് എല്ലാവരും അംഗീകരിക്കുന്നു. ഇ.എം.എസ്സിനും  ഇ.കെ.നായനാര്‍ക്കും നല്‍കിയതുപോലുള്ള ഒരു വിടവാങ്ങല്‍ കേരളം,  കെ.കരുണാകരനും നല്‍കിയത് ഇതിന്‍റെ തെളിവാണ്. അവസാനം ചില സന്ദര്‍ഭങ്ങളില്‍ ന്യൂഡല്‍ഹി അദ്ദേഹത്തോട് കാണിച്ച അവിനയം കേരള  മന:സാക്ഷിയില്‍ ചില നൊമ്പരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും സംസ്കാരച്ചടങ്ങില്‍ ഡല്‍ഹി അവസരത്തിനൊത്ത് ഉയര്‍ന്നു. സോണിയാഗാന്ധിയും മന്‍മോഹന്‍സിംഗും   മരണാനന്തരച്ചടങ്ങില്‍ നേരിട്ട് എത്തിയത് കേരള മന:സാക്ഷി ആശ്വാസത്തോടെയാണ്‌ കണ്ടത്. തൊഴിലാളികളോട് അദ്ദേഹം കാട്ടിയ സൌമനസ്യം വാഴ്ത്തപ്പെടേണ്ടതാണ്. ഒരു കാലത്ത്, കേരളത്തിലെ കോളേജുകളില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് ശമ്പളം കിട്ടാതിരുന്നപ്പോള്‍ അവരുടെ ഒരു സമ്മേളനത്തില്‍ എത്തി ഈ വിവരം അറിയാനിടവന്നപ്പോള്‍ അടുത്ത ആഴ്ച തന്നെ അവര്‍ക്ക് ശമ്പളം നല്‍കുന്നതിന് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ ഉത്തരവ് പുറപ്പെടുവിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. മികച്ച ട്രേഡ് യൂണിയന്‍ നേതാവ്, സ്വാതന്ത്ര്യസമരസേനാനി, മികച്ച നിയമസഭാസാമാജികന്‍, ഭരണാധികാരി എന്നീ നിലയിലെല്ലാം കെ.കരുണാകരന്‍ ശരിക്കും ശോഭിച്ചിരുന്നു. ജനങ്ങളുടെ ഹൃദയം കവരാന്‍ കഴിയുന്ന നേതാക്കളുടെ എണ്ണം കുറയുന്നു എന്നത് പൊതുപ്രവര്‍ത്തനരംഗത്തെ ദുര്‍ബലപ്പെടുത്തും എന്നത് ആശങ്കാജനകമാണ്‌.

കെ.കരുണാകരന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി ബേബിജോണ്‍ ഇങ്ങനെയാണ്‌ പറഞ്ഞത്. " ആദര്‍ശത്തിന്‍റെ ആഭരണങ്ങളും സൈദ്ധാന്തികജാടകളുമില്ലാതെ യുക്തിയുള്ളതും ലളിതവുമായ ഭാഷയില്‍ ജനങ്ങളോട് സംവദിച്ച നേതാവായിരുന്നു കെ.കരുണാകരന്‍." ഇതില്‍ കുറച്ചധികം ശരികളും കരുണാകരനെക്കുറിച്ചുള്ള ഏകദേശമായ നിര്‍വചനവുമാണുള്ളത്.


'മാധ്യമ'ത്തിലെ നാലു കവിതകള്‍
2010 ഡിസംബര്‍ 20


കെ.ജി.ശങ്കരപ്പിള്ളയുടെ കവിത 'ഏത് പറ്റത്തിലും ഏകാന്തത സ്വന്തം വീടുണ്ടാക്കും'.
ഏകാന്തതയുടെ ദാര്‍ശനികതയെ സാമൂഹിക പരിസരങ്ങളിലേക്ക് പായിച്ചുകൊണ്ട് മികച്ച  ഒരു കവിതയാണ് കെ.ജി.എസ്.ചെയ്തിരിക്കുന്നത്. ദാര്‍ശനികതയെ ദാര്‍ശനികതയില്‍ത്തന്നെ അടച്ചുവയ്ക്കുന്നവര്‍ക്ക് ഒരു താക്കീതായി മാറിയിരിക്കുന്നു കവിത. ഓരോ വരിയും ചിന്തോദ്ദീപകവും  സര്‍ഗ്ഗാത്മകവും അതുകൊണ്ട് കലാപരവും  . ഏകാന്തത ഇവിടെയും -
'മൃഗശാലയിലെ സിംഹത്തില്‍.
പുരോഗമന സാഹിത്യത്തില്‍'

- വേണ്ടപ്പെട്ടവരെല്ലാം വേണ്ടപോലെ ചിന്തിക്കട്ടെ !


നന്മയുടെ ലഹരിയായി മാറിയിട്ടുണ്ട് സബിത.ടി.പി യുടെ 'കല്ലുകള്‍' -
"നൂറ്റി പതിനൊന്നാമത്തെ കല്ല്‌
ഇല്ലാതെ പോയെ എല്ലാ കുട്ടിക്കാലങ്ങള്‍ക്കും വേണ്ടി ,
കാലത്തിനു വേണ്ടി".
എന്നെഴുതിയപ്പോള്‍ സബിത.ടി.പി നന്മയുടെ പൂര്‍ണ്ണത ആഘോഷിച്ചു
തീര്‍ത്തതുപോലെ !


ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാടിന്‍റെ 'പള്ളിക്കൂടത്തിലേക്ക് വീണ്ടും' അപൂര്‍വ്വമായ നല്ല കല്പനകളാലും ആകമാനമുള്ള ഭാവപ്പൊലിമയാലും മനോഹരമാണ്. നമ്മുടെ പള്ളിക്കൂടങ്ങള്‍ പൊളിച്ചടുക്കുന്നവര്‍ - നമ്മുടെ എല്ലാ നന്മകളും പൊളിച്ചടുക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ - കാണാത്തിടങ്ങളിലാണ്  ഉണ്ണിക്കൃഷ്ണന്‍  കവിതയുടെ മിന്നലുകള്‍ കണ്ടെത്തിയത്. മികച്ച സാംസ്കാരികപ്രവര്‍ത്തനം! പക്ഷെ പള്ളിക്കൂടത്തിലേക്ക് കവിതയെ കൈപിടിച്ചുകൊണ്ട് വന്ന മോഹനകൃഷ്ണന്‍ കാലടി കവിതയെ ചെറുതായി ശല്യം ചെയ്യുന്നത്പോലെ. എങ്കിലും പറയട്ടെ, ഉണ്ണിക്കൃഷ്ണന്‍ തന്റേതായ ഒരു ഭാവുകത്വം നിര്‍മ്മിക്കുന്നതില്‍ വിജയക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. കഥ പോലെ കവിതയും ഉണ്ണിക്കൃഷ്ണന് മാധ്യമമാക്കാം. ഈ മൂന്ന് കവിതകളും അനുഭവങ്ങളുടെ പുതിയ വക്രോക്തിയിലൂടെയാണ്‌ കവിതയായി നമ്മുടെ മനസ്സിലേക്ക് കാലെടുത്തു വയ്ക്കുന്നത്.
 ജനി ആഡ്രൂസിന്‍റെ  കവിത (ചോരഗോവണി ) എന്തായാലും മറ്റൊരു വക്രോക്തിയാണ്. അതു മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുമോ എന്നത് ഇനിയും ആലോചിക്കേണ്ട വിഷയമാണ്‌.


ഏഴാച്ചേരി രാമചന്ദ്രന്‍


ഏഴാച്ചേരി രാമചന്ദ്രന്‍


കുറേനാളുകളായി ഏഴാച്ചേരി രാമചന്ദ്രന്‍റെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നു. ഈയടുത്ത സമയത്ത് ഏഴാച്ചേരിയുടെ പ്രസംഗം കൊല്ലം ജില്ലയില്‍ മൈനാഗപ്പള്ളി കോവൂരില്‍ വെച്ച് കേള്‍ക്കുക യുണ്ടായി. ഒ.എന്‍.വി അനുമോദനച്ചടങ്ങായിരുന്നു. ഏഴാച്ചേരിയായിരുന്നു ഉദ്ഘാടകന്‍. ഒ.എന്‍.വി. കവിതകളെക്കുറിച്ച് ഏകദേശം ഒന്നരമണിക്കൂറോളം ദൈര്‍ഘ്യമുള്ള പ്രസംഗം. നല്ല ആള്‍ക്കൂട്ടവുമുണ്ടായിരുന്നു. ജനങ്ങള്‍ - സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള - പ്രസംഗം ശരിക്കും ആസ്വദിക്കുകയായിരുന്നു. ഗദ്യകല പ്രസംഗകലയിലേക്ക് കൊണ്ടുവരുന്ന വൈഭവത്തില്‍ ഞാനും സ്വയം മറന്നിരുന്നുപോയി. ഗദ്യം എഴുതുന്നതു പോലെ ഒരാള്‍ക്ക്‌ പ്രസംഗിക്കാന്‍ കഴിയുന്നെങ്കില്‍ മലയാളത്തില്‍ അത് ഏഴാച്ചേരിക്ക് മാത്രമേ സാധിക്കൂ. ആശയങ്ങളുടെയും വാക്കുകളുടെയും അനര്‍ഗ്ഗളത ! ആശയപരമായ ചില പിശകുകള്‍, സ്വീകാര്യമല്ലാത്ത ചില നിലപാടുകള്‍ അതില്‍ കടന്നുകൂടുന്നു എന്ന ഒരു ദോഷം മാത്രമേയുള്ളൂ. പ്രസംഗവേദിയില്‍ അനര്‍ഗ്ഗളപ്രവാഹമായി മാറുന്ന മുണ്ടശ്ശേരിയെക്കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖനിരൂപകന്‍ ചില സ്വകാര്യസംഭാഷണവേളകളില്‍  പറഞ്ഞിരുന്നത് അപ്പോള്‍ ഓര്‍ത്തിരുന്നു പോയി. ഒരു ഗ്രാമത്തെ കാവ്യകലയുടെ കൊടുമുടിയിലേക്ക് കൊണ്ടുപോയ രാത്രിയായിരുന്നു അത്. അവിസ്മരണീയം !

ഭൂതബാധ 


രാജന്‍ ഗുരുക്കള്‍


രാജന്‍ ഗുരുക്കള്‍ ( വൈസ് ചാന്‍സലര്‍ എം.ജി.യൂണിവേഴ്സിറ്റി ) മലയാള മനോരമയില്‍ എഴുതുന്ന കോളം - ഭൂതബാധ - മിക്കപ്പോഴും ഇന്‍ഫര്‍മേറ്റീവ് ആണ്. മനുഷ്യവംശ മഹാഭൂതത്തെപ്പറ്റി എന്ന കോളം ( 2010 ഡിസംബര്‍ 31 വെള്ളി ) മൌലികതയിലേക്ക് പോകുന്നതായി തോന്നിയില്ല. ഒരു സോഷ്യല്‍ സയന്റിസ്റ്റ്  എന്ന നിലയില്‍ അദ്ദേഹം ആര്‍ജ്ജിച്ച ജ്ഞാനം എല്ലാം അതില്‍ കാണപ്പെടുന്നുണ്ട്. മനുഷ്യവംശത്തെക്കുറിച്ച് ഈ ശാസ്ത്രശാഖ കണ്ടെത്തിയ കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹം നിരത്തിയിരിക്കുന്നത്. ഇതില്‍ ശാസ്ത്രസത്യങ്ങള്‍ കുറെയുണ്ടാവാം. കുറച്ച് ഊഹാത്മകജ്ഞാനങ്ങളുമാവാം. അദ്ദേഹം ഈ ചിന്തകള്‍ സമാപിപ്പിക്കുന്നത് ഇങ്ങനെയാണ്. "കീഴാള്‍ ജാതികളിലും ഗിരിഗോത്രങ്ങളിലും നടത്തിയ ഡി.എന്‍.എ പരിശോധനകള്‍ അവര്‍ക്ക് ആദിമമനുഷ്യരുമായി ഗാഡമായ ജനിതകബന്ധം ഉണ്ടെന്ന് വ്യക്തമാക്കുന്നു. അവരുടെ പൂര്‍വ്വികരായിരുന്നു ഇവിടുത്തെ  യഥാര്‍ത്ഥ ആദിവാസികള്‍; മനുഷ്യവംശ മഹാഭൂതത്തിന്‍റെ കണ്ണികള്‍". കേരളത്തിലെ നമ്പൂതിരി,നായര്‍, ക്രിസ്ത്യാനി, ഈഴവ, മുസ്ലിം സമുദായങ്ങളുടെ മുതുമുത്തച്ഛന്മാര്‍ പുലയരാണെന്ന് തിരുവനന്തപുരം 'സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി' ഈ അടുത്തകാലത്ത് കണ്ടെത്തിയത് ഇതിനോടനുബന്ധമായി ചിന്തിക്കുകയും ചെയ്തു. ഇവരുടെ ഒക്കെ ഇപ്പോഴത്തെ സ്വത്വബോധത്തിന്‍റെ അര്‍ത്ഥശൂന്യത ഓര്‍ത്തുനോക്കുക. മോളിക്യുലര്‍ ജനിതകശാസ്ത്രത്തിന്‍റെ ഈ കണ്ടെത്തലുകള്‍ നടത്തിയത് തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഡോ.ബാനര്‍ജിയും സഹഗവേഷകരായ ആര്‍.തോമസ്സും,എസ്.ബി.നായരും, മോയ്ന ബാനര്‍ജിയും ആണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.


സച്ചിന്‍ സെഞ്ച്വറി അടിക്കുമ്പോള്‍


സച്ചിന്‍ ടെണ്ടുല്‍ക്കര്‍


കെ.പി.സദാനന്ദന്‍റെ സച്ചിന്‍ സെഞ്ച്വറി അടിക്കുമ്പോള്‍ ( 2010 ജനുവരി 02 ) നല്ലൊരു രചനയാണ്. ക്രിക്കറ്റിന്‍റെ  സാര്‍വലൌകികമൂല്യം ഈ രചന നന്നായി പിടിച്ചെടുത്തിരിക്കുന്നു. ക്രിക്കറ്റിന് ഒരു മൂല്യമുണ്ടെന്നും ഇത് പരസ്യങ്ങളുടെ മൂല്യവുമായി ഒത്തുചേര്‍ന്ന് പോകില്ല എന്ന് സൂചിപ്പിച്ച്, പരസ്യത്തില്‍ നിന്ന് മാറിനിന്ന സച്ചിന്‍ ഉന്നതമായ ആദര്‍ശത്തിലേക്ക് ഈ അടുത്ത സമയത്ത് ഉയര്‍ന്നുവല്ലോ. ഇത് കൂടി ചേര്‍ത്തുവെച്ചുകൊണ്ടാണ് 'കലാകൌമുദി'യിലെ ഈ രചന വായിച്ചത്. നന്നായിരുന്നു. കവിത ഇങ്ങനെയാണ്‌ അവസാനിപ്പിക്കുന്നത്.

           സച്ചിന്‍ സെഞ്ച്വറിയടിക്കുമ്പോള്‍
           നൂറു വെറും സംഖ്യയല്ല
           ഗദ്യമല്ല,പദ്യമല്ല
           ശുദ്ധസംഗീതം.


എന്‍.പ്രഭാകരന്‍റെ 'സ്ഥാവര'വും ബി.എസ്.സുജിത്തിന്‍റെ 'മരച്ചീനി'യും

 
ചരിത്രത്തിന്‍റെ പ്രതിസന്ധിയില്‍ അകപ്പെട്ട് നിലംപരിശായി പോകുന്ന 'കുറുംതോട്ടില്‍ അപ്പമാഷെ'ന്ന കര്‍ഷകന്‍റെ കഥയാണ് എന്‍.പ്രഭാകരന്‍റെ 'സ്ഥാവരം'.പാരമ്പര്യമായി നെല്‍കൃഷിയുടെ പാഠങ്ങള്‍ പഠിച്ചിട്ടുള്ള ഈ കര്‍ഷകന്‍ ചരിത്രത്തിന്‍റെ വഞ്ചന അറിയാതിരിക്കുമ്പോള്‍ തന്നെ ഭക്ഷ്യസുരക്ഷയുടെ അറിയപ്പെടാത്ത പാഠങ്ങള്‍ ബോധത്തില്‍ സൂക്ഷിക്കുന്ന നിഷ്ക്കളങ്കനാണ്. അത് കൊണ്ടാണ് റബ്ബര്‍കൃഷിയുടെ പണക്കിലുക്കം അയാളുടെ കാതുകളെ ഭ്രമിപ്പിക്കാതെപോയത്. ഈ നന്മയേയാണ്‌ എന്‍.പ്രഭാകരന്‍ കേരളീയ ബോധത്തിലേക്ക് കഥ കൊണ്ടു എഴുതിക്കാണിച്ചു തന്നിരിക്കുന്നത്. എന്തായാലും തകഴിയുടെ കഥകളില്‍ നിന്നും വ്യക്തമായ അകലം പാലിച്ചുകൊണ്ട് നില്‍ക്കുകയാണ്‌ എന്‍. പ്രഭാകരന്‍റെ കഥ.


തകഴി

എന്‍.പ്രഭാകരന്‍റെ കഥയില്‍ നിന്നും വ്യക്തമായ അകലം പാലിച്ചുകൊണ്ട് എഴുതുയിരിക്കുന്ന കഥയാണ് ബി.എസ്.സുജിത്തിന്‍റെ 'മരച്ചീനി' ( പഞ്ചമി,പാഞ്ചാലി ഒരു ഡിപ്ലോമാറ്റിക്കാണ്...). എന്‍.പ്രഭാകരന്‍റെ കഥയിലെ നെല്ലിനുപകരം മരച്ചീനിയാണ് അതേസ്ഥാനത്ത് കഥയില്‍ വരുന്നത്. മരച്ചീനിയില്‍ നിന്നും റബ്ബറിലേക്ക് കളംമാറാന്‍ 'മരച്ചീനി'യിലെ  മാതുക്കണിയാന്‍ പ്രേരിതനായി. അപ്പമാഷില്‍ നിന്നുള്ള ഒരു  വ്യതിയാനം ഇവിടെ എഴുതുകയാണ്‌ ഈ യുവകഥാകൃത്ത്. ആസിയാന്‍ കരാറിന്‍റെ വഞ്ചനയില്‍ അകപ്പെട്ട് റബ്ബര്‍ വിറ്റ് കാശുമായി ചെല്ലുന്ന മാതുക്കണിയാന് അരിയും  മരച്ചീനിയും കിട്ടാതെ പോയി. നാളത്തെ ചരിത്രത്തിന്‍റെ ഒരു പ്രതിസന്ധി ഇന്നേ ഭാവന ചെയ്തെടുത്തിരിക്കുകയാണ് ഇക്കഥ. രണ്ടാം മുതലാളിത്തം കര്‍ഷകനെ ഇട്ട് പന്തുതട്ടി രസിക്കുന്ന കാഴ്ച്ചയാണ് ബി.എസ്.സുജിത്തിന്‍റെ മരച്ചീനി.തകഴിയുടെ കഥയിലെ രാഷ്ട്രീയ ത്തെ ഒന്നു നീക്കിനിര്‍ത്തിക്കാണിക്കുകയാണ് എന്‍.പ്രഭാകരന്‍. എന്‍.പ്രഭാകരന്‍റെ കഥയിലെ രാഷ്ട്രീയത്തെ ഒന്നുകൂടി നീക്കിനിര്‍ത്തി ഉത്തരാധുനികതയുടെ      ഇങ്ങേത്തലയ്ക്കല്‍ പ്രതിഷ്ടിച്ചിരിക്കുകയാണ് ബി.എസ്.സുജിത്ത്.


ബി.എസ്.സുജിത്ത്


സൂക്ഷ്മരാഷ്ട്രീയം  നമ്മുടെ ജീവിതത്തിന്‍റെ ഒരു വലിയ ചാലകശക്തിയാണെന്ന് പാവം ജനം അറിയുന്നില്ല. മുന്‍കാലകഥകളിലെ മാംസളത ഉപേക്ഷിച്ചുകൊണ്ടു രണ്ടാംമുതലാളിത്തം നിരുത്തരവാദികളും അലസരുമാക്കിത്തീര്‍ത്ത വായനക്കാരെക്കൂടി വായനയുടെ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി ബോധപൂര്‍വ്വം അമാംസളകഥകളെഴുതി ബി.എസ്.സുജിത്ത് മലയാളകഥകളില്‍ നിന്ന് മുന്‍‌കൂര്‍ ജാമ്യമെടുത്ത് നമ്മുടെ ആഖ്യാനപാരമ്പര്യത്തെ അവഹേളിക്കുന്നതില്‍ എന്തെന്നില്ലാത്ത സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും കഥയിലെ കഥാത്മകതയെ പൂര്‍ണ്ണമായും ചോര്‍ത്തിക്കളയുന്ന ഈ രീതി മലയാളത്തിലെ ഉത്തരാധുനികതയുടെ ഏറ്റവും പുതിയ പ്രവണതകളാണ് സൃഷ്ടിക്കുന്നത്. എന്തായാലും പി.കെ.അനില്‍ സൂചിപ്പിച്ചതു പോലെ ഇതുപോലെയുള്ള കഥകള്‍ പിറക്കുവാനിരിക്കുന്ന നാളെയുടെ ഇന്ധനമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.


ശ്രദ്ധേയമായ ആശയങ്ങള്‍


1.വീട്  താമസിക്കാനുള്ളതാണ്‌ എന്നത് പഴയ അന്ധവിശ്വാസമാണ്‌. താമസിക്കാന്‍ ഇത്രയും സൌകര്യമൊന്നും വേണ്ട. മറിച്ച് വീട് നമ്മുടെ അഭിമാനത്തിന്‍റെ അടയാളമാണ്‌. (ഒളിച്ചുകടത്തിയ ആയുധങ്ങള്‍ - എം.എന്‍.വിജയന്‍,കൈരളി ബുക്ക്സ് )

2.സ്ത്രീസൌന്ദര്യം ഒരു മൂല്യമാണ്‌.എന്നാല്‍ സ്ത്രീസൌന്ദര്യം ആഘോഷിക്കുന്നിടത്ത്  സ്ത്രീ ചരക്കായി മാറുന്നു. സിനിമാക്കാരും ഫെമിനിസ്റ്റുകളും സ്ത്രീയെ ഒരേ   തൊഴുത്തില്‍ തന്നെ കൊണ്ടുചെന്നു കെട്ടുന്നു. ഫലത്തില്‍ രണ്ടുകൂട്ടരും സ്ത്രീയെക്കുറിച്ച് സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മം ഒന്നു തന്നെയായിരിക്കുന്നു !
എന്തൊരു വൈരുദ്ധ്യം ! മൂന്നാംകിട സിനിമാക്കാരെ നമുക്ക് വെറുതെവിടുക. 'ബുദ്ധിജീവി'കളായ ഈ ഫെമിനിസ്റ്റുകളെ നാമെന്തുചെയ്യും? സ്വന്തം സ്വാതന്ത്ര്യത്തിന്‍റെ ഭാരം വഹിക്കാനും അത് സമൂഹത്തില്‍ വിനിമയം ചെയ്യാനും സ്ത്രീകള്‍ തയ്യാറാവുന്ന കാലത്തേ ഫെമിനിസം പ്രസക്തമാവുകയുള്ളൂ. ആ ഫെമിനിസമാകട്ടെ ഒരിക്കലും പുരുഷവിരുദ്ധമോ സ്തീത്വത്തിന്‍റെ  ആഘോഷമോ ആവുകയില്ല. ആവാന്‍ നിവൃത്തിയില്ല. ( പേരെഴുത്ത് - കെ.ആര്‍. ടോണി,സെഡ് ലൈബ്രറി,   തിരുവനന്തപുരം )


അയച്ചു കിട്ടിയ പുസ്തകങ്ങള്‍


1.ബുദ്ധന്‍ - ഇളമത ജോണ്‍
(നോവല്‍, കൈരളി ബുക്ക്സ്, കണ്ണൂര്‍, വില :120 )
അവതാരിക - മുഞ്ഞിനാട് പത്മകുമാര്‍


2. പഞ്ചമി,പാഞ്ചാലി ഒരു ഡിപ്ലോമാറ്റിക്കാണ് - ബി.എസ്.സുജിത്ത്
(കഥകള്‍, യുവമേള പബ്ളിക്കേഷന്‍സ്, കൊല്ലം,വില : 50 )
പഠനം: പി.കെ.അനില്‍കുമാര്‍

3. നിലപ്പന - ബിജോയ്‌ചന്ദ്രന്‍ ( കവിതകള്‍, തോര്‍ച്ച 2010, വില :70 )
മുന്നുര - സമാന്തരകവിതയുടെ സാധ്യത, ബാലചന്ദ്രന്‍ ചുള്ളിക്കാട്
പഠനം - നിലപ്പനക്കാലം, സജയ്.കെ.വി
വായന - ദ്രാവിഡന്‍റെ പ്രതിരോധങ്ങള്‍, പി.എം.ഷുക്കൂര്‍

4. പേരെഴുത്ത് - കെ.ആര്‍.ടോണി
(ലേഖനസമാഹാരം, സെഡ് ലൈബ്രറി,തിരുവനന്തപുരം, വില : 75 )


പത്രങ്ങളിലെ കാര്‍ട്ടൂണുകള്‍ 


കേരള കൌമുദിയിലെ 'തലവര'യും മാതൃഭൂമിയിലെ 'കാകദൃഷ്ടി' യും ഹാസ്യമുണ്ടാക്കുന്ന കാര്യത്തില്‍ പരാജയപ്പെടുന്നില്ല. വരകളുടെ സൂക്ഷ്മതയെയും കൃത്യതയെയും കാര്‍ട്ടൂണ്‍ഭംഗിയെയും മൊത്തത്തിലുള്ള കാര്‍ട്ടൂണ്‍ കലാത്മകതയെയും കുറിച്ച് വിദഗ്ദകാര്‍ട്ടൂണിസ്റ്റുകളുടെ അഭിപ്രായംകൂടി ആരായേണ്ടതുണ്ട്.'കുഞ്ചുക്കുറുപ്പി'നെയും ( മലയാള മനോരമ ) ഈ അഭിപ്രായത്തിന്‍റെ പരിധിയിലേക്ക് കൊണ്ടുവരേണ്ടതാണ്.


കാത്തിരിക്കുക .....

മലയാള നിരൂപണത്തിലെ പുതുനാമ്പുകള്‍,അഴിമതി-അഴി...മതി,
'പൂച്ചിമാ' എന്ന സുസ്മേഷ് ചന്ദ്രോത്തിന്‍റെ കഥയെക്കുറിച്ചുള്ള
നിരീക്ഷണങ്ങള്‍ എന്നിവ അടുത്ത 'ECHO !'ല്‍ വായിക്കുക.


                                                               O
ഡോ.ആര്‍.ഭദ്രന്‍- PHONE - 9895734218 

2 comments:

  1. പ്രിയ ഭദ്രന്‍ സര്‍, സാഹിത്യകൃതികളെക്കുറിച്ചുള്ള സംസാരംതന്നെ കുറഞ്ഞുവരികയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. സമകാലികസാഹിത്യത്തോടും സംസ്കാരത്തോടും സൌന്ദര്യബോധത്തോടും കരുതല്‍ പുലര്‍ത്തിക്കൊണ്ട് ഒരു ധ്യാനം പോലെ നിര്‍വഹിക്കുന്ന ഈ എഴുത്ത് വളരെ സന്തോഷം നല്‍കുന്നു. നന്ദി. ബ്ലോഗിന് എല്ലാ ഭാവുകങ്ങളും.

    ReplyDelete
  2. സ്വന്തം ബ്ളോഗുമുഖഛായ കണ്ടാണ്‌ ഇവിടെ എത്തിപ്പെട്ടത്.
    എക്കൊ വായിക്കാനവസരവും കിട്ടി.
    ബ്ലോഗിലൂടെ എക്കൊ വന്നുകൊണ്ടിരിക്കുമ്പോൾ
    ബ്ലോഗ് കവിതകളെയും കൂടി പരാമർശിക്കുകയോ വിമർശനം നടത്തുകയോ കൂടി ആവരുതോ ?
    ഈയുള്ളവന്റെ ബ്ലോഗിലൂടെ ഒന്നു കണ്ണോടിക്കുവാനും ഒരപേക്ഷ.

    ReplyDelete

Leave your comment