ചിത്രകലാരംഗത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒരു സജീവതയുണ്ട്. എണ്ണത്തിലും ഗുണത്തിലും ചിത്രകാരന്മാരും ആസ്വാദകരും വര്‍ധിച്ചിട്ടുമുണ്ട്. കേരളത്തില്‍ അനുകൂലമായ സ്ഥിതിയാണുള്ളതെങ്കിലും മലയാളികളായ ചിത്രകാരന്മാര്‍ ഏറെ അറിയപ്പെടുന്നത് വിദേശത്തും കേരളത്തിനു പുറത്തുമാണ്. പാരമ്പര്യങ്ങളെയും പുതിയ കാഴ്ചപ്പാടുകളെയും ചിത്രരചനാസങ്കേതത്തില്‍ സമന്വയിപ്പിക്കുന്നവര്‍ കേരളത്തില്‍ ഏറെയാണ്. ഇത്തരത്തില്‍ ആധുനിക മനസ്സിന്‍റെ സങ്കീര്‍ണ്ണതലങ്ങളെ പുതിയ ഭാവ-രൂപ സങ്കേതങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രകാരനാണ് ശ്രീ. എസ്.എന്‍.ശ്രീപ്രകാശ്.അക്കാദമിക് ആയി ചിത്രകല പഠിച്ചിട്ടില്ലാത്ത ശ്രീപ്രകാശ് തന്‍റെ ക്യാന്‍വാസില്‍ തീര്‍ത്തവയിലേറെയും മനുഷ്യജീവിതത്തിലെ സങ്കീര്‍ണ്ണ സമസ്യകളാണ്. സാങ്കേതികതയുടെ വ്യാകരണങ്ങളില്‍ അവയൊക്കെ അന്യമാണെങ്കിലും ഭാവനയുടെ തലത്തില്‍ അവയൊക്കെ വേറിട്ടുനില്‍ക്കുന്നു.
എസ്.എന്‍.ശ്രീപ്രകാശ് |
ശ്രീപ്രകാശിന്‍റെ ചിത്രരചനാരീതി പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും മിശ്രണമാണ്. പാരമ്പര്യത്തിലൂന്നിയ ആധുനികതയെന്നു വിളിക്കാവുന്നതാണ് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളേറെയും. ഒറ്റനോട്ടത്തില്‍ കൊളാഷ് പോലെ വാരി വിതറിയിട്ടുള്ള വര്‍ണ്ണങ്ങളില്‍ വൈകാരികസമസ്യകളുടെ പൂരണം ശ്രദ്ധേയമാണ്.
കൊട്ടാരത്തില്‍,ഏകാന്തതയുടെ തീവ്രദുഖത്താല്‍ പരീക്ഷീണരായ ദേവദാസികള്‍ 'CASTLE OF MEMMORIES' എന്ന സീരീസില്‍ ഉള്‍പ്പെട്ട ചിത്രമാണ്. ദേവദാസി സ്ത്രീകളുടെ നഷ്ടസ്വപ്‌നങ്ങള്‍ ശ്രീപ്രകാശിന്‍റെ ഭാവനയില്‍ പഴകി ദ്രവിച്ച ആചാരങ്ങളുടെ പ്രതിഫലനമാണ്.
ആന്‍ഡമാന്‍ നിക്കോബാറിലെ ജീവിതം ചിത്രകാരനെ ദ്വീപസമൂഹത്തിലെ അനുഷ്ഠാനങ്ങളുടെ പിന്‍പാട്ടുകാരനനാകുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. അവയൊക്കെ പൂഴിമണലില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ പോലെ ശ്രീപ്രകാശ് ക്യാന്‍വാസില്‍ തന്‍റെ ഇഷ്ടപെട്ട വാട്ടര്‍കളറില്‍ പകര്‍ത്തുന്നു. ദ്വീപിലെ ആദിവാസിവംശജരായ 'ജാര്‍വ'കളെ പ്രമേയമാക്കുന്ന 'എസ്സീസ്' എന്ന പരമ്പരയില്‍ ഇവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും അവ ഉള്‍ക്കൊള്ളാനാകാതെ ഉഴറുന്ന ജാര്‍വകളും വിഷയമാകുന്നു. 'മെമ്മറീസ് ഓഫ് സുനാമി' എന്ന പരമ്പരയിലെ തകര്‍ന്നടിയുന്ന വീടുകള്‍,ദേവാലയങ്ങള്‍,കടലെടുത്ത കുഴിമാടങ്ങള്‍, അലറിക്കരയുന്ന തിരമാലകള്‍, തകരാതെ നില്‍ക്കുന്ന ഗാന്ധിപ്രതിമ ... ഒക്കെയും ചിത്രകാരന്‍ ഓര്‍മ്മകളില്‍ നിന്നും പകര്‍ത്തിയ കൊളാഷ് രൂപങ്ങള്‍.
ആന്‍ഡമാന്‍ നിക്കോബാറിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നോക്കി വരുന്ന ശ്രീപ്രകാശ് കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിയാണ്. ചിത്രകലാപാരമ്പര്യം വരദാനമായി ലഭിച്ചിട്ടുണ്ട്. മുത്തച്ഛന്‍ ജീ.കൊച്ചുകൃഷ്ണപിള്ള 1912- ല്‍ മദ്രാസ് പ്രസിഡന്‍സിയില്‍ നിന്നും ഒന്നാമനായി പെയിന്റിംഗ് പാസ്സായിട്ടുണ്ട്. തഹസീല്‍ദാരായിരുന്ന അച്ഛന്‍ നാരായണക്കുറുപ്പ് ചിത്രങ്ങളും പോര്‍ട്രൈറ്റുകളും വരയ്ക്കുമായിരുന്നു.
മറ്റേതു മീഡിയത്തെക്കാളും വാട്ടര്‍കളറിനെ ഇഷ്ടപ്പെടുന്ന ഈ
ചിത്രകാരന് K.C.S. പണിക്കരോടാണ് ഏറെ പ്രിയം. ശ്രീപ്രകാശിന്‍റെ ചിത്രങ്ങളിലേറെയും അര്‍ത്ഥങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രയാണ്.നിറങ്ങളിലൂടെ ആസ്വാദകരോടുള്ള സംവാദം.
O
POSTED BY :
ഇടക്കുളങ്ങര ഗോപന്‍ |
ഫോണ്‍ : 9447479905
നന്ദി , അഭിനന്ദനങ്ങള്‍.
ReplyDelete