Tuesday, April 16, 2013

രാഗിണി തിയേറ്റേഴ്സ്‌

കഥ
വി.ജയദേവ്‌










         'നിങ്ങൾ എപ്പോഴെങ്കിലും ചോര രുചിച്ചിട്ടുണ്ടോ? മനുഷ്യന്റെ ചുവന്ന ചോര?' പത്മദാസൻ അതു ചോദിക്കുമ്പോൾ സ്റ്റേജിൽ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അതൊരു ആത്മഗതം പോലെയാണ്‌ തോന്നിപ്പിച്ചത്‌. അതിനു നാടകീയമായ ഒരു താളാനുക്രമവും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ അതു പത്മദാസൻ തന്നോടു തന്നെ പിറുപിറുക്കുന്നതു പോലെയായിരുന്നു. അയാൾ പിറുപിറുക്കുക തന്നെയായിരുന്നു. ഒരുപക്ഷേ  തന്നോട്‌. അല്ലെങ്കിൽ കാണികളോട്‌. കാണികളായി ആരും അധികം ഉണ്ടായിരുന്നില്ലെങ്കിലും. മരുന്നുമായി വന്ന നഴ്സ്‌ തങ്കമണി അതു ശ്രദ്ധിച്ചതായേ തോന്നുന്നില്ല. മരുന്നുകൾ മേശപ്പുറത്തും സ്റ്റൂളിലുമായി വച്ച്‌ പത്മദാസനെ ഒന്നു ചെരിച്ചു കിടത്തി തങ്കമണി അയാളെ നിർവ്വികാരമായി നോക്കി. ഒരു നഴ്സും ഒരു രോഗിയും മാത്രമായി അവർ.

'ഞാനും രുചിച്ചിട്ടില്ലായിരുന്നു. മുവാറ്റുപൊഴേല്‌ ചിരഞ്ജീവി തട്ടേൽ കേറുന്നതുവരെ', പത്മദാസൻ മനസിൽ മുവാറ്റുപുഴയിലെ ഒരു രാത്രി ചികഞ്ഞെടുത്തു പൊടിതട്ടി.

'എന്ത്‌?', തങ്കമണി പെട്ടെന്നു പേടിച്ചതു പോലെ ചോദിച്ചു.

'നീയെവിടെ ശ്രദ്ധിക്കുകയായിരുന്നു വാസന്തീ. ഡയലോഗ്‌ പഠിക്കാതെയാണോ ഇന്നും. ചോര. മനുഷ്യന്റെ ചൂടുള്ള ചുവന്ന ചോര?'

"ഡയലോഗ്‌ പഠിക്കാനൊക്കെ എവിടാ നേരം സാറേ. ഓരോന്ന് ഉള്ളീന്നു വരുന്നതുവെച്ച്‌ പറയാമെന്നാല്ലാതെ.'

'അതു പറ്റില്ല വാസന്തീ. അങ്ങനെ മനസ്സീന്നു വരുന്നതു പറഞ്ഞാലൊന്നും കാണികള്‌ സമ്മതിക്കില്ല. ദാ, ഇരിക്കണ ലോഹിതാക്ഷൻ സാറ്‌ ഒട്ടും സമ്മതിക്കില്ല. പിന്നെ, ഞാനും സമ്മതിക്കില്ല. ലോഹിതാക്ഷൻ സാറ്‌ എഴുതി വെച്ചിരിക്കുന്ന അതേ ഡയലോഗ്‌ തന്നെ പറയണം. എന്നാലേ ചിരഞ്ജീവിക്ക്‌ ഈ സീസണിൽ പത്തുനൂറു സ്റ്റേജെങ്കിലും കിട്ടൂ. പത്തിരുപത്തഞ്ചു വയറു കഴിയേണ്ടതാ. വാസന്തീ നീ നിന്റെ മനസീന്നു വരുന്നതു പറഞ്ഞു വയറിനെ കഷ്ടപ്പാടിലാക്കരുത്‌.'

'എന്നാ പത്മദാസൻസാറ്‌ പറഞ്ഞോണ്ടാട്ടെ'.

'ചിരഞ്ജീവി തട്ടേൽ കേറുന്നതുവരെ ഒരു മൊട്ടുസൂചി കൊണ്ടുപോലും ആരുടേയും ചോര ഞാനടർത്തിയെടുത്തിരുന്നില്ല. സ്വന്തം ചോരയുടെ കാര്യം പോട്ടെ. നാളതുവരെ ഒരു മുള്ളുകൊണ്ടുപോലും എന്റെ ഒരു തുള്ളി ചോര പൊടിഞ്ഞിരുന്നില്ല. എന്നിട്ടു വേണ്ടേ, വേദന മാറ്റാനെങ്കിലും വേണ്ടി അതൊന്നു വായിൽവച്ചു നോക്കാൻ. എന്നിട്ടും ചോര കുടിക്കുന്ന ഒരാളുടെ റോള്‌ ലോഹിതാക്ഷൻസാറ്‌ എനിക്കുവേണ്ടി പ്രത്യേകം എഴുതിയുണ്ടാക്കി എനിക്കു തന്നെ തന്നത്‌ എങ്ങനെയാണെന്നാ, ഇപ്പോഴും ആലോചിച്ചാ ഒരു പിടീം കിട്ടാത്തത്‌. ലോഹിസാറിന്റെ ആ കടിച്ചുപിടിച്ചുള്ള ചിരി കണ്ടോ. സ്ക്രിപ്റ്റ്‌ എഴുതിക്കഴിഞ്ഞ അന്നും ഇങ്ങനെയായിരുന്നു. ഒരു ചിരീം കടിച്ചുപിടിച്ചോണ്ട്‌ എന്നേം നോക്കി ഒരിരിപ്പാരുന്നു. കൊറേ സമയം കഴിഞ്ഞപ്പോഴാ, ഒരു വാക്ക്‌ വീണത്‌. പത്മാ, ഇതു നിനക്ക്‌ ചെയ്യാൻ കഴിയും. നിനക്കു വേണ്ടീട്ടാ ഇങ്ങനെ ഒരാളെ കൊണ്ടുവന്നതെന്ന്.  ലോഹിതാക്ഷൻസാറിന്റെ പ്രതീക്ഷ തകർത്തുകളയാൻ പറ്റില്ലല്ലോ. മാത്രോല്ല, ഞാനിതുവരെ അങ്ങനെ ചെയ്തിട്ടുമില്ല. നമ്മളെ വിശ്വസിച്ച്‌ ഒരു വേഷമേൽപ്പിക്കുമ്പോൾ അതു മിഴിവോടെ ആടിത്തീർക്കണ്ടേ. നടന്‌ വേഷമല്ലാതെ വേറെന്താ ഉള്ളത്‌. ഇതും ലോഹിസാറ്‌ തന്നെ ഇടയ്ക്കു പറയുന്നതാവുമ്പോൾ പ്രത്യേകിച്ചും.

'ഡയലോഗ്‌ പറയാണ്ടെ, മനസ്സിലോരോന്ന് ആലോചിച്ചു കൂട്ടുകയാണോ. എനിക്കാണെങ്കീ, കൊച്ചിനു മൊല കൊടുക്കാൻ നേരോമായി. വേഗം പറഞ്ഞോണ്ടാട്ട്‌.'

ഡോക്ടർ റൗണ്ട്സിനു വരുന്ന സമയമായിട്ടുണ്ട്‌. അതാണ്‌ നഴ്സ്‌ തങ്കമണി ഇത്രയും  തിടുക്കം കൂട്ടുന്നത്‌.

'എന്നുവെച്ച്‌ വെറുതേ കാണാപാഠം പഠിച്ചാ അഭിനയം വരുമോ. അതല്ലേ, അതിന്റെ കല്ലും മൂലേം ചേർത്തുപറയുന്നത്‌. അതിരമ്പുഴേല്‌ പാരിജാതത്തിന്റെ നാട്ടിൽ കളിച്ചപ്പോ നീയങ്ങനെ ഡയലോഗ്‌ മാത്രം പറഞ്ഞു കൊറേ കൂവല്‌ കേൾപ്പിച്ചതാ. അതേതായാലും ഇനീം പറ്റില്ല. ഒന്നൂല്ലേല്‌ ഡയലോഗ്‌ എഴുതണ ലോഹിതാക്ഷൻസാറിനോടൊരു കൂറെങ്കിലും വേണ്ടേ. എത്ര കഷ്ടപ്പെട്ടാ അത്‌ ഓരോന്ന് എഴുതിക്കൂട്ടുന്നത്‌. നിശാഗന്ധിയിലെ അവസാനത്തെ സീനിലെ ആ ഒറ്റ ഡയലോഗ്‌ കൊണ്ടല്ലേ സീസണില്‌ പത്തിരുന്നൂറ്‌ ബുക്കിങ്‌ കിട്ടിയത്‌. എന്തായിരുന്നു അതിന്റെ ഡെപ്ത്ത്‌. നീയതൊന്നു പറഞ്ഞേ.'

'ഓ. എനിക്കതൊന്നും ഇപ്പോ ഓർക്കാൻമേല. അതു പണ്ടേ ഞാമ്മറന്നു.'

'എന്നാ എനിക്കോർമ്മേണ്ട്‌ വാസന്തീ. ജീവിച്ചാല്‌ ഒരിക്ക മരിക്കുമെന്നൊക്കെ അവരുണ്ടാക്കിയ അവരുടെ ഓരോ ന്യായങ്ങളാ. ഇണങ്ങിയവരെ പിരിക്കാനും പിരിഞ്ഞവരെ അകറ്റാനും. കൊല്ലാനും കൊന്നുതിന്നാനും. എന്നാ നമ്മള്‌ ഒരിക്കലും മരിക്കാൻ പോണില്ല. ഈ ഭൂമി ഇവിടെക്കാണും വരെ ഇവിടെ ഈ ഭൂമീല്‌ നമ്മള്‌ ഒരുമിച്ച്‌ ജീവിക്കും. ചെലപ്പോ ഈ ഭൂമി മരിച്ചുപോയെന്നിരിക്കും. അപ്പോ നമ്മള്‌ മറ്റൊരു ഭൂമീല്‌ ഒന്നിച്ചു ജീവിക്കും. അല്ലേല്‌ നമ്മക്ക്‌ ഒരുമിച്ചു ജീവിക്കാൻ നമ്മളൊരു ഭൂമിയുണ്ടാക്കും. അതിനു ഭൂമി എന്നുതന്നെ നമ്മള്‌ പേരുമിടും. വാസന്തീ, ആ ഡയലോഗ്‌ കഴിഞ്ഞ്‌ കർട്ടൻ വീണിട്ടും തീർന്നിരുന്നില്ല, മനസ്സിലെ ആ പെരുപെരുപ്പ്‌. എന്തായിരുന്നു കൈയടി. നീയതൊന്നും മറക്കാൻ പാടില്ലായിരുന്നു. നമ്മളൊന്നും ഒരിക്കലും മരിക്കാൻ പോകുന്നില്ല വാസന്തീ.'

'അതുവ്വ'

'എന്നിട്ട്‌, വെറുതെ ചായ കുടിക്കുന്നതുപോലെ ചോര കുടിക്കുന്നതായി അഭിനയിക്കാൻ പറ്റുമോ? ചോരേടെ നെറോല്ലേ നമുക്കറിയൂ. മണൂം അറിയാം. ഒരു തണുത്ത ഇരുമ്പിന്റെ മണമായിരിക്കും ചോരയ്ക്ക്‌. എന്നാ, അതിന്റെ രുചിയോ. അതറിയാതെ എങ്ങനാ മൊഖത്ത്‌ അതിന്റെ അഭിനയം വരിക. അപ്പോ ചോര കുടിച്ചു നോക്കാണ്ടെ പറയാനും പറ്റില്ല. അഭിനയത്തിനാണെങ്കിലും ചോര കുടിച്ചുനോക്കാൻ പറ്റുമോ? ഇനിയതല്ലാണ്ട്‌ പറ്റുമോ. എനിക്കതെല്ലാം അഭിനയിച്ചു കാണിക്കാൻ പറ്റുമെന്ന് ലോഹിതാക്ഷൻസാറ്‌ പറയുമ്പോ പറ്റില്ലാന്ന് വരുത്താനും പറ്റില്ല. കോഴിയുടെ ചോരയാണെങ്കില്‌   കുടിച്ചുനോക്കാം. മനുഷ്യന്റെ ചോര ഒരു ഗ്ലാസ്‌ കിട്ടണമെന്നു വച്ചാ നടക്കണ കാര്യം വല്ലോമാണോ? മൊലപ്പാല്‌ ചോദിച്ചാ കിട്ടും. പക്ഷേ, ചോര കിട്ടത്തില്ല.അതുമല്ല, എങ്ങനാ കണ്ണിച്ചോരയില്ലാണ്ട്‌ ചോദിക്കുന്നേ, നാടകത്തില്‌ അഭിനയിച്ചു പഠിക്കാനാ, കൊറച്ച്‌ ചോര കിട്ടുമോ എന്ന്. അവസാനം അറ്റകൈയ്ക്ക്‌ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. എല്ലാം കഴിഞ്ഞ്‌ തിരിഞ്ഞുകിടക്കണേനും മുമ്പ്‌ അമ്മിണീടെ പിൻകഴുത്തിൽ അവള്‌ പോലുമറിയാതെ പല്ലങ്ങ്‌ ആഴ്ത്തിക്കൊടുത്തു. എന്താ കഴുത്തില്‌ ആരോ കടിച്ചപോലെ എന്നവള്‌ ചോദിക്കണേനും മുന്നേ കിട്ടി നാലഞ്ചുതുള്ളി നല്ല ചൂടുചോര. വല്ലാത്തൊരു ചവർപ്പും വഴുവഴുപ്പുമൊക്കെ ആയിരുന്നെങ്കിലെന്താ,  മുവാറ്റുപൊഴേല്‌ ആളോള്‌ ശ്വസിക്കണ ഒച്ച കേൾക്കാര്‌ന്ന്‌. ആളോള്‌ കിടുങ്ങിത്തരിച്ച്‌ ഇരിപ്പായിരുന്നില്ലേ, ലാസറ്‌ മേരിക്കുട്ടീടെ അടിവയറ്‌ പിളർന്ന് ചോര കുടിക്കുമ്പോഴത്തേക്കിന്‌. റിഹേഴ്സലിലൊന്നും പുറത്തുകാണിക്കാതെ അതൊക്കെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നില്ലേ'.

'കലക്കി പത്മദാസാ. എന്റെ മനസ്സിലെ അതേ ലാസറ്‌. ചോര കുടിക്കുമ്പോഴത്തെ ആ വിമ്മിഷ്ടോം എന്നാ മേരിക്കുട്ട്യോടുള്ള ആ പകേം ദേഷ്യോം എല്ലാം അസൽ. നീ ശരിക്കും മേരിക്കുട്ടീടെ ചോര കുടിച്ചോ പത്മദാസാ'. കർട്ടൻ വീണ ശേഷം സ്റ്റേജിലേക്ക്‌ കയറിവന്ന ലോഹിതാക്ഷൻ ചോദിച്ചത്‌ ഒരു സ്വപ്നത്തിലെന്ന വണ്ണമായിരുന്നു പത്മദാസൻ കേട്ടത്‌.

'ലോഹിതാക്ഷൻ സാറേ, ലാസറ്‌ ശരിക്കും മേരിക്കുട്ടീടെ ചോര കുടിക്കുമെന്ന് മാഷ്‌ മനസീക്കണ്ടിരുന്നെങ്കീ പത്മദാസൻ വാസന്തീടെ ചോര കുടിച്ചിട്ടുണ്ട്‌. ഇപ്പോഴും വാസന്തീടെ ഒരു ചോരക്കുഴല്‌ പത്മദാസന്റെ നാവിന്മേല്‌ കുടഞ്ഞൊഴിയുന്നുണ്ട്‌. അവളുടെ അടിവയറ്റിന്റെ ചൂടും ചൂരും ഇപ്പോഴും എന്റെ ചുണ്ടത്ത്‌ പൊടിഞ്ഞുണരുന്നുണ്ട്‌. ഓരോന്ന് എഴുതിപ്പിടിപ്പിക്കുമ്പം ഓർക്കണം. ഇതൊക്കെ അഭിനയിച്ചു കാണിക്കാനുള്ളതാണെന്ന്. ഇതൊക്കെ ജീവിച്ചു നിറയാനുള്ളതാണെന്ന്, മാഷേ'.

'സമ്മതിച്ചു, പത്മാസാ. സമ്മതിച്ചു. ഞാൻ മനസീക്കണ്ടതുപോലെ ഫലിപ്പിച്ചുക്കാണിക്കാമ്പറ്റുമെന്ന് ഞാനത്രേം കരുതീതല്ല. നീ മിടുക്കനാ. നമ്മള്‌ ഈയാണ്ട്‌ പത്തിരുന്നൂറ്റമ്പത്‌ സ്റ്റേജ്‌ കലക്കും. ഒറപ്പാ'.

'ഇതൊന്നും എന്റെ ഒരു മിടുക്കല്ല ലോഹിതാക്ഷൻ സാറേ. എല്ലാം നിങ്ങളൊരാള്‌ടെ മിടുക്കാ. നിങ്ങള്‌ മനസീക്കാണുന്നു. നമ്മള്‌ അഭിനയിച്ചു കാണിക്കുന്നു. ഇതെല്ലാം മനസീത്തോന്നിക്കണത്‌ തന്നാ ശരിയായ മിടുക്ക്‌.'

'നോക്ക്‌, വാസന്തീ എന്നിട്ട്‌ ഒന്നുമറിയത്തതുപോലെ ലോഹിതാക്ഷൻസാറിന്റെ ആ ഇരുപ്പ്‌ നോക്ക്‌. ആ ചിരിയെ ഇങ്ങനെ കടിച്ചുപിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാതെ. ഇതാ പ്രകൃതം. നമ്മളെക്കൊണ്ട്‌ ഓരോന്നിങ്ങനെ ചെയ്യിച്ചിട്ട്‌ നമ്മളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലുള്ളൊരിരുപ്പ്‌. ഇനിയിപ്പ വേറെയെന്തേലും ആലോചിച്ചു കൂട്ടുകാരിക്കും. വാടകയ്ക്ക്‌ ഒരു പ്രണയത്തിലെ രമേശൻ കോൺട്രാക്ടറെപ്പോലെ, അർബുദം വന്ന ശരീരത്തെ അവസാനം ആർക്കും വേണ്ടാതായപ്പോൾ അവയവങ്ങളോരോന്നായി വിൽപ്പന നടത്തിയതു പോലെ എന്തെങ്കിലും കുരുട്ട്‌ പ്രയോഗങ്ങൾ. എവിടെ നിന്നാണാവോ ഇതെല്ലാം ലോഹിതാക്ഷൻസാറിന്റെ മനസിലേക്ക്‌ ഇറങ്ങിവരുന്നത്‌. ആവോ. നിനക്ക്‌ വല്ല പിടിയുമുണ്ടോ വാസന്തീ?'

'എനിക്കെങ്ങും അറിയാമ്മേല. ഡോക്ടർ റൗണ്ട്സിനു വരാൻ സമയമാവുന്നു. ഇപ്പ വരും.'

'ഡോക്ടർ എപ്പോ എവിടെ വരണമെന്ന് ലോഹിതാക്ഷൻസാറാ തീരുമാനിക്കേണ്ടത്‌. ആ ജഗന്നാഥൻപിള്ളയ്ക്ക്‌ തന്നാരിക്കുമല്ലോ ഡോക്ടറുടെ വേഷം. ഡോക്ടറാവുമ്പോൾ പ്രത്യേകിച്ച്‌ അഭിനയമൊന്നും വേണ്ടിവരുന്നില്ല. എനിക്കു ശേഷം ഞാനിൽ സുകുമാരനായിരുന്നു  മാരകരോഗം. ജഗന്നാഥൻപിള്ള അവിടെ ഒരു ഡയലോഗ്‌ തെറ്റിക്കുകേം ചെയ്തു. ഡോക്ടറേ, ഞാൻ മരിക്കുമോ മരിക്കുമോ  എന്നു വീണ്ടും വീണ്ടും ചോദിക്കുന്ന സുകുമാരന്‌ മരിക്കുമെന്ന കാര്യത്തിൽ വലിയ പേടിയുണ്ട്‌. എന്തിനാ പേടിക്കുന്നത്‌. ഞങ്ങളൊക്കെയില്ലേ എന്നായിരുന്നു ശരിയായ ഡയലോഗ്‌. മരിച്ചാലെന്താ, ഞങ്ങളൊക്കെയില്ലേ എന്നു ജഗന്നാഥൻപിള്ള ഡോക്ടർ. കാണികള്‌ ആർത്തു കൂവിയപ്പോഴാ ഡോക്ടർക്ക്‌ അമളി മനസിലായത്‌. എന്നാലും ഒരു ഗുണം കിട്ടി കേട്ടോ വാസന്തീ. അന്നു നീ ട്രൂപ്പില്‌ വന്നിരുന്നില്ല. കാണികള്‌ നാടകത്തീന്ന് ജീവിതത്തിലേക്ക്‌ പെട്ടന്നങ്ങു വന്നു. രോഗങ്ങളെല്ലാം കഥാപാത്രങ്ങൾക്കേയുള്ളൂ. നടീനടന്മാർക്കില്ലെന്ന് ഒരു വെളിപാടുപോലല്ലോ എല്ലാവർക്കും മനസ്സിലായത്‌. ജഗന്നാഥൻപിള്ള ഡയലോഗ്‌ മന:പൂർവ്വം തെറ്റിച്ചതല്ലെന്ന് എനിക്കുമറിയാം. അതു ലോഹിതാക്ഷൻ സാറിന്റെ അവസാനനിമിഷത്തെ ഒരു തിരുത്തായിരുന്നു കേട്ടോ. ഈ തിരുത്തൊക്കെ സമയാസമയത്ത്‌ എവിടെക്കൊണ്ടിട്ടു തോന്നിക്കുന്നതാണോ എന്തോ. എന്നിട്ടു ചോദിച്ചപ്പോ പറയുകയാ, ആ ജഗന്നാഥൻപിള്ള ഡയലോഗ്‌ തെറ്റിച്ചു പറഞ്ഞതാണെന്ന്. അതോണ്ട്‌ ഡോക്ടർ ഏതു സമയത്ത്‌ വരണം, എന്തൊക്കെ ചോദിക്കണം, പറയണമെന്നൊക്കെ ലോഹിതാക്ഷൻ സാറ്‌ തീരുമാനിക്കും. അതൊക്കെ എഴുതിവെച്ചിട്ടുമുണ്ടാവും. ഓരോ സമയം വരുമ്പോ അതങ്ങ്‌ പ്രോംപ്റ്റ്‌ ചെയ്തു തരികയല്ലേ. അതുകൊണ്ടു ഡോക്ടർ എന്നൊക്കെ പറഞ്ഞ്‌ വെറുതെ ആധി കൂട്ടാതെ വാസന്തീ. ഡോക്ടറു വരുമ്പോ നിനക്കു പറയാനുള്ള ഡയലോഗ്‌ മറന്നുപോണ്ട. ഈ ആക്രാന്തം പിടിക്കുന്നതിനിടയിൽ'.

'ഇതാ, ഡോക്ടർ വന്നു കഴിഞ്ഞു', നഴ്സ്‌ തങ്കമണി പറഞ്ഞു.

'ലോഹിതാക്ഷൻ സാറേ കേൾക്കുന്നുണ്ടോ അവിടിരുന്ന്. ഇതേതാ പുതിയ ഡോക്ടർ.? നമ്മുടെ ജഗന്നാഥൻപിള്ളയല്ലേ സ്ഥിരം ഡോക്ടർ. ഇതേതാ പുതിയ ആൾ. ആരായാലും കൊള്ളാം. ഡയലോഗ്‌ മറന്നുപോകാതിരുന്നാൽ മതി. ജഗന്നാഥൻപിള്ളയെപ്പോലെ ഡയലോഗ്‌ മാറ്റിപ്പറയാനും പറ്റില്ല, കേട്ടോ ഡോക്ടറേ'.

'അതു ഞാൻ മാറ്റിപ്പറയുമോ പത്മദാസൻ സാറേ? എല്ലാം ലോഹിതാക്ഷൻസാറ്‌ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്‌'.

'അല്ല, ഞാൻ പറഞ്ഞെന്നേയുള്ളൂ. ആശുപത്രിയുടെ രംഗസംവിധാനം അസ്സലായിട്ടുണ്ട്‌. ശരിക്കും ആശുപത്രി തന്നെ. ആ ഡെറ്റോളിന്റെ മണം പോലും ഒറിജിനൽ. തങ്കപ്പനാശാരി തന്നെയാണല്ലോ രംഗസംവിധാനം. പൂന്തേനരുവി കൊലക്കേസിന്റെ രംഗപടം ഒന്നു കാണണം. കണ്ടിട്ടുണ്ടോ ഡോക്ടറ്‌. കണ്ടുകാണാൻ വഴിയില്ല. പത്തിരുപത്തഞ്ചു കൊല്ലം മുമ്പാ. അന്നു ഡോക്ടറൊക്കെ വള്ളിനിക്കറിടുന്ന പ്രായമാ. എന്നാലും പറയുകാ. പുതിയ ആളല്ലേ. ആ കാടും, കാട്ടിലെ നീർച്ചോലയും അതിന്റെ ഒഴുക്കിന്റെ മദിപ്പിക്കുന്ന ശബ്ദവും എല്ലാം ഒറിജിനൽ. കാട്ടുപൊഴേടെ കരേ വച്ചല്ലേ മൈക്കിള്‌ പുഷ്പകുമാരിയെ വെള്ളത്തില്‌ ശ്വാസം മുട്ടിച്ചു കൊന്നത്‌. കഴുത്തിലും അരക്കെട്ടിലും ചവിട്ടിനിന്നുകൊണ്ടു മൈക്കിള്‌ വെള്ളംകോരി വായ്ക്കൊള്ളുന്ന ആ രംഗമുണ്ടല്ലോ, നമ്മള്‌ ശരിക്കും സിനിമേലൊക്കെ കാണുന്നതു മാതിരി തന്നല്ലോ. തങ്കപ്പനാശാരി വിചാരിച്ചാ അതു നമ്മള്‌ നേരിൽ കാണുന്നതു പോലെ തന്നെ. ഈ ലോഹിതാക്ഷൻ സാറിന്റെ ഓരോ ഭാവനകളുമാണേ. അവിടെ വച്ചു മൈക്കിളിനു പുഷ്പകുമാരിയെ ഏതൊക്കെ വിധത്തിൽ വേണമെങ്കിൽ കൊല്ലാം. ശ്വാസംമുട്ടിയാ മരണമെന്നല്ലേയുള്ളൂ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. അപ്പോൾ ശ്വാസംമുട്ടിച്ചാൽ മതീലോ. ഈ വെള്ളത്തിൽ ചവിട്ടിക്കുത്തിപ്പിടിച്ചു കൊല്ലണമെന്നൊക്കെ ലോഹിതാക്ഷൻസാറിന്റെ അത്യപാരബുദ്ധിയാണേ. കാണികള്‌ ശ്വാസം വിടാതെ ഇരുന്നു കാണുന്നതൊന്നു കാണണം. അപ്പോഴാ അഭിനയത്തിന്റെ വിജയം.'

'ശ്വാസകോശത്തില്‌ വെള്ളം കയറിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പത്മദാസൻ സാറേ. അതോണ്ടായിരിക്കും വെള്ളത്തിൽ കുത്തിപ്പിടിച്ചു കൊന്നത്‌'.

'അതും ലോഹിതാക്ഷൻസാറ്‌ എഴുതിപ്പിടിപ്പിക്കുന്നതല്ലേ. എന്നിട്ട്‌ ആ ചിരിയും കടിച്ചുപിടിച്ചുള്ള ഇരിപ്പുണ്ടല്ലോ. മൈക്കിള്‌ തല ഉയർത്തി ഒന്നു നോക്കിയതാ ലോഹിതാക്ഷൻസാറിന്റെ മൊഖത്തോട്ട്‌. ശരിയായില്ലേ എന്നറിയാൻ. എന്നാ വല്ല ഇളക്കോമുണ്ടോ മൊഖത്ത്‌. ഇല്ല. അതേ ഇരുപ്പ്‌. എന്നാലും സംഗതി സാറിനു പിടിച്ചെന്നു മൈക്കിളിനു തോന്നി, കേട്ടോ'.

'അതിപ്പോ പത്മദാസൻ സാറിന്‌ കൃത്യമായിട്ടെങ്ങനെ അറിയാം?'

'ഞാനല്യോ മൈക്കിള്‌. ഈ ഡോക്ടറുടെ ഒരു കാര്യം. എന്നെക്കൊണ്ട്‌ ഈ വേണ്ടാതീനമൊക്കെ ചെയ്യാനല്ലേ ലോഹിതാക്ഷൻസാറ്‌ ഇങ്ങനെ ഓരോ കഥ പറയുന്നത്‌. അല്ലേ, ലോഹിതാക്ഷൻ സാറേ. ഓ, ഇതാരോടാ ഞാൻ ചോദിക്കുന്നത്‌.പത്തെണ്ണം ചോദിച്ചാ ഒന്നിനേ ഉത്തരം കിട്ടൂ. പക്ഷേ എന്തും ചോദിക്കാം. എന്തും പറയാം. ചാടിക്കേറി വിഴുങ്ങത്തും മറ്റുമില്ല. ബീഡീടെ കറ പറ്റുമ്പോ കയ്പ്പോടെ ചുണ്ടൊന്നു വിടർത്തും. അപ്പോ കിട്ടിയാ കിട്ടി ഉത്തരം. ഇല്ലെങ്കിൽ അതുമില്ല. അഹംഭാവത്തിനു കൈയും കാലും വെച്ചതല്യോ'.

'എന്നിട്ടിപ്പോ ആശുപത്രിക്കിടക്കേല്‌ കൊണ്ടു കിടത്തി തളച്ചതെന്തിനാ?'

'ഇത്‌ നല്ലപ്പഴ്‌ വല്ലോമാണോ. ചക്രവാളത്തിനരികെയിൽ എന്റെ കാലുമുറിച്ചു കളയിപ്പിച്ചില്ലേ. ശാന്തിഗീതത്തിൽ രണ്ടു ബോംബാക്രമണമായിരുന്നില്ലേ തുടരെത്തുടരെ. തങ്കപ്പനാശാരീടെ കുഴിയമിട്ട്‌ സ്റ്റേജിനു പിറകിൽ പൊട്ടിയപ്പോൾ കാണികള്‌ ഞട്ടി. എനിക്ക്‌ ഞെട്ടാൻ പറ്റുമോ? മൂവർണ്ണക്കൊടി പിടിച്ചു പുകപടലങ്ങൾക്കിടയിൽ നിന്നു പുറത്തുവന്ന് ശാന്തിഗീതം പാടിച്ചല്ലേ അടങ്ങിയൊള്ള്‌. ഓർമ്മകളേ നന്ദിയിൽ ശ്വാസകോശത്തിലായിരുന്നില്ലേ അർബുദം. ചികിത്സിച്ചു ചികിത്സിച്ചു ചില്ലിക്കാശില്ലാതായപ്പോൾ എന്റെ ഭാര്യ വിലാസിനിയുടെ ജീവൻ ഒരു സാരിത്തുമ്പിൽ കെട്ടിയാടിച്ചില്ലേ. അടിയൊഴുക്കിൽ ലാസ്റ്റ്‌ കർട്ടൻ വീഴണതുവരെ ഒറ്റക്കിടപ്പല്ലേ കിടത്തിയത്‌. നട്ടെല്ലിനു ക്ഷതം സംഭവിച്ച പ്രഭാകരൻനായര്‌ ആ കിടപ്പിൽ കിടന്ന് എന്തെല്ലാം കണ്ടു. ഭാര്യ കമലാക്ഷി വ്യഭിചരിക്കണതു കാണേണ്ടി വന്നു. രണ്ടു പെമ്മക്കള്‌ പെഴച്ചു പോയതും കാണേണ്ടി വന്നു. എന്നാലുണ്ടോ ജീവനൊടുക്കാൻ ലോഹിതാക്ഷൻസാറ്‌ സമ്മതിക്കുന്നു. ഇഴഞ്ഞിഴഞ്ഞു പോയി എല്ലാവരോടും പ്രതികാരം തീർക്കണതുവരെ ജീവിപ്പിച്ചു. ഒടുക്കം കർട്ടൻ വീഴുമ്പഴാ ഒന്നു മരിക്കാനൊത്തത്‌.'

ഡോക്ടറേ. പൂന്തേനരുവി കൊലക്കേസിൽ തന്നെ ആ മൈക്കിളിന്‌ എന്തെല്ലാം ദുരന്തങ്ങളാ അവസാനം കാത്തുവെച്ചത്‌. ശരിക്കും പുഷ്പകുമാരിയെക്കൊന്നത്‌ മൈക്കിളാണോ. അല്ല, മരിച്ചെന്നു കരുതി പുഷ്പകുമാരിയെ അവിടെ ഉപേക്ഷിക്കുകയായിരുന്നല്ലോ. ജീവിതം തിരിച്ചു കിട്ടിയ പുഷ്പകുമാരിയെ ശരിക്കും കൊല്ലുന്നത്‌ വില്ലൻ ഗോപാലക്കുറുപ്പായിരുന്നില്ലേ. എന്നിട്ടും മൈക്കിളിനെ തൂക്കേക്കയറ്റാണ്ടിരിക്കാൻ ഒരു ദയാഹർജി പോലും തള്ളപ്പെടാതിരിക്കാൻ പറ്റിയോ? എത്രയോ പഴുതുകളുണ്ടായിരുന്നു. സംശയത്തിന്റെ ആനുകൂല്യമുണ്ടായിരുന്നു. എന്നിട്ടും അതു ചെയ്തോ? കഴുത്തേൽ തൂക്കുകയറിട്ട്‌ അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിൽ മാത്രം അൽപം കാരുണ്യം എന്തുകൊണ്ടോ കാട്ടി. താൻ നിരപരാധിയാണെന്നു പറയാൻ മൈക്കിളിനു ഒരു ചെറിയ അവസരം. ഒറ്റ വാചകത്തിൽ ഒരു ഡയലോഗ്‌. അപ്പോഴേക്കും  മൈക്കിളിന്റെ ഈ രണ്ടു കണ്ണിലുമുണ്ടല്ലോ സങ്കടം വന്ന് ആർത്തലച്ച്‌ പെയ്തൊഴിയുകയായിരുന്നു. പിന്നെയുണ്ടല്ലോ ഡോക്ടറേ, ഓരോ കഥാപാത്രങ്ങളാണെന്നു പറഞ്ഞാലും നമ്മളത്‌ ഉള്ളിൽ കൊണ്ടങ്ങ്‌ ചെയ്യുകയല്ലേ. ഡോക്ടറ്‌ ഇനി സ്ഥിരമായി ഉണ്ടാകുമോ ട്രൂപ്പില്‌. സ്ഥിരമായി വന്നാ ഒരു കൊഴപ്പമുണ്ട്‌. നമ്മളിങ്ങനെ ജീവിച്ച്‌ ജീവിച്ച്‌ പിന്നെ മരിക്കാൻ പറ്റത്തില്ല'.

'സ്ഥിരമായി നിങ്ങളുടെ ട്രൂപ്പിൽ നിൽക്കാൻ പറ്റത്തില്ല, പത്മദാസൻ സാറേ. ഇതൊരു തൊഴിലായി എടുത്തിട്ടില്ല. ചെറിയൊരു സർക്കാർ ജോലിയുണ്ട്‌. ചാവും വരെ പെൻഷൻ കാശ്‌ കൊണ്ടു കഞ്ഞികുടിച്ചങ്ങനെ കഴിയാം. ഈ നാടകത്തില്‌ ഒരു ഡോക്ടറുടെ റോളുണ്ടെന്നു ലോഹിസാറു പറഞ്ഞോണ്ട്‌ ഒരു കൈ നോക്കാമെന്നു കരുതിയതാ. അസാരം നാടകക്കമ്പമുണ്ടേ'.

'ഒരു ടൈംപാസ്‌ അല്ലേ. അതു പറ്റില്ല. ഇടയ്ക്കു വേറേ ചിന്ത കേറിവന്നാപ്പിന്നെ അഭിനയം അത്ര ശരിയായീന്ന് വരില്ല. കേറിക്കിടക്കാനൊരു കൂരേം പെൻഷൻ കിട്ടാൻ ഒരു ജോലീമുള്ളത്‌ നല്ലതുതന്നാ. ബുക്കിംഗ്‌ കുറഞ്ഞാ അരിഷ്ടിച്ചു ജീവിക്കേണ്ടല്ലോ. എന്നാ, സ്റ്റൈലായി ആ ഡയലോഗ്‌ അങ്ങു കാച്ചിക്കോ. ലോഹിതാക്ഷൻസാറുണ്ടേ മുന്നീത്തന്നെ. തെറ്റിച്ചാൽ ഡോക്ടറുപണി പോവുമേ. ആദ്യമേ പറഞ്ഞില്ലെന്നു വേണ്ട. ഈ വാസന്തി നഴ്സിനാണെങ്കില്‌ പറയുമ്പോഴെക്കും ഡയലോഗ്‌ മറന്നുപോയിട്ടുണ്ടാവും. നിശാഗന്ധിയിലെ അവസാനത്തെ ഡയലോഗ്‌ ഓർത്തുപറയാൻ പറഞ്ഞപ്പ നിന്നു കണ്ണുമിഴിക്കുവാ. അവളുടെ ആ രണ്ടുണ്ടക്കണ്ണുണ്ടല്ലോ, അതു രണ്ടും തുറിച്ചോണ്ട്‌'.

'ഇപ്പോൾ വയറ്റില്‌ ചുളുചുളുകുത്തുന്ന ആ വേദന വരുന്നുണ്ടോ. എന്തു കുടിച്ചാലും തിന്നാലും ആവർത്തിച്ചുവരുന്ന വേദന. ബയോപ്സി റിപ്പോർട്ട്‌ ഞാൻ ഒന്നുകൂടി പരിശോധിച്ചു. ഒന്നു നന്നായി സ്പ്രെഡ്‌ ആയിട്ടുണ്ട്‌. കുഴപ്പമില്ല. അടുത്താഴ്ച കീമോ ഒന്നുകൂടി നോക്കാം. എന്താ?'

'ഡോക്ടറേ, പറേണതു കൊണ്ട്‌ ഒന്നും തോന്നരുത്‌ കേട്ടോ. നന്നാവാൻ വേണ്ടി പറയുന്നതാണെന്നു വിചാരിച്ചാ മതി. താഴ്‌വാരത്തിലെ ഡോക്ടർ നന്ദകുമാറിന്റെ അത്രേം വരുന്നില്ല. അസുഖത്തെപ്പറ്റി പറയുമ്പം ഒച്ചേല്‌ ഒരു ചെലമ്പലുണ്ട്‌. അതു മാറണം. ഡോക്ടർ നന്ദകുമാറ്‌ കേശവൻ നമ്പൂതിരിയോടു പറയുന്ന ഡയലോഗുണ്ട്‌. ഉള്ളിൽ തട്ടിയാ പറച്ചിൽ മുഴുവൻ. പറയാനുള്ളതിലെ ദൈന്യം മുഴുവൻ മൊഖത്തേക്കും കണ്ണിലേക്കും കറുത്തുകെട്ടിക്കിടക്കും. ഇപ്പോൾ ആർത്തലച്ചു പെയ്തൊഴിയുമെന്ന് തോന്നും. കാണികൾ വീർപ്പടക്കിയിരിക്കുകയാവും. കേശവൻ നമ്പൂതിരിയുടെ ചുണ്ടൊന്നു മിണ്ടിത്തുടങ്ങിയിട്ടു വേണം കരഞ്ഞു തുടങ്ങാനെന്ന ഭാവത്തിൽ. നമ്പൂതിരിക്കാണെങ്കിൽ ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ബ്ലഡ്‌ ക്യാൻസറാണ്‌. വീട്ടുകാരുടെ എതിർപ്പ്‌ വകവയ്ക്കാതെ ഒളിച്ചോടി കല്യാണം കഴിച്ച ഭാര്യ. ഒന്നു ജീവിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉള്ളതെല്ലാം പെറുക്കിയെടുത്തു അടുക്കിത്തുടങ്ങിയ ജീവിതം. ആ ദൈന്യമെല്ലാം തന്നെയാണ്‌ നന്ദകുമാറ്‌ ഡോക്ടറിന്റെ ശബ്ദത്തിലും. എന്നാലോ ഒട്ടും ചിലമ്പിയില്ല. നിർത്തി നിർത്തി കേശവൻ നമ്പൂതിരിയുടെ മൊഖത്തു നോക്കാതെ ഒരു പാരഗ്രാഫ്‌ ഡയലോഗ്‌. അവിടവിടെ കണ്ണീര്‌ കുത്തിച്ചീറ്റുന്ന വാക്കുകൾ അടുക്കിവെച്ചിരിക്കുകയാ ലോഹിതാക്ഷൻസാറ്‌. അവസാനം കേശവൻ നമ്പൂതിരിയുടെ ഒരു മറുപടിയുണ്ട്‌. അതറിയുമോ ഡോക്ടർക്ക്‌?'

'കേട്ടിട്ടുണ്ട്‌. എന്നാലിപ്പോൾ ഓർമയില്ല'.

'ഒരിക്കക്കേട്ടാ മറക്കരുത്‌. വെറും ഡയലോഗ്‌ പറഞ്ഞതോണ്ട്‌ തീരില്ല നടന്റെ ജീവിതം. ഡയലോഗ്‌ പറച്ചിലല്ല നാടകം. നാരായണനോ ശങ്കരനോ മൈക്കിളോ ആയി വേഷം കെട്ടുകയാണെങ്കിലും അവരെല്ലാം കഥാപാത്രങ്ങൾ മാത്രമാണെങ്കിലും അവിടെ തീരുന്നില്ല വേഷങ്ങൾക്കകത്തെ ജീവിതം. കേശവൻ നമ്പൂതിരിയുടെ ഒരു ഡയലോഗുണ്ട്‌... ഇല്ല ഡോക്ടറേ, അർബുദത്തിന്റെ പെരുകുന്ന കോശങ്ങൾക്ക്‌ തകർക്കാൻ കഴിയുന്നതല്ല എന്റേം മാലതീടേം ജീവിതം. വൈദ്യത്തിനോ മരുന്നിനോ ഏച്ചുകെട്ടാൻ പറ്റുന്നതുമല്ല അത്‌. കാരണം ഞങ്ങൾ എക്കാലത്തെയും പ്രണയികളാണ്‌. അതിന്‌ ഒരിക്കലും മരണമുണ്ടാവുകില്ല.... ഓർക്കുന്നുണ്ടോ ഇതിപ്പോ. കേശവൻ നമ്പൂതിരിയുടെ മനസ്സിൽ ഒരു കർക്കടകം കനത്തു പെയ്യുന്നത്‌ കാണികൾക്ക്‌ കേൾക്കാം. ഒരു മഴക്കാലം മുഴുവൻ ഞാനാ മഴ നനഞ്ഞതാ ഡോക്ടറേ'.

'കേശവൻ നമ്പൂതിരിയുടെ അത്ര അടിയന്തിരഘട്ടത്തിലല്ല, പത്മദാസൻസാറ്‌. അല്ല സോറി, സുധാകരൻ മേനോൻ. എന്നാലും കൂടുതൽ സ്പ്രെഡ്‌ ആയിട്ടുണ്ട്‌. നല്ല ആത്മവിശ്വാസം വേണം. സുഖപ്പെടാത്ത ഏത്‌ അസുഖമാണുള്ളത്‌? വൻകുടലിലെ അർബുദം വലിയ കുഴമറിച്ചിൽ രോഗമാണെങ്കിലും പേടിക്കാനൊന്നുമില്ല. അല്ലെങ്കിൽ പേടിക്കാറായിട്ടില്ല.

'സുധാകരൻ മേനോന്‌ പേടിക്കത്തക്കതായി ഒന്നുമില്ലല്ലോ ഡോക്ടർ. എത്രയോ അപകടങ്ങൾ കണ്ടവനാണ്‌. അതിർത്തിയിൽ ഒന്നും രണ്ടും പ്രാവശ്യമല്ല ശത്രുക്കളുടെ ആക്രമണത്തിന്‌ ഇരയായിട്ടുള്ളത്‌. വിശിഷ്ട സേവാമെഡൽ അടക്കം നെഞ്ചത്ത്‌ എത്രയോ കീർത്തിമുദ്രകൾ. സുധാകരൻ മേനോന്‌ സ്വന്തം കുടലർബുദത്തെക്കുറിച്ചല്ല വേവലാതി ഡോക്ടർ. കൈപിടിച്ചു നടത്താൻ പറ്റാത്ത മകളുടെ മനസ്സിനെക്കുറിച്ചാണ്‌. ലോഹിതാക്ഷൻസാറ്‌ പിന്നെ അങ്ങനെ സുധാകരൻ മേനോനെ ഒറ്റയടിയ്ക്കു കൊല്ലില്ല. സമ്മോഹനത്തിലെ ലതികയെപ്പോലെ ഇഞ്ചിഞ്ചായി, എല്ലാം അനുഭവിപ്പിച്ച്‌ അവസാനം ഒരു മൂർച്ചമുനയിൽ. ശരീരത്തിൽ നിന്ന് കൈത്തണ്ട ഞരമ്പിലൂടെ ഒരു ചോരപ്പുഴ നനഞ്ഞിറങ്ങുന്നത്‌ അറിഞ്ഞ്‌, അതു തന്നെ എങ്ങോട്ടോ കൊണ്ടുപോകുന്നത്‌ നിശബ്ദം പിൻനടന്ന് അവസാനം ഒരു ഓർമ്മത്തെറ്റു പോലുള്ള മരണം. സുധാകരൻ മേനോന്‌ വേണമെങ്കിൽ ഒരു വെടിയുണ്ട ബാക്കി വയ്ക്കാം. തലച്ചോറിലൂടെയുള്ള ഒരു മിന്നൽ വേഗതയുള്ള മരണത്തിന്‌. പക്ഷെ, ആ വെടിയുണ്ട ലോഹിതാക്ഷൻസാറ്‌ മനപൂർവ്വം മേജർ സുധാകരൻ മേനോൻ അറിയാതെ എടുത്തു മാറ്റിയിരിക്കുകയാണ്‌, ഡോക്ടർ. സ്ക്രിപ്റ്റ്‌ നല്ലോണം വായിക്കണം. സൊന്തം സൊന്തം ഡയലോഗ്‌ മാത്രം നോക്കിയാപ്പോര. മറ്റുള്ളവരുടെയും നോക്കണം. എന്നാലേ ഈ ജീവിതത്തിന്റെ സംഭാഷണങ്ങൾ മനസ്സിലാവൂ. ലോഹിതാക്ഷൻസാറിന്റെ ഭാവനയുടെ അർത്ഥമറിയാൻ സാധിക്കൂ. അല്ലേ ഡോക്ടറേ?'

O
 

PHONE : 09413348755




4 comments:

  1. വ്യത്യസ്താനുഭവം

    ReplyDelete
  2. nadakame ulakam.pakshe ee kathayil nadakamilla. jeevitham maathram. choodum choorumulla jeevitham. thank you jayadev.

    ReplyDelete
  3. ജീവിതം എന്ന നാടകവേദി എന്ന രീതിയിൽ തന്നെയാണ് ഞാനാദ്യം വായിച്ചത്.

    പിന്നത്തെ വായനയിൽ , കീഴ്ജനതയെ ( പത്മദാസൻ ) അവർ പോലുമറിയാതെ എക്കാലത്തും ഇച്ഛാനുസാരം ഉപയോഗിക്കുന്ന, അപകടങ്ങളിൽ നിന്ന് മെയ് വഴക്കത്തോടെ ഒഴിഞ്ഞുമാറുന്ന അധീശവർഗ്ഗമായും നാടകസംവിധായകനായ ലോഹിതാക്ഷൻ സാറിനെ വായിക്കാമെന്ന് തോന്നി.

    സഹജീവിയെ ഇരയായി കാണാനും ഇണയായി കാണാനും വിധേയത്വത്തിന്റെ അർബുദ കോശങ്ങൾ പടർത്തി സ്വന്തം ശരീരഭാഗങ്ങൾ തന്നെ വില്പനയ്ക്ക് വയ്ക്കാനും ആവശ്യമെങ്കിൽ സ്വപ്നങ്ങൾ പകർന്ന് ഉണർത്താനും നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊടിയെടുത്ത് മുന്നിലേക്കിറങ്ങാനും നിരപരാധിയെ തുക്കി കൊല്ലുമ്പോഴും നിസംഗനായ കാഴ്ച്ചക്കാരനാവാനുമെല്ലാം കീഴ്ജനതനയെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന അധീശവർഗ്ഗം..

    ReplyDelete
  4. നാടകമേ ഉലകം...

    ReplyDelete

Leave your comment