Tuesday, April 16, 2013

എഞ്ചോട്ടു പെൺ

ലേഖനം
കെ.ആർ.മീര            മിഴ്‌ കവയിത്രിയും നടിയും നർത്തകിയും ആംഗലസാഹിത്യത്തിൽ ഡോക്ടറേറ്റുമുള്ള തമിഴച്ചി തങ്കപാണ്ഡ്യനോട്‌ ഞാൻ ചോദിച്ചു: 'നിങ്ങളെപ്പോലെ സുന്ദരിയും സമ്പന്നയുമായ ഒരു സ്ത്രീയ്ക്ക്‌ കവിതയെഴുതാൻ മാത്രം എന്ത്‌ ഇല്ലായ്മയാണുള്ളത്‌?' തമിഴച്ചി പൊട്ടിച്ചിരിച്ചു. 'ഞാൻ ജീവിതത്തിന്റെ കറുത്തവശങ്ങൾ കണ്ടിട്ടില്ല. ഐ വാസ്‌ എ സെലിബ്രേറ്റഡ്‌ ചൈൽഡ്‌. ഇല്ലായ്മയെന്നു പറയാൻ ഒന്നേയുള്ളൂ - അത്‌ അച്ഛന്റെ മരണം മൂലമുണ്ടായ ശൂന്യതയാണ്‌. അച്ഛനായിരുന്നു എന്റെ ലോകം. സ്നേഹിച്ച പലരെയും അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്‌. ഓരോ തവണ അവധിക്ക്‌ ഗ്രാമത്തിലെത്തുമ്പോഴും സ്നേഹിച്ച ഒരോ ആളെയായി മരണം കവർന്നുകൊണ്ടിരുന്നു. എന്റെ കൂട്ടുകാരിയാണ്‌ ഒരിക്കൽ പോയത്‌. അവളും ഞാനും ഒന്നിച്ചു പഠിച്ചു വളർന്നവർ. പക്ഷേ എനിക്കൽപ്പം മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുണ്ടായിരുന്നതു കൊണ്ട്‌ ഞാൻ പഠിച്ചു. കോളേജ്‌ പ്രൊഫസറായി. അവൾ പാവപ്പെട്ട വീട്ടിൽ ജനിച്ചതുകൊണ്ട്‌ ഒരു പാവപ്പെട്ട ഗ്രാമീണനെ വിവാഹം കഴിച്ച്‌ തുടരെത്തുടരെയുള്ള പ്രസവങ്ങൾ മൂലം വേഗം മരിച്ചു. അതെന്നെ വല്ലാതെ ഉലച്ചു. അവളെക്കുറിച്ച്‌ എഴുതിയതാണ്‌ 'എഞ്ചോട്ടു പെൺ' എന്ന കവിത. എന്റെ പ്രായക്കാരിയായ പെണ്ണ്‌  എന്നാണ്‌ അതിന്റെ അർത്ഥം. അവൾ ഉൾപ്പെടെ ഞാൻ സ്നേഹിച്ചിരുന്നവരുടെ അസാന്നിധ്യമാണ്‌ എന്റെ ഇല്ലായ്മ. അവരുടെ നഷ്ടത്തെ ലോകത്തിന്റെ നഷ്ടങ്ങളുമായി കൂട്ടിവായിച്ചപ്പോഴാണ്‌ ഞാൻ കവിയായത്‌...'


-ഓർക്കാപ്പുറത്തായിരുന്നു തമിഴച്ചിയുമായുള്ള സമാഗമം. തമിഴു കവിയും വിവർത്തകനും മാധ്യമപ്രവർത്തകനുമായ എൻ.സുകുമാരൻ വഴിയാണ്‌ തമിഴച്ചിയെ പരിചയപ്പെട്ടത്‌. തന്റെ മൂന്നാമത്തെ കവിതാസമാഹാരത്തിന്റെ പ്രകാശനം ചെന്നൈയിൽ നടക്കുന്നു, പങ്കെടുക്കാമോ? ഇന്ത്യൻ ഭാഷകളിലെ പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യൻ ഭാഷകളിലെ എഴുത്തുകാർക്കു പരസ്പരം അറിയാൻ വേദികൾ കുറവാണ്‌. കെ.സച്ചിദാനന്ദന്റെ നിരീക്ഷണപ്രകാരം തമിഴച്ചി പേരെടുത്ത്‌ പറയാവുന്ന മൂന്നോ നാലോ പെൺകവികളിൽ മുൻപന്തിയിലാണ്‌. പക്ഷേ, എന്നെ വീഴ്ത്തിയത്‌ അതൊന്നുമല്ല. ആ ആദ്യ ഫോൺ വിളിയിൽ തന്നെയുള്ള , എനിക്കീ ജന്മം അസാധ്യമായ വിനയത്തിന്റെയും മര്യാദയുടെയും മധുരം. രണ്ടുവർഷം തമിഴകത്തു താമസിച്ചതിന്റെ ഓർമ്മകൾ ഉണർന്നു. ആദരവ്‌ എന്ന വാക്കാണ്‌ തമിഴ്‌ സംസ്കാരത്തിന്റെ ജീവനെന്നു തോന്നും. ആവശ്യമുള്ളതെന്തിനെയും അവർ ആദരിക്കും. ആദരവ്‌ വിനയത്തെ ഉയിർപ്പിക്കും. വിനയത്തിനു മാധുര്യം മാധ്യമമാകും. മാധുര്യം പ്രകാശിപ്പിക്കുന്ന ശബ്ദങ്ങളുടെ വിന്യാസമാണ്‌ തമിഴ്‌ ഭാഷ. അതു വിലപേശാനും തെറിവിളിക്കാനുമുള്ള ഭാഷയല്ല. കാവ്യം ചൊല്ലുവാനും ഗാനം പാടുവാനും പ്രണയം പ്രകടിപ്പിക്കുവാനും നാടകം അവതരിപ്പിക്കാനുമുള്ളതാണ്‌.


പുസ്തകപ്രകാശനം മുത്തയ്യ അരംഗം എന്ന വലിയ ഓഡിറ്റോറിയത്തിലായിരുന്നു. അവിടേക്കുള്ള വഴിയിൽ നീളെ പതിച്ച കലൈഞ്ജർ കരുണാനിധിയുടെയും മകൻ തുണൈ മുതലമൈച്ചർ മു.ക.സ്റ്റാലിന്റെയും പടങ്ങളുള്ള ബോർഡുകൾ. കലൈഞ്ജർ കരുണാനിധിയാണ്‌ സുമതി തങ്കപാണ്ഡ്യൻ എന്ന കോളേജ്‌ പ്രൊഫസർക്ക്‌ തമിഴച്ചി എന്ന തൂലികാനാമം നിർദ്ദേശിച്ചത്‌. കേരളത്തിലെ ഏതു വിവാഹവേദിയെക്കാളും അലങ്കരിക്കപ്പെട്ടിരുന്നു,സ്റ്റേജ്‌. വലിയ ഓഡിറ്റോറിയം കാലേകൂട്ടി നിറഞ്ഞു. വെറുതെയല്ല, ഡി.എം.കെ യിൽ അണ്ണാദുരൈയുടെ കാലം മുതലേ നേതാവും മന്ത്രിയുമായിരുന്ന തങ്കപാണ്ഡ്യന്റെ മകളാണ്‌ തമിഴച്ചി. ആറുമണിയോടെ മുഖ്യാതിഥി എം.കെ.സ്റ്റാലിൻ എത്തി. സ്റ്റാലിനെ ഞാൻ ആദ്യമായാണ്‌ നേരിൽ കണ്ടത്‌. പ്രതീക്ഷിച്ചതിലേറെ ശാന്തതയും സൗമ്യതയും. ആദ്യം തമിഴച്ചിയുടെ കവിതകളുടെ നൃത്താവിഷ്കാരമായിരുന്നു. 'മഞ്ഞണത്തി'യെന്ന കവിതയിലെ മഞ്ഞണത്തി മരമായി മകൾ നിഥിലയും രംഗത്തെത്തി. നൃത്തത്തിനു തൊട്ടുപിന്നാലെ മൂൻട്രാം അരങ്ങം എന്ന നാടകസംഘം ചില കവിതകൾ നാടകരൂപത്തിലും ചേഴിയൻ എന്ന സംവിധായകൻ ചില കവിതകൾ തിരൈപടമായും അവതരിപ്പിച്ചു. മനോഹരമായ അനുഭവമായിരുന്നു അത്‌. തമിഴ്‌ കവിതകൾ മാത്രമല്ല, നാടകവേദിയും മലയാളത്തെ അപേക്ഷിച്ച്‌ വളരെ സചേതനമാണെന്ന് ബോധ്യപ്പെട്ടു. പിന്നീട്‌ യോഗം തുടങ്ങി. അവസാനമാണ്‌ സ്റ്റാലിൻ പ്രസംഗിച്ചത്‌. അപ്പോഴേക്ക്‌ മണി ഒമ്പതു കഴിഞ്ഞിരുന്നു. കന്നട കവിയും നാടകകൃത്തുമായ ഡോ.എച്ച്‌.എസ്‌.ശിവപ്രകാശ്‌ സ്റ്റാലിനെ അഭിനന്ദിച്ചു - ഇത്രയും സമയം സാഹിത്യത്തിനു വേണ്ടി മാറ്റിവെക്കുന്ന ഭരണാധികാരികൾ അധികമുണ്ടാവില്ല. സാഹിത്യത്തിനും സംസ്കാരത്തിനും പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സ്റ്റാലിന്റെ പ്രസംഗവും മതിപ്പുളവാക്കി. മഞ്ഞണത്തിയെന്ന കവിതാസമാഹാരത്തിലെ ഓരോ കവിതയെക്കുറിച്ചു പരാമർശിച്ചും ഓരോ ചെറിയ സംഭവവും കാവ്യാത്മകഭാഷയിൽ വിവരിച്ചും അദ്ദേഹം ദീർഘമായി സംസാരിച്ചു. വെറുമൊരു മക്കൾ രാഷ്ട്രീയക്കാരനായിരുന്നില്ല പ്രസംഗവേദിയിൽ ഞാൻ കണ്ട സ്റ്റാലിൻ. പതം വന്ന നേതാവ്‌. തഴക്കം നേടിയ ഭരണാധികാരി.


ഈ ചടങ്ങിനു വിളിച്ചപ്പോൾ ഒരെതിർപ്പും പറയാതെ താൻ എന്തുകൊണ്ടു വന്നു എന്നു സ്റ്റാലിൻ വിശദീകരിച്ചു. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്‌. ഡി.എം.കെ ഒരു യുവജനസമ്മേളനം നടത്തി. എം.കെ.സ്റ്റാലിനായിരുന്നു അതിന്റെ നടത്തിപ്പു ചുമതല. ആ സമ്മേളനത്തിൽ കൊടിയുയർത്താൻ തമിഴച്ചിയെ ക്ഷണിക്കാൻ സ്റ്റാലിൻ നിർദ്ദേശിച്ചു. തമിഴച്ചി അന്നു ഗവൺമെന്റ്‌ കോളേജിൽ ഇംഗ്ലീഷ്‌ പ്രൊഫസറായി ജോലി നോക്കുകയാണ്‌. ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴാണ്‌ ഗവൺമെന്റ്‌ ജീവനക്കാരിയെന്ന നിലയിൽ ആ ചടങ്ങിൽ പങ്കെടുക്കാൻ നിയമം അനുവദിക്കില്ലെന്ന് വ്യക്തമായത്‌. തമിഴച്ചി ജോലി രാജിവെച്ചു. സ്റ്റാലിൻ പറഞ്ഞു: 'അങ്ങനെ പാർട്ടിക്കുവേണ്ടി ഒരെതിർപ്പും പറയാതെ പണി തുലച്ച ഒരാൾ എന്നെ ഈ ചടങ്ങിനു വേണ്ടി ക്ഷണിച്ചപ്പോൾ ഒരെതിർപ്പും പറയാതെ ഞാൻ സമ്മതിക്കുകയായിരുന്നു....'


പത്തുമണിക്ക്‌ പ്രകാശനച്ചടങ്ങ്‌ കഴിഞ്ഞപ്പോൾ മൊത്തത്തിൽ എന്റെ തല മന്ദിച്ചു. അതൊരു പുത്തൻ അനുഭവമായി. തമിഴ്‌ രാഷ്ട്രീയത്തെക്കുറിച്ചും എം.കെ.സ്റ്റാലിനെക്കുറിച്ചും പുതിയൊരു കാഴ്ചപ്പാടുമുണ്ടായി. മടങ്ങിപ്പോകും മുമ്പ്‌ തമിഴച്ചിയുടെ വീട്‌ സന്ദർശിച്ചു. അതൊരു കൊട്ടാരമാണ്‌. തമിഴച്ചി കുട്ടിത്തം വിടാത്തൊരു രാജകുമാരിയെപ്പോലെ മധുരം കിനിയുന്ന ആതിഥ്യമരുളി. പുസ്തകപ്രകാശന ചടങ്ങിൽ വീതിക്കസവുസാരിയും നീണ്ടമുടി നിറയെ മുല്ലപ്പൂവും വെച്ച്‌ ചുറ്റും പ്രകാശം പരത്തുന്ന സുന്ദരി വേറെ. മൈക്കിനു മുൻപിൽ നിന്നു കലൈഞ്ജരെക്കുറിച്ചും സ്റ്റാലിനെക്കുറിച്ചും മനോഹരമായ തമിഴിൽ കാവ്യഭംഗിയോടെ പ്രസംഗിച്ച രാഷ്ട്രീയക്കാരി വേറെ. കരിങ്കല്ലു പതിച്ച കോർട്ട്‌ യാർഡിൽ ഗ്ലാസ്‌ പെയിന്റിംഗ്‌ നടത്തിയ ജാനാലച്ചില്ലുകളുടെ മനോഹര പശ്ചാത്തലത്തിൽ വലിയൊരു ബുദ്ധപ്രതിമയ്ക്ക്‌ മുൻപിലിരുന്ന് ലാളിത്യത്തോടെ സംസാരിക്കുന്ന എഴുത്തുകാരി വേറെ. മഴ അവിടെ ഒരു സ്വപ്നമാണ്‌. വെയിലും വേനലുമാണ്‌ നിതാന്തസത്യം. വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണരിൽ നിന്നാണ്‌ തമിഴച്ചിയുടെ വിദ്യാഭ്യാസത്തിന്റെ തുടക്കം. തന്നെ വളർത്തിയ പാക്യമെന്ന നിരക്ഷരയെക്കുറിച്ച്‌ തമിഴച്ചി പറഞ്ഞു. ശരീരമാകെ പച്ച കുത്തിയിരുന്നു ആ വൃദ്ധ. അതിന്റെ അർത്ഥമെന്താണെന്നു ചോദിച്ചപ്പോൾ അവരുടെ മറുപടി ഇതായിരുന്നു: അർഥം പാത്താൽ അഴകേത്‌? അഴക്‌ ആസ്വദിക്കാൻ അർത്ഥമറിയുന്നതെന്തിന്‌ എന്നാണ്‌ അവർ ചോദിച്ചത്‌. അതുതന്നെയല്ലേ കീറ്റ്സ്‌ 'ബ്യൂട്ടി ഈസ്‌ ട്രൂത്ത്‌' എന്നെഴുതിയപ്പോൾ അർത്ഥമാക്കിയതും? ഞാൻ ജീവിക്കുന്നത്‌ ഒരു മെട്രോ നഗരത്തിലായിരിക്കാം. എന്റെ പുരികങ്ങൾ ഞാൻ ഷേപ്പ്‌ ചെയ്യുന്നുണ്ടായിരിക്കാം. ലോകത്ത്‌ പല രാജ്യത്തും ഗവേഷണത്തിനും ഉല്ലാസത്തിനുമായി യാത്ര ചെയ്യുന്നുണ്ടായിരിക്കാം. എന്നാലും ഞാനെപ്പോഴും മല്ലാങ്കിണറുകാരിയാണ്‌. പോകുന്നിടത്തൊക്കെ ഞാനെന്റെ ഗ്രാമവും കൊണ്ടാണു പോകുന്നത്‌.


തമിഴച്ചിയുടെ കവിതകളിൽ 'അജ്‌നബിയുടെ ആറാംവിരൽ' എന്ന കവിതയാണ്‌ എന്നെ ഏറെ സ്പർശിച്ചത്‌. ഇറാക്കിൽ പട്ടാളക്കാർ ബലാത്ക്കാരം ചെയ്തുകൊന്ന പെൺകുട്ടിയുടെ ശരീരം പഴന്തുണി പോലെ കിടക്കുന്നതുനോക്കി ആറുവയസുകാരിയായ അനിയത്തി നിൽക്കുകയാണ്‌. അവളുടെ ചുണ്ടുകളിൽ അവർ അൽപം മുൻപു വെച്ച മധുരപലഹാരത്തിന്റെ അവശിഷ്ടങ്ങൾ അപ്പോഴും തങ്ങി നിൽപ്പുണ്ട്‌...


When your younger sister watched your body
-Just distorted like a lump
Like an alien sixth finger-
there were remnants of a
'Sweet-pie shared with you on her lips!


-ഇങ്ങനെ ലോകത്തിന്റെ ഓരോ ഭാഗത്തും ദുരിതം അനുഭവിക്കുന്നവരുടെ നിസ്സഹായതയെക്കുറിച്ചു ചിന്തിക്കുമ്പോൾ തനിക്ക്‌ കുറ്റം ഉണർച്ചിയുണ്ടാകുന്നു എന്നു തമിഴച്ചി പറഞ്ഞു. കുറ്റം ഉണർച്ചി എന്നാൽ കുറ്റബോധം - 'വാട്ട്‌ കാൻ ഐ ഡൂ ഫോർ ദെം എക്സെപ്റ്റ്‌ റൈറ്റിംഗ്‌ ഏ സ്റ്റുപ്പിഡ്‌ പോയം?' അവർ ചോദിച്ചു. ശ്രീലങ്കയിലെ തമിഴ്‌ ഈഴത്തെക്കുറിച്ച്‌ തമിഴച്ചി എഴുതിയ കവിത ഹൃദയസ്പർശിയാണ്‌. മരിച്ചുപോയ ഒരു പെൺകുഞ്ഞിനോട്‌ കവി പറയുന്നു;

'എനിക്കും നിനക്കുമിടയിൽ ഒരു കടലുണ്ട്‌.
നുരകൾ കാണുമ്പോൾ നിന്റെ അമ്മയുടെ ഉറഞ്ഞുപോയ മുലപ്പാൽ ഓർക്കുന്നു.
തിരകൾ കാണുമ്പോൾ നിന്റെ അച്ഛന്റെ സ്നേഹലാളന ഓർക്കുന്നു.
ചിപ്പികൾ കാണുമ്പോൾ മുറിവേറ്റ നിന്റെ പാദങ്ങൾ ഓർക്കുന്നു.
ലോകത്തിനു മുഴുനറിയാമായിരുന്നു
നിനക്കെന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്. 
പക്ഷേ, എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഇപ്പോൾ വെറുതേ എന്നെ ഒന്നു കെട്ടിപ്പിടിക്കൂ,
ഒന്നുമ്മ വയ്ക്കൂ.
എന്നിട്ട്‌ ക്ഷമിച്ചു എന്നു പറയൂ...'

കേട്ടിരുന്നപ്പോൾ മനസിലേക്കെത്തിയത്‌ ഇന്ത്യൻ കോണ്ടംപററി ഡാൻസിന്റെ മുഖച്ഛായ തിരുത്തിയ ചന്ദ്രലേഖയുടെ 'കമല' എന്ന കവിതയാണ്‌. തമിഴച്ചിയുടെ 'എഞ്ചോട്ടു പെണ്ണി'നെപ്പോലെ തുരുതുരെ പ്രസവിക്കാൻ വിധിക്കപ്പെട്ട വീട്ടുജോലിക്കാരിയായ കമല മുലപ്പാൽ അടുപ്പിലൊഴിക്കുന്ന രംഗം.


I strayed in to the kitchen.
sniffing
something was burning
what is it kamala
what's worrying with you
why are you looking like this
she stood before the fire
transfixed
a can in her hand
in an anguished voice
tremulous
she said-
I have poured my milk in the fire
now at last
my breasts will dry...


- തമിഴച്ചിയുടെ വീട്ടിൽ നിന്നും ഞാൻ നേരെ ചന്ദ്രലേഖയുടെ നമ്പർ വൺ എലിയട്ട്സ്‌ ബീച്ചിലേക്ക്‌ പോയി. കടലിനെ നോക്കി നിൽക്കുന്ന ആട്ടുകട്ടിലുകളുടെ വീട്‌. കവിയും ചിത്രകാരിയും നർത്തകിയും എന്തൊക്കെയായിരുന്നില്ല ചന്ദ്ര. 'സൗന്ദര്യം ഈസ്‌ ഇൻവേസ്‌ഴ്സ്‌ലി പ്രൊപ്പോഷണൽ ടു സാഹിത്യം' എന്ന എന്റെ എന്റെ തിയറി ആദ്യം തെറ്റിച്ചത്‌ ചന്ദ്രയാണ്‌. മൂന്നുവർഷം മുൻപാണ്‌ ചന്ദ്ര യാത്രയായത്‌. അവസാനം കണ്ടപ്പോൾ അവർ കിടപ്പിലായിരുന്നു. ഓക്സിജൻ ട്യൂബ്‌ മുഖത്തണിഞ്ഞ്‌ നവജാതശിശുവിന്റെ നിഷ്കളങ്കമായ മുഖത്തോടെ അസ്തമയവേളയിലെ കടലിന്റെ ശാന്തതയോടെയുള്ള ആ കിടപ്പിലും ചന്ദ്ര എനിക്ക്‌ ജീവിതത്തെക്കുറിച്ച്‌ മറ്റൊരു ഉൾക്കാഴ്ച തന്നു.


ഈ കുറിപ്പ്‌ എഴുതാനിരിക്കുമ്പോൾ തമിഴച്ചിയും ചന്ദ്രയും മാത്രമാണ്‌ മനസിലുണ്ടായിരുന്നത്‌. പക്ഷേ ഓർക്കാപ്പുറത്ത്‌ എനിക്കും അക്ഷരങ്ങൾ ക്കുമിടയിൽ ജോഷി ജോസഫിന്റെ 'വൈൽ ഗോഡ്സ്‌ ടുക്‌ ടു ഡാൻസിംഗ്‌' എന്ന ഹ്രസ്വചിത്രം കടന്നു വന്നു. മണിപ്പൂരിലെ ആംഡ്‌ ഫോഴ്സസ്‌ സ്പെഷ്യൽ പവേഴ്സ്‌ ആക്ടിനെതിരെ നിരാഹാരസമരം നടത്തുന്ന ഈറോം ശർമ്മിള ചാനുവിനെക്കുറിച്ചുള്ള ചിത്രം. നിയോൺ മാലകൾ തൂങ്ങുന്ന ചെന്നൈ നഗരത്തിൽ നിന്ന് ഈ ദൃശ്യങ്ങൾ എന്നെ ചവിട്ടിത്തെറിപ്പിച്ചതു കുഗ്രാമം പോലെയുള്ള മണിപ്പൂരിലേക്കാണ്‌. പലായത്തിനിടെ ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകൾ. ഊരിപ്പോയ ചെരിപ്പുകൾ പോലെ തന്നെ ചിതറിക്കിടക്കുന്ന ജഡങ്ങൾ. നടുറോഡിൽ വലിച്ചിഴയ്ക്കപ്പെടുന്ന ചെറുപ്പക്കാർ. പൂർണ്ണനഗ്നരായി സൈന്യത്തെ വെല്ലുവിളിക്കുന്ന സ്ത്രീകൾ. പട്ടാളക്കാർ കാവൽ നിൽക്കുന്ന ഇരുണ്ട ജയിൽകവാടം പോലെ തോന്നിക്കുന്ന ആശുപത്രി ഇടനാഴിയിലേക്ക്‌ കടക്കുമ്പോൾ ചന്ദ്രയുടെ നൂപുരധ്വനികളും തമിഴച്ചിയുടെ ആതിഥ്യമധുരവും മറന്നുപോകുന്നു. മൂക്കിൽ സർക്കാർ ബലമായി ഘടിപ്പിച്ച ട്യൂബുമായി ഒരു കവി ക്യാമറയെ നോക്കാൻ കഴിയാതെ തന്റെ പുസ്തകത്തിന്റെ ഏടുകൾ മറിക്കുകയാണ്‌. വികാരവിക്ഷുബ്ദമായ ശബ്ദത്തിൽ ശർമിള തന്റെ വരികൾ ഉരുവിടുകയാണ്‌:


Against the mighty ruler
who protects slavery as the law of god
Yet making life lawless
Like the moth that challenges fire
Knowingly its defeat
That fool's Venture
you can call not sane ...


... ശക്തനായ ഭരണാധികാരിക്കെതിരെ പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അഗ്നിയെ വെല്ലുവിളിക്കുന്ന ഈയാംപാറ്റയെപ്പോലെ ഭ്രാന്തമെന്നു വിളിക്കാവുന്ന ഈ വിഡ്ഢിയുടെ ഉദ്യമം...


നിയന്ത്രിച്ചിട്ടും ശർമിള കരഞ്ഞുപോകുന്നുണ്ട്‌. അത്‌ രോഷത്തിന്റെ കണ്ണുനീരാണ്‌. നമ്മളും കരഞ്ഞുപോകും. ഹൃദയം ഇങ്ങനെ വലിച്ചുചീന്തിയാണ്‌ അനീതി മനുഷ്യനെ കരയിപ്പിക്കുന്നത്‌. ജോഷി ജോസഫിന്‌ തന്റെ കലയിൽ അസൂയാർഹമായ കൈയടക്കമുണ്ട്‌. അദ്ദേഹം ഡോക്യുമന്ററിയെ ചെറുകഥയായും കവിതയായും ഹൈക്കുവായും നാടകമായും ചിലപ്പോൾ തലച്ചോർ പിളർത്തുന്ന വെടിയുണ്ടയായും രൂപാന്തരപ്പെടുത്തുന്നു. ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങി ഞാനെന്തിനാണ്‌ മണിപ്പൂരിൽ അവസാനിപ്പിച്ചതെന്ന് മനസിലാകുന്നില്ല. പരാജയപ്പെടുമെന്ന ബോധ്യത്തോടെ അഗ്നിയെ വെല്ലുവിളിക്കുന്ന ഈയാംപാറ്റയുടെ ഭ്രാന്തമായ ചിറകടികൾ. തമിഴച്ചിയുടെ, ദാരിദ്യത്തിൽ എരിഞ്ഞുപോയ മല്ലാങ്കിണറിലെ കൂട്ടുകാരിയെപ്പോലെ, മറ്റൊരു ദേശത്തെ, മറ്റൊരു സമൂഹത്തിലെ എഞ്ചോട്ടു പെൺ. 'അജ്നബിയുടെ ആറാംവിരൽ' എന്ന കവിത തമിഴച്ചി ഇങ്ങനെയാണ്‌ ഉപസംഹരിക്കുന്നത്‌:


Time's chariot moved on them- with those aged horses
panting breathlessly,smelling the nausea of leaking blood,
what else can be the proof for that day-
except the shivering feathers of those doves,
and perhaps a poem like this too.


നമ്മളൊക്കെ ജീവിച്ചിരിക്കുന്ന ഈ ദിവസങ്ങൾക്ക്‌ ഹൃദയഭേദകമല്ലാത്ത വല്ല തെളിവുകളും കൂടിയുണ്ടായിരുന്നെങ്കിൽ ...


    O


 കടപ്പാട്‌ : മാതൃഭൂമി ബുക്സ്‌


2 comments:

  1. "hrudayam ingane valichucheenthiyaanu aneethi manushyane karayikkunnathu.. "

    ReplyDelete

Leave your comment