അനുഭവം
ഡോ.മുഞ്ഞിനാട് പത്മകുമാർ
ഭസ്മക്കാവടികൾ
കാലത്തിന്റെ കനത്ത ശിക്ഷകളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ഞാൻ പുസ്തകങ്ങളിൽ അഭയം തേടിയത്. അത് കാലത്തിന്റെയൊരു വശീകരണവിദ്യയായിരുന്നു. പറുദീസ കാട്ടിത്തരാം എന്നു പറഞ്ഞുകൊണ്ട് ചെകുത്താന്റെ താഴ്‌വരയിലേക്കെന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു ആ നാളുകൾ. എനിക്കതിൽ ഭയമുണ്ടായിരുന്നില്ല. സമുദ്രത്തിൽ ഒഴുകി നടക്കുന്ന ദ്വീപുകളിൽ അകപ്പെട്ട പോലെയാണ് എനിക്കതനുഭവപ്പെട്ടത്. ടോൾസ്റ്റോയിയുടെ നീതിസാര കഥകളായിരുന്നു ഞാനാദ്യം വായിച്ചത്. അതു വായിക്കാൻ തന്നത് മേഴ്സി ടീച്ചറായിരുന്നു. പുസ്തകം മടക്കിക്കൊടുക്കുമ്പോൾ അതിൽ പറ്റിയിരുന്ന ചന്ദനത്തിന്റെ നനവ് ടീച്ചറിനെ ചൊടിപ്പിച്ചു. അതൊരു ഭഗ്നപ്രണയത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നുവെന്ന് പിൽക്കാലത്ത് ഞാനറിഞ്ഞു. പിന്നീട് ശ്രീരാമകൃഷ്ണന്റെ സാരോപദേശകഥകൾ വായിച്ചു. അപ്പോൾ പ്രപഞ്ചം ഒരു മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുന്നതുപോലെ തോന്നി. വിക്രമാദിത്യൻകഥകൾ പ്രപഞ്ച നിഗൂഢതയിലേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു. ഭൂമിയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്കുള്ള പലായനമായിരുന്നു എന്റെ മഹാഭാരതവായനകൾ. കാന്റർബറികഥകൾ എന്റെ ഞരമ്പുകൾക്ക് തീ കൊളുത്തി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള വായിച്ചപ്പോൾ രോമക്കുപ്പായത്തിനുള്ളിൽ സുരക്ഷിതനായിരുന്ന ഞാൻ ശരിക്കും ഭയന്നു വിറച്ചു. ഭയത്തിന്റെ ആ രാപ്പകലുകൾ എന്റെ വികാരവിമലീകരണ കാലമായിരുന്നു. അത് മാനസികമായ, കാലത്തിന്റെ സ്വയംപീഡന മാർഗ്ഗമായിരുന്നു. ഭയമൊഴിഞ്ഞ മനസ്സ് അങ്ങനെ ചെകുത്താന്റെ കോട്ടയായിത്തീർന്നു. ഡ്രാക്കുളപ്രഭു ജൂസിയായെ കോരിയെടുക്കും പോലെ പിന്നീട് ഞാൻ പുസ്തകങ്ങളെ ഹൃദയത്തിലേക്ക് കോരിയെടുത്തു.
പിന്നീടെപ്പോഴോ സാമുദ്രിക ലക്ഷണശാസ്ത്രം പഠിച്ചപ്പോൾ പുസ്തകങ്ങളെ ഞാൻ ലാവണ്യയുക്തികളുടെ അടിസ്ഥാനത്തിൽ നിർവ്വചിക്കാൻ ശ്രമിച്ചു. ജിബ്രാന്റെ കൃതികൾ ഞാനങ്ങനെയാണ് അനുഭവിച്ചത്. പുസ്തകങ്ങൾക്ക് ഗന്ധമാദനത്തോളം വളർന്ന സുഗന്ധാനുഭവം കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു അത്. പുസ്തകത്തെ ശരീരത്തിന്റെ ഉത്കണ്ഠകളായിതന്നെ ഞാനനുഭവിച്ചു. വാക്കിന്റെ കാലപ്രമാണങ്ങൾക്ക് നടുവിൽ എന്റെ ശിഥിലധ്യാനം മുക്തിയിലേക്ക് നീങ്ങാൻ പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു. പിൽക്കാലത്ത് നീഷെയെയും കമ്യുവിനെയും വായിച്ചപ്പോൾ എന്റെ നടപ്പ് അപകടകരമായിരുന്നുവെന്ന് തോന്നി. 'എന്തിനാണ് അങ്ങ് പുറത്തേക്ക് ഒഴുകുന്നു?' എന്ന ചോദ്യത്തിന് രമണമഹർഷി പറയുന്ന ഒരുത്തരം ഞാനിപ്പോൾ ഓർമ്മിക്കുന്നു. മൗനത്തിന്റെ കൂടുതുറന്നു വരുന്ന പക്ഷിക്കൂട്ടങ്ങൾ പോലെയായിരുന്നു രമണന്റെ വാക്കുകൾ. അത് ഭൂമിയിൽ കിട്ടാവുന്നതിലേക്കും വെച്ച് ഏറ്റവും അഭിജാതമാർന്ന ഒരു മറുപടിയായിരുന്നു. ആ ഉത്തരത്തിന്റെ സുഗന്ധം തേടുമ്പോഴാണ് സഹ്യനു പുറത്തേക്ക് ചില വഴികളുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്. ആ അറിവിനു സായാഹ്നങ്ങളുടെ വജ്രകാന്തിയുണ്ടായിരുന്നു. തിരുവനന്തപുരം എനിക്ക് തന്ന സായാഹ്നസമ്മാനമയിരുന്നു അത്. അയ്യപ്പപ്പണിക്കർ സാർ ആ സായാഹ്നസദസ്സിലെ വിരാട് പുരുഷനായിരുന്നു. തലതിരിഞ്ഞ എന്റെ ചില ചോദ്യങ്ങൾക്ക് അദ്ദേഹം മുനയുള്ള ഉത്തരങ്ങൾ തരുകയായിരുന്നു. ആ ഉത്തരങ്ങൾക്ക് ഭൂപടങ്ങളുടെ ആകൃതിയുണ്ടായുണ്ടായിരുന്നു. തെംസിനെപ്പറ്റിയും വെനീസിനെപ്പറ്റിയും പറയുമ്പോൾ ഒരു കുട്ടനാട്ടുകാരന്റെ നനവ് ഞാനനുഭവിച്ചു. നീഷേയുടെ 'ആന്റി ക്രൈസ്റ്റും' സിമോൺ ദി ബുവ്വയുടെ 'ദി സെക്കന്റ് സെക്സും' അധികവായനയ്ക്ക് അദ്ദേഹം ശുപാർശ ചെയ്തു. പണിക്കർസാർ എന്റെ അസ്വസ്ഥതയ്ക്കുമേൽ തീ കോരിയിടുകയായിരുന്നു. ആ സായാഹ്നങ്ങൾ അഗ്നിശലാകകൾ പോലെ തോന്നിപ്പിച്ചു. പിന്നീടെപ്പോഴോ സായാഹ്നങ്ങൾക്ക് ഭംഗി നഷ്ടപ്പെട്ടു തുടങ്ങി. ആകാശം പീതനിറത്താൽ ചുറ്റപ്പെട്ടിരുന്നു. പണിക്കർസാർ ഇല്ലാത്ത സദസ്സ് നിലവിളിക്കുന്നതുപോലെ എനിക്കു തോന്നി. ഓർമ്മകളുടെ ഭസ്മക്കാവടിയുമേന്തി ഞാനിപ്പോഴും ആ സായാഹ്നങ്ങൾ കയറിയിറങ്ങി നടക്കാറുണ്ട്. എന്റെ വായനയുടെ യൗവ്വനകാലമായിരുന്നു അത്. എന്റെ പഠനാനുഭവങ്ങൾക്ക് അതിന്റെ പേശീബലമുണ്ടെന്ന് ഞാൻ കരുതുന്നു.
O
PHONE : 9447865940
No comments:
Post a Comment
Leave your comment