Tuesday, April 16, 2013

നിതാഖാത്‌

കഥ
രവിവർമ്മ തമ്പുരാൻ     പ്പൻ പീലിപ്പോസിന്റെ മൃതദേഹം ചരൽക്കല്ലുമൂഴിയിലെ വീട്ടിൽ നിന്നും പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെ മോർച്ചറിയിൽ കൊണ്ടുപോയി വച്ച ശേഷം കൂടപ്പിറപ്പ്‌ ഷിബു പീലിപ്പോസ്‌ സൗദിയിൽ നിന്നു വരാനുള്ള കാത്തിരിപ്പാലാണ്‌ ഷൈജു. വലതു കൈപ്പത്തി കണ്ണുകൾക്ക്‌ മീതെ നെറ്റിമേൽ വളച്ചുപിടിച്ച്‌ മാനത്തേക്ക്‌ നോക്കിയ ഷൈജു പീലിപ്പോസ്‌ അറിയാതെ കണ്ണുകളടച്ചുപോയി. തിളയ്ക്കുന്ന വെയിലിന്റെ കുന്തമുനകൾ അയാളുടെ കണ്ണുകളിലേക്ക്‌ തുളച്ചുകയറാൻ നടത്തിയ ശ്രമം അങ്ങനെ പരാജയപ്പെട്ടു. കാഴ്ച ഇരുണ്ടഗാധമായവസാനിച്ചെങ്കിലും കാതുകളിൽ ഒരു വിമാനത്തിന്റെ കറുത്ത ഇരമ്പം മുഴങ്ങി പ്രതിധ്വനിച്ചു നിന്നു.

ഷിബു വരുന്നുവെന്ന് കേട്ടാൽ പണ്ടൊക്കെ പെരുന്നാളിന്റെ അന്തരീക്ഷമായിരുന്നു വീട്ടിൽ. പക്ഷേ ഇത്തവണ ആ വരവ്‌ പ്രതീക്ഷിച്ചിരിക്കുന്ന ഓരോ നിമിഷവും ഒരു യുദ്ധരംഗത്തെ അനിശ്ചിതത്വവും ഉത്കണ്ഠകളും നിറഞ്ഞതാണല്ലോ എന്ന് ഷൈജുവിന്‌ വെറുതെ തോന്നി. രണ്ടാം ലോകമഹായുദ്ധം അപ്പോൾ ഒരു അണുബോംബിന്റെ വീര്യത്തോടെ വിചാരങ്ങളിലേക്ക്‌ പൊട്ടിവീണു. അതും വെറുതെ. അല്ലെങ്കിലും വിചാരങ്ങളൊക്കെ പലപ്പോഴുമങ്ങനെയാണ്‌. മുന്നറിയിപ്പൊന്നുമില്ലാതെ, സമയവും സാഹചര്യവും നോക്കാതെ അനുവാദം പോലും ചോദിക്കാതെ വെറുതെയങ്ങ്‌ ഞെടുപ്പറ്റുവീഴും. ജപ്പാനിൽ അമേരിക്ക അണുബോംബിട്ടതിന്റെ കേരളത്തിലെ പ്രത്യാഘാതം എന്തെന്ന് അന്നു ചോദിച്ചിരുന്നെങ്കിൽ ആഘാതമൊന്നുമല്ല, അനുഗ്രഹമാ എന്ന് മടിയില്ലാതെ പറഞ്ഞേനേ പീലിപ്പോസ്‌. ഇന്നു പക്ഷേ, ഷൈജുവിന്റെ മനസ്സിൽ ആഘാതം എന്ന വാക്കേ മുളച്ചുവരൂ. അയാൾക്ക്‌ അങ്ങനെ തോന്നാൻ പല കാരണമുണ്ട്‌. ഏറ്റവും പുതിയത്‌ ഇതാണെന്നു മാത്രം. മൂന്നു മക്കളിൽ രണ്ടുപേരും കഴിഞ്ഞ ദിവസം പള്ളിക്കൂടത്തിന്റെ മൈതാനത്ത്‌ മോഹാലസ്യപ്പെട്ടു വീണു. നട്ടുച്ചയ്ക്ക്‌ ക്രിക്കറ്റ്‌ കളിക്കുകയായിരുന്നു അവർ. കൂടെയുള്ള കുട്ടികളുടെ വിളിച്ചുകൂവൽ കേട്ട്‌ ഓടിക്കൂടിയവർ താങ്ങിയെടുത്ത്‌ ഡോ.മാത്യൂ കുന്നുംപുറത്തിന്റെ ക്ലിനിക്കിലേക്കാണ്‌ നേരേ കൊണ്ടുപോയത്‌. ഡോക്ടർ പരിശോധിച്ചപ്പോഴല്ലേ പുറത്തും കഴുത്തിലും കൈകളിലുമൊക്കെ ചുവന്നകുമിളകൾ. ഡോക്ടർ പറഞ്ഞു.

"നേരെ ഇങ്ങോട്ടു കൊണ്ടുവന്നതു കൊണ്ട്‌ രക്ഷപ്പെട്ടു. കുറേനേരം കൂടി കിടന്നിരുന്നെങ്കിൽ തട്ടിപ്പോയേനേ. ഇതു സൂര്യാഘാതമാ."

പതിനഞ്ചുകാരനായ പീലിപ്പോസിനെയും അതിലും ചെറിയ, ആണും പെണ്ണുമായ 11 എണ്ണത്തിനേം ഈ 12 പിള്ളാരേയും പെറ്റു ക്ഷീണിച്ച ഭാര്യ സാറാമ്മയെയും കൊണ്ട്‌ വല്യപ്പച്ചൻ യോഹന്നാൻ 68 വർഷം മുമ്പാണ്‌ കുറവിലങ്ങാട്ടു നിന്നു പുറപ്പെട്ടത്‌. സഹോദരന്മാരും സുഹൃത്തുക്കളുമൊക്കെയായി നാൽപ്പതമ്പതു പേരെയും കൂട്ടത്തിൽ കൂട്ടി പള്ളികൾ താണ്ടിയും കരഞ്ഞപേക്ഷിച്ചും ഒരാഴ്ചയോളമെടുത്താണ്‌ യോഹന്നാന്റെ സാഹസികസമൂഹം കൊടുങ്കാട്ടിലെത്തിയത്‌. കാട്ടാനകളും കാട്ടുപന്നിയും മ്ലാവുകളുമൊക്കെ സദാ റോന്തു ചുറ്റുന്ന, കടുവയും പുലിയുമൊക്കെ ഇടയ്ക്കിടെ വന്നു മീശപിരിച്ചു പോകുന്ന കാടിനുമേൽ കോടാലിത്തലകൾ എറിഞ്ഞുപിടിപ്പിച്ചുകൊണ്ട്‌ മുന്നേറുമ്പോൾ യോഹന്നാന്റെയും കൂട്ടുകാരുടെയും മുഖങ്ങളിൽ കീഴ്പ്പെടുത്തുന്നവന്റെ വന്യമായ സംതൃപ്തിയും അട്ടഹാസഭരിതമായ ആനന്ദവും നിറഞ്ഞുനിന്നു. പകൽ പോലും സൂര്യരശ്മി വീണിട്ടില്ലാത്ത മണ്ണ്‌ സൂര്യന്റെ പുഞ്ചിരി നേരിട്ട്‌ ഒപ്പിയെടുത്തു. കുളയട്ടകൾ മദിച്ചുവാഴുന്ന ഈറൻ മണ്ണിൽ ചോരയൊലിപ്പിച്ച്‌ അവർ മുന്നേറി. രാവിന്റെ കൊടുംതണുപ്പും പകലിന്റെ ഇളംതണുപ്പും കീറച്ചാക്കുകൾ വാരിപ്പുതച്ച്‌ ആസ്വാദ്യമാക്കി. ദുർബലരായ ചിലർക്ക്‌ മലമ്പനിയും വയറിളക്കവുമൊക്കെ അധികരിച്ചപ്പോൽ പുല്ലുമേഞ്ഞുണ്ടാക്കിയ കൊച്ചുപള്ളിപ്പറമ്പിൽ ആദ്യകാല ശവശരീരങ്ങൾ മണ്ണോടുമണ്ണു ചേർന്നു.

എതിരുനിന്ന കാടിനെയും കാറ്റിനെയും കാലാവസ്ഥകളെയും ഇച്ഛയുടെ പെരുംചൂരൽ വിറപ്പിച്ചുകാട്ടിയും കൊന്നൊടുക്കി വെന്നു നേടാനുള്ള അധിനിവേശഭാവനകളുടെ വടിവാൾ വീശിയും അവർ വരുതിയിലാക്കി. വെട്ടിത്തെളിച്ചെടുത്ത നൂറേക്കറിൽ യോഹന്നാനും അതിൽ കുറവായ ഏക്കറുകളിൽ കൂട്ടുകാരും നെല്ലും വാഴയും കപ്പയും കുരുമുളകും ഒക്കെയായങ്ങ്‌ പടർന്നു വളർന്നു.

യോഹന്നാനച്ചായനെ മലമുകളിലെത്തിച്ച രക്ഷയുടെ കരങ്ങൾ തേടി കുറവിലങ്ങാട്ടുനിന്നും കടുത്തുരുത്തി പാലാകളിൽ നിന്നും പിന്നെയും പിന്നെയും കഠിനരായ അധ്വാനികൾ വരിവരിയായി വന്നുകൊണ്ടിരുന്നപ്പോൾ മെല്ലെ മെല്ലെ ചരൽക്കല്ലുമൂഴി എല്ലാം തികഞ്ഞ സ്വാശ്രയ കാർഷികോൽപ്പാദന ഗ്രാമമോ പട്ടണമോ ഒക്കയായി ഉയർന്നു. യോഹന്നാനും ആദ്യസംഘവും ചേർന്ന് കാട്ടുകല്ലുകളും മുളന്തടിയുമടുക്കിയുണ്ടാക്കിയ പുല്ലുപള്ളി ക്രമേണ ഓട്ടുപള്ളിയും വാർക്കപ്പള്ളിയുമൊക്കെയായി നിവർന്നു. പള്ളിക്കടുത്ത്‌ പള്ളിക്കൂടവും പോസ്റ്റ്‌ ഓഫീസും ആശുപത്രിയുമൊക്കെ നിരന്നു. പുതുപുത്തൻ വീടുകളും കടകളും വോട്ടുബൂത്തുമൊക്കെ വന്നപ്പോൾ കാട്ടുപച്ചയുടെ മൂടരിഞ്ഞ കറിപ്പച്ചയുടെ കടന്നുകയറ്റം ഹരിതവിപ്ലവമോ ആത്മസമർപ്പണമോ ഒക്കെയായി ശ്രേഷ്ഠമായി. കാണെക്കാണെ കുടിയേറ്റക്കാരുടെ എണ്ണം പെരുകിയപ്പോൾ അവർക്കായി പാർട്ടികളുണ്ടായി. എം.പിയും എംഎൽഎയും മന്ത്രിയുമൊക്കെ മലകയറി കാട്ടുപഞ്ചായത്തിലെത്തി. മലമ്പാതകൾ ടാർ പുതച്ച ഹൈവേകളായി. പിന്നാലെ ബസും കാറും ജീപ്പുമൊക്കെ ചുരം കയറിവന്നു. ആ ബസുകളിൽ ബാലകൃഷ്ണനും അബ്ദുള്ളയും സാദിരിക്കോയയുമൊക്കെ ചാക്കുകണക്കിന്‌ ഭാഗ്യാന്വേഷണവുമായി വന്നിറങ്ങി. പിന്നെയുമേറെക്കഴിഞ്ഞ്‌ മൊബൈൽ ഫോണും കംപ്യൂട്ടറും ഇന്റർനെറ്റുമൊക്കെ മലകയറിയെത്തുമ്പോഴേക്കും അന്നത്തെ പതിനഞ്ചുകാരൻ പീലിപ്പോസിനെ വാർദ്ധക്യം കൂട്ടുകാരനാക്കിയിരുന്നു.

യോഹന്നാൻ നട്ടുവളർത്തിയ ഭക്ഷ്യവിളകൾക്ക്‌ മേൽ റബ്ബർ വലിഞ്ഞു കയറുന്നത്‌ പീലിപ്പോസിന്റെ ഉത്സാഹത്തിലാണ്‌. റബറിന്റെ തൈകൾ നിറച്ച ജീപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നു വന്നിറങ്ങിയപ്പോഴാണ്‌ പീലിപ്പോസിന്‌ യോഹന്നാനുമായുള്ള ജനറേഷൻ ഗ്യാപ്പ്‌ ആദ്യമായി തെറിരൂപത്തിൽ കറ ചുരത്തുന്നതായി അനുഭവപ്പെട്ടതെങ്കിൽ മൺപിലാവിൽ കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്ത്‌ രാജവെമ്പാലയിറങ്ങിയപ്പോഴാണ്‌ ഷൈജു പീലിപ്പോസും പീലിപ്പോസും തമ്മിലുള്ള തലമുറവിടവ്‌ നാലുപേർ കേൾക്കെ വീട്ടുമുറ്റത്ത്‌ വീണു ചിതറിയത്‌. ഷൈജു പറഞ്ഞു.

"അപ്പാ കണ്ടില്ലേ, നാടും മാത്രമല്ല കാടും ഇപ്പോൾ ജീവിക്കാൻ പറ്റാതായിരിക്കുന്നു. ആരാ ഇതിനുത്തരവാദികൾ..?"

"ആരാ."

"വല്യപ്പച്ചൻ, അപ്പൻ, പിന്നെ ഞാനും.."

"അതെന്തുവാടാ നമ്മൾ എന്തോന്നു ചെയ്തെന്നാ?"

"നല്ല തണുപ്പും കാറ്റു മഴേം ഒക്കെയുള്ള നാടല്ലാരുന്നോ ഇത്‌. ലോകത്തിൽ മനുഷ്യവാസത്തിന്‌ ഏറ്റവും പറ്റിയ സ്ഥലം. അതുകൊണ്ടല്ലേ തോമാശ്ലീഹയും വാസ്കോഡഗാമയും ഹെർമൻ ഗുണ്ടർട്ടും അങ്ങനെയൊരുപാടു വിദേശികൾ വാലെവാലെ ഇവിടേക്കു വന്നത്‌."

"അതു നന്നായില്ലേ? ഒത്തിരിപ്പേർ രക്ഷിക്കപ്പെട്ടില്ലേ?"

"ഓ, എനിക്ക്‌ കരച്ചിൽ വരുന്നു. ഇതൊക്കെയാണോ എന്റപ്പാ രക്ഷ."

അപ്പോൾ ഒരു വേഴാമ്പൽ ഉച്ചത്തിൽ മലമുഴക്കിക്കൊണ്ട്‌ അവർക്കരികിലൂടെ പറന്നുപോയി. പിന്നാലെ ഒരു മയിൽ എവിടെ നിന്നോ പറന്നുവന്ന് അടുത്തൊരു ചില്ലയിൽ ഇരുന്നു കൊക്കി. ഷൈജുവിന്റെ മാത്രമല്ല പീലിപ്പോസിന്റെയും ഉടൽമരം വിയർപ്പുചില്ലകൾ വിടർത്തി ഊഷ്മാവിനാൽ കീറിമുറിക്കപ്പെട്ടു.

"കണ്ടില്ലേ, വേഴാമ്പലിനും രാജവെമ്പാലയ്ക്കും കാട്ടിൽ രക്ഷയില്ലാണ്ടായി. മരുക്കാട്ടിൽ വളരേണ്ട മയിൽ ഇതാ മഴക്കാട്ടിൽ തുള്ളിക്കളിക്കുന്നു. 24 മണിക്കൂറും തണുപ്പു പുതച്ചു കിടന്ന ഈ മലമുകളിൽ നമ്മൾ 68 വർഷം കൊണ്ട്‌ മരുഭൂമി പറിച്ചുനട്ടു. ചുട്ടുപൊള്ളുന്ന ഈ മണ്ണിലിപ്പോൾ കുടിക്കാൻ വെള്ളം പോലുമില്ലാതായില്ലേ? ഇതാണോ രക്ഷ."

"നീയെന്താ പുറംജാതിക്കാരനെപ്പോലെ സംസാരിക്കുന്നത്‌. ദൈവം നമുക്ക്‌ തന്ന അധികാരമാണ്‌ പ്രകൃതിയെ അനുഭവിച്ചു ജീവിക്കുകയെന്നത്‌. ദൈവസൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠത മനുഷ്യനു തന്നെ. അവന്റെ ആവശ്യത്തിന്‌ ഉപയോഗിക്കാനുള്ളതാണ്‌ മറ്റെല്ലാം - കാടും മരവും പക്ഷിയും മൃഗവുമൊക്കെ."

"അത്‌ നമ്മൾ ദൈവകൽപ്പനയെ തെറ്റായി മനസിലാക്കിയതുകൊണ്ടു പറ്റിയതാ അപ്പാ. പക്ഷികളേം മൃഗങ്ങളേം പുഴകളേം കാറ്റിനേം തീയേം മഴയേം പ്രകൃതിയിലുള്ള എന്തിനെയും മനുഷ്യനേക്കാൾ വളരെ ഉയരത്തിൽ, ദൈവമായി കാണുന്നവരാണ്‌ ഈ മണ്ണിന്റെ മക്കൾ. നമ്മുടെ പുസ്തകത്തിലും പറയുന്നത്‌ പ്രകൃതിയിലുള്ളവയെ എല്ലാം സംരക്ഷിക്കേണ്ടത്‌ മനുഷ്യന്റെ ചുമതലയാണെന്നാണ്‌. അപ്പൻ ഉൽപ്പത്തി പുസ്തകം നേരേ ചൊവ്വെ ഇതുവരെ വായിച്ചിട്ടില്ല. ആകാശത്തിലെ പറവകൾ, കാടപക്ഷി, യോനാപ്രവാചകന്റെ ആവണക്ക്‌ തുടങ്ങിയ ഉപമകളൊക്കെ പ്രകൃതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓർമ്മിപ്പിക്കുന്നില്ലേ?"

"നിന്റെ വല്യപ്പച്ചനെ മുൻനിർത്തി ഞങ്ങളെല്ലാം കൂടി കാടു വെട്ടിത്തെളിച്ചെടുത്തതുകൊണ്ടാ ഇന്നിതൊക്കെ പറയാൻ നീ എന്റെ മുന്നിൽ നിൽക്കുന്നത്‌. അതുകൊണ്ടല്ലേ നോക്കെത്താദൂരം പരന്നുകിടക്കുന്ന കൃഷിഭൂമിയിലേക്കൊന്നു കണ്ണെറിയാൻ പോലും നിൽക്കാതെ നീ സൂപ്പർമാർക്കറ്റിൽ പോയി കുത്തിയിരിക്കുന്നത്‌. നിന്റെ ഇച്ചായൻ ഗൾഫിൽ ഭാഗ്യം പരതുമ്പോൾ ഇവിടെ ഈ മണ്ണിൽ എന്നെ സഹായിക്കുന്നത്‌ ബിഹാറിയാ."

അപ്പോൾ പ്രാകൃതഹിന്ദിയും ദേവനാഗരിയും ബംഗാളിയുമൊക്കെ പല പല പാറക്കെട്ടുകളിൽ നിന്നുള്ള പ്രതിധ്വനികളായി അവരെ വന്നു പൊതിഞ്ഞു.

"കാട്ടിൽ താമസിക്കേണ്ട ആനയും പന്നിയുമൊക്കെ ദിവസവും സ്വന്തം മണ്ണിന്മേലുള്ള അവകാശം വിളിച്ചു പറഞ്ഞുകൊണ്ട്‌ നമ്മുടെ കൃഷിഭൂമിയിലൂടെ കയറിയിറങ്ങുമ്പോൾ കൃഷിക്ക്‌ യഥേഷ്ടം വെള്ളം കൊണ്ടു തന്നിരുന്ന കാട്ടരുവികളെല്ലാം ഉറവ പോലുമില്ലാതെ വറ്റിപ്പോകുമ്പോൾ അപ്പനൊന്നോർത്തോ, ഇവിടെ നിന്നു മടക്കയാത്രയ്ക്കുള്ള സമയമായി നമുക്ക്‌. ഈ കാട്ടുമുക്കിൽ ഇനി നമുക്ക്‌ ചെയ്യാൻ ഒന്നുമില്ല. ഇവിടത്തെ എന്റെ വീതമൊന്നു വിറ്റു തരാമോ? എറണാകുളത്തൊരു ഫ്ലാറ്റ്‌ വാങ്ങണം."

അതുകേട്ടതും പീലിപ്പോസിന്റെ വയറ്റിൽ അള്ളിപ്പിടിക്കുന്നൊരു വേദന വന്നു കൊളുത്തി വലിച്ചു. വയറിനു മേലേ രണ്ടു കൈയും കൊണ്ട്‌ കുത്തിപ്പിടിച്ച്‌ പീലിപ്പോസ്‌ മണ്ണിലിരുന്നു. അപ്പന്റെ വേദന കണ്ടുനിൽക്കാനാവാതെ ഷൈജു ജീപ്പിൽ കയറ്റി നേരേ റാന്നിക്കു വിട്ടു.

"പുഷ്പഗിരീ പോവാ നല്ലത്‌." - റാന്നിയിൽ നിന്നു തള്ളി.

പുഷ്പഗിരിയിലെ പരിശോധനയുടെ ഫലം കിട്ടിയത്‌ പിറ്റേന്നാണ്‌.

"നേരേ ആർ സി സിയിലേക്ക്‌ പൊക്കോ." പുഷ്പഗിരിയിൽ നിന്നു തള്ളി.

ആർ സി സിയിലെ ഡോക്ടർ വാ പൊളിച്ചു. വായുവും വെള്ളവും ആഹാരവും എല്ലാം ശുദ്ധമായ, എണ്ണമില്ലാത്ത ഔഷധസസ്യങ്ങളുള്ള വനഭൂമിയിലും ജീവകോശങ്ങളിങ്ങനെ പിടിതരാതെ പൊട്ടിപ്പിളരുകയോ?"

ഷൈജു ഡോക്ടർക്ക്‌ ക്ലാസ്സെടുത്തു : "കുടിയേറ്റവും കയ്യേറ്റവുമൊക്കെക്കൊണ്ട്‌ കേരളത്തിലെ വനം മൂന്നിലൊന്നായി കുറഞ്ഞപ്പോൾ, വഴിയരുകിൽ നിന്ന മരങ്ങളൊക്കെ വെട്ടി തീയിട്ടപ്പോൾ, ടാറിൽ മുക്കിയ റോഡുകൾ പെരുകിയപ്പോൾ നമ്മൾ ഭൂമിയുടെ ഉഷ്ണം കൂട്ടുകയായിരുന്നു. കാട്ടിൽ ജീവിച്ചിരുന്ന മൃഗങ്ങൾക്ക്‌ അതിനുള്ളിൽ വാസം വിഷമകരമായപ്പോഴാണ്‌ അവ നാടിറങ്ങാൻ തുടങ്ങിയത്‌. അവയ്ക്ക്‌ വിഷമിക്കാനിപ്പോൾ കാടുമില്ലാതായല്ലോ. ചെന്നുകയറി ഞങ്ങളോ, എൻഡോസൾഫാനും മാരകവിഷങ്ങൾ മറ്റുമൊക്കെ കൃഷിവിജയത്തിലേക്ക്‌ കുറുക്കുവഴികളാക്കുമ്പോൾ ജീവകോശങ്ങളെങ്കിലും ചെറുതായൊന്നു പിണങ്ങണ്ടേ? ഇങ്ങനെ കണക്കു തെറ്റിച്ചു പിളരാനും വളരാനുമൊക്കെയല്ലേ അവയ്ക്കു പറ്റൂ."

എറണാകുളത്തേക്ക്‌ പറിച്ചു നടുന്നതിനെക്കുറിച്ച്‌ ഷൈജു പറഞ്ഞത്‌ അപ്പനെ വിഷമിപ്പിക്കാനായിരുന്നില്ല. ഗൽഫിൽ നിന്നു ഷിബു പണം അയച്ചുകൊടുത്തിരുന്നു., അയാൾക്കു കൂടി ഒരു ഫ്ലാറ്റ്‌ ബുക്കു ചെയ്യാൻ. രണ്ടുപേരുടെയും മക്കൾ എറണാകുളത്തെ റസിഡൻഷ്യൽ സ്കൂളിൽ നേരത്തെ തന്നെ പഠനം തുടങ്ങിയിരുന്നു.

 ഉറക്കമരുന്നുകൾ താത്ക്കാലിക സമ്മാനമായി നൽകിയ മയക്കശാന്തത ആർ സി സി യിലെ വാർഡിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ വേദന തിങ്ങി വീർത്തുരുണ്ട വയറു തടവി പീലിപ്പോസ്‌ കരഞ്ഞു.

"മോനേ ഇവിടിങ്ങനെ കിടക്കുമ്പോൾ, എനിക്ക്‌ കാണാം, മഴുവും തോളിൽ വെച്ച്‌ വീണ്ടും ആളുകൾ വരിവരിയായി കയറിപ്പോകുന്നു. കാട്ടിനുള്ളിൽ നിന്നു വൻമരങ്ങൾ തലതല്ലി മറിഞ്ഞുവീഴുന്നു. ഞാൻ ഉച്ചത്തിലൊന്നു നിലവിളിക്കട്ടേ?"

കുമ്പസാരത്തിന്റെ ആ രാത്രി പീലിപ്പോസ്‌ വെളുപ്പിച്ചില്ല. അപ്പന്റെ മരണവാർത്ത പറയാൻ വിളിച്ചപ്പോഴാണ്‌ ഷിബു പറയുന്നത്‌. "ഒരാഴ്ച കൂടി ബോഡി മോർച്ചറി വെക്കണേ. ഞാൻ നിർത്തിയങ്ങ്‌ പോരുവാ. നിതാഖാത്‌ (സ്വദേശിവത്കരണം) പിടികൂടി."

അപ്പോൾ പീലിപ്പോസിന്റെ ഭാര്യ റാഹേൽ നെഞ്ചത്തടിച്ചുകൊണ്ട്‌ ചോദിച്ചു.

"എടാ നിങ്ങളു രണ്ടുപേരും വിറ്റേച്ച്‌ പോവാണെങ്കിൽ പിന്നെ അപ്പനെ മാത്രം എന്തിനാ ഇവിടിങ്ങനെ ഒറ്റയ്ക്ക്‌ ഇട്ടേക്കുന്നേ? ഒന്നുകിൽ അപ്പനെ കൂടി കൊണ്ടുപോ. അവിടെങ്ങാനും അടക്കാം. അല്ലെങ്കിൽ മെഡിക്കൽ കോളേജിലെ പിള്ളാർക്കെങ്ങാനും പഠിക്കാൻ കൊടുക്ക്‌."

പട്ടണമായി വളർന്നുകൊണ്ടിരിക്കുന്ന ചരൽക്കല്ലുമൂഴി നിരപ്പിലേക്ക്‌ അന്നു വൈകിട്ട്‌ ഷൈജു പോകാനൊരുങ്ങിയത്‌ അടുത്ത ചില സുഹൃത്തുക്കളെ കാണാനാണ്‌. എന്നാൽ അതിനു മുമ്പേ റാഹേലമ്മയിൽ നിന്ന് വിവരം ചോർന്നു കിട്ടിയ അവർ വലിയൊരു കൂട്ടം ആളുകളുമായി ഷൈജുവിന്റെ വീട്ടിലേക്ക്‌ നടപ്പു തുടങ്ങിയിരുന്നു. വഴിമദ്ധ്യേ കണ്ടുമുട്ടിയപ്പോൾ അവരുടെ നേതാവ്‌ പറഞ്ഞു.

"എടാ ഷൈജു, നീയാ വെള്ളമങ്ങ്‌ വാങ്ങി വെച്ചേര്‌. നേരത്തെയെങ്ങാനുമായിരുന്നെങ്കിൽ ഞങ്ങളൊന്നും പറയത്തില്ലായിരുന്നു. പക്ഷേ, ഇപ്പഴിനി സമ്മതിക്കുന്ന പ്രശ്നമില്ല. ഗാഡ്ഗിലെന്നും പറഞ്ഞൊരു എന്തിരവൻ നമ്മളെയെല്ലാം അങ്ങ്‌ ഒലത്തിക്കളേമെന്നും പറഞ്ഞ്‌ എറങ്ങീട്ടൊണ്ട്‌. കുടെയേറ്റക്കാരാണു പോലും പശ്ചിമഘട്ടം മുടിച്ചത്‌. അവനും അവന്റെ മറ്റവന്മാരും കൂടിയിങ്ങ്‌ വരട്ട്‌. കാണിച്ചു കൊടുക്കുന്നുണ്ട്‌. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ പീലിപ്പോച്ചായനോ ഇല്ല. നിങ്ങൾ മക്കൾ കൂടി ഇവിടുന്നു പോയാൽ പിന്നെ എന്തോ പറഞ്ഞു നിൽക്കും."

അപ്പോൾ ഷൈജുവിന്റെ മനസ്‌ മറ്റൊരു യുദ്ധക്കളമായി. കാടിന്റേം അപ്പന്റേം ഉടലുകളെ എന്തു ചെയ്യും? സ്വന്തം വിയർപ്പു വീണു കുതിർന്ന ഈ പച്ചമണ്ണിലുറങ്ങാനാവില്ലേ അപ്പന്റെ അഭിലാഷം. കാട്ടുമൃഗങ്ങൾ അവയുടെ നിതാഖാത്‌ നടപ്പാക്കാൻ തുടങ്ങിയ മണ്ണിൽ പൊരുതി നിൽക്കാനൊട്ടു വയ്യ താനും. ദൈവം അരൂപിയിലൂടെ തനിക്കു തരുന്ന കൽപനകൾക്കു വേണ്ടി ഷൈജു പ്രതീക്ഷയോടെ പ്രാർത്ഥനയിലേക്കു കടന്നു.


O


PHONE : 989585171724 comments:

 1. നല്ല കഥ, സമകാലികം. മനുഷ്യൻ പ്രകൃതിയോടു കാട്ടിയ ക്രൂരതക്ക് പകരം തിരിച്ചു കിട്ടികൊണ്ടിരിക്കുകയാണ് . നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ...

  ReplyDelete
 2. നന്നായിട്ടുണ്ട്...ആശംസകള്‍

  ReplyDelete
 3. നല്ല കഥകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു .. :(

  ReplyDelete
 4. മനസ്സും ശരീരവും വിറക്കുന്നു.., ആസന്നമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ വിധിയെ തടുക്കാൻ മാത്രമുള്ള മനക്കരുത്തും, ദേഹക്കരുത്തും ഒരുത്തനുമുണ്ടാവില്ല..ഇതൊരു ഓർമപ്പെടുത്തലെന്നു പോലും പറയാൻ പറ്റില്ല, കാരണം, ഓർമപ്പെടുത്തലിന്റെ സമയം കഴിഞ്ഞിരിക്കുന്നു, ഇനി അനിവാര്യമായ വിധി നടപ്പിലാക്കലാണു., അനുഭവിക്കാൻ മനസ്സും, ശരീരവും സജ്ജമാക്കുക. പ്രാർത്ഥിക്കാനുള്ളവർക്ക് പ്രാർത്ഥിക്കാം...

  നല്ല ഒഴുക്കുള്ള എഴുത്ത്., അഭിനന്ദനങ്ങൾ..

  ReplyDelete
 5. നല്ല കഥ. കാലികപ്രസക്തം.

  ReplyDelete
 6. കാട്ടുമൃഗങ്ങൾ അവയുടെ നിതാഖാത്‌ നടപ്പാക്കുന്നു,പ്രകൃതി നിതാഖത്‌ നടപ്പാക്കുന്നു. ഏതിനും ഒരു തിരിച്ചടി ഉണ്ടല്ലോ. നല്ല കഥ.

  ReplyDelete
 7. വായിക്കേണ്ട, വായിക്കപ്പെടേണ്ട ഒരു എഴുത്ത്..........
  ആശംസകൾ

  ReplyDelete
 8. വിതച്ചതേ കൊയ്യൂ, അല്ലെ??? വീണ്ടുവിചാരമില്ലാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ നമ്മെ തന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങുമ്പോഴേ നാം നമ്മുടെ തെറ്റുകളെ തിരിച്ചറിയൂ... അപ്പോഴേയ്ക്കും ഏറെ വൈകിയിട്ടുണ്ടാവും...

  ReplyDelete
 9. വളരെ നല്ല കഥ/ലേഖനം അഭിനന്ദനങ്ങൾ.

  പത്തനംതിട്ട "മലയാള മനോരമയിൽ' ഉണ്ടായിരുന്ന രവി വർമ തമ്പുരാൻ
  ആണെന്ന് കരുതുന്നു.

  കേളികൊട്ടിനു ആശംസകൾ.

  ReplyDelete
 10. വളരെ അര്‍ത്ഥവത്തായ ലേഖനം കാടും നാടും മുടിക്കുന്നവര്‍ക്കുള്ള താക്കീത്..നന്നായി ഇങ്ങനെയും സമൂഹ കാഴ്ചകള്‍ എഴുതുന്നവര്‍ ബ്ലോഗ്‌ ഉലകത്തില്‍ വിരളം ആണ് ..ആശംസകള്‍

  ReplyDelete
 11. നല്ല കഥ
  ഇതെഴുതാന്‍ ഉള്ള പ്രചോദനം എന്തു ചിന്തയില്‍ നിന്നുദ്ഭവിച്ചതാണ്?

  എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു ആശയവും ആഖ്യാനരീതിയും

  ReplyDelete
 12. അതിജീവനത്തിന്‍റെ പുതിയ മേഖലകള്‍ തേടുന്ന പുത്തന്‍ തലമുറയുടെയും, കുടിയേറ്റ കാലഘട്ടത്തിലെ പഴയ തലമുറയുടെയും ചിന്താമണ്ഡലങ്ങളിലൂടെ ഊളിയിട്ടിറങ്ങുന്ന വരികള്‍

  നല്ല കഥ..!!
  അഭിനന്ദനങ്ങള്‍

  ReplyDelete
 13. കാവു തീണ്ടല്ലേ... :(

  ReplyDelete
 14. കഥയുടെ സന്ദേശം കഥയെക്കാൾ ഉയർന്നു നിൽക്കുന്നു..

  ReplyDelete
 15. yes abdul jallel I am at Pathanamthitta for a second term now

  ReplyDelete
 16. നല്ല കഥ.നല്ല ശൈലി.ആസ്വദിച്ചു.

  ReplyDelete
 17. നല്ല പ്രമേയം - കഥയെക്കാൾ മുകളില നില്ക്കുന്നു .. താല്പര്യം തോന്നിയ കഥ .... നന്ദി .

  ReplyDelete

Leave your comment