കവിത
സച്ചിദാനന്ദൻ പുഴങ്കര
കല്ലായിപ്പുഴയ്ക്കില്ല
സൂറുമ;ഖൽബ്ബിന്നുള്ളിൽ
വല്ലാത്ത കലക്കമാ-
ണെപ്പൊഴുമവൾക്ക്; ഇല്ല
കുഞ്ഞു പൂച്ചിരികൾക്കു
മുമ്പത്തെക്കരിമ്പച്ച,
നല്ല വാക്കുകൾ കേട്ട
പഴക്കം.... പാട്ടിൽ മാത്രം
ഉറ്റവരുടയോരു-
മെത്തുന്നു, മണവാളൻ
തട്ടത്തിലൊളിക്കാത്ത
നാണത്തിൽ കുളിക്കുന്നു;
ഒപ്പന പാടും കരി-
വളകൾ തരിപ്പിച്ച
നിക്കാഹാ,ണെല്ലാവരും
നെയ്ച്ചോറു ബയിക്കുന്നു....
ഈർച്ചവാൾ മുറിവെയ്ക്കു-
മോർമ്മയിൽ ഒരുപാടു
വാർഷികവലയങ്ങ-
ളെഴുതും മരത്തിന്റെ
പൊത്തിലും ആകാശത്തിൻ
ചിറകു വിരുത്തുന്ന
സ്വപ്നത്തിൽ മഴപെയ്തു
തെളിമയൊഴുകുന്നു....
'നിക്കി'... എന്നവൾ മെല്ലെ-
ച്ചുണ്ടനക്കയാണാറു-
പെറ്റവൾ, പതിനാറിൽ
കുറ്റിയറ്റവൾ, നൂറു
തേച്ച വെറ്റില നാലും
കൂട്ടിയോൾ, അന്തംകമ്മി...
അവൾക്കു മിഴി രണ്ടും
കരയ്ക്കു പിടഞ്ഞതു
ചരിത്രം; ഹലാക്കെന്നു
മൊയി ചൊല്ലുന്നൂ കടൽ...!
O
അവൾക്കു മിഴി രണ്ടും
ReplyDeleteകരയ്ക്കു പിടഞ്ഞതു
ചരിത്രം; ഹലാക്കെന്നു
മൊയി ചൊല്ലുന്നൂ കടൽ...!
കല്ലായി പുഴയുടെ ഇന്നത്തെ അവസ്ഥ....നന്നായി. ആശംസകൾ .